Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 8

12-12-2023

Web Design

15 Comments




അദ്ധ്യായം പതിനേഴ്
കർബല



കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ്. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. കർബലയുടെ കഥ നബി(സ)യുടെ പ്രിയ പൗത്രൻ ഹുസൈൻ ബിൻ അലി(റ)യുടെ കഥയാണ്. അലി(റ)യുടെയും ഫാത്തിമ ബീവി(റ)യുടേയും രണ്ടാമത്തെ മകനായി ഹുസൈൻ ബിൻ അലി ജനിക്കുന്നത് ഹിജ്റ നാലാം വർഷം ശഅ്ബാൻ മൂന്നിനാണ്. മദീന മുനവ്വറയിൽ ആയിരുന്നു ജനനം. പിതാവ് അലി(റ) കരുതിയിരുന്നത് കുട്ടിക്ക് ഹർബ് എന്ന് പേരിടാൻ ആയിരുന്നു. പക്ഷേ അപ്പോഴേക്കും നബി(സ) വരികയും കുട്ടിക്ക് ഹുസൈൻ എന്ന് പേര് വിളിക്കുകയും ചെവിയിൽ വാങ്ക് കൊടുക്കുകയും ചെയ്തു. പിന്നീടുള്ള ആറു വർഷം നബിയുടെ സ്നേഹ തണലിൽ ആയിരുന്നു ഹുസൈൻ(റ)യുടെ ജീവിതം. ഏറ്റവും ഉന്നതമായ ജീവിത ശീലങ്ങളും സ്വഭാവങ്ങളും കൊച്ചുനാൾ മുതൽ തന്നെ അദ്ദേഹം പുലർത്തിയിരുന്നു. നബി തിരുമേനിയുമായി സ്വഭാവത്തിലും ശാരീരികതയിലും ഏറെ സാമ്യത പുലർത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. ഹസൻ, ഹുസൈൻ എന്നിവരെ ചേർത്തുനിർത്തി, അല്ലാഹുവേ ! ഇവരെ രണ്ടുപേരെയും ഞാൻ ഇഷ്ടപ്പെടുന്നു, ആയതിനാൽ നീയും അവരെ ഇഷ്ടപ്പെടുകയും അവരെ ഇഷ്ടപ്പെടുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യേണമേ എന്ന് നബി തങ്ങൾ പ്രാർത്ഥിക്കുമായിരുന്നു. നബി തങ്ങളുടെ എല്ലാ സ്നേഹങ്ങളും ഏറ്റുവാങ്ങിയ സൗഭാഗ്യവാന്മാരായ പേരക്കിടാങ്ങൾ ആയിരുന്നു അവർ രണ്ടുപേരും.



നബി(സ) വഫാത്താകുമ്പോൾ അദ്ദേഹം വളരെ ചെറിയ കുട്ടിയായിരുന്നു. ഒന്നാം ഖലീഫ അബൂബക്കർ(റ)വിന്റെ കാലത്ത് യുദ്ധങ്ങളിലോ മറ്റു രംഗങ്ങളിലോ രംഗപ്രവേശനം ചെയ്യുവാൻ മാത്രം അദ്ദേഹത്തിന് പ്രായമായിരുന്നില്ല. പത്തുവർഷം നീണ്ടുനിന്ന ഉമർ(റ)വിന്റെ ഭരണകാലത്തും യുദ്ധങ്ങളിലോ മറ്റോ പങ്കെടുക്കുവാനുള്ള പ്രായമോ പരിശീലനമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതേസമയം മൂന്നാം ഖലീഫ ഉസ്മാൻ(റ)വിന്റെ കാലത്തുണ്ടായ ആഫ്രിക്കൻ വിജയങ്ങളിൽ അദ്ദേഹത്തിന് പങ്കാളിത്തം ഉണ്ടായിരുന്നു. ഉസ്മാൻ(റ) കൊല്ലപ്പെട്ടപ്പോൾ വീട് വളഞ്ഞ വിപ്ലവകാരികൾക്കു മുമ്പിൽ ഖലീഫയുടെ അംഗരക്ഷകരായി രംഗത്തു വന്നവരുടെ കൂട്ടത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു.



ഹിജ്റ നാല്പതിൽ പിതാവ് അലി(റ) കൊല്ലപ്പെടുകയും രണ്ടുദിവസം കഴിഞ്ഞ് ജേഷ്ഠ സഹോദരൻ ഹസൻ(റ) പുതിയ ഖലീഫയായി അധികാരം ഏൽക്കുകയും ചെയ്തപ്പോൾ ഹുസൈൻ(റ) സഹോദരന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. പക്ഷേ തന്റെ ഖിലാഫത്ത് ശാമിലെ ഗവർണർ ആയിരുന്ന മുആവിയ അംഗീകരിക്കാതെ വന്നതിനാൽ അവർ രണ്ടുപേരും തമ്മിൽ വീണ്ടും ഒരു യുദ്ധത്തിനു വഴിയൊരുങ്ങി. എന്നാൽ യുദ്ധത്തിലൂടെ തന്റെ ശക്തി പ്രകടിപ്പിക്കുവാനോ അധികാരം നിലനിർത്തുവാനോ ഹസൻ(റ) താല്പര്യപ്പെട്ടില്ല. അതിനാൽ ഹിജ്റ 41 ൽ അദ്ദേഹം അധികാരം പരിപൂർണ്ണമായി വിട്ടുകൊടുക്കുകയും മുആവിയ ഇസ്ലാമിക രാജ്യത്തിൻെറ പൊതു ഖലീഫയായി മാറുകയും ചെയ്തു. അധികാരം വിട്ടൊഴിഞ്ഞു കൊടുക്കുക എന്ന സഹോദരന്റെ നിലപാടിനോട് ഒരു യോജിപ്പും അദ്ദേഹത്തിനുണ്ടായിരുന്നില്ല.



എന്നാല്‍ മുആവിയ(റ)വിന് ശേഷം തന്‍റെ മകന്‍ യസീദ് ധാര്‍ഷ്ഠ്യത്തോടെ അധികാരമേറ്റെടുത്തതോടെ ഇസ്ലാമിക ഭരണവ്യവസ്ഥ സ്വോഛാതധിപത്യലേക്കു മാറിപ്പോകുമോയെന്ന് പലരും ഭയന്നു. അന്നത്തെ സ്വഹാബികളില്‍ പ്രമുഖരായിരുന്ന അബ്ദുല്ലാഹിബിനു സുബൈര്‍(റ), ഹുസൈന്‍(റ) തുടങ്ങിയവര്‍ യസീദിനെ ഭരണാധികാരിയായി ബൈഅത്ത് ചെയ്യാന്‍ താല്‍പര്യപ്പെട്ടില്ല. കാരണം ദീനിനേക്കാളും പ്രാധാന്യം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നയാളായിരുന്നു യസീദ്. അങ്ങനെ മുത്തുനബിയുടെ മദീനയോട് വിടചോദിച്ച് അദ്ദേഹം മക്കയിലേക്ക് യാത്രയായി. മക്കയില്‍ അബ്ദുല്ലാഹിബിനു അബ്ബാസ്(റ)വിന്‍റെ വീട്ടിലാണ് മഹാനവര്‍കള്‍ താമസിച്ചത്. അതേ സമയം യസീദ് ജനങ്ങളെ തന്‍റെ വരുതിയിലാക്കാനുള്ള കഠിന ശ്രമങ്ങള്‍ നടത്തിത്തുടങ്ങി. തന്‍റെ ഭരണത്തെ അംഗീകരിക്കാത്തവരെ തടവിലാക്കാന്‍ ഗവര്‍ണര്‍ വലീദുബ്നു ഉത്ബത്തിനെ അധികാരപ്പെടുത്തി. അക്രമങ്ങളില്‍ സഹികെട്ട കൂഫക്കാര്‍ ഒടുവില്‍ ഹുസൈന്‍(റ)വിനെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. മക്കയിലായിരുന്ന ഹുസൈന്‍(റ)വിനെ തേടി ധാരാളം കത്തുകള്‍ കൂഫയില്‍ നിന്നും എത്തി. ഇസ്ലാം ദീനിനെ സ്വേഛാധിപതികളുടെ കൈയ്യില്‍ നിന്ന് സംരക്ഷിക്കല്‍ എന്തുകൊണ്ടും അനിവാര്യമാണെന്ന ചിന്ത ഹുസൈന(റ)വിനെ വല്ലാതെ അലട്ടിയിരുന്നു. കൂഫക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഹുസൈന്‍(റ) അങ്ങോട്ടു ചെല്ലാന്‍ തന്നെ തീരുമാനിച്ചു. കൂഫക്കാരെ വിശ്വാസമില്ലാതിരുന്ന പലരും ഹുസൈന്‍(റ)നെ പോകുന്നതില്‍ നിന്നും വിലക്കി. കത്തുകള്‍ പിന്നെയും വന്നപ്പോള്‍ കൂഫയിലെ സ്ഥിതിഗതികള്‍ അന്വേഷിക്കാനായി തന്‍റെ പിതൃവ്യപുത്രന്‍ മുസ്ലിമുബ്നു ഉഖൈല്‍(റ) വിനെ ഹുസൈന്‍(റ) പറഞ്ഞയച്ചു.



കൂഫയിലെത്തിച്ചേര്‍ന്ന മുസ്ലിം(റ)വിനെ ജനങ്ങള്‍ സന്തോഷപൂര്‍വ്വം എതിരേറ്റു. 18,000 വരുന്ന ജനത സഹായത്തിനു സന്നദ്ധരെന്നറിയിച്ച് മുസ്ലിം(റ) വുമായി ബൈഅത് ചെയ്തു. കൂഫയിലെ നല്ല സ്ഥിതി വിശേഷങ്ങള്‍ അറിയിച്ച് മുസ്ലിം(റ) ഹുസൈന്‍(റ) വിനോട് ധൈര്യമായി വരാന്‍ പറഞ്ഞ് കത്തയച്ചു. മുസ്ലിം(റ) കൂഫയിലെത്തിയ വിവരം യസീദിന്‍റെ കാതിലുമെത്തി. തനിക്കെതിരെയുള്ള നീക്കത്തിന്‍റെ മുന്നൊരുക്കമാണെന്ന് യസീദ് മനസ്സിലാക്കുകയും കൂഫയുടെ ഗവര്‍ണറായിരുന്ന നുഅ്മാനുബ്നു ബഷീറിനെ സ്ഥാന ഭ്രഷ്ടനാക്കി പകരം ഉബൈദുല്ലാഹി ബ്നു സിയാദിനെ അമീറാക്കി നിശ്ചയിച്ചു.
അക്രമങ്ങളോട് എതിരു നില്‍ക്കുന്നയാളായിരുന്നു നുഅ്മാന്‍. കൂഫ, മിസ്വര്‍ പട്ടണങ്ങളുടെ അധികാരിയായി ഉബൈദുല്ല മാറി. ഭരണമേറ്റെടുത്തതോടെ യസീദിന്‍റെ കല്‍പനകള്‍ നിറവേറ്റാന്‍ തുടങ്ങിയ ഉബൈദുല്ല ആരേയും വെറുതെ വിട്ടില്ല. യസീദിന്‍റെ പ്രവര്‍ത്തനങ്ങളേക്കാളും നീചമായിരുന്നു ഉബൈദുല്ലയുടെ ചെയ്തികള്‍. ജീവനില്‍ കൊതിയുള്ള കൂഫക്കാര്‍ കരാറുകള്‍ ലംഘിച്ചു. മുസ്ലിം(റ)വിനെ അവര്‍ കൈവിട്ടു. അദ്ദേഹവുമായി സംസാരിക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. ഹുസൈന്‍(റ)വിന് അഭയം നല്‍കിയ ഹാനിഅ് ബ്നു ഉര്‍വയെ ജയിലിലടച്ചു. മുസ്ലിം(റ) ഇബ്നു സിയാദിന്‍റെ കൊട്ടാരത്തില്‍ ചെന്നെങ്കിലും അദ്ദേഹത്തോട് സംസാരിക്കരുതെന്ന ഇബ്നു സിയാദിന്‍റെ കല്‍പന പ്രകാരം ആരും സഹായത്തിനെത്തിയില്ല. പുതിയ സംഭവവികാസങ്ങളെ അറിയിക്കാനും കഴിഞ്ഞില്ല. മഹാന്‍ നേരത്തെ എഴുതിയ കത്ത് ലഭിച്ചയുടനെ ഹുസൈന്‍(റ) കുടുംബ സമേതം കൂഫയിലേക്ക് ദുല്‍ഹിജ്ജ 8 ന് പുറപ്പെട്ടു.



പുറപ്പെടാനൊരുങ്ങിയ ഹുസൈന്‍(റ)വിന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) മുന്നറിയിപ്പു നല്‍കി. നിങ്ങള്‍ ഒറ്റക്കു പോയാല്‍ മതി. ഉസ്മാന്‍(റ) കൊല്ലപ്പെട്ടപോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ച് നിങ്ങളും കൊല്ലപ്പെടുമോയെന്ന് ഞാന്‍ ഭയക്കുന്നു. ദീനുല്‍ ഇസ്ലാമിന്‍റെ സംരക്ഷണം ലക്ഷ്യം വെച്ച മഹാന്‍ ആ മുന്നറിയിപ്പുകളെയെല്ലാം ചിരിച്ചു തള്ളി. ‘കൂഫക്കാരുടെ ഹൃദയങ്ങള്‍ മാത്രമേ നിങ്ങള്‍ക്കൊപ്പമുള്ളൂ, ബനൂ ഉമയ്യത്തിന്‍റെ കൈയ്യിലാണ് ആയുധങ്ങളെല്ലാം’ എന്ന് കവി ഫറസ്ദഖ് പറഞ്ഞത് വരും ഭയാനകതയെ മുന്‍കൂട്ടി അറിഞ്ഞതു കൊണ്ടായിരിക്കണം.
മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ സഅ്ലബിയ്യയിലെത്തിയപ്പോഴാണ് മുസ്ലിം(റ) വധിക്കപ്പെട്ടതറിയുന്നത്. കൂഫയിലേക്ക് വരരുതെന്ന വസിയ്യതും അന്നാണ് ഹുസൈന്‍(റ) അറിയുന്നത്. ശര്‍റാഫ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഹുര്‍റുബ്നു യസീദിന്‍റെ നേതൃത്വത്തില്‍ 1,000 അംഗങ്ങളുള്ള സൈന്യം മഹാനെ വളഞ്ഞു ചോദ്യം ചെയ്തു. കൂഫക്കാര്‍ വരാന്‍ പറഞ്ഞതനുസരിച്ചാണ് വന്നതെന്ന് അറിയിച്ചു. മദീനയലേക്കു അവരെ കടത്തിവിടാന്‍ ഹുര്‍റ് അനുവദിച്ചില്ല. വടക്ക് ഭാഗത്തേക്ക് നൈനവയിലാണ് ആ ചെറുസംഘം എത്തിച്ചേര്‍ന്നത്. അവിടെ വെച്ച് ഉമറുബ്നു സഅദിന്‍റെ നേതൃത്വത്തിലുള്ള 4,000 വരുന്ന സൈന്യം തിരുനബി കുടുംബത്തെ തടഞ്ഞു നിര്‍ത്തി. ഉബൈദുല്ല അയച്ച സംഘമായിരുന്നു അത്. യസീദിനെ ബൈഅത് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഹുസൈന്‍(റ) തയ്യാറാകാത്തതിനാല്‍ യുദ്ധത്തിനു കളമൊരുങ്ങുകയായിരുന്നു പിന്നീട്. ഹിജ്റ 61 മുഹര്‍റം 10 വെള്ളിയാഴ്ച കര്‍ബലയില്‍ ഇരു വിഭാഗവും ഏറ്റു മുട്ടി. സ്ത്രീകളും കുട്ടികളുമടക്കം 72 പേരുള്ള ആ ചെറു സംഘത്തോട് ഏറ്റുമുട്ടാന്‍ വന്‍ സന്നാഹം തന്നെയായിരുന്നു ഒരുക്കിയിരുന്നത്.



മുഹര്‍റം 7 ന് കര്‍ബലയില്‍ എത്തിച്ചേര്‍ന്ന ആ ചെറുസംഘത്തിന് ഒരു തുള്ളി വെള്ളം പോലും നല്‍കാന്‍ ഇബ്നു സിയാദ് തയ്യാറായില്ല. കഠിനമായ ദാഹത്താല്‍ കുട്ടികള്‍ കരയാന്‍ തുടങ്ങി. സഹിക്കവയ്യാതെ ഹുസൈന്‍(റ)വിന്‍റെ പുത്രന്‍ അലി അക്ബര്‍ ആ വന്‍ സൈന്യത്തിനു നേരെ കുതിച്ചു. പതിനേഴുകാനായ അലി നൂറു പേരെ കൊന്നു. പക്ഷേ, മുര്‍റ ബിന്‍ മന്‍മഖാസിന്‍റെ പിറകില്‍ നിന്നുള്ള കുന്തം കൊണ്ടുള്ള ഏറില്‍ മഹാനവർകൾ കര്‍ബലയിലെ ആദ്യ രക്തസാക്ഷിയായി.
ഹുസൈന്‍(റ)വിന്‍റെ ആറുമാസം മാത്രം പ്രായമായ കുഞ്ഞ് അലി അസ്ഗര്‍ ദാഹിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ഹുസൈന്‍(റ) യൂഫ്രട്ടീസ് നദിക്കരയിലേക്കു നടന്നു. കുഞ്ഞിനെ പൊക്കികാണിച്ച് വെള്ളമെടുക്കാന്‍ അനുവാദം ചോദിച്ചു. ഹുര്‍മില ബിന്‍ കാഹില്‍ ആ കുഞ്ഞിനു നേരെ അമ്പെയ്തു. ആ പിഞ്ചു കുഞ്ഞും ശഹീദായി. കരയുന്ന കണ്ണുകളോടെ രണ്ട് കുഞ്ഞുങ്ങളെയും മറമാടി. ഹുസൈന്‍(റ)വിന്‍റെ സംഘത്തില്‍ നിന്നും ജഅ്ഫറുബ്നു അഖീല്‍, അബ്ദുറഹ്മാനുബ്നു അഖീല്‍, ഇമാം ഹസനുല്‍ മുസന്ന തുടങ്ങിയവരും ശഹീദായി. അവസാനം ഹുസൈന്‍(റ) പോരാട്ടത്തിനിറങ്ങി. പോരാടിക്കൊണ്ടിരിക്കെ വെള്ളത്തിനു ദാഹിച്ചു യൂഫ്രട്ടീസിനടുത്തേക്ക് കുതിച്ചു. വെള്ളം കുടിക്കാന്‍ വായ തുറന്നപ്പോള്‍ ഒരമ്പ് പാഞ്ഞു വന്ന് വായില്‍ തറച്ചു. ഒന്നിനു പിറകെ ഒന്നായി അമ്പുകള്‍ തിരുശരീരത്തില്‍ പതിച്ചുകൊണ്ടിരുന്നു. അവസാനം ഒരമ്പ് വന്ന് മുത്തു നബിയുടെ പരിശുദ്ധ അധരങ്ങള്‍ പതിഞ്ഞ ആ പുണ്യ ശിരസ്സില്‍ തറച്ചു. അസര്‍ നിസ്കാരത്തിന്‍റെ സമയമായിരുന്നു അത്. നിസ്ക്കരിക്കാന്‍ അനുമതി തരണമെന്ന് അപേക്ഷിച്ചു. സുജൂദിലായിരിക്കെ സിനാന്‍ ബിന്‍ അനസ് എന്നയാൾ ഹുസൈന്‍(റ)വിനെ വധിച്ചു. ‘ഇന്നാലില്ലാഹ്…’ ശഹീദാകുമ്പോള്‍ 56 വയസ്സായിരുന്നു മഹാനവര്‍കളുടെ പ്രായം. കുന്തം കൊണ്ട് 33 മുറിവുകളും വാളുകള്‍ കൊണ്ടുള്ള വെട്ടേറ്റ് 24 മുറിവുകളും ആ ശരീരത്തിലുണ്ടായിരുന്നു. മഹാനവർകളുടെ ശിരസ്സറുത്ത് ശത്രുക്കൾ സിറിയയിലെ ദിമഷ്ഖിലെ പല പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ച് ആഹ്ലാദ നൃത്തം ചവിട്ടി.



കര്‍ബലയില്‍ വെച്ച് തന്‍റെ പേരമകന്‍ ഹുസൈന്‍(റ) കൊല്ലപ്പെടുമെന്ന മുത്തുനബിയുടെ പ്രവചനം പുലരുകയായിരുന്നു അന്നവിടെ! ഉബൈദുല്ലാഹിബ്നു സിയാദിന്‍റെ ക്രൂരമായ ചെയ്തികളില്‍ യസീദ് പിന്നീട് ഖേദം പ്രകടിപ്പിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. യസീദ്, ഹുസൈന്‍(റ)വിന്‍റെ തല മദീനയിലേക്ക് കൊടുത്തയച്ചു. ജന്നത്തുല്‍ ബഖീഇല്‍ ഉമ്മ ഫാത്വിമാ ബീവക്കരികിലാണ് മറമാടിയത്. ശിരസ്സില്ലാത്ത ശരീരം കര്‍ബലയിലെ നദിക്കരികിലും മറവു ചെയ്തു. ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ് കർബല. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. എ ഡി 680 ല്‍ നടന്ന ഹീനമായ ഈ യുദ്ധത്തോടെയാണ് കര്‍ബല ലോകത്തിനു മുന്നില്‍ അറിയപ്പെട്ടത്.



നബി (സ) യുടെ പരമ്പര നിലനിൽക്കുന്നത് പെൺമക്കളിലൂടെയാണ്. ഫാത്വിമ ബീവിയുടെ മക്കൾ ഹസൻ(റ), ഹുസൈൻ (റ) എന്നിവരിലൂടെയാണ് ഇത് പുരോഗമിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പടർന്ന് പന്തലിച്ച പരമ്പര ഹസനീ, ഹുസൈനീ പരമ്പരകളാണ്. ഫാത്വിമ ബീവിയുടെ ഒന്നാമത്തെ മകൾ സൈനബ(റ)യെ വിവാഹം ചെയ്തത് അലി(റ)വിന്റെ സഹോദരൻ ജഅ്ഫർ(റ)വിന്റെ മകൻ അബ്ദുല്ല(റ)ആണ്. ഈ ബന്ധത്തിൽ മൂന്ന് ആൺകുട്ടികൾ ജനിച്ചു. ജഅ്ഫരീ പാരമ്പര്യം അഞ്ചെണ്ണമാണ്. അവയിൽ മൂന്നെണ്ണം സൈനബിന്റെ(റ)മക്കളിലൂടെയാണ് കടന്നുപോകുന്നത്. മറ്റൊരു മകൾ ഉമ്മു കുൽസൂമിനെ(റ) രണ്ടാം ഖലീഫ ഉമർ(റ) ആണ് വിവാഹം കഴിച്ചത്. ഉമർ(റ) ന്റെ വഫാത്തിന് ശേഷം ജഅ്ഫറും(റ) അവരുടെ ശേഷം സഹോദരൻ മുഹമ്മദും(റ) അവരുടെ ശേഷം അബ്ദുല്ലയും (റ) കുൽസൂമിനെ(റ) വിവാഹം കഴിച്ചു. ഇവരിൽ അബ്ദുല്ല(റ) യിലൂടെ ഉമ്മു കുൽസൂം(റ)യുടെ സന്താന പരമ്പര നിലനിൽക്കുന്നു. ഹസൻ(റ) ആണ് മറ്റൊരു മകൻ. ഇവർക്ക് പതിനഞ്ച് മക്കളുണ്ടായിരുന്നു. പിൽക്കാലത്ത് നിലനിന്നത് രണ്ട് ഹസനീ പരമ്പരകളാണ്. ഇന്നു കാണുന്ന ഹസനീ സാദാത്തുക്കൾ മുഴുവനും ഈ പരമ്പരയിൽപ്പെട്ടവരാണ്. ഒന്നാമത്തേത് ഹസന്റെ(റ)വിന്റെ മൂത്ത മകൻ സൈദ്(റ)വിന്റെ പേരിലും രണ്ടാമത്തേത് ഹസനു ബ്‌നു ഹസൻ(റ)വിലൂടെയും കടന്നുപോകുന്നു. ഈ മകൻ വിവാഹം ചെയ്തത് ഹുസൈന്റെ(റ) മകൾ ഫാത്വിമ ബീവി(റ)യെയായിരുന്നു.



ഹുസൈനീ പാരമ്പര്യം കാര്യമായും ആൺമക്കളിലൂടെയാണ് കടന്നുപോകുന്നത്. അലി അസ്ഗർ സൈനുൽ ആബിദീൻ(റ)വിന്റെ പരമ്പരയിലൂടെ മാത്രമാണത് പുരോഗമിക്കുന്നത്. അവർക്ക് പതിനൊന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. ഈ പതിനൊന്ന് പേരിൽ അഞ്ചാളുകളിലൂടെ ഹുസൈനീ പാരമ്പര്യം ലോകത്ത് വ്യാപിച്ചു കിടക്കുന്നു. അഹ്ലുബൈത്തും ഇബ്‌നു സിയാദിന്റെ പട്ടാളക്കാരും തമ്മിൽ നടന്ന കർബല യുദ്ധത്തിൽ ഈ വിശുദ്ധ പരമ്പര മുറിഞ്ഞു പോയി എന്നത് പറഞ്ഞതും പ്രചരിപ്പിച്ചതും ശീഈ പണ്ഡിതനായ അബൂ മിഖ്‌നഫ് എന്ന ഒരാളാണ്. ഇയാളുടെ യഥാര്‍ഥ പേര് ലൂത്വ് ബ്‌നു യഹ്‌യ എന്നാണ്. നബി(സ)യുടെ വിയോഗം മുതല്‍ യസീദിന്റെ കാലം വരെയുള്ള സംഭവങ്ങളില്‍ വിശ്വസനീയമല്ലാത്ത പലതും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശ്വസ്തരിലേക്ക് ചേര്‍ത്ത് വ്യാജം ഉണ്ടാക്കുന്ന അബൂമിഖ്‌നഫിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളേണ്ടതാണ് എന്ന് ഹദീസ് പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം രേഖപ്പെടുത്തിയ ചരിത്ര ഭാഗങ്ങൾ സ്വീകാര്യയോഗ്യമല്ല. (അൽ ബിദായത്തു വന്നിഹായ)



കർബലയിൽ അന്ത്യവിശ്രമം കൊള്ളുന്നവരിൽ പ്രധാനിയും ഹുസൈൻ(റ) തന്നെയാണ് അദ്ദേഹത്തിൻ്റെ ശിരസ് അല്ലാത്ത ശരീര ഭാഗങ്ങളാണ് ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് ശിയാവിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ സമീപിക്കുന്ന ഒരു മഖ്ബറയാണ് ഇത്.



അദ്ധ്യായം പതിനെട്ട്
കർബലയിലെ മറ്റു രക്തസാക്ഷികൾ



കർബലയിൽ ആദ്യം അടരാടിയത് ഹുസൈന്‍(റ)വിന്‍റെ പുത്രന്‍ അലി അക്ബര്‍(റ) ആയിരുന്നു. അദ്ദേഹം തന്നെയാണ് കർബലയിലെ ആദ്യ രക്തസാക്ഷി. മുര്‍റ ബിന്‍ മൻഖാസ് എന്നയാളാണ് അദ്ദേഹത്തെ വധിച്ചത്. ഹുസൈന്‍(റ)വിന്‍റെ ആറുമാസം മാത്രം പ്രായമായ കുഞ്ഞ് അലി അസ്ഗര്‍ ദാഹിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ഹുസൈന്‍(റ) യൂഫ്രട്ടീസ് നദിക്കരയിലേക്കു നടന്നു. ഹുര്‍മില ബിന്‍ കാഹില്‍ ആ കുഞ്ഞിനു നേരെ അമ്പെയ്തു. ആ കുഞ്ഞായിരുന്നു രണ്ടാമത്തെ രക്തസാക്ഷി. യുദ്ധത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്ന ഹുസൈൻ(റ)വിന്റെ മക്കളിൽ ഇവർ രണ്ടു പേരാണ് കർബലയിലെ രക്തസാക്ഷികൾ.



ഹസൻ(റ)വിന്റെ മൂന്നു മക്കൾ കർബലയിൽ ശഹീദായി. അവരിൽ ഒന്നാമത്തെ ആൾ ഖാസിം ബിൻ ഹസൻ(റ) ആണ്. ഒരു കൗമാരക്കാരൻ ആയിരുന്നു അദ്ദേഹം എന്നാണ് യുദ്ധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രായം കുറഞ്ഞ കാരണത്താൽ ഹുസൈൻ അദ്ദേഹത്തെ യുദ്ധത്തിന് ഇറങ്ങാൻ അനുവദിച്ചില്ല എന്നും വളരെ നിർബന്ധിച്ചപ്പോഴാണ് മനസ്സില്ലാ മനസ്സോടെ അവസാനം സമ്മതം കൊടുത്തത് എന്നും ചരിത്രങ്ങളിൽ കാണാം. രണ്ടാമത്തെ ആൾ അബൂബക്കർ(റ) എന്നവരാണ്. നേരത്തെ പറഞ്ഞ ഖാസിം എന്നവരുടെ മുതിർന്ന സഹോദരനായിരുന്നു അദ്ദേഹം. മൂന്നാമത്തേത് അബ്ദുല്ല ബിൻ ഹസൻ(റ) ആയിരുന്നു. യുദ്ധത്തിന് ഒട്ടും പ്രായമാവാത്ത ചെറിയ ഒരു കുട്ടിയായിരുന്നു അബ്ദുള്ള. തൻ്റെ പിതൃവ്യൻ ഹുസൈൻ(റ) ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടത് കണ്ടപ്പോൾ സഹിക്കവയ്യാതെ ഓടിച്ചെല്ലുകയായിരുന്ന ആ കുട്ടി അവിടെവച്ച് കൊല്ലപ്പെടുകയായിരുന്നു.



അലി(റ)വിന്റെ മക്കളിൽ ഫാത്വിമ ബിൻതു ഹുസാമിൽ ജനിച്ച അബ്ബാസ്, ഉസ്മാൻ, ജഅഫർ(റ), ഉമ്മുൽ ബനീനിൽ ജനിച്ച അബ്ദുല്ല(റ), ലൈല ബിൻതു മസ്ഊദിൽ ജനിച്ച അബൂബക്കർ(റ) എന്നിവരാണ് കർബല യുദ്ധത്തിൽ രക്തസാക്ഷികളായത്. അലി(റ)വിന്റെ മക്കളായ ഇബ്റാഹിം, ഖാസിം, ഉമർ, മുഹമ്മദ് അസ്ഗർ, അബ്ദുല്ല അസ്ഗർ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ജഅ്ഫർ ബിൻ അബീ ത്വാലിബിന്റെ മക്കളായ ഔൻ, മുഹമ്മദ്(റ) എന്നിവരും ഉഖൈൽ ബിൻ അബീത്വാലിബിന്റെ മക്കളായ ജഅ്ഫർ, അബ്ദുൽ റഹ്മാൻ(റ) എന്നിവരും മുസ്ലിം ബിൻ ഉഖൈലിന്റെ മക്കളായ അബ്ദുല്ല, മുഹമ്മദ്(റ) എന്നിവരും അബൂ സഈദ് ബിൻ ഉഖൈലിന്റെ മകൻ മുഹമ്മദ്(റ) എന്നവരും കർബലയിൽ ശഹീദായി. ഈ പറഞ്ഞതെല്ലാം ബനൂ ഹാഷിമിലെ രക്തസാക്ഷികൾ മാത്രമാണ്. ഹുസൈൻ(റ)വിനോടൊപ്പം യുദ്ധത്തിനിറങ്ങിയ ധാരാളം സഹായികൾ ഉണ്ടായിരുന്നു. അവരും ഏറിയ പങ്കും ഈ യുദ്ധത്തിൽ കൊല്ലപ്പെടുകയുണ്ടായി. ഇവരിൽ പ്രധാനികളുടെ എല്ലാം മഖ്ബറകൾ പ്രത്യേകം പരിപാലിക്കപ്പെടുന്നു.



ഇമാം ഹുസൈനും കുടുംബവും കർബലയിലെത്തുമ്പോൾ അവിടെ ആയിരം അംഗങ്ങൾ ഉള്ള ഒരു സേനയുമായി ഹുർറ് ബിന്‍ യസീദ് എന്നയാൾ അവരെ തടഞ്ഞു നിർത്തി. അദ്ദേഹം ഹുസൈൻ(റ)വിനോട് ഇങ്ങനെ പറഞ്ഞു: 'ഹുസൈൻ താങ്കളുടെ ആഗമന വിവരമറിഞ്ഞ് അന്വേഷിക്കുവാനും പിടികൂടുവാനും ഇബ്നു സിയാദ് നിയോഗിച്ചതാണ് എന്നെയും ഈ സൈന്യത്തെയും. താങ്കളെയും കുടുംബത്തെയും കണ്ടാൽ പിടികൂടുവാനാണ് കൽപ്പന. പക്ഷേ, ഞാൻ താങ്കളെ സ്നേഹിക്കുന്നു, ആയതിനാൽ ഞാൻ താങ്കളെ കണ്ടിട്ടില്ല എന്ന് അർത്ഥത്തിൽ ഇപ്പോൾ പോവുകയാണ്. താങ്കൾ ഏറ്റവും ഉചിതമായത് എന്താണെങ്കിൽ അത് ചെയ്യുക'. അതും പറഞ്ഞ് ഹുർറ് ബിൻ യസീദും സൈന്യവും തിരിച്ചുപോയി. പക്ഷേ, പിറ്റേന്ന് രാവിലെ അതേ സേന വീണ്ടും വരുന്നതാണ് കണ്ടത്. 'ഞാൻ താങ്കളെ കണ്ട കാര്യം ഏതോ ചാരൻ വഴി ചോരുകയാണ് ഉണ്ടായത്, ആയതിനാൽ താങ്കളെ പിടികൂടാൻ വേണ്ടി എന്നെ വീണ്ടും അയച്ചിരിക്കുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.



ശരിക്കും ഹുസൈൻ(റ) വിനോട് സ്നേഹമുള്ള ഒരാളായിരുന്നു ഹുർറ് ബിൻ യസീദ്. അതിനാൽ യുദ്ധം തുടങ്ങിയതും അദ്ദേഹവും ഏതാനും പേരും ഹുസൈൻ പക്ഷത്തേക്ക് കൂറുമാറുകയും അവർക്കു വേണ്ടി യുദ്ധം ചെയ്യുകയും ചെയ്തു. ഞാൻ മരിക്കുന്നതുവരെ താങ്കൾ യുദ്ധത്തിന് ഇറങ്ങരുത് എന്നായിരുന്നു അദ്ദേഹം ഹുസൈൻ (റ)വിനോട് പറഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഹുർറ് ബിൻ യസീദ് കൊല്ലപ്പെട്ടു. കർബലയുടെ സമീപത്ത് അദ്ദേഹത്തിൻ്റെ പേരിന്റെ ഭാഗമായ ഹുർറ് എന്ന സ്ഥലത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ഇപ്രകാരം തന്നെ ഇബ്നു സിയാദിന്റെ പക്ഷത്ത് നിന്ന് കൂറുമാറി വന്ന മറ്റൊരു സേനാ നായകനായിരുന്നു സുഹൈർ ബിൻ ഖൈൻ. അദ്ദേഹവും ശക്തമായി പോരാടി മരണപ്പെടുകയാണ് ഉണ്ടായത്. അതേസമയം തന്നെ ശഹീദായ ഒരാളാണ് മുസ്ലിം ബിൻ ഔസജ്. മറ്റൊരാളാണ് ഹബീബ് ബിൻ മളാഹിർ എന്നയാൾ. ഇവരെല്ലാവരും ഇതേ സമയത്ത് രക്തസാക്ഷിയായവരാണ്. കർബലയോ കർബലയെ വലയം ചെയ്തു കിടക്കുന്ന പ്രദേശങ്ങളോ ആണ് ഇവരുടെയെല്ലാം മഖ്ബറകൾ.



അധ്യായം പത്തൊൻപത്
അലി(റ)



ഇസ്‌ലാമിക ചരിത്രത്തിലെ നാലാം ഖലീഫ. നബിയുടെ പിതാവിന്റെ സഹോദരനായ അബൂത്വാലിബിന്റെ മകനാണ് അലി(റ). ഹാശിമിന്റെ മകന്‍ അസദിന്റെ പുത്രി ഫാത്തിമയാണ് അദ്ദേഹത്തിന്റെ മാതാവ്. ഹിജ്‌റയുടെ 23 വര്‍ഷം മുമ്പ് ആനക്കലഹവര്‍ഷം 30 റജബ് 13 ന്(ക്രി. വ. 610) മഹാനവർകൾ ജനിച്ചു. അബുല്‍ ഹസന്‍, അബൂസ്വിബ്‌തൈന്‍, അബൂതുറാബ്, മുര്‍ത്തളാ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. നബി(സ)യുടെ സംരക്ഷണത്തിലായിരുന്നു ശൈശവത്തിലേ അലി(റ) വളര്‍ന്നത്. മക്കയില്‍ ക്ഷാമംബാധിച്ച സമയത്ത് ദരിദ്രനായ അബൂത്വാലിബിന്റെ മക്കളായ ജഅ്ഫറിനെയും അലിയെയും യഥാക്രമം അബ്ബാസ് ഇബ്‌നു അബ്ദില്‍ മുത്തലിബും നബിയും ഏറ്റെടുക്കുകയായിരുന്നു. നബി(സ)ക്ക് അലിയോടുണ്ടായിരുന്ന വാത്സല്യത്തിനും സ്‌നേഹത്തിനും അതിരില്ലായിരുന്നുവെന്ന് സ്വഹാബിമാരുടെ വിവരണങ്ങളില്‍നിന്ന് മനസ്സിലാകുന്നു.



പ്രവാചകത്വം ലഭിച്ച നബിയും ഭാര്യ ഖദീജ(റ)യും വീട്ടില്‍ വെച്ച് നമസ്‌കാരം ആരംഭിച്ചു. ഒരിക്കല്‍ അവര്‍ നമസ്‌കരിക്കുന്നത് കാണാനിടയായ അലി അതെക്കുറിച്ച് നബിയോട് ചോദിച്ചു. ഏകദൈവത്തെക്കുറിച്ച് വിവരിച്ച നബി(സ), അലിക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊടുത്തു. അലി അതില്‍ ആകൃഷ്ടനായി. നബി അലിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പിതാവുമായി ആലോചിക്കാന്‍ സമയം വേണമെന്ന് അലി പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ പിതാവുമായി ആലോചിക്കാതെ തന്നെ അദ്ദേഹം ഇസ്‌ലാംസ്വീകരിച്ചു.
പിതാവായ അബൂത്വാലിബിനോട് കൂടിയാലോചിച്ചിട്ടല്ല അല്ലാഹു തന്നെ സൃഷ്ടിച്ചതെന്നും അതിനാല്‍ അല്ലാഹുവെ ആരാധിക്കാന്‍ പിതാവിന്റെ സമ്മതം വേണമെന്നില്ല എന്നുമായിരുന്നു ബാലനായ അലി അതിന് പറഞ്ഞ ന്യായം. ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ ബാലനാണ് അലി. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അലിക്ക് പത്തുവയസ്സായിരുന്നു പ്രായം. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിഗ്രഹാരാധന നടത്തിയിട്ടില്ല. ഇക്കാരണത്താലാണ് അദ്ദേഹത്തെക്കുറിച്ച് കര്‍റമല്ലാഹു വജ്ഹഹു(അല്ലാഹു അദ്ദേഹത്തിന്റെ മുഖത്തെ ആദരിച്ചിരിക്കുന്നു) എന്ന് പറയാറുള്ളത്.



മദീനയിലേക്ക് ഹിജ്റ പോയ രാത്രിയില്‍ അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തിയാണ് നബി(സ) തന്നെ വധിക്കാന്‍ വീടുവളഞ്ഞിരിക്കുന്ന ഖുറൈശികളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്. തന്നെ ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച അമാനത്തുകള്‍ അലി(റ)യെ ഏല്‍പിച്ചു. അവ ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ പറഞ്ഞാണ് നബി പോയത്. അമാനത്തുകളെല്ലാം അതതിന്റെ ഉടമകളെ തിരിച്ചേല്‍പിച്ചശേഷം അലി(റ)യും മദീനയിലേക്ക് യാത്രയായി. ഹിജ്‌റ രണ്ടാം വര്‍ഷം നബിയുടെ പുത്രി ഫാത്വിമ(റ)യെ അലി(റ) വിവാഹം ചെയ്തു. അസാമാന്യ ദേഹബലമുണ്ടായിരുന്ന അലി യുദ്ധവീരനായിരുന്നു. ബദ്ര്‍, ഉഹുദ്, ഖന്‍ദഖ്, ഹുനൈന്‍ തുടങ്ങി പ്രമുഖ യുദ്ധങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തു. ബദ്‌റില്‍ ഉത്ബയുടെ വെല്ലുവിളി സ്വീകരിച്ച് ആദ്യം ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ മൂന്നുപേരില്‍ ഒരാള്‍ അലി(റ)യായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഖുറൈശി പതാകാവാഹകനായ ത്വല്‍ഹയുടെ വെല്ലുവിളിയും അലി(റ) സ്വീകരിച്ചു. ബനൂനളീര്‍ ഗോത്രക്കാരുമായുള്ള യുദ്ധത്തില്‍ (ഹി. 4 ) അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രകടമായിരുന്നു. ഹി. അഞ്ചാംവര്‍ഷം നടന്ന അഹ്സാബ്, ബനൂ മുസ്ത്വലഖ്, ബനൂ ഖൈനുഖാഅ് എന്നീ മൂന്നുയുദ്ധങ്ങളിലും അലി(റ) വിന്റെ ധീരമായ ഇടപെടൽ ഉണ്ടായിരുന്നു. ഹിജ്റ ആറാം വർഷം ഹുദൈബിയാ സന്ധിയുടെ കരാര്‍ എഴുതിയത് അലി(റ) ആയിരുന്നു. ഹിജ്‌റ ഏഴാംവര്‍ഷം ഖൈബര്‍ യുദ്ധത്തിന്റെ നായകത്വവും അലി(റ)വിന്നായിരുന്നു.



ഹൈദര്‍(വീരപുലി) എന്ന അപരനാമം അലിക്ക് നബി നല്‍കിയതാണ്. ‘ദുല്‍ഫുഖാര്‍‘ എന്ന കരവാളും നബി അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. പാണ്ഡിത്യത്തിലും അലി (റ) സ്വഹാബികള്‍ക്ക് മാതൃകയായിരുന്നു. പ്രവാചകനുമായുള്ള നിരന്തരസമ്പര്‍ക്കം ദീനി വിഷയത്തില്‍ അലി(റ)യെ അഗാധജ്ഞാനിയാക്കി. സ്വതേയുള്ള നിരീക്ഷണപാടവം ഈ വിജ്ഞാനത്തിന് മാറ്റുകൂട്ടുകയും ചെയ്തു. അബൂബക്ര്‍ , ഉമര്‍, ഉസ്മാന്‍(റ) എന്നീ ഖലീഫമാര്‍ അവരുടെ ഭരണ കാലങ്ങളിൽ അലി(റ)യോട് ഉപദേശം തേടാറുണ്ടായിരുന്നു. അവരുടെ ഏറ്റവും വിശ്വസ്തനായിരുന്നു അദ്ദേഹം. അവരുടെ നേതൃത്വത്തിൽ നടന്ന നിരവധി യുദ്ധ മുന്നേറ്റങ്ങളിൽ അലി(റ) ഉണ്ടായിരുന്നു.



മൂന്നാം ഖലീഫ ഉസ്മാൻ(റ)വിനെതിരെ ഈജിപ്ത്, കൂഫ, ബസ്വറ തുടങ്ങിയ നാടുകളിൽ നിന്ന് ചില പ്രതിപക്ഷ നേതാക്കന്മാർ രംഗത്തിറങ്ങുകയും വളരെ ദുർബലമായ ചില വാദങ്ങൾ ഉയർത്തി ഉസ്മാൻ(റ) ഖലീഫ ആയിരിക്കുവാൻ കൊള്ളാത്ത ആളാണെന്നും അയാളെ പ്രസ്തുത സ്ഥാനത്തിൽ നിന്ന് മാറ്റണമെന്നും വാദിച്ച് രംഗത്തെത്തുകയും ചെയ്തു. വിപ്ലവകാരികളായ അവർ ഉയർത്തിയ ഓരോ ചോദ്യങ്ങൾക്കും ഉസ്മാൻ(റ) കൃത്യവും ശരിയും ആയ ഉത്തരങ്ങളും വിശദീകരണങ്ങളും നൽകി. അല്ലാഹു തന്നെ ധരിപ്പിച്ച ഖിലാഫത്ത് പട്ടം ഞാൻ അഴിച്ചു വെക്കുകയില്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ കാലഘട്ടം ഇത്തരം ചില പ്രശ്നങ്ങളെ നേരിടുമെന്നും അപ്പോൾ അല്ലാഹു ധരിപ്പിച്ച ഖിലാഫത്ത് പട്ടം ആർക്കുവേണ്ടിയും അഴിക്കരുത് എന്നും നബി(സ) തങ്ങൾ പ്രവചിച്ചിട്ടുണ്ടായിരുന്നു. വിപ്ലവകാരികൾക്ക് തങ്ങളുടെ ഇംഗിതങ്ങൾ ഒന്നും നടപ്പിലാക്കാൻ പോകുന്നില്ല എന്ന് വ്യക്തമായപ്പോൾ അവർ അദ്ദേഹത്തെ വധിക്കുവാൻ തന്നെ തീരുമാനിച്ചു. അവർ അദ്ദേഹത്തിന്റെ വീട് വളഞ്ഞു. മുതിർന്ന സഹാബിമാർ നടത്തിയ അനുരഞ്ജന ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. അതൊരു ഹജ്ജിന്റെ സമയമായിരുന്നതിനാൽ പ്രമുഖരായ പലരും മദീനയിൽ ഉണ്ടായിരുന്നതും ഇല്ല. ഈ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി അവർ അദ്ദേഹത്തിൻ്റെ വീട് വളയുകയും ആദ്യം ഉപരോധിക്കുകയും പിന്നീട് അതിക്രമിച്ച് വീടിൻെറ ഉള്ളിൽ കയറി അദ്ദേഹത്തെ വെട്ടിക്കൊല്ലുകയും ചെയ്തു. ഇസ്ലാമിക ലോകത്ത് ഉണ്ടായ ഏറ്റവും ഹീനമായ സംഭവമായിരുന്നു ഇത്. ഇതിനുശേഷം പിന്നീട് ഇസ്ലാമിക ഉമ്മത്തിൽ പ്രശ്നങ്ങളും കലാപങ്ങളും അടങ്ങിയിട്ടില്ല.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso