ഇറാഖിലെ കാഴ്ചകൾ - 3
12-12-2023
Web Design
15 Comments
അദ്ധ്യായം നാല്
സിരിയ്യുസ്സിഖ്ഥി(റ)
ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതിപ്രശസ്തനായ ഒരു ആത്മീയ നായകനും ശൈഖുമായിരുന്നു ഹസൻ സിരിയ്യുസ്സിഖ്ഥി(റ). മഅ്റൂഫുൽ കർഖി(റ)യുടെ ശിഷ്യനും ജുനൈദുൽ ബഗ്ദാദിയുടെ അമ്മാവനും ആയിരുന്നു അദ്ദേഹം. ജുനൈദുൽ ബാഗ്ദാദിയുടെ പ്രധാന ഗുരുവും അദ്ദേഹം തന്നെയായിരുന്നു. ഹിജ്റ 155 ലായിരുന്നു അവരുടെ ജനനം. യസീദ് ഇബ്നു ഹാറൂൺ, അബൂബക്കർ ബിൻ അയ്യാഷ്, ഹശീം തുടങ്ങിയവരും അദ്ദേഹത്തിൻ്റെ ഗുരുനാഥന്മാരാണ്. ബഗ്ദാദിൽ ആത്മീയ ചിന്ത സ്ഥാപിച്ചതിൽ പ്രധാനി ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.
പണ്ഡിതനും ആബിദും അതോടൊപ്പം നല്ല ഒരു വ്യാപാരിയും കൂടിയായ സിരിയ്യുസ്സിഖ്ഥി(റ) ആരിഫീങ്ങളുടെ ഉന്നത ലോകത്തെത്തുവാൻ കാരണം ഗുരു മഅ്റൂഫുൽ കർഖി(റ)യുടെ പ്രാർത്ഥനയാണ്. ഒരു ദിവസം സിരിയ്യുസ്സിഖ്ഥി(റ) തൻെറ കടയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു. ആ കരച്ചിൽ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അവൾ അവളുടെ യജമാനന്റെ ഒരു പാത്രം കയ്യിൽ നിന്ന് വീണ് പൊട്ടിപ്പോയതിനാൽ ഭയപ്പെട്ടു കരയുകയായിരുന്നു. ആ കുട്ടിയെ സമാധാനിപ്പിക്കാൻ സിരിയ്യുസ്സിഖ്ഥി(റ) പാത്രം വാങ്ങാൻ വേണ്ട പണം ആ കുട്ടിക്ക് നൽകി. ഈ പ്രവർത്തനവും അതിനു പ്രചോദനം നൽകിയ മനസ്സും കണ്ട മഅ്റൂഫുൽ കർഖി(റ) പറഞ്ഞു: ഇഹലോകത്തോടുള്ള പ്രതിപത്തി അല്ലാഹു നിങ്ങളിൽ നിന്നും നീക്കം ചെയ്യട്ടെ. ഈ പ്രാർത്ഥന സംഭവിച്ചതും അദ്ദേഹത്തിൻ്റെ മനസ്സിന് മനപരിവർത്തനം അനുഭവപ്പെട്ടതായി അനുഭവപ്പെട്ടു. ഇപ്രകാരം തന്നെ മറ്റൊരിക്കൽ ഒരു അനാഥ ബാലനുമായി മഅ്റൂഫുൽ കർഖി(റ) തന്നെ വന്നു. ആ കുട്ടിക്ക് പെരുന്നാളിന് വേണ്ട വസ്ത്രങ്ങൾ നൽകുവാൻ അദ്ദേഹം സിരിയ്യുസ്സിഖ്ഥിയോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് നൽകുകയും ചെയ്തു. അപ്പോഴും മേൽപ്പറഞ്ഞ അതേ പോലുള്ള പ്രാർത്ഥന ലഭിച്ചു. ഈ പ്രാർത്ഥനകൾ ആണ് ആത്മീയ ലോകത്തേക്ക് കടക്കുവാൻ വേണ്ട തൗഫീഖ് മഹാനവർകൾക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന് മഹാൻമാർ പറയുന്നുണ്ട്.
സദാസമയവും ഇബാദത്തിൽ മുഴുകുന്ന ഒരു മഹാനായിരുന്നു അദ്ദേഹം എന്ന് തൻ്റെ ശിഷ്യൻ ജുനൈദുൽ ബഗ്ദാദി(റ) പറയുന്നു. അദ്ദേഹത്തെ പോലെ ഇബാദത്ത് ചെയ്യുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല എന്നും 98 വയസ്സിനിടയിൽ വിരിപ്പിൽ കിടന്നതായി അവരെ കാണപ്പെട്ടിട്ടില്ല എന്നും ജുനൈദുൽ ബഗ്ദാദി(റ) പറയുന്നു. ഗുരുവിന്റെ പ്രാർത്ഥനയുടെ ഫലം എന്നോണം ഭൗതിക താൽപര്യങ്ങളിൽ നിന്ന് അകന്ന് നിന്ന മഹാൻ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന സമ്പത്ത് മുഴുവനും പാവപ്പെട്ടവർക്ക് നൽകി. ഇഹലോകത്തോട് താൻ കാണിച്ച അടുപ്പം ഒരു പാപമായി കാണുന്ന ആളായിരുന്നു അദ്ദേഹം. അതിനാൽ നീണ്ട 30 വർഷക്കാലം അതിനു വേണ്ട പാപമോചനം തേടി അദ്ദേഹം ജീവിക്കുകയുണ്ടായി.
നിരവധി കറാമത്തുകൾ അദ്ദേഹത്തിൽനിന്നു ഉണ്ടായിട്ടുണ്ട്. മഹാനവർകളുടെ പ്രാർത്ഥനയുടെ ഫലവും അനുഗ്രഹവും മൂലം നൂറുകണക്കിനാളുകൾ ആത്മീയ ലോകത്തേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട്. മദ്യപിച്ച് വഴിയിൽ മലർന്നു കിടക്കുന്ന ഒരു മദ്യപാനിയെ ഒരിക്കൽ അദ്ദേഹം കാണുകയുണ്ടായി. അവന്റെ വായിൽ നിന്ന് മദ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. അതേസമയം അയാള് ഇടയ്ക്കിടെ അല്ലാഹ് എന്ന് പറയുന്നുമുണ്ട്. ഇത് കണ്ടപ്പോൾ ഈ മനുഷ്യൻെറ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു പ്രകാശം ഉണ്ട് എന്ന് ശൈഖ് അവർകൾക്ക് മനസ്സിലായി. അതുകൊണ്ട് അദ്ദേഹം ഉടനെ കയ്യും കണ്ണും ആകാശത്തിലേക്ക് ഉയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു: നാഥാ നിൻെറ പേര് ഉച്ചരിക്കുന്ന ഒരു മനുഷ്യന്റെ വായ ഈ രൂപത്തിൽ ആകുന്നത് അസഹനീയമാണ്, അതിനാൽ ഇയാളോട് നീ കാരുണ്യം കാണിക്കേണമേ. തുടർന്ന് അല്പം വെള്ളമെടുത്ത് അവൻ്റെ വായ മഹാനവർകൾ വൃത്തിയാക്കി കൊടുക്കുകയും ചെയ്തു. അധികം കഴിയാതെ മദ്യപാനി ഉണർന്നു. സിരിയ്യുസ്സിഖ്ഥി ചെയ്ത കാര്യങ്ങൾ എല്ലാം അവിടെ കൂടിയവർ അവനെ ധരിപ്പിച്ചു. അവൻ അതു കേട്ട് ലജ്ജിച്ചു തലതാഴ്ത്തി. അവൻെറ മനസ്സിന് പരിവർത്തനം ഉണ്ടായി. സ്വന്തം ശരീരത്തെ ആക്ഷേപ സ്വരങ്ങൾ കൊണ്ട് പൊതിഞ്ഞ അവൻ പശ്ചാത്തപിച്ചു മടങ്ങി. ക്രമേണ അയാൾ വലിയ ഒരു ആബിദായി മാറുകയും ചെയ്തു. അന്ന് രാത്രി മഹാനവർകൾ ഒരു സ്വപ്നം കാണുകയുണ്ടായി. ആ സ്വപ്നത്തിൽ ഒരു ശബ്ദം കേട്ടു. ആ ശബ്ദം ഇങ്ങനെ പറഞ്ഞു: 'താങ്കൾ എനിക്കുവേണ്ടി ആ മദ്യപാനിയുടെ വായ വൃത്തിയാക്കി, അതിനാൽ ഞാൻ അയാളുടെ ഹൃദയവും വൃത്തിയാക്കി.'
രോഗശയ്യയിൽ കിടക്കവേ ശിഷ്യനും മരുമകനുമായ ജുനൈദുൽ ബഗ്ദാദി(റ) ഗുരുവിനെ കാണാൻ വന്നു. താങ്കൾ എന്തൊക്കെയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്, എന്താണ് അങ്ങേക്ക് വേണ്ടി ചെയ്തു തരേണ്ടത്, ഞാൻ ഏതെങ്കിലും ഒരു വൈദ്യനെ കൊണ്ടു വരട്ടയോ എന്നെല്ലാം ആരാഞ്ഞപ്പോൾ മഹാനവർകളുടെ മറുപടി ഇങ്ങനെയായിരുന്നു: 'വൈദ്യനിൽ നിന്നു തന്നെയാണ് എനിക്ക് രോഗം വന്നിട്ടുള്ളത്, അതിനാൽ ആ വൈദ്യനോട് ചികിത്സ തേടുന്നത് ശരിയല്ലല്ലോ' തൻ്റെ ഗുരു ഇനി അധികം ജീവിക്കുകയില്ല എന്ന് ജുനൈദുൽ ബഗ്ദാദിക്ക് മനസ്സിലായി. അതിനാൽ അദ്ദേഹം ഗുരുവിനോട് ഉപദേശം തേടി. ആ ഗുരു തന്റെ ശിഷ്യനു നൽകിയ അവസാന ഉപദേശങ്ങൾ ഇങ്ങനെയായിരുന്നു: 'ജുനൈദ് ! , നീ തിന്മയുടെ വാക്താക്കളുമായി കൂട്ടുകൂടരുത്. അല്ലാഹുവിനെ ഒരിക്കലും വിസ്മരിക്കുകയും ചെയ്യരുത്' (അൽ ബിദായ വന്നിഹായ).
ബഗ്ദാദിൽ തൗഹീദിന്റെ വചനം ഉച്ചത്തിൽ പറഞ്ഞു തുടങ്ങിയതും ഹഖീഖത്തിന്റെ ജ്ഞാനം പറഞ്ഞു തുടങ്ങിയതും അബുൽഹസൻ എന്ന സിരിയ്യുസ്സിഖ്ഥി (റ) ആയിരുന്നു എന്ന് ത്വബഖാത്തുസ്സ്വൂഫിയ്യ എന്ന കിതാബിൽ അബ്ദുറഹ്മാൻ സുലമി പറയുന്നുണ്ട്. ഏറെ ആഴമുള്ള പല തത്വങ്ങളും മഹാനവർകൾ പറഞ്ഞതായി കാണാം. 'കോപം സത്യത്തിൽ നിന്ന് ഒരാളെ നിഷ്കാഷിതനാക്കാതിരിക്കുക, സംതൃപ്തി തെറ്റിലേക്ക് കടത്താതിരിക്കുക, കഴിയുമെങ്കിലും അർഹിക്കാത്തത് എടുക്കാതിരിക്കുക എന്നീ മൂന്നു കാര്യങ്ങൾ ഒരാളിൽ ഉണ്ടെങ്കിൽ അയാളുടെ വിശ്വാസം പൂർണ്ണത പ്രാപിക്കും' എന്നത് ഒരു ഉദാഹരണം. 'അറിവ്, അച്ചടക്കം, ചാരിത്ര ശുദ്ധി, വിശ്വസ്തത എന്നീ നാലു കാര്യങ്ങൾ ഒരടിമയെന്നത്യത്തിലേക്ക് ഉയർത്തുന്നതാണ്' എന്നത് മറ്റൊരു ഉദാഹരണം. പാപങ്ങളെ ഓർത്ത് കരയുക, ന്യൂനതകൾ സ്വയം നന്നാക്കി എടുക്കുക, റബ്ബിനെ വഴിപ്പെട്ടു കൊണ്ടേയിരിക്കുക, മനസ്സിനെ ശങ്കകളിൽ നിന്ന് സംരക്ഷിക്കുക, ഇച്ഛകളിലെല്ലാം കയറിയിറങ്ങാതിരിക്കുക എന്നീ അഞ്ചു കാര്യങ്ങളാണ് ഏറ്റവും ഉത്തമമായ ജീവിത പാഠങ്ങൾ എന്ന് മഹാനവർകൾ പഠിപ്പിച്ചിട്ടുണ്ട്. (രിസാലത്തുൽ ഖുശൈരിയ്യ)
ഹിജ്റ 253 റമളാൻ ആറിന് ചൊവ്വാഴ്ച സുബഹ് നിസ്കാരത്തിനു ശേഷം അവർ വഫാത്തായി. ബാഗ്ദാദ് പട്ടണത്തിൽ നിന്നും അല്പം അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ശൂനീസിയ്യ മഖ്ബറയിലാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്. സിരിയ്യുസ്സിഖ്ഥി (റ), ജുനൈദുൽ ബഗ്ദാദി(റ) എന്നീ രണ്ട് ആത്മീയ താരകങ്ങളുടെയും ഖബർ ഒരേ കെട്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്.
അദ്ധ്യായം അഞ്ച്
ജുനൈദുൽ ബഗ്ദാദി(റ)
സയ്യിദുത്വാഇഫ എന്ന വിശേഷണത്തിൽ പുകൾ പെറ്റ ശൈഖ് ജുനൈദ് ഇബ്‌നു മുഹമ്മദുല്‍ ബഗ്ദാദി ഹിജ്‌റ 215 ൽ ഇറാഖിലെ ബാഗ്ദാദ് പട്ടണത്തിലാണ് ജനിച്ചത്. അബുല്‍ ഖാസിം അല്‍ ജുനൈദുബ്‌നു മുഹമ്മദുബ്‌നു അല്‍ ജുനൈദ് അല്‍ നഹാവന്ദി അല്‍ ബാഗ്ദാദി എന്നാണ് മുഴുവന്‍ പേര്. അബുല്‍ ഖാസിം എന്നായിരുന്നു വിളിപ്പേര്. പിതാവ് മുഹമ്മദ് സ്ഫടിക കച്ചവടക്കാരനായിരുന്നു. സർവ്വ വിജ്ഞാനത്തിലും നിപുണനായിരുന്ന ജുനൈദുൽ ബഗ്ദാദി(റ) വിശ്വാസവും കർമപരവുമായ വിഷയങ്ങളിൽ ഫത് വ കൊടുക്കാറുണ്ടായിരുന്നു. ആത്മീയ ശിക്ഷണത്തിലും ആരാധനയിലും തന്റെ സമകാലികരേക്കാൾ മുൻപന്തിയിലായിരുന്നു മഹാനവർകൾ. സയ്യിദുത്ത്വാഇഫ എന്ന അപരനാമത്തില്‍ ആണ് അദ്ദേഹം അറയപ്പെടുന്നത്. ആത്മീയ രാഹിത്യത്തില്‍ നിന്നും ഇസ്ലാമിക തസ്വവ്വുഫിനെ സംരക്ഷിക്കുന്നതില്‍ കഠിനയത്നം നടത്തിയത് കാരണമാണ് ഈ വിശേഷണം വന്നത് എന്ന് തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ കാണാം. തത്വചിന്തകനുംകവിയുമായിരുന്ന ജുനൈദുല്‍ ബാഗ്ദാദി(റ) അറബി ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും നിപുണനായിരുന്നു. തന്റെ ഗുരു കൂടിയായിരുന്ന ശൈഖ് സിരിയ്യുസ്സിഖ്ഥി(റ)യുടെ സഹോദരിയുടെ മകനാണ് ജുനൈദുല്‍ ബാഗ്ദാദി(റ).
ഒരിക്കല്‍ സിരിയ്യുസ്സിഖ്ഥി(റ) പറഞ്ഞു: 'എന്റെ മര്‍തബയെക്കാള്‍ ഉയര്‍ന്നതാണ് ജുനൈദിന്റെ മര്‍തബ'. ശൈഖ് ജുനൈദുല്‍ ബാഗ്ദാദി(റ)യുടെ എട്ടാം വയസ്സില്‍ ശൈഖായ സിരിയ്യുസ്സിഖ്ഥി(റ) മഹാനെയും കൂട്ടി മക്കയിലേക്കു പലായനം ചെയ്തു. അവിടെനിന്ന് ഹജ്ജ് ചെയ്തു. അപ്പോള്‍ അവിടെ നാനൂറോളം മശാഇഖുമാര്‍ മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ചുകൂടി ശുക്‌റിനെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരിലോരോരുത്തരും ശുക്‌റിനെ കുറിച്ച് സംസാരിച്ചു. ഉടനെ ശൈഖ് സിരിയ്യുസ്സിഖ്ഥി(റ) ജുനൈദുല്‍ ബാഗ്ദാദി(റ)വിനോട് പറഞ്ഞു: 'കുട്ടി ശുക്‌റിനെ സംബന്ധിച്ച് പറയുക'. കുട്ടിയായ ശൈഖ് ജുനൈദ്(റ) പറഞ്ഞു: 'അല്ലാഹു നിനക്കെന്തെങ്കിലും നിഅ്മത്ത് തന്നാല്‍ ആ നിഅ്മത്തിനെ പാപത്തിനു വേണ്ടിയാക്കരുത്. ആ നിഅ്മത്തുകൊണ്ട് അല്ലാഹുവിന് എതിരു പ്രവര്‍ത്തിക്കരുത്. ഇതാണ് ശുക്ര്‍'. ഇതു കേട്ട പണ്ഡിതന്മാര്‍ പറഞ്ഞു: 'നന്നായിരിക്കുന്നു, ഇതിനെക്കാള്‍ നന്നായി ശുക്‌റിനെ വിവരിക്കാന്‍ സാധിക്കുന്നതല്ല.'
സയ്യിത്വാഇഫ എന്നു മാത്രം തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ അതുകൊണ്ടുള്ള ഉദ്ദേശം ശൈഖ് അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി(റ)യാകുന്നു. ഔലിയാക്കളുടെ എല്ലാ കൂട്ടങ്ങളുടേയും നേതാവ് എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. മഹാനിലൂടെയാകുന്നു ധാരാളം സ്വൂഫികളുടെ ത്വരീഖത്തിന്റെ പരമ്പര കടന്നുപോകുന്നത്. അൽ ഉലമാഉൽ മുജ്തഹിദൂനിൽപ്പെട്ട മഹാനാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യെന്ന് ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്. നിരവധി ഔലിയാക്കളുടെ ത്വരീഖത്തിന്റെ പരമ്പര മഹാനില്‍ ചെന്നെത്തുന്നുണ്ട്. താഴെ പറയുംപ്രകാരമാണ് ശൈഖവറുകളുടെ പരമ്പര: ശൈഖ് ജുനൈദുല്‍ ബാഗ്ദാദി(റ), ശൈഖ് സരിയ്യു സ്സഖ്ത്വി(റ), ശൈഖ് മഅ്‌റൂഫുല്‍ കര്‍ഖി(റ), ശൈഖ് അലിയ്യ് ബ്‌നു രിളാ(റ), ശൈഖ് മൂസല്‍ കാളിം(റ), ശൈഖ് ജഅഫറു സ്വാദിഖ്(റ), ശൈഖ് മുഹമ്മദ് ബാഖിര്‍(റ), ശൈഖ് അലി സൈനുല്‍ ആബിദീന്‍(റ), ഇമാം ഹുസൈന്‍(റ), അമീറുല്‍ മുഅ്മിനീന്‍ അലിയ്യ് ബ്‌നു അബീത്വാലിബ്(റ), സയ്യിദുനാ മുഹമ്മദ് റസൂല്‍(സ്വ).
ധാരാളം കറാമത്തുകള്‍ക്കുടമസ്ഥനായിരുന്നു മഹാനായ ജുനൈദുല്‍ ബാഗ്ദാദി(റ). ഔലിയാക്കളിൽ പ്രമുഖനും ഖുത്വുബുൽ അഖ്ത്വാബും ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമായ ഗൗസുൽ അഅ്ളം സയ്യിദ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ ത്വരീഖത്തിന്റെ പരമ്പര ശൈഖ് ജുനൈദുൽ ബഗ്ദാദി(റ)യിലൂടെയാണ് കടന്ന് പോകുന്നത്. അത് ഇങ്ങനെയാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ), ശൈഖ് അബൂസഈദ് അൽ മഖ്സൂമി(റ), ശൈഖ് അലി അൽ മുബാറക് (റ), ശൈഖ് അബുൽ ഹസൻ ത്വറസൂസി (റ), ശൈഖ് അബൂബക്കർ ദുലഹ് ശിബിലി (റ), ശൈഖ് അബ്ദുൽ വാഹിദ് യമനി (റ), ജുനൈദുൽ ബഗ്ദാദി(റ). ശൈഖ് അബ്ദുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) വിജ്ഞാനങ്ങളുടെ കലവറയായിരുന്നു. മഹാൻ ഫിഖ്ഹ് പഠിക്കുന്നത് ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതനായ ഇമാം അബൂസൗർ(റ)വിൽ നിന്നാണ്. ഇരുപത് വയസ്സുള്ളപ്പോൾ തന്നെ തന്റെ ഗുരു സന്നിധിയിൽ നിന്നു തന്നെ ശൈഖ് ജുനൈദ്(റ) ഫത് വ നൽകിയിരുന്നു. ഇമാം ഫരീദുദ്ദീനിൽ അത്വാർ(റ) രചിച്ച തദ്കിറത്തുൽ ഔലിയാ ആണ് ശൈവവർകളെ കുറിച്ചുളള പ്രധാന അവലംബം.
ഒരാളെ ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യത നോക്കുന്ന വ്യക്തിക്ക് മനസ്സിലാവുന്ന അറിവാണ് ഇർമുൽ ഫിറാസത്ത്. ഇത് മനസ്സിന് ശക്തിയും ശുദ്ധിയും ഉള്ളവർക്ക് ഉണ്ടാകാവുന്ന ഒരു ശേഷിയാണ്. നബി(സ) പറഞ്ഞു: നിങ്ങൾ വിശ്വാസിയുടെ ഫിറാസത്തിനെ സൂക്ഷിക്കുക, നിശ്ചയം വിശ്വാസി അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് നോക്കുന്നത്. ഈ ഹദീസ് ഇമാം തുർമുദി(റ) തന്റെ സുനനിലും ഇമാം ത്വബ്റാനി(റ) തന്റെ ഔസത്വിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ജുനൈദുൽ ബഗ്ദാദി(റ) ഫിറാസത്തുള്ള മഹാനായിരുന്നു. അത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശൈഖ് ജുനൈദുൽ ബഗ്ദാദി(റ) പ്രഭാഷണവുമായി കഴിയവെ, ശൈഖിന്റെ മജ്ലിസിലേക്ക് ഒരു ക്രിസ്ത്യാനി മുസ്ലിം വസ്ത്ര വേഷത്തിലായി കയറി വന്നു. അവിടെയുള്ള ഒരാൾക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. അദ്ദേഹം ചോദിച്ചു: 'ശൈഖവർകളെ നബി(സ) പറഞ്ഞിരിക്കുന്നു , വിശ്വാസിയുടെ ഫിറാസത്തിനെ സൂക്ഷിക്കുക എന്ന്. നിശ്ചയം വിശ്വാസി അല്ലാഹുവിന്റെ നൂറു കൊണ്ടാണ് നോക്കുന്നത് എന്നും' ഇതു കേട്ട ജുനൈദുൽ ബഗ്ദാദി(റ) പറഞ്ഞു: 'നീ പറഞ്ഞത് സത്യമാണ്, അവിശ്വാസത്തിന്റെ കയർ പൊട്ടിച്ച് നീ ഇസ്ലാമിലേക്ക് കടന്നു വരിക എന്നാണ് നിന്നെ കുറിച്ചുള്ള എന്റെ ഫിറാസത്ത്. ഇതു കേട്ടതും താൻ ഗോപ്യമാക്കി വെച്ച കാര്യം ശൈഖവർകൾ മനസ്സിലാക്കിയത് അയാളെ ഞെട്ടിച്ചു. നബി(സ) പറഞ്ഞത് സത്യമാണെന്നും വിശ്വാസി അല്ലാഹുവിന്റെ നൂറു കൊണ്ട് നോക്കുമെന്നും ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ ?' എന്നു കൂടി മഹാനവർകൾ ചോദിച്ചപ്പോൾ തൊലിയുരിഞ്ഞു പോകുന്നതു പോലെ തോന്നി അയാൾക്ക്. ശൈഖ് ജുനൈദുൽ ബഗ്ദാദി(റ)യുടെ ഈ സംസാരം അദ്ദേഹത്തിന്റെ ഹൃത്തടത്തിൽ ഫലം ചെയ്തു. ഉടനെ തന്നെ അദ്ദേഹം വിശ്വാസിയായി മാറി. ശൈഖവർകളുടെ ഫിറാസത്തിൽ അവിടെ ഒരുമിച്ച് കൂടിയവരെല്ലാം അത്ഭുതപ്പെട്ടുപോയി.
മറ്റൊരിക്കൽ മഹാനായ ശൈഖ് ജുനൈദുൽ ബഗ്ദാദി(റ)ക്ക് ചെങ്കണ്ണ് രോഗം പിടിപെട്ടു. കണ്ണിൽ വെള്ളമാക്കരുതെന്ന് ഡോക്ടർ നിർദ്ദേശം നൽകി. കണ്ണിൽ വെള്ളമായാൽ കണ്ണ് നഷ്ടമാവും എന്ന് ഡോക്ടർ താക്കീതു ചെയ്യുകയും ചെയ്തു. നിസ്കാര സമയമായപ്പോൾ ശൈഖ് വെള്ളം കൊണ്ട് വുളൂഅ് ചെയ്തു നിസ്കരിച്ചു. ശേഷം ശൈഖിന് ചെറിയൊരു മയക്കം വന്നു മയക്കത്തിൽ നിന്നുണർന്നപ്പോഴേക്കും രോഗം ശിഫയായി ക്കഴിഞ്ഞിരുന്നു. ഡോക്ടർ തിരിച്ചുവന്നപ്പോൾ കാണുന്നത് ശൈഖിന്റെ കണ്ണ് സുഖമായതാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നു. കാരണം തിരക്കിയപ്പോൾ ശൈഖ് പറഞ്ഞു ഞാൻ വുളൂഅ് ചെയ്തു നമസ്കരിച്ചു. ഇതു വിശ്വസിച്ച ഡോക്ടർ മുസ്ലിമായി. അദ്ദേഹം പറഞ്ഞു: 'സംശയമേയില്ല, ഇതു സ്രഷ്ടാവിന്റെ ചികിത്സ തന്നെയാണ്. ചെങ്കണ്ണും ബലഹീനതയും എന്റെ കണ്ണിനാകുന്നു. താങ്കളുടെ കണ്ണ് ആരോഗ്യമുള്ളതാണ്. താങ്കളാണ് ഡോക്ടർ, ഞാനല്ല' (തദ്കിറത്തുൽ ഔലിയാഅ്).
ദിവസവും മുന്നൂറ് റക്അത്ത് വീതം സുന്നത്ത് നിസ്കരിക്കുകയും മുപ്പതിനായിരം തസ്ബീഹ് മുടങ്ങാതെ ചെല്ലുകയും ചെയ്യുന്നത് മഹാനവർകളുടെ ദിനചര്യകളിൽ പെട്ടതായിരുന്നു. ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിൻ്റെ വായിൽ നിന്ന് പുറത്തു വരുമായിരുന്ന ഗഹനമായ വിഷയങ്ങൾ അക്കാലത്തെ ആരിഫീങ്ങളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അത്ഭുതം പൂണ്ട ഇബ്നു സുറൈഹ് എന്നവർ ഒരിക്കൽ 'ഈ വിജ്ഞാനങ്ങൾ എല്ലാം അങ്ങ് ആരിൽ നിന്നാണ് കരസ്ഥമാക്കിയത് ?' എന്ന് ചോദിക്കുകയുണ്ടായി. പുഞ്ചിരിച്ചുകൊണ്ട് 'അല്ലാഹുവിൽ നിന്ന് ' എന്നായിരുന്നു മഹാനവർകളുടെ മറുപടി. മഹാനവർകളിൽ നിന്ന് നിരവധി കറാമത്തുകൾ പ്രകടമായിട്ടുണ്ട്. ഏതു കറാമത്തുകൾ പ്രകടമാകുമ്പോഴും അതിൻെറ ആശയത്തെ ദഅ് വത്തിലേക്ക് തിരിച്ചുവിടുന്നത് അദ്ദേഹത്തിൻ്റെ ഒരു ശൈലിയായിരുന്നു. മഹാനവർകളുടെ സന്തതസഹചാരിയായി ഒരു പക്ഷി ഉണ്ടായിരുന്ന കഥ നുസ്ഹ ത്തുൽ മജാലിസ് എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഒരു സുഹൃത്ത് സമ്മാനിച്ചതായിരുന്നു ആ പക്ഷിയെ. ജുനൈദ് (റ) അതിനെ കൂട്ടിലടച്ചു. അപ്പോൾ ആ പക്ഷി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവിന്റെ സാമീപ്യത്തിൽ ആനന്ദം കണ്ടെത്തുന്ന താങ്കൾ എന്നെ ഇങ്ങനെ കൂട്ടിലടച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ ?' അതുകേട്ട് അദ്ദേഹം പക്ഷിയെ തുറന്നു വിട്ടു. പക്ഷേ ആ പക്ഷി അദ്ദേഹത്തിൻ്റെ പർണ്ണശാല വിട്ട് എങ്ങോട്ടും പോയില്ല. ജുനൈദ്(റ) വഫാത്തായ സമയം പക്ഷി വിരഹ ദുഃഖത്തോടെ ഭിത്തിയിൽ ചെന്നിടിച്ച് മരണപ്പെടുകയാണ് ഉണ്ടായത്.
വഫാത്തിന്റെ സമയത്ത് തന്റെ ശിഷ്യനോട് വുളൂഅ് ചെയ്തു തരുവാന്‍ ജുനൈദ്(റ) ആവശ്യപ്പെട്ടു. വുളൂഅ് ചെയ്തുകൊടുക്കുമ്പോള്‍ താടി തിക്കകറ്റുവാന്‍ മറന്നപ്പോള്‍ ശിഷ്യനോട് തിക്കകറ്റാന്‍ തലകൊണ്ട് നിര്‍ദ്ദേശംനല്‍കി. പിന്നെ അദ്ദേഹം സുജൂദില്‍ വീണ് കരഞ്ഞു. അപ്പോള്‍ മഹാനോട് ചോദിച്ചു: 'താങ്കള്‍ ആത്മീയ സരണിയിലെ ആയിരങ്ങളുടെ നേതാവല്ലേ, കഴിയുന്നത്ര ഇബാദത്തുകള്‍ നിര്‍വ്വഹിച്ചിട്ടുണ്ടല്ലോ. പിന്നെ എന്തിനാ അങ്ങ് വിമ്മിഷ്ടപ്പെടുന്നത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മിണ്ടരുത്. ഈ സമയെത്തക്കാള്‍ ഇബാദത്തിലേക്ക് ആവശ്യമായ ഒരു സമയവും ജുനൈദിന് ഉണ്ടായിട്ടില്ല'. പിന്നീട് ശൈഖ് ഖുര്‍ആന്‍ പാരായണം തുടങ്ങി. തുടര്‍ന്ന് ശൈഖ് പറയുകയുണ്ടായി: 'ഈ കലാമിനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കലാമുമില്ല'. ഖുര്‍ആന്‍ ഓതിത്തീര്‍ത്തു. വീണ്ടും ഓതി സൂറതുല്‍ ബഖറയുടെ എഴുപത്തിയാറാമത്തെ ആയത്തെത്തിയപ്പോള്‍ ഓതാന്‍ പ്രയാസമായി. 'അല്ലാഹ് ' എന്ന് ചൊല്ലാന്‍ മഹാനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ അതു മറന്നിട്ടില്ല'. അങ്ങനെ ശൈഖവർകള്‍ തന്റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു.
ഹി. 297 ൽ ശവ്വാലില്‍ വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് ജുനൈദുല്‍ ബാഗ്ദാദി(റ) മരണപ്പെട്ടു.
അദ്ധ്യായം ആറ്
ശൈഖ് മഅ്റൂഫുൽ കർഖീ(റ)
ഇറാഖിന്റെ ആത്മീയ സാന്നിധ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ശൈഖ് മഅ്റൂഫുൽ കർഖീ(റ). ഒരു ബാബിലോണിയൻ നബ്ത്വി വംശജനായിരുന്നു അദ്ദേഹം എന്നും അതിനാൽ തന്നെ അദ്ദേഹം അറബി തന്നെയാണ് എന്നും ആധുനിക അക്കാദമിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മ വർഷത്തെ കുറിച്ച് കൃത്യവും വിശ്വസനീയവുമായ രേഖകൾ ലഭ്യമല്ല. എങ്കിലും ഹിജ്റ 200 ൽ ആണ് ബഹുമാനപ്പെട്ടവർ വഫാത്താകുന്നത് എന്ന് മിക്ക ചരിത്രകാരന്മാരും പറയുന്നുണ്ട്. ഇറാഖിൽ ആത്മീയതക്ക് വിത്തു പാകിയ മഹാന്മാരിൽ ഒരാളായിരുന്നു അദ്ദേഹം എന്നത് എല്ലാവരും അംഗീകരിക്കുന്നുണ്ട്. നേരത്തെ നാം പ്രതിപാദിച്ചിട്ടുള്ള ശൈഖ് അബ്ദുൽ ഖാദർ അൽ ജീലാനി(റ), ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) എന്നിവരുടെയെല്ലാം പരമ്പരയിൽ ഒരു കണ്ണിയായി ഈ മഹാൻ വരുന്നത് അതുകൊണ്ടാണ്. ബാഗ്ദാദിനെ ആത്മീയമായി അലങ്കരിക്കുന്ന മഹാന്മാരുടെ ഇടയിൽ ശൈഖ് മഅ്റൂഫുൽ കർഖീ(റ)ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. മറ്റു മഹാന്മാർ എല്ലാം ഏറ്റവും വിശുദ്ധമായ കുടുംബ പരമ്പരയിൽ ജനിക്കുകയും തഖ്‌വയും വിജ്ഞാനവും സമന്വയിപ്പിച്ച് സ്വന്തം മനസ്സിലിട്ട് വളർത്തി വലുതാക്കുകയും അങ്ങനെ ആത്മീയതയുടെ സിംഹാസനങ്ങളിൽ ആസനസ്ഥരാവുകയും ചെയ്തവരാണ്. എന്നാൽ ഈ മഹാൻ അവരിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്നു. കാരണം അടിസ്ഥാനപരമായി അദ്ദേഹം ജനിച്ചത് ഒരു ക്രൈസ്തവ കുടുംബത്തിൽ ആയിരുന്നു.
എന്നാൽ ത്രിയേകത്വത്തിൽ വിശ്വസിക്കുന്ന ആ കുടുംബത്തിന്റെ വിശ്വാസത്തോട് അദ്ദേഹത്തിന് തുടക്കം മുതലേ വിരോധവും വിയോജിപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ദൈവം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവ മൂന്നും ചേർന്നതാണ് എന്ന് അദ്ദേഹത്തോട് അദ്ദേഹത്തിന്റെ ഗുരു പറയുമ്പോൾ, അങ്ങനെയല്ല, ദൈവം ഏകനും പരാശ്രയ രഹിതനും ആണ് എന്ന് ഗുരുവിന്റെ മുഖത്ത് നോക്കി മറ്റൊരു പ്രേരണയും ഇല്ലാതെ അദ്ദേഹം വിളിച്ചുപറഞ്ഞു എന്നതാണ് ചരിത്രം. അതിന്റെ പേരിൽ നിരവധി പീഡനങ്ങൾ തന്നെ അദ്ദേഹം ഏറ്റുവാങ്ങേണ്ടിവന്നു. പിന്നെ അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മകൻ ഇങ്ങനെ നഷ്ടപ്പെട്ടതിൽ മാതാപിതാക്കൾക്ക് വലിയ സങ്കടവും ആധിയും ഉണ്ടായി. അവൻ തിരിച്ചുവരണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടായിരുന്നു അവർ പിന്നീട് ഒരുപാട് കാലം തള്ളിനീക്കിയത്. അവസാനം മകൻ തിരിച്ചെത്തി. താൻ സത്യമതത്തിലാണ് എന്ന് മാതാപിതാക്കളോട് മകൻ പറഞ്ഞു. മകനെ അവിശ്വസിക്കുവാൻ മാതാപിതാക്കൾക്ക് ന്യായമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹത്തെ പോലെ മാതാപിതാക്കളും ഇസ്ലാമിലെത്തി എന്നാണ് ചരിത്രം. അദ്ദേഹം ഇസ്ലാമിലെത്തിയത് അലി ബിൻ മൂസ രിളായുടെ കൈകളിലൂടെയായിരുന്നു എന്നും അതിനാൽ അദ്ദേഹം ഷിയാ വിഭാഗവുമായി അടുത്ത ആളായിരുന്നു എന്നും ആദ്യം പ്രചരിച്ചു. പിന്നീട് പക്ഷേ, അദ്ദേഹം അഹ്മദ് ബ്നു ഹമ്പൽ(റ)യുടെ സാമീപ്യം നേടുകയുണ്ടായി. അതോടെ അദ്ദേഹം സുന്നി തന്നെയാണ് എന്നും പ്രചരിക്കുകയുണ്ടായി.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso