കേരള ഇസ്‌ലാമിന്റെ പ്രാമാണികത
12-12-2023
Web Design
15 Comments
മുഹമ്മദ് തയ്യിൽ
രണ്ടാൽ ഒരു നിലക്കാണ് അറേബ്യൻ ഉപദ്വീപിന്റെ പുറത്തേക്ക് ഇസ്ലാം വളർന്നതും വികസിച്ചതും. അവയിൽ ഒന്നാമത്തേത് സൈനിക നീക്കങ്ങൾ വഴി ആയിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ പൊതു ലോക ചിത്രം പ്രാദേശിക ഭരണാധികാരികളുടെ കീഴിൽ കഴിയുന്ന ചെറിയ രാജ്യങ്ങളുടേതായിരുന്നു. ഇവിടങ്ങളിലൊക്കെ ഉണ്ടായിരുന്ന ആശയം, വിശ്വാസം, ആദർശം, അനുഷ്ടാനം എന്നിവയെല്ലാം പ്രധാനമായും രാജാവിന്റേതു തന്നെയായിരുന്നു. രാജാവിന്റെ ജീവിത ശൈലി പ്രജകളിൽ അതേപടി ഉണ്ടായിരിക്കണമെന്നത് ഒരു അലിഖിതമായ നിയമമായിരുന്നു. ഇസ്ലാം പക്ഷെ, ഈ അധികാരത്തിലൊന്നും അത്ര താല്പര്യം കാണിച്ചില്ല. ഇസ്ലാമിക ആദർശത്തിൽ രാഷ്ട്രീയം ഉള്ളടങ്ങിയിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അത് ഏത് വിധവും നേടിയെടുക്കണം എന്ന നിലക്കോ നേടിയ ഇടങ്ങളെല്ലാം ഭരിക്കണം എന്ന നിലയ്ക്കോ ഒന്നുമല്ല. മറിച്ച് ഒരു പ്രദേശത്ത് വിശ്വാസികളുടെ അംഗസംഖ്യ ഭൂരിപക്ഷമാകുമ്പോൾ അവരുടെ ഭൗതികമായ കാര്യങ്ങൾ എല്ലാം വ്യവസ്ഥാപിതമായി നിർവഹിക്കപ്പെടണം എന്നതിന്റെ പേരിലാണ്. അപ്പോൾ അതിനുവേണ്ടി ഭരണവും ഭരണകൂടവും ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും എല്ലാം സ്വാഭാവികമായും ഉണ്ടാകും. ഇതാണ് ഇസ്ലാമിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകത. അതുകൊണ്ട് ഒരിടം വെട്ടിപ്പിടിച്ച് ഭരണം സ്ഥാപിക്കുക എന്നത് ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽ വരുന്നില്ല. പ്രവാചകന്റെ യുഗത്തിനുശേഷം പ്രത്യേകിച്ചും ഇസ്ലാമിക ലോകത്ത് ഉണ്ടായ വളർച്ചയെയും വികാസത്തെയും എല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു, മണ്ണ് വെട്ടിപ്പിടിക്കാൻ ഉള്ളതായിരുന്നു എന്ന ചില വായനകൾക്കുള്ള മറുപടിയാണ് ഇത്. സച്ചരിത തലമുറകളിൽ ഏതായാലും അതങ്ങനെയായിരുന്നില്ല.
ഇത് രാഷ്ട്രീയത്തിന്റെ കാര്യം. പക്ഷേ വിശ്വാസവും കർമ്മവും അടങ്ങുന്ന ഇസ്ലാമിക അസ്ഥിത്വത്തിന്റെ കാര്യത്തിൽ അങ്ങനെ പറയാൻ കഴിയില്ല. അത് ആകാശച്ചുവട്ടിൽ എല്ലായിടത്തും എത്തിക്കുവാനുള്ള നിർബന്ധിതമായ ബാധ്യത ഓരോ മുസ്ലിമിലും നിക്ഷിപ്തമാണ്. അത് അല്ലാഹുവാൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വവുമാണ്. തികച്ചും സമാധാനപരമായി മറ്റുള്ളവരുടെ മനസ്സിനെയും മനോ ഗുണങ്ങളെയും പരിപൂർണ്ണമായി പരിഗണിച്ചുകൊണ്ട് സാമൂഹ്യമായ അവകാശ അധികാരങ്ങളിൽ അനുവദിച്ചു കൊടുക്കാവുന്നതെല്ലാം അനുവദിച്ചു കൊടുത്തുകൊണ്ട് അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണ് എന്നും ഉള്ള സത്യസാക്ഷ്യത്തിലേക്ക് തൻ്റെ പരിസരത്തെ കൊണ്ടുവരിക എന്നത് അല്ലാഹു ഓരോ വിശ്വാസിയെയും നിർബന്ധമാക്കിയ ഒരു കാര്യമാണ്. അതിൽ ബലപ്രയോഗമോ അമാന്യമായ മാർഗങ്ങളോ സ്വീകരിക്കാൻ പാടില്ല എന്നും ഉണ്ട്. ഈ അർത്ഥത്തിലാണ് ഇസ്ലാം മദീനയിൽ നിന്ന് പുറത്തു കടക്കുന്നത്. എവിടെയെല്ലാം ഇസ്ലാം എത്തിയിട്ടുണ്ടോ അവിടെയെല്ലാം അതെത്തിയത് ഈ ആശയത്തിലാണ്. തികച്ചും സമാധാനപരമായും ന്യായമായും മനുഷ്യർക്ക് വിമോചനത്തിനുള്ള വഴികൾ കാണിച്ചുകൊടുക്കുക എന്ന സദുദ്ദേശത്തോടെ കൂടെയുള്ള ഈ ശ്രമങ്ങളെ പക്ഷേ പലരും അസൂയയോടെയും ദുരുദ്ദേശത്തോടെയും സമീപിക്കുകയായിരുന്നു. പ്രപഞ്ചത്തിൽ എല്ലാവർക്കും ഉള്ള സ്വാതന്ത്ര്യവും അവകാശ അധികാരവും എടുക്കുന്നതിനെതിരെ ശബ്ദങ്ങളും നീക്കങ്ങളും പലയിടത്തും ഉണ്ടായി. അവയെല്ലാം അന്യായങ്ങളായിരുന്നു. അന്യായങ്ങളെ അനുവദിച്ചു കൊടുക്കുവാൻ ഇസ്ലാമിക സമൂഹത്തിന് കഴിയില്ല. അന്യായങ്ങൾ എവിടെ കണ്ടാലും അത് കാണുന്ന സാഹചര്യം ആവശ്യപ്പെടുന്ന ക്രമത്തിൽ പ്രതികരിക്കണം എന്നാണ് മതം കൽപ്പിക്കുന്നത്. അത് ചിലപ്പോൾ ആയുധം കൊണ്ടാവാം. ചിലപ്പോൾ അതിനു താഴെ വെറും നാവുകൊണ്ട് പോലും ആകാം. ഇങ്ങനെയാണ് പലപ്പോഴും യുദ്ധങ്ങൾ ഉണ്ടായത്. അതിന് മുസ്ലിങ്ങൾ മാത്രം ഉത്തരവാദികളല്ല. മറിച്ച് അവിടെയുണ്ടായിരുന്ന പ്രധാനികൾ അവരുടെ വിമോചന മാർഗത്തിന് തടസ്സം നിന്നപ്പോൾ അത് നീക്കുകയായിരുന്നു എന്ന് ചുരുക്കം. വടക്കേ ഇന്ത്യ വരെയുള്ള സ്ഥലങ്ങളിൽ ഇസ്ലാമും മുസ്ലിം ഭരണവും എല്ലാം വരുന്നത് ഇങ്ങനെയാണ്.
ഇത്തരം യുദ്ധങ്ങളെ തുടര്‍ന്നു, കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ അധികാരം പിടിച്ചെടുത്തവരുടെ മതവും സംസ്‌കാരവും പ്രചരിക്കപ്പെടുന്നത് സ്വാഭാവികമാണ്. വ്യാപകമായല്ലെങ്കിലും ലോകത്ത് ഇസ്‌ലാം പ്രചരിച്ച മാര്‍ഗങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഇന്ത്യയില്‍ വടക്കേ ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആഗമനം ഈ രീതിയിലായിരുന്നു. അത്തരം പ്രദേശങ്ങളിലെ മതത്തിന്റെ ഈ വ്യാപനം പലപ്പോഴും ഉപരിപ്ലവമായിരുന്നു. ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാം ഒരു വികാരവും ആദര്‍ശവുമായി കുടിയേറിയിട്ടുണ്ടായിരുന്നില്ല. ഭരണാധികാരികളുടെ ആധിപത്യമോ ക്ഷണികവും ഭൗതികവുമായ മറ്റു പല നേട്ടങ്ങളോ ആയിരുന്നു ആ ജനതയെ പൊതുവായി ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകം. അതിനാൽ പലപ്പോഴും വൈകാരികമായ ഒരു സമീപനമാണ് അത്തരം പ്രദേശങ്ങളിലുള്ള മുസ്ലീങ്ങളുടേത്. വിപ്ലവാത്മകമായിട്ടായിരിക്കും അവർ ഓരോന്നിനേയും നേരിടുന്നത്. ഇന്ത്യയുടെ തന്നെ തെക്കും വടക്കും അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. വടക്ക് കാഴ്ചയിൽ ഭക്തി പ്രകടമാകുമ്പോൾ ഉള്ളിൽ ഒരു വൈകാരികത ജ്വലിക്കുന്നുണ്ടാകും. തെക്കാവട്ടെ കാഴ്ചയിൽ അത്രതന്നെ പ്രകടമല്ലെങ്കിലും അകത്തെ ആത്മീയതക്ക് ആയിരിക്കും പ്രാധാന്യം.
ഇസ്‌ലാം വ്യാപനത്തിന്റെ രണ്ടാമത്തെ രീതി ഇസ്‌ലാമിക പ്രബോധകരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. ഒന്നാമത്തെ മാര്‍ഗം അല്‍പം അക്രമാസക്തവും ബലാല്‍കരവുമാണെങ്കിൽ രണ്ടാമത്തേത് തീര്‍ത്തും സമാധനപരമായിരുന്നു. യുദ്ധം, ഇരച്ചു കയറ്റം തുടങ്ങിയവയിലൂടെ നേരെ പിറ്റേന്ന് തന്നെ ഇസ്ലാം പുലരുമെങ്കിലും ഈ രൂപത്തിലുള്ള സന്നിവേശം സാവധാനം മാത്രമേ സാധ്യമാകൂ. പക്ഷെ, അത് ഒന്നാമത്തേതിനേക്കാൾ എത്രയോ വലിയ സദ്ഫലങ്ങൾ ഉണ്ടാക്കും. പ്രബോധകരായ സച്ചരിതരുടെ പ്രബോധന പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജീവിതരീതിയും സ്വഭാവ ഗുണങ്ങളും അടുത്തറിഞ്ഞുണ്ടാകുന്ന ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ പരിവര്‍ത്തനം ആഴത്തില്‍ ഉള്ളതും തീവ്രവുമായിരിക്കും. കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം സാധിച്ചത് രണ്ടാമത് പറഞ്ഞ രീതിയിലൂടെയാണ്. വടക്കേ ഇന്ത്യയില്‍ നിന്നു വ്യത്യസ്തമായി കേരള തീരങ്ങളില്‍ എത്തിയ ആദ്യകാല മുസ്‌ലിംകള്‍ കച്ചവടക്കാരും ഒപ്പം പ്രബോധകരുമായിരുന്നു. ഇസ്‌ലാം എന്ന മതത്തെ ഈ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികള്‍ തങ്ങളുടെ ഹൈന്ദവ സഹോദന്‍മാര്‍ക്ക് തങ്ങള്‍ വിശ്വസിക്കുകയും അനുഷ്ടിക്കുകയും ചെയ്യുന്ന മതത്തെ പരിചയപ്പെടുത്തുകയും ആ മതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ശുദ്ധ മാതൃകകളായി ജീവിച്ചു കാണിക്കുകയും ചെയ്തു.
കേരളവും അറേബ്യയുമായി വളരെ പണ്ടു മുതല്‍ക്കേ വാണിജ്യബന്ധം ആരംഭിച്ചിട്ടുണ്ട്. ഇസ്‌ലാം മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ അറബികള്‍ കേരളക്കരയുമായി ഉണ്ടാക്കിയ സൗഹൃദബന്ധം പിന്നീട് ഇസ്‌ലാമിന്റെ പ്രചാരണത്തിനു ഏറെ സഹായകമായിട്ടുണ്ട്. എന്തു കൊണ്ടെന്നാല്‍ ഇസ്‌ലാമിക മതപ്രബോധനമെന്ന ദൗത്യവുമായിട്ടല്ല, അറബികള്‍ ആദ്യമായി കേരള തീരങ്ങളില്‍ വരുന്നതും ഇവിടെ ഇസ്‌ലാം മതം പ്രചരിക്കുന്നതും. സാധാരണയായി തങ്ങളുടെ നാട്ടിൽ വാങ്ങുവാനും വിൽക്കുവാനുമായി വരുന്ന അറബി കച്ചവടക്കാർ തീരപ്രദേശങ്ങളിലുള്ള ആൾക്കാരുമായി വളരെ അടുത്ത ജീവിത ബന്ധങ്ങൾ വരെ ഉള്ളവരായിരുന്നു. അവരിൽ ഇവിടെ നിന്ന് വിവാഹം കഴിക്കുകയും അവർക്ക് മക്കൾ ഉണ്ടാവുകയും ഇവിടെ തന്നെ സ്ഥിരമായി താമസിക്കുകയും ചെയ്യുന്നവർ വരെയും ഉണ്ടായിരുന്നു. അപ്പോഴൊക്കെയും അവർ അവരുടെ പഴയ വിശ്വാസങ്ങളിലായിരുന്നു. പിന്നീട് അവരുടെ ജീവിതം അവർ തന്നെ ഇസ്ലാം എന്ന പഥത്തിലേക്ക് തിരിച്ചുവിടുകയും പിന്നീട് അവർ വരുമ്പോൾ അവർ തങ്ങൾ തങ്ങളുടെ ജീവിതം തിരിച്ചുവിട്ട പുതിയ ആകർഷകമായ ജീവിത പദ്ധതിയെക്കുറിച്ച് ഈ നാട്ടുകാർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുകയായിരുന്നു. അതിനാൽ ഈ നാട്ടുകാർക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധരിക്കാനോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല. തങ്ങളെക്കാൾ അറിവും പണവും ഉള്ളവർ ഇങ്ങനെ ഒരു ജീവിതം മാറ്റം സ്വീകരിച്ചു എങ്കിൽ അത് ശരിയായ തിരിച്ചറിവിന്റെ പേരിൽ തന്നെയായിരിക്കും എന്ന് കരുതുവാൻ മാത്രമേ ന്യായമുണ്ടായിരുന്നുള്ളൂ. അതേ കാലഘട്ടത്തിൽ ഇവിടെ നിന്നുള്ള മറ്റൊരു പ്രചോദനം കൂടി സജീവമായിരുന്നു. അതെന്താന്നാൽ ഇവിടെ നിലനിന്നിരുന്ന ശക്തമായ സാമൂഹ്യ ഉച്ചനീചത്വങ്ങൾ സാധാരണക്കാരെയും അധസ്ഥിതരെയും മാറി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ഒപ്പം സമുദ്രവാണിജ്യം അഭിവൃദ്ധി പ്രാപിച്ചതിന്റെ ഫലമായി കേരളത്തിന്റെ തീരങ്ങളില്‍ പുതിയ ഒരു സംസ്‌ക്കാരവും കൂടി രൂപപ്പെട്ടുവന്നിട്ടുണ്ടായിരുന്നു. വ്യത്യസ്ത നാടുകളിലെയും വ്യത്യസ്ത മതങ്ങളിലുള്ളവരും കൂടിചേരുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെ ഉദയമായിരുന്നു അത്. അതായത് മത രംഗത്ത് ഒരുതരത്തിലും ഒരു കുത്തക ഒന്നിനും ഉണ്ടായിരുന്നില്ല. ഇവിടെത്തന്നെ വ്യത്യസ്ത മതങ്ങൾ ഉണ്ടായിരുന്നു. കച്ചവടങ്ങൾക്ക് വേണ്ടി കടൽ കടന്ന് മറ്റു മതങ്ങളും ചിന്താധാരകളും എത്തുകയും സജീവമാവുകയും ചെയ്തിരുന്നു. മറ്റൊരു ചിന്താധാര കടന്നുവരുന്നതിനോ അതിനെ കുറിച്ച് ആലോചിക്കുന്നതിനോ പിന്തുടരുന്നതിനോ ഒന്നും വിഘാതമാകുന്ന നിയമമോ നിഷ്കർഷയോ നിയന്ത്രണമോ ഒന്നും ഇവിടെ ഉണ്ടായിരുന്നതും ഇല്ല.
കൂടെ ഇതിനു പിന്നിൽ കച്ചവടം എന്ന ആശയം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കച്ചവടം എന്നത് വാങ്ങലും വിൽക്കലും ആണെങ്കിലും അതോടൊപ്പം അതിൽ ഒരു മാനസിക കൈമാറ്റം കൂടി നടക്കുന്നുണ്ട്. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ കച്ചവടം വഴി ഒരു ഹൃദയ അടുപ്പം ഉണ്ടാകുന്നതും ക്രമപ്രവൃദ്ധമായി അത് വളരുന്നതും തികച്ചും സ്വാഭാവികമാണ്. ഇങ്ങനെയെല്ലാം കേരളീയ സമൂഹത്തിലെ ഹിന്ദുക്കളും മുസ്‌ലിം കച്ചവടക്കാരും തമ്മില്‍ പരിചയപ്പെടാനും ഇടപെടാനും വിനിമയങ്ങളിൽ ഏര്‍പ്പെടാനും പോന്ന സവിശേഷമായ ഒരു സാഹചര്യം രൂപപ്പെട്ടുവന്നത് ഇസലാമിന്റെ പിന്നീടുള്ള വളര്‍ച്ചക്ക് അടിത്തറ പാകി. ചരിത്രകാരന്‍മാരായ കെ. എന്‍ പണിക്കർ, ഫ്രഡറിക് ഡെയിൽ തുടങ്ങി പല ചരിത്രകാരൻമാരും മതങ്ങളുടെ വളർച്ചയിൽ കച്ചവടം ചെലുത്തിയ സ്വാധീനത്തെ എടുത്തു പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ അർത്ഥത്തിലുള്ള ഇസ്ലാമിക പ്രചാരത്തിൽ മനുഷ്യർ തമ്മിലുള്ള മനസ്സടുപ്പം, ആത്മാർഥത, നിഷ്കളങ്കത എന്നിവയെല്ലാം വേണ്ടത്ര ഉണ്ടായിരുന്നു. ഈ മനസ്സടുപ്പത്തിന്റെയും സ്വീകാരത്തിന്റെയും ഒരു നിദർശനമാണ് സത്യത്തിൽ ചേരമാൻ പെരുമാൾ കഥ. ചേരമാൻ കഥക്ക് മറ്റൊരു ആമുഖം കൂടിയുണ്ട്.
അത് കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് ഏറെ സഹായകരമായ ഒരു പ്രവണതയായിരുന്നു. തദ്ദേശീയരായ ഹിന്ദു രാജാക്കന്‍മാരുടെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സഹിഷ്ണുതാപരമായ നിലപാടായിരുന്നു അതിന്റെ പ്രധാന കാരണം. ഇതു ഗ്രഹിക്കുവാൻ ഏറ്റവും സരളമായ ഒരു ഉദാഹരണമാണ് സാമൂതിരി രാജാക്കൻമാരുടെ സമീപനങ്ങൾ. ഇംഗ്ലീഷ് ചരിത്രകാരന്‍മാരില്‍ പലരും കോഴിക്കോടു സാമൂതിരിയെ വിശേഷിപ്പിച്ചത് മൂറിഷ് കിംഗ്, മുസ്‌ലിംകളുടെ രാജാവ് എന്നാണെന്ന് എം. ജി. എസ് നാരായണന്‍ എഴുതുന്നുണ്ട്. (ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍, പ്രതീക്ഷ ബുക്‌സ് ). പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ ഭരിച്ച ഭരണാധികാരികള്‍ക്ക് പൊതുവെ പറയുന്ന പേരാണ് സാമൂതിരിമാര്‍ എന്നത്. സത്യത്തില്‍ സാമൂതിരി ഹിന്ദുക്കളുടെയും മറ്റു മത വിഭാഗങ്ങളുടെയെല്ലാം ഭരണാധികാരിയായിരുന്നിട്ടും മുസ്‌ലിംകളുടെ രാജാവ് എന്ന സവിശേഷ നാമത്തില്‍ അദ്ദേഹം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് മുസ്‌ലിംകളോട് അദ്ദേഹം സ്വീകരിച്ച സഹിഷ്ണുതാപരമായ നിലപാടു കൊണ്ടാണ്.
ഇതിൻെറ മുമ്പ് നടന്നതാണെങ്കിലും ഇതിലേക്ക് ചേർത്ത് ഉൾക്കൊള്ളാവുന്ന ഒരു കഥയാണ് ചേരമാൻ പെരുമാളിന്റെ കഥ. ആ കഥ പിൽക്കാല അനുഭവങ്ങൾക്ക് വേണ്ട ഒരു തരം അടിത്തറയിടുന്നുണ്ട്. ആ സംഭവം പങ്കുവെച്ച വൈകാരികത പിന്നീടുണ്ടായ ഇസ്ലാമിക വളർച്ചയെ സമൂലം സ്വാധീനിച്ചു. ആവേശകരമായ ഒരു തുടക്കം ആയിരുന്നു അത്.
‘ഒന്നാമത്തെ മാപ്പിള മഹാനേതാവ് ചേരമാൻ പെരുമാൾ അവർകൾ ഇസ്‌ലാമിന്റെ മഹിമയെ കുറിച്ച് അറബി വ്യാപാരികളിൽനിന്നും കേട്ടുമനസ്സിലാക്കിയപ്പോൾ അതിൽ ആകൃഷ്ടനായി ഇസ്‌ലാം മതം സ്വീകരിച്ചു. തിരുമേനിയെ നേരിട്ടുകാണാനുള്ള അടക്കവയ്യാത്ത ആഗ്രഹത്തോടെ കൂട്ടുകാരോടൊപ്പം അങ്ങോട്ടു പോയി. അവിടെ കുറേ നാൾ താമസിച്ച ശേഷം തിരിച്ചു പോന്നു. ആ താമസവും തിരിച്ചുപോരലും എത്രകണ്ട് ആവേശോജ്വലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 23). ഇതെല്ലാം വ്യക്തമാക്കുന്നത് തിരുനബി(സ)യിൽ നിന്ന് നേരിട്ട് മതം പഠിച്ചവരിൽ നിന്നാണ് കേരളീയർ ഇസ്ലാം സ്വീകരിച്ചത് എന്നതിന് ചരിത്രം സാക്ഷിയാണ് എന്നാണ്. കേരളീയ ഉമ്മത്തിന്റെ വിജയഗാഥയുടെ അടിസ്ഥാനവും ഇത് തന്നെയായിരുന്നു. എക്കാലത്തും കേരളത്തിൽ ഉമ്മത്തിന് ശക്തമായ നേതൃത്വം ഉണ്ടായിരുന്നു. ആധ്യാത്മിക രംഗത്ത് ആ മഹാമനീഷികൾ തീർത്ത പാതയിൽ മുസ്‌ലിം കൈരളി മുന്നേറി. പള്ളികളും പള്ളിദർസുകളും ഉപയോഗിച്ച് അവർ വിശ്വാസികളിൽ ഇസ്‌ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഇതെല്ലാം ഒരുക്കിയ ഇസ്ലാമിക ഭൂമികയിലേക്കാണ് അതിൻെറ കൃത്യമായ തുടർച്ചയെന്നോണം യമനിൽ നിന്നും ബുഖാറയിൽ നിന്നും തങ്ങന്മാർ കേരളത്തിൽ എത്തിയതും മതത്തിന്റെ നേതൃത്വം ഏറ്റെടുത്തതും. ലോകത്ത് എഴുപത്തഞ്ചോളം ഖബീലകളിലായി നിലകൊള്ളുന്നു നബി(സ്വ)യുടെ കുടുംബം. ഇതിൽ ഇരുപത്തഞ്ചോളം ഖബീലകൾ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി വന്ന നബികുടുംബം ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിച്ചേർന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീനുൽ ബുഖാരി(റ) അവർകളാണ്. തിരുനബി(സ്വ)യുടെ 27-ാം പൗത്രനായ അദ്ദേഹം ഹിജ്‌റ 800-ലാണ് കേരളത്തിലെത്തുന്നത്. ഹിജ്‌റ 1159-ൽ യമനിലെ തരീമിൽ നിന്നു കോഴിക്കോട്ട് എത്തിച്ചേർന്ന സയ്യിദ് ജിഫ്രിയാണ് കേരളത്തിലെ സയ്യിദൻമാരിലെ മറ്റൊരു പ്രമുഖൻ. കോഴിക്കോട്ടെ സാമൂതിരി രാജാവു തന്നെ മഹാനവർകൾക്ക് താമസിക്കാൻ വീടും വരുമാനത്തിന് തെങ്ങിൻതോപ്പും നൽകി.
തങ്ങന്മാരുടെ ആഗമനം ഒരു വഴി വെട്ടിത്തെളിക്കുക കൂടിയായിരുന്നു. കാരണം ആ വഴിയിലൂടെ പിന്നെ സച്ചരിതരായ പണ്ഡിത മഹത്തുക്കളും കേരളത്തിലേക്ക് കടന്നുവരികയും സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു അവരിൽ ഏറ്റവും പ്രധാനികളാണ് മഖ്ദൂം കുടുംബം. കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് മഖ്ദൂം കുടുംബത്തിനുള്ളത്. ഹിജ്‌റ 9-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശൈഖ് അലിയ്യുബ്‌നു അഹ്മദ് മഖ്ദൂം കായൽപട്ടണം വഴി കൊച്ചിയിലെത്തിച്ചേർന്നതോടെയാണ് ഈ യുഗത്തിനാരംഭം കുറിക്കുന്നത്. പ്രതിഭാധനരായ നിരവധി പണ്ഡിത നേതാക്കളെ ഈ കുടുംബം കേരളത്തിനു സമർപ്പിച്ചിട്ടുണ്ട്. അതിൽ തികച്ചും വ്യതിരിക്തത പുലർത്തുന്ന രണ്ടുപേരാണ് ശൈഖ് മഖ്ദൂം അൽകബീറും സൈനുദ്ദീൻ മഖ്ദൂം അസ്സാനിയും. അവർ ഒട്ടും വൈകാതെ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അവരുടെ നേതൃത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് അറിവിനെയും ആത്മാർത്ഥതയെയും ആയിരുന്നു വലംവെച്ചിരുന്നത് എന്നതാണ്. അതിനാൽ നബി തിരുമേനിയിൽ നിന്ന് ഒരു കുഴപ്പവും പറ്റാതെ എത്തിച്ചേർന്ന കേരളത്തിലെ ഇസ്ലാം സാദാത്തുക്കളിലൂടെയും ആലിമുകളിലൂടെയും വളർന്ന് ഒരു ഇസ്ലാമിക രാജ്യത്തിന് സമാനമായ അസ്ഥിത്വം നേടുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ പരിസരത്ത് എത്തുമ്പോൾ മഖ്ദൂമുകളുടെ നേതൃത്വം സ്വാഭാവികമായും ക്രമേണ ക്ഷയിച്ചുവരികയുണ്ടായി. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അവരിൽ വലിയ പ്രതിഭകൾ താരതമ്യേന അവസാന ഘട്ടത്തിൽ കുറഞ്ഞുപോയി. മറ്റൊന്ന് സമുദായം എത്രയോ വലുതാവുകയും ചെയ്തു. അത് പ്രകടമായത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ആയിരുന്നു. അതിന്റെ ഫലമായിട്ടാണ് ആദ്യ രണ്ട് ദശകങ്ങളിൽ ഇസ്‌ലാമിക പാരമ്പര്യത്തെ തിരുത്തിയെഴുതാനുള്ള കുത്സിത ശ്രമങ്ങൾ അരങ്ങേറിയത്. 21-ലെ സ്വാതന്ത്ര്യ സമര പരമ്പരകളെ തുടർന്ന് ശിഥിലമായ മലബാർ മുസ്‌ലിംകളുടെ മേൽ ഇടിത്തീപോലെ, പാരമ്പര്യമായി സ്വീകരിച്ചു പോന്ന വിശ്വാസാചാരങ്ങളെ കൂടി അട്ടിമറിക്കുക ലക്ഷ്യമിട്ട് കപട നവോത്ഥാനക്കാർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഇവിടെ നിലനിന്നുപോന്ന നവോത്ഥാനത്തിന്റെ തുടർച്ചക്കുവേണ്ടി 1925-ൽ താൽക്കാലികമായി ഒരു പണ്ഡിത കൂട്ടായ്മ രൂപീകരിക്കുന്നത്. അന്നത്തെ പരിമിത യാത്രാ സൗകര്യങ്ങളുപയോഗപ്പെടുത്തി ഒരു കൊല്ലക്കാലം കേരളത്തിലുടനീളം ആ പണ്ഡിതർ സഞ്ചരിച്ചു. സ്വന്തം സേവനയിടങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഉലമാക്കളെ സംഘടിപ്പിക്കാനും ബിദ്അത്തിന്റെ കടന്നു കയറ്റത്തെ കുറിച്ച് തര്യപ്പെടുത്താനുമായിരുന്നു ഇത്. അങ്ങനെ 1926 ജൂൺ 26-ന് കോഴിക്കോട് ടൗൺഹാളിൽ വിപുലമായൊരു പണ്ഡിത സംഗമം സംഘടിപ്പിച്ചു. നവോത്ഥാന ചരിത്രത്തെ തിരുത്തിക്കുറിക്കുന്നതിനെതിരെ പണ്ഡിതന്മാരുടെ ആദ്യത്തെ കൂട്ടായ പ്രതിരോധമായിരുന്നു ഇത്. ആ യോഗത്തിൽ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടത്. മഖ്ദൂമാരിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടാൻ പറ്റുന്ന രൂപത്തിൽ അറിവിനെയും തെക്കുവയെയും മാത്രം വലം വെക്കുന്ന ഒരു സംഘം ആയിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 40 പണ്ഡിതന്മാർ. അതുകൊണ്ടുതന്നെയാണ് കേരള ഇസ്ലാം പ്രാമാണികവും ആധികാരികവുമായി തീരുന്നത്. വെറുതെ എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുക എന്നതിലപ്പുറം അക്കാദമികമായി വിഷയത്തെ സമീപിക്കാൻ കഴിയുന്ന ആർക്കും ഇപ്പോൾ സമസ്ത പ്രതിധാനം ചെയ്യുന്ന ഈ വഴിയെ നിരാകരിക്കുവാൻ കഴിയില്ല. അതിന് ഏറ്റവും ഉത്തമമായ ഉദാഹരണമാണ് കേരളീയ ഇസ്ലാമിക പൈത്യകത്തെ കുറിച്ച് മുജാഹിദുകൾ തന്നെ ഈ എഴുതുന്നത്: “പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക് ബ്നു ദീനാർ, ഹബീബ് ബ്നു മാലിക് തുടങ്ങിയ ആദ്യകാല പ്രബോധകരുടെ വിശുദ്ധ പാദ മുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതുകൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്‌ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു. (അന്നദ് വ: പേജ് 103. എടവണ്ണ ജാമിഅ പ്രസിദ്ധീകരണം). ആ പൈതൃകത്തിന്റെ കണ്ണികൾ സുരക്ഷിതവും സംരക്ഷിതവും ആണ് ഇപ്പോഴും എന്നതിൻെറ ചിത്രമാണ് നാം മേൽ പറഞ്ഞതെല്ലാം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso