Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 2

12-12-2023

Web Design

15 Comments




തന്റെ പതിനെട്ടാം വയസ്സില്‍ ബഗ്ദാദിലെത്തുമ്പോള്‍ മഹാത്മാക്കളായ പല പുണ്യവാന്മാരും ബഗ്ദാദിനെ അലങ്കരിച്ചിരുന്നു. ആ വര്‍ഷത്തി ലാണ് ബഗ്ദാദിന്റെ വിളക്കായി പ്രശോഭിച്ചിരുന്ന പണ്ഢിത പ്രമുഖന്‍ അബുല്‍ ഫള്ല്‍ അബ്ദുല്‍ വാഹിദ് അല്‍ തമീമി(റ) വഫാതായത്. അതേ വര്‍ഷത്തില്‍ തന്നെയാണ് വിശ്വവിഖ്യാതനായ മഹാ പ്രതിഭാശാലി ഹുജജത്തുല്‍ ഇസ്ലാം അബൂ ഹാമിദുല്‍ ഗസ്സാലി(റ) ബഗ്ദാദിലെ പൊതു ജീവിതരംഗത്തു നിന്നുമാറി ആധ്യാത്മ ജീവിതത്തിന്റെ രഹസ്യ താവളത്തിലേക്ക് വഴിമാറിയത്. ഭരണകൂടത്താല്‍ നടത്തപ്പെടുന്ന ബഗ്ദാദിലെ പ്രശസ്തമായ 'നിസാമിയാ സര്‍വ്വകലാശാല'യുടെ പേരുപെറ്റ മേധാവിയായിരുന്നു ഇമാം ഗസ്സാലി(റ). പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നു തെന്നിമാറി സ്വകാര്യതയുടെ ഉള്ളറകളിലേക്ക് താല്‍ക്കാലികമായി മാറുകയായിരുന്നു അദ്ദേഹം. തന്റെ പദവിയില്‍ സഹോദരന്‍ ഇമാം അഹ്മദുല്‍ ഗസ്സാലിയെ അവരോധിച്ചുകൊണ്ടായിരുന്നു ആ മാറ്റം നടന്നത്. ഇമാം അഹ്മദുൽ ഗസ്സാലിയും ബഗ്ദാദിലായിരുന്നു ജീവിച്ചത്. പിന്നീട് പതിനൊന്നു വർഷങ്ങൾ ഇമാം ഗസ്സാലി(റ) ആത്മാന്വേഷണത്തിൽ ചുറ്റിത്തിരിയുകയായിരുന്നു എന്നാണ് വർത്തമാനം. ഏതായാലും ഒരേ കാലത്ത് ജീവിച്ചിട്ടും ആ രണ്ട് മഹാപ്രതിഭകള്‍ തമ്മില്‍ സന്ധിക്കുകയുണ്ടായില്ല. പിന്നീടെപ്പോഴെങ്കിലും സന്ധിച്ചതായും ചരിത്രം പറയുന്നുമില്ല.



സത്യ സന്ധതയിലും സല്‍സ്വഭാവത്തിലും മുന്‍പന്തിയിലായിരുന്ന ശൈഖ് ജീലാനി(റ) ബുദ്ധി വൈഭവം, ഭക്തി, സാമര്‍ത്ഥ്യം എന്നിവയലും മറ്റു വിദ്യാര്‍ത്ഥികളേക്കാള്‍ മുന്‍പന്തിയിലായിരുന്നതിനാല്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി. ആത്മീയമായ വികാസം ജീവിതത്തിലെ ഓരോ സെക്കന്റുകളിലും അദ്ദേഹത്തോടൊപ്പം വളർന്നിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പലപ്പോഴും വ്രതമനുഷ്ഠിക്കുകയും ആത്മീയ ജ്ഞാനികളെ തേടിപ്പിടിക്കുകയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമായിരുന്നു മഹാനവർകൾ. ഈ സമയത്താണ് മഹാനുഭാവന്‍റെ ആത്മീയ മുറബ്ബിയായ ശൈഖ് ഹമ്മാദ്(റ)വിനെ കണ്ട് മുട്ടിയതും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയതും എന്നത് വളരേയേറെ ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥി ജീവിതം പൂര്‍ത്തിയാക്കിയ ശേഷം ശൈഖ് ജീലാനി(റ) തങ്ങള്‍ പൂര്‍ണ്ണമായ ഇലാഹീ സ്മരണയില്‍ സമയം ചെലവഴിച്ചു. ബഗ്ദാദിലെ ബാബുല്‍ അസദില്‍ മഹാനവർകളുടെ ഗുരു അബൂ സഈദില്‍ മുഖ്ര്‍റമി(റ) സ്ഥാപിച്ച പാഠശാല ശിഷ്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിക്ക് ഉസ്താദ് ഏല്‍പ്പിച്ചുകൊടുത്തു. ഹിജ്‌റ 528 ൽ ഈ സ്ഥാപനം വിപുലീകരിക്കുകയും മഹാനവര്‍കള്‍ സ്ഥാപനത്തിലെ പ്രധാന ഗുരുവായി സേനവമേറ്റെടുക്കുകയും ചെയ്തു. തഫ്‌സീര്‍, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, നഹ്‌വ് എന്നീ നാലു വിഷയങ്ങളില്‍ മഹാനവര്‍കള്‍ അവിടെ അദ്ധ്യാപനം നടത്തിയിരുന്നു. ശാഫിഈ, ഹമ്പലി, മദ്ഹബുകള്‍ പ്രകാരം ഫത്‌വകള്‍ നല്‍കിയിരുന്നു.



എന്നാൽ ആ കാലം ആവശ്യപ്പെടുന്ന സേവനം അതു മാത്രമായിരുന്നില്ല. ജനങ്ങളുടെ കർമ്മങ്ങളേക്കാൾ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ശരീഅത്തിനേക്കാൾ ഹഖീഖത്തിനെ നോക്കേണ്ട കാലം. അതിനു പലതായിരുന്നു കാരണങ്ങൾ. ഒന്നാമതായി ജനങ്ങളിൽ ഭൗതിക താൽപര്യവും ത്വരയും വർദ്ധിച്ചു കഴിഞ്ഞിരുന്നു. ആഢംബരങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന ജീവിതമായിരുന്നു പൊതുജനങ്ങളുടേത്. ജനങ്ങൾ മതകാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു എങ്കിലും മനസ്സ് അത്രതന്നെ അല്ലാഹുവിൽ വിലയം പ്രാപിച്ചത് ആയിരുന്നില്ല. എന്നാൽ ഇതെല്ലാം ശ്രദ്ധിക്കുവാൻ ബാധ്യതയുണ്ടായിരുന്ന ഉത്തരവാദിത്തപ്പെട്ടവരാകട്ടെ രാഷ്ട്രീയപരമായ പരക്കംപാച്ചിലുകളിലും ആയിരുന്നു. ജീലാനി(റ)യുടെ ജീവിതകാലത്ത് ബാഗ്ദാദ് ഭരിച്ചത് 5 അബ്ബാസീ ഖലീഫമാരാണ്. മുസ്തള്ഹിര്‍ ബി അംരില്ലാ, മുസ്തര്‍ശിദ്, റാശിദ്, മുഖ്തഫീ ലി അംരില്ലാ, മുസ്തന്‍ജിദ് ബില്ലാ എന്നിവരായിരുന്നു ആ അഞ്ച് അബ്ബാസീ ഖലീഫമാർ. ചെറിയൊരു കാലഘട്ടത്തിൽ അഞ്ചുപേർ ഭരണം നടത്തി എന്നു പറയുമ്പോൾ അവിടെ ചില ആഭ്യന്തര സംഘർഷങ്ങൾ രാഷ്ട്രീയപരമായി ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ഈ ഖലീഫമാരിൽ അധികവും ഭരണപരമായ കഴിവുകെട്ടവരോ സുഖലോലുപരോ മാത്രമായിരുന്നു.



അതോടൊപ്പം അബ്ബാസീ ഖലീഫമാരും സല്‍ജുഖീ സുല്‍ത്വാന്‍മാരും തമ്മില്‍ പലപ്പോഴും സംഘട്ടത്തിലേര്‍പ്പെടുമായിരുന്നു. പരസ്പരം ചോര ചിന്തുന്ന അത്തരം സംഭവങ്ങള്‍ മഹാനവർകളെ കൂടുതൽ വേദനിപ്പിച്ചു. സമുദായത്തില്‍ കടന്നുക്കൂടിയ അന്തഛിദ്രവും ഭൗതിക പ്രേമവും അധികാര മാല്‍സര്യവും ഭരണാധികാരികളെ പ്രീതിപ്പെടുത്താന്‍ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും മഹാനെ വ്യാകുലനാക്കി. ഇതെല്ലാം വളരെ ഗുരുതരമായ പ്രശ്നമാണ് എന്നത് മഹാനായ ശൈഖ് അവർകൾ മനസ്സിലാക്കി. ആയതിനാൽ തന്റെ ശ്രദ്ധ ഏറ്റവും അധികം പതിയേണ്ടത് ആ ഭാഗത്താണ് എന്ന് അദ്ദേഹം തിരിച്ചറിയുകയും ആത്മീയ സേവനങ്ങൾക്കായി തന്റെ ജീവിതം തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. സാധാരണക്കാരായ ജനങ്ങളെ ആത്മീയമായി പ്രബുദ്ധരാക്കുവാൻ അദ്ദേഹം യുക്തി ഭദ്രവും ലളിതവുമായ ആത്മീയ തർബിയ്യത്തുകൾ നടത്തി.



ഭൗതിക വിഭവങ്ങളോടുള്ള അമിതമായ പ്രതിപത്തിയും അവ ആര്‍ജിക്കാന്‍ വേണ്ടി ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്ന പ്രവണതകളും തൗഹീദിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നദ്ദേഹം ജനങ്ങളെ ഉണര്‍ത്തി. ഭരണാധികാരികളുടെ അതിക്രമങ്ങളെ അദ്ദേഹം എതിര്‍ത്തുപോന്നു. തന്‍മൂലം അവര്‍ അദ്ദേഹത്തെ ഭയപ്പെട്ടു. തനിക്ക് കിട്ടുന്ന പണവും പാരിതോഷികങ്ങളും അദ്ദേഹം ദരിദ്രര്‍ക്കും ശിഷ്യന്‍മാര്‍ക്കുമിടയില്‍ വീതിച്ചു നൽകി. ഇഹലോകത്തെ സമ്പത്ത് മുഴുവന്‍ എനിക്ക് ലഭിച്ചിരുന്നെങ്കില്‍ അതത്രയും അഗതിസംരക്ഷണത്തിനായി ഞാന്‍ വിനിയോഗിച്ചേനേ എന്നദ്ദേഹം പറയുമായിരുന്നു. ദരിദ്രന്മാരുടെ വസ്ത്രങ്ങള്‍പോലും അദ്ദേഹം കഴുകിക്കൊടുക്കാറുണ്ടായിരുന്നു. വിശാല മനസ്‌കത, ദാനശീലം, ലാളിത്യം, വിനയം, ആതിഥ്യമര്യാദ, ധീരത തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷമായ സദ്ഗുണങ്ങള്‍.



ആത്മീയ സേവനങ്ങളിലേക്ക് ആ ജീവിതത്തെ തിരിച്ചുവിട്ട ഒരു സംഭവം ജീലാനീ വായനകളിൽ കാണാം. ഒരു നാള്‍ ശൈഖ് ജീലാനി(റ) ബാഗ്ദാദിന്‍റെ തെരുവില്‍കൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയരികില്‍ കിടന്നുക്ഷീണിതനായ ഒരു രോഗി ശൈഖ് ജീലാനി(റ) തങ്ങളോട് സലാം പറയുകയും സലാം മടക്കിയതിന് ശേഷം എഴുന്നേറ്റിരിക്കാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് ജീലാനി(റ) തങ്ങള്‍ രോഗിയെ എഴുന്നേല്‍പ്പിച്ചിരുത്തിയ സമയത്ത് ആ രോഗി ശൈഖ് ജീലാനി(റ)യോട് പറഞ്ഞു: 'ഞാന്‍ ദീനാണ്. രോഗിയും അവശനുമായ എനിക്കു അല്ലാഹു അങ്ങയുടെ സഹായത്താല്‍ പുനരുജ്ജീവന്‍ നല്‍കി'. ഇത് മഹാനവർകളുടെ മനസ്സിൽ ഒരു സന്ദേശമായി കടന്നു. അതോടെ ഈ മേഖലയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധാ ബദ്ധനായി. ഇതു കൊണ്ടാണ് ശൈഖ് ജീലാനി(റ) തങ്ങള്‍ പില്‍ക്കാലത്ത് 'ദീനിന്‍റെ പുനരുദ്ധാരകന്‍' എന്നര്‍ത്ഥമുള്ള 'മുഹയുദ്ദീന്‍' എന്ന വിശേഷണത്തിനര്‍ഹരായത്. ധാര്‍മ്മികമായി അധഃപതിച്ച മുസ്ലിംകളുടെ ജീവിതഗതിയില്‍ സാരമായ പരിവര്‍ത്തനം ശൈഖ് ജീലാനി(റ) തങ്ങള്‍ നടത്തുകയും ചെയ്തു. ശൈഖ്(റ) സര്‍വാംഗീകൃതനായിരുന്നു. ബഗ്ദാദിലെ ബഹുഭൂരിഭാഗം പാപികളും ശൈഖ്(റ) മുഖേന പശ്ചാതപിച്ചു സജ്ജനങ്ങളായിത്തീര്‍ന്നു. ജൂത ക്രൈസ്തവ വിഭാഗക്കാരില്‍ നിന്നും ഗണ്യമായ വിഭാഗം ശൈഖ്(റ)ന്റെ മഹത്വത്തില്‍ കീഴില്‍ ഇസ്ലാം ആശ്ളേഷിച്ചു. സ്റ്റേജില്‍ കയറി സത്യം തുറന്നു പറയുകയും തിന്മയെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നത് ശൈഖ്(റ)ന്റെ പതിവായിരുന്നു. അക്രമികളായ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കാന്‍ ശൈഖ്(റ) ഭരണാധിപന്മാരെ ഒരു നിലക്കും അനുവദിച്ചിരുന്നില്ല.



ഒരേസമയം നല്ല അധ്യാപകനും മികച്ച വാഗ്മിയുമായിരുന്ന ജീലാനി(റ) തന്റെ ആത്മീയഗുരുവായിരുന്ന ഖാളി അബൂസഈദ് മുഖ്‌റമിയുടെ പാഠശാലയില്‍ തന്നെയാണ് അധ്യാപനവും പ്രഘോഷണവും നടത്തിയിരുന്നത്. അദ്ദേഹം ഈ ചുമതല ഏറ്റെടുത്ത് അധികം കഴിയുന്നതിന് മുമ്പ് തന്നെ മദ്‌റസയുടെ കെട്ടിടവും അങ്കണവും വലിയ തോതില്‍ വികസിപ്പിക്കേണ്ടിവന്നു. കാരണം ബഗ്ദാദിലെ ആബാലവൃദ്ധം ജനങ്ങളാണ് അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനായി അവിടേക്ക് ഒഴുകിയെത്തിയത്. അവരുടെ കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും രാജാക്കന്മാരും വരെ ഉണ്ടായിരുന്നു. അബ്ബാസീ ഖിലാഫത്തിന്റെ ക്ഷയവും സല്‍ജൂഖികളുമായി നടന്ന അധികാര വടംവലികളും തല്‍ഫലമായി മുസ്‌ലിം രക്തം നിര്‍ബാധം ഒഴുക്കപ്പെടുന്നതും അദ്ദേഹത്തിന് കാണേണ്ടിവന്നു. അധികാരത്തോടും സമ്പത്തിനോടുമുള്ള ദുരയാണ് ഈ വമ്പിച്ച രക്തച്ചൊരിച്ചിലിന് അടിസ്ഥാന പ്രചോദനമെന്ന് ശൈഖ് വിലയിരുത്തി. അതിനാല്‍ ജനമനസ്സുകളില്‍നിന്ന് ഭൗതിക മോഹങ്ങള്‍ പറിച്ചെറിഞ്ഞ് പകരം അവിടെ പരലോകബോധവും ദൈവ പ്രീതിയും ഇലാഹി സ്‌നേഹവും നട്ടുപിടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്. സുഖലോലുപതയും അധികാര പ്രമത്തതയും മുഖമുദ്രയായ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ നിന്നുള്ള സാധാരണ ജനങ്ങളുടെ വീണ്ടെടുപ്പിന് ഈ ശ്രമം അക്കാലത്ത് അനിവാര്യമായിരുന്നു.



13 വിജ്ഞാന ശാഖകളില്‍ ശൈഖ് അവര്‍കള്‍ ക്ലാസെടുക്കാറുണ്ടായിരുന്നു. പ്രഭാതം മുതല്‍ ഉച്ചവരെയും വൈകുന്നേരവുമായിരുന്നു ക്ലാസുകള്‍. ളുഹറിന് ശേഷം ഖുര്‍ആന്‍ പാരായണത്തിനിരിക്കും. നൂറോളം വിജ്ഞാന ശാഖകളില്‍ അദ്ദേഹത്തിന് അനിതര സാധാരണ പാടവമുണ്ടായിരുന്നു. എല്ലാ ദിവസവും ദറസ് നടക്കും. പുറമെ പൊതുജനങ്ങള്‍ക്ക് ഉപദേശങ്ങളും പ്രഭാഷണങ്ങളും നടത്തും. വെള്ളിയാഴ്ച രാവിലെയും ചൊവ്വാഴ്ച വൈകുന്നേരവും ദര്‍സില്‍ വെച്ചും ഞായറാഴ്ച രാവിലെ പര്‍ണശാലയില്‍ വെച്ചുമായിരുന്നു അത്. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു മഹാൻ. അത് സർവ്വാംഗീകൃതമായിരുന്നു. ഇമാം ഇസ്സ് ഇബ്നു അബ്ദിസ്സലാം തുടങ്ങിയവർ മുതൽ ഇബ്നു തൈമിയ്യ വരെ ഇതിൽ ഏകാഭിപ്രായക്കാരാണ്. അശ്ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഈ(റ) പറയുന്നു: ‘അശ്ശൈഖ് മുഹിയുദ്ദീന്‍(റ)യുടെ ബഹുമതികള്‍ ആര്‍ക്ക് പറഞ്ഞുതീര്‍ക്കാന്‍ കഴിയും!. അശ്ശൈഖ് ജീലാനി(റ)യുടെ സ്ഥാനത്തെത്തിയവര്‍ ഇന്നാരുണ്ട്. ശരീഅത്തും ഹഖീഖത്തും തനതായ രീതിയില്‍ ഉള്‍ക്കൊണ്ട മഹാനാണ് മുഹയുദ്ദീന്‍ ശൈഖ്(റ). ഈ കാലത്ത് അദ്ദേഹത്തിന് തുല്യമായി മറ്റാരുമില്ല’ (ത്വബഖാതുല്‍ ഔലിയാഅ്).



18 വര്‍ഷം പേർഷ്യയിലെ ജീലാനിലും 73 വര്‍ഷം ബഗ്ദാദിലും മഹാനവർകൾ ജീവിച്ചു. ഉപരിപഠനത്തിന് 18-ാം വയസ്സില്‍ ബഗ്ദാദിലെത്തി തുടർന്ന് നീണ്ട 33 വര്‍ഷം വിവിധ പണ്ഡിതന്മാരില്‍ നിന്ന് ഇൽമ് പഠിച്ചു. മാതൃകാഗുണവതികളും സല്‍സ്വഭാവികളുമായ 4 ഭാര്യമാരിലൂടെ 49 മക്കള്‍ (27 ആണ്‍കുട്ടികള്‍, 22 പെണ്‍കുട്ടികള്‍) അദ്ദേഹത്തിനു ജനിച്ചു. മക്കളിൽ വളരെ പ്രസിദ്ധമായിത്തീർന്നത് ശൈഖ് അബ്ദുൽ വഹാബ്(റ) അവർകളാണ്. അദ്ദേഹത്തിന്റെ പ്രധാന ഗുരു പിതാവ് തന്നെ. പിതാവിനെക്കുറിച്ചുള്ള ഒട്ടേറെ വിലപ്പെട്ട വിവരങ്ങൾ ഇദ്ദേഹമാണ് ലോകത്തിന് നൽകിയത്. ഇരുപത് വയസ്സാകുമ്പോഴേക്ക് പണ്ഡിത പ്രതിഭയായിത്തീർന്ന അദ്ദേഹം പിതാവിന്റെ മദ്റസയിൽ അധ്യാപകനായി തീർന്നു. മറ്റൊരു മകനാണ് ഈസാ(റ). പിതാവിൽ നിന്ന് തന്നെ ധാരാളം പഠിച്ചു. മഹാപണ്ഡിതൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായി. പിതാവിന്റെ സന്ദേശത്തിന്റെ കരുത്തുറ്റ പ്രചാരകനുമായി. ഈജിപ്ത്, ഡമസ്കസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് വിജ്ഞാനം നേടി. ഒടുവിൽ ഈജിപ്തിൽ താമസമാക്കി. ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രശസ്ത കേന്ദ്രങ്ങൾ ഈജിപ്തിൽ വളർന്നുവന്നു. അധ്യാപനം, പ്രഭാഷണം, ആത്മീയ ശിക്ഷണം, ഗ്രന്ഥരചന എന്നിവക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഈജിപ്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം. മറ്റൊരു പ്രഗത്ഭനായ മകൻ ശൈഖ് അബൂബക്കർ അബ്ദുൽ അസീസ് (റ) അവർകളാകുന്നു. പിതാവിൽ നിന്ന് വിവിധ വിജ്ഞാന ശാഖകളിൽ അറിവ് നേടി ദർസും, വഅളും, ആത്മീയ ശിക്ഷണങ്ങളും ജീവിത ലക്ഷ്യമാക്കി പ്രപഞ്ചരഹസ്യങ്ങൾ തേടി ദീർഘകാലം കാട്ടിൽ താമസിച്ചിട്ടുണ്ട്. പിന്നീട് കുടുംബം ജീവിതം നയിക്കുകയും സന്താനങ്ങൾ ജനിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് അബ്ദുൽ ജബ്ബാർ(റ) പ്രസിദ്ധനായിത്തീർന്ന മറ്റൊരു മകനാണ്. പിതാവിൽ നിന്ന് തന്നെ പഠിച്ചു. സൂഫിമാർഗത്തിൽ വല്ലാതെ തൽപരനായി ജീവിക്കുകയും യൗവ്വനം തീരുംമുമ്പെ വഫാത്താവുകയും ചെയ്തു. പിതാവിന്റെ ദർഗയുടെ സമീപം അന്ത്യവിശ്രമം കൊള്ളുന്നു. മറ്റൊരു പുത്രൻ ശൈഖ് അബ്ദുറസാഖ്(റ) ഫഖീഹായും സൂഫിയായും അറിയപ്പെട്ട ആളാണ്. മറ്റൊരു പുത്രനാണ് ശൈഖ് ഇബ്രാഹിം (റ). വലിയ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ സേവന കേന്ദ്രം ഇറാഖിലെ വാസ്വിത്വിലായിരുന്നു. ശൈഖ് മുഹമ്മദ് (റ), ശൈഖ് അബ്ദുല്ല(റ) ശൈഖ് യഹ്‌യ(റ) തുടങ്ങിയവരും ശൈവർകളുടെ മക്കളാണ്. എല്ലാവരുടെയും ജീവിതം ആത്മീയ ബന്ധിയായിരുന്നു.



ഹിജ്‌റ 561 (ക്രിസ്താബ്ദം 1165) റബീഉല്‍ ആഖിര്‍ 11 ന് തന്റെ 91-ാം വയസ്സില്‍ ആ ആത്മീയ ജ്യോതിസ് വിടപറഞ്ഞു.



ശൈഖവര്‍കള്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്ന പ്രഭാഷണങ്ങളുടെ സമാഹാരമായ അല്‍ ഫത്ഹുറബ്ബാനി, ഫുതൂഹുല്‍ ഗയ്ബ്, സിര്‍റുല്‍ അസ്റാര്‍, ഗുന്‍യത്ത് തുടങ്ങിയവ ഗ്രന്ഥങ്ങളും അദ്ദേഹം തർബിയ്യത്തിനായി ആശ്രയിച്ചിരുന്നതായി മുരീദൻമാർ അനുഭവിച്ച മാർഗ്ഗങ്ങളെ പിൽക്കാലത്ത് കോർത്തിണക്കിയ ഖാദിരിയ്യാ ത്വരീഖത്തുമാണ് മഹാനവർകളുടെ നീക്കിയിരിപ്പ്.



അദ്ധ്യായം മൂന്ന്
ശൈഖ് ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ)



ഉമവീ ഖിലാഫത്തിനെ തുടര്‍ന്ന് സ്ഥാപിതമായത് അബ്ബാസികളുടെ ഭരണമായിരുന്നു. ഇസ്‌ലാമിക സംസ്‌കാരം അതിന്റെ അത്യുച്ചാവസ്ഥയിലെത്തിയ കാലം എന്നാണ് അബ്ബാസികളുടെ കാലത്തെ സാധാരണയായി വിശേഷിപ്പിക്കാറുള്ളത്. ആദ്യകാല അബ്ബാസികള്‍ ഇസ്‌ലാമിക സാമ്രാജ്യത്തെ ശക്തിപ്പെടുത്തുക, അതിന്റെ ഐക്യം സംരക്ഷിക്കുക, സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയെന്ന നിലയില്‍ അറബിയുടെ പ്രചാരം വ്യാപകമാക്കുക എന്നിങ്ങനെ ഉമവികള്‍ തുടങ്ങിവെച്ച പ്രവൃത്തികള്‍ തുടര്‍ന്നു പോവുകയാണുണ്ടായത്. ഹി. 136-158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ അബ്ബാസികളിലെ ആദ്യ പ്രഗത്ഭ ഭരണാധികാരിയാണ്. അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ഭദ്രമാക്കിയത് മന്‍സൂറാണ്. അബു ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ് തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയത്. അങ്ങനെ മദീനക്കും ദമസ്‌കസിനും ശേഷം ഇസ്‌ലാമിക ലോകത്തിന്റെ പുതിയ ആസ്ഥാനമായി ബഗ്ദാദ് മാറി. വൈകാതെ തന്നെ ബഗ്ദാദ് ഇസ്‌ലാമിക ലോകത്തിന്റെ ഏറ്റവും മഹത്തായ സാംസ്‌കാരിക കേന്ദ്രമായിത്തീര്‍ന്നു. ഒരുപക്ഷേ അക്കാലത്ത് ലോകത്തിന്റെ തന്നെ സാംസ്‌കാരിക ആസ്ഥാനം എന്നു വിളിക്കാവുന്ന തരത്തിലേക്ക് ബഗ്ദാദ് വളര്‍ന്നു. ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്‌കൃത ഭാഷകളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ശാലകള്‍ ധാരാളമായി സ്ഥാപിച്ച മന്‍സൂര്‍ ബഗ്ദാദിനെ വൈജ്ഞാനികകേന്ദ്രം കൂടി ആക്കിത്തീര്‍ത്തു. ഇമാം മാലിക്(റ) തന്റെ മുവത്വ രചിക്കുന്നതും ഇക്കാലഘട്ടത്തിലാണ്. അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന ഹാറൂന്‍ റഷീദിന്റെ ഭരണത്തില്‍ ജനങ്ങള്‍ നീതിയും ക്ഷേമവും അനുഭവിച്ചു. വൈജ്ഞാനിക പ്രസരണ രംഗത്ത് വമ്പിച്ച വിപ്ലവമുണ്ടാക്കിയ ‘ബൈത്തുല്‍ ഹിക്മ’ എന്ന വിവര്‍ത്തനശാല ഖലീഫ ഹാറൂന്‍ റശീദിന്റെ സംഭാവനയാണ്. ശേഷം വന്ന വൈജ്ഞാനികതല്‍പരനായ മഅ്മൂനും കഴിവുറ്റ ഭരണാധികാരിയായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെയാണ് ചിശ്തിയ്യ, ഖാദിരിയ്യ, നഖ്ശ്ബന്ധിയ്യ, സുഹ്‌റവര്‍ദിയ്യ എന്നീ 4 ത്വരീഖത്തുകൾ രൂപപ്പെട്ടതും. ഇവയിൽ സുഹ്റവർദ്ദീ ത്വരീഖത്തിന്റെ സ്ഥാപകനാണ് ശൈഖ് ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ).



അല്ലാഹു, മുഹമ്മദ് നബി(സ), അഹ്‌ലുൽ ബൈത്ത്, ശൈഖ് എന്നീ നാലു പ്രധാന ആശയാടിത്തറകളിൽ ആണ് ത്വരീഖത് നിലകൊള്ളുന്നത്. തസവ്വുഫിലെ ഇശ്ഖും(ദിവ്യാനുരാഗം) ഇവയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അല്ലാഹുവുമായുള്ള സമാഗമവും ലയനവും (ജംഅ്, ഫനാഅ്), സ്രഷ്ടാവിൻ്റെ തൃപ്തി(രിളാ)യുമാണ് പരമമായ ലക്ഷ്യം. ആ അവസ്ഥയിൽ മാറ്റമില്ലാതെ നിലനിൽക്കാനുള്ള ആഗ്രഹമാണ് (ബഖാഅ്). അല്ലാഹുവിനോടുള്ള ഇശ്ഖിൻ്റെ പൊരുൾ. നബി(സ)യോടുള്ള ഇശ്ഖാണ് അല്ലാഹുമായുള്ള ബന്ധം നിർണയിക്കുന്നത്. നബി(സ)യുടെ ജീവിതത്തിൻ്റെ പകർത്തെടുപ്പിലൂടെയാണ് അവ സാധ്യമാകുന്നത്. പ്രവാചക ജീവിതവും ശാസനകളും സൃഷ്ടാവുമായുള്ള സമാഗമത്തിൻ്റെ മാധ്യമമായിത്തീരുന്നു. നബി(സ) ഉത്തമസൃഷ്ടിയും (അശ്റഫുൽ ഖൽഖ്) സമ്പൂർണ മനുഷ്യനും (അൽ- ഇൻസാനുൽ കാമിൽ) ആകയാൽ ശരീരത്തിൻ്റെയും ആത്മാവിൻ്റെയും (നഫ്സ്) പരിപൂർണമായ സംസ്ക്കരണം (ഇഹ്സാൻ) പ്രവാചക സ്നേഹവുമായി കണ്ണി ചേർക്കപ്പെടുന്നു. പ്രവാചകനിൽ നിന്ന് ഈ ആത്മീയാംശം നബി കുടുംബത്തിലൂടെ പുരോഗമിക്കുന്നു. അഹ്‌ലുൽ ബൈത്തിനോടുള്ള അഘാധമായ സ്നേഹം ത്വരീഖത്തുകളുടെ പ്രത്യേകതയാണ്. നബി(സ)യുടെ കുടുംബം, അനുയായി വൃന്ദം, പ്രദേശങ്ങൾ എന്നിവ എല്ലാം ത്വരീഖത്തുകൾക്കും പ്രിയപ്പെട്ടവയാണ്. അലി(റ), ഫാത്വിമ(റ), ഹസൻ(റ), ഹുസൈൻ(റ) എന്നിവരും അഹ്‌ലുൽ ബൈത്തിലെ പിൽക്കാല നേതാക്കളും പണ്ഡിതരും ത്വരീഖത്തുകളുടെ ആത്മീയ ശ്രേണിയിലെ പ്രഥമ സ്ഥാനങ്ങളലങ്കരിക്കുന്നു. ഭൂരിപക്ഷം സൂഫിവര്യമാരും നബികുടുംബവുമായി ബന്ധമുള്ളവരാണ്. ഇക്കൂട്ടത്തിൽ നബി(സ)യുമായി നേർ കുടുംബം പോലെ ബന്ധപ്പെട്ടവരിലേക്കും ചെന്നെത്തുന്ന ത്വരീഖത്തുകൾ ഉണ്ട്. അവയിൽ ഒന്നാണ് സുഹ്രവർദി തരീഖത്ത്. ഇത് അബൂബക്കർ(റ)വിലേക്കാണ് എത്തിച്ചേരുന്നത്.



ഹിജ്റ 539 റജബ് മാസത്തിൽ വടക്കു പടിഞ്ഞാറൻ ഇറാനിലെ സഞ്ചാൻ പ്രവിശ്യയിലെ സുഹറവർദ് എന്ന പ്രദേശത്ത് ആയിരുന്നു മഹാനവർകളുടെ ജനനം. ബനു തമീം ആയിരുന്നു അവരുടെ കുടുംബം. കുടുംബത്തെ സംബന്ധിച്ചും ബാല്യകാലത്തെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും പിതൃവ്യൻ അബൂ നജീബ് എന്ന മഹാനുഭവനോടൊപ്പം ബാഗ്ദാദിൽ എത്തിയതിനു ശേഷം മഹാനവർകളുടെ ജീവിതം അറിവിനും ആത്മീയത വേണ്ടി നീക്കി വെച്ചതായിരുന്നു. വലിയ പണ്ഡിതനായിരുന്ന പിതൃവ്യൻ തന്നെയായിരുന്നു പ്രഥമ ഗുരു. മഹാനായ ശൈഖ് ജീലാനി(റ)യുമായി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന കാലത്ത് കുറച്ചുകാലം സഹവസിച്ചതായി ചരിത്രങ്ങൾ പറയുന്നുണ്ട്. ഹിജ്റ ഏഴാം നൂറ്റാണ്ട് കണ്ട ഏറ്റവും ശ്രദ്ധേയനായ ആത്മീയ നേതാവായിരുന്ന ഇമാം സുഹ്റവർദി ശാഫിഈ മദ്ഹബിലെ അഗാധ ജ്ഞാനമുള്ള ഒരു പണ്ഡിതനായിരുന്നു.



ഖാദിരിയ്യാ ത്വരീഖത്തുമായി സുഹ്റവർദി ത്വരീഖത്തിന് ചില സാമ്യങ്ങൾ ഉണ്ടെങ്കിലും അതിന്റെ ഉപഘടമായ ചിശ്തിയ്യ ത്വരീഖത്തിന്റെ ആശയങ്ങളിൽ നിന്ന് വളരെ ശക്തമായ വ്യത്യാസം പുലർത്തുന്നുണ്ട് സുഹറവർദികൾ. അതു പ്രധാനമായും രാഷ്ട്രീയപരമാണ്. സുഹ്രവർദിയുടെ അഭിപ്രായത്തിൽ ഒരു സൂഫിക്ക് മൂന്ന് ഗുണങ്ങൾ ഉണ്ടായിരിക്കണം: സ്വത്ത്, അറിവ്, ഹാൽ (ജ്ഞാനോദയം) എന്നിവയാണവ. വളരെ പതിതമായ അവസ്ഥയിൽ ജീവിക്കുന്നതിനോട് അവർക്ക് താൽപര്യമില്ല. പൊതുവെ സ്വൂഫികൾ ഭൗതിക വിരക്തരായിരിക്കുമല്ലോ. സുഹ്‌റവർദികൾ രാജാക്കന്മാരുമായി ഇടകലർന്നു ജീവിച്ചു, അവർക്ക് ധാർമ്മിക പിന്തുണ നൽകി, പക്ഷേ അവരുടെ ചിന്തകളെ നന്നാക്കാനോ മറ്റോ ശ്രമിച്ചില്ല. ചിശ്തി സ്വൂഫികൾ രാജാക്കൻമാരിൽ നിന്ന് ഓടിയകലുവാനാണ് എപ്പോഴും ശ്രമിച്ചിരുന്നത്. ഇതു പറയുമ്പോൾ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ പ്രമാദമായ ഒരു കഥ ഓർമ്മിക്കാം. സുൽത്താൻ ജലാലുദ്ദീൻ ഖിൽജി അദ്ദേഹത്തെ സന്ദർശിക്കാൻ ആഗ്രഹിച്ച സമയവുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധ കഥയുണ്ട്. ഭരണാധികാരിയുടെ ആഗ്രഹം കേട്ടപ്പോൾ, തന്റെ സൂഫി ഖാൻ ഖാഹിന് രണ്ട് വാതിലുകളുണ്ടെന്നും സുൽത്താൻ ഒന്നിലൂടെ പ്രവേശിച്ചാൽ മറ്റൊന്ന് ഉപയോഗിച്ച് താൻ പുറത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞതായി പറയപ്പെടുന്നു എന്നതാണ് ആ കഥ.



മറ്റൊരു വ്യത്യാസം ചിശ്തികൾ സംഗീതത്തിൽ ഉന്മേഷം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് എന്നതാണ്. ചിശ്തികളുടെ സൂഫി സംഗീതത്തെ സമാ എന്നാണ് പറയുക. ഇത് അവർക്ക് അനുവദനീയമാണ് എന്ന് മാത്രമല്ല, അവർക്കത് ആത്മീയമായ ഉണർവും ഉന്മേഷവും നേടാനുള്ള ഒരു മാർഗ്ഗവും കൂടിയാണ്. എന്നാൽ സുഹ്‌റവർദികൾ പൊതുവെ അതിൽ ഉദാസീനരായിരുന്നു. അവർ അതിനെ വെറുമൊരു കലാപരമായ വൈകാരികത ആയിട്ടാണ് കണ്ടിരുന്നത്. അത് ആത്മീയത നൽകുകയല്ല ഉള്ളതിനെയും നശിപ്പിക്കുകയാണ് ചെയ്യുക എന്നുവരെ പറഞ്ഞവർ അവരിൽ ഉണ്ട്. പകരം ഖുർആൻ പാരായണത്തിലൂടെ ആ ഉന്മേഷവും ആത്മീയമായ ഉത്തേജനവും നേടിയെടുക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത് എന്ന് അവർ വാദിച്ചു. അങ്ങനെയൊക്കെയാണെങ്കിലും ഈ രണ്ടു തരീഖത്തുകളും തമ്മിൽ പൊതുവേ സൗഹൃദ അന്തരീക്ഷം ആയിരുന്നു പുലർത്തിയിരുന്നത്. ചിശ്തിയ്യ സിൽസില ഇന്ത്യയിൽ പ്രചരിക്കുന്ന അതേ കാലഘട്ടത്തിൽ തന്നെയാണ് ഇന്ത്യയിലും സുഹ്റവർദി ത്വരീഖത്ത് എത്തിച്ചേരുന്നത്. പഞ്ചാബിലും മുൾട്ടാനിലും സുഹറവർദി ത്വരീഖത്ത് സജീവമായിരുന്നു. ബഹാവുദ്ദീൻ സക്കറിയ ആണ് ഇന്ത്യയിലെ സുഹ്റവർദീ ത്വരീഖത്തിന്റെ സ്ഥാപകൻ. പഞ്ചാബ്, സിന്ധ്, കാശ്മീർ, ബംഗാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ ത്വരീഖത്ത് ജനപ്രിയമായിരുന്നു.
അലാവുദ്ദീൻ ഖൽജി മുതൽ മുഹമ്മദ് ഇബ്നു തുഗ്ലക്ക് വരെയുള്ള ഡൽഹി സുൽത്താന്മാർ ഈ ത്വരീഖത്ത് സ്വീകരിച്ചിരുന്നു. ശൈഖ് റുക്നുദ്ദീന്റെ കീഴിൽ അത് അതിന്റെ ഉന്നതി നേടിയ കാലമായിരുന്നു അത്.



ശൈഖ് സുഹറവർദിയെ കുറിച്ച് നിരവധി കറാമത്തുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഡമസ്കസിൽ അദ്ദേഹം വന്നപ്പോൾ കൂട്ടുകാരോട് പറഞ്ഞു. ഞാൻ അലിയ്യുൽ കുർദി ( റ )യെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. ഇത് കേട്ടവർ മഹാനോട് പറഞ്ഞു : ബഹുമാനപ്പെട്ടവരേ, ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല. കാരണം അവിടുന്ന് ലോകർ പിന്തുടരപ്പെടുന്ന ഒരു ഇമാമാണ്. അലിയ്യുൽ കുർദിയാവട്ടെ മിക്കവാറും നഗ്നനനായിരിക്കുന്നയാളും നിസ്കരിക്കാത്തയാളുമാണ്. ഇമാം സുഹ്റവർദി (റ) പറഞ്ഞു. എനിക്ക് കണ്ടേ മതിയാവൂ. അപ്പോൾ ജനങ്ങൾ പറഞ്ഞു. അദ്ദേഹം ഇവിടുത്തെ അകലെയുള്ള വിജനമായ ഒരു പ്രദേശത്താണുള്ളത്, സുഹ്റവർദി ഇമാം(റ) തന്റെ കോവർകഴുതയുടെ പുറത്ത് കയറി യാത്രപുറപ്പെട്ടു . അലിയ്യുൽ കുർദി(റ)യുടെ സ്ഥലമറിയുന്ന ചിലരും അദ്ദേഹത്തോട് കൂടെ അനുഗമിച്ചു. അലിയ്യുൽ കുർദി(റ) ഉള്ള സ്ഥലത്തിനടുത്ത് എത്താറായപ്പോൾ ഇമാം സുഹ്റവർദി(റ) തന്റെ കഴുതപ്പുറത്തു നിന്ന് താഴെ ഇറങ്ങി നടന്നു. സുഹ്റവർദി ഇമാം(റ) തന്നിലേക്ക് അടുത്തുവരുന്നത് കണ്ട അലിയ്യുൽ കുർദി(റ) തന്റെ നഗ്നത വെളിവാക്കി. ഈ വന്ന ആൾ ഇത് സഹിക്കാനാവാതെ അക്ഷമനായി തിരിച്ചു പോകുന്നുണ്ടോ എന്ന് ഒരു പരീക്ഷണം നടത്തുകയായിരുന്നു അദ്ദേഹം. പക്ഷേ, ഇത് കണ്ട സുഹ്റവർദി(റ) പറഞ്ഞു:
ഈ പ്രവർത്തനങ്ങളൊന്നും ഞങ്ങളെ നിങ്ങളിൽ നിന്നും തടയില്ല. ഞങ്ങൾ നിങ്ങളുടെ വിരുന്നുകാരാണ്. എന്നിട്ട് മഹാൻ അലിയ്യുൽ കുർദി(റ)യുടെ അടുത്ത് ചെന്ന് സലാം ചൊല്ലി, അടുത്തിരുന്നു. അപ്പോൾ കാര്യമായ എന്തോ ഭക്ഷണവും ചുമന്ന് കുറേ പേർ അവിടേക്ക് കടന്നുവന്നു . നിങ്ങൾ ആർക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് അവരോട് ചോദിക്കപ്പെട്ടു. അവർ പറഞ്ഞു: ഞങ്ങൾ അലിയ്യുൽ കുർദി(റ)ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അലിയ്യുൽ കുർദി(റ) പറഞ്ഞു : അതെന്റെ വിരുന്നുകാർക്ക് വെച്ച് കൊടുക്കൂ, ഇത് നിങ്ങളുടെ വിരുന്നാണെന്ന് പറഞ്ഞു. സുഹ്റവർദി ഇമാം(റ) ഭക്ഷിച്ചു . സുഹ്റവർദി ഇമാം(റ) അലിയ്യുൽ കുർദി(റ) യെ ഒരു പാട് ആദരിച്ചിരുന്നു. ഔലിയാക്കൾക്ക് മാത്രമാണ് ഔലിയാക്കളെ തിരിച്ചറിയുവാൻ കഴിയുക എന്നാണ് ഈ ചരിത്രത്തിന്റെ ആശയം. (ജാമിഉ കറാമാത്ത്).



മഹാനവർകളുടെ ഏറ്റവും വലിയ ദാനമാണ് അദ്ദേഹത്തിന്റെ അവാരിരിഫുൽ മആരിഫ് എന്ന ഗ്രന്ഥം. സരളമായ അവതരണ ഭംഗി കൊണ്ടും ആഴമുള്ള അറിവുകളുടെ ഉൾ ഘനം കൊണ്ടും ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് ഇത്. ' ആത്മീയ ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു കിതാബ് ഇല്ല എന്ന് പലരും പറയാറുണ്ട്. ഇക്കാരണത്താലാണ് അവാരിഫുൽ മആരിഫിൽ നിന്നും നീ തസ്വവുഫ് പഠിക്കണം എന്ന് നമ്മോട് സൈനുദ്ദീൻ മഖ്ദൂം(റ) അദ്കിയയിൽ ഉപദേശിച്ചത്. ഇമാം ദഹബി ശൈഖ് സുഹറവർദിയെ ശൈഖുൽ ഇസ്ലാം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് അറിവിന്റെയും ആത്മീയതയുടെയും ലോകത്ത് വലിയ അംഗീകാരം നേടിയ വ്യക്തിത്വമാണ് ഇമാം സുഹറവർദി(റ).



ഹിജ്റ 632 എഡി 1234 മുഹറം ഒന്നിന് അദ്ദേഹം ബാഗ്ദാദിൽ മരണപ്പെട്ടു. വർദിയ്യയിൽ തൻറെ സ്വന്തം പേരിലുള്ള പള്ളിയുടെ സമീപത്തായി മഹാനവർകൾ അന്തിയുറങ്ങുന്നു. പ്രസിദ്ധനായ അബ്ബാസി ഖലീഫ മുസ്തഅ്സ്വിം ബില്ലാഹിയുടെ ഖബറും ഇവിടെ കാണാം.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso