തൊപ്പിയിട്ടവനൊക്കെ മുതഅല്ലിമാവില്ല.
12-12-2023
Web Design
15 Comments
ടി എച്ച് ദാരിമി
പരീക്ഷകളെ കുറിച്ച് ആരോ ചെയ്ത ഒരു കൊച്ചു കമന്റ് കണ്ടു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് പരീക്ഷയുടെ ചോദ്യപേപ്പറിന്റെ മുകളിൽ എഴുതിയിരുന്നത് 'എല്ലാ ചോദ്യത്തിനും ഉത്തരമെഴുതൽ നിർബന്ധമാണ്' എന്നായിരുന്നു. പത്തു വർഷങ്ങൾക്കു ശേഷം അത് 'എ അല്ലെങ്കിൽ ബി രണ്ടിലൊരു ചോദ്യത്തിന് ഉത്തരം എഴുതണം' എന്നായി ഘനം കുറഞ്ഞു. വീണ്ടും പത്തു വർഷങ്ങൾക്ക് ശേഷം എല്ലാ ചോദ്യങ്ങളും വായിച്ചിരിക്കണം, ഉത്തരം ശരിയായിക്കൊള്ളണമെന്നില്ല, തെറ്റായ ഉത്തരത്തിനും ശ്രമം എന്ന പേരിൽ മാർക്ക് ലഭിക്കുന്നതാണ് എന്നതൊക്കെ ആയി വീണ്ടും സംഗതിയുടെ കട്ടി കുറഞ്ഞു. ഇനി അത് ' വന്നതിന് നന്ദി' എന്നായി മാറും ഏറെ വൈകാതെ. ഏതോ ഒരാൾ ഒരു തമാശ പറഞ്ഞതാണ്. പക്ഷേ അതിൻെറ ഉള്ളിൽ കാര്യത്തിന്റെ ഒരു ചൂടും ചൂരും ഉണ്ട്. ഏതു കാര്യവും മുന്നോട്ട് പോകുംതോറും അതിൻെറ ഗുണനിലവാരത്തിൽ ശോഷണം സംഭവിച്ചു പോകും എന്നതാണത്. അത് അനുഭവത്തിൽ എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. നമ്മുടെ മതപഠന രംഗത്തും ഉണ്ടായിട്ടുണ്ട്. നമ്മുടെ വർത്തമാനകാലം അതിന് തികഞ്ഞ ഉദാഹരണമാണ്. മതരംഗത്തെ പഠനത്തിലും പഠിക്കുന്നവരിലും ഗുരുതരമായ മൂല്യശോഷണത്തിന് നാം അംഗീകരിച്ചാലും ഇല്ലെങ്കിലും നാം സാക്ഷികളാണ്. അവയിൽ ഏതെങ്കിലും ഒരു രംഗത്തെ എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുവാനോ നിരോധിക്കുവാനോ തുടങ്ങുകയല്ല. മറിച്ച് കൂട്ടത്തിൽ മൂല്യങ്ങൾക്ക് വില കൽപ്പിക്കണമെന്നുള്ളവരുമായി ചില സത്യങ്ങൾ പങ്കുവെക്കുകയാണ്.
ഈ ചർച്ചയിൽ ആദ്യമായി നാം അറിയേണ്ടത് ആത്മീയതയും ഭൗതികതയും രണ്ടും രണ്ടാണ്, രണ്ടും ഒരിക്കലും പരസ്പരം ചേരാനും ചേർക്കാനും കഴിയാത്ത സമാന്തരങ്ങളാണ് എന്നതാണ്. അത് ഭൗതികതയോടുള്ള അന്ധമായ വിരോധം പറയുകയല്ല. മറിച്ച് രണ്ടിന്റെയും ലക്ഷ്യം രണ്ടാണ്. ആത്മീയത പരമമായി ലക്ഷ്യം വെക്കുന്നത് പാരത്രിക മോക്ഷത്തെയാണ്. ഭൗതികതയാണെങ്കിൽ ലക്ഷ്യം വെക്കുന്നത് പാരത്രികത ആരംഭിക്കുന്നതിന് തൊട്ടുമുമ്പേയുള്ള സെക്കൻഡ് വരെ മാത്രം നീളുന്ന ഐഹിക ജീവിതത്തിന്റെ മേന്മകളെയുമാണ്. രണ്ടിന്റെയും ലക്ഷ്യം പോലെ രണ്ടിന്റെയും വഴിയും മാർഗ്ഗവും വേറിട്ട രണ്ടാണ്. സത്തയിലും സ്വത്വത്തിലും രണ്ടായ രണ്ടെണ്ണത്തെ ഒന്നാക്കി മാറ്റുവാൻ നടത്തുന്ന ശ്രമങ്ങൾ അതുകൊണ്ടുതന്നെ വിജയിക്കില്ല. പിന്നെ കഴിയുക രണ്ടിനെയും ഉൾക്കൊള്ളാൻ ശ്രമിക്കുക എന്നതാണ്. അത് ഒരു അളവോളം കഴിയുന്ന കാര്യമാണ്. ആത്മീയത മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന ഒരാൾ നല്ല വീടുണ്ടായിരിക്കണമെന്നും നല്ല സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും ആഗ്രഹിക്കുന്നത് പോലെയാണത്. വീടും സൗകര്യങ്ങളും അയാൾക്ക് പരമമായ ലക്ഷ്യങ്ങൾ അല്ല. അവ അയാൾക്ക് മനസ്സിനെ എല്ലാ ത്വരകളിൽ നിന്നും മോചിപ്പിച്ചെടുത്ത് ആത്മീയതയിൽ ലയിപ്പിക്കാനുള്ള സൗകര്യം കിട്ടാൻ വേണ്ടിയാണ്. ആ വ്യക്തി ആത്മീയതയെയും ഭൗതികതയെയും ഉൾക്കൊള്ളുന്നു എന്ന് നമുക്ക് പറയാം. ശീർഷകത്തിൽ തൊപ്പി വെച്ച വരെയൊക്കെ എന്നു പറഞ്ഞതിന്റെ സാംഗത്യം അതാണ്. അഥവാ, മത പഠന മേഖലയിൽ ഇന്ന് കാണുന്ന എല്ലാ അസ്വസ്ഥതകളുടെയും ആശങ്കകളുടെയും അടിസ്ഥാന കാരണം ഭൗതികത അളവിൽ അധികം ചേരുന്നു എന്നതാണ്. അങ്ങനെ ചേരുകയും ചേർക്കുകയും ചെയ്യുന്നത് ഭൗതികതയെയും ആത്മീയതയെയും ഒന്നു തന്നെയാക്കാൻ ശ്രമിക്കുന്നവരാണ്. രണ്ടിനെയും രണ്ടായി കാണുകയും രണ്ടിനെയും ശ്രദ്ധയോടെ ഉൾക്കൊള്ളുകയും ചെയ്യുകയാണ് എങ്കിൽ പ്രശ്നങ്ങളില്ല. പക്ഷേ സൂക്ഷ്മമായി പരിശോധിക്കുന്നവർക്ക് അതങ്ങനെ തന്നെയാണ് പോകുന്നത് എന്ന് പറയാൻ വയ്യ.
വിജ്ഞാനം അല്ലാഹുവില്‍ നിന്നുള്ള പ്രകാശമാണ്. ഇസ്‌ലാമിന്റെ ആത്മാവാണ് വിജ്ഞാനം. അറിവില്ലാത്തവന്റെ ജീവിതം അര്‍ത്ഥശൂന്യമാണ്. അറിവുള്ളവനും അറിവില്ലാത്തവനും സമന്മാരല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇല്‍മുള്ളവന്റെ പ്രതാപം പതിന്മടങ്ങായിട്ട് അവശേഷിക്കും. അജ്ഞതയുള്ളവന്‍ മരണശേഷം നാശത്തിലാണ്. ഒരാള്‍ക്ക് ജ്ഞാനം നല്‍കപ്പെട്ടാല്‍ നിശ്ചയം അവന് ധാരാളം നന്മകള്‍ നല്‍കപ്പെടുന്നതാണ്. സത്യവിശ്വാസികള്‍ക്കും അറിവ് നല്‍കപ്പെട്ടവര്‍ക്കും ധാരാളം പദവികള്‍ അല്ലാഹു നല്‍കും. നന്മയുടെ വാഹകര്‍ക്കാണ് വിജ്ഞാനം നല്‍കപ്പെടുക .തിന്മയുമായി ഏർപ്പെടുനവർക്ക് വിജ്ഞാനമെന്ന പ്രകാശത്തെ പ്രശോഭിപ്പിക്കാന്‍ സാധിക്കില്ല. ഒരു വിദ്യാര്‍ത്ഥി മത വിജ്ഞാനം നുകരാന്‍ കടന്നുവരുമ്പോള്‍ അവനെ അല്ലാഹു നന്മയുടെ കണ്ണിയാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട് എന്നതാണ് അവന്‍ മനസ്സിലാക്കേണ്ടത്. അല്ലാഹു വല്ലവനിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ ദീനില്‍ വിജ്ഞാനം ഉള്ളവനാക്കും എന്ന ഹദീസ് ഇതാണ് ഉദ്ഘോഷിക്കുന്നത്. അല്ലാഹുവിന്റെ പ്രത്യേകമായൊരു തിരഞ്ഞെടുപ്പില്‍ നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഭംഗിയായി അവസാനിപ്പിക്കേണ്ട ഉത്തരാവാദിത്വം പാലിക്കുക എന്നത് അതിനുളള നന്ദിയാണ്. അതു ചെയ്യാത്തവനെ നന്ദിയില്ലാത്ത അടിമയായിട്ടാണ് അല്ലാഹുവും റസൂലും ദീനും സത്യവിശ്വാസികളും കാണേണ്ടത്.
ഇസ്‌ലാം മഹത്തായ കരങ്ങളിലൂടെയാണ് സ്ഥാപിക്കപ്പെട്ടതും പ്രചാരണം നേടിയതും. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരിലൂടെ ആ ദിവ്യ വെളിച്ചം ലോകത്താകമാനം പ്രചരിപ്പിച്ചു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)തങ്ങളിലൂടെ അതു പൂര്‍ത്തീകരിക്കപ്പെട്ടു. ഇനി ഒരു പ്രവാചകൻ വരേണ്ടതില്ലാത്ത വിധം സമ്പൂർണ്ണമായിരുന്നു അത്. എന്നുവെച്ചാൽ ഇസ്ലാമിന് വേണ്ടി ഇനി ഒന്നും ചെയ്യേണ്ടതില്ല എന്നല്ല. മറിച്ച് നിയമങ്ങൾ, ആശയങ്ങൾ, ആദർശ പാഠങ്ങൾ എന്നിവയെല്ലാം സമ്പൂർണ്ണമായി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു എന്നാണ്. ഈ അവതരിപ്പിക്കപ്പെട്ടവയെയെല്ലാം കാലാകാലങ്ങളിലായി അന്ത്യനാൾ വരെ എല്ലാവർക്കും കൃത്യമായും വ്യക്തമായും എത്തിച്ചു കൊടുക്കുവാൻ പ്രവാചകന്മാരെ പോലെ ചിലരുടെ ശ്രദ്ധ ഇനിയും അനിവാര്യമാണ്. ആ ദൗത്യം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് പണ്ഡിതന്മാരിൽ ആണ്. കാരണം അത് നിർവഹിക്കുവാൻ അറിവ് അനിവാര്യമാണ്. ആയതിനാൽ നബി(സ) പറഞ്ഞതു പോലെ ഉലമാക്കള്‍ അമ്പിയാക്കളുടെ അനന്തരവകാശികളാണ്. അതിൽ നിന്ന്, ഉലമാക്കളാണ് പൂർണ്ണതപ്രാപിച്ച ഇസ്‌ലാമിന്റെ തനിമയെ കാത്തുസൂക്ഷിക്കേണ്ട ദൗത്യം ഏറ്റടുക്കേണ്ടവരെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പ്രവാചകൻ(സ) എങ്ങനെയെല്ലാം ഇസ്ലാമിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തിയിരുന്നുവോ അങ്ങനെയെല്ലാം ജാഗ്രത പുലർത്തുവാനും വെല്ലുവിളികളെയെല്ലാം നേരിടുവാനും മതപണ്ഡിതന്മാർ ബാധ്യസ്ഥരാണ്. ഇത്തരത്തിലുള്ള ദൗത്യം നിർവഹിക്കുവാൻ ആവശ്യമായ പഠിപ്പും പരിശീലനവും നേടുകയാണ് സത്യത്തിൽ മതവിദ്യാർത്ഥികളായ മുതഅല്ലിമുകൾ ചെയ്യുന്നത്. അങ്ങനെയുള്ള ആ വളർച്ച ശരിയായ പാതയിലും ക്രമത്തിലും ആകുവാനും തദ്വാരാ കൃത്യമായ ലക്ഷ്യത്തിൽ എത്തിച്ചേരുവാനും മത വിദ്യാർത്ഥികൾ ചിലതെല്ലാം കർക്കശമായി പാലിക്കേണ്ടതുണ്ട്.
ഒരു വിദ്യര്‍ത്ഥി മറ്റു മേഖലകളെല്ലാം മാറ്റി വെച്ച് മത വിജ്ഞാനം നുകരാന്‍ കടന്നുവരുമ്പോള്‍ അവൻ കടക്കുന്നത് പ്രവാചകന്മാരടക്കമുള്ള മഹത്തുക്കളുടെ കണ്ണിയിലേക്കുള്ള ആദ്യ പടിയിലേക്കാണ് എന്ന് അവൻ മനസ്സിലുറപ്പിക്കണം. ഈ ഉറപ്പിക്കലിനെ നമുക്ക് നിയ്യത്ത് എന്ന് വിളിക്കാം. കഠിനമായ, കർശനമായ ഇത്തരം ഒരു നിയ്യത്തിന്റെ പിൻബലം അവന് അനിവാര്യമാണ്. കാരണം വലിയൊരു അമാനത്താണ് മത വിജ്ഞാനം നുകരാനെത്തുന്ന വിദ്യാര്‍ത്ഥി ഏറ്റെടുക്കുന്നത്. പൂര്‍വ്വീകരായ പണ്ഡിതൻമാർ ഇവിടെ നിര്‍വ്വഹിച്ച മഹത്തായ ദൗത്യത്തിന്റെ അനന്തരം ഏറ്റെടുക്കുകയാണ്. ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അത് വിജയിക്കുവാനും വിജയിപ്പിക്കുവാനും കർമ്മ നൈരന്തര്യമാണ് വേണ്ടത് എന്ന് പലരും കരുതുന്നുണ്ടാവും. ഭൗതികമായ കാര്യങ്ങൾക്ക് ഒരുപക്ഷേ അത് മതിയാകും. എന്താണ് താൻ ചെയ്യേണ്ടത്, അതെങ്ങനെയെല്ലാമാണ് ചെയ്യേണ്ടത് എന്നത് ഗ്രഹിക്കുകയും അത് ആ വിധം തന്നെ കൃത്യവും കണിശവുമായി നിർവഹിക്കുകയും ചെയ്താൽ ഏത് ദൗത്യവും വിജയം പ്രാപിക്കും. പക്ഷേ മതപരമായ ഈ ദൗത്യം അങ്ങനെയല്ല. ഇത് ലക്ഷ്യമിടുന്നത് മനുഷ്യൻെറ മനസ്സ് എന്ന ഒരു പ്രത്യേക ലോകത്തെയാണ്. ഭൗതിക ലോകത്തിന്റെ സംവിധാനങ്ങൾ പോലെയുള്ള ഒന്നല്ല മനസ്സ്. അതിനെ കീഴ്പ്പെടുത്താൻ കഴിയണമെങ്കിൽ മനസ്സിനെ പടച്ചവന്റെ കൂടി സഹായം വേണം. ആ സഹായം കിട്ടുവാൻ വേറെ മാർഗങ്ങൾ ഒന്നുമില്ല, അവൻ അത് നൽകുക എന്നതല്ലാതെ. സൃഷ്ടാവായ അല്ലാഹു എന്തു തരണമെങ്കിലും അല്ലെങ്കിൽ അവനിൽ നിന്ന് എന്ത് ലഭിക്കണമെങ്കിലും അത് അവനോട് ചോദിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല. അവൻ രാജാധികാരിയും പ്രതാപിയും ആയതിനാൽ തരാനും തരാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം അവനെപ്പോഴും ഉള്ളതാണ്. അതുകൊണ്ട് തന്നെ അവനിൽ നിന്ന് എന്തു ലഭിക്കണമെങ്കിലും അതിന് ദാസന്മാർ പഞ്ച പുച്ഛമടക്കി നിന്ന് യാചിക്കുകയും ചോദിക്കുകയും മാത്രമേ വഴിയുള്ളൂ. ഈ ചോദ്യത്തിന് ഫലം ഉണ്ടാകണമെങ്കിൽ തീർച്ചയായും ഒരു നിയ്യത്തിന്റെ ശക്തി അനിവാര്യമാണ്. കാരണം നിയ്യത്താണ് ഇഖ്ലാസ് എന്ന ആത്മാർഥത ഉണ്ടാകുന്നത്. ആത്മാർഥതയാണ് പ്രാർഥനകൾ കേൾക്കപ്പെടാനുള്ള ഒന്നാമത്തെ ഉപാധി.
മത വിദ്യാര്‍ത്ഥി എന്നതിനപ്പുറം സമൂഹം മുതഅല്ലിമിന് വലിയ മഹത്വം നല്‍കുന്നുണ്ട്. മഹത്തായ ഒരു ദൗത്യ നിര്‍വ്വഹണത്തിനാണ് അവൻ പ്രവേശിച്ചിട്ടുള്ളതെന്ന തിരിച്ചറിവ് ഉള്ളതു കൊണ്ട് തന്നെയാണ് സമുദായം മുതഅല്ലിമിന്റെ സര്‍വ്വ ചെലവുകളും വഹിച്ച് അവനെ ഒരു പണ്ഡിതനാക്കി വളര്‍ത്തിയെടുക്കുന്നതിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നത്. അതിനാൽ കേവലം ഒരു പഠനം എന്നതിനപ്പുറം ഒരു സമുദായത്തിന് നന്മയുടെ വഴി കാണിക്കേണ്ട ദൗത്യം നിര്‍വ്വഹണത്തിനുള്ള തയ്യാറെടുപ്പിന്റെ പ്രാരംഭ ഘട്ടമാണെന്ന് മനസ്സിലാക്കി ആഴത്തിലുള്ള അറിവ് സമ്പാദനത്തിനു തന്നെ അവൻ അഹോരാത്രം പരിശ്രമിക്കുക തന്നെ ചെയ്യണം. ഇതോടൊപ്പം അവൻ വളരെ ഗൗരവത്തോടുകൂടി ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് താൻ പഠിക്കുന്ന കാര്യങ്ങൾ എല്ലാം തൻ്റെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നത്. സ്വന്തം അറിവുകൊണ്ട് അമൽ ചെയ്യാത്ത ഏത് മുസ്ലിമും വിഗ്രഹാരാധകരുടെയും മുമ്പ് സൃഷ്ടിക്കപ്പെടും ശിക്ഷിക്കപ്പെടും എന്നാണ്. അതിന് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്ന്, ജീവിതത്തിന്റെ നടപടിക്രമങ്ങളാണ്. അത് ആരാധനകളിൽ നിന്നാണ് തുടങ്ങുന്നത്. കൃത്യതയുള്ളതും പൂർണ്ണതയുള്ളതും ആയിരിക്കണം മുതഅല്ലിമിന്റെ നിസ്കാരങ്ങളും നോമ്പുകളും മറ്റു ആരാധനകളും. വളരെ അനിവാര്യമായ സാഹചര്യത്തിൽ അല്ലാതെ അവൻ പൊതുദൃഷ്ടിയിൽ വച്ച് പ്രത്യേകിച്ചും ഇളവുകൾ അനുഭവിക്കാൻ പാടില്ല. ക്ഷമയോടുകൂടി എല്ലാം പരിപൂർണ്ണമായി ചെയ്യുവാനാണ് അവൻ ശ്രദ്ധിക്കേണ്ടത്. രണ്ടാമത്തേത്, ബാഹ്യമായ അടയാളങ്ങളും ചിഹ്നങ്ങളും ആണ്. അവയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും അവന് ഉണ്ടാകാൻ പാടില്ല. വെള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലും തല മറക്കുന്നതിലും അനുകരണീയമായ അനുബന്ധ കാര്യങ്ങളിലും ഒരു സാഹചര്യത്തിന്റെയും സ്വാധീനം ഉണ്ടാകാൻ പാടില്ല. ആരുടെ മുമ്പിൽ വരുമ്പോഴും ഏത് പരിപാടിയിൽ സംബന്ധിക്കുമ്പോഴും അഭിമാനപൂർവ്വം താൻ ഉൾക്കൊള്ളുന്ന ഒരു ഐഡൻറിറ്റി ആയിരിക്കണം അവന്റെ വേഷവിധാനങ്ങൾ. കാലികമായി അതിനെയെല്ലാം മെച്ചപ്പെടുത്താം. അതേസമയം അത് അതിനാൽ ഉദ്ദേശിക്കപ്പെടുന്ന ആശയത്തിൽ തന്നെയാണ് ഉള്ളത് എന്ന് പറയുവാനും വ്യാഖ്യാനിക്കുവാനും കഴിയുന്ന തരത്തിലുള്ളതായിരിക്കണം. താൻ കാണുന്ന ഫാഷൻ വസ്ത്രങ്ങളെല്ലാം അണിഞ്ഞ് അവയെ തന്റെ ഐഡൻറിറ്റി തന്നെയാണ് എന്ന് സമർഥിക്കാൻ ശ്രമിക്കുന്നതിൽ കാര്യമില്ല. ഒരു മുതഅല്ലിമിന്റെ വസ്ത്രധാരണ രീതി നബി (സ) തങ്ങളുടെ സുന്നത്തിന്റെ ഭാഗമാണ്. ഇബ്‌നു അബ്ബാസ് (റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങളില്‍ നിന്നും ഏറ്റവും നല്ല വസ്ത്രം വെള്ള വസ്ത്രമാണ്.
ഇല്‍മുമായി ബന്ധപ്പെടലാവട്ടെ ഏറ്റവും ശ്രേഷ്ടമായ ആരാധനകളില്‍ പെട്ടതുമാണ്.
വേഷവിധാനത്തിന്റെ കാര്യം നാം പറഞ്ഞു തുടങ്ങിയത് അത് എല്ലാവരും കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ഒന്നാമത്തെ കാര്യമായതുകൊണ്ടാണ്. അതേ ഗണത്തിൽ തന്നെ പെടുന്ന ഒന്നാണ് സമീപനങ്ങളും ഇടപെടലുകളും. അവ തന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരപ്പെടുന്നു എന്നതിനാൽ അവയെയും തന്റെ വേഷവിധാനങ്ങളെ പോലെ മാന്യമാക്കുവാൻ വിദ്യാർത്ഥി ശ്രമിച്ചിരിക്കേണ്ടതാണ്. വേഷവും സമീപനവും പറയാതെ പറയുന്ന ഒരു വ്യക്തിയുടെ ആശയങ്ങളുടെ സൂചകങ്ങളാണ്. ഈ കുട്ടിയെ കാണുമ്പോഴേക്കും ആ വേഷത്തിലേക്കും ആ സമീപനങ്ങളിലേക്കും ജനം ആകൃഷ്ടരാവണം. അത് അവൻ്റെ മേൽപ്പറഞ്ഞ ദൗത്യനിർവഹണത്തിന്റെ ഒരു ഭാഗം കൂടിയാണ്. ഇത്തരത്തിൽ ഒരു മുത്തഅല്ലിം ജീവിക്കുമ്പോൾ തീർച്ചയായും അല്ലാഹുവിൻറെ സന്തോഷവും കാരുണ്യവും സഹായവും അവനോടൊപ്പം ഉണ്ടായിരിക്കും. അത് ഹദീസുകളിൽ നിന്ന് വ്യക്തമാണ് വിജ്ഞാനം നുകരുന്ന വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായിട്ട് മലക്കുകള്‍ അവന് സംരക്ഷണം നല്‍കും. ആകാശ ഭൂമികള്‍ക്കിടയിലുള്ള സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും. കാരുണ്യത്തിന്റെ മാലാഖമാര്‍ സദാ സമയവും മുതഅല്ലിമിന്റെ സമീപമുണ്ടെങ്കില്‍ മുതഅല്ലിമിന്റെ സാന്നിധ്യം അനുഗ്രഹം തന്നെയാണ്. അവൻ്റെ അന്നത്തിനും ജീവിതത്തിനും വേണ്ടതെല്ലാം അറിയപ്പെടാത്ത മാർഗങ്ങളിലൂടെ എത്തിച്ചേരുന്ന ഒരു അനുഗ്രഹം അവനിൽ എപ്പോഴും ഉണ്ടായിരിക്കും. ആ അനുഗ്രഹം അവൻ്റെ കുടുംബത്തിനും അവനെ സഹായിക്കുന്ന എല്ലാവർക്കും കൂടി അല്ലാഹു നൽകുന്നതാണ്. നബി(സ)യുടെ കാലഘട്ടത്തില്‍ രണ്ട് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ നബി തങ്ങളുടെ വിജ്ഞാന സദസ്സിലേക്കും മറ്റൊരാള്‍ ജോലിക്കും പോവും. ഒരിക്കല്‍ ജോലിക്ക് പോകുന്നയാള്‍ നബി തങ്ങളോട് തന്റെ സഹോദരനെ സംബന്ധിച്ച് ആവലാതി പറഞ്ഞു. നിനക്ക് ഉപജീവന മാര്‍ഗം നല്‍കപ്പെടുന്നത് ഇവനെ കൊണ്ടാണ് എന്നായിരുന്നു നബി തങ്ങളുടെ മറുപടി.
കാലത്തിന്റെ കുത്തൊഴുക്കുകളിൽ പെടാതെ തൻ്റെ സ്വത്വം സംരക്ഷിക്കുക എന്നത് ഒരു നല്ല മതവിദ്യാർത്ഥിയുടെ ബാധ്യതകളുടെ കൂട്ടത്തിൽ പെട്ടതാണ്. പുതിയ കാലത്ത് മത വിദ്യാഭ്യാസരംഗത്ത് പല പരിഷ്കാരങ്ങളും വന്നു ചേർന്നിട്ടുണ്ട് എന്നത് ഒരു സത്യമാണ്. അവ എല്ലാം കടന്നുവന്നത് സോദ്ദേശപരമായി തന്നെയാണ്. ഇങ്ങനെ വന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സമന്വയ വിദ്യാഭ്യാസമാണ്. മത രംഗത്തേക്ക് പഠിക്കാൻ വരുന്നവരെ പ്രോത്സാഹിപ്പിക്കുക, ഒപ്പം തന്നെ നേടാൻ കഴിയുന്ന മറ്റു ഭൗതികമായ നേട്ടങ്ങളിലേക്ക് കൂടി അവനെ നയിക്കുക, മൊത്തത്തിൽ ഈ വിദ്യാഭ്യാസ പ്രക്രിയ കാലാനുസൃതമാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങി വിവിധ ലക്ഷ്യങ്ങൾ അതിൻെറ പിന്നിൽ തുടക്കത്തിലേ ഉണ്ടായിരുന്നു. ഇപ്പോഴും ആ ലക്ഷ്യത്തിൽ തന്നെയാണ് സമന്വയ വിദ്യാഭ്യാസ പദ്ധതികൾ പ്രവർത്തിച്ചു വരുന്നത്. ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആദ്യം ചിന്തിച്ചവർ ഇതിനു വേണ്ടി മനസ്സിൽ കണ്ടിരുന്ന ഒരു അനുപാതം ഉണ്ടായിരുന്നു. അതിനെ നമുക്ക് സാങ്കേതികമായി പരമാവധി 60-40 എന്ന് വിളിക്കാം. അതായത് 60 ശതമാനവും മതപരമായ വിദ്യാഭ്യാസത്തിനും മതപരമായ വേഷത്തിനും സംസ്കാരത്തിനും പ്രാധാന്യവും പ്രാമുഖ്യവും നൽകുകയും അതോടൊപ്പം ബൗധികമായ അവസരങ്ങളിൽ ഒന്ന് നഷ്ടപ്പെടാതിരിക്കുവാൻ മാത്രം ഭൗതിക വിദ്യാഭ്യാസത്തെ പരിഗണിക്കുകയും ചെയ്യുക എന്നതായിരുന്നു അത്. അങ്ങനെ പോവുകയാണ് എങ്കിൽ കുഴപ്പമൊന്നും ഉണ്ടാകുകയില്ല എന്ന് അക്കാലത്ത് അതിന് അനുമതി നൽകേണ്ടിയിരുന്ന പണ്ഡിതന്മാർ പറയുകയും ചെയ്തിട്ടുണ്ടാവും.
അങ്ങനെ തുടങ്ങിയ സമന്വയ വിദ്യാഭ്യാസ മേഖല അഭൂതപൂർവ്വമായ വളർച്ചയാണ് നേടിയത്. വിവിധങ്ങളാകുന്ന സംവിധാനങ്ങൾക്ക് കീഴിലുള്ള പഠന സിലബസുകൾ നിലവിൽവരികയും അവ അഭിമാനകരമായ ഒരുപാട് നേട്ടങ്ങൾ സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. ഈ സമീപകാലത്ത് ഒന്നും ഒരുപക്ഷേ ഇത്രമേൽ വിജയിച്ച പദ്ധതിയും സംവിധാനവും സമുദായത്തിനകത്ത് ഉണ്ടായിട്ടുണ്ടാകില്ല. ഏതു വിജയങ്ങളും സന്തോഷങ്ങളായി മാറാം. പക്ഷേ, അവ ഒരിക്കലും അഹങ്കാരങ്ങളായി മാറരുത് എന്നാണ്. വിദ്യാഭ്യാസ മേഖലയിലെ ഈ വിജയം പക്ഷേ ചിലരിലെങ്കിലും അഹങ്കാരം ഉണ്ടാക്കി എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. അതോടുകൂടി അവരും അവരെ നയിക്കുന്നവരും അറിയാതെ ശരിയായ ഭ്രമണപഥത്തിൽ നിന്ന് അൽപ്പാൽപ്പം മാറാൻതുടങ്ങി. ഭൗതിക വിദ്യാഭ്യാസത്തിനും വിഷയങ്ങളെ ഭൗതികമായി സമീപിക്കുന്നതിനും ഭൗതിക ലോകത്തെ സന്തോഷിപ്പിക്കുന്നതിനും ഭൗതിക ലോകത്തോടൊപ്പം തങ്ങളുടെ മേഖലയെ ചേർത്തു കെട്ടുന്നതിനും എല്ലാമാണ് ഈ അഹങ്കാരം നിമിത്തമായത്. അതിന്റെ ദുരനുഭവങ്ങൾ ഇപ്പോൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സമുദായ അസ്വസ്ഥതകളായി അനുദിനം അനുഭവപ്പെട്ടു വരുന്നുണ്ട്. ഇതിൻെറ ഉള്ളിൽ തന്നെയുള്ള മറ്റൊരു സൂചന തന്നെയും ഈ സന്ദേശം നൽകുന്നുണ്ട്. അത് എന്താണെന്ന് വെച്ചാൽ സത്യത്തിൽ ദർസുകളിൽ ഉള്ളതും അറബിക് കോളേജുകളിൽ ഉള്ളതും ഇക്കാലത്ത് ഒരേപോലെ വിദ്യാഭ്യാസം എന്ന് വിളിക്കാവുന്നത് തന്നെയാണ്. ദർസ് വിദ്യാർത്ഥികൾ ദർസിനോടൊപ്പം അവരുടെ പ്രായത്തിനനുസരിച്ച് ബൗദ്ധിക വിദ്യാഭ്യാസങ്ങൾ നേടിവരുന്നുണ്ട്. എന്നാൽ മൂല്യശോഷണത്തിന്റെ കാര്യത്തിൽ ദർസുകൾ അത്രതന്നെ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് പോകുന്നില്ല അല്ലെങ്കിൽ പോയിട്ടില്ല എന്ന് വേണം കരുതാൻ. അതിൻെറ ഒരു പ്രധാന കാരണം ഒരു മുദരിസിന്റെ കൺവെട്ടത്ത് ശക്തമായ തർബിയത്തോടു കൂടെ ആണ് ദർസ് വിദ്യാർഥികൾ വളരുന്നത് എന്നതാണ്. അതായത് മത വിദ്യാഭ്യാസത്തിന്റെയും മതപരമായ സാംസ്കാരികതയുടെയും കാര്യത്തിൽ അവർ ഏതാണ്ട് മേൽ പറഞ്ഞ ആ ശതമാനം പുലർത്തുന്നുണ്ട്. ഭൗതിക വിദ്യാഭ്യാസം അവർ പഠിക്കുന്നുണ്ടെങ്കിലും അവർ കാര്യമായി ഭൗതികതയിലേക്ക് ഒഴുകിപ്പോകുന്നില്ല. അപ്പോൾ ഇതിൽ നിന്നും നമുക്ക് ഒരു വസ്തുത ഗ്രഹിക്കാവുന്നതാണ്. മതപരമായ നിഷ്കർഷയും അച്ചടക്കവും ഭുരിപക്ഷംവരുന്ന അനുപാതത്തിൽ ഉണ്ടെങ്കിൽ സമന്വയ വിദ്യാഭ്യാസം ശരിക്കും കാലത്തെ വെല്ലുവിളിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ഇപ്പോൾ പലയിടത്തും ദൃശ്യമാകുന്നത് പോലെ അത് ഭൗതിക വിദ്യാഭ്യാസ ലോകത്തോടൊപ്പം മത്സരിക്കുക മാത്രമായിരിക്കും ചെയ്യുക.
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso