നിഷ്കളങ്കത നിശ്ചയിക്കുന്നത് രണ്ടാം കണ്ണ്.
12-12-2023
Web Design
15 Comments
വിചാരം
മുഹമ്മദ് തയ്യിൽ
ഹിറ്റ്ലറുടെ നാസി ജർമനിയിൽ ജൂതൻമാർക്ക് ഒരു പക്ഷെ തോന്നുമായിരുന്നു, ഗ്യാസ് ചേമ്പറിനേക്കാൾ ഗുരുതരമാണ് കോൺസെൻട്രേഷൻ ക്യാമ്പുകൾ എന്ന്. കാരണം ഗ്യാസ് ചേമ്പറിൽ വേദനകളെല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിക്കും. കോൺസെൻട്രേഷൻ ക്യാമ്പിൽ ഒറ്റയടിക്ക് അവസാനിപ്പിക്കാതെ കൊല്ലാകൊല ചെയ്യാനായിരുന്നു ഓർഡർ. കൂട്ടത്തിൽ ഒരു തടവുകാരൻ ജയിലറോട് തന്നെയൊന്ന് തുറന്നുവിടാൻ ദയ കാണിക്കുമോ എന്നു ചോദിച്ചു. ആ ജയിലറുടെ ഭാവത്തിൽ ദയയുടെ നേരിയ കലർപ്പു കണ്ടതിനാലാവാം, കണ്ടുമുട്ടുന്ന അവസരത്തിലൊക്കെ അയാൾ തന്നെ തുറന്നുവിടുമോ എന്ന് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. നാസി ജർമ്മനിയിൽ ജൂതൻമാർക്ക് ഒന്നും ആശിക്കാൻ തന്നെ വകയില്ലായിരുന്നു. അത്രക്കും മരവിച്ച നയമായിരുന്നു ഹിറ്റ്ലറുടേത്. എന്നാലും തൂങ്ങാവുന്നിടത്ത് കടിച്ചുതൂങ്ങുക എന്നത് ജൂതരുടെ ഒരു പതിവു പരിപാടിയാണ്. പക്ഷെ, ഇവിടെ ജയിലർ ഇയാളോട് ദയ കാണിക്കാൻ തയ്യാറായി. തുറന്നു വിടാനല്ല, തന്റെ ഉളളിൽ ദയ ഉണ്ട് എന്നു വരുത്തുവാൻ. അതിനാൽ വളരെ കർക്കശമായ ഒരു ഉപാധി വെച്ചുകൊണ്ട് ജയിലർ പറഞ്ഞു: 'എന്റെ രണ്ടു കണ്ണുകളിൽ ഒന്ന് പ്ലാസ്റ്റിക്കിനാൽ നിർമ്മിച്ച കൃത്രിമക്കണ്ണാണ്. അതേതാണ് എന്ന് കൃത്യമായി കണ്ടെത്തി പറഞ്ഞാൽ നിന്നെ വിടാം'. അതു കണ്ടുപിടിക്കാൻ ഇയാൾക്ക് കഴിയില്ല എന്നാണ് ജയിലർ കരുതിയത്. അത്രയ്ക്കും സങ്കീർണ്ണമായ സാമ്യം രണ്ട് കണ്ണുകൾക്കുമിടയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ജൂതൻ പറഞ്ഞു: 'ഇടത്തേതാണ്..'. അതോടെ ജയിലർക്ക് അതിശയം. അങ്ങനെയാർക്കും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത ഇക്കാര്യം ഇയാൾക്കെങ്ങനെ കണ്ടെത്താനായി എന്ന അതിശയം. 'അതെങ്ങനെ ഇത്രപെട്ടെന്ന് നിനക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞു'; ജയിലർ ചോദിച്ചു. ' അതിലാണ് കുറച്ചെങ്കിലും ദയ ഉള്ളത്..; ജൂതൻ പറഞ്ഞു.
കുട്ടിയെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ട്. ഇനി അന്വേഷണങ്ങളാണ്. നിയമവസ്ഥക്ക്, ഭരണകൂടത്തിന്, പൊതു സമൂഹത്തിന്, സുഹൃത്തുക്കൾക്ക് തുടങ്ങി ഓരോരുത്തർക്കും ഓരോന്നാണ് അറിയേണ്ടത്. അതൊക്കെ ഓരോ തലങ്ങൾ, ഓരോ ആഴങ്ങൾ. എന്നാൽ സംഭവം പങ്കുവെക്കുന്ന പ്രധാന സാമൂഹ്യപാഠവും സന്ദേശവും പക്ഷെ പിറ്റേന്നു തന്നെ പുറത്തുവന്നു. അതാണ് നാസി ജയിലറുടെ പ്ലാസ്റ്റിക് കണ്ണ് ഓർമ്മയിൽ വരാൻ കാരണം. ദയ, സ്നേഹം, തുടങ്ങിയ മാനുഷിക വികാരങ്ങൾ വ്യക്തമായും വഴി തെറ്റിത്തുടങ്ങിയിരിക്കുന്നു എന്നതാണ് ആ സന്ദേശം. സ്വന്തം കുഞ്ഞിന് സീറ്റ് കിട്ടാത്തതിന് അതിന് കാരണക്കാരൻ എന്നു തോന്നിയ മറ്റൊരാളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുക എന്നതാണല്ലോ സംഭവം ഒറ്റവാക്കിൽ. സ്വാർഥത വൈകാരിക മൂല്യങ്ങളെ മറികടക്കുന്ന അവസ്ഥ. ഓരോന്നങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഒരു സംഭവത്തെ ശരിയായി മൂല്യനിർണ്ണയം നടത്താനുളള കഴിവും നഷ്ടപ്പെട്ടിരിക്കുന്നു നമ്മൾക്ക്. അതുകൊണ്ട് നമ്മുടെ ഫലങ്ങൾ പല വഴിക്ക് പോകുന്നു. ഇവിടെ സംഭവത്തിന്റെ മൂല്യനിർണ്ണയം നടത്തുമ്പോൾ നഴ്സിംഗ് സീറ്റിന്റെയും അതിനു പണം വാങ്ങി ചതിച്ചതിന്റെയും ഭക്ഷണം കൊടുത്ത് ഉറക്കി സുരക്ഷിതമായി തിരിച്ചെത്തിച്ചതിന്റെയും ഒന്നും പിന്നിലല്ല പോകേണ്ടത്. മറിച്ച് സംഭവം വേദനിപ്പിച്ച ഏറ്റവും ദുർബലരുടെ വിരഹത്തിന്റെ പിന്നിലാണ്. അത് ഒരു ആറ് വയസ്സുകാരിയും അവളുടെ അമ്മയുമാണ്. അവർ ആ രാത്രി അനുഭവിച്ച വിഷമവും വേദനയുമാണ്.
ഇതിലേക്ക് ചേർത്തുവായിക്കുവാൻ കഴിഞ്ഞ വാരം തന്നെ മറ്റൊരു സംഭവം കൂടിയുണ്ടായി. തലസ്ഥാനത്ത് ഒരു വഹിതാഡോക്ടർ തന്റെ കാമുകനോ കാമുകന്റെ കുടുംബമോ തന്റെ മേനിക്കും മനസ്സിനും ഇട്ട വില താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. 150 പവൻ സ്വർണ്ണം, 15 ഏക്കർ സ്ഥലം, ബി എം ഡബ്ലിയു കാർ എന്നതിൽ ഒരു പൈ കുറഞ്ഞാൽ തന്നെ എനിക്കു വേണ്ട എന്നു കേട്ട പാവം പെൺകുട്ടിയുടെ മനസ്സിന്റെ ചരട് പൊട്ടുകയായിരുന്നു. പാവം അവളുടെ കുടുംബം 50 പവനും 50 ആയിരവും മോശമല്ലാത്ത ഒരു കാറും വരെ കൊടുത്ത് ഒത്തുതീർപ്പിനൊക്കെ ശ്രമിച്ചതാണ്. സംഗതി ഒട്ടും നടന്നില്ല. കാമുകന്റെ കാമം സ്വാർഥവും വ്യർഥവുമായിരുന്നു. അയാൾ പ്രേമിച്ചത് അവളെയല്ലായിരുന്നു. വാർത്തകളുടെ വെളിമ്പുറത്തുകൂടെ നടന്നാൽ ഇങ്ങനെ ഇനിയും കിട്ടും പലതും. വികാരങ്ങൾ വഴി തെറ്റുന്നത് ഒരു പതിവായിരിക്കുകയാണ് എന്ന് സൂചിപ്പിക്കുകയാണ് ഈ സംഭവങ്ങളൊക്കെ.
എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി പുറത്തെടുക്കുന്ന വികാരങ്ങൾ കപടമായിരിക്കും, അത്തരമൊരു രണ്ടാം കണ്ണില്ലെങ്കിൽ വികാരങ്ങൾ നിഷ്കളങ്കവും സത്യവുമായിരിക്കും എന്നാണ് ഇതൊക്കെ നമ്മോട് പങ്കുവെക്കുന്നത്.
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso