Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 13

12-12-2023

Web Design

15 Comments




ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ശൈഖായ അബൂ ബക്കർ വാസിത്വി(റ)യുടെ മകളായ ഖദീജ അൻസ്വാരിയ്യ(റ)യെയാണ്. ആ ബന്ധത്തിൽ സയ്യിദത്ത് ഫാത്വിമ(റ), സയ്യിദത്ത് സൈനബ് (റ) എന്നീ പുത്രിമാർ ജനിച്ചു. നീണ്ട കാലത്തെ ദാമ്പത്യജീവിതത്തിനു അന്ത്യം കുറിച്ചു കൊണ്ട് ഹിജ്‌റ : 553 ൽ പ്രസ്തുത ഭാര്യ വഫാത്തായി. അതിനു ശേഷം അവരുടെ സഹോദരിയായ സയ്യിദ റാബിഅ(റ)യെ ശൈഖവർകൾ കല്യാണം കഴിച്ചു. അവർ സയ്യിദ് സ്വാലിഹ് ഖുത്വുബുദ്ദീൻ എന്ന പുത്രന് ജന്മം നൽകി. പിതാവിന്റെ മാർഗ്ഗേ തന്നെയായിരുന്നു സയ്യിദ് ഖുത്വുബുദ്ദീൻ(റ)യുടെയും ചലനം. ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കി. ഖുർആനു ശേഷം കർമശാസ്ത്രവും പഠിച്ചു. പിതാവിന്റെ സാന്നിധ്യത്തിൽ ഇമാം നിൽക്കുകയും പീഠത്തിൽ കയറി പ്രസംഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മഹാനവർകൾക്ക് അധിക കാലം ജീവിച്ചിരിക്കാൻ വിധിയുണ്ടായിരുന്നില്ല. പിതാവിന്റെ ജീവിത കാലത്ത് തന്നെ സയ്യിദ് സ്വാലിഹ് ഖുത്വുബുദ്ദീൻ(റ) മരണപ്പെട്ടുപോയി. സയ്യിദ് ഖുത്വുബുദ്ദീൻ(റ)ക്ക് പുറമെ സയ്യിദ് ഖാസിം, സയ്യിദ് ഇബ്റാഹീം, സയ്യിദ് അബ്ദുൽ മുഹ്സിൻ(റ) തുടങ്ങി ചില ആൺകുട്ടികളെ കൂടി ചില ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. പക്ഷെ അവർ ഏതു ഭാര്യയുടെ മക്കൾ എന്ന് വ്യക്തമല്ല. ഏതായാലും ശൈഖ്(റ)വിന്റെ ആൺകുട്ടികൾ അവിടുത്തെ ജീവിത കാലത്ത് വഫാതായിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്.



ശൈഖവര്‍കള്‍ ആത്മീയമായ വലിയ സ്ഥാനത്തിനുടമയായിരുന്നു. അല്ലാഹുവിന്‍റെ അനുമതിയോടെ കുഷ്ഠം, ജന്മനാലുള്ള അന്ധത പോലുള്ള രോഗങ്ങള്‍ സുഖപ്പെടുത്തിയിരുന്നു (ഖലാഇദുല്‍ ജവാഹിര്‍, ബഹ്ജതുല്‍ അസ്റാര്‍). ഒരിക്കല്‍ മഹാന് ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു. ദുന്‍യാവ് എത്തിക്കഴിഞ്ഞു. ഇതു കേട്ട ശിഷ്യര്‍ ചോദിച്ചു. ഭക്ഷണം കഴിക്കുന്നത് ഐഹിക പ്രേമമാവുമോ? അല്ലാഹുവിനെ ഓര്‍ക്കുന്നതിന് തടസ്സമാവുന്നതെല്ലാം ഭൗതിക പ്രേമമാവുമെന്ന് അവിടുന്ന് പ്രതിവചിച്ചു. ആത്മീയ ഔന്നിത്യത്തിന്‍റെ അടിസ്ഥാനം ഭൗതിക പരിത്യാഗമാണെന്ന് അവിടുന്നെപ്പോഴും പറയാറുണ്ട്. പാവങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന മഹാന്‍ പണക്കാരുടെ മുഖത്തേക്ക് നോക്കുക പോലുമുണ്ടായിരുന്നില്ല. അവരോടുള്ള സമ്പര്‍ക്കം ഹൃദയ കാഠിന്യത്തിന് കാരണമാകുമെന്ന് ശിഷ്യരെ ഉല്‍ബോധിപ്പിച്ചു. ഉമ്മു അബീദയില്‍ നിന്ന് പുറത്തു പോകുമ്പോള്‍ കൂടെ ഒരു കയര്‍ കരുതുകയും തിരിച്ചു വരുമ്പോള്‍ വിറക് ശേഖരിച്ച് നാട്ടിലെ അശരണര്‍ക്കും വിധവകള്‍ക്കും എത്തിച്ചു കൊടുക്കാറുമുണ്ടായിരന്നു. സ്വന്തം ആവശ്യത്തിന് മറ്റൊരാളെയും ആശ്രയിക്കാത്ത രിഫാഈ(റ) ഞാന്‍ തന്നെ സേവകനാണ്, സേവകനെന്തിന് മറ്റൊരു സേവകന്‍ എന്നെപ്പോഴും പറയാറുണ്ട്. മനുഷ്യരോടും ഇതര ജീവികളോടുമുള്ള സ്നേഹവായ്പും ഹൃദയ നൈര്‍മല്ല്യവും ആര്‍ദ്ര മനസ്സുമാണ് അദ്ദേഹത്തെ ഉന്നത സോപാനങ്ങളിലേക്ക് ഉയര്‍ത്തിയതെന്ന് സമകാലിക മഹത്തുക്കള്‍ അനുസ്മരിക്കുന്നുണ്ട്. വെള്ളപ്പാണ്ട്, കുഷ്ഠം തുടങ്ങിയ മാരക രോഗങ്ങള്‍ കാരണം സമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ട രോഗികളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവര്‍ക്ക് സാന്ത്വന സ്പര്‍ശനമേകുകയും ചെയ്യുന്നത് ഈ അനുപമ വ്യക്തിത്വത്തിന്‍റെ പതിവായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ അലക്കുകയും ഭക്ഷണമെത്തിച്ചു കൊടുക്കുകയും കൂടെ ഇരിക്കുകയും ശുശ്രൂഷിക്കുകയും ദുആ ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.



ഉമ്മു അബീദാ ഗ്രാമത്തില്‍ മാരക വ്രണങ്ങള്‍ ബാധിച്ച് ശരീരമാസകലം പൊട്ടിയൊലിച്ച് അവശയായ ഒരു നായയുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധം കാരണം ഒരു പറ്റം ആളുകള്‍ അതിനെ വലിച്ചിഴച്ച് ഗ്രാമത്തിന്‍റെ വെളിയില്‍ കൊണ്ടുപോയിട്ടു. വിവരമറിഞ്ഞ മഹാന്‍ അങ്ങേയറ്റം സങ്കടപ്പെടുകയും മരുന്നും ഭക്ഷണവുമായി ജീവിയുടെ അടുത്തെത്തി, വ്രണങ്ങള്‍ ശുദ്ധിയാക്കുകയും മരുന്ന് വെച്ചു കെട്ടുകയും, വെയില്‍ തടയാന്‍ ചെറിയ കുടില്‍ കെട്ടി അതിനെ അതില്‍ പാര്‍പ്പിക്കുകയും ചെയ്തു. പട്ടിക്കല്‍പ്പം ആശ്വാസം ലഭിച്ച് അതിനെ കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് മഹാന്‍ വിശ്രമിച്ചത്. ചോര കുടിക്കുന്ന കൊതുകിനെയും ശരീരത്തില്‍ കിടന്നുറങ്ങിയ പൂച്ചയെയും ശല്യപ്പെടുത്താതെ സ്വാതന്ത്ര്യം നല്‍കി കാരുണ്യം കാണിച്ച എത്രയെത്ര സംഭവങ്ങള്‍ സ്മര്യപുരുഷന്‍റെ ജീവിതത്തില്‍ ദര്‍ശിക്കാനാവും. അതു കൊണ്ടല്ലേ വിശേഷ ബുദ്ധിയില്ലാത്ത ജീവികള്‍ പോലും അദ്ദേഹത്തെ തിരിച്ചും ആദരിച്ചത്.



ലക്ഷങ്ങളെ ആത്മീയോന്നതിയിലേക്കുയര്‍ത്തി, നിരുമപ വൈജ്ഞാനിക വിപ്ലവത്തിനു നേതൃത്വം വഹിച്ച്, സമൂഹത്തിന്‍റെ മനസ്സകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അശ്ശൈഖ് അഹ്മദുല്‍ കബീറുര്‍ രിഫാഈ(ഖ.സി) ഹിജ്റാബ്ദം 578 (570 എന്നും അഭിപ്രായമുണ്ട്) ജമാദുല്‍ ഊലാ 12ന് വ്യാഴാഴ്ച ളുഹ്റിന്‍റെ സമയത്ത് വഫാതായി.



അദ്ധ്യായം ഇരുപത്തിയഞ്ച്
ഇറാഖിലെ മറ്റു കാഴ്ചകൾ



കിസ്റ കൊട്ടാരം



നബി തിരുമേനി(സ) ജനിച്ച സമയത്ത് ലോകത്ത് പല സൂചനകളും ഉണ്ടായിട്ടുണ്ട്. അവ എല്ലാം അത്ഭുതപ്പെടുത്തുന്നവയായിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പേർഷ്യൻ സാമ്രാജ്യത്തിന്റെ അധിപൻ ആയിരുന്ന കിസ്റ രാജാവിൻെറ കൊട്ടാരം ആ സമയത്ത് വിറച്ചതും അതിൻെറ ബാൽക്കണിയിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ തലകീഴായി മറിഞ്ഞതും. ഈ അത്ഭുതം സംഭവിച്ച കൊട്ടാരം ഇപ്പോഴും അതേപടി ഇറാഖിലെ മദായിൻ എന്ന സൽമാൻ പാക്കിൽ സ്ഥിതിചെയ്യുന്നുണ്ട്. കാലപ്പഴക്കം കാരണത്താൽ സുരക്ഷാ പ്രയാസങ്ങൾ നേരിടുന്ന ഒരു സ്ഥലമാണിത്. ആയതിനാൽ സന്ദർശകർക്ക് കൊട്ടാരത്തിന്റെ വളരെ അടുത്തു പോകുവാൻ ഇപ്പോൾ കഴിയാത്ത സാഹചര്യമാണ്.



ബാബിലോണിയ



പുരാതന സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന ബാബിലോണിയ എന്ന ബാബിൽ നഗരം സ്ഥിതി ചെയ്യുന്നത് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ തെക്കുഭാഗത്ത് 90 കിലോമീറ്റർ അകലെയാണ്. ബാബിൽ എന്നത് പണ്ട് ബാബുൽ ഇലാഹ് അഥവാ ദൈവത്തിൻെറ കവാടം ആയിരുന്നു. പിന്നീട് വിവിധ സംസ്കാരങ്ങൾ കയറിയിറങ്ങിയപ്പോഴാണ് പേര് ബാബിൽ എന്നായത്. കൽദാനീ ചാകവർത്തി ബുക്കഡ് നസർ (ബി സി 604 - 562) സാമൂഹ്യ സംസ്കാരത്തിന്ന് അടിത്തറ പാകിയ ഹമ്മുറാബി (ബി സി 1792 - 1750) തുടങ്ങിയ പ്രധാനപ്പെട്ട ഭരണാധികാരികളുടെ സിംഹാസനം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ്. നിരവധി ചരിത്രശേഷിപ്പുകളാൽ സമ്പന്നമാണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ ആശയം ഉൾക്കൊള്ളുന്ന ഒരു മ്യൂസിയം ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്.



ഉർ



തെക്കൻ ഇറാഖിൽ നാസിരിയ്യ നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള ഒരു സുമേറിയൻ ചരിത്ര നഗരപ്രദേശമാണ് ഉർ. ബി സി രണ്ടായിരത്തിൽ പ്രവാചകനായ ഇബ്രാഹിം നബി(അ) ജനിച്ചതും വളർന്നതും ഇവിടെയാണ്. സുമേറിയൻ സംസ്കാരത്തിന്റെ ചരിത്രം പറയുന്ന ധാരാളം പുരാതന ക്ഷേത്ര അവശിഷ്ടങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ താഴ്‌വര. ഹയ്യുൽ മആബിദിൽ സ്ഥിതിചെയ്യുന്ന സക്കൂറ എന്ന ആരാധനാലയം ആണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. 1922 ലും 34 ലും ഇവിടെ നടന്ന ഉൽഘനനങ്ങളിലൂടെയാണ് ഈ ചരിത്ര അവശിഷ്ടങ്ങളിലേക്ക് എത്തിച്ചേർന്നത്. ഇവിടെ നിന്ന് ലഭിച്ച വിലപ്പെട്ട പല ചരിത്ര ശേഷിപ്പുകളും ബ്രിട്ടനിലെയും ഫ്രാൻസിലെയും മ്യൂസിയങ്ങളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.



സാംറാഅ്



ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 124 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് സാംറാഅ്. സാസാനീ ഭരണകൂടത്തിന്റെ ഒരു സൈനിക കോട്ട ഇവിടെയുണ്ടായിരുന്നു. അത് സുമേറിയൻ കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. ഇസ്ലാമിക ചരിത്രത്തിൽ ഏറെ അറിയപ്പെടുന്ന നഗരമാണിത്. ഹിജ്റ 221 ൽ അബ്ബാസി ഖലീഫ മുഇസ്സാണ് ആണ് ഈ നഗരത്തിൻെറ സ്ഥാപകൻ. ഖലീഫ മുത്തവക്കിൽ സ്ഥാപിച്ച പള്ളിയാണ് ഇവിടുത്തെ ഏറ്റവും പഴക്കമുള്ള ചരിത്ര സ്മാരകം. 52 മീറ്റർ ഉയരം ഉണ്ട് ഈ പള്ളിയുടെ മിനാരത്തിന്. പഴയ കാലത്തിന്റെ ചരിത്രം പറയുന്ന നിരവധി കോട്ടകൾ ഇവിടെ ഉണ്ട്. അബ്ബാസി ഖലീഫ മുഅതസിം ഉണ്ടാക്കിയ ബഖ്വാറാ കോട്ട, ഖലീഫ മുഅതമിദ് ഉണ്ടാക്കിയ പ്രണയത്തിന്റെ കോട്ട തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. ഷിയാ വിശ്വാസികളുടെ ഇമാമുമാരായ അലി അൽ ഹാദി, ഹസൻ അസ്കരി എന്നിവർ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.



നൈനുവാ



വടക്കൻ ഇറാഖിലെ ആശൂരിയ ചരിത്ര സ്മാരക നഗരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ് നൈനുവാ. ബാഗ്ദാദിൽ നിന്ന് 410 കിലോമീറ്റർ അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പുരാതന ശിലായുഗത്തിലെ വിലപ്പെട്ട പല ശിലാ രേഖകളും ലോകത്തിന് ലഭിച്ചിട്ടുള്ള പ്രദേശം കൂടിയാണ് ഇത്. ബിസി 3000 വരെയെത്തുന്ന ചരിത്രശേഷിപ്പുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇവിടം ഭരിച്ചിരുന്നതായി കരുതപ്പെടുന്ന സർജൂൻ രാജാവിൻെറ പ്രതിമ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. പ്രവാചകനായ യൂനുസ് നബി ഇവിടേക്ക് അല്ലാഹുവിന്റെ സമ്മതമില്ലാതെ പുറപ്പെട്ടപ്പോഴാണ് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചതും അദ്ദേഹം മത്സ്യ വയറ്റിൽ അകപ്പെട്ടതുമെല്ലാം. ഈ ചരിത്രം ഖുർആൻ പറയുന്നുണ്ട്.



ടൈഗ്രീസ്, യൂഫ്രട്ടീസ് നദികൾ



ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നീ രണ്ടു നദികള്‍ക്കിടയിലാണ് മെസപ്പൊട്ടോമിയന്‍ സംസ്‌കാരം വളര്‍ന്നുവന്നത്. ഇറാഖിന്റെ ആദ്യത്തെ പേര് മെസപ്പെട്ടേമിയ എന്നായിരുന്നു. മാനവ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ നദികള്‍ക്കിടയിലുള്ള നാടെന്നാണ് മെസപ്പൊട്ടോമിയ എന്ന പേരിനര്‍ത്ഥം. യൂഫ്രട്ടീസ്‌ നദിക്കു സമാന്തരമായാണ് ടൈഗ്രീസിന്റെ ഒഴുക്ക്. 1850 കിലോമീറ്റര്‍ നീളമുണ്ട് ടൈഗ്രീസിന്. ഹസാര്‍ എന്ന തടാകത്തിലാണ് ടൈഗ്രീസിന്റെ ഭൗതിക ഉദ്ഭവം. യൂഫ്രട്ടീസ് നദി ഉദ്ഭവിക്കുന്നത് ഇവിടെ നിന്നും 80 കി.മീ. മാറിയിട്ടാണത്.
പുരാതന അസീറിയയുടെ നഗരങ്ങളൊക്കെ ട്രൈഗ്രീസിന്റെ തീരത്തായിരുന്നു. ഇന്നത്തെ മൗസ്വിൽ, ബാഗ്ദാദ്, ദിയാര്‍ ബക്കീര്‍ എന്നീ നഗരങ്ങള്‍ ടൈഗ്രീസിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. മൗസ്വിൽ ഈ നദിയിലെ ഒരു പ്രധാന ഡാമാണ്. വാദിതര്‍ത്താര്‍ പ്രധാന പോഷകനദിയും.



തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും വലിയ നദിയാണ് യൂഫ്രട്ടീസ്. ഇത് 2800 കിലോമീറ്ററോളം ഒഴുകിച്ചെന്നു ടൈഗ്രീസുമായി ഒന്നിക്കുന്നു. യൂഫ്രട്ടീസിന്റെ ഏറിയ ഭാഗവും ഒഴുകുന്നത് തുര്‍ക്കിയിലൂടെയാണ്.
ബാലിക്, സജുര്‍, ഖാബര്‍ എന്നിവ യൂഫ്രട്ടീസിന്റെ പ്രധാനപ്പെട്ട പോഷകനദികള്‍ ആണ്. യൂഫ്രട്ടീസ് - ടൈഗ്രീസ് നദീ വ്യവസ്ഥയുടെ ഭാഗം തന്നെയായ ഈ തീരപ്രദേശങ്ങളിലാണ് മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തിന്റെ പട്ടണങ്ങള്‍ വളര്‍ന്നത്. ബി.സി. മൂന്നാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്യൂനിഫോം ലിപികളിലുള്ള ചരിത്രരേഖകളില്‍ യൂഫ്രട്ടീസിനെപ്പറ്റി പരാമര്‍ശമുണ്ട്. ഇറാഖില്‍ വെച്ചാണ് യൂഫ്രട്ടീസും ടൈഗ്രീസും ഒരുമിച്ചുചേരുന്നത്. പിന്നീട് ഇത് അറിയപ്പെടുന്നത് ഷത്തുൽ അറബ് എന്നാണ്. യുഫ്രട്ടീസ് അടക്കം നാലു നദികൾ സ്വർഗ്ഗത്തിലെ നദികളിൽ പെട്ടതാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട്. (സ്വഹീഹ് മുസ്ലിം).



-- അവസാനിച്ചു -



പ്രധാന അവലംബങ്ങൾ:



അൽ ബിദായ വന്നിഹായ - ഇമാം ഇബ്നു കതീർ
സിറയു അഅ്ലാമിന്നുബലാഅ് - ഇമാം ദഹബി
താരീഖു ബഗ്ദാദ് - ഖത്തീബുൽ ബഗ്ദാദി
മറാഖിദു ബഗ്ദാദ് - യൂനുസ് ഇബ്റാഹിം സാംറാഈ
സ്വുവറുൻ മിൻ ഹയാത്തി സ്സ്വഹാബ - റഅ്ഫത്ത് പാഷ
തദ്കിറത്തുൽ ഔലിയാ - ഫരീദുദ്ദീൻ അത്വാർ
വിവിധ വെബ് സൈറ്റുകൾ
---





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso