Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 6

12-12-2023

Web Design

15 Comments




അഹ്‌ലുബൈത്തിന്റെ നായകരിൽ പ്രധാനിയായ സയ്യിദ് ജഅ്ഫറുസ്സ്വാദിഖ്(റ) തുടർച്ചയായി മൂന്ന് ദിവസം നാട്ടുകാർക്ക് ഗംഭീര സൽകാരമൊരുക്കി. നാട്ടുകാർക്കെല്ലാം അത്ഭുതമായി. നാട്ടിൽ അത് ദിവസങ്ങളോളം ചർച്ചക്ക് വിഷയീഭവിച്ചു. തനിക്ക് നാഥൻ ഒരു കുഞ്ഞിനെ കനിഞ്ഞേകിയതിലുള്ള സന്തോഷപ്രകടനമായിരുന്നു മൂന്ന് ദിവസത്തെ സത്കാരം. ഈ പിതാവിന് ഈ കുഞ്ഞിനോടുള്ള പ്രത്യേക സ്‌നേഹം അന്ന് വലിയ സംസാരവിഷയമായി. എനിക്ക് മറ്റൊരു കുഞ്ഞുണ്ടാവരുതേ എന്നും ഉണ്ടായാൽ തന്റെ സ്നേഹം പകുക്കേണ്ടി വന്നാൽ ഈ കുഞ്ഞിനോടുള്ള സ്നേഹം കുറഞ്ഞുപോകുമല്ലോ എന്നും ഈ പിതാവ് പരിഭവിച്ചതായി ശിബ്റാവി തന്റെ ഇത്ഹാഫിൽ പറയുന്നുണ്ട്. സയ്യിദ് മൂസൽ കാളി(റ)മിന്റെ ജനനമായിരുന്നു ആ സത്കാരത്തിന് വഴിവെച്ചത്. ആ പിതാവ് നേരത്തെ പറഞ്ഞ ആ വാക്കുകൾക്ക് രണ്ട് അർഥങ്ങൾ കൽപ്പിക്കപ്പെടുന്നുണ്ട്. ഒന്ന് സുന്നികളുടേതാണ്. ഒരു പിതാവിന്റെ നിഷ്കളങ്കമായ സ്നേഹപ്രകടനമായിട്ടാണ് സുന്നികൾ ഈ വാക്കുകളെ പരിഗണിക്കുന്നത്. എന്നാൽ ഷിയാ വിഭാഗക്കാർ ഈ വാക്കുകളെ തങ്ങളുടെ ആറാമത്തെ ഇമാം തന്റെ പിൻഗാമിയെ പ്രഖ്യാപിക്കുന്നതായിട്ടാണ് അർത്ഥമാക്കുന്നത്. അവരുടെ ആറാമത്തെ ഇമാം ഈ പിതാവും അതുകൊണ്ടുതന്നെ ഏഴാമത്തെ ഇമാം ഈ മകനും ആണ്. ഹിജ്‌റ 128 സഫർ ഏഴ് (എ ഡി 745 നവംബർ എട്ട്) ശനിയാഴ്ച സയ്യിദ് ജഅ്ഫറുസ്സ്വാദിഖി(റ)ന്റെയും ഹുമൈദതുൽ ബർബരിയ്യയുടെയും മകനായാണ് മൂസൽ കാളിം(റ)യുടെ ജനനം. മക്കയുടെയും മദീനയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന അബവാഅ് ആണ് ജന്മനാട്. പിന്നീട് പിതാവ് ജഅ്ഫറുസ്സ്വാദിഖ്(റ) മദീനയിലേക്ക് താമസം മാറ്റി. ഇതോടെ സയ്യിദ് മൂസൽ കാളിമി(റ)ന്റെ ജീവിതവും മദീനയിലായി.



55 വർഷത്തെ ജീവിതത്തിൽ 20 വർഷം മദീനയിൽ പിതാവിനൊപ്പമായിരുന്നു. ജ്ഞാനവഴിയിലെ കെടാവിളക്കായി ജ്വലിച്ച പിതാവിന്റെ മഹദ്‌സാന്നിധ്യം മകനിലും പ്രതിഫലിച്ചു. അക്കാലത്തെ പ്രസിദ്ധ ജ്ഞാനികളെല്ലാം പിതാവിന്റെയടുത്ത് വിദ്യതേടി എത്തിയിരുന്നു. തഫ്‌സീർ, കർമശാസ്ത്രം, തത്വചിന്ത, ഗണിതം, രസതന്ത്രം, ഗോളശാസ്ത്രം തുടങ്ങി വ്യത്യസ്തങ്ങളായ മത-ശാസ്ത്ര വിജ്ഞാനീയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു പിതാവിന്. പഠന- ഗവേഷണങ്ങളിൽ മുഴുകി ആയിരക്കണക്കിന് വിദ്യാർഥികളുള്ള വലിയ കലാലയമായിരുന്നു ഇമാം ജഅ്ഫറുസ്സ്വാദിഖി(റ)ന്റെ ഭവനം. ആ ജ്ഞാനസാമീപ്യ ജീവിതം, മകൻ സയ്യിദ് മൂസൽ കാളിമി(റ)നെ അറിവിന്റെ മഹാ ഗോപുരമാക്കി. കാളിം എന്നാൽ സഹനത്തിലൂടെ ക്ഷമ കണ്ടെത്തുന്ന ആൾ എന്നാണ്. അദ്ദേഹത്തിലുണ്ടായിരുന്ന സഹന-ക്ഷമാശീലങ്ങൾ കാരണമാണ് കാളിം എന്ന സ്ഥാനപ്പേര് ലഭിച്ചത് എന്നാണ് ചരിത്രം. ജീവിത സമയം മുഴുവൻ അറിവിനായി മാറ്റിവെച്ച മഹാനവർകൾ, ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും അറിവിന്റെ വെളിച്ചം കൊണ്ടുതന്നെ മഹാൻ തരണം ചെയ്തു. പിതാവിന്റെ വിയോഗാനന്തരം മഹാനവർകളുടെ ജീവിതം രാഷ്ട്രീയപരമായി ദുരിതപൂർണ്ണമായിരുന്നു.



അബ്ബാസി ഖലീഫ ഹാദിയുടെ മരണ ശേഷം അധികാരത്തിൽ വന്ന ഖലീഫ ഹാറൂൻ റഷീദ് ആണ് മൂസൽ കാളിമിനെ ഭരണകൂടത്തിന്റെ ഭീഷണിയായി കണ്ടത്. ഈ സമയമാകുമ്പോഴേക്കും ശിയാക്കൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ശിയാക്കളുടെ വിശ്വാസം അവരുടെ ഇമാമുമാർ തന്നെയാണ്, തന്നെയായിരിക്കേണ്ടതാണ് ഖലീഫമാർ എന്നാണ്. ആ നിലക്ക് പുതിയ ഒരു ഖലീഫ വരുമ്പോൾ അദ്ദേഹത്തോട് ബൈഅത്ത്‌ ചെയ്യുവാൻ ശിയാക്കൾക്ക് വിമുഖതയും വിസമ്മതവും ഉണ്ടായിരിക്കുക സ്വാഭാവികമാണ്. ഹാറൂൺ റഷീദ് ആവട്ടെ അധികാരത്തിൽ എത്തുന്നത് വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു. അധികാരം ഏൽക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രായം ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു എന്നാണ് ചരിത്രം. ഇതോടൊപ്പം ചില ആൾക്കാർ ഹാറൂൺ റഷീദിനെ നേരിൽകണ്ട് ഈ സംഗതി അറിയിക്കുകയും ചെയ്തു. അലി ബിൻ ഇസ്മാഈൽ എന്ന അവരുടെ ഒരു പ്രധാനിയാണ് പുതിയ ഖലീഫയെ കണ്ടു മൂസൽ കാളിം താങ്കളുമായി യോജിച്ചു പോകില്ല എന്ന് അറിയിച്ചത്. ഇതോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തുനിന്നും മൂസൽ കാളിമിന് സമ്മാനങ്ങളും പണങ്ങളും വന്നുചേരുന്നുണ്ട് എന്നതും പുതിയ ഖലീഫ ശ്രദ്ധിച്ചു. ജനങ്ങളുടെയും സമ്പത്തിന്റെയും പിന്തുണ ഒരേ സമയം വന്നുചേർന്നാൽ അത് അപകടം ഉണ്ടാക്കുമെന്ന് ഹാറൂൻ റഷീദ് ഭയപ്പെട്ടു. അതോടെ മദീനയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാൻ ഹാറൂൻ റഷീദ് തന്ത്രപരമായ നീക്കം നടത്തി. ഹിജ്റ 179 ശവ്വാൽ മാസത്തിൽ 20 ന് മദീന പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹത്തെ ഹാറൂൻ റഷീദിന്റെ സൈന്യം പിടികൂടിയത്.



ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതികരണം ഉണ്ടാക്കുമെന്ന് ഭരണകൂടത്തിന് അറിയാമായിരുന്നു. മദീനയിൽ നിന്ന് ഖിലാഫത്തിന്റെ ആസ്ഥാനമായ ബാഗ്ദാദിലേക്ക് ഈ പ്രതിയെ എത്തിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. ആയതിനാൽ രണ്ട് സൈനിക സംഘങ്ങളെ ഉണ്ടാക്കുകയും ഒന്ന് നേരെ ബസ്വറയിലേക്കും മറ്റൊന്ന് നേരെ കൂഫയിലേക്കും പുറപ്പെടുകയായിരുന്നു. ഇതിൽ മൂസൽ കാളിം ഏത് സംഘത്തിലാണ് എന്ന് പൊതുജനങ്ങൾക്ക് അറിയാൻ വഴിയുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം ബസ്വറയിലെ ജയിലിൽ എത്തിച്ചേരുന്നതുവരെ ആരും ആ വിവരം അറിഞ്ഞില്ല. മഹാനവർകൾ പ്രധാനമായും മൂന്ന് തവണയാണ് തടവിലാക്കപ്പെട്ടത്. ആദ്യ തവണ ബസറയിലെ ജയിലിൽ കിടക്കുമ്പോൾ സഹ തടവുകാർക്കിടയിലും ജയിൽ ഉദ്യോഗസ്ഥന്മാർക്കിടയിൽ പോലും അദ്ദേഹത്തിൻ്റെ സ്വഭാവവും അറിവും വലിയ സ്വാധീനം ചെലുത്തി എന്നാണ്. ഇതുകണ്ട് ഭയന്ന് അദ്ദേഹത്തെ ഹാറൂൻ മോചിപ്പിക്കുകയും ബഗ്ദാദിലേക്ക് കൊണ്ടുവരികയുമായിരുന്നു. ബഗ്ദാദില്‍ പക്ഷേ ഹാറൂൻ അദ്ദേഹത്തെ പരസ്യമായ പൊതു ജയിലിൽ താമസിപ്പിച്ചില്ല. പകരം ഫള്ൽ ബിൻ റബീഇന്റെ വസതിയിൽ കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു. പിന്നെയും ഹാറൂൺ അദ്ദേഹത്തെ മോചിപ്പിക്കുകയുണ്ടായി. അത് ഹാറൂൺ റഷീദിന് ഉണ്ടായ ഒരു കഠിനമായ സ്വപ്നത്തെ തുടർന്നായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. മോചിതനായി പക്ഷേ അധികം കഴിയുന്നതിനുമുമ്പ് വീണ്ടും മൂസൽ കാളിമിനെ തടവിൽ ആക്കുവാൻ ഹാറൂൺ നിർബന്ധിതനായി. ഇപ്രാവശ്യം സിൻദി ബിൻ ശാഹിഖ് എന്ന ആളുടെ അടുത്തായിരുന്നു തടവ്. അദ്ദേഹം ഇമാം അവർകളോട് വളരെ ക്രൂരമായി പെരുമാറി നിരവധി പീഡനങ്ങളും അക്രമങ്ങളുമാണ് തടവിലായിരിക്കെ മഹാനവർകൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ആദ്യം മൂസൽ ഹാദിയും പിന്നീട് ഫള്‌ലുബ്‌നു റബീഅ്, ഫള്‌ലുബ്‌നു യഹ്‌യ, സിൻദി ബിൻ ശാഹിഖ് എന്നിവരും അദ്ദേഹത്തെ ക്രൂരമായി മർദിച്ചു. ഇതു കാരണമായാണ് മഹാനവർകളുടെ മരണം സംഭവിക്കുന്നത്.



ആ ജ്ഞാനജ്യോതിസ്സ് 55ാം വയസ്സിൽ ഹിജ്‌റ 183 റജബ് 25 (എ ഡി 799 ആഗസ്റ്റ് 12)ന് ഈ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ജനസഹസ്രങ്ങളുടെ തീർഥാടനകേന്ദ്രമായി സയ്യിദ് മൂസൽ കാളിമി(റ)ന്റെ മഖ്ബറ ഇറാഖിലെ ബഗ്ദാദിൽ സ്ഥിതിചെയ്യുന്നു. സമകാലികർക്ക് വൈജ്ഞാനികരംഗത്തെ ആശാകേന്ദ്രമായിരുന്ന മഹാനവർകളുടെ വിയോഗം വലിയൊരു നഷ്ടമാണ് വരുത്തിവെച്ചതെങ്കിലും, വിയോഗാനന്തരം മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലം വലിയൊരു പട്ടണമായി രൂപാന്തരപ്പെട്ടു. കാളിമിയ്യ (ഇമാം കാളിം നഗരം) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.



അലി(റ) വിന്റെ മകൻ ഹുസൈൻ(റ)വിന്റെ മകൻ അലി സൈനുൽ ആബിദീൻ(റ) (ശിയാക്കൾ സജ്ജാദ് എന്നു വിളിക്കുന്ന) എന്നവരുടെ മകൻ മുഹമ്മദ് അൽ ബാഖിർ(റ)യുടെ മകൻ ജഅ്ഫർ സ്വാദിഖ്(റ)യുടെ മകനാണ് മൂസൽ കാളിം(റ).



അദ്ധ്യായം പതിനാല്
ഇമാം അബൂ ഹനീഫ(റ)



മുസ്ലിം സമുദായത്തില്‍ മഹാഭൂരിപക്ഷവും തങ്ങളുടെ ആരാധനാ കർമങ്ങളില്യം വ്യവഹാരങ്ങളിലും പിന്തുടരുന്നത് ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെയാണ്. ഹനഫി, മാലികി, ശാഫിഈ, ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍. ഇവയിൽ ഏറ്റവും ആദ്യം രൂപപ്പെട്ട മദ്ഹബ് ഇമാം അബൂഹനീഫ(റ)യുടേത് ആണ്. ഒന്നാം നൂറ്റാണ്ടിൽ അഥവാ ഹിജ്റ എൺപതിലായിരുന്നു മഹാനവർകളുടെ ജനനം. അതുകൊണ്ട് മദ്ഹബിന്‍റെ ഇമാമുകളില്‍ ഏറ്റവും പ്രധാനിയായിട്ടാണ് മഹാനായ ഇമാം അബൂഹനീഫ(റ) ലോക മുസ്ലിംകള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്. ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള ഇമാമാണ് ഇമാം അബൂ ഹനീഫ(റ). അദ്ദേഹത്തിന്‍റെ കര്‍മ്മ ശാസ്ത്രപരമായ ഓരോ വീക്ഷണങ്ങളും ഹനഫികളില്‍ മാത്രം പരിമിതമാണെങ്കിലും മഹാന്‍റെ ജീവിതം ഇതര മുസ്ലിംകള്‍ക്ക് കൂടി മാതൃകയാണ്. അഫ്ഗാനിസ്ഥാന്‍, വടക്കേന്ത്യ, തുര്‍ക്കി, മധ്യേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെല്ലാം ഹനഫി മദ്ഹബാണ് പൊതുവെ സുന്നി വിശ്വാസികൾ സ്വീകരിച്ചുവരുന്നത്. എ.ഡി 699-ഹിജ്റ 80-ല്‍ അബ്ദുല്‍ മലിക് ബ്നു മര്‍വാന്‍റെ ഭരണകാലത്ത് ഇറാഖിലെ കൂഫയിലെ അന്‍ബാര്‍ എന്ന സ്ഥലത്താണ് ഇമാം ജനിച്ചത്.



മഹാനായ ഖലീഫ ഉമർ(റ)വിന്റെ ഭരണകാലത്ത് ഇസ്ലാമിലേക്ക് കടന്നുവന്ന സൂത്ത എന്ന ഒരു വ്യാപാരിയുടെ മകൻ താബിത് എന്നിവരുടെ മകൻ ആയിരുന്നു ബഹുമാനപ്പെട്ട ഇമാം അബൂ ഹനീഫ. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന പിതാവ് ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും ചെയ്‌തു. എന്നാൽ വിശപ്പ് ശമിച്ച ഉടൻ, അദ്ദേഹത്തിനു കുറ്റബോധം തോന്നാൻ തുടങ്ങി. തുടർന്ന് ആപ്പിൾ ഉണ്ടായ തോട്ടം കണ്ടെത്താൻ നദിയുടെ ഗതി പിന്തുടർന്നു. തോട്ടത്തിന്റെ ഉടമയെ കണ്ടത്തിയ അദ്ദേഹം ഉണ്ടായ കാര്യം കൃത്യമായി വിവരിക്കുകയും അയാളോട് ക്ഷമാപണം നടത്തുകയും ചെയ്‌തു. ഇത് തോട്ടത്തിന്റെ ഉടമക്ക് താബിത് ബിൻ സൂത്തയുടെ വിനയത്തിലും സത്യസന്ധതയിലും മതിപ്പുളവാക്കി. ഇതിനു പകരമായി തന്റെ മകളെ വിവാഹം കഴിക്കാൻ താബിത്തിനോട് അയാൾ അഭ്യർത്ഥിച്ചു എന്നാണ് ചരിത്രം. ആ വിവാഹം അങ്ങനെ നടക്കുകയും ചെയ്തു. സ്വാലിഹും സ്വാലിഹത്തുമായ ഈ ദമ്പതികൾക്ക് ജനിച്ച മകനാണ് ഇമാം അബു ഹനീഫ(റ). ഈ മകൻ, ഒടുവിൽ, ഇമാമുകളുടെ ഇമാം, നിയമജ്ഞരുടെയും പണ്ഡിതന്മാരുടെയും നേതാവ് എന്ന പേരിലെല്ലാം പ്രസിദ്ധനായി മാറി.



ഇമാം അബൂ ഹനീഫ(റ)യുടെ യഥാർത്ഥ പേര് നുഅ്മാൻ ബിൻ താബിത് ബിൻ സൂത്ത എന്നായിരുന്നു. എന്നാൽ അദ്ദേഹം അറിയപ്പെട്ടതും ഇപ്പോഴും അറിയപ്പെടുന്നതും അബൂ ഹനീഫ എന്ന പേരിലാണ്. ഹനീഫ എന്നത് ഭാഷാകരമായി ഒരു സ്ത്രീ നാമമാണ്. ഹനീഫയുടെ പിതാവ് എന്ന അർത്ഥം വരുന്ന ഈ പേര് അദ്ദേഹത്തിന് വന്നത് ഹനീഫ എന്ന ഒരു മകൾ ഉണ്ടായതുകൊണ്ട് മാത്രമായിരുന്നില്ല എന്നതാണ് ചരിത്ര വായനകളിൽ പറയുന്നത്. അത് ഇങ്ങനെയാണ്. ഒരിക്കല്‍ കുറച്ചു സ്ത്രീകള്‍ ഇമാമിന്‍റെ അടുത്ത് വന്ന് ഒരു പ്രധാന മസ്അല ആരാഞ്ഞപ്പോള്‍ പെട്ടെന്നൊരുത്തരം പറയാന്‍ മഹാന് സാധിച്ചില്ല. പിന്നീട് പറഞ്ഞു തരാം എന്നു സമാധാനിപ്പിച്ചു കൊണ്ട് അവരെ തിരിച്ചയക്കുകയാണ് ഇമാം ചെയ്തത്. അങ്ങനെ ചിന്താകുലനായി വീട്ടിലെത്തിയ പിതാവിനെ കണ്ട ഇളയ മകള്‍ ഹനീഫ കാരണം തിരക്കി. കാര്യങ്ങള്‍ വിസ്തരിച്ചു കേട്ട അവള്‍ മറുപടി താന്‍ നല്‍കാം. പക്ഷെ, ഒരു നിബന്ധനയുണ്ട്. അങ്ങയുടെ പേരിനൊപ്പം എന്‍റെ പേരും ചേര്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ ഇമാം സമ്മതം മൂളുകയും വാക്ക് നല്‍കുകയും ചെയ്തു. ഉടനെ അവള്‍ ചോദ്യകര്‍ത്താക്കളായ സ്ത്രീകളെ വിളിച്ച് വരുത്തി കൃത്യമായി ഉത്തരം നല്‍കി. അന്ന് മുതലാണ് നുഅ്മാന്‍ എന്നുള്ളത് അബൂ ഹനീഫ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. സാധാരണ ആൺകുട്ടികളുടെ പേരിലേക്ക് ചേർത്തിയാണ് പുരുഷൻമാർ തങ്ങളുടെ വിളിപ്പേര് നിശ്ചയിക്കാറുള്ളത്.



നബി(സ)യുടെ മരണത്തിന് 67 വർഷങ്ങൾക്ക് ശേഷമാണ് ഇമാം ഹനീഫ(റ) ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ ബാല്യകാലത്ത് സ്വഹാബാക്കളിൽ പലരും ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പൂർവ്വികർ വ്യാപാരികളായിരുന്നു, അവർ കൂടുതലും പട്ടുകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ ഇടപാടുകാരായിരുന്നു. കുട്ടിയായിരിക്കെ ഒരിക്കൽ ഇമാം അബൂഹനീഫ(റ) ചില ജോലികളുടെ ആവശ്യാർത്ഥം പിതാവിന്റെ പട്ടുനൂൽക്കടയിലേക്ക് പോകുന്നതിനിടയിൽ ഒരു മഹാനായ ശൈഖിനെ കണ്ടുമുട്ടി. ഈ ചെറിയ കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അവനെ ഒരു മദ്രസയിലേക്ക് ആനയിച്ചു. അങ്ങനെയാണ് ഇമാം അബു ഹനീഫ(റ) വിജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ജീവിതയാത്ര ആരംഭിച്ചത്. വിജ്ഞാനത്തോടുള്ള ഇഷ്ടം അദ്ദേഹത്തെ അറിവിന്റെ പാതയിൽ നിലനിർത്തി. താമസിയാതെ, അദ്ദേഹം തന്റെ ജ്ഞാനവും ബുദ്ധിയും ഉപയോഗിച്ച് ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് അതുല്യമായ പരിഹാരങ്ങൾ കാണാൻ തുടങ്ങി, അത് കേവലം നിയമശാസ്ത്രത്തെ കുറിച്ചുള്ളത് മാത്രമായിരുന്നില്ല , മറ്റ് മേഖലകളുമായി തന്റെ അറിവിന്റെ ലോകം വികസിപ്പിച്ചു അദ്ദേഹം.



ഇമാം അബൂഹനീഫ(റ) വളരെ ചെറുപ്പത്തില്‍ തന്നെ ഇമാം ആസ്വിം(റ)വില്‍ നിന്ന് ഖുര്‍ആന്‍ മനഃപ്പാഠമാക്കിയിട്ടുണ്ട്. തന്‍റെ പഠനത്തോടൊപ്പം വ്യാപാര മേഖലയിലും സമ്പന്നമായ വിവരങ്ങള്‍ സ്വന്തം പിതാവില്‍ നിന്ന് അദ്ദേഹം നേടി. കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിച്ചപ്പോള്‍ പണ്ഡിതരുമായുള്ള സഹവാസം കുറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം കച്ചവട യാത്രക്കിടയില്‍ വളരെയധികം പ്രശസ്തനായ ഇമാം ശുഅ്ബി(റ)വിനെ കണ്ട് മുട്ടി. നീ സ്ഥിരമായി എന്തിനാണ് അങ്ങാടിയില്‍ പോകുന്നത്, പഠിക്കുവാനാണോ? എന്ന് ശുഅ്ബി(റ) അബൂ ഹനീഫയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ചെറിയൊരു ലജ്ജ തോന്നി. ഞാന്‍ കച്ചവടത്തിനാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ നീ പണ്ഡിതൻമാരുമായി കൂടുതല്‍ സഹവസിക്കണം, നിന്‍റെ മുഖത്ത് വിജ്ഞാനത്തിന്‍റെ പ്രകാശം കാണുന്നുണ്ട് എന്നായിരുന്നു ശുഅ്ബി(റ)വിന്‍റെ മറുപടി. ശുഅ്ബി(റ)വിന്‍റെ ഈ വാക്കുകള്‍ ആ കുട്ടിയുടെ ഹൃദയാന്തരങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു. ആ ഉപദേശം സ്വീകരിച്ച് ഇല്‍മിന്‍റെ പാതയില്‍ നീങ്ങിയെങ്കിലും കച്ചവടം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ല. തന്‍റെ വിശ്വാസയോഗ്യരായ സുഹൃത്തുക്കളോട് കൂടെ കൂട്ടുകച്ചവടത്തില്‍ ഇടക്കിടെ അദ്ദേഹം ഏര്‍പ്പെടുമായിരുന്നു. അദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യവും ഓര്‍മ്മശക്തിയും മനസ്സിലാക്കിയ കൂഫയിലെ പണ്ഡിതൻമാര്‍ പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ അദ്ദേഹത്തെ പ്രത്യേകം ഉപദേശിച്ചു.



അന്നത്തെ ഇസ്ലാമിക വൈജ്ഞാനിനിക പരിസരത്ത് പ്രധാനമായും മൂന്ന് രീതിയിലുള്ള വിജ്ഞാനങ്ങളാണ് ഉണ്ടായിരുന്നത്. അഖീദ, ഫിഖ്ഹ്, ഹദീസ് എന്നിവയായിരുന്നു അവ. ഇവയില്‍ ഇമാം ആദ്യം ചുവട് വെച്ചത് അഖീദയിലായിരുന്നു. പിന്നീട് ആ വിഷയത്തിൽ നിരന്തരമായ അന്വേഷണവും വിശ്രമമില്ലാത്ത പരിശ്രമവുമായിരുന്നു. അഖീദയുടെ ആഴത്തിലിറങ്ങി ചെന്നപ്പോള്‍ അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കി മഹാനവർകൾ ഹദീസിന്‍റെ മേഖലയിലേക്ക് തിരിഞ്ഞു. നിരവധി ഹദീസുകള്‍ മനഃപ്പാഠമാക്കിയെങ്കിലും പഠിച്ച് പൂര്‍ത്തിയാവണമെങ്കില്‍ കൂടുതല്‍ കാലം പിടിക്കുമെന്നും പഠിച്ച ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയാല്‍ ഒട്ടേറെ ആളുകളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും തിരിച്ചറിഞ്ഞ അദ്ദേഹം അതില്‍ നിന്നും ഒഴിവായി. തുടര്‍ന്ന് അവയെല്ലാം യഥാര്‍ത്ഥ ജീവിതത്തിലേക്ക് മനുഷ്യനെ വഴി നടത്താന്‍ അപര്യാപ്തമാണെന്നും ഫിഖ്ഹ് മാത്രമെ മനുഷ്യന്‍റെ അന്തിമ വിജയത്തിന് സഹായകമാകൂവെന്ന് ബോധ്യപ്പെട്ട ഇമാം ഫിഖ്ഹി രംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ സമീപനം രണ്ടു രീതിയിലായിരുന്നു ഉണ്ടായിരുന്നത്. ഫിഖ്ഹ് മാത്രം പഠിച്ച് മുന്നേറുന്നവരും ഫിഖ്ഹും ഫിലോസഫിയും ഒപ്പം പഠിച്ച് അതില്‍ കല്ലും നെല്ലും വേര്‍തിരിച്ചറിയാനാവാതെ വഴി പിഴച്ചുപോകുന്നവരും. പക്ഷെ ഫിലോസഫിയും ഫിഖ്ഹും അഖീദയും സമന്വയിപ്പിച്ച് പഠനം നടത്തുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നു. അത്തരം അപൂര്‍വ്വ വ്യക്തികളില്‍പ്പെട്ട ഒരു വ്യക്തിത്വമായിരുന്നു ഇമാം അബൂ ഹനീഫ(റ). അദ്ദേഹത്തിന് ഏതു മേഖലയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുമായിരുന്നു. അതേ സമയം തന്‍റെ ശിഷ്യരെ അതില്‍ നിന്നും വിലക്കി ഫിഖ്ഹില്‍ മാത്രം പഠനം നടത്തിയാല്‍ മതിയെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുമായിരുന്നു. തന്‍റെ ഫിഖ്ഹിലെ അവഗാഹത്തിന് വേണ്ടി കാര്യമായി ആശ്രയിച്ചിരുന്നത് കൂഫയിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ഇമാം ഹമ്മാദ് ബ്നു സുലൈമാന്‍(റ)വിനെയായിരുന്നു. തന്‍റെ ഇരുപതാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചത്. ഏകദേഷം 18 വര്‍ഷത്തോളം ഇമാം ഹമ്മാദ്(റ) വിന്‍റെ സന്നിധിയില്‍ വെച്ച് അദ്ദേഹം വഫാതാകുന്നത് വരെ വിദ്യ നുകര്‍ന്നു. തന്‍റെ നാല്‍പ്പതാം വയസ്സില്‍ അബൂ ഹനീഫ(റ) അദ്ധ്യാപന രംഗത്തേക്കിറങ്ങി.



അറിവിനോടുള്ള ആത്മാർത്ഥമായ അനുരാഗം കാരണം ജീവിതത്തിന്റെ ഓരോ ചുവടുകളെയും അറിവ് നേടുവാനും നൽകുവാനുമുള്ള അവസരങ്ങൾ ആക്കി പരിവർത്തിപ്പിക്കുക എന്നത് ഇമാം അവർകളുടെ ഒരു പ്രത്യേകതയായിരുന്നു. അതിന്റെ ഒരു മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഹജ്ജ് യാത്രകൾ. അമ്പത്തിയഞ്ച് തവണ ഇമാം ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ട്. ഹജ്ജിന് പോകുന്ന വേളകളിലെല്ലാം വിവിധ പണ്ഡിതൻമാരില്‍ നിന്നും തന്‍റെ സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്താനും അറിയാത്ത കാര്യങ്ങള്‍ അറിയുവാനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് പണ്ഡിതന്മാർ എത്തിച്ചേരുന്ന ഒരു അവസരം കൂടിയാണല്ലോ ഹജ്ജ്. ഹജ്ജിനെ ആരാധന കര്‍മ്മമായി കണക്കാക്കുന്നതു പോലെ വിജ്ഞാന സമ്പാദത്തിനുള്ള മാര്‍ഗവുമായിട്ട് അദ്ധേഹം ആ യാത്രയെ മുതലെടുക്കുമായിരുന്നു എന്നും പറയാം. തന്‍റെ ഫത് വകളിലെ ശരിതെറ്റുകള്‍ പണ്ഡിതരുമായി അന്വേഷിക്കാനും ആ അവസരങ്ങള്‍ ഉപയോഗിക്കുമായിരുന്നു. അദ്ധേഹത്തിന് ഏത് വിഷയമായാലും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഴുവന്‍ കാര്യങ്ങളും നിര്‍ദ്ധാരണം ചെയ്യുന്ന ശൈലിയാരുന്നു ഏറെ പഥ്യം. ആറു വര്‍ഷക്കാലം മക്കയില്‍ താമസിച്ചിരുന്ന സമയത്ത് ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്നും വരുന്ന പണ്ഡിതൻമാരില്‍ നിന്ന് വിദ്യ നുകരുവാന്‍ ഭാഗ്യം കിട്ടിയിരുന്നു. ഈ അർഥത്തിൽ മഹാരഥൻമാരായ നാലായിരത്തോളം വരുന്ന പണ്ഡിതരുടെ ശിഷ്വത്വം ലഭിച്ച ഒരു മഹാനാണ് ഇമാം അബൂ ഹനീഫ(റ). അതില്‍ ഏഴ് സ്വഹാബികളും തൊണ്ണൂറ്റി മൂന്ന് താബിഉകളും ആണുള്ളത്. എന്നാലും അദ്ധേഹത്തിന്‍റെ പ്രധാനപ്പെട്ട ഉസ്താദ് ഹമ്മാദ് ബ്നു സുലൈമാന്‍(റ) തന്നെയായിരുന്നു.



വിനയവും താഴ്മയും കാണിച്ച്, നിരന്തര ജ്ഞാനസപര്യയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഇമാം അബൂ ഹനീഫ(റ) വലിയ ബുദ്ധിമാൻ കൂടിയായിരുന്നു. ഒരു ദിവസം തന്റെ ശിഷ്യന്മാരുമായി ഒരുമിച്ചിരിക്കുമ്പോള്‍, ഒരു സ്ത്രീ ഇമാമിന്റെ അടുത്ത് വന്നു. അവരുടെ പക്കല്‍ പകുതി ചുവപ്പും പകുതി മഞ്ഞയുമായ ഒരു ആപ്പിള്‍ ഉണ്ടായിരുന്നു. അത് ഇമാം അബൂ ഹനീഫ(റ)യുടെ മുന്നില്‍ വച്ച് ഒന്നും പറയാതെ അവര്‍ മാറി നിന്നു. ഇമാം അതെടുത്ത് നടു പിളര്‍ത്തി അതവിടെ തന്നെ വെച്ചു. അത് കണ്ട സ്ത്രീ സ്ഥലം വിടുകയും ചെയ്തു. അവിടെ കൂടിയിരുന്ന ശിഷ്യന്മാര്‍ക്ക് കാര്യം പിടി കിട്ടിയില്ല. അവര്‍ ഇമാമിനോട് വിഷയമന്വേഷിച്ചു. ഇമാം പറഞ്ഞു: ‘ആ സ്ത്രീയുടെ ആര്‍ത്തവ രക്തം, ചിലപ്പോള്‍ ആപ്പിളിന്റെ പകുതി പോലെ ചുകപ്പും പകുതി മഞ്ഞയുമായിരിക്കും. അപ്പോള്‍ ആര്‍ത്തവ ശുദ്ധി എങ്ങനെയായിരിക്കുമെന്നറിയാന്‍ വന്നതാണ് ആ സ്ത്രീ. ഞാന്‍ ആപ്പിള്‍ മുറിച്ച് അതിന്റെ ഉള്‍ഭാഗം കാണിച്ചപ്പോള്‍, ആപ്പിളിന്റെ ഉള്ള് പോലെ വെളുത്ത നിറമാകുമ്പോള്‍ ശുദ്ധിയാകുമെന്നവര്‍ മനസ്സിലാക്കി തിരിച്ചുപോവുകയാണ് ചെയ്തത്'.



പകല്‍ മുഴുവന്‍ വിജ്ഞാന സമ്പാദനവും രാത്രി ഏറിയ പങ്കും ആരാധനയുമായിരുന്നു അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഇശാഅ് നിസ്‌കാരത്തിന്റെ വുളൂഅ് കൊണ്ട് 40 വര്‍ഷക്കാലം സ്വുബ്ഹ് നിസ്‌കാരം നിര്‍വഹിച്ചിരുന്നതായും താന്‍ വഫാത്തായ സ്ഥലത്ത് വച്ച് ഏഴായിരം തവണ അദ്ദേഹം ഖുര്‍ആന്‍ ഖതം ഓതിത്തീര്‍ത്തതായും ചരിത്രരേഖയുണ്ട്. റമദാനില്‍ അറുപത് ഖതം തീര്‍ക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍, ഒരാള്‍ നബി(സ)യുടെ ഖബര്‍ തുരക്കുന്നതായി ഇമാം സ്വപ്നം കണ്ടു. അക്കാലത്തെ പ്രമുഖ സ്വപ്നവ്യാഖ്യാതാവായിരുന്ന ഇബ്‌നു സീരീനി(റ)ന്റെ അടുത്തേക്ക് അദ്ദേഹം ആളെ അയച്ചു. ഈ സ്വപ്നം കണ്ടയാള്‍ നബി(സ)യുടെ ഹദീസുകള്‍ ചികഞ്ഞെടുക്കുമെന്ന് ഇബ്‌നു സീരീന്‍(റ) അതിനു വ്യഖ്യാനം നല്‍കി.



ഒരിക്കൽ ഇമാമും കുറെയാളുകളും നടന്നുപോവുകയാണ്. നല്ല വെയിലുള്ള സമയം. വലിയ ചൂടാണ്. വഴിയിൽ തണൽ വൃക്ഷങ്ങളൊന്നുമില്ല. അങ്ങനെയിരിക്കെ കുറേയകലെ ഒരു വീട് കണ്ടു. അതിന്റെ നിഴൽ വഴിയിലേക്ക് നീണ്ട് കിടക്കുന്നു. അവിടെയെത്തിയപ്പോൾ എല്ലാവരും നിഴലിൽ നിന്നു. അവർക്ക് നല്ല ആശ്വാസം ലഭിച്ചു. പക്ഷെ, ഇമാം തണലിൽ നിന്നില്ല. വെയിലത്ത് തന്നെ നിന്നു. അപ്പോൾ കൂടെയുള്ളവർ ചോദിച്ചു അങ്ങ് എന്താണ് തണലിൽ നിൽക്കാത്തത് ? ഇമാമിന്റെ മറുപടി ഇതായിരുന്നു: 'ആ വീട്ടുകാരൻ എന്റെയടുക്കൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. ഞാൻ അയാളുടെ വീടിന്റെ തണൽ ഉപയോഗിച്ച് ആശ്വസിച്ചാൽ അത് പലിശയിനത്തിൽ പെട്ടുപോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു'. ഇമാമിന്റെ സ്വഭാവം എല്ലാവരോടും നല്ലത് മാത്രം പറയുകയും നല്ല പെരുമാറ്റം മാത്രം പുലർത്തുകയുമായിരുന്നു. ശത്രുക്കളെപ്പോലും അദ്ദേഹം വെറുക്കില്ല. ആദ്യകാല സൂഫികളിൽ പ്രമുഖനാണ് വന്ദ്യരായ സുഫ്യാനു സൗരി(റ). ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: 'എന്താണ് ഇമാം അബൂഹനീഫയുടെ അവസ്ഥ? അദ്ദേഹം ശത്രുക്കളെപ്പോലും ആക്ഷേപിക്കുന്നില്ല, ആരെപ്പറ്റിയും ഒരു കുറ്റവും പറയുന്നില്ല' സുഫ്യാനുസൗരി(റ) ഇങ്ങനെ വിശദീകരിച്ചു: അബൂഹനീഫ(റ) ബുദ്ധിമാനാണ്. തന്റെ സൽക്കർമ്മങ്ങൾ പാഴായിപ്പോകുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ല'. ഈ മറുപടിയിൽ എല്ലാം ഒതുങ്ങിയിട്ടുണ്ട്. ഇത്തരം മഹദ് സാക്ഷ്യങ്ങൾ നിരവധിയാണ്.



ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ രണ്ട് ഭരണകൂടങ്ങളായ അമവി ഖിലാഫത്തില്‍ അന്‍പത്തിരണ്ട് വര്‍ഷക്കാലവും അബ്ബാസി ഖിലാഫത്തില്‍ പതിനെട്ടുവര്‍ഷക്കാലവും ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയായിരുന്നു ഇമാം അബൂ ഹനീഫ(റ). പ്രവാചക കുടുംബത്തിലെ അംഗങ്ങളോട് ക്രൂരമായ സമീപനം പുലർത്തുകയും അവരെ ചെറിയ കാരണങ്ങൾക്ക് വേണ്ടി ശിക്ഷിക്കുകയും ചെയ്യുന്നത് അമവികളുടെ പതിവായിരുന്നു. ചരിത്രപ്രസിദ്ധമായ കർബല യുദ്ധത്തിനുശേഷം അവരിൽ ഉണ്ടായതായിരുന്നു ഈ സമീപനമാറ്റം. ഇതിനോട് യോജിക്കുവാൻ ഇമാം അബൂ ഹനീഫ(റ)ക്ക് കഴിയുമായിരുന്നില്ല. അതിനാൽ അദ്ദേഹം നിർഭയം ഭരണകൂടത്തോട് തന്റെ വിയോജിപ്പും പ്രതിഷേധവും തുറന്നു രേഖപ്പെടുത്തി.



മറ്റൊരു ഭാഗത്ത് ഇമാം അബൂ ഹനീഫയെ പോലെ ഒരു പ്രമുഖ പണ്ഡിതന്റെ പിന്തുണയും സേവനവും ഉറപ്പുവരുത്തുവാനുള്ള ശ്രമങ്ങൾ അമവി ഭരണകൂടം നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇറാഖിലെ ഗവർണർ ഇബ്നു ഹുബൈറ ഇമാം അവർകളുടെ ഇറാഖിന്റെ പ്രധാന ഖാസി സ്ഥാനം ഏറ്റെടുക്കുവാൻ ആവശ്യപ്പെട്ടു. തന്റെ നിലപാടിന് അനുസൃതമായ ധാർമിക മൂല്യങ്ങൾ ഇല്ലാത്തതിനാൽ അത്തരമൊരു ഗവൺമെന്റിനെ സേവിക്കുവാൻ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. അത് അദ്ദേഹം തുറന്നു പറഞ്ഞു. അതോടെ അദ്ദേഹവും ഗവർണറും തമ്മിലുള്ള ബന്ധം ഉലഞ്ഞു. മാത്രമല്ല കിട്ടിയേടത്തു വെച്ച് ഇമാം അവർകളെ ക്രൂരമായി വേട്ടയാടുവാനും അവർ തുടങ്ങി. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം തൻ്റെ നാട് വിടുവാൻ തീരുമാനിച്ചു. ഇബ്നു ഹുബൈറയുടെ ശക്തമായ പീഢനത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം തന്‍റെ സ്വന്തം നാട്ടില്‍ സ്വസ്ഥമായ ജീവിതം പ്രയാസപ്പെട്ടപ്പോള്‍ പുണ്യമായ മക്കയിലേക്ക് പോവുകയാണ് ചെയ്തിരുന്നത്. ഭരണം പൂര്‍ണ്ണമായും അബ്ബാസികളുടെ കരങ്ങളിൽ എത്തും വരേ ഇമാം മക്കയില്‍ തന്നെയായിരുന്നു. അബ്ബാസിയ ഖിലാഫത്തിന്‍റെ സ്ഥാപകന്‍ അബുല്‍ അബ്ബാസ് അസ്സ്വഫ്ഫാഹിന്‍റെ കാലത്ത് ഇമാം അബൂ ഹനീഫ(റ) കൂഫയിലായിരുന്നു. ശേഷം വന്ന ഖലീഫ മന്‍സൂര്‍ ഇമാമിനോട് വളരേയധികം ആദരവോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്. ഖലീഫ അൽ-മൻസൂർ തന്റെ തലസ്ഥാനം ഡമാസ്കസിൽ നിന്ന് ഇന്നത്തെ ഇറാഖിലെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ, ഇമാം അബു ഹനീഫ (റ)യുടെ സേവനം തേടി, അത് അദ്ദേഹം നൽകുകയും ചെയ്തു. പുതിയ നഗരമായ ബാഗ്ദാദായി നിർവചിക്കപ്പെടേണ്ട പ്രദേശത്തിന്റെ രൂപരേഖ തയ്യാറാക്കിയ അദ്ദേഹം അവിടെ പരുത്തിയുടെ വിത്തുകൾ വിതറി. ചന്ദ്രനില്ലാത്ത ഒരു രാത്രിയിൽ, അദ്ദേഹം ആ വിത്തുകൾക്ക് തീ കൊളുത്തി. തിളക്കത്തോടെ കത്തുന്ന ആ പ്രകാശം അതിരിടുന്ന സ്ഥലം പുതിയ തലസ്ഥാനമായി ഉയർന്ന ഒരു ഗോപുരത്തിൽ നിൽക്കുന്ന ഖലീഫയ്ക്ക് അദ്ദേഹം കാണിച്ചു.



ശരീഅത്തിലും ത്വരീഖത്തിലും സമുന്നതസ്ഥാനമാണ് ഇമാം അബൂഹനീഫ(റ) തങ്ങൾക്കുള്ളത്. ഇമാം ജഅഫർ സ്വാദിഖ് (റ)വിൽ നിന്നാണ് ഇമാം അബൂഹനീഫ ത്വരീഖത്ത് സ്വീകരിച്ചത്. ശൈഖ് അവർകൾ നൽകിയ ദിക്റുകളും മറ്റും ചിട്ടയോടെ ചെല്ലിത്തീർത്ത്കൊണ്ട് ശൈഖന്റെ തൃപ്തിയിലായി അദ്ദേഹം വളർന്നു. ആത്മീയ മേഖലയിൽ വളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഉയർച്ച. ഇമാം അബൂഹനീഫ (റ)യിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച പ്രമുഖനാണ് ദാവൂദുത്താഈ (റ). ഇദ്ദേഹത്തിന്റെ മുരീദാണ് മഹ്റൂഫുൽ കർഖി(റ). ഇദ്ദേഹത്തിന്റെ മുരീദാണ് സരിയ്യുസ്വിഖ്തി(റ).



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso