ഇറാഖിലെ കാഴ്ചകൾ - 10
12-12-2023
Web Design
15 Comments
മൈസം അത്തമ്മാർ(റ)
അബു സാലിം എന്ന മൈസം അത്തന്മാർ അലി(റ) വിന്റെ ഏറ്റവും അടുത്ത അനുയായിയും ഭൃത്യനും ആയിരുന്നു. ഹസൻ, ഹുസൈൻ എന്നിവരുമായും അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. കൂഫയിൽ കാരക്ക കച്ചവടക്കാരൻ ആയിരുന്നത് കൊണ്ടാണ് തമ്മാർ എന്ന് അദ്ദേഹത്തിന് പേര് വന്നത്. അദ്ദേഹത്തിന് അലി(റ) പ്രത്യേകമായ ചില ജ്ഞാനങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എന്ന് ശിയാ വിശ്വാസികൾ വിശ്വസിക്കുന്നുണ്ട്. ഇബ്നു സിയാദിനാൽ ദയനീയമായി കൊല്ലപ്പെടുകയായിരുന്നു അദ്ദേഹവും. കൊല്ലപ്പെടുന്ന അതേ വർഷത്തിൽ അദ്ദേഹം ഉമ്മുൽ ഉമ്മു സലമ(റ)യുടെ അടുത്തേക്ക് അദ്ദേഹം കടന്നുചെന്നത് ചരിത്രങ്ങളിൽ പറയുന്നുണ്ട്. താൻ ഇറാഖിൽ നിന്നാണെന്നും അലി(റ)യുടെ സേവകന്മാരിൽ ഒരാളാണ് എന്നും പരിചയപ്പെടുത്തിയ അദ്ദേഹത്തോട് ഉമ്മു സലമ(റ) അദ്ദേഹത്തിൻ്റെ താടിയിലേക്ക് നോക്കി അൽപ്പം സുഗന്ധം നൽകുകയും അത് അദ്ദേഹം താടിയിൽ പൂശുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഈ താടി ഒരു നാൾ രക്തം കൊണ്ട് അഭിഷേകം ചെയ്യപ്പെടും '. അപ്പോൾ അവർ ചോദിച്ചു: 'ഇതാരാണ് പറഞ്ഞത് '?. എന്റെ സയ്യിദ് അലി(റ) പറഞ്ഞതാണ് എന്ന് പറഞ്ഞപ്പോൾ ഉമ്മുൽ മുഅ്മിനീൻ പറഞ്ഞു: 'അത് നിന്റെ മാത്രം സയ്യിദല്ല, എന്റെയും സയ്യിദാണ്'. അലി(റ)യുടെ പക്ഷക്കാരെ വേട്ടയാടുന്നതിനിടയിൽ തന്നെയായിരുന്നു ഇദ്ദേഹവും കൊല്ലപ്പെട്ടത്. ഹിജ്റ 60 ദുൽഹജ്ജ് 22 ന് അഥവാ ഹുസൈൻ (റ) കർബലയിലെത്തുന്നതിന്റെ പത്തു ദിവസം മുമ്പ് ആയിരുന്നു നാവ് അരിഞ്ഞെടുത്ത് ഇബ്നു സിയാദ് അദ്ദേഹത്തെ വധിച്ചത്.
അലി(റ)യുടെ വീട്
കൂഫയിൽ കാണാനുള്ള മറ്റൊരു കാഴ്ച അലി വിന്റെ വീടാണ് കൂഫ പള്ളിയുടെ സമീപത്തു തന്നെയായി മഹാനവർകൾ കൂഫയിൽ ജീവിച്ചിരുന്ന വീട് ഒരു ചരിത്രസ്മാരകം എന്നോണം സംരക്ഷിക്കപ്പെടുന്നുണ്ട് പഴയകാലത്തെ ഒരു നിർമ്മിതിയാണ് ഇത് അദ്ദേഹത്തെ കുളിപ്പിച്ച സ്ഥലം കിടപ്പുമുറികൾ കുട്ടികളെ പഠിപ്പിച്ചിരുന്ന സ്ഥലം അതിഥികളെ സ്വീകരിച്ചിരുന്ന സ്ഥലം തുടങ്ങിയവയും ഒപ്പം ഒരു കിണറും ഉണ്ട് ഈ കിണർ ഇപ്പോൾ കെട്ടിടത്തിനകത്താണ് ഈ കിണറ്റിലെ വെള്ളം പുണ്യമുള്ളതാണ് എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു
അലി(റ)യുടെ മിമ്പർ
പള്ളിയിൽ വച്ചാണ് അലി വിനു വെട്ടേറ്റത് പള്ളിയുടെ അകത്തു വച്ചായിരുന്നു അല്ല പുറത്തുവെച്ചായിരുന്നു എന്നതിൽ രണ്ട് ചരിത്രപക്ഷങ്ങൾ ഉണ്ട് ഏതായിരുന്നാലും അദ്ദേഹം പതിവായി ജനങ്ങൾക്ക് ഇമാം മുന്നിരുന്ന മിഹ്റാബും നിർവഹിച്ചിരുന്ന മിമ്പറും ഇവിടെയുണ്ട് ഈ മിഹ്റാബിന് സമീപമായി ഫലപ്രവാജക പ്രധാനികളും മരണപ്പെട്ട നിസ്കരിച്ച സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഖബ്ബാബ് ബിൻ അറത്ത്(റ), അബൂ ജുഹൈഫ(റ), ജാബിർ ബിൻ സമുറ(റ), ബറാഅ് ബിൻ ആസിബ്(റ), അശ്അസ് ബിൻ ഖൈസ്(റ) തുടങ്ങി ഒട്ടനവധി സ്വഹാബിമാരുടെ അന്ത്യവിശ്രമ സ്ഥാനം കൂടിയാണ് കൂഫ.
അദ്ധ്യായം ഇരുപത്തിരണ്ട്
ബസ്വറയിലെ മഹാൻമാർ
ഹസനുൽ ബസ്വരി(റ)
അബൂസഈദ് ഹസൻ ബിൻ അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) എന്ന മഹാൻ ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതനായ മഹാൻ വിജ്ഞാനം, സൂക്ഷ്മത, ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യനായിരുന്നു. താബിഉകളുടെ ശ്രേണി ആരംഭിക്കുന്നത് ഹസനുൽ ബസ്വരിയിൽ നിന്നാണ് എന്ന് അഭിപ്രായമുണ്ട്. സൈദ്ബ്നു സാബിത്ത്(റ)വിന്റെ അടിമയായിരുന്നു ഇദ്ധേഹത്തിന്റെ പിതാവ്. മാതാവ് ‘ഖൈറ’ എന്നവർ ഉമ്മുസലമ(റ)യുടെ അടിമസ്ത്രീയായിരുന്നു. ചിലപ്പോള്‍ ഖൈറ വല്ല ആവശ്യത്തിനും പുറത്തുപോകും. തിരിച്ചെത്താന്‍ വൈകിയാല്‍ മുലകുടി മാറാത്ത ഹസന്‍ കരയും. അപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ) തന്റെ മുല കുട്ടിയുടെ വായില്‍വച്ച് കൊടുക്കും. മാതാവ് വരും വരെ കുട്ടി ഈമ്പിക്കുടിക്കുകയും ചെയ്യും. ഈ ബര്‍കത്താണ് ഹസനുല്‍ ബസ്വരിക്ക് ജ്ഞാനവും യുക്തിയും വാകാചാതുര്യവും നേടിക്കൊടുത്തതെന്ന് പണ്ഡിതലോകം മനസ്സിലാക്കുന്നു. ഇവിടെ ഹസനുൽ ബസ്വരി നുണഞ്ഞിരുന്നത് സാധാരണഗതിയിലുള്ള മുലപ്പാൽ ആയിരിക്കുവാനുള്ള സാധ്യത ഇല്ല. കാരണം ഈ സംഭവം നടക്കുമ്പോൾ മുലപ്പാൽ ഉണ്ടാകുന്ന പ്രായത്തിലോ സാഹചര്യത്തിലോ ആയിരുന്നില്ല ഉമ്മു സലമ ബീവി. അതിനാൽ ഹസനുൽ ബസ്വരിക്ക് അവരിൽ നിന്ന് കിട്ടിയത് കറാമത്തിന്റെ മുലപ്പാൽ ആയിരുന്നു എന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
തിരുനബി(സ)യുടെ പ്രിയപത്നിമാരിലൊരാളായ ഉമ്മുൽ മുഅ്മിനീൻ ഉമ്മുസലമ(റ)യുടെ വസതിയിൽ ഹിജ്റ ഇരുപത്തി ഒന്നിലാണ് ഹസനുൽ ബസ്വരി(റ) ജനിക്കുന്നത്. പിതാവ് യസാറുൽ ബസ്വരിയും മാതാവ് ഖൈറത്തുമായിരുന്നു. ഉമ്മുസലമ ബീവി(റ)യുടെ പരിചാരകരിൽ ഒരാളായതുകൊണ്ടാണ് മഹാനവർകളുടെ ജനനം തിരുഭവനത്തിലായത്. ഉമർ ബിൻ ഖത്താബ്(റ)വാണ് കുട്ടിക്ക് ഹസൻ എന്ന് പേരിട്ടത്. സ്വഹാബത്തിന്റെ കാലഘട്ടത്തിൽ ജനിച്ചതും ജനനം മദീനയിലായതും എന്തുകൊണ്ടും ആത്മീയതയുടെ അത്യുന്നതങ്ങളിലെത്താൻ ഹസനുൽ ബസ്വരി(റ)വിന് സഹായകരമായി. ചെറുപ്രായത്തിൽ തന്നെ മാതാവ് ഖൈറത്ത് മകനെ സ്വഹാബികളുടെ അടുത്തേക്ക് അയക്കുമായിരുന്നു. അതിനാൽ അവരുടെ മജ്ലിസുകളും ദുആകളും മഹാന് ലഭിച്ചു. ഉമർ(റ)വിന്റെ പ്രത്യേക ദുആ തന്നെ മഹാനവർകൾക്ക് ലഭിക്കുകയുണ്ടായി. (അൽ ഹസനുൽ ബസ്വരി, ഇമാമുസ്സാഹിദീൻ)
ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായിരുന്ന മദീനയില്‍ അദ്ദേഹം വളര്‍ന്നു. ഉസ്മാന്‍(റ)വിന്‍റെ ഖുതുബ പല പ്രാവശ്യം കേട്ടിട്ടുണ്ട്. ഉസ്മാന്‍(റ)വധിക്കപ്പെടുമ്പേള്‍ ഹസന്‍ ബസ്വരിക്ക് 14 വയസ്സായിരുന്നു പ്രായം. ധീരനായ ഹസന്‍ ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. യുദ്ധം, വിജ്ഞാനം, കര്‍മ്മം ഇവയിലായിരുന്നു ഹസന്‍(റ)വിന്‍റെ താല്‍പര്യം. മുആവിയാ(റ)വിന്‍റെ ഭരണകാലത്ത് ഖുറാസാന്‍ ഗവര്‍ണര്‍ റബീഉ ബിൻ സിയാദിന്‍റെ എഴുത്തുകാരനായും ജോലി ചെയ്തു. ഉസ്മാന്‍(റ), ഇംറാനുബ്നു ഹുസൈന്‍(റ), മുഖീറത്തുബ്നു ശുഅ്ബ(റ), അബ്ദുറഹ്മാനുബ്നു സമുറ(റ), സമുറത്ത്ബ്നു ജുന്‍ദുബ്(റ), ജുന്‍ദുബുല്‍ ബജ്ലി. ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമര്‍(റ)തുടങ്ങിയവരില്‍ നിന്ന് ഇദ്ധേഹം നേരിട്ട് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹിജ്റഃ 36-ൽ അലി(റ)വിന്റെ ഭരണത്തിൻ കീഴിലായി ഉസ്മാൻ ബിൻ ഹുനൈഫ് ബസ്വറയിലെ ഗവർണറായിരുന്ന കാലത്താണ് യസാറുൽ ബസ്വരിയും കുടുംബവും ബസ്വറയിലെത്തുന്നത്. യസാറിന്റെ പിതാക്കന്മാരും കുടുംബവും നാടും ദേശവും ബസ്വറയായിരുന്നു. പതിനാല് വയസ്സുവരെയാണ് ഹസനുൽ ബസ്വരി(റ)വിന്റെ മദീനാ ജീവിതം. ബസ്വറയിലെത്തിയതിനു ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് മഹാൻ പ്രവേശിക്കുന്നത്. സഈദ്, അബ്ദുല്ല എന്നീ കുട്ടികൾ അവർക്ക് ജനിച്ചു. അബൂസഈദ് എന്ന് ഓമനപ്പേര് മഹാനവർകൾക്ക് ഉണ്ടായിരുന്നു. വേറെ സന്താനങ്ങൾ ഉണ്ടോയെന്ന് വ്യക്തമല്ല എങ്കിലും ഒരു മകളും കൂടി ഉള്ളതായി ചരിത്രത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്.
വിജ്ഞാനശാഖകളില്‍ അഗാധ ജ്ഞാനം ഉണ്ടായിരുന്ന ഹസന്‍ ബസ്വരി ഇബാദത്തില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. സത്യം തുറന്നു പറയുന്നതില്‍ ആരെയും ഭയപ്പെട്ടിരുന്നില്ല. ഹിജ്റ 103 ൽ യസീദുബ്നു അബ്ദുല്‍ മലികിന്‍റെ ഭരണകാലം. ഇറാഖില്‍ ഉമറുബ്നു ഹുബൈറ ഗവര്‍ണറായി നിയമിതനായി. ഇമാം ഹസന്‍ ബസ്വരി(റ), ഇമാം ശഅ്ബി(റ), ഇമാം ഇബ്നുസീരീന്‍(റ) എന്നിവരെ ഗവര്‍ണര്‍ വിളിപ്പിച്ചു. മൂന്ന് പണ്ഡിത പ്രമുഖരും ഗവര്‍ണറുടെ വീട്ടിലെത്തി. ഇബ്നു ഹുബൈറ അവരോട് പറഞ്ഞു: 'അല്ലാഹുവിന്‍റെ ഖലീഫയായ യസീദ് എന്നെ ഇവിടെ ഗവര്‍ണറായി നിയോഗിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കല്‍പനകള്‍ അടുത്തു തന്നെ വന്നു തുടങ്ങും. നിങ്ങളുടെ അഭിപ്രായമെന്ത്?' ഇബ്നു സീരീനും ശഅ്ബിയും ഒഴിഞ്ഞുമാറുന്ന വിധത്തിലായിരുന്നു സംസാരിച്ചത്. ഹസന്‍! താങ്കള്‍ എന്തു പറയുന്നു? എന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹസന്‍(റ) ഒന്നും മറച്ചുവെക്കാതെ പറഞ്ഞു തുടങ്ങി: 'ഇബ്നു ഹുബൈറാ! യസീദിന്‍റെ വിഷയത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്‍റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടരുത്. യസീദില്‍ നിന്ന് താങ്കളെ അല്ലാഹു രക്ഷിക്കും. അല്ലാഹുവില്‍ നിന്ന് തങ്കളെ യസീദ് രക്ഷിക്കില്ല.., ഇങ്ങനെ നീണ്ടുപോയി ഉപദേശം.' ഇബ്നു ഹുബൈറ മൂന്നുപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹസന്‍ ബസ്വരിക്ക് മറ്റു രണ്ടു പേരുടേതിലും ഇരട്ടി സമ്മാനം നല്‍കുകയുണ്ടായി.
ഉമർ ബിൻ അബ്ദുല്‍ അസീസ്(റ) ഭരണമേറ്റപ്പോള്‍ അദ്ധേഹം ഹസന്‍(റ)ന് ഇങ്ങനെ എഴുതി; 'ഞാന്‍ ഈ കാര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുകയാണ് എനിക്ക് കുറച്ച് സഹായികളെ താങ്കള്‍ കണ്ടുപിടിക്കണം.' ഹസന്‍(റ)മറുപടി അയച്ചു; ’ഭൗതിക ചിന്താഗതിക്കാരെ താങ്കള്‍ ഉദ്ധേശിക്കുന്നുണ്ടാവില്ല. പാരത്രിക ചിന്താഗതിക്കാരാവട്ടെ ആ പ്രവൃത്തി ആഗ്രഹിക്കുകയുമില്ല. ആയതിനാല്‍ അല്ലാഹുവിനെ കൊണ്ട് സഹായം തേടുക. വസ്സലാം.’ ഇങ്ങനെ ഹസന്‍(റ)വിന്‍റെ വാക്കുകള്‍ അധികവും മഹത്തായ തത്വജ്ഞാനങ്ങളായിരുന്നു. ഹജ്ജാജ് ബിൻ യൂസുഫുമായി ബന്ധപ്പെട്ട് ചില ഭീതിജനകമായ അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാവുകയുണ്ടായി. അവയില്‍ നിന്നെല്ലാം രക്ഷപ്പെട്ടു. ഹജ്ജാജ് ചിലപ്പോള്‍ ഇദ്ദേഹത്തിന്‍റെ സദസ്സില്‍ വരുമായിരുന്നു. ഇമാം എഴുന്നേറ്റു നില്‍ക്കില്ല. ഹജ്ജാജ് സദസ്സിന്‍റെ ഒരുഭാഗത്ത് ഇരിക്കും. ഹസന്‍(റ) നടത്തിക്കൊണ്ടിരുന്ന ദര്‍സ് നിര്‍ത്തിവച്ച് ഹജ്ജാജിനെ ശ്രദ്ധിക്കുമായിരുന്നില്ല.
ഹസന്‍ ബസ്വരിയുടെ ദര്‍സില്‍ ധാരാളം പ്രഗത്ഭര്‍ പഠിച്ചിരുന്നു. പിഴച്ച വിശ്വാസങ്ങള്‍ തലപൊക്കിക്കൊണ്ടിരുന്ന അക്കാലത്ത് യഥാര്‍ത്ഥ വിശ്വാസകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ ഹസനെ(റ)സമീപിക്കുമായിരുന്നു. ഒരിക്കല്‍ ഒരാള്‍ ഇമാമിന്‍റെ ദര്‍സ്സില്‍ കയറി വന്നു അദ്ധേഹം പറഞ്ഞു: ’യാ ഇമാമദ്ദീന്‍!വന്‍ദോഷങ്ങള്‍ ചെയ്യുന്നവര്‍ കാഫിറാണെന്ന് പറയുന്ന ഒരു വിഭാഗം ഇക്കാലത്ത് ഇറങ്ങിയിട്ടുണ്ട്. വന്‍ദോഷം അവരുടെ കാഴ്ച്ചപ്പാടില്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചുപോകുന്ന വിധം കുഫ്റാണ്. ഖവാരിജിലെ വഈദിയ: എന്ന വിഭാഗത്തിനാണ് ഈ വാദമുള്ളത്. മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസമുണ്ടെങ്കില്‍ വന്‍ദോഷം ഒരു ബുദ്ധിമുട്ടും വരുത്തില്ലെന്നാണ്. മാത്രമല്ല, കര്‍മ്മം ഇവരുടെ വീക്ഷണത്തില്‍ വിശ്വാസത്തിന്‍റെ ഘടകമേ അല്ല. വിശ്വാസമുണ്ടെങ്കില്‍ ദോഷം ചെയ്യല്‍ ഉപദ്രവം ചെയ്യില്ല. അവിശ്വാസത്തോടൊപ്പം ആരാധന ഉപകാരവും ചെയ്യില്ല. ഇതില്‍ അങ്ങ് വിശ്വാസപരമായി എന്തു വിധിയാണ് നല്‍കുന്നത്? ഹസന്‍(റ)ചോദ്യം ശ്രദ്ധിച്ചുകേട്ടു. സദസ്സില്‍ ധാരാളം ശിഷ്യൻമാരുണ്ട്. അവരും പ്രശ്നം മനസ്സിലാക്കി. ഇമാം അല്‍പനേരം ആലോചിച്ചു. അദ്ദേഹം മറുപടി പറയും മുമ്പ് സദസ്സില്‍ നിന്നും ഒരു ശബ്ദം. വാസ്വിൽ ബിൻ അത്വാഅ് എന്ന ശിശ്യനാണ് അദബ് പരിഗണിക്കാതെ പറഞ്ഞുതുടങ്ങിയത്. വന്‍ദോഷി നിരുപാധികം മുഅ്മിനാണെന്ന് ഞാന്‍ പറയില്ല. നിരുപാധികം കാഫിറാണെന്നും പറയില്ല. അവന്‍ ഈ രണ്ടു വിഭാഗത്തിനുമിടയിലുള്ള ഒരിടത്താണ് സ്ഥിതിചെയ്യുന്നത്. മുഅ്മിനുമല്ല കാഫിറുമല്ല!. ഇതും പറഞ്ഞ് അദ്ധേഹം ഉടനെ എണീറ്റു. ശേഷം ഒരു തൂണിന്‍റെ അടുത്തുപോയിരുന്നു. തന്‍റെ വാദം ചിലര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ തുടങ്ങി. ഇമാം ഹസന്‍ ബസ്വരി(റ)പറഞ്ഞു: വാസ്വില്‍ നമ്മില്‍ നിന്ന് അകന്നുപോയി. അങ്ങനെയാണ് വാസ്വിലിനും കൂട്ടര്‍ക്കും മുഅ്തസില: അഥവാ അകന്നുപോയവര്‍ എന്ന പേരുവന്നത്.
തിരുനബി (സ) തങ്ങളുടെ സ്വഹാബത്തിന്റെ സ്വഭാവഗുണങ്ങളായിരുന്നു ഹസ്വനുൽ ബസ്വരി(റ)വിൽ സമ്മേളിച്ചിരുന്നത്. ഭക്ഷണത്തിൽ മിതത്വം പാലിക്കുകയും കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യും. എല്ലാ ദിവസവും ഒരു ദിർഹമിന്റെ പകുതിക്ക് മാംസം വാങ്ങുമായിരുന്നു. ഉയരം കൂടിയ ഹസനുൽ ബസ്വരി(റ) ബസ്വറക്കാരിൽ വെച്ച് ഏറ്റവും സൗന്ദര്യമുള്ളവരായിരുന്നു. അതിശൈത്യമാണെങ്കിലും മഴക്കാലമാണെങ്കിലും മുടങ്ങാതെ ഹസനുൽ ബസ്വരി(റ) പതിവാക്കിയ, മുറുകെ പിടിച്ച സുന്നത്തായിരുന്നു വെള്ളിയാഴ്ച സുന്നത്തുകുളി. വിത്റ് നിസ്കാരം പരമാവധി പിന്തിച്ച് ഉറങ്ങുന്നതിന് മുമ്പ് നിസ്കരിക്കുമായിരുന്നു. എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുമായിരുന്നു. പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ കരയുമായിരുന്നു. രണ്ട് ഹജ്ജാണ് മഹാനവർകൾ നിർവഹിച്ചത്. ഒന്ന്, ആദ്യത്തിലും മറ്റൊന്ന് അവസാന കാലത്തുമായിരുന്നു. കറുത്ത വസ്ത്രത്തെയായിരുന്നു മഹാനവർകൾ ഇഷ്ടപ്പെട്ടിരുന്നത്. സ്വൂഫീ ഖിർഖകളിൽ കറുത്ത നിറമുള്ള വസ്ത്രത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. സ്വൂഫികളിൽ കറുത്ത വസ്ത്രം പതിവാക്കിയവരുണ്ട്. തന്റെ ശൈഖിൽ നിന്ന് മുരീദിന് ലഭിക്കുന്ന ഖിർഖയുടെ കളർ കറുത്തതാണെങ്കിൽ ആ മുരീദ് കറുത്തതായിരിക്കും ധരിക്കുക. ഹസനുൽ ബസ്വരി(റ)വിന്റെ തലപ്പാവ് പോലും കറുത്തതായിരുന്നു. മഹാൻ ഇടത് കൈയ്യിൽ ചെറുവിരലിൽ വെള്ളി മോതിരം ധരിച്ചിരുന്നു. കൈയ്യിൽ എപ്പോഴും ഒരു വടി ഉണ്ടാകുമായിരുന്നു. അമ്പിയാക്കളുടെ സുന്നത്താണ് കൈയിൽ വടി ഉണ്ടാവുകയെന്ന് അദ്ദേഹം പറയുമായിരുന്നു.
ഹസനുൽ ബസ്വരി(റ)വിന്റെ കാലഘട്ടത്തിലെ ഭരണാധികാരികൾ മഹാനുമായി ബന്ധം പുലർത്തിയതായും മഹാൻ അവരെ ഉപദേശിച്ചതായും ചരിത്രത്തിൽ കാണാവുന്നതാണ്. നല്ലവരായ ഭരണാധികാരികൾ ഹദ് യകൾ നൽകിയാൽ മഹാൻ സ്വീകരിക്കാറുണ്ടായിരുന്നു. ഹസനുൽ ബസ്വരി(റ)വിന്റെ പ്രഭാഷണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു. അതുകൊണ്ടുതന്നെ മഹാനവർകളുടെ മജ്ലിസിൽ ആയിരങ്ങൾ വന്നെത്തുമായിരുന്നു. മുസ്ലിംകളും അമുസ്ലിംകളുമൊക്കെ ആ ആത്മീയ സംസാരങ്ങൾ ശ്രവിക്കാൻ എത്തുമായിരുന്നു. തന്റെ മജ്ലിസിൽ എത്താറുണ്ടായിരുന്ന ഒരു ക്രിസ്ത്യാനി മരണപ്പെട്ടപ്പോൾ മഹാൻ പോയി അനുശോചനം അറിയിച്ചിരുന്നു. തന്റെ അയൽവാസിയായ യഹൂദിയോടു പോലും ബാധ്യതകൾ നിറവേറ്റിയാണ് മഹാൻ ജീവിച്ചത്.
ഇമാം ഖുര്‍ത്വുബി, റബീഅ് ബിന്‍ സ്വബീഹില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ ഹസനുല്‍ ബസ്വരിയെ സമീപിച്ച് ക്ഷാമത്തെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു. ഹസനുല്‍ ബസ്വരി അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.’ മറ്റൊരാള്‍ വന്ന് പട്ടിണിയെക്കുറിച്ച് ആവലാതി പറഞ്ഞു: അദ്ദേഹത്തോട് ഇമാം ഹസനുല്‍ ബസ്വരി പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.’ വേറൊരാള്‍ വന്ന് എനിക്ക് ഒരു കുട്ടി ജനിക്കാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം എന്നാവശ്യപ്പെട്ടു. അയാളോടും ഇമാം ഹസനുല്‍ ബസ്വരി ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇനി വേറെയുമൊരാള്‍ വന്ന് തന്റെ തോട്ടം വരണ്ടുപോയിരിക്കുന്നുവെന്ന് ആവലാതി പറഞ്ഞു. അദ്ദേഹത്തോടും ഇമാം അതേ ഉത്തരം ആവര്‍ത്തിക്കുകയുണ്ടായി. അവര്‍ മടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന റബീഅ് ബിൻ സുഹൈബ് (റ) ഹസന്‍(റ) വിനോട് ചോദിച്ചു: വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും എല്ലാവര്‍ക്കും ഒരേ മാര്‍ഗമാണല്ലോ അങ്ങു നിര്‍ദേശിച്ചത്? ഹസന്‍(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു: ’റബീഅ്, ഞാനവര്‍ക്ക് പരിഹാരം നിര്‍ദേശിച്ചു കൊടുത്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ്. പ്രവാചകന്‍ നൂഹ്(അ)നോട് അല്ലാഹു പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനമര്‍ഥിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ക്കവന്‍ സമൃദ്ധമായി മഴവര്‍ഷിപ്പിക്കും. സമ്പത്തും സന്താനങ്ങളും നല്‍കി നിങ്ങളെയവന്‍ സഹായിക്കും. മാത്രമല്ല, നിങ്ങള്‍ക്കായി അവന്‍ തോട്ടങ്ങളും പുഴകളും സജ്ജീകരിക്കും.’ (നൂഹ്: 10-12) ഈ സൂക്തത്തില്‍ ഇസ്തിഗ്ഫാര്‍ നിര്‍വഹിക്കുന്നതിന്റെ നാല് പ്രയോജനങ്ങള്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മഴ വര്‍ഷിപ്പിക്കുക, സന്താനലബ്ധി, സാമ്പത്തിക നേട്ടം, കൃഷിയിലെ വിഭവസമൃദ്ധി. അതുകൊണ്ടാണ് ഞാനവര്‍ക്ക് അങ്ങനെ പരിഹാരം നിര്‍ദേശിച്ചുകൊടുത്തത്. നാലുപേരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെയെല്ലാം പരിഹാരമാര്‍ഗം ഒന്നുതന്നെയാണ്' (ഖുര്‍തുബി).
ഒരിക്കൽ ആരോ അദ്ദേഹത്തോട് പറഞ്ഞു: ഞങ്ങൾക്ക് നിങ്ങൾ ഹസനുൽ ബസ്വരിയെ വിവരിച്ചു തരിക. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഹസനുൽ ബസ്വരി വരുന്നത് കണ്ടാൽ തോന്നുക, സ്വന്തം ശരീരം മറമാടിയ സ്ഥലത്തുനിന്നും എഴുന്നേറ്റ് വരികയാണെന്നാണ്. തിരിച്ച് പോകുന്നത് കണ്ടാലോ, തോന്നുക നരകം അവരുടെ തലക്ക് മുകളിലുള്ളത് പോലെയുമാണ്. ഇരുന്നാലോ തലവെട്ടാൻ ഇരുത്തിയ ആളെ പോലെയാണെന്നും രാവിലെ കണ്ടാൽ ആഖിറത്തിൽ നിന്നും വന്ന ആളാണെന്നും വൈകുന്നേരം കണ്ടാൽ എന്തോ വലിയ രോഗിയെ പോലെയും തോന്നും '. യൂനുസ് ബിൻ അബ്ദുല്ലാഹ് പറയുന്നു: 'ഹസനുൽ ബസ്വരി(റ) ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുദിവസം ഹസനുൽ ബസ്വരി(റ) തനിച്ചായി ഇരിക്കുമ്പോൾ മഹാനെ കാണാൻ ഒരാൾ അങ്ങോട്ട് ചെന്നു പറഞ്ഞു: അബൂസഈദ്, താങ്കൾ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു. അപ്പോൾ മഹാൻ പറഞ്ഞു: 'അല്ലാഹുവിനോടൊപ്പം ആകുമ്പോൾ ഒരാളും തനിച്ചാവുകയില്ല ' (മനാഖിബുൽ ഹസനിൽ ബസ്വരി).
മറ്റൊരിക്കൽ ബസ്വറയിൽ മഴക്ഷാമം നേരിട്ടു. ഭൂമിയെല്ലാം ഉണങ്ങിവരണ്ടു. വലിയ പ്രയാസത്തിൽ പെട്ട ജനങ്ങളെല്ലാം മഴയെ തേടി നിസ്കരിക്കാൻ പുറപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഹസനുൽ ബസ്വരി(റ)വും ഉണ്ടായിരുന്നു. മിമ്പറിൽ കയറി ദുആ ചെയ്യാൻ ജനങ്ങൾ മഹാനോട് ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: 'നിങ്ങൾ ഹസനെ (എന്നെ) നിങ്ങളുടെ നാട്ടിൽ നിന്നും ഒഴിവാക്കിയാൽ അല്ലാഹു നിങ്ങൾക്ക് മഴ നൽകുന്നതാണ്. കാരണം നിങ്ങൾക്ക് മഴ ലഭിക്കാത്തത് ഹസനെ കൊണ്ടാണ്'. ഹസനുൽ ബസ്വരി (റ) ഒരു ജനാസയോടൊപ്പം പോവുകയാണ്. മയ്യിത്തിനെ ഖബ്റിൽ വെച്ചപ്പോൾ മഹാൻ ഖബ്റിന്നരികിലിരുന്നു കരയാൻ തുടങ്ങി. അതിനാൽ ആ മണ്ണ് പോലും കുതിർന്നുപോയി. എന്നിട്ട് ജനങ്ങളോടായി പറഞ്ഞു: 'ജനങ്ങളേ, ഈ ഖബ്റിലേക്ക് നോക്കൂ, ദുനിയാവിലെ വീടുകളിലെ അവസാനത്തെ വീടും ആഖിറത്തിലെ വീടുകളിലെ ആദ്യ വീടും ഇതാകുന്നു. അതിനാൽ അവസാന വീടാകുന്ന ഇതുകൊണ്ട് നിങ്ങൾ വഞ്ചിതരാവരുത്. നിങ്ങളെന്തേ ആദ്യവീടിനെ ഭയപ്പെടാത്തത്? അതുകൊണ്ടുതന്നെ നിങ്ങളുടെ അവസ്ഥയൊക്കെ നന്നാക്കുക. ഇതുകേട്ട് അവിടെ സന്നിഹിതരായവരെല്ലാം പൊട്ടിക്കരഞ്ഞു (തദ്കിറത്തുൽ ഔലിയാഅ്)
ഇമാം മരണ വേദനയില്‍ കിടക്കവെ ബോധക്ഷയനാവുകയുണ്ടായി. കുറച്ചുകഴിഞ്ഞു ബോധം തെളിഞ്ഞപ്പോള്‍ അദ്ധേഹം പരഞ്ഞു: ’സ്വര്‍ഗലോകം, അരുവികള്‍ അതിമഹത്തായ സ്ഥാനം. ഇവയില്‍നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നത്. ഹസന്‍(റ) വഫാത്താകും മുമ്പ് ഒരാള്‍ ഇബ്നുസീരീനോടു വന്നു പറഞ്ഞു: ’പള്ളിയില്‍ നിന്ന് ഏറ്റവും നല്ല ഒരു ചരല്‍കല്ല് ഒരു പക്ഷി എടുത്തുകൊണ്ടുപോകന്നത് ഞാന്‍ സ്വപ്നം കണ്ടു. സ്വപ്നം സത്യമാണിങ്കില്‍ ഹസന്‍ മരിച്ചിരിക്കുന്നു’ ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അധികം കഴിയും മുമ്പാണ് ഹസന്‍(റ) വഫാത്തായത്. വൈജ്ഞാനിക രംഗത്ത് പ്രശോഭിച്ച ഈ പണ്ഡിതന്‍ ഹിജ്റ: 110 റജബ് ആദ്യത്തില്‍ ബസ്വറയിലാണ് വഫാത്തായത്. നിരവധി പേര്‍ ശേഷക്രിയകളില്‍ പങ്കുകൊണ്ടു. ഹുമൈദുത്വവീല്‍ അത് വിശദീകരിക്കുന്നു: 'ഹസന്‍(റ) വ്യാഴാഴ്ച്ച വൈകുന്നേരം വഫാത്തായി.വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഞങ്ങള്‍ ജനാസ എടുത്തു. തടിച്ചുകൂടിയ ജനം മുഴുവന്‍ ജനാസയെ പിന്തുടര്‍ന്നു. പള്ളിയില്‍ ആരുമില്ലാത്തതിനാല്‍ അന്ന് അസറിന് അവിടെ ജമാഅത്ത് നടന്നില്ല. മുമ്പ് ഒരിക്കലും പള്ളിയില്‍ ജമാഅത്ത് മുടങ്ങിയതായി അറിവില്ല.
മുഹമ്മദ് ഇബ്നു സീരീൻ(റ)
വിശ്വപ്രസിദ്ധ പണ്ഡിതനും തഫ്സീറിലും ഹദീസിലും ഫിഖ്ഹിലും അഗാധമായ ജ്ഞാനിയുമായ ഇബ്നുസീരീന്‍ എന്ന പേരില്‍ പ്രസിദ്ധനായ അബൂബക്കര്‍ മുഹമ്മദ് ബ്നു സീരീന്‍ ഇസ്ലാമിക ചരിത്രത്തിലെ അതുല്യനായ ഒരു സ്വപ്ന വ്യാഖ്യാതാവ് കൂടിയാണ്. ഇമാം ഇബ്നു സീരീൻ(റ) ഹിജ്റ 33 ൽ (എ ഡി 653) ബസ്വറയില്‍ ആണ് ജനിക്കുന്നത്. ഉമര്‍(റ)വിന്‍റെ കാലത്ത് ശാം പിടിച്ചടക്കാനുള്ള യുദ്ധത്തിനിടക്ക് ഖാലിദ് ബിനു വലീദ് (റ) ന്‍റെ സൈന്യം അടിമകളായി പിടിച്ചവരില്‍ ഒരാളായിരുന്നു അദ്ധേഹത്തിന്റെ പിതാവ്. ഒരു കൊല്ലപ്പണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഉമര്‍(റ)വിന്‍റെ അടിമ സ്ത്രീകളില്‍ ഒരാളായിരുന്നു അദ്ധേഹത്തിന്റെ മാതാവ് സഫിയ്യ. പിന്നീട് അനസ് ബിന്‍ മാലിക്(റ)വിന് സമ്മാനമായി സഫിയ്യയെ ഉമര്‍(റ) നല്‍കി. പിന്നീട് സ്വഫിയ്യ സ്വതന്ത്രയായി. ബസ്വറയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നയാളായും തെരുവ് കച്ചവടക്കാരനായും അദ്ദേഹം ജീവിച്ചു. തികഞ്ഞ സൂക്ഷ്മാലുവായിരുന്ന അദ്ദേഹം മദീന പള്ളിയിലാണ് പഠനമാരംഭിച്ചത്. വിശ്വപ്രസിദ്ധരായ അബ്ദുള്ളാഹിബ്നു മസ്ഊദ് (റ), അബ്ദുല്ലാഹിബ്നു ഉമര്‍ (റ), സൈദ് ബ്നു സാബിത്ത് (റ), അനസ് ബ്നു മാലിക് (റ) തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രമുഖ ഗുരുക്കന്മാരാണ്.
സ്വന്തം സാമർഥ്യത്തിലൂടെ ബസ്വറയില്‍ അറിയപ്പെടുന്ന സൂഫിയും ഖുര്‍ആന്‍ പന്ധിതനുമായി അദ്ദേഹം മാറി. ഇമാം ദഹബി (റ) പറയുന്നു: ഇബ്നുസീരീന്‍ തങ്ങളില്‍ നിന്ന് സ്വപ്ന വ്യാഖ്യാനത്തില്‍ ഒരു കിതാബോളം ദൈര്‍ഘ്യം വരുന്ന അറിവുകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഈ മേഖലിയില്‍ ഒരു ദൈവിക സഹായം വന്നുക്കൊണ്ടിരിക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. സ്വപ്ന വ്യാഖ്യാനത്തില്‍ ദേഹേച്ഛകളുടെ പങ്ക് നിര്‍ണ്ണായകമാണെന്നും ഇത്തരം സ്വപ്നങ്ങള്‍ പാഴ് സ്വപ്നങ്ങളിലാണ് പെടുത്തേണ്ടത് എന്നും ഇബ്നു സീരീന്‍ (റ) വ്യക്തമാക്കുന്നു. പരിശുദ്ധ ഖുര്‍ആനും തിരുഹദീസും വ്യക്തമാക്കുന്ന മുബശ്ശിറാത്ത് ഇല്‍ഹാം ആയതിനാല്‍ അദ്ദേഹം ഇല്‍ഹാമിന് കൂടുതല്‍ പ്രാധാന്യം നല്‍കി. ക്രിയേറ്റിവിറ്റി എന്ന ആശയത്തെ സ്വപ്നത്തിന്‍റെ വെളിച്ചത്തില്‍ ആദ്യമായി പ്രതിപാദിച്ചതും അദ്ദേഹമാണ്. മഹാനവറുകളുടെ വാക്കുകള്‍ ശ്രദ്ധിക്കാം. സ്വപ്ന ലോകത്ത് ആശ്ചര്യകരമായ ഒരു സ്ഥിതി വിശേഷമുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു വരി പദ്യം പോലും ശരിയാം വണ്ണം ചൊല്ലാനോ ഓര്‍ക്കാനോ കഴിയാത്തവന്‍ സ്വപ്നത്തില്‍ കവിത ചെല്ലുകയും ഓര്‍ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന ശേഷവും അത് ആവര്‍ത്തിക്കുന്നു. അത് പോലെ അജ്ഞരും നിരക്ഷരരുമായ എത്രയോ ആളുകള്‍ പണ്ഡിതന്മാര്‍ക്കും തത്വ ചിന്തകന്മാര്‍ക്ക് പോലും പറയാന്‍ കഴിയാത്ത യുക്തി ഭദ്രമായ കാര്യങ്ങള്‍ സ്വപ്നത്തില്‍ പറയുകയും നല്ല നല്ല പദങ്ങള്‍ ഉച്ചരിക്കുകയും ചെയ്യുന്നു. അതു പോലെ തന്നെ ഉണര്‍ന്നതിന് ശേഷം തങ്ങള്‍ സ്വപ്നത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഇമാം മാലിക് (റ) അടക്കം ഒട്ടേറെ പണ്ഡിത വരേണ്യര്‍ ഇബ്നുസീരീന്‍ തങ്ങളുടെ സാന്നിദ്ധ്യത്തില്‍ സ്വപ്ന വ്യാഖ്യാനം തേടുകയും കൃത്യമായ വ്യാഖ്യാനങ്ങള്‍ കൊടുത്ത് അവരെ തിരിച്ചയക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഒരു വ്യക്തി വെള്ളം നിറച്ച ചില്ലിന്‍റെ പാത്രം കൈവശം വെക്കുകയും പാത്രം പൊട്ടി വെള്ളം മാത്രം കൈയ്യില്‍ ബാക്കിയാകുന്നതും സ്വപ്നം കണ്ടു. മഹാന്‍ ഇതിനെ വ്യാഖ്യാനിച്ചത് ഇങ്ങനെയായിരുന്നു.: നിങ്ങളുടെ ഭാര്യ പ്രസവിക്കും. ഉടനെ ഭാര്യ മരിക്കുകയും കുട്ടി ബാക്കിയാവുകയും ചെയ്യും. പിന്നീട് ആ വ്യക്തിയുടെ ജീവിതത്തില്‍ അപ്രകാരം സംഭവിക്കുകയും ചെയ്തു. മറ്റൊരിക്കല്‍ അദ്ദേഹം കണ്ട സ്വപ്നം അദ്ദേഹം തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. സുറയ്യ നക്ഷത്രം ജനജ ഈ ജവ്സാഅ് നക്ഷത്രത്തെ മറികടക്കുന്നതാണ് അദ്ദേഹം സ്വപ്നം കണ്ടത്. ബഹുമാനപ്പെട്ട ഹസനുല്‍ ബസ്വരി(റ) തന്‍റെ വിയോഗത്തിന് മുമ്പ് മരിക്കുമെന്ന് വ്യാഖ്യാനിക്കുകയും ഹസന്‍(റ)വിന്‍റെ മരണത്തിന്‍റെ നൂറ് ദിവസം കഴിഞ്ഞ് മഹാനവറുകള്‍ മരിക്കുകയും ചെയ്തു. ജീവിതത്തിൽ സന്തത സഹചാരികളായിരുന്നു അദ്ദേഹവും ഹസനുൽ ബസ്വരിയും. അവരുടെ ഖബറുകളും അങ്ങനെ തന്നെ അടുത്തടുത്താണ്.
ഹിജ്റ 110 റജബ് 1 ന് തന്റെ 77-ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso