Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 11

12-12-2023

Web Design

15 Comments




സുബൈറു ബിൻ അവ്വാം(റ)



സ്വർഗ്ഗം കൊണ്ട് സുവിശേഷം നൽകപ്പെട്ട പത്തു സ്വഹാബിമാരിൽ ഒരാളാണ് സുബൈർ ബിൻ അവ്വാം(റ). നബി തിരുമേനി(സ)യുടെ പിതൃ സഹോദരി സഫിയ ബീവി(റ)യുടെ മകനാണ്. പതിനഞ്ചാമത്തെ വയസ്സിൽ തന്നെ അദ്ദേഹം ഇസ്ലാമിലെത്തി. ഇസ്ലാമിൽ എത്തിയ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു അദ്ദേഹം. ഇസ്ലാമിനു വേണ്ടി നിരവധി വെല്ലുവിളികൾ നേരിട്ട അദ്ദേഹം ഇസ്ലാമിക പ്രതിരോധത്തിന് വേണ്ടി ആദ്യമായി ആയുധം എടുത്ത ആൾ എന്ന വിശേഷണത്തിന് അർഹനാവുകയുണ്ടായി. പ്രവാചകത്വത്തിന്റെ മുപ്പത്തിയഞ്ചാം വർഷം നടന്ന അബ്സീനിയ ഹിജ്റയിൽ അദ്ദേഹവും ഉണ്ടായിരുന്നു. അധികം വൈകാതെ തിരിച്ചെത്തുകയും മദീന ഹിജ്റ നടത്തുകയും ചെയ്തു. അബൂബക്കർ(റ)വിന്റെ മകൾ അസ്‌മാഅ്(റ) ആയിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ. മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ അസ്‌മാഅ്(റ) ഗർഭിണിയായിരുന്നു. അവിടെ എത്തിയതും മുസ്ലീങ്ങൾക്കെതിരെ ഞങ്ങൾ മാരണം ചെയ്തിട്ടുണ്ട്, അതിനാൽ അവർക്ക് ഇനി കുഞ്ഞുങ്ങൾ ജനിക്കുകയില്ല എന്ന് ജൂതന്മാർ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ഇത് ശരിയാകുമോ എന്ന ആശങ്ക പൊതുവേ മദീനയിൽ പരക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആശങ്കയെ തള്ളിക്കൊണ്ട് അസ്‌മാഅ്(റ) അബ്ദുള്ള ബിൻ സുബൈറിനെ പ്രസവിക്കുകയുണ്ടായി. മദീനയിൽ എത്തിയ മുഹാജിറുകൾക്ക് ആദ്യം ജനിച്ച കുഞ്ഞായിരുന്നു ഇത്. അതിനാൽ അവർ കുഞ്ഞിനെ എടുത്ത് തക്ബീർ ചൊല്ലി ഒരു പ്രചരണം തന്നെ അന്ന് നടത്തുകയുണ്ടായി. പിൽക്കാലത്ത് ഹിജാസിലെ ഖലീഫയായി ഏതാനും വർഷം ഈ അബ്ദുല്ലാഹിബിൻ സുബൈർ ഭരണം നടത്തുകയുണ്ടായി.



ബുദ്ധി സാമർത്ഥ്യവും യുക്തിയും സമാസമം ഒത്തുചേർന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. ജൂത കുടുംബമായ ബനൂ ഖുറൈളയുടെ രഹസ്യ നീക്കങ്ങൾ തന്ത്രപരമായി ചോർത്തിയെടുത്ത് നബിക്ക് എത്തിച്ചു കൊടുത്തത് അദ്ദേഹമായിരുന്നു. അതിൻെറ സന്തോഷത്തിൽ നബി തിരുമേനി(സ) അന്ന് പറയുകയുണ്ടായി: 'എല്ലാ പ്രവാചകന്മാർക്കും ഒരു പ്രത്യേക സഹായി ഉണ്ടായിരിക്കും, എൻ്റെ പ്രത്യേക സഹായി സുബൈറാണ്' എന്ന്. ബദർ യുദ്ധത്തിൽ നബിയുടെ വലതു ഭാഗത്ത് മഞ്ഞ തലപ്പാവും അണിഞ്ഞു കൊണ്ട് അദ്ദേഹം നിലയുറപ്പിക്കുകയുണ്ടായി. ഇതിനോടുള്ള അനുഭാവം എന്ന നിലക്ക് ബദറിൽ ഇറങ്ങിയ മലക്കുകൾ എല്ലാം അദ്ദേഹത്തിൻ്റെത് പോലെ മഞ്ഞ തലപ്പാവ് ആയിരുന്നു ധരിച്ചിരുന്നത് എന്ന് നബി(സ) പറയുകയുണ്ടായി. ചരിത്രപ്രസിദ്ധമായ മക്കാവിജയത്തിന്റെ അന്ന് നബിയുടെ മൂന്ന് സേനകളിൽ ഒന്ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. ഈജിപ്ത് വിമോചനത്തിന് ഉമർ (റ) അംറ് ബിൻ ആസ്വിന് സഹായത്തിനായി അയച്ചുകൊടുത്ത സേനയെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.



തനിക്കു ശേഷം ഖലീഫയെ കണ്ടെത്തുവാൻ ഉമർ(റ) നിശ്ചയിച്ച ആറ് അംഗ കൂടിയാലോചന സമിതിയിലും അദ്ദേഹം ഉണ്ടായിരുന്നു. ഹിജ്റ 36 ത്വൽഹത്തു ബിൻ ഉബൈദില്ലാഹ്, ആയിഷ(റ) എന്നിവരോടൊപ്പം ഖലീഫ അലി(റ)യെ കാണുവാനും ഉസ്മാൻ(റ)വിന്റെ ഘാതകരെ ശിക്ഷിക്കുവാൻ ആവശ്യപ്പെടുവാനും കൂഫയിലേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ചർച്ചകൾ നടക്കുകയുണ്ടായി. വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ പ്രശ്നമായതിനാൽ ചർച്ചകൾ സ്വാഭാവികമായും നീണ്ടു പോയി. അതിനിടെ ചർച്ചകളിൽ താല്പര്യമില്ലാത്ത രണ്ടു പക്ഷത്തെയും ചില തീവ്രവാദികൾ സംഘട്ടനത്തിൽ ഏർപ്പെട്ടു. ഇസ്ലാമിലെ ആദ്യത്തെ ആഭ്യന്തര യുദ്ധം ആയിരുന്നു അത്. ജമൽ യുദ്ധം എന്ന് ഇത് അറിയപ്പെടുന്നു. യുദ്ധം തങ്ങളുടെ ലക്ഷ്യം അല്ലെന്നും ഇക്കാര്യത്തിൽ യുദ്ധം ചെയ്യരുത് എന്നും സുബൈർ, ത്വൽഹ(റ) എന്നീ സഹാബിമാർ പറഞ്ഞുനോക്കിയെങ്കിലും യുദ്ധം പിടിച്ചുനിർത്താൻ അവർക്ക് കഴിഞ്ഞില്ല.



അതിനാൽ ഈ യുദ്ധത്തിന് താൻ ഇല്ല എന്നും പറഞ്ഞ് സുബൈർ(റ) രംഗം വിടുകയായിരുന്നു. പോകുംവഴി വാദീ സിബാഅ് എന്ന സ്ഥലത്ത് എത്തുകയും അവിടെ അദ്ദേഹം നിസ്കരിക്കാൻ നിൽക്കുകയും ചെയ്തപ്പോൾ അംറ് ബിൻ ജർമൂസ് എന്നയാൾ പിന്നിലൂടെ വന്നു അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. മരണപ്പെടുമ്പോൾ 64 വയസ്സായിരുന്നു അദ്ദേഹത്തിൻെറ പ്രായം.



ത്വൽഹത്തു ബിൻ ഉബൈദില്ലാഹ്(റ)



സ്വർഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്തു സഹാബിമാരിൽ ഒരാളാണ് ത്വൽഹത്ത് ബിൻ ഉബൈദുള്ള (റ)യും. നേരത്തെ ഇസ്ലാമിൽ എത്തിച്ചേർന്ന ഇദ്ദേഹം മദീനയിൽ നടന്ന ഏതാണ്ട് എല്ലാ യുദ്ധ രംഗങ്ങളിലും സജീവമായി ഉണ്ടായിരുന്നു. ബദർ യുദ്ധത്തിൽ പക്ഷെ, അദ്ദേഹം പങ്കെടുത്തിട്ടില്ല. അതിനു കാരണമുണ്ട് അബൂസുഫിയാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തിന്റെ വിവരങ്ങൾ അറിയുവാൻ അദ്ദേഹത്തെ നബി (സ) നിയോഗിച്ചതായിരുന്നു. ഹിജ്റ മൂന്നിൽ നടന്ന ഉഹദ് യുദ്ധമായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധരംഗം. അന്ന് നബി തിരുമേനി(സ)യുടെ ജീവൻ തന്നെ അപായപ്പെട്ട ആ സന്ദർഭത്തിൽ സ്വന്തം ശരീരം പരിചയയാക്കി നബിയെയും ഇസ്ലാമിക സമൂഹത്തിന്റെ അഭിമാനത്തെയും സംരക്ഷിച്ചത് ഈ സ്വഹാബി വര്യനാണ്.



അദ്ദേഹത്തിൻ്റെ ജീവചരിത്രങ്ങൾ ഒരു അപൂർവത ഉൾക്കൊള്ളുന്നതായി ചരിത്രകാരന്മാർ കൗതുകപൂർവ്വം പറയാറുണ്ട്. അത് നബി തിരുമേനി(സ)യുടെ ഭാര്യമാരിൽ നാലുപേരുടെ സഹോദരിമാരെ അദ്ദേഹം വിവാഹം ചെയ്യുകയുണ്ടായി എന്നതാണ്. ആയിഷ ബീവി(റ)യുടെ സഹോദരി ഉമ്മു കുൽസൂം, സൈനബ് ബീവി(റ)യുടെ സഹോദരി ഹംന ബിൻതു ജഹ്ശ്, ഉമ്മു ഹബീബ ബീവി(റ)യുടെ സഹോദരി ഫാരിഅ, ഉമ്മു സലമ ബീവി(റ)യുടെ സഹോദരി റുഖിയ്യ എന്നിവരായിരുന്നു ആ നാല് പേർ. വലിയ ധീരനും ഉദാര മനസ്സിന്റെ ഉടമയും ആയിരുന്നു മഹാനവർകൾ. ജമൽ യുദ്ധം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിൻെറ ഇടയിലേക്ക് ഇറങ്ങി യുദ്ധത്തെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അദ്ദേഹത്തിന് വെട്ടേറ്റതും അദ്ദേഹം കൊല്ലപ്പെട്ടതും. ഹിജ്റ 36 ലായിരുന്നു ഈ സംഭവം. അദ്ദേഹത്തെയും സുബൈർ ബിൻ അവ്വാമിനെയും വധിച്ചതിൽ അലി(റ) കടുത്ത കോപവും ദുഃഖവും നിരാശയും പ്രകടിപ്പിക്കുകയുണ്ടായി.



സുഫിയാനുസ്സൗരി(റ)



അമവീ ഭരണ കാലത്ത് ഹിജ്റ 97 ൽ ഇറാനിലെ ഖുറാസാനിലാണ് സുഫ്‍യാനുസ്സൗരി(റ) ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം കൂഫയിലെത്തി. ദരിദ്രനായിരുന്നെങ്കിലും പ്രഗത്ഭനായഹദീസ് പണ്ഡിതനായിരുന്നു പിതാവ്. ജീവിത വൃത്തിക്കാവശ്യമായ വഴി കണ്ടെത്താൻ പ്രയാസപ്പെടുന്ന പിതാവിനെ സഹായിക്കാനായി മാതാവും നൂൽനൂറ്റ് വല്ലതുമൊക്കെ സമ്പാദിക്കുമായിരുന്നു. മകൻ വളരുന്നതിനനുസരിച്ച് കൃത്യമായ വിദ്യാഭ്യാസം നൽകാൻ പിതാവിന്റെ സാമ്പത്തിക ശേഷി അനുവദിക്കാതെ വന്നു. ദാരിദ്ര്യത്തിലും തങ്ങളുടെ കുഞ്ഞിന് മതപരമായ ജ്ഞാനം നഷ്ടമാകരുത് എന്ന് നിർബന്ധമുള്ള മാതാപിതാക്കൾ കുഞ്ഞിനെ ആദ്യമേ മത പഠനത്തിലേക്ക് തിരിച്ചുവിട്ടു. അന്ന് കൂഫയിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ അധ്യാപനസദസ്സുകൾ നിരന്തരം അന്വേഷിച്ചും കയറിയിറങ്ങിയും അദ്ദേഹം വിജ്ഞാന സമ്പാദിച്ച് വളർന്നു. മതാവിനായിരുന്നു കൂട്ടത്തിൽ ഏറെ ജാഗ്രത. അറിവ് നേടാൻ പറഞ്ഞയച്ചതിലുപരി പ്രിയ മകന് ഇടക്കിടെ ആവശ്യമായ ഉപദേശം നൽകാനും ഉമ്മ മറന്നുപോയില്ല. പിൽകാലത്ത് സുഫിയാനുസ്സൗരി(റ) തന്നെ പറയുന്നുണ്ട്: നേടിയ അറിവ് പ്രയോഗത്തിൽ കൊണ്ടു വരുമെന്ന് ഉറപ്പില്ലെങ്കിൽ പിന്നെ നീ വിജ്ഞാന സമ്പാദനത്തിന് മുതിരരുത്, അതു നിനക്ക് അന്ത്യനാളിൽ ബുദ്ധിമുട്ടാകും എന്ന് എന്റെ ഉമ്മ എന്നോട് ഇടക്കിടെ പറയുമായിരുന്നു.



ഇമാം അബു ഹനീഫ(റ) അബ്ബാസികളുടെ ജയിലിൽ കിടന്ന് നരകയാതന അനുഭവിച്ചതിനുശേഷം മരണപ്പെടുകയായിരുന്നു. തുടർന്ന് രാജ്യത്തിന്റെ പ്രധാന ഖാസി സ്ഥാനത്ത് ആരെയാണ് അവരോധിക്കുക എന്ന അന്വേഷണം അവസാനം എത്തിനിന്നത് സുഫിയാനുസ്സൗരി (റ)യിൽ ആയിരുന്നു. ഖലീഫ അബൂ ജഅ്ഫർ അൽ മൻസൂർ അദ്ദേഹത്തെ വിളിച്ചുവരുത്തുകയും മുഖ്യ ഖാസി സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല. തുടർന്ന് ഖലീഫ ഭീഷണിയുള്ള നിർബന്ധം ചെലുത്തുകയുണ്ടായി. അതോടെ അദ്ദേഹം പ്രതിസന്ധിയിലായി. അന്നത്തെ ഭരണക്രമങ്ങളോടുള്ള പണ്ഡിതന്മാരുടെയും സ്വാലിഹീങ്ങളുടെയും എതിർപ്പ് ചരിത്രത്തിൽ എപ്പോഴും കാണുന്ന ഒരു പതിവ് കാഴ്ചയായിരുന്നു. മതപരമായ ധാർമികതകൾ പാലിക്കുന്നതിൽ പല ഖലീഫമാരും വൻ പരാജയമായിരുന്നു. ആയതിനാൽ ഖലീഫമാരെ അവർ വേണ്ട വിധത്തിൽ പരിഗണിക്കുമായിരുന്നില്ല. അവരുടെ സമ്മാനങ്ങളും സ്ഥാനങ്ങളും ഒന്നും അവർ സ്വീകരിക്കുകയും ചെയ്യുമായിരുന്നില്ല.



എന്നാൽ ഖലീഫമാർക്കാവട്ടെ പണ്ഡിതന്മാർ തങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തങ്ങളോടുള്ള നിന്ദയായിട്ടാണ് തോന്നിയിരുന്നത്. ആയതിനാൽ അവർ പലപ്പോഴും അത്തരം പണ്ഡിതന്മാരെ ക്രൂരമായി വേട്ടയാടുമായിരുന്നു. അബൂ ജഅ്ഫർ നിർബന്ധിച്ചപ്പോൾ തനിക്ക് ഒരു ദിവസത്തെ സാവകാശം നൽകണമെന്നും നാളെ ഖാളി വസ്ത്രമണിഞ്ഞ് താങ്കളുടെയരികെ വരാമെന്നും സുഫ്‍യാനുസ്സൗരി(റ) പ്രതിവചിച്ചു. ദീനീ സേവകനായി, തികഞ്ഞ സൂക്ഷ്മതയോടെ ജീവിച്ചു പോന്നിരുന്ന അദ്ദേഹത്തിന്സ്ഥാനമാനങ്ങളിൽ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. ഖലീഫയുടെ നടപടി എന്താകുമെന്ന് ആശങ്കപ്പെട്ട അദ്ദേഹം അന്നു രാത്രി തന്നെ തന്റെ ഭാണ്ഡക്കെട്ടെടുത്ത് കഴുതപ്പുറത്ത് കയറി നാടു വിടുകയായിരുന്നു. പിറ്റേന്ന് അദ്ദേഹത്തെ അന്വേഷിച്ച ഖലീഫക്ക് അദ്ദേഹം നാടുവിട്ടുവെന്ന വിവരമാണ് ലഭിച്ചത്. ഉടനെ ഖലീഫ ഉത്തരവിട്ടു, സുഫിയാനെ ജീവനോടെയോ അല്ലാതെയോ കൊട്ടാരത്തിലെത്തിക്കുന്നവർക്ക് പതിനായിരം ദീനാർ പാരിതോഷികം നൽകുന്നതാണ് എന്ന്.



നാടുവിട്ട സുഫ്‍യാനുസ്സൗരി(റ) യുടെ ലക്ഷ്യം ദൂരെ യമനിൽ പോയി ജീവിക്കാം എന്നാണ്. പക്ഷെ, ചിലവിനായി കൈയ്യിൽ കരുതിയതെല്ലാം കഴിഞ്ഞതിനാൽ തുടർ യാത്രക്കാവശ്യമായ ചെലവ് കണ്ടെത്താൻ എന്തെങ്കിലും ജോലിചെയ്തേ മതിയാകൂ എന്നു വന്നപ്പോൾ അദ്ദേഹം ഒരു മുന്തിരിത്തോട്ടത്തിന്റെ പരിപാലകനായി ജോലി ചെയ്യേണ്ടിവന്നു. ജോലിക്കിടയിൽ തന്റെ സത്യസന്ധതയുടെ പേരിൽ മാത്രം ഉടമയുമായി അദ്ദേഹത്തിന് തെറ്റേണ്ടതായി വന്നു. തുടർന്ന് അദ്ദേഹം നേരെ യമനിലേക്ക് പുറപ്പെട്ടു. അവിടെയെത്തി അദ്ദേഹം ഒരു തെറ്റിദ്ധാരണയിൽ അകപ്പെട്ടു. അതൊരു കളവു കേസായിരുന്നു. അദ്ദേഹത്തെ അവിടത്തെ ഗവർണറുടെ മുമ്പിൽ പ്രതിയായി ഹാജരാക്കപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം ഗവർണറോട് തൻ്റെ ചരിത്രം മുഴുവനും പറഞ്ഞു. അതോടെ സുഫ്‍യാനുസ്സൗരി(റ)യോട് അലിവും ബഹുമാനവും തോന്നിയ ഗവർണർ അദ്ദേഹത്തിനു വേണ്ട എല്ലാ സഹായവും ചെയ്തു തരാം എന്ന് പറഞ്ഞു. ഇവിടെ നിൽക്കുകയാണ് എങ്കിൽ നിൽക്കാൻ വേണ്ട എല്ലാ സഹായങ്ങളും ഗവർണർ ചെയ്തു തരും എന്ന് ഉറപ്പായിരുന്നു. പക്ഷേ, താൻ ഒരു സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ അത് പ്രയാസമാണ് എന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം നേരെ മക്കയിലേക്ക് പോകുവാൻ തീരുമാനിച്ചു. അതിനു വേണ്ട സൗകര്യങ്ങൾ ഗവർണർ ചെയ്തുകൊടുക്കുകയും ചെയ്തു.



മക്കയിലെത്തിയപ്പോഴാണ് അധികം താമസിയാതെ ഹജ്ജിനായി ഖലീഫ അബൂ ജഅ്ഫർ മക്കയിൽ എത്തിച്ചേരും എന്ന വാർത്ത അദ്ദേഹം അറിഞ്ഞത്. ഒപ്പം സുഫ്‍യാനുസ്സൗരി(റ) മക്കയിലുള്ള വാർത്ത എങ്ങനെയോ ഖലീഫയുടെ ചെവിയിലും എത്തിയിരുന്നു. ഇനി താൻ എന്തായിരുന്നാലും പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ മഹാനവർകൾ കഅ്ബയുടെ അടുത്ത് ചെല്ലുകയും അതിൻെറ ഖില്ല പിടിച്ച് ആത്മാർത്ഥമായി ഞാനും ഖലീഫയും കണ്ടുമുട്ടാൻ ഇടവരരുതേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ഏതായാലും ആ പ്രാർത്ഥന ഫലിച്ചു. കാരണം ആ യാത്രയിൽ വഴിയിൽ വച്ച് ഖലീഫ ജഅ്ഫർ മരണപ്പെട്ടു. ഹജ്ജ് കഴിഞ്ഞ് സുഫ്‍യാനുസ്സൗരി(റ) നേരെ കൂഫയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു. ബസ്വറയിൽ യഹിയ ബിൻ ഖത്താൻ എന്ന ആളുടെ അടുത്ത് താമസമാക്കി. തൻ്റെ വൈജ്ഞാനികമായ സേവനവും തർബിയത്തും എല്ലാം തുടരുകയും അതുവഴി പുതിയ ഖലീഫ സുഫ്‍യാനുസ്സൗരി(റ) എത്തിയ വിവരം അറിയുകയും ചെയ്തു. ഖലീഫ മൻസൂറിന് ശേഷം അദ്ദേഹത്തിൻ്റെ മകൻ ഖലീഫ മഹ്ദിയായിരുന്നു ഭരണത്തിലേറിയത്.



വലിയ സൂക്ഷ്മാലുവായിരുന്നു മഹാനവർകൾ. സുഫ്യാനുസ്സൗരി(റ) ഇല്ലായിരുന്നുവെങ്കിൽ സൂക്ഷ്മത തന്നെ മരിച്ചുപോകുമായിരുന്നുവെന്ന് പ്രഗത്ഭ പണ്ഡിതൻ ഖുതൈബ ത്തു ബിൻ സഈദ്(റ)വിന്റെ വാക്ക് തന്നെ, അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കാൻ ധാരാളമാണ്. അദ്ദേഹത്തിന്‍റെ മരണ രോഗ സമയത്ത് ഒരു നിസ്കാരത്തിനു തന്നെ (ഒരു നിസ്കാരം കഴിഞ്ഞ് അടുത്ത നിസ്കാരത്തിനിടക്ക് എന്നർത്ഥം) വീണ്ടും വീണ്ടും വുളൂ എടുക്കാറുണ്ടായിരുന്നു. മരണം വരുമ്പോൾ ഞാൻ വുളൂ ഉള്ളവനാകുവാനാണിതെന്ന് അദ്ദേഹം പറയുകയും ചെയ്യുമായിരുന്നു. സുഫിയാനുസ്സൗരി (റ) പറഞ്ഞു: മരിക്കുന്നതുവരെ ജീവിക്കാനാവശ്യമായ 400 ദിര്‍ഹം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജനങ്ങളുടെ വാതില്‍ക്കല്‍ പോയി യാചിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല. ദാരിദ്ര്യം ഈമാനിന് ക്ഷതമേല്‍പ്പിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. (മിനനുല്‍ കുബ്‌റ). മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനെ വഴിപ്പെടുന്നതിൽ ഹറാമായ സമ്പത്ത് ചിലവഴിച്ചാൽ അവൻ നജസായ വസ്ത്രത്തെ മൂത്രം കൊണ്ട് ശുദ്ധീകരിക്കുന്നതുപോലയാണ്. നജസായ വസ്ത്രത്തെ ശുദ്ധമായ ജലം കൊണ്ടേ വൃത്തിയാക്കാൻ കഴിയൂ. അത് പോലെ ഹലാലായത് കൊണ്ടേ പാപങ്ങൾ പൊറുപ്പിക്കാൻ കഴിയൂ. (ഇഹ്‌യാഉലൂമുദ്ദീൻ :2/91)



അധികാരസ്ഥാനങ്ങളിലൊന്നും അവരോധിക്കുവാൻ സുഫ്‌യാനുസ്സൗരി(റ)യെ കിട്ടില്ല എന്നത് എല്ലാ നിലക്കും ഉറപ്പായതോടെ ഖലീഫ മഹ്ദി അദ്ദേഹത്തിന് മാപ്പ് കൊടുക്കാൻ തയ്യാറായി. ആ സന്ദേശവുമായി ഖലീഫയുടെ ദൂതൻ സുഫ്‌യാനുസ്സൗരി(റ)യുടെ അടുത്ത് എത്തുമ്പോഴേക്കും പക്ഷേ, ആ മഹാത്മാവ് വിട പറഞ്ഞിരുന്നു. ഹിജ്റ 161 ൽ ആയിരുന്നു അദ്ദേഹത്തിന്റെ വഫാത്ത്. ബസ്വറയിൽ മഹാനവർകൾ അന്ത്യ നിദ്ര കൊള്ളുന്നു.



അനസ് ബിൻ മാലിക്(റ)



മാലിക് ബിൻ നള്ർ, റുമൈസാഅ് എന്ന ഉമ്മുസുലൈം(റ) എന്നിവരുടെ മകനായി ഹിജ്റയുടെ പത്തു വർഷങ്ങൾക്കു മുമ്പ് മദീനയിൽ ആയിരുന്നു അനസ് ബിൻ മാലിക്(റ) ജനിച്ചത്. പിതാവ് മാലിക് ജാഹിലിയ്യ കാലഘട്ടത്തിലെ ഏതോ യുദ്ധത്തിൽ മരണപ്പെട്ടുപോയി. പിന്നീട് മാതാവ് ഉമ്മു സുലൈം കുഞ്ഞിനെ നന്നായി പരിചരിച്ച് വളർത്തി. ഉമ്മു സുലൈമിനെ പിന്നീട് വിവാഹം ചെയ്തത് അബു ത്വൽഹത്തുൽ അൻസ്വാരിയായിരുന്നു. നബി തിരുമേനി(സ) മദീനയിൽ എത്തുമ്പോൾ അനസിന് 10 വയസ്സായിരുന്നു പ്രായം. മകനെയും കൊണ്ട് നബിയുടെ മുമ്പിൽ എത്തിയ ഉമ്മു സുലൈം, നബിയെ, ഇവൻ ബുദ്ധിമാനും അക്ഷരജ്ഞാനിയുമാണ്, അതിനാൽ ഇവനെ അങ്ങേക്ക് ഞാൻ ഭൃത്യനായി ദാനം ചെയ്യുന്നു എന്നു പറഞ്ഞു. ഇതിനു ശേഷം നബിയുടെ ജീവിതകാലം മുഴുവനും നബിയുടെ ഭൃത്യനായി ഈ കൗമാരക്കാരൻ ഉണ്ടായിരുന്നു. നബി തിരുമേനി(സ) അനസ് ബിൻ മാലിക്കിനു വേണ്ടി പ്രത്യേകമായി ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി: 'അല്ലാഹുവേ, അനസിന്റെ സമ്പത്തിലും സന്താനങ്ങളിലും ആയുഷ്കാലത്തിലും നീ ദൈർഘ്യം നൽകുകയും പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്യേണമേ'



എപ്പോഴും നബിയെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ഒരാളായിരുന്നതിനാൽ ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്യുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിന്റെ എല്ലാ രംഗങ്ങളിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഖൈബർ, ത്വാഇഫ്, ഹുനൈൻ, ഹുദൈബിയ, മക്കാ വിജയം, ഹജ്ജത്തുൽ വിദാഅ് എന്നിവിടങ്ങളിലൊക്കെ അദ്ദേഹം ഉണ്ടായിരുന്നു. നബി(സ)ക്ക് ശേഷം നബിയുടെ ഖലീഫമാരുടെ പിന്നിലും അദ്ദേഹം അച്ചടക്കത്തോടെ ജീവിച്ചു. മുർത്തദ്ദുകൾക്കെതിരെ അബൂബക്കർ(റ) നയിച്ച യുദ്ധത്തിലും ഉമർ(റ) വിന്റെ കാലത്ത് നടന്ന ഖാദിസിയ തുടങ്ങിയ വലിയ യുദ്ധങ്ങളിലും എല്ലാം അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു. വിവിധ ചുമതലകൾ ഖലീഫമാർ അനസു ബിൻ മാലിക്കിനെ ഏൽപ്പിക്കുന്നതും അദ്ദേഹം അത് ആത്മാർത്ഥതയോടെ ഭംഗിയായി നിർവഹിക്കുന്നതും പതിവായിരുന്നു. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം ബസ്വറയിലേക്ക് മാറി.



അമവികളിലെ അബ്ദുൽ മലിക് ബിനു മർവാന്റെ കാലമായിരുന്നു അത്. ഇറാഖിലെ ഗവർണർ ആയിരുന്ന ഹജ്ജാജി ബിൻ യൂസഫ് ഒരിക്കൽ അനസുബ്നു മാലികിനോട് വളരെ അപമര്യാദയായി പെരുമാറുകയുണ്ടായി. എല്ലാ കക്ഷികളോടും സമദൂര സിദ്ധാന്തം പാലിക്കുന്ന ആളായിരുന്നു അദ്ദേഹം. അതാണ് ഹജ്ജാജ് ബിൻ യൂസുഫിനെ ചൊടിപ്പിച്ചത്. ഹജ്ജാജ് പരസ്യമായി അദ്ദേഹത്തെ ഭൽസിക്കുകയും അദ്ദേഹത്തിൻ്റെ ശരീരത്തിൽ ഹജ്ജാജിന്റെ മുൻ അടിമ എന്ന് മുദ്രകുത്തുകയും ചെയ്യുകയുണ്ടായി. ഈ സഹാബി വര്യനെ അപമാനിക്കുക എന്നതായിരുന്നു ഹജ്ജാജിന്റെ ലക്ഷ്യം. ഇതിനെ തുടർന്ന് മഹാനവർകൾ ഖലീഫക്ക് പരാതി നൽകി. ഒരു സഹാബിയോട് ഇങ്ങനെ ചെയ്തതിനോട് ഖലീഫക്കും യോജിപ്പുണ്ടായിരുന്നില്ല. ഖലീഫ ഹജാജിനോട് മാപ്പ് പറയുവാൻ ആജ്ഞാപിച്ചു. അത് ഹജ്ജാജ് അനുസരിക്കുകയും ചെയ്തു.



ജീവിതത്തിന്റെ അവസാന കാലത്ത് മഹാനവർകൾക്ക് വെള്ളപ്പാണ്ഡ് രോഗം പിടിപ്പെട്ടു. അതുവഴി ശരീരം ശോഷിച്ചു അദ്ദേഹം മരണപ്പെടുകയായിരുന്നു. ബസ്വറയിൽ ഏറ്റവും അവസാനമായി മരണപ്പെട്ട സ്വഹാബിയായിരുന്നു അനസ് ബിൻ മാലിക്(റ). ഹിജ്റ 91ൽ ആയിരുന്നു പ്രബലമായ അഭിപ്രായം അനുസരിച്ച് അദ്ദേഹത്തിൻ്റെ വിയോഗം.



ബസ്വരികൾ



പ്രമുഖ സഹാബി വര്യൻ സാമുറ ബിൻ ജുന്തുബ്(റ) ബസ്വറയിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഗത്വഫാൻ വംശത്തിലെ ഫസാറ കുടുംബാംഗമായിരുന്നു അദ്ദേഹം. തൻ്റെ പിതാവിന്റെ മരണത്തിനുശേഷം മാതാവിനോടൊപ്പം മദീനയിലേക്ക് താമസം മാറുകയായിരുന്നു. ഉഹദ് യുദ്ധം മുതൽ നബി(സ)യോടൊപ്പം എല്ലാ രംഗങ്ങളിലും ഉണ്ടായിരുന്ന അദ്ദേഹം ഖലീഫമാരുടെ കാലത്തെ എല്ലാ വിജയങ്ങളിലും ഉണ്ടായിരുന്നു. അവസാന കാലത്ത് അദ്ദേഹത്തിന്റെ ജീവിതം ബസ്വറയിലേക്ക് മാറി. അപ്പോൾ അവിടത്തെ ഗവർണർ സിയാദ് ബിൻ അബീഹി ആയിരുന്നു. ബസ്വറയും കൂഫയും രണ്ട് പ്രധാന നഗരങ്ങളാണ്. ഗവർണർ കൂഫയിൽ ആയിരിക്കുമ്പോൾ ബസ്വറയുടെ കാര്യം നോക്കിയിരുന്നത് സമുറ(റ) ആയിരുന്നു. ബസ്വറയിൽ ആയിരുന്നപ്പോൾ കൂഫയിലെ കാര്യങ്ങൾ നോക്കിയിരുന്നതും അദ്ദേഹമായിരുന്നു. സിയാദ് ബിൻ അബീഹിയുടെ മരണശേഷം കുറച്ചു കാലം അദ്ദേഹം ബസ്വറയിൽ ഗവർണറായി. ഹിജ്റ 58 ൽ ബസ്വറയിൽ മഹാനവർകൾ വഫാത്തായി.



ബസ്വറയിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റൊരു സഹാബിയാണ് ഇമ്രാൻ ബിൻ ഹുസ്വൈൻ(റ). മക്കയിൽ ജനിച്ച അദ്ദേഹം ഇസ്ലാമിൽ എത്തിച്ചേരുന്നത് അബൂഹുറൈറ (റ) യെ പോലെ ഹിജ്റ ഏഴാം വർഷം ഖൈബർ യുദ്ധം കഴിഞ്ഞതിനുശേഷമാണ്. മലക്കുകളുടെ സദൃശ്യൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. മലക്കുകൾ അദ്ദേഹത്തിന് ഹസ്തദാനം ചെയ്യുമായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം. ജീവിതത്തിൻെറ അവസാന കാലത്ത് അദ്ദേഹം ബസ്വറയിൽ സ്ഥിരതാമസമാക്കി. ആ കാലം വിവിധങ്ങളായ ആഭ്യന്തര പ്രശ്നങ്ങൾ സമുദായത്തിൽ നിറഞ്ഞുനിൽക്കുന്നതായിരുന്നു. ഒരു കക്ഷിത്വവും ഇല്ലാതെ സ്വതന്ത്രമായി നിൽക്കുക എന്നത് അദ്ദേഹത്തിൻ്റെ ഒരു വലിയ താല്പര്യം ആയിരുന്നു. അതിനുവേണ്ടി അദ്ദേഹം പ്രത്യേകം പ്രാർത്ഥനയും ചെയ്യുമായിരുന്നു. കരുതിയത് പോലെ ജീവിതത്തിൻെറ അവസാന കാലഘട്ടത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത ഒരു രോഗം അദ്ദേഹത്തെ പിടികൂടി. അതു കാരണം പ്രശ്നങ്ങളിലേക്ക് ഒന്നും ഇറങ്ങാതെ സ്വന്തം വീട്ടിൽ ആരാധനകളും ആയി ഒതുങ്ങിക്കൂടുവാൻ അത് അദ്ദേഹത്തെ സഹായിച്ചു. ബസ്വറയിൽ വന്നവരിൽ സമുറ(റ) വിനോളം സൂക്ഷ്മാലുക്കൾ മറ്റാരുമില്ല എന്ന് ഹസനുൽ ബസ്വരി(റ) പറഞ്ഞിട്ടുണ്ട്. ഹിജ്റ 52 ൽ മഹാനവർകൾ ബസ്വറയിൽ വഫാത്തായി.



ബസ്വറയിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്ന മറ്റൊരു സ്വഹാബിയാണ് ബിലാൽ അൽ മുസ്നി(റ). ഹിജ്റ അഞ്ചാം വർഷം മുസൈന ഗോത്രത്തിന്റെ നിവേദക സംഘത്തോടൊപ്പം ആണ് അദ്ദേഹം മദീനയിലും ഇസ്ലാമിലും എത്തിച്ചേർന്നത്. പിന്നീട് ഇസ്ലാമിന്റെ എല്ലാ രംഗങ്ങളിലും അദ്ദേഹത്തിൻ്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. ഹിജ്റ എട്ടാം വർഷം മക്കാവിജയത്തിന്റെ അന്ന് സ്വന്തം കുടുംബത്തിന്റെ പതാക വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. രണ്ടാം ഖലീഫ ഉമർ(റ) വിന്റെ കാലത്തുണ്ടായ ഒരു കൊടും വരൾച്ചയിൽ നിന്നും രക്ഷ നേടുവാൻ തിരു റൗളാ ശരീഫിൽ പോയി നേരിട്ട് നബി(സ)യോട് തവസ്സുൽ ചെയ്ത സ്വഹാബി ഇദ്ദേഹമാണ് എന്ന് ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ (റ) പറയുന്നുണ്ട്. ഹിജ്റ 60 ൽ ബസ്വറയിൽ അദ്ദേഹം വഫാത്തായി.



പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം അബൂദാവൂദ് (റ) അന്ത്യവിശ്രമം കൊള്ളുന്നത് ബസ്വറയിലാണ്. സുലൈമാൻ ബിൻ അശ്അസ് എന്ന അദ്ദേഹത്തിൻറെ സുനൻ ആറ് പ്രധാന ഹദീസ് സമാഹാരങ്ങളിൽ ഒന്നാണ്. അഞ്ചു ലക്ഷം ഹദീസുകൾ മനപ്പാഠമുണ്ടായിരുന്നു. ഹിജ്റ 202 ൽ ബസ്വറയുടെ സമീപ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അഹ്മദ് ബിൻ ഹമ്പൽ, സുലൈമാൻ ബിൻ ഹർബ്, സഈദ് ബിൻ സുലൈമാൻ(റ) എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ. ഇമാം തുർമുദി, ഇമാം നസാഈ എന്നിവരെല്ലാം അദ്ദേഹത്തിൻ്റെ ശിഷ്യന്മാരാണ്. ഹിജ്റ 275 ശവ്വാൽ 16 ന് അദ്ദേഹം ബസ്വറയിൽ വഫാത്തായി. സുഫിയാനുസ്സൗരി(റ)യുടെ അടുത്തായാണ് അന്തിയുറങ്ങുന്നത്.



അദ്ധ്യായം ഇരുപത്തിമൂന്ന്
സൽമാൻ പാക് (മദാഇൻ)



കിഴക്കു തെക്കൻ ഇറാഖിലെ ഒരു നഗരമാണ് മദാഇൻ. പുരാതന സംസ്കാരങ്ങളിലൊക്കെ പറയപ്പെടുന്ന ഈ നഗരം പണ്ട് ഗസ്സാസീ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്നു. ഇപ്പോൾ ഇവിടം സൽമാൻ പാക് എന്നാണ് അറിയപ്പെടുന്നത്. അതിനു കാരണം ഇവിടെയാണ് പ്രമുഖ സ്വഹാബീ വര്യൻ സൽമാനുൽ ഫാരിസി(റ) അന്ത്യവിശ്രമം കൊള്ളുന്നത് എന്നതാണ്.



സൽമാനുൽ ഫാരിസി(റ)



പേർഷ്യയിലെ ഇസ്ഫഹാൻ ഗ്രാമത്തിൽ ഒരു മജൂസീ കുടുംബത്തിലായിരുന്നു സൽമാനുൽ ഫാരിസി(റ)വിന്റെ ജനനം. ജീവിത വഴിയിൽ യാദൃശ്ചികമെന്നോണം ക്രൈസ്തവരുടെ ആരാധന കാണുകയും അതിൽ ആകൃഷ്ടനാവുകയും ചെയ്ത സൽമാൻ അധികം വൈകാതെ സ്വന്തം വീടും വീട്ടുകാരെയും ഉപേക്ഷിച്ച് സിറിയയിലേക്ക് പോയി. അവിടെ ആദ്യം ഒരു പാതിരിയുടെ കൂടെ താമസിച്ചു. പിന്നീട് മറ്റൊരു പാതിരിയുടെ അടുക്കലേക്ക് മാറേണ്ടിവന്നു. സത്യസന്ധനായ ആ പാതിരി മരണത്തെ മുഖാമുഖം കണ്ടപ്പോൾ സൽമാനോട് ആത്മീയമായ തുടർ ജീവിതത്തിന് സഹായകമാകുവാൻ വേണ്ടി മൗസ്വിലിലേക്ക് പോകുവാൻ ഉപദേശിച്ചു. അതനുസരിച്ച് മൗസ്വിലിലേക്ക് പോയി കുറച്ചുകാലം അവിടെ ഒരു പാതിരിയുടെ കൂടെ കഴിച്ചുകൂട്ടി. അവിടെ ഉണ്ടായിരുന്ന പാതിരി അച്ഛനും മരണത്തിന് മുമ്പിൽ എത്തിയപ്പോൾ സൽമാനോട് പോകാൻ നിർദ്ദേശിച്ചത് നസ്വീബീനിലേക്ക് ആയിരുന്നു. നസ്വീബീനിലെ പുരോഹിതനാണ് പരമമായ സത്യവും മോക്ഷവും നേടുവാൻ ഇനി അറേബ്യയിൽ വരാനിരിക്കുന്ന പ്രവാചകനെ പിന്തുടരുകയല്ലാതെ മാർഗ്ഗമില്ല എന്ന് അറിയിച്ചത്. എൻറെ എൻറെ അടയാളങ്ങളും ലക്ഷണങ്ങളും അദ്ദേഹം സൽമാനെ പഠിപ്പിക്കുകയും ചെയ്തു.



അങ്ങനെ അവസാനം മദീനയിൽ വെച്ച് അന്ത്യപ്രവാചകരെ കാണുകയും അത്രയും കാലം അന്വേഷിച്ചു നടന്ന സത്യം കണ്ടെത്തുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത സൽമാനുൽ ഫാരിസി പിന്നീട് നബി(സ)യുടെയും അനുയായികളുടെയും ഇടയിൽ സസന്തോഷം ജീവിച്ചു. ഭക്തി, വിരക്തി, ബുദ്ധിസാമർത്ഥ്യം സൂക്ഷ്മത എന്നീ ഗുണങ്ങളിൽ സൽമാനുൽ ഫാരിസി(റ), ഉമർ(റ)വിനോട് തുല്യനായിരുന്നു എന്ന് ചരിത്രം. ഹിജ്‌റ അഞ്ചാം വർഷം ഇസ്ലാമിന്റെ ശത്രുക്കൾ സർവ്വസന്നാഹങ്ങളും സംഭരിച്ചു കൊണ്ട് ഇസ്ലാമിനെതിരെ ആഞ്ഞടിക്കാൻ മദീനയിലേക്ക് കുതിച്ചു. അറേബ്യയിലെ എല്ലാ ശത്രു വിഭാഗത്തിനും പ്രാധിനിധ്യമുണ്ടായിരുന്ന ആ സൈന്യത്തിൽ പതിനായിരത്തോളം യോദ്ധാക്കളുണ്ടായിരുന്നു. ഖുറൈശികളും ഗത്വഫാൻ കുടുംബവും ഒന്നിച്ചു നടത്തിയ ആ മുന്നേറ്റത്തെ നേരിടുവാൻ മാത്രം വലിയ അംഗസംഖ്യ അപ്പോൾ മുസ്ലിംകൾക്കുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ ചർച്ചകളിൽ തന്റെ ജന്മ നാടായ പേർഷ്യയിൽ നിന്നും മനസ്സിലാക്കിയിരുന്ന, അറബികൾക്ക് പരിചിതമല്ലാത്ത ഒരു യുദ്ധതന്ത്രം സൽമാനുൽ ഫാരിസി(റ) നബി(സ)യുടെയും സഹാബത്തിന്റെയും മുൻപിൽ വെച്ചു. മദീനയെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാൻ മദീനയുടെ ചുറ്റും തുറന്നുകിടക്കുന്ന ഭാഗങ്ങളിൽ കിടങ്ങു കുഴിക്കുക. ഇതായിരുന്നു സൽമാനുൽ ഫാരിസി(റ)വിന്റെ യുദ്ധ തന്ത്രം.



ഈ നിർദ്ദേശം ശാസ്ത്രീയവും ബുദ്ധിപരവുമാണ് എന്ന് നബിക്കും സഹാബിമാർക്കും തോന്നി. അത് അംഗീകരിക്കപ്പെട്ടു. വളരെ ശ്രമകരമായിട്ട് മദീനയുടെ തുറന്ന ഭാഗത്ത് നീണ്ട കിടങ്ങ് അവർ ഉണ്ടാക്കി. അതു ഫലിച്ചു. കിടങ്ങ് കാരണം മദീനയിലേക്കു കടക്കാൻ സാധിക്കാതെ ദിവസങ്ങളോളം ശത്രു സൈന്യത്തെ തളച്ചിടാൻ ഇതു വഴി മുസ്ലിംകൾക്ക് കഴിഞ്ഞു. ഒടുവിൽ പരാജിതരായി ശത്രുക്കൾ മടങ്ങി. ഹിജ്റ അഞ്ചിൽ നടന്ന ഈ യുദ്ധം 'ഖന്ദഖ് ' എന്ന പേരിൽ അറിയപ്പെടുന്നു. ഖന്ദഖ് യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ അൻസാരികൾ വിളിച്ചു പറഞ്ഞു: "സൽമാൻ ഞങ്ങളുടെ ആളാകുന്നു". ഇതുകേട്ട മുഹാജിറുകൾ പറഞ്ഞു: "അല്ല സൽമാൻ ഞങ്ങളുടെതാകുന്നു". അപ്പോൾ ഇരുപക്ഷത്തോടും നബി (സ) പറഞ്ഞു: "അല്ല, അല്ല, സൽമാൻ എന്റെ കുടുംബത്തിൽ പെട്ടവനാകുന്നു."



നബിയുടെ ജീവിതകാലത്ത് എല്ലാ രംഗങ്ങളിലും സജീവമായി സൽമാൻ(റ) ഉണ്ടായിരുന്നു. രണ്ടാം ഖലീഫ ഉമർ(റ)വിന്റെ കാലത്ത് അദ്ദേഹത്തെ മദാഇനിൽ അമീറായി നിശ്ചയിക്കുകയുണ്ടായി. അത് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. അതിനെ കുറിച്ച് അദ്ദേഹത്തോട് ചിലർ ചോദിച്ചു: 'ഒരു ഭരണാധികാരിയായിരിക്കുന്നതിൽ താങ്കൾക്ക് എന്താണിത്ര വെറുപ്പ് ?'. അപ്പോൾ അദ്ദേഹം പറഞ്ഞു: 'അധികാരത്തിന്റെ മുലപ്പാൽ കുടിക്കുമ്പോൾ വളരെ മധുരമാണ്. പക്ഷെ കുടി നിർത്തുക എന്നത് കൈപ്പേറിയതുമാണ്.' അമീറായപ്പോഴും സാധാരണക്കാരനെ പോലെയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. കുട്ട മെടഞ്ഞു വിറ്റിട്ടായിരുന്നു അദ്ദേഹം തന്റെ ദൈനംദിന ജീവിതം നയിച്ചിരുന്നത്. തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനും വേണ്ടത് എടുത്ത് ബാക്കി ധർമ്മം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ പതിവ്.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso