മിശ്രവിവാഹം: ചില പൊതുവിചാരങ്ങൾ
14-12-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
എന്തു പറയാനും പേടിയാണ് ഇപ്പോൾ. ശീർഷകം കാണുമ്പോഴേക്കും നാലു ഭാഗങ്ങളിൽ നിന്നും നിരൂപകർ ചാടിവീഴുകയാണ്. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചും ഇഴച്ചും വിഷയത്തെ വികൃതമാക്കുകയാണ്. ധാർമ്മികതയുടെ വാക്താക്കൾ ഒതുങ്ങി നിൽക്കേണ്ട അവസ്ഥയാണ്. കാരണം അവൻ മനുഷ്യനെ എല്ലാ ചങ്ങലക്കെട്ടുകളിൽ നിന്നും മോചിപ്പിക്കുന്ന ത്യാഗിയും മറ്റേയാൾ ധാർമ്മികത കൊണ്ട് മനുഷ്യനെ ചങ്ങലക്കിടാൻ ശ്രമിക്കുന്ന ക്രൂരനുമാണ് എന്നായിയിരിക്കുന്നു പൊതുധാരയുടെ ധാരണ. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ എടുത്തിടാൻ ആമുഖം പണിയുകയല്ല, ഏത് കാര്യവും ഇപ്പോൾ ഇങ്ങനെയാണ് എന്ന് പറയുകയാണ്. ഈ പ്രവണത സൂചിപ്പിക്കുന്നത് ലിബറലിസം എന്ന സ്വതന്ത്ര വാദം നമ്മുടെ സമൂഹത്തിൽ വേരിറക്കി വലുതായിക്കഴിഞ്ഞു എന്നതാണ്. ഒരു കാര്യത്തിലും ഒരു തരം നിയന്ത്രണത്തിനും വിധേയമാകാതെ തോന്നിയതൊക്കെ തന്നിഷ്ടം എന്ന അടിസ്ഥാനത്തിൽ മാത്രം ചെയ്യുവാൻ ആഗ്രഹിക്കുന്നവരും അതിനുവേണ്ടി വാദിക്കുന്നവരും സമൂഹത്തിൽ അനുദിനം ഭൂരിപക്ഷവും മേൽക്കൈയും നേടിവരികയാണ്.
ലിബറലിസം എന്ന സ്വതന്ത്രവാദം ശരിക്കും പാശ്ചാത്യന്‍ നാടുകളിലാണ് ഉദയം ചെയ്തത്. കൃത്യമായും ചർച്ചിന്റെ പൗരോഹിത്യ മേധാവിത്വത്തിൽ നിന്ന് യൂറോപ്പ് കുടയാനും കുതറാനും തുടങ്ങിയപ്പോൾ. പക്ഷേ, ഇന്നത് ആകാശചുവട്ടിൽ എല്ലായിടത്തും എത്തിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം ഇന്റര്‍നെറ്റിന്റെ വ്യാപനമാണ്. അതുവഴി കുത്തഴിഞ്ഞ സ്വാതന്ത്രത്തിന്റെ കാഴ്ചകളും രസങ്ങളും വൈകാരികമായി പൊലിപ്പിച്ച് പങ്കുവെക്കപ്പെട്ടു തുടങ്ങിയതോടെ ലിബറൽ ചിന്ത അതിവേഗം നമ്മുടെ നാട്ടിന്‍പ്രദേശങ്ങളിലേക്കു പോലും കത്തിപ്പടർന്നിരിക്കുന്നു. ലിബറലിസത്തിന്റെ ഒരു പ്രത്യേകത അത് ഒരു പ്രസ്ഥാനം എന്ന അർത്ഥത്തിൽ അവതരിപ്പിക്കപ്പെടുകയോ അതിന്റെ ആൾക്കാർ അങ്ങനെ സമ്മതിച്ചുതരികയോ ചെയ്യാറില്ല എന്നതാണ്. അത് അതിൻെറ സ്വഭാവം ഓരോ സ്ഥലത്തും പ്രകടിപ്പിക്കുകയാണ് ചെയ്യുക. അതിനാൽ നാം പറഞ്ഞുവരുന്ന പോലെ ഇത് ലിബറലിസത്തിന് വേണ്ട വാദമാണ് എന്ന് പറഞ്ഞാൽ അത് ആരും സമ്മതിച്ചു തരികയില്ല. പിന്നെ അത് വ്യക്തമായും രംഗത്ത് വരുന്നത് യുക്തിവാദം എന്ന പേരിലാണ്. യുക്തിവാദികൾ പറയുന്നതെല്ലാം മനുഷ്യനു മേൽ ധാർമികത പുലർത്തുന്ന നിയന്ത്രണങ്ങളെ നിരാകരിക്കുവാനാണ്. അതിന് കൈയ്യടിയും അംഗീകാരവും കിട്ടാൻ വേണ്ടി ശാസ്ത്രം എന്ന വാക്കിനെ അവർ കൂട്ടുപിടിക്കും എന്ന് മാത്രം. സോഷ്യൽ മീഡിയ ഇതിനെല്ലാം മീഡിയേറ്ററായി നിൽക്കുന്നു. ഇവയുടെയെല്ലാം ഫലമായി പുതുതലമുറ തങ്ങളുടെ സ്വാതന്ത്ര്യ വാജ്ഞ ഇപ്പോൾ ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും പൊതുവെ ഇഷ്ടമല്ലാത്ത കൗമാരപ്രായക്കാര്‍ക്ക് സ്വതന്ത്രവാദം ഹരം പകരുക സ്വാഭാവികമാണ്.
ഈ അടുത്ത് ഉണ്ടായ ഏതാണ്ട് എല്ലാ സാമൂഹ്യ വിവാദങ്ങളും അടിസ്ഥാനപരമായി ഈ ലിബറൽ ചിന്താഗതിയിൽ നിന്നാണ് ഉൽഭവിക്കുന്നത്. അവയിൽ ഏറ്റവും പുതിയ ഒരു വിഷയമാണ് മിശ്ര വിവാഹം. വിവാഹത്തിന്റെ കാര്യത്തിൽ ജാതി, മതം, വർഗ്ഗം, തുടങ്ങിയവ ഒന്നും പരിഗണിക്കപ്പെടരുത്, അല്ലെങ്കിൽ അതിന് അവ ഒന്നും തടസ്സമാവരുത് എന്ന വാദമാണ് മിശ്ര വിവാഹത്തെ അനുകൂലിക്കുന്നവരും പിന്തുണക്കുന്നവരും പറയുന്നത്. ഈ വിഷയത്തിനുള്ളിൽ മതവും രാഷ്ട്രീയവും വർഗീയതയും എല്ലാം ഉൾചേർന്നിട്ടുണ്ട്. അതിലേക്കൊന്നും നമ്മുടെ ഈ ആലോചന ഇപ്പോൾ പ്രവേശിക്കുന്നില്ല. ഇപ്പോൾ നാം ഈ വാദത്തിന്റെ ചില പൊതു അനർത്ഥങ്ങൾ സൂചിപ്പിക്കുകയാണ്. അതായത്, ഒരു മതത്തിന്റെയോ ഒരു രാഷ്ട്രീയ പക്ഷത്തിന്റെയോ വ്യാഖ്യാനങ്ങൾ ആവശ്യമില്ലാത്ത വിധം ഒരു മനുഷ്യൻ എന്ന നിലക്ക് അവൻ്റെ ബുദ്ധി ഉപയോഗിച്ച് മാത്രം മനസ്സിലാക്കാവുന്ന ചില കാര്യങ്ങൾ. അത് സൂചിപ്പിക്കണമെങ്കിലും ചെറിയ ഒരു ആമുഖം പറഞ്ഞുവരേണ്ടതുണ്ട്. അതില്ലാത്തതാണ് വിഷയത്തെ ഇത്രമാത്രം വികൃതമാക്കിയത് എന്നത് മറ്റൊരു സത്യം. വിവാഹം എന്നാൽ എന്താണ് എന്നതാണ് ആ ആമുഖം. മതമോ ജാതിയോ ഒന്നും വിവാഹത്തിൽ പരിഗണിക്കേണ്ടതില്ല എന്ന് വാദിക്കുന്ന ലിബറലിസ്റ്റുകൾക്ക് വിവാഹം ലൈംഗിക തൃഷ്ണയ്ക്കുള്ള ഒരു കേവല പരിഹാരം മാത്രമാണ്. ലൈംഗിക വികാരം ശമിപ്പിക്കാനുള്ള സാമൂഹ്യ സമ്മതത്തോടു കൂടെയുള്ള ഒരു മാർഗ്ഗം. അതുകൊണ്ടാണ് അവർക്ക് ജാതിയും മതവും തുടങ്ങിയ ചർച്ചകൾ ഒന്നും ഒരു വിഷയമാകാത്തത്. ഒരു അന്തിക്കൂട്ടുകാരിയെ തേടുന്ന ആൾക്ക് അവളുടെ മതവും മറ്റൊന്നും നോക്കേണ്ട ആവശ്യമില്ല. അതിനാൽ വിവാഹം ഒരാളുടെ സ്വാതന്ത്ര്യമാണ്, ആയിരിക്കേണ്ടതാണ് എന്ന് അവർ വാദിക്കുന്നു. അതിന്റെ പ്രധാന ലക്ഷ്യം സ്വതന്ത്ര ലൈംഗികത മാത്രമാണ്. ഒരു മതത്തിനോ സംസ്കാരത്തിനോ വിധേയപ്പെട്ടാൽ പിന്നെ അവന്റെ സ്വന്തം താല്പര്യങ്ങളെ അല്ല ആ മതത്തിന്റെയോ സംസ്കാരത്തിന്റെയോ താല്പര്യങ്ങളെ ആയിരിക്കും പരിഗണിക്കേണ്ടിവരിക. അങ്ങനെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നാണ് ഇവർ ഭയപ്പെടുന്നത്.
എന്നാൽ മതങ്ങളെയും ജാതികളെയും തുടങ്ങിയ സ്വത്വങ്ങളെ പരിഗണിക്കുന്ന ആൾക്കാരെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു ജീവിത ഉടമ്പടിയാണ്. വിശ്വാസത്തിന്റെ ആധാരത്തെ മുന്നിൽ നിറുത്തി ഇനി ഇവിടെ നിന്നങ്ങോട്ടുള്ള ജീവിതകാലത്ത് ഉണ്ടാകുന്ന എല്ലാ ആവശ്യങ്ങളും പരസ്പരം നിവൃത്തി ചെയ്യുവാനും ചെയ്യപ്പെടുവാനും വേണ്ടി ഒരാണും പെണ്ണും ഇടപെടുന്ന ഉടമ്പടിയാണത്. അതിനാൽ ഈ വിവാഹത്തിൽ ലൈംഗികത മാത്രമല്ല, കുടുംബ ജീവിതം, പരസ്പര ബാദ്ധ്യതകൾ, കുഞ്ഞുങ്ങളുടെ ശിക്ഷണവും സംരക്ഷണവും തുടങ്ങി മരണം വരെയുള്ള എല്ലാ ജീവിത വ്യവഹാരങ്ങളും ഉൾപ്പെടുന്നുണ്ട്. അതായത് ധാർമ്മിക വിവാഹത്തിന്റെ പരിധി ഇനിയുള്ള ജീവിതം മുഴുവനുമാണ്. അതിനാൽ അവിടെയൊന്നും ദമ്പതികൾ തമ്മിലുളള ബന്ധത്തിന് ഉലച്ചിൽ വരാൻ ഇടവരരുത് എന്ന് മതങ്ങൾക്ക് നിർബന്ധമുണ്ട്. അവരുടെ ബന്ധത്തിൽ വല്ല വിള്ളലും വീണാൽ അത് ഈ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും എല്ലാ കാര്യങ്ങളെയും ബാധിക്കും. അതിനാൽ ഭാവിയിൽ ഒരു വിള്ളൽ ഉണ്ടാക്കിയേക്കാവുന്ന മാർഗ്ഗങ്ങൾ നേരത്തെ അടക്കേണ്ടതുണ്ട്. ഇതിന് മതങ്ങൾ - ഇസ്ലാം പ്രത്യേകിച്ചും - കാണിക്കുന്ന ജാഗ്രതയാണ് ദമ്പതികൾ തമ്മിലുള്ള പൊരുത്തം. ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ ഇത് ഇത് ഒരു അദ്ധ്യായം തന്നെയാണ്. ഇനി ആലോചിക്കേണ്ടത് ഈ പൊരുത്തത്തിന്റെ മാനദണ്ഡം എന്താണ് എന്നതാണ്. ഇക്കാര്യത്തിലും വിവാഹത്തിന്റെ ലക്ഷ്യത്തിൽ എന്നപോലെ ധാർമ്മികതയും ലിബലറിസവും വിയോജിക്കുന്നുണ്ട്. അവർ പറയുന്ന പൊരുത്തം കേവലം പ്രഥമദൃഷ്ടിയിൽ പതിയുന്ന അഴകും അതിനെ ചുറ്റിപ്പറ്റി മനസ്സിൽ ഉണരുന്ന കാമവും മാത്രമാണ്. ഇവയാവട്ടെ തികച്ചും താൽക്കാലികമാണ്. അതു കൊണ്ടാണ് അധിക മിശ്രവിവാഹങ്ങളും പൊട്ടിപ്പോകുന്നത്.
എന്നാൽ ഇസ്ലാം അത്ര ചെറുതായല്ല പൊരുത്തത്തെ കാണുന്നത്. കണ്ണിനു മാത്രം പൊരുത്തം പോരാ, ഖൽബിനും വേണം പൊരുത്തം. അതായത് രണ്ടു പേർക്കും ഒന്നിച്ച് ഒരുപാട് കാലം സസന്തോഷം ജീവിക്കണം. ഇടയിൽ ഒന്നിന്റെ പേരിലും അവർക്കിടയിൽ അനൈക്യം ഉണ്ടാവരുത്. അതുകൊണ്ട് അതിനുള്ള കരുതൽ എന്ന നിലക്ക് ഇസ്ലാമിൽ മനപ്പൊരുത്തം പ്രധാന പരിഗണനയിൽ ഉണ്ട്. മനപ്പൊരുത്തത്തിന്റെ ഒരു മേഖലയാണ് മതപ്പൊരുത്തവും. കാരണം അതു വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസം എന്ന് പറയുന്നത് മനസ്സിന്റെ നിലപാടാണ്. ഏതു വിശ്വാസിയാണെങ്കിലും നിരീശ്വരവാദിയാണെങ്കിൽ പോലും അവൻ ആ വിശ്വാസത്തിലേക്ക് എത്തുന്നതും അതിൽ നിലനിൽക്കുന്നതും മനസ്സിന്റെ ചിന്താഗതിയെ ആശ്രയിച്ചാണ്. ചിന്തകളെ അടുക്കി വെക്കുമ്പോഴാണ് ചിന്താഗതി രൂപപ്പെടുന്നത്. ഇവരോരോരുത്തരും അവരുടെ വിശ്വാസത്തിലേക്ക് എത്തുന്നത് ഓരോ രൂപത്തിലാണ്. ആയതുകൊണ്ട് വിവിധ മതക്കാർ തമ്മിൽ മനോനിലയിലും ചിന്താ സമീപന രീതിയിലുമൊന്നും ഏകതയോ തുല്യതയോ ഉണ്ടാവില്ല. അതേ സമയം ഒരേ മതവാശ്വാസികൾ തമ്മിൽ മനോനിലയിൽ സാമ്യവും തുല്യതയുമൊക്കെയുണ്ടാവുകയും ചെയ്യും. അതിനാൽ ഒരേ വിശ്വാസം ഉള്ളവർ അതേ വിശ്വാസം ഉള്ളവരെ തന്നെ വിവാഹം ചെയ്തില്ലെങ്കിൽ ആദ്യം അതു പ്രശ്നമായില്ലെങ്കിലും ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ കടക്കുമ്പോഴും അവിടെയും ഇവിടെയും മുട്ടിയും തട്ടിയും അതൊരു നിരന്തര തലവേദനയായി മാറും. മതം എന്നത് മനസ്സിലും ജീവിതത്തിലും അത്രക്കുമേൽ അളളിപ്പിടിച്ചു നിൽക്കുന്ന ഒന്നാണ്.
മതം ഒരു വലിയ സാമൂഹ്യ സ്വത്വമായി നിലനിൽക്കുന്ന സമൂഹത്തിൽ ഓരോ മതക്കാരും അതേ മതക്കാരിൽ നിന്ന് പൊരുത്തമുള്ളവരെ വിവാഹം കഴിക്കുകയും മതം വേണ്ടാത്തവർ അത്തരക്കാരിൽ തന്നെ ഇണയെയും തുണയെയും കണ്ടെത്തുകയും ചെയ്യുക എന്നതാണ് ബുദ്ധിക്കും യുക്തിക്കും ശരി എന്നു ചുരുക്കം. സ്വന്തം ജീവിതത്തെ സാമൂഹ്യ ഒഴുക്കുകൾക്കെതിരെയുള്ള വിപ്ലവമായി കരുതുന്നവരും വിവാഹത്തെ ലൈംഗിക ശമനം മാത്രമായി നിർവ്വചിക്കുന്നവരും രാഷ്ട്രീയ അജണ്ടകൾക്ക് ചാവേറാകുന്നവരും അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ എന്നു തൽക്കാലം വെക്കാം. അനുഭവങ്ങളിൽ കാലിടറി വീണ് പൊട്ടിയ താലിയിലേക്ക് നോക്കി നിൽക്കുമ്പോൾ അവർ ഈ പറഞ്ഞതൊക്കെ തീർച്ചയായും സമ്മതിച്ചുകൊള്ളും.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso