Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 12

12-12-2023

Web Design

15 Comments




നബി(സ)യുടെ സന്തുഷ്ട അനുയായികളിൽ പെട്ട സൽമാനുൽ ഫാരിസി(റ), മരണാസന്നനായപ്പോൾ വളരെ സങ്കടപ്പെട്ടു കാണപ്പെട്ടു. തന്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചിരുന്ന തളികയും, വുളൂഅ്‌ എടുക്കാൻ ഉപയോഗിച്ചിരുന്ന ഒരു പാത്രവും ദുനിയാവിൽ വിട്ടേച്ചു പോവേണ്ടിവരുമല്ലോ എന്നോർത്തായിരുന്നു അദ്ദേഹം സങ്കടപ്പെട്ടത്. അവ രണ്ടും ധർമ്മം ചെയ്തതോടെയാണ് മഹാനവർ സ്വസ്ഥനായത്. മരണമടുത്തപ്പോൾ അദ്ദേഹം ഭാര്യയെ വിളിച്ചുകൊണ്ട് താൻ സൂക്ഷിക്കാൻ ഏല്പിച്ച കസ്തൂരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഭാര്യയോടായി പറഞ്ഞു: 'ഏതാനും നിമിഷങ്ങൾക്കകം അല്ലാഹുവിന്റെ ചില അടിമകൾ എന്നെ സമീപിക്കും, അവർക്ക് ഭക്ഷണം ആവശ്യമില്ല. സുഗന്ധ സാധനങ്ങൾ അവർക്ക് പ്രിയമാണ്.' ഭാര്യ പുറത്തിറങ്ങി തിരിച്ചുവന്നപ്പോഴേക്കും സൽമാനുൽ ഫാരിസി(റ)വിന്റെ ആത്മാവ് അല്ലാഹുവിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഹിജ്റ 36 ലായിരുന്നു മഹാനവർകളുടെ മരണം.



ശിയാ വിശ്വാസികൾ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു സ്ഥലമാണ് ഇത്. അവർ സൽമാനുൽ ഫാരിസിയെ തങ്ങളുടെ ഒരു പ്രധാന ആൾ ആയിട്ടാണ് ഗണിക്കുന്നത്. സൽമാൻ മുഹമ്മദി എന്നാണ് അവർ അദ്ദേഹത്തെ പറയുക. ഇങ്ങനെ ഒരു പ്രത്യേക പ്രാധാന്യം അവർ കൽപ്പിക്കുവാൻ മൂന്നു കാരണങ്ങളുണ്ട്. ഒന്നാമതായി നേരത്തെ പറഞ്ഞ രംഗത്ത് വെച്ച് 'സൽമാൻ എൻ്റെ അഹ്ലുബൈത്തിൽ പെട്ട ആളാണ് ' എന്ന് നബി(സ) പ്രഖ്യാപിച്ചു എന്നതാണ്. രണ്ടാമത്തേത്, നബി (സ) തങ്ങളുടെ മരണത്തിനുശേഷം പുതിയ ഖലീഫയെ തെരഞ്ഞെടുക്കുവാൻ ചേർന്ന ബനൂ സാഇദ ഗോത്രക്കാരുടെ പന്തലിൽ വച്ച് അബൂബക്കർ(റ)വിനെ ഖലീഫയാക്കുന്നതിനെ അദ്ദേഹം എതിർത്തു എന്ന അവരുടെ വാദമാണ്. മൂന്നാമത്തേത് അദ്ദേഹം വഫാത്തായപ്പോൾ മയ്യത്ത് കുളിപ്പിക്കുവാൻ അലി(റ) മദീനയിൽ നിന്നും മദാഇനിൽ എത്തി എന്നതാണ്. അലി(റ) മയ്യത്ത് കുളിപ്പിച്ച സ്ഥലം എന്ന പേരിൽ സൽമാനുൽ ഫാരിസിയുടെ ഖബറിനടുത്തായി ഒരു പ്രത്യേക സ്ഥലം ഇപ്പോഴും അവർ സംരക്ഷിക്കുന്നത് കാണാം.



ഹുദൈഫത്തുൽ യമാൻ(റ)



നബി തിരുമേനി(സ)യുമായി ഹൃദയബന്ധം ഉണ്ടായിരുന്ന ഒരു പ്രധാന സഹാബിയാണ് ഹുദൈഫത്തുൽ യമാനി(റ). യമാൻ എന്നത് അദ്ദേഹത്തിൻ്റെ പിതാവിന്റെ വിളിപ്പേരാണ്. ശരിക്കും അദ്ദേഹത്തിൻ്റെ പേര് ഹുസൈൽ ബിൽ ജാബിർ എന്നായിരുന്നു. യമനിലെ അബ്സ് ഗോത്രക്കാരനായിരുന്ന അദ്ദേഹത്തിൻ്റെ ഒരു കൈയബദ്ധം കാരണം ഒരാൾ മരിക്കാനിടയായി. അതിന്റെ പേരിൽ അദ്ദേഹത്തിന് യമൻ വിടേണ്ടിവന്നു. യമനിൽ നിന്ന് അദ്ദേഹം വന്നു ജീവിച്ചത് മദീനയിൽ ആയിരുന്നു. മദീനയിലെത്തിയ ഹുസൈൽ ബനൂ അബ്ദിൽ അശ്ഹൽ ഗോത്രത്തിന് സമീപം താമസമാക്കി. അവരുമായി സഖ്യത്തിലേർപ്പെട്ടു. ഒരു അശ്ഹലി പെണ്ണിനെ വിവാഹം കഴിച്ചു. പൂർവപിതാക്കന്മാരിലൊരാളുടെ പേര് യമാൻ എന്നായതിനാൽ യസ്‌രിബുകാർ അയാളെ യമാൻ എന്ന് വിളിച്ചു. പുതിയ പേരും ഭാര്യയും മക്കളുമടങ്ങുന്ന പുതിയ കുടുംബവുമൊത്ത് യമാൻ യസ്‌രിബിൽ ജീവിതം പടുത്തുയർത്തി. മദീന ഇസ്‌ലാമിന്റെ വെളിച്ചത്തിൽ എത്തിയപ്പോൾ അദ്ദേഹവും കുടുംബവും ആ വെളിച്ചത്തിൽ ഉണ്ടായിരുന്നു. ആ കുടുംബത്തിലാണ് ഹുദൈഫ(റ) ജനിച്ചത്.
പിൽക്കാലത്ത് യമാന്റെ മകൻ ഹുദൈഫ പ്രവാചകന്റെ നിഴലായി മാറി.



അസാധാരണത്വം നിറഞ്ഞതാണ് ഹുദൈഫയുടെ ജീവിതം. ഇസ്‌ലാമിലെ അതിനിർണായകമായ ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാൻ ഹുദൈഫക്കും പിതാവിനും കഴിഞ്ഞില്ല. ഹുദൈഫയും പിതാവും മദീനയുടെ പുറത്തായിരുന്നു അന്ന്. വഴിക്കു വെച്ച് അവരെ ഖുറൈശികൾ പിടികൂടി. ‘ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദിനോടൊപ്പം ചേരാനാണല്ലേ പോകുന്നത്’ എന്ന അവരുടെ ചോദ്യത്തിന് ‘അല്ല, ഞങ്ങൾ മദീനയിലേക്കാണ് പോകുന്നത്’ എന്ന് പിതാവും മകനും മറുപടി നൽകി. ‘എന്നാൽ മദീനയിലേക്ക് പൊയ്‌ക്കോളൂ, മുഹമ്മദിനോടൊപ്പം ചേർന്ന് യുദ്ധം ചെയ്യരുത് എന്ന് അല്ലാഹുവിന്റെ പേരിൽ കരാർ ചെയ്യണം’ ഖുറൈശികൾ ആവശ്യപ്പെട്ടു. അങ്ങനെ അവർക്ക് ചെയ്യേണ്ടി വന്നു. കരാർ ചെയ്ത് അവർ മദീനയിലെത്തി. പ്രവാചകനോട് ഈ കരാറിനെ സംബന്ധിച്ച് സൂചിപ്പിച്ചു. ആ കരാർ ലംഘിക്കരുത് എന്നാണ് പ്രവാചകൻ(സ) പറഞ്ഞത്. ‘ഞങ്ങൾ അവരോടുള്ള കരാർ പാലിക്കുന്നു. അവർക്കെതിരെ അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുന്നു’ എന്നായിരുന്നു പ്രവാചകന്റെ മറുപടി. അങ്ങനെയാണ് ബദ്‌റിലെ സുവർണാവസരം ആ പിതാവിൽനിന്നും മകനിൽനിന്നും വഴിമാറിപ്പോകുന്നത്. ബദ്‌റിന്റെ സൗഭാഗ്യം തങ്ങളിൽനിന്ന് വഴുതിപ്പോയത് കണ്ട ഹുദൈഫയും പിതാവും ഉഹ്ദിന്റെ രണഭേരി മുഴങ്ങിയപ്പോൾ അമാന്തിച്ചു നിന്നില്ല. ഉഹ്ദിലാണ് യമാനി(റ)ന്റെ പ്രാണത്യാഗമുണ്ടായത്. ആളറിയാതെ മുസ്‌ലിംകൾ തന്നെയാണ് അദ്ദേഹത്തെ വധിച്ചത് എന്നാണ് ചരിത്രം.



യുദ്ധാനന്തരം നബി(സ) ഉപ്പയുടെ മരണത്തിനു പകരമായി ഹുദൈഫക്ക് ദിയത്ത് (നഷ്ടപരിഹാര ധനം) നൽകുകയുണ്ടായി. ആ ധനം മുഴുവൻ അദ്ദേഹം മുസ്‌ലിംകൾക്കായി ദാനം ചെയ്തു. ഹിജ്‌റ അഞ്ചാം വർഷം ഖൻദഖ് യുദ്ധം നടന്നു. ഖുറൈശികളും ഗത്ഫാനികളും അവരുടെ സഖ്യകക്ഷികളും ബനൂ ഖുറൈളയിലെ ജൂതന്മാരുമെല്ലാം ഒന്നുചേർന്ന് മദീനയെ തകർക്കാൻ ഒരുമ്പെട്ട യുദ്ധം. ഒരു രാത്രി പ്രവാചകന്റെ ശബ്ദം സ്വഹാബികൾ കേട്ടു. ‘ശത്രുപാളയത്തിൽ നുഴഞ്ഞുകയറി അവരുടെ കാര്യങ്ങളറിഞ്ഞ് നമുക്കെത്തിച്ചു തരാൻ ആരുണ്ട്? ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവന് എന്റെ സാമീപ്യം നൽകും.’ തുടർന്ന് നബി(സ) ഹുദൈഫ(റ)യെ നോക്കി. ‘ഹുദൈഫാ! എഴുന്നേൽക്കൂ, പോയി ശത്രുവിന്റെ വിവരങ്ങളറിഞ്ഞു വരൂ.’ ആ കൽപ്പന സ്വീകരിച്ച് ശത്രുപാളയത്തിൽ പോയി സമർഥമായി അദ്ദേഹം വിവരങ്ങളറിഞ്ഞു വരികയുണ്ടായി. ഈ സ്വഹാബിയുടെ ധീരതയും ബുദ്ധിശക്തിയുമെല്ലാം തെളിയിക്കുന്ന സംഭവമാണിത്.



ഹിജ്‌റ ഒമ്പതിൽ തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന നബി(സ)യെ കൊല്ലാൻ മുഖം മറച്ച് വന്ന ചില കപടവിശ്വാസികൾ ശ്രമിച്ചു. റസൂലിന്റെ കൂടെ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. നബിയുടെ മുന്നിൽ ഹുദൈഫ(റ)യും പിന്നിൽ അമ്മാർ(റ)വും. അതിനാൽ കപടന്മാരുടെ കുടിലചിന്ത വിജയിച്ചില്ല. അവസാനം ഇളിഭ്യരായ അവർ സ്ഥലം വിട്ടു. പക്ഷേ, ആ മുനാഫിഖുകൾ ആരാണെന്ന് വ്യക്തമായി നബി(സ) ഹുദൈഫ(റ)ക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ഹുദൈഫ ചരിത്രത്തിൽ അറിയപ്പെട്ടത് ഈ രഹസ്യത്തിന്റെ പേരിലാണ്. ‘പ്രവാചകന്റെ രഹസ്യ സൂക്ഷിപ്പുകാരൻ!’. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ രണ്ടാം ഖലീഫയായ ഉമർ(റ) ഹുദൈഫയോട് ആ മുനാഫിഖുകളുടെ പട്ടികയിൽ തന്റെ പേരുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്! ആരെങ്കിലും മരണപ്പെട്ടാൽ ഉമർ(റ) നോക്കുമായിരുന്നു; ഹുദൈഫ(റ) ജനാസ നമസ്‌കാരത്തിനെത്തിയിട്ടുണ്ടോ എന്ന്. ഹുദൈഫയില്ലെങ്കിൽ ഉമർ(റ) ആ ജനാസ നമസ്‌കാരത്തിൽ പങ്കെടുക്കില്ല. എല്ലാവരും പ്രവാചകനിൽനിന്ന് നന്മകളെക്കുറിച്ച് ചോദിച്ചു പഠിച്ചപ്പോൾ ഹുദൈഫയുടെ താൽപര്യം തിന്മകളെക്കുറിച്ച് ചോദിക്കുന്നതിലായിരുന്നു. അതിനാൽതന്നെ അന്ത്യനാളിന് മുൻപുണ്ടാകുന്ന ഫിത്‌നകളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അതെല്ലാം നബി(സ)യിൽ നിന്ന് അദ്ദേഹം ചോദിച്ചും പഠിച്ചും ഗൃഹിച്ചിരുന്നു.



പ്രവാചകന്റെ വഫാത്തിന് ശേഷം ഖുലഫാഉർറാശിദുകളുടെ കാലത്ത് ഹുദൈഫ(റ) അവരുടെ ഉപദേശകനായി വർത്തിച്ചു. ഉമർ(റ) അദ്ദേഹത്തെ പല സുപ്രധാന ചുമതലകളിലും നിയോഗിച്ചു. കുറെക്കാലം ഉമറി(റ)ന്റെ മദാഇനിലെ ഗവർണറായിരുന്നു അദ്ദേഹം. ഹിജ്റ 36 ൽ ആയിരുന്നു അവരുടെ അന്ത്യം.



മണ്ണിലലിയാത്ത മയ്യിത്തുകൾ



ഹുദൈഫത്തുൽ യമാനി(റ)യുടെയും ജാബിർ ബിൻ അബ്ദുല്ല(റ) എന്ന താബിഈയുടെയും ഖബറുകൾ ഇപ്പോൾ ഉള്ളത് സൽമാൻ ഫാരിസി(റ)യുടെ ഖബറിന്റെ തൊട്ടടുത്താണ്. പക്ഷേ ഈ രണ്ട് ഖബറുകളും ഇവിടെയല്ല ഉണ്ടായിരുന്നത്. 1932 ലാണ് ഈ ഖബറുകൾ ഇവിടേക്ക് മാറ്റിയത്. അത് ഇസ്ലാമിക സംസ്കാരത്തിന്റെ ചരിത്രങ്ങളിൽ സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒരു സംഭവമാണ്. ഇപ്പോൾ ഈ രണ്ടു ഖബറുകളും സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലെ ടൈഗ്രീസ് നദിയുടെ സമീപ പ്രദേശത്ത് ആയിരുന്നു ഇവരുടെ ഖബറുകൾ. അതുമാറ്റിയത് 1932 ലാണ്.



സംഭവം ഇങ്ങനെയാണ്. അന്ന് ഇറാഖ് ഭരിച്ചിരുന്ന ഫൈസൽ ഒന്നാമൻ രാജാവിനോട് സ്വപ്നത്തിൽ വന്ന് ഹുദൈഫ(റ) ഇങ്ങനെ അറിയിച്ചു: 'ഞങ്ങൾ രണ്ടുപേരെയും ഞങ്ങളുടെ ഖബറുകളിൽ നിന്ന് എടുത്ത് ടൈഗ്രീസ് നദിയിൽ നിന്ന് അകലെ സ്ഥിതിചെയ്യുന്ന ഏതെങ്കിലും സ്ഥലത്ത് അടക്കം ചെയ്യണം. കാരണം എൻ്റെ ഖബറിന്റെ ഉള്ളിൽ വെള്ളം കയറിയിരിക്കുന്നു. ജാബിറിന്റെ കബറിന്റെ ഉള്ളിൽ നനവ് തുടങ്ങിയിരിക്കുന്നു'. ജലസേചന പദ്ധതിയുടെ ഭാഗമായി ടൈഗ്രീസിൽ നിന്ന് കനാലുകൾ വെട്ടി വെള്ളം തിരിച്ചുവിടുന്ന ഒരു സമയമായിരുന്നു അത്. ഈ രണ്ടു മഹാത്മാക്കളുടെയും ഖബറിന്റെ സമീപത്തു കൂടിയായിരുന്നു ഒരു കനാൽ കടന്നുപോയിരുന്നത്. ഈ കനാലിൽ നിന്നുള്ള വെള്ളത്തിന്റെ ശല്യമാണ് ഹുദൈഫ(റ) രാജാവിനോട് പരാതിപ്പെടുന്നത്. ആദ്യം ഇത് രാജാവ് കണക്കിലെടുത്തില്ല. ഇതൊരു തോന്നൽ മാത്രമായിരിക്കാം എന്ന് അദ്ദേഹം വിശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ രണ്ടാം ദിവസവും ഇതേ അനുഭവം ഉണ്ടായി. രാജാവ് കുറച്ചുകൂടി പരിഭ്രമിച്ചു എങ്കിലും വീണ്ടും സമാധാനിക്കുവാൻ ശ്രമിക്കുകയായിരുന്നു.



മൂന്നാമത്തെ ദിവസം പക്ഷേ ഇറാഖിലെ മുഖ്യ മുഫ്തിക്കും ഇതേ സ്വപ്നം ഉണ്ടായി. രാജാവിനേക്കാൾ മതപരമായ കാര്യങ്ങളിൽ താല്പര്യമുണ്ടാകുന്ന, ഉണ്ടാകേണ്ടുന്ന ആളാണ് മുഫ്തി. ആയതിനാൽ അദ്ദേഹം ഇക്കാര്യം അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നൂരി സഈദ് പാഷയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് രണ്ടു പേരും ഒന്നിച്ച് രാജാവിനെ കണ്ടപ്പോൾ രാജാവ് താൻ കണ്ട രണ്ട് ദിവസത്തെ സ്വപ്നങ്ങൾ ഓർത്തെടുത്തു. ഇതോടെ ഇത് പരിഗണിക്കപ്പെടേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കും ഉറപ്പായി. മന്ത്രിസഭാ യോഗം ഈ കാര്യം ചർച്ച ചെയ്തു. രാജ്യത്തിന്റെ മുഖ്യ ഖാളി അനുമതി നൽകുകയാണ് എങ്കിൽ ഖബർ തുറക്കാനും മാറ്റാനും ഗവൺമെൻറ് തയ്യാറാണ് എന്ന് മന്ത്രിസഭ അറിയിച്ചു. ഖാളി ഇതിന് അനുവാദം നൽകി. അതൊരു ദുൽഹജ്ജ് മാസം ആയിരുന്നു. ദുൽഹജ്ജ് പത്തിന് ഖബറുകൾ തുറക്കാനാണ് തീരുമാനം ഉണ്ടായിരുന്നത്. ഹജ്ജിന്റെ സമയമായിരുന്നതിനാൽ വാർത്ത പ്രക്ഷേപണ സൗകര്യങ്ങൾ താരതമ്യേന കുറവായിരുന്നുവെങ്കിലും മുസ്ലിം ലോകത്ത് മുഴുവനും ഈ വാർത്ത എത്തിച്ചേർന്നു.



ലോകത്തിൻെറ പല ഭാഗങ്ങളിൽ നിന്നും വിശ്വാസികളും കുതുകികളും വിജ്ഞാനദാഹികളും എല്ലാം ഒഴുകിയെത്തി. റോയിട്ടേർസ് അടക്കമുള്ള പത്രമാധ്യമങ്ങളും ലോക നേതാക്കന്മാരും ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാരും അവിടെ സന്നിഹിതരായിരുന്നു. ഖബറുകൾ തുറന്നു അതിനകത്തുള്ളത് എന്താണെങ്കിലും അത് നേരെ ചില്ലു പെട്ടിയിലേക്ക് മാറ്റുകയും കൊണ്ടുപോയി മറ്റൊരു സംസ്കരിക്കുകയും ആയിരുന്നു പദ്ധതി. ആദ്യം തുറന്നത് ഹുദൈഫ(റ)യുടെ ഖബർ ആയിരുന്നു. അതീവ ശ്രദ്ധയോടുകൂടെ അത് തുറന്നു നോക്കുമ്പോൾ അത്ഭുതം!, മയ്യത്തിന് ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു. കഫൻ പുടവ പോലും ദ്രവിച്ചിട്ടുണ്ടായിരുന്നില്ല. രണ്ട് മയ്യത്തുകളുടെയും ശാരീരിക നിറത്തിൽ പോലും ഒരു വ്യത്യാസം വന്നിട്ടില്ലായിരുന്നു. തലേന്ന് മറമാടിയത് പോലെ ഒരു കേടും ഇല്ലാത്ത മയ്യത്തുകളെയാണ് അവിടെ കൂടിയ ജനങ്ങൾക്ക് കാണാൻ കഴിഞ്ഞത്. അതോടുകൂടി വിശ്വാസികളുടെ അന്തരംഗങ്ങൾ പൂത്തുലഞ്ഞു. രാജാക്കന്മാരും അംബാസഡർമാരും രാജകുമാരന്മാരും അടുത്തേക്ക് വരികയും ബഹുമാനത്തോടുകൂടി ആ ഖബറുകളിലെ മയ്യത്തുകളെ സ്വന്തം ചുമലിൽ വെച്ച് പുതിയ സ്ഥലത്തേക്ക് നടക്കുകയും ചെയ്തു. അവരെ പിന്നീട് അടക്കം ചെയ്തത് സൽമാൻ ഫാരിസി(റ)യുടെ ഖബറിന് സമീപമാണ്. അക്കാലത്തെ ഏറ്റവും വലിയ വാർത്തയായിരുന്നു ഇത്. മയ്യത്തുകൾ മാറ്റുന്ന രംഗം അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രം ഇതേ മഖ്ബറയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.



അദ്ധ്യായം ഇരുപത്തിനാല്
അഹ്മദുൽ കബീർ രീഫാഈ(റ)



ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). ബനീ രിഫാഅ ഗോത്രത്തില്‍ ജനിച്ചതിനാലാണ് ശൈഖവര്‍കള്‍ രിഫാഈ ശൈഖ് എന്നറിയപ്പെടുന്നത്. ഇറാഖിലെ ബസ്വറയുടെയും വാസിത്വിന്‍റെയും ഇടയിൽ ബത്വാഇഹിലാണ് ശൈഖവര്‍കള്‍ മരണം വരെ താമസിച്ചത്. ലോകത്തു പരന്നുകിടക്കുന്ന രിഫാഇയ്യ ത്വരീഖത്ത് അദ്ദേഹം മുസ്ലിം ലോകത്തിന് നൽകിയ ആത്മീയ സംഭാവനയാണ്. ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഉമ്മു അബീദ എന്ന ചെറിയ ഗ്രാമത്തിലാണ് സുൽത്വാനുൽ ആരിഫീൻ എന്ന അപരനാമത്തിൽ കീർത്തി പെറ്റ അഹ്മദുൽ കബീർ അൽ രിഫാഈ(റ) ജന്മം കൊണ്ടത്. കൃത്യമായി പറഞ്ഞാൽ ഉമ്മു അബീദയിലെ ഹസൻ എന്ന ഉൾപ്രദേശത്താണ് മഹാൻ ജനിച്ചത്. പണ്ഡിതനായിരുന്ന അബുൽ ഹസൻ അലി(റ) ആയിരുന്നു പിതാവ്. ഉമ്മുൽ ഫള്ൽ എന്ന ഫാത്വിമ അൻസ്വാരിയ്യ(റ) എന്നവരായിരുന്നു മാതാവ്. ആത്മീയ ഗുരുവായിരുന്ന ശൈഖ് മൻസ്വൂറുസ്സാഹിദ്(റ) വിന്റെ സഹോദരിയായിരുന്നു അവർ. ഹിജ്‌റ വർഷം 500 മുഹർറം മാസത്തിലാണ് ശൈഖ് രിഫാഈ(റ) ഭൂജാതനായത് എന്നാണ് ഒരു ചരിത്ര പക്ഷം. ഹി : 512 റജബ് മാസം 15 നായിരുന്നുവെന്ന് വേറെ ഒരു പക്ഷവുമുണ്ട്. കലണ്ടർ സംസ്കാരം വ്യാപകമായിട്ടില്ലായിരുന്ന അക്കാലത്തെ സംബന്ധിച്ചിടത്തോളം രണ്ടിലൊന്നിനെ പിന്തുണക്കുവാൻ പ്രയാസമുണ്ട്.



ശൈഖ് രിഫാഈ(റ)വിന്റെ ജനനത്തെ കുറിച്ച് ഒരു പ്രസിദ്ധമായ ചരിത്രം പല ഗ്രന്ഥങ്ങളിലും കാണാം. അത് ഇപ്രകാരമാണ്. ശൈഖ് അഹ്മദുൽ കബീർ അൽ രിഫാഈ(റ) പിറന്നപ്പോൾ നിസ്കരിക്കുന്നയാൾ വെക്കുന്നത് തക്ബീറിൽ വെക്കുന്നതു പോലെ വലത് കൈ നെഞ്ചിന് താഴെ വെച്ചാണ് ജനിച്ചത്. മാത്രമല്ല, ഇടത് കൈ തന്റെ ഗുഹ്യസ്ഥാനത്തും പൊത്തിപ്പിടിക്കും പോലെ വെച്ചിരുന്നു. ഈ സംഭവം ബന്ധപ്പെട്ടവർ ഉടനെ തന്നെ കുട്ടിയുടെ മാതാമഹൻ കൂടിയായ പ്രസിദ്ധ വലിയ്യ് ശൈഖ് മൻസ്വൂറുസ്സാഹിദ്(റ) വിനെ അറിയിച്ചു. അപ്പോൾ അദ്ദേഹം കുട്ടിയുടെ ഇടത് കൈ വേർപ്പെടുത്തി നോക്കാൻ പറഞ്ഞു. അതു പ്രകാരം ബന്ധുക്കൾ വേർപെടുത്തി നോക്കിയെങ്കിലും കുട്ടി കൈ വീണ്ടും ഗുഹ്യ സ്ഥാനത്ത് തന്നെ വെച്ചു. ഈ വിവരം വീണ്ടും മൻസ്വൂറുസ്സാഹിദ്(റ) വിനെ അറിയിച്ചപ്പോൾ അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അൽഹംദുലില്ലാഹില്ലദീ അള്ഹറ ഫീ ബയ്തിനാ നൂറൽ ഹുദൽ മുഹമ്മദിയ്യി..' (മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടിൽ പ്രകടമാക്കിയ അല്ലാഹുവിന് സർവ്വ സ്തുതിയും) ഇതു ജനനത്തിലേ ഈ മഹാൻ പുലർത്തിയ വ്യതിരിക്തതയായിരുന്നു എന്ന് അൽറൗളുന്നാളിർ എന്ന ഗ്രന്ഥം പറയുന്നു. മാത്രമല്ല, കുട്ടി ഈ അവസരത്തിൽ പ്രത്യേകമായി ചുണ്ടനക്കുന്നതും എന്തൊക്കെയോ ഉരുവിടുന്നതും കാണാമായിരുന്നു എന്നു കൂടി സംഭവം റിപ്പോർട്ട് ചെയ്ത ബന്ധുക്കൾ പറയുന്നു.



മക്കയിൽ നിന്ന് വന്ന സവിശേഷമായ ഒരു പിതൃപരമ്പരയിലായിരുന്നു മഹാനവർകളുടെ ജനനം. പിതാക്കന്മാരിലൊരാളായ ഹസനുൽ രിഫാഇയ്യിൽ മക്കീ(റ) എന്നവരിൽ നിന്നാണ് അത് പുരോഗമിക്കുന്നത്. വിശുദ്ധ മക്കയിൽ താമസിക്കുകയായിരുന്ന ഹസനുൽ രിഫാഇയ്യ (റ) ഹിജ്റ 317 ൽ ഉൻദുലുസിലെ ഇശ്ബീലിയയിലേക്ക് താമസം മാറ്റി എന്നാണ് ചരിത്രം. അന്നു മക്കയിലുണ്ടായ ചില അനാരോഗ്യകരമായ സംഭവ വികാസങ്ങളായിരുന്നു താമസം മാറ്റത്തിന് കാരണം. ഇശ്ബീലിയയിലെത്തിയ മഹാനവർകൾക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. നല്ലൊരു പണ്ഡിതനും സുവിനീതനുമായിരുന്ന ശൈഖവർകളുടെ വ്യക്തി വൈശിഷ്ട്യവും പാണ്ഡിത്യവും മത തൽപരരായ ആന്തലൂഷ്യയിലെ മുസ്‌ലിംകളെ ഹഠാദാകർഷിച്ചു. അമവികളിലൂടെ ഈമാനും ഇസ്ലാമും അധികാരവും എത്തിയ ആന്തലൂഷ്യ എന്ന അന്നത്തെ സ്പെയിൻ ക്രമേണ വൈജ്ഞാനികമായി ഏറെ ശ്രദ്ധ നേടിയ സ്ഥലമായിരുന്നു അക്കാലത്ത്. ലക്ഷണമൊത്ത ഒരു സ്വൂഫിയും ജ്ഞാനിയുമായിരുന്നതിനാൽ നാടെങ്ങും ശൈഖ് ഹസൻ രിഫാഈ(റ)വിന്റെ കീർത്തി വ്യാപിച്ചു. അദ്ദേഹത്തിൽ നിന്ന് ജ്ഞാനം സ്വീകരിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാന്വേഷികൾ പ്രവഹിക്കാൻ തുടങ്ങി.



കുറേ കാലത്തിന് ശേഷം, ആ പരമ്പരയിലെ ശൈഖ് യഹ് യ രിഫാഈ(റ) പിതൃഭൂമിയായ മക്കയിലേക്ക് യാത്ര തിരിച്ചു. മക്കയിലെത്തിയ മഹാനവർകൾ പരിശുദ്ധ ഹജ്ജും ഉംറയും നിർവ്വഹിച്ചു. അൽപകാലം അവിടെ നിന്ന ശേഷം ഇറാഖിലെ ബസറയിലേക്ക് പോയി. അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു മഹാനവർകളുടെ ഉദ്ദേശ്യം. ഹിജ്‌റ വർഷം 450 ൽ ആയിരുന്നു ഈ സംഭവം. അദ്ദേഹം ബസ്വറയിലും അതിവേഗം സ്വീകാര്യനായി മാറി.
ബസറയിലെ ജീവിതകാലത്ത് ശൈഖ് യഹ് യ(റ) പല മഹാന്മാരുമായും ആത്മബന്ധം സ്ഥാപിച്ചു. അതിനിടെ മഹാനവർകൾ ബസറയിലെ പ്രമുഖ പണ്ഡിതനായിരുന്ന അബൂ സഈദുന്നജ്ജാറിന്റെ പുത്രി അൽമാ അൽ അൻസ്വാരിയ്യ(റ) എന്ന മഹതിയെ വിവാഹം ചെയ്തു. ഈ വിശുദ്ധ ബന്ധത്തിലാണ് ശൈഖ് അഹമദ് രിഫാഈ(റ) വിന്റെ പിതാവ് ശൈഖ് അബുൽ ഹസൻ അലി രിഫാഈ(റ) ജനിക്കുന്നത്.



പിതാവിന്റെ വിയോഗാനന്തരം മാതുലന്റെ സംരക്ഷണത്തിലാണ് അബുൽ ഹസൻ അലി(റ) വളർന്നത്. പ്രതിബന്ധങ്ങളെയെല്ലാം അവഗണിച്ച് ശൈഖ് അലി(റ) ഉന്നത ജ്ഞാനം നേടാൻ നിരന്തര ശ്രമങ്ങളിൽ ഏർപ്പെട്ടു. വിശുദ്ധ ഖുർആൻ തീർത്തും ഹൃദിസ്ഥമാക്കി. വിവിധ ജ്ഞാന ശാഖകളിൽ നൈപുണ്യം നേടിയെടുക്കുകയും ചെയ്തു. അധ്യാത്മിക ജ്ഞാനത്തിന്റെ ഔന്നത്യങ്ങൾ കീഴടക്കിയ ശൈഖ് അലി(റ) ശൈഖ് സയ്യിദ് ഹസനുബ്നു സയ്യിദ് മുഹമ്മദ് ഹസൻ അൽ മക്കി(റ) എന്ന മഹാന്റെ ആത്മീയ ശിക്ഷണത്തിലാണ് വളർന്നത്. മഹാനിൽ നിന്ന് തന്നെയാണ് ഖിർഖ സ്വീകരിച്ചതും. ശൈഖ് അലി(റ)യുടെ കുടുംബം പിൽക്കാലത്ത് ബത്വാഇഹിലെ ഉമ്മു അബീദയിലേക്ക് താമസം മാറ്റി. അവിടെ വെച്ച് ഹിജ്റ 497 ൽ അദ്ദേഹം വിവാഹിതനായി. മാതുലനും ഗുരുവുമായ ശൈഖ് യഹ് യന്നജ്ജാരി(റ)യുടെ പുത്രിയായിരുന്നു വധുവായ ഉമ്മുൽ ഫള്ൽ ഫാത്വിമ നജ്ജാരിയ്യ അൻസ്വാരിയ്യ. ഈ കുടുംബത്തിലാണ് ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) ജനിച്ചത്. സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ, സയ്യിദ സീത്തുന്നസബ് എന്നിവരാണ് ശൈഖവർകളുടെ സഹോദരങ്ങൾ.



അസാധാരണ സംഗതികളും അത്ഭുതങ്ങളും നിറഞ്ഞുനിന്നതായിരുന്നു ശൈഖ് രിഫാഈ(റ) വിന്റെ ബാല്യ ജീവിതം. മഹാനവർകൾ തൊട്ടിലിൽ വെച്ച് തന്നെ സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും മാതാവ് കേൾക്കുകയുണ്ടായി. തന്റെ മകൻ ഒരുപാട് അൽഭുത കഴിവുകളുള്ളവനാണെന്ന് അവർക്ക് ആദ്യമേ മനസ്സിലായിരുന്നു. പ്രസവിച്ച വർഷം റമളാൻ വരെ മുലപ്പാൽ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞ് റമളാൻ പിറന്നതോടെ പെട്ടെന്ന് കുടിക്കാതായി. ശൈശവത്തിലേ റമളാനിൽ അന്നപാനീയങ്ങൾ ഒഴിവാക്കിയ ആ കുഞ്ഞ് മഹാന്മാർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. കൂട്ടുകാരായ സമപ്രായക്കാരെല്ലാം കളിച്ചു തിമർത്തു നടക്കുമ്പോൾ ആധ്യാത്മികതയിലേക്ക് തിരിഞ്ഞ മനസ്സുമായി സ്വസ്ഥമായി ഇബാദത്തു ചെയ്യുകയായിരുന്നു ബാലനായ രിഫാഈ(റ). മഹത്തുക്കളുള്ളയിടങ്ങളിലും വിജ്ഞാന സദസ്സുകളിലും ആ ബാലൻ പോയിഇരിക്കും. അവരോട് സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യും. ഈ വേറിട്ട ബാലനിലെ ആധ്യാത്മിക നേതാവിനെ അതു വരെ തിരിച്ചറിയാതിരുന്നവർക്കും അദ്ദേഹത്തെ അടുത്തു പഠിക്കാൻ ഇത് വഴിയൊരുക്കി.



മഹാനവർകളിൽ വിലായത്തിന്റെ പ്രഭ ഉണ്ടെന്നു പ്രഖ്യാപിച്ച പണ്ഡിതന്മാർ നിരവധിയായിരുന്നു. ശൈഖ് രിഫാഈ (റ) ചെറുപ്പത്തിൽ ഏതാനും സമപ്രായക്കാരോടൊത്ത് നിൽക്കുമ്പോൾ അത് വഴി ഒരു സംഘം സ്വൂഫികൾ കടന്നുവന്നു. യാദൃശ്ചികമായി ശൈഖ് രിഫാഈ(റ) വിനെ കണ്ട അവർ പൊടുന്നനെ നിന്നു. ആ ബാലനെ തന്നെ നിർന്നിമേഷരായി നോക്കി ഒരേ നിൽപ്പ്. അൽപം കഴിഞ്ഞപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: 'പുണ്യ വൃക്ഷം പ്രത്യക്ഷമായിരിക്കുന്നു'. അതു കേട്ട മറ്റൊരാൾ : 'അതിന്റെ നിഴൽ നമുക്ക് അനുഭവപ്പെടാൻ അധികം വൈകില്ല. പ്രയോജനം വ്യാപിക്കും. തുടർന്ന് താമസിയാതെ അവരിൽ നിന്ന് അത്ഭുതങ്ങൾ പുറപ്പെടും. അവിടുത്തെ മഹത്വം വർദ്ധിക്കും. ധാരാളം ശിഷ്യ ജനങ്ങൾ അദ്ദേഹത്തെ തേടിയെത്തും. അവരുടെ കവാടങ്ങൾ ലക്ഷക്കണക്കിനാളുകൾക്കായി തുറക്കപ്പെടും' എന്നിങ്ങനെയുള്ള ആശീർവാദ വചസ്സുകളിലൂടെ അവരുടെ സംഭാഷണം നീണ്ടുപോയി. ഈ അനുഗ്രഹാശിരസ്സുകൾ നൽകിയ ശേഷം അവരെല്ലാം തിരിച്ചുപോയി. (ഖിലാദത്തുൽ ജവാഹിർ). മാതുലനായ ശൈഖ് മൻസ്വൂർ(റ) ആയിരുന്നു ശൈഖ് രിഫാഈ(റ) യുടെയും മാതാവിന്റേയും ജീവിതച്ചിലവുകൾ നിവർത്തിച്ചിരുന്നത്. ശൈഖ് രിഫാഈ(റ) യുടെ പ്രഥമ ഗുരുവും അവിടുന്ന് തന്നെയായിരുന്നു.



മാതുലൻ തന്നെ ബസ്വറയിലെ വിശ്രുത ഖാരിഉം പണ്ഡിതനുമായിരുന്ന ശൈഖ് അബുൽ ഫള്ൽ അലിയ്യുൽ ഖാരി വാസ്വിത്വി(റ) യുടെ ദർസിൽ അഹ്മദുൽ കബീർ രിഫാഈ(റ)വിനെ ചേർത്തു. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. വളരെ പെട്ടെന്ന് തന്നെ മഹാനവർകൾ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. ഖുർആൻ പാരായണ ശാസ്ത്രം, കർമ ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞ കാലം കൊണ്ട് സഹപാഠികളേക്കാൾ മുൻ പന്തിയിലെത്തി. പഠന കാലത്ത് തന്നെ ശാഫിഈ കർമ ശാസ്ത്രത്തിന്റെ കിതാബുത്തൻബീഹ് ഹൃദിസ്ഥമാക്കിയിരുന്നു. മറ്റൊരു കർമ്മ ശാസ്ത്ര വിശാരദനായ ശൈഖ് അബുല്ലൈസ്(റ)യുടെ സദസ്സിലും കൂടെക്കൂടെ പോയി അദ്ദേഹം വിദ്യ വിപുലപ്പെടുത്തുമായിരുന്നു. തീർത്തും ഭൗതിക വിരക്തിയിലധിഷ്ടിതമായ ജീവിതത്തിനുടമയായിരുന്നു മഹാനവർകൾ. ശൈഖ് അബൂബക്കർ അൽ വാസ്വിത്വി, ശൈഖ് അബ്ദുൽ മലിക്കുൽ ഖർനൂബി(റ) തുടങ്ങിയവരും അവിടുത്തെ ഉസ്താദുമാരിൽ പെടുന്നു. തന്റെ ശിഷ്യന്റെ ബുദ്ധിപരവും ആധ്യാത്മികവുമായ പ്രത്യേകതകൾ ശൈഖ് അലിയ്യുൽ വാസ്വിത്വി(റ) നന്നായി മനസ്സിലാക്കിയിരുന്നു. ശൈഖ് അലിയ്യുൽ ഖാരി (റ) ഒരിക്കൽ പറഞ്ഞു: 'ഞങ്ങൾ പേരിന് മാത്രമാണ് അദ്ദേഹത്തിന് ശൈഖാകുന്നത്. യഥാർത്ഥത്തിൽ അദ്ദേഹം ഞങ്ങളുടെ ശൈഖാണ് '.



ശൈഖ് അലിയ്യുൽ ഖാരി(റ)ക്ക് തന്റെ ശിഷ്യനെ സംബന്ധിച്ചുണ്ടായിരുന്ന ബോധ്യത്തിന് ഉപോൽബലകമായ ഒരു സംഭവം മഹാനായ ഇമാം യാഫിഈ(റ) തന്റെ റൗളുറയാഹീനിൽ ഉദ്ധരിക്കുന്നുണ്ട്. ശൈഖ് അലിയ്യുൽ ഖാരി(റ)യുടെ കീഴിൽ ശൈഖ് രിഫാഈ(റ) ഖുർആൻ പഠിച്ചു കൊണ്ടിരുന്ന കാലത്താണത്. ഒരിക്കൽ ഒരാൾ ശൈഖിനേയും ശിഷ്യന്മാരേയും വീട്ടിലേക്ക് ക്ഷണിച്ചു. പ്രമുഖരായ പല ഖാരിഉകളും മശാഇഖുമാരും പ്രസ്തുത സദ്യയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഭക്ഷണ സാധനങ്ങൾ നിരന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു. അതിനിടെ അവിടെ കടന്നു വന്ന ഒരു മനുഷ്യൻ ആത്മീയത ചാലിച്ച കീർത്തനങ്ങളാലപിക്കാനും ദഫ് മുട്ടാനും തുടങ്ങി. മശാഇഖുമാരുടെ ചെരിപ്പുകൾ വെച്ച ഭാഗത്ത് തന്റെ ഗുരുവിന്റെ ചെരിപ്പിനടുത്താണ് ശൈഖ് രിഫാഈ(റ) ഇരുന്നിരുന്നത്. പ്രകീർത്തന രാഗങ്ങൾ സദസ്സിനെ പിടിച്ചിരുത്തി. സദസ്സ് മുഴുവൻ ആത്മീയാനുരാഗത്തിൽ ലയിച്ചു ചേർന്നിരിക്കേ ശൈഖ് രിഫാഈ(റ) പെട്ടെന്ന് എഴുന്നേറ്റ് ചെന്ന് അയാളിൽ നിന്ന് ദഫ് പിടിച്ചു വാങ്ങി പൊട്ടിച്ച് വലിച്ചെറിഞ്ഞു. ധാരാളം പ്രമുഖരുള്ള ആ സദസ്സിൽ ആ ചെറിയ കുട്ടിയായ രിഫാഈ(റ) യുടെ ഈ ചെയ്തി പലർക്കും ഇഷ്ടപ്പെട്ടില്ല..!! അവർ രിഫാഈ (റ) വിന്റെ ഗുരുനാഥനായ ശൈഖ് അലി(റ)യോട് അമർഷം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു : 'ഇതൊരു ചെറിയ കുട്ടിയാണ്. ഒരു ബാലനോട് ഇത്തരമൊരു പെരുമാറ്റത്തിന് വിശദീകരണം തേടുന്നതിൽ അർത്ഥമില്ല. അതിനാൽ കുട്ടിയെ കൊണ്ടു വന്ന താങ്കളാണ് ഉത്തരവാദി. നിങ്ങൾ വേണ്ടതു ചെയ്യണം' ശൈഖ് അലി(റ) നിങ്ങൾ അവനോട് തന്നെ ചോദിക്കുക എന്നു പറഞ്ഞു. അവൻ മറുപടി പറയുന്നില്ലെങ്കിൽ ഞാൻ ഉത്തരവാദിത്വം ഏൽക്കാം എന്നും അദ്ദേഹം പറഞ്ഞു. അവർ ബാലനായ രിഫാഈ (റ) വിനെ വിളിച്ച് കാരണമന്വേഷിച്ചു. പാട്ടുകാരൻ കീർത്തനം ആലപിച്ചപ്പോൾ അയാളുടെ മനസ്സിലെന്താണുണ്ടായിരുന്നത് എന്ന് അന്വേഷിച്ചു വരാനായിരുന്നു ബാലനായിരുന്ന രിഫാഈ(റ)യുടെ മറുപടി..! അവർ അവനെ വിളിച്ചു വരുത്തി. എന്താണ് അയാൾ മനസ്സിൽ കരുതിയിരുന്നത് എന്ന് ചോദിച്ചു. അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാൻ ഇന്നലെ മദ്യപാനികളായ ചില ആളുകളുടെയടുത്ത് എത്തിപ്പെട്ടിരുന്നു. അവർ കുടിച്ച് ലക്ക് കെട്ട് ആടുന്നത് ഞാൻ കണ്ടു. ഈ മഹാന്മാർ ആധ്യാത്മികതയിൽ ലയിച്ച് ആടിയപ്പോൾ ഇവർ ഇന്നലെ കണ്ട ആളുകളെ പോലെയുണ്ട് എന്ന് എനിക്ക് തോന്നിപ്പോയി. ആ നിമിഷത്തിലാണ് ആ കുട്ടി എന്റെ കയ്യിൽ നിന്ന് ദഫ് തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞത്'. പാട്ടുകാരന്റെ പ്രതികരണം സദസ്സിനെ അത്ഭുതപ്പെടുത്തി. സദസ്സിലുണ്ടായിരുന്ന മഹാന്മാർ മുഴുവൻ ശൈഖ് രിഫാഈ(റ) തങ്ങളുടെ കൈപിടിച്ചു ചുംബിച്ച് ബറക്കത്തെടുത്തു. ശൈഖവർകളെ തെറ്റിദ്ധരിച്ചവർ അവിടത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. (റൗളുറയാഹീൻ). ചെറുപ്പത്തിലേ ഈ മഹാൻ ആത്മീയ ഔന്നത്യം പ്രാപിച്ചിരുന്നു എന്നതിന് തെളിവാണ് ഈ സംഭവം.



ശൈഖ് രിഫാഈ(റ)യുടെ ആദ്യ ആത്മീയ ഗുരുക്കൾ മൻസ്വൂറു സ്സാഹിദ്(റ), ശൈഖ് അലിയ്യുൽ വാസിത്വി(റ) എന്നിവർ തന്നെയായിരുന്നു. രണ്ടു പേരിൽ നിന്നും ശൈഖ് രിഫാഈ(റ) ഖിർഖ (സ്ഥാന വസ്ത്രം) സ്വീകരിച്ചിട്ടുണ്ട്. ഇടക്കിടെ മഹാന്മാരെ പോയി കണ്ട് ഉപദേശം തേടും. അബ്ദുൽ മലിക്കിൽ ഖർനൂബി (റ) വിനെ വർഷത്തിലൊരിക്കൽ എങ്കിലും സന്ദർശിക്കുകയും ദുആ ചെയ്യിക്കുകയും മഹാനവർകളുടെ പതിവായിരുന്നു. ഹിജ്റ 539 ൽ ശൈഖ് രിഫാഈ(റ)വിനെ മൻസ്വൂർ(റ) വാസിത്വിൽ നിന്ന് ഉമ്മു അബീദയിലേക്ക് വിളിച്ചു വരുത്തി. ശൈഖ് മൻസ്വൂറുസ്സാഹിദ്(റ) വഫാതാവുന്നതിന് ഒരു കൊല്ലം മുമ്പായിരുന്നു ഇത്. അന്ന് അവിടെ വെച്ച് ശൈഖ് മൻസ്വൂർ(റ) രിഫാഈ തങ്ങൾക്ക് ഖിലാഫത്ത് നൽകി. രിയാളയിലും മുജാഹദയിലും മുഴുകി നിരന്തര പരിശീലനങ്ങൾ കൊണ്ട് ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കുകയായിരുന്ന ശൈഖ് രിഫാഈ(റ)ക്ക് അന്ന് പ്രായം 28 വയസ്സ് ആവുന്നതേയുണ്ടായിരുന്നുള്ളൂ. തുടർന്ന് ബസ്വറയിലെയും വാസിത്വിലെയും ശൈഖുമാരോടും ആധ്യാത്മിക തൽപരരോടും ശൈഖ് മൻസ്വൂർ(റ) ശൈഖ് രിഫാഈ(റ)വിനെ ആദരിക്കണമെന്നും അംഗീകരിക്കണമെന്നും നിർദ്ദേശിച്ചു. അങ്ങനെ ശൈഖവർകൾ ഉമ്മു അബീദയിൽ പർണശാലയും ദർസും ഒന്നിച്ചു നടത്തി. വിജ്ഞാന കൗതുകികളും ആത്മീയ വിഷയങ്ങളിൽ താൽപര്യമുള്ളവരുമായ ജനലക്ഷങ്ങൾ അങ്ങോട്ടൊഴുകി.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso