Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 7

12-12-2023

Web Design

15 Comments




ഒരിക്കൽ, ഖലീഫ അൽ-മൻസൂർ അദ്ദേഹത്തിന് ചീഫ് ഖാളി (ചീഫ് ജസ്റ്റിസ്) സ്ഥാനം വാഗ്ദാനം ചെയ്തു; എന്നാൽ ഇമാം അബു ഹനീഫ (റ) ഈ ഓഫർ നിരസിച്ചു, ഇത്രയും ഉയർന്ന പദവിക്ക് യോഗ്യനാണെന്ന് താൻ കരുതുന്നില്ലെന്ന് പ്രസ്താവിച്ചു. ഖലീഫ, പ്രത്യക്ഷത്തിൽ, ഈ നിഷേധത്തെ തന്റെ അധികാരത്തെ അപമാനിക്കുന്നതായി കാണുകയും ഇമാമിനെ ഒരു നുണയൻ എന്ന് വിളിക്കുകയും ചെയ്തു! അതിനുശേഷം, ഇമാം അബു ഹനീഫ(റ) തുടർന്നു ഇങ്ങനെ പ്രതികരിച്ചു: 'ഞാൻ തീർച്ചയായും ഒരു നുണയനാണെങ്കിൽ, ഞാൻ ഒരു ജഡ്ജി സ്ഥാനത്തിന് അത്യധികം യോഗ്യനല്ലെന്ന് മാത്രമേ അത് സൂചിപ്പിക്കുന്നുള്ളൂ'. രോഷാകുലനായ ഖലീഫ ഇമാം അബു ഹനീഫയെ (റ) ജയിലിൽ അടയ്ക്കാൻ തീരുമാനിച്ചു. ഇതിനിടെ ഖലീഫക്ക് മറ്റൊരു രഹസ്യ വിവരം ലഭിച്ചു. ബസ്വറയിലെ വിപ്ലവകാരിയായ ഇബ്റാഹീമുബ്നു അബ്ദുള്ളാഹിക്ക് സാമ്പത്തികമായി ഇമാം അബൂ ഹനീഫ(റ) സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നതായിരുന്നു അത്. അതറിഞ്ഞ ഖലീഫ മന്‍സ്വൂര്‍ ഇമാമിനെതിരെ പോരാട്ടത്തിന് ഒരുങ്ങി. അതുവരെ ഖലീഫ മന്‍സൂര്‍ ഇമാമിനോട് വളരേയധികം ആദരവോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്. തുടർന്ന് ഇമാമിന് കഠിന പീഢനത്തിന്‍റെ നാളുകളായിരുന്നു കഴിഞ്ഞു പോയത്. ദിനംപ്രതി പത്തുവീതം ചാട്ടവാറടികള്‍ ഇമാമിനെതിരെ ശിക്ഷയായി ചാര്‍ത്തുമായിരുന്നു.അടിയുടെ അഘാതത്താല്‍ രക്തം ചാലിട്ടൊഴുകി. ഭക്ഷണം പോലും കൊടുക്കാതെ പട്ടിണിക്കിട്ടു. അങ്ങനെ, ഖലീഫയുടെ ആവശ്യങ്ങൾക്ക് കീഴടങ്ങാൻ ഇമാം അബൂഹനീഫ(റ) വിസമ്മതിച്ചു.



ഹിജ്‌റ 150-ല്‍ (ക്രി.വ. 767-ൽ) ബഗ്ദാദില്‍ തടവിലായിരിക്കെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഖൈസുറാന്‍ മഖ്ബറയില്‍ അവർ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ നിയമശാസ്ത്രവുമായി സമന്വയിപ്പിച്ച് സ്ഥാപിച്ച നിയമ വിദ്യാലയം, ഹനഫി മദ്ഹബ്, പിന്നീട് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചിന്താധാരയായി മാറുകയും ആത്യന്തികമായി മുഗൾ സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം തുടങ്ങിയ മഹത്തായ മുസ്ലീം സാമ്രാജ്യങ്ങളുടെ ഔദ്യോഗിക മദ്ഹബായി മാറുകയും ചെയ്തു. ഈ കർമ്മശാസ്ത്ര സരണിയും ഘനപ്പെട്ട ഒരു പാട് കൃതികളുമാണ് അദ്ദേഹത്തിന്റെ നീക്കിയിരിപ്പ്.



ഇമാമുൽ അഅ്ളമിന്ന് ഒറ്റ പുത്രനേ ഉണ്ടായിരുന്നുള്ളൂ. ഹമ്മാദ്(റ). മഹാപണ്ഡിതനും മുഹദ്ദിസുമായിരുന്നു ഹമ്മാദ് (റ). അദ്ദേഹത്തിന്റെ ഉമ്മ ചരിത്രത്തിൽ അറിയപ്പെടുന്നത് ഉമ്മുഹമ്മാദ് എന്നാകുന്നു. ഉമ്മുഹമ്മാദിന്നു പുറമെ മറ്റൊരു ഭാര്യകൂടി ഇമാം അബൂഹനീഫ(റ)ക്ക് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. തികച്ചും രാജകീയമായ പ്രൗഢികളോട് കൂടെയാണ് ഇമാമുൽ അഅ്ളമിന്റെ ഖബറും പള്ളിയും ഇറാഖ് ഭരണകൂടം പരിപാലിക്കുന്നത്.



അദ്ധ്യായം പതിനഞ്ച്
മൻസ്വൂർ ഹല്ലാജ്(റ)



സൂഫികളിൽ ഏറെ പ്രസിദ്ധനും എന്നാൽ ജീവിച്ചിരുന്ന കാലത്ത് ഏറെ വിവാദങ്ങൾക്ക് വിധേയനാവേണ്ടി വന്ന ഒരു സൂഫിയുമാണ് മൻസൂർ അൽഹല്ലാജ്. അബുൽ മുഗീസ് അൽ ഹുസൈൻ ബിൻ മൻസൂർ അൽഹല്ലാജ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഹിജ്റ 244 ൽ (എ ഡി 587) പേർഷ്യയിലെ ബെയ്‌സ പ്രവിശ്യയിലെ ശീറാസിൽ ഒരു പരുത്തി കർഷക കുടുംബത്തിൽ ആണ് മൻസൂർ അൽ ഹല്ലാജ് ജനിക്കുന്നത്. പരുത്തി നെയ്യുന്നവൻ എന്നാണ് പാർസി ഭാഷയിൽ ഹല്ലാജ് എന്നതിന്റെ അർഥം. ബാല്യത്തിൽ തന്നെ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കുകയും ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിലും ഹദീസ് പo നനത്തിലുമായി ദീർഘ കാലം ചിലവഴിക്കുകയും ചെയ്ത അദ്ദേഹം ബസ്വറ, കൂഫ, മക്ക, ഖുറാസാൻ, തുർക്കിസ്ഥാൻ, ചെച്‌നിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പഠനത്തിനായി യാത്ര ചെയ്യുകയുണ്ടായി. അറിവിലൂടെ ചുവടുകൾ വെച്ച് മഹാനവർകൾ ആത്മീയ ലോകത്താണ് എത്തിച്ചേർന്നത്.



ഒട്ടേറെ ആത്മീയ നായകന്മാരാൽ നിറഞ്ഞ പ്രദേശമായതിനാലാണ് മഹാനവർകൾ ബാഗ്ദാദിലേക്ക് പോകുവാൻ തീരുമാനിച്ചത്. പതിനെട്ടാം വയസ്സിൽ ബാഗ്‌ദാദിലെത്തിയ അദ്ദേഹം സഹൽ ഇബ്നു തുസ്തരിയിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ചു ബൈഅത് (അനുസരണ പ്രതിജ്ഞ) ചെയ്തു ശിഷ്വത്വം നേടി. ദുന്നൂനുൽ മിസ്‌രി, ജുനൈദുൽ ബഗ്ദാദി എന്നിവരുടെയും ശിഷ്യത്വം നേടാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. സൂഫികളുടെ പർണ്ണശാലകളിൽ നടക്കുന്ന ആത്മീയ സംഗമങ്ങളിൽ പങ്കെടുക്കുകയും ആത്മീയതയുടെ ഉന്മാദത്തിൽ ലയിച്ചുചേരുകയും ചെയ്യുന്നത് അദ്ദേഹത്തിൻ്റെ പതിവായിരുന്നു. ഔലിയാക്കളുടെ ഏറ്റവും വലിയ ഒരു പദവിയാണ് ഈ ഉന്മാതാവസ്ഥ. ശരീഅത്ത് എന്ന മത നിയമ വ്യവസ്ഥകൾക്ക് വിധേയമായി ത്വരീഖത്ത് എന്ന ആത്മീയ വഴിയിലൂടെ പരമ സത്യമായ ഹഖീഖത്തിലേക്കും ബ്രഹ്മജ്ഞാനമായ മഅരിഫത്തിലേക്കും ചുവടുവെക്കുകയാണ് സൂഫികൾ ചെയ്യുന്നത്. ഹഖീഖത്തും കടന്നു മഅരിഫത്തിലെത്തുന്ന സൂഫികൾ ആത്മീയ ധാരയിൽ ഉയരുന്നതോടു കൂടി ചിലർക്ക് പലതരം ഉന്മാദ അവസ്ഥകൾ തരണം ചെയ്യേണ്ടതായി വരും. ഇതൊരു തരം പരീക്ഷണ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം അവസ്ഥയിൽ സൂഫികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥയായ ശരീഅത്ത് പൂർണ്ണതയോടെ പിൻപറ്റണമെന്നില്ല എന്നാണ് മഹാൻമാർ പറയുന്നത്. ജദ്ബിന്റെ അവസ്ഥ എന്ന ഈ ഉന്മാദാവസ്ഥയിലെ പ്രവർത്തികൾ ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുമെന്ന കാരണത്താൽ ഏകാന്ത വാസമോ ദേശാടനമോ ആണ് ഈ കാലയളവിൽ സ്വൂഫികൾ ചെയ്യാറ്. ഇതനുസരിച്ച് ബഗ്ദാദിലെ സ്വൂഫികൾ അദ്ദേഹത്തെ അവരുടെ ഖാൻ ഖാഹുകളിൽ നിന്ന് പുറത്താക്കി എന്നാണ് ചരിത്രം.



തുടർന്ന് ബസ്വറയിലേക്കു യാത്ര പോയ മൻസൂർ മറ്റൊരു സൂഫി വര്യനായ അംറ് ഇബ്നു ഉസ്മാൻ മക്കിയുടെ കീഴിൽ ആത്മീയ സംസ്കരണ പഠനം തുടർന്നു. ബസ്രയിലെ അബൂ യഅ്ഖൂബിൽ അഖ്ത്വാഈ എന്ന സൂഫിയുടെ മകളെ മൻസൂർ വിവാഹം കഴിക്കുന്നത് ഈ കാലയളവിലാണ്. ഉന്മാദ അവസ്ഥയുടെ ലക്ഷണങ്ങൾ വീണ്ടും മൻസൂറിൽ ദൃശ്യമായതോടെ പർണ്ണ ശാല ഉപേക്ഷിക്കാൻ അംറ് ആവശ്യപ്പെടുകയും ഉന്മാദാവസ്ഥയിലെ ജൽപനങ്ങളെ വിമർശിക്കുകയും ചെയ്തു. തുടർന്ന് തെരുവിലെത്തിയ മൻസൂറിനെ ജനങ്ങൾ ചിത്ത രോഗിയാണെന്ന് സംശയിച്ചു ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് ഭിഷഗ്വരന്മാർ രോഗമില്ല എന്നും പറഞ്ഞ് അദ്ദേഹത്തെ പുറം ലോകത്തേക്ക് തന്നെ തിരികെ വിട്ടു. അവസാനം ജുനൈദുൽ ബാഗ്‌ദാദിയുടെ പർണ്ണശാലയിലാണ് മൻസൂർ അഭയം തേടിയത്. ആത്മീയതയുടെ ലഹരിപിടിച്ച് ഉൻമത്തനായി മാറിയതോടെ ജുനൈദുൽ ബാഗ്ദാദിയും തന്റെ പർണശാലയിൽ നിന്നും ഹല്ലാജിനെ പുറത്താക്കി.



പുറത്തിറങ്ങിയ അൽ ഹല്ലാജ്, “അനൽ ഹഖ്” എന്ന തന്റെ ഒരൊറ്റ പ്രഖ്യാപനം കൊണ്ടാണ് എക്കാലവും സ്മരിക്കപ്പെടുന്നതും വിവാദനായകനായി മാറിയതും.
ഞാനാണ് പരമമായ സത്യം എന്ന് അർത്ഥം കൽപ്പിക്കാവുന്ന അനൽ ഹഖ് എന്ന വചനത്തെ ഹല്ലാജിന്റെ ദൈവ വാദമായി കരുതിയവർ അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. ഞാനാണ് ദൈവം എന്ന് പച്ചയിൽ പറയുന്ന ഹല്ലാജിന്റെ അവസ്ഥകളെയോ ന്യായീകരണങ്ങളെയോ ആരും കേൾക്കാൻ തയ്യാറായിരുന്നില്ല. ശരീഅത്ത് നിയമത്തിന്റെ നേർക്കുനേർ ആശയത്തിൽ അതിനെ ഏറെ ഗുരുതരമായ ശിർക്കായി കൊണ്ട് മാത്രമാണ് പരിഗണിക്കാൻ കഴിയുക. എന്നാൽ അദ്ദേഹത്തിന്റെ അനുചരന്മാരെ സംബന്ധിച്ചിടത്തോളം 'ഞാൻ ഇതാ പരമമായ സത്യത്തിൽ പൂർണ്ണമായും ലയിച്ചിരിക്കുന്നു ' എന്ന ഔന്നത്യ പ്രാപനത്തിന്റെ പ്രഖ്യാപനം മാത്രമായിരുന്നു അനൽഹഖ്. സ്വൂഫിസത്തിലെ ഈ അവസ്ഥയെ ഫനാഉൽ ഫനാഅ് എന്നാണ് സാങ്കേതികമായി വ്യവഹരിക്കപ്പെടുന്നത്.



തെരുവിലേക്ക് വീണ്ടുമിറങ്ങിയ ഹല്ലാജ് 'നീ ഞാനും ഞാൻ നീയും ' എന്ന സ്‌നേഹത്തിന്റെ അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞു വീണു. പലപ്പോഴും അദ്ദേഹം അബോധാവസ്ഥയിലേക്ക് മറിഞ്ഞു വീഴുമായിരുന്നു. താൻ ദൈവസന്നിധിയിലായിരുന്നുവെന്നാണ് മൻസൂർ ഈ അവസ്ഥയെ വിവരിച്ചിരുന്നത്. ഈ ധ്യാനനിമിഷങ്ങളിൽ അദ്ദേഹം അനൽഹഖ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. സുബ്ഹാനി (ഞാൻ എന്നെ പരിശുദ്ധനാക്കുന്നു), മാഫിൽ ജൈബി ഇല്ലല്ലാഹ്’ (ദൈവമല്ലാതെ മറ്റൊന്നും കീശയിലില്ല), ഞാൻ സ്‍നേഹിക്കുന്ന ഞാൻ അവനാണ്, ഞാൻ സ്‍നേഹിക്കുന്ന അവൻ ഞാൻ തന്നെയാണ്, എന്റെ ശിരോവസ്ത്രത്തിനുള്ളിൽ ഞാൻ ദൈവത്തെയല്ലാതെ മറ്റൊന്നിനേയും മൂടിവെച്ചിട്ടില്ല’ തുടങ്ങിയ വാക്കുകളും കവിതകളും ബാഗ്ദാദ് പട്ടണത്തിൽ പ്രകമ്പനം കൊണ്ടു.



ഹല്ലാജ് ശരീഅത്ത് നിയമ വ്യവസ്ഥയ്ക്ക് എതിരായെന്നും അയാളെ കൊല്ലണമെന്നും ജനക്കൂട്ടം ആവശ്യപ്പെടാൻ തുടങ്ങി. ഖലീഫ മുഖ്തദിർ ബില്ലാഹിയുടെ ഭരണമായിരുന്നു അന്ന്. വൻ തോതിൽ പരാതികൾ ലഭിച്ചതോടു കൂടി ഖലീഫ പണ്ഡിതന്മാരുടെ അഭിപ്രായം തേടി. പണ്ഡിതർ മൂന്ന് അഭിപ്രായങ്ങളാണ് ഖലീഫക്കു മുമ്പിൽ സമർപ്പിച്ചത്. ശരീഅത്ത് അടിസ്ഥാനപ്പെടുത്തി മാത്രമേ വിധി പറയാൻ കഴിയൂ എന്നും അതിനാൽ ഹല്ലാജിനോട് പശ്ചാത്തപിക്കുവാൻ പറയണമെന്നും പശ്ചാതപിക്കാത്ത പക്ഷം ശിർക്ക് ചെയ്ത ആൾ എന്ന അർത്ഥത്തിൽ അദ്ദേഹത്തെ വധിക്കണമെന്നുമായിരുന്നു ഒന്നാമത്തെ അഭിപ്രായം. ഒരു വിഭാഗം പണ്ഡിതർ ഒന്നും പറയാതെ മൗനം പാലിച്ചു. മറ്റൊരു വിഭാഗമാകട്ടെ, മൻസ്വൂർ അബോധാവസ്ഥയായിരുന്നതിനാൽ ശരീഅത്തിനു വിധേയനാകണമെന്നില്ല എന്ന അഭിപ്രായവും പ്രകടിപ്പിച്ചു. ഇതോടെ ഖലീഫ സൂഫി വര്യന്മാരുടെ അഭിപ്രായം തേടി. തത്വജ്ഞാനമാണ് അവയെന്നും അവയുടെ ആന്തരികാർത്ഥം ജ്ഞാനികൾക്കേ മനസ്സിലാകൂവെന്നും പക്ഷെ ഇത്തരം പ്രസ്താവനകൾ മൂലം സാധാരണ ജനങ്ങളിൽ വളരെ മോശമായ പ്രതിഫലനമാണുണ്ടാവുകയെന്നും അതിനാൽ അത്തരം സംസാരങ്ങൾ നടത്തുന്നവർക്കെതിരെ മത വിധികൾ നടപ്പാക്കാമെന്നും ഹല്ലാജും തന്റെ യജമാനനും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ട കാര്യം ന്യായാധിപനില്ലെന്നും ന്യായാധിപൻ വിധി പ്രഖ്യാപിക്കേണ്ടത് നിയമ സംഹിത നോക്കിയാണ് എന്നുമായിരുന്നു അവരുടെ അഭിപ്രായം.



നിയമോപദേശം ലഭിച്ചതോടെ ഭരണാധികാരി മുഖ്തദിർ ബില്ലാഹി ഹല്ലാജിനോട് പാശ്ചാത്തപിക്കാൻ ആവശ്യപ്പെട്ടു. പാശ്ചാത്തപിക്കാൻ താൻ തെറ്റായി ഒന്നും പറഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തന്റെ നിലപാട് വ്യക്തമാക്കി നിർദ്ദേശം അനുസരിക്കാതെ ചിരിച്ചു കൊണ്ട് മൻസൂർ വീണ്ടും ആ അർഥത്തിലുള്ള കവിതകൾ ആലപിച്ചു തെരുവിലൂടെ നടന്നു. തികച്ചും ധിക്കാരമായി കരുതാവുന്ന ഒരു നീക്കം ആയിരുന്നു ഇത്. തൻ്റെ ഉള്ളിലെ ആത്മീയ ഉന്മാദമാണ് ഇതിൻെറ പ്രചോദനം എന്ന ധാരണയിലായിരുന്നു അദ്ദേഹം എങ്കിൽ ഏറ്റവും കുറഞ്ഞത് ജനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ എങ്കിലും അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നു. അതൊന്നും പക്ഷേ ഉണ്ടായില്ല. ഖലീഫയേയും നിയമവ്യവസ്ഥയെയും ഹല്ലാജ് വെല്ലുവിളിക്കുകയാണ് എന്നത് പരസ്യമായതോടുകൂടെ നിയമം നടപ്പിൽ വരുത്തുവാൻ സമ്മർദ്ദം കൂടിവന്നു. ഇതോടു കൂടി നിരവധി അവസരങ്ങൾ നൽകിയ ബഗ്ദാദിലെ സുപ്രീം കോടതി അദ്ദേഹത്തെ വധിക്കാൻ ഉത്തരവിടുകയും അതു നടപ്പാക്കാൻ ഖലീഫ പ്രഖ്യാപിക്കുകയും ഖാസി അത് ശരിവക്കുകയുമുണ്ടായി. ജുനൈദുൽ ബാഗ്ദാദിയോട് വിധി പകർപ്പിൽ ഒപ്പുവക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മൂകനായി ഒപ്പു വെക്കാതെ മാറി നിന്നു. സത്യവും ന്യായവും ഒപ്പം പരമമായ സത്യവും അദ്ദേഹത്തിൻ്റെ ഉള്ളിൽ വലിയ സംഘർഷം ഉണ്ടാക്കുന്നുണ്ടായിരുന്നു. അതോടെ സദസ്സിലുണ്ടായിരുന്ന ഹല്ലാജ് ചിരിച്ചു കൊണ്ട് ഗുരുവിനോട് പറഞ്ഞു: ”ഗുരോ, സൂഫിസത്തിന്റെ വസ്ത്രം അഴിച്ചു വെക്കൂ, അതഴിച്ചു വെച്ചാൽ മാത്രമേ അങ്ങേക്ക് അതിൽ ഒപ്പ് ചാർത്താൻ സാധിക്കൂ…' അതോടെ ജുനൈദുൽ ബാഗ്ദാദി വിധി പകർപ്പിൽ ഒപ്പ് വച്ചു. തുടർന്ന് ഹിജ്റ 309 ദുൽഹിജ്ജ 24 ന് ഹല്ലാജ് ബ്‌നു മൻസ്വൂറെന്ന സൂഫീ പണ്ഡിതന്റെ വധശിക്ഷ ജന മധ്യത്തിൽ വെച്ച് നടപ്പാക്കി.



ജുനൈദ്‌(റ) സംഭവത്തിനു ശേഷം നിറ കണ്ണുകളോടെ പറഞ്ഞു: 'ഞാനും മൻസൂറും ഒന്നു തന്നെ, ഭ്രാന്ത്‌ എന്നെ രക്ഷിച്ചു , യുക്തി മൻസൂറിനെ അവസാനിപ്പിച്ചു '.



ഇമാം ബക്രി(റ) എഴുതുന്നു: ഭരണാധികാരി മുഖ്തദിർ ചാട്ടവാറുകൊണ്ട് ആയിരം അടി ഹല്ലാജിനെ അടിക്കാൻ കൽപ്പിച്ചു അതുകൊണ്ടും മരിച്ചിട്ടില്ലെങ്കിൽ രണ്ട് കയ്യും രണ്ട് കാലും വെട്ടി മാറ്റി തല വെട്ടിക്കളയുക അങ്ങനെ ഹല്ലാജ് (റ) നെ അവർ വധിച്ചു കളഞ്ഞു (ഇആനത്തുത്വലിബീൻ: 4/205)



ശൈഖ് യൂനുസുന്നബ്ഹാനി(റ) എഴുതുന്നു: ശൈഖ് ഹല്ലാജ് (റ) ശൈത്യകാലത്ത് ഉഷ്ണകാലത്ത് ലഭിക്കുന്ന പഴങ്ങളും ഉഷ്ണകാലത്ത് ശൈത്യകാലത്ത് ലഭിക്കുന്ന പഴങ്ങളും ജനങ്ങൾക്ക് കൊടുക്കുമായിരുന്നു. മഹാൻ അന്തരീക്ഷത്തിലേക്ക് കൈനീട്ടും കൈ മടക്കുമ്പോൾ ഖുൽഹുവല്ലാഹ് അഹദ് എന്നെഴുതിയ ദിർഹമുകൾ
അതിന് ഖുദ്റത്തിന്റെ ദിർഹമുകളെന്ന് മഹാൻ പേരിട്ടു. ജനങ്ങൾ ഭക്ഷിച്ചതും അവർ അവരുടെ വീടുകളിൽ വെച്ച് ചെയ്തതും ഹൃദയങ്ങളിലുള്ളതും ശൈഖ് അവർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/44)



ഹല്ലാജിനെ കൊന്നത് വേണ്ടായിരുന്നു എന്ന് സ്വൂഫി വര്യന്മാരും പിൽക്കാല പണ്ഡിതരും മറ്റും ഒരു പോലെ പറയുമ്പോഴും വധ ശിക്ഷ നടപ്പാക്കിയവർ തെറ്റുകാരാണെന്ന് അവരാരും പറയുന്നില്ല എന്നതും ശ്രദ്ധേയയാണ്. നിയമ വ്യവസ്ഥ അനുസരിച്ചു വിധി പ്രഖ്യാപിക്കേണ്ടത് ഭരണ കൂടങ്ങളുടെ ചുമതലയാണെന്നും അതിൽ ആക്ഷേപമായി ഒന്നുമില്ലെന്നും അവർ ഒരേ സ്വരത്തിൽ പറയപ്പെടുന്നു.



നിരവധി ഗ്രന്ഥങ്ങളുടെ ഉടമയാണ് ഹല്ലാജ് ബിൻ മൻസ്വൂർ. ''ബുസ്താനുൽ മഅരിഫ, തഫ്‌സീറു സൂറത്തിൽ ഇഖ്‌ലാസ്, അൽ അബ്ദ്, അത്തൗഹീദ്, അൽ ജീമുൽ അസ്ഗർ, അൽ ജീമുൽ അക്ബർ, ഖസാഇനുൽ ഖൈറാത്ത്, ഖിറാനുൽ ഖുർആനി വൽ ഫുർഖാൻ, അൽ കിബ്‌രീത്തുൽ അഹ്മർ, അൽ കയ്ഫിയത്തു വൽ ഹഖീഖ, കയ്ഫ കാന കയ്ഫ യകൂനു, ലാ കയ്ഫ്, നൂറുന്നൂർ, അൽ വുജൂദുൽ അവ്വൽ, അൽ വുജുദുസ്സാനി, അൽ യഖീൻ'' എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.



ബഗ്ദാദിലെ കർഖിൽ അൽ കറാമ ആശുപത്രിക്കു പിന്നിലാണ് മഹാനവർകളുടെ മഖ്ബറ.



അദ്ധ്യായം പതിനാറ്
ബഗ്ദാദിലെ മറ്റു മഹാൻമാർ



അബൂ സഈദിൽ മുഖ്റമി(റ):



മഹാനായ ഗൗസുൽ അഅ്ളം മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ)യുടെ ശൈഖും ആത്മീയ ഗുരുവും ആയിരുന്നു മഹാനവർകൾ. അദ്ദേഹത്തിൻ്റെ മദ്രസയിലാണ് അഅ്ളം മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ)യുടെ ആദ്ധ്യാത്മിക പഠന-അദ്ധ്യയന-അദ്ധ്യാപനങ്ങൾ കേന്ദ്രീകരിച്ചത്. മുബാറക് ബിൻ അലി ഹുസൈൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഹിജ്റ 446 ൽ ബഗ്ദാദിൽ ജനിച്ച മഹാൻ ഹിജ്റ 513 ൽ വഫാത്തായി. ഹൻബലി മദ്ഹബിലെ വലിയ പണ്ഡിതനുമായിരുന്നു. ഇമാം അഹ്മദ്‌(റ)വിന്റെ ഖബറിന്റെ സമീപത്തായി മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നു.



ഹമ്മാദുദ്ദബ്ബാസ് (റ):



ഗൗസുൽ അഅ്ളം മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ)യുടെ മറ്റൊരു പ്രധാന ശൈഖും ഗുരുവുമായിരുന്നു മഹാനവർകൾ. ഹമ്മാദു ബിൻ മുസ്ലിം ബിൻ ദാവൂദ് അദ്ദബ്ബാസ് എന്നാണ് മുഴുവൻ പേര്. ശാമിൽ ആയിരുന്നു ജനനം എങ്കിലും ബഗ്ദാദിലെ മുളഫ്ഫരിയ്യയിൽ ആയിരുന്നു മഹാനവർകളുടെ ജീവിതം. നിരവധി കറാമത്തുകൾ മഹാനവർകളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ആ കാലത്തെ എല്ലാ പണ്ഡിതന്മാരും സൂഫിമാരും നിരന്തരമായി സന്ദർശിക്കുമായിരുന്ന ഒരാളായിരുന്നു മഹാനവർകൾ. ഹിജ്റ 525 ലെ റമദാനിൽ അവർ വഫാത്തായി. ജുനൈദുൽ ബഗ്ദാദി(റ)യുടെ മസാർ സ്ഥിതി ചെയ്യുന്ന ശൂനിസിയ മഖ്ബറയിൽ ആണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.



ഖത്തീബുൽ ബഗ്ദാദി(റ):



ഇസ്ലാമിക ചരിത്രത്തിലെയും സംസ്കാരത്തിലെയും ഏറ്റവും വലിയ രചയിതാക്കളിൽ ഒരാളാണ് ഖത്തീബുൽ ബഗ്ദാദി എന്ന അഹ്മദ് ബിൻ അലി ബിൻ ബഗ്ദാദി. ഹിജ്റ 392 രണ്ടാം ജുമാദ 24 നായിരുന്നു മദാഇനിനടുത്ത ഹനീഖിയയിൽ അദ്ദേഹത്തിൻ്റെ ജനനം. അൻപത്തി ആറോളം കൃതികളുടെ രചയിതാവായ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി ഹിജ്റ അഞ്ചാം നൂറ്റാണ്ട് വരെ ബാഗ്ദാദിൽ ജീവിച്ച മഹാന്മാരെ പരിചയപ്പെടുത്തുന്ന താരീഖ് ബാഗ്ദാദ് ആണ്. ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട ഒരു പണ്ഡിതനായി പരിഗണിക്കപ്പെടുന്ന മഹാനവർകൾ ഹിജ്റ 463 ൽ ബഗ്ദാദിൽ വഫാത്തായി. ബിശ്റുൽ ഹാഫി(റ)യുടെ തൊട്ടടുത്തായിട്ടാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.



ഇമാം അശ്അരി(റ)



അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏറ്റവും വലിയ വ്യാഖ്യാതാവാണ് അബുൽ ഹസൻ അൽ അശ്അരി എന്ന അൽ ഇമാം അലി ബിൻ ഇസ്മായിൽ ബിൻ ഇസഹാഖ്(റ). ഹിജ്റ 260 ൽ ബസ്വറയിൽ ആയിരുന്നു ജനനം. വിശ്വാസ ശാസ്ത്രത്തിലെ മുസ്ലിം ലോകത്തിൻെറ രണ്ട് ഇമാമുമാരിൽ ഒരാളാണ് അദ്ദേഹം. ഇടക്ക് മുഅ്തസിലി വിശ്വാസധാരയിൽ ചേർന്നു എങ്കിലും അതിലെ തെറ്റുകൾ മനസ്സിലാക്കി തിരിച്ചുവരികയും പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തു. തുടർന്നാണ് അദ്ദേഹം ബാഗ്ദാദിലേക്ക് പോയത്. അബൂ ഇസഹാഖ് മർവസി, സക്കരിയ ബിൻ യഹിയ തുടങ്ങിയ പണ്ഡിതന്മാരുടെ ശിഷ്യനും അബൂബക്കർ ബാഖില്ലാനി തുടങ്ങിയവരുടെ ഗുരുവും ആയിരുന്നു അദ്ദേഹം. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിജ്റ 324 ൽ ബഗ്ദാദിൽ അവർ വഫാത്തായി.



ഇബ്നുൽ ജൗസി(റ)



ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന് അമൂല്യമായ നിരവധി ഗ്രന്ഥങ്ങളും ചിന്താ ശാഖകളും സംഭാവന ചെയ്ത മഹാനുഭവനാണ് അബുൽ ഫറഹ് അബ്ദുറഹ്മാൻ ബിൻ അലി എന്ന ഇമാം ഇബ്നുൽ ജൗസി(റ). തൽബീസു ഇബ്‌ലീസ്, ബുസ്താനുൽ വാഇദീൻ തുടങ്ങി ഇരുനൂറ്റി അൻപതോളം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചിട്ടുണ്ട്. ഹദീസ് വിശാരദനും ഹമ്പലി മദ്ഹബിലെ കർമ്മ ശാസ്ത്രജ്ഞനും ചരിത്രകാരനും ആയിരുന്നു അദ്ദേഹം. ഹിജ്റ 510 ൽ ബാഗ്ദാദിൽ ജനിച്ച മഹാനവർകൾ ഹിജ്റ 597 ൽ റമദാനിൽ വഫാത്തായി. ബാബുൽ ഹർബിൽ ആണ് അദ്ദേഹത്തിൻ്റെ കബർ.



അബൂത്വാലിബുൽ മക്കി:



ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ച ആധ്യാത്മിക നേതാക്കളിൽ ഒരാളായിരുന്നു അബൂത്വാലിബുൽ മക്കി. മക്കയുടെ സമീപപ്രദേശത്തുള്ള ഏതോ മലമുകളിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ ജനനവും ആദ്യകാല ജീവിതവും എന്നതുകൊണ്ടാണ് മക്കി എന്ന് വിളിപ്പേര് വന്നത്. ഖൂത്തുൽ ഖുലൂബ് എന്ന വിശ്രുത ആധ്യാത്മിക ഗ്രന്ഥത്തിന്റെ രചയിതാവ് എന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രശസ്തി. ഈ ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ഇഹ്യാഉ ഉലൂമിദ്ദീനിനെ വരെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ചരിത്രം. മുഹമ്മദ് അലി എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. ബനൂ ഹാരിസാണ് കുടുംബം. ഹിജ്റ 386 ലെ രണ്ടാം ജുമാദയിൽ ആറാം തീയതി ബഹുമാനപ്പെട്ടവർ ബഗ്ദാദിൽ മരണപ്പെട്ടു. ബാഗ്ദാദിലെ പ്രശസ്തമായ മാലികിയ്യ മഖ്ബറയുടെ കിഴക്കുഭാഗത്ത് ആയിട്ടാണ് മഹാനവർകളുടെ ഖബർ സ്ഥിതി ചെയ്യുന്നത്.



ഖാളി അബൂബക്ർ ബാഖില്ലാനി(റ)



അശ്അരി വിശ്വാസ സരണിയുടെയും മാലിക്കി കർമ്മ സരണിയുടെയും നായകനായിരുന്നു മുഹമ്മദ് ബിൻ ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ ജഅ്ഫർ ബിൻ ഖാസിം എന്ന ഖാളി അബൂബക്കർ ബാഖില്ലാനി(റ). ഹിജ്റ 338 ൽ ബസ്വറയിൽ ആയിരുന്നു ബഹുമാനപ്പെട്ടവരുടെ ജനനം. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തൻ്റെ കാലഘട്ടം കണ്ട റാഫിളികൾ, മുഅ്തസിലികൾ, ഖവാരിജുകൾ, കറാമികൾ തുടങ്ങിയവരോട് എല്ലാം സംവാദം നടത്തുകയും അഹ്ലുസ്സുന്നയുടെ സരണിയെ ആശയപരമായി സ്ഥാപിക്കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. ഹിജ്റ 403 ൽ ബാഗ്ദാദിൽ അവർ മരണപ്പെട്ടു. ബാബു ഹർബിലാണ് ഇപ്പോൾ അവരുടെ ഖബർ.



ഇമാം ആലൂസീ(റ)



മഹമൂദ് ശിഹാബുദ്ദീൻ അബുത്തനാഉൽ ഹുസൈനി എന്ന ഇമാം ആലൂസി ബഗ്ദാദിലെ മഹാരഥന്മാരിൽ ഒരാളാണ്. വലിയ ഖുർആൻ വ്യാഖ്യാതാവും ഹദീസിലും ഫിഖ്‌ഹിലും അറബി സാഹിത്യത്തിലും കഴിവും മികവും ഉണ്ടായിരുന്ന ഒരു പണ്ഡിതനും ആയിരുന്നു അദ്ദേഹം. റൂഹുൽ മആനീ എന്ന വിശ്രുത ഖുർആൻ വ്യാഖ്യാന ഗ്രന്ഥം അദ്ദേഹത്തിൻ്റെ രചനയാണ്. മറ്റു പല കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബുകാരനായിരുന്നു. വിജ്ഞാനം തേടി നിരവധി യാത്രകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. വലിയ കവിയുമായിരുന്നു അദ്ദേഹം. ഹിജ്റ 1270 ൽ ദുൽ ഖഅദ് മാസത്തിൽ അഞ്ചാം തീയതി ബാഗ്ദാദിൽ മഹാനവർകൾ വഫാത്തായി. ശൈഖ് മഅ്റൂഫിൽ കർഖിയുടെ മഖ്ബറയിലാണ് അന്ത്യവിശ്രമം.



ഇമാം ത്വബരി(റ)



വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാം എന്ന വിശേഷണത്തിന് അർഹനായ മഹാനാണ് അബൂ ജഅ്ഫർ മുഹമ്മദ് ബിൻ ജരീർ എന്ന ഇമാം ത്വബരി(റ). ഹിജ്റ 224 ൽ ത്വബരിസ്ഥാനിൽ ജനിച്ച മഹാനവർകൾ ജ്ഞാനം തേടിയുള്ള യാത്രയിൽ അവസാനം ബാഗ്ദാദിലാണ് എത്തിച്ചേർന്നത്. ഇമാം മാലിക്, ഇമാം ശാഫിഈ തുടങ്ങിയവരുടെ ശിഷ്യനായിരുന്നു. ആഴമേറിയ അറിവും ജീവിത വിശുദ്ധിയും കൊണ്ട് എല്ലാ കാലങ്ങളുടെയും അംഗീകാരം നേടിയ മഹാനുഭവന്റെ ഏറ്റവും പ്രധാനപ്പെട്ട രചന ജാമിഉൽ ബയാൻ ഫീ തഅ് വീലിൽ ഖുർആൻ എന്ന തഫ്സീർ ത്വബരി ആണ്. ചരിത്ര ശാസ്ത്രത്തിലും പ്രധാന രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. താരീഖുത്വബരി തഹ്ദീബുൽ ആസാർ എന്നിവ ഉദാഹരണം. വലിയ ബുദ്ധിമാൻ ആയിരുന്ന അദ്ദേഹം കുട്ടിക്കാലത്ത് തന്നെ തന്റെ ജ്ഞാന മികവ് കാണിച്ചിട്ടുണ്ട്. ഏഴാം വയസ്സിൽ ഖുർആൻ മനപാഠമാക്കുകയും എട്ടാം വയസ്സിൽ ഇമാമത്ത് ആരംഭിക്കുകയും ഒമ്പതാം വയസ്സിൽ ഹദീസുകൾ എഴുതാൻ തുടങ്ങുകയും ചെയ്തു. ഹിജ്റ 310 ശവ്വാൽ 26 ന് മഹാനവർകൾ വഫാത്തായി. ബാഗ്ദാദിലെ ഹദീഖത്തു റഹ്ബിയ്യ എന്ന സ്ഥലത്താണ് മഹാന്റെ ഖബർ.



അബൂ നുവാസ്



അബു അലി അൽ ഹസൻ ബിൻ ഹാനി എന്ന അബു നുവാസ് അബ്ബാസി യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കവിയായിരുന്നു. ഹിജ്റ 145 ൽ ഇറാനിലെ അഹ് വാസിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളോടൊപ്പം ബസ്വറയിൽ എത്തി. അവിടെ നിന്ന് പിന്നീട് ബഗ്ദാദിലേക്ക് വന്നു. അബ്ബാസി ഖലീഫ ഹാറൂൻ റഷീദുമായും മകൻ അമീനുമായും അടുത്ത ബന്ധം ഉണ്ടായിരുന്ന അബൂ നുവാസ് രസികനായ ഒരു കവിയായിരുന്നു. അദ്ദേഹത്തിൻ്റെ രചനകൾ പലപ്പോഴും പരിധി വിടുന്നതായി പരാതിയുണ്ടായിരുന്നു എങ്കിലും മൊത്തത്തിൽ എല്ലാ വിഭാഗം സാഹിത്യവും വഴങ്ങുന്ന ഒരാളായിരുന്നു അദ്ദേഹം. യുദ്ധം, പ്രണയം, രാഷ്ട്രീയം, ആത്മീയത തുടങ്ങി എല്ലാ വിഭാഗം ആശയങ്ങളും അദ്ദേഹത്തിൻ്റെ കവിതകളിൽ കാണാം. ഹിജ്റ 198 ൽ അദ്ദേഹം ബാഗ്ദാദിൽ മരണപ്പെട്ടു. ശൈഖ് മഅ്റൂഫിൽ കർഖിയുടെ മഖ്ബറയുടെ അടുത്തായാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso