Thoughts & Arts
Image

ഹിജാബ്: സംഗതിയും സാംഗത്യവും

16-12-2023

Web Design

15 Comments





പ്രബന്ധം:
മുഹമ്മദ് ടി എച്ച് ദാരിമി
ഇരിറ്റാഖ് കൊളോക്കിയം 17, ഡിസംബർ 2023



സ്ത്രീകൾക്കുമേൽ ഇസ്ലാം ഏർപ്പെടുത്തിയ ശാരീരികമായ നിയന്ത്രണങ്ങളോട് ഭൗതികലോകം ശക്തമായ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇസ്ലാം സ്ത്രീയെ അവരുടെ സ്വാതന്ത്ര്യങ്ങൾ എല്ലാം ഹനിച്ചുകൊണ്ട് ഒരു കറുത്ത കൂട്ടിനുള്ളിൽ ആക്കി എന്ന് അവർ പരിഹസിക്കുന്നു. അവർക്ക് ഇത് ഇസ്ലാമിനെതിരെയുള്ള ഒരു ഗൂഢമായ ലക്ഷ്യമാണ്. അതേസമയം എന്തുകൊണ്ട് ഇസ്ലാം ഇങ്ങനെ പറയുന്നു എന്നത് പരിശോധിക്കുവാനോ പഠിക്കുവാനോ ഭൗതിക ലോകം പ്രത്യേകിച്ചും ഇസ്ലാമിക വിരുദ്ധർ ശ്രമിക്കുന്നില്ല. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ട ഇസ്ലാമിക പ്രബോധക പ്രവർത്തകരിൽ വലിയൊരു പങ്കാവട്ടെ വാശിയുടെ പിൻബലത്തോടെ മത പ്രമാണങ്ങൾ വായിച്ച് അവതരിപ്പിക്കുവാനും അവ അങ്ങനെ തന്നെ വാദിച്ച് സമർഥിക്കുവാനും ആണ് ശ്രമിക്കുന്നത്. അതിനാൽ ഈ രണ്ട് ഭാഗങ്ങളും മുഖത്തോട് മുഖം നോക്കിയുള്ള ഒരു ബലപ്രയോഗമായി നിലനിൽക്കുകയാണ് സ്ത്രീ എന്ന ഈ വിഷയം. ഇത് സത്യത്തിൽ ആരോഗ്യകരമല്ല. ഈ വിഷയത്തോടുള്ള ശരിയായതും ആരോഗ്യപരവുമായ സമീപനം സ്ത്രീയും പുരുഷനും തമ്മിലുള്ള ജനിതകമായ വ്യത്യാസങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത്. ആ അന്വേഷണം മാനസികവും ശാസ്ത്രീയവും ജീവശാസ്ത്രപരവുമായ മാനദണ്ഡങ്ങളിലൂടെ കയറി ഇറങ്ങി അന്തിമ ഫലത്തിലേക്ക് എത്തിച്ചേരുമ്പോൾ ഇസ്ലാമിന്റെ നിലപാട് ശരിയാണ് എന്ന് ആരും സമ്മതിക്കും. അതിനാൽ നമ്മൾ ഇപ്പോൾ തുടങ്ങിവെക്കുന്ന ഈ സംസാരം ആ ഒരു ക്രമത്തിലാണ് പുരോഗമിക്കണമെന്ന് നാം ആഗ്രഹിക്കുന്നത്.



വിശാലമായ മനുഷ്യൻ എന്ന ജീവ കുടുംബത്തിൽ ചിലരെ ബാഹ്യമായ ചില അവയവങ്ങൾ കൊണ്ടും അടയാളങ്ങൾ കൊണ്ടു ആണും പെണ്ണുമായി വേർതിരിച്ചിരിക്കുക മാത്രമല്ല. മറിച്ച്, അവർ രണ്ടുപേർക്കും ഇടയിൽ ശാരീരികമായ, മാനസികമായ അന്തരങ്ങൾ ഒരുപാടുണ്ട്. അങ്ങനെയുള്ള അന്തരങ്ങൾ ഉണ്ടായത് ഉണ്ടാകുന്നത് അവർ രണ്ടുപേരുടെയും ജീവിത ദൗത്യം രണ്ടായതുകൊണ്ടാണ്. മനുഷ്യകുലത്തിൽ അവർ രണ്ടുപേർക്കും വഹിക്കാനുള്ള ഉത്തരവാദിത്വങ്ങൾ രണ്ടാണ്. ആയതിനാൽ ഓരോരുത്തർക്കും അവരവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സഹായകമാകുന്ന ശാരീരികവും മാനസികവുമായ സവിശേഷതകളാണ് ഉള്ളത്. ഈ വ്യതിരിക്തതകളെ നമുക്ക് രണ്ടായി തരം തിരിക്കാം. ഒന്ന് ബാഹ്യമായവ രണ്ട് ആന്തരികമായവ.



ബാഹ്യമായി ആണും പെണ്ണും തമ്മിൽ ശക്തമായ വ്യത്യാസങ്ങൾ ഉണ്ട്. ഈ വ്യത്യാസങ്ങളെ കുറിച്ചുള്ള ആലോചന നമുക്ക് തൊലിപ്പുറത്ത് നിന്നു തന്നെ തുടങ്ങാം. പുരുഷന്റെ ശരീരം താരതമ്യേന ബലിഷ്ടവും പരുക്കനമാണ്. കാരണം കുടുംബത്തെ നോക്കുക, അദ്ധ്വാനിക്കുക, പ്രപഞ്ചത്തെ പരിചരിക്കുക തുടങ്ങിയ അവന്റെ ജീവിത ദൗത്യങ്ങൾക്ക് അത്തരം ശരീര ഘടനയാണ് വേണ്ടത്. അതേസമയം സ്ത്രീയുടേത് ലോലവും മൃദുവുമാണ്. അവളുടെ ജീവിത സാഹചര്യങ്ങൾക്കും പരിസരങ്ങൾക്കും ദൗത്യങ്ങൾക്കും അതാണ് വേണ്ടത്. സ്ത്രീകളുടെ മൃദുവായ ചർമ്മത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഏകദേശം 25 ശതമാനം പ്രോട്ടീൻ കൊളാജന്റെ ഉയർന്ന സാന്ദ്രതയും പുരുഷന്മാരിൽ ഉണ്ട്. അതുപോലെ തണുത്ത താപനിലയോട് പുരുഷന്മാർക്ക് സെൻസിറ്റീവ് കുറവായതിനാൽ അവർക്ക് സ്ത്രീകളെക്കാൾ കൂടുതൽ തണുപ്പ് സഹിക്കാനും കഴിയുന്നതാണ്. ഇനി അവരുടെ ശബ്ദത്തിലേക്ക് നോക്കൂ. ഈ വ്യത്യാസം അവിടെയും കാണാം. സ്ത്രീയുടേത് വളരെ മൃദുലവും ലോലവുമായ സ്വരമാണ്. അവൾക്ക് അധികവും പ്രണയാർദ്രമായി സംസാരിക്കുകയും താലോലിക്കുകയും സ്നേഹം പങ്കുവെക്കുകയും എല്ലാമാണ് ചെയ്യേണ്ടി വരിക. അതിനെല്ലാം അത്തരം ശബ്ദമാണ് ഏറ്റവും നല്ലത്. അതേസമയം കനം കൂടിയതും പരുഷവുമാണ് പുരുഷന്റെ ശബ്ദം. സംസാരിക്കാൻ സാധാരണ സംസാരത്തിന് മാത്രമല്ല അവന് ചിലപ്പോൾ ചെയ്യേണ്ടിവരുന്ന ഉറക്കെ പറച്ചിൽ, ശാസന, ആജ്ഞ, തുടങ്ങിയവക്കെല്ലാം അത് ഫലപ്പെടണം എങ്കിൽ അത്തരം ശബ്ദം തന്നെ വേണം. രണ്ടു പേരുടെയും ശബ്ദ സംവിധാനം വ്യത്യസ്തമായിട്ടാണ് പ്രവർത്തിക്കുന്നത്. പുരുഷൻമാർ ചുറ്റുപാടിൽ നിന്നുള്ള പല ശബ്ദങ്ങളും കേൾക്കുമെങ്കിലും അവയിൽ അപ്രധാന്യമായവയെ അവഗണിക്കുന്നു. സ്ത്രീകൾ പക്ഷെ, കേൾക്കുന്നതിലേക്കെല്ലാം ചെവിയും ചിന്തയും കൊടുക്കുന്നു.



പുരുഷന് സ്ത്രീയേക്കാള്‍ ചില കാര്യങ്ങളില്‍ കരുത്ത് കൂടുതലാണ്. കായിക ബലം, ധൈര്യം, ഉയര്‍ന്ന ചിന്താശേഷി, ആവിഷ്കാര- ആസൂത്രണ ശേഷി തുടങ്ങി പലതിലും പുരുഷന്‍ മുമ്പിലാണ്. ഇതുകൊണ്ടാണ് സ്ത്രീയെ പുരുഷനൊപ്പമെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന ഈ കാലത്തും കായിക മത്സരങ്ങളിലൊന്നും സ്ത്രീയും പുരുഷനും പരസ്പരം ഏറ്റുമുട്ടാതിരിക്കുന്നത്. ഓട്ടം, ചാട്ടം, ഫുട്‌ബോള്‍ തുടങ്ങി കബഡി, ഗുസ്തി, ക്രിക്കറ്റില്‍ വരെ സ്ത്രീയും സ്ത്രീയും തമ്മിലാണ് മത്സരം. സ്‌കൂള്‍തലത്തില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് മത്സരം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ വരെ ഈ വിവേചനം കാണുന്നുണ്ട്. പല കാര്യത്തിലും സ്ത്രീ പുരുഷനെ അപേക്ഷിച്ച് ദുര്‍ബലയാണെന്ന സത്യം എല്ലാവരും അംഗീകരിക്കുന്നുവെന്നര്‍ഥം. എന്നാല്‍ ചില കാര്യങ്ങളില്‍ പുരുഷന്റെ മുമ്പിലാണ് സ്ത്രീകള്‍. സ്‌നേഹം, കാരുണ്യം, ആര്‍ദ്രത, ദയ, സഹനം തുടങ്ങിയ നന്മകള്‍ സ്ത്രീകള്‍ക്ക് ലഭിച്ചയത്ര പുരുഷന്മാര്‍ക്ക് കിട്ടിയിട്ടില്ല. നിലവിലെ പ്രകൃതിയനുസരിച്ച് പത്ത് മാസം ഗര്‍ഭം ചുമന്ന് പ്രസവിച്ച് മുലയൂട്ടി ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കാനുള്ള ക്ഷമയും സഹന ശേഷിയും പുരുഷനില്ല. സ്ത്രീകളുടെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങിയാണ് കുട്ടികളും രോഗികളും വൃദ്ധരുമെല്ലാം ഇവിടെ ജീവിച്ചുപോകുന്നത്.



ബാഹ്യമായ വ്യത്യാസങ്ങൾ നമ്മെ ചില കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. അതായത് ബാഹ്യമായ വ്യത്യാസത്തിനനുസരിച്ച് ആന്തരിക ഘടനയിലും വ്യത്യാസം ഉണ്ടായിരിക്കുന്നതാണ് എന്നത് അവയിൽ ഒന്നാണ്. ഒരു മനുഷ്യൻെറ ആണാണെങ്കിലും പെണ്ണാണെങ്കിലും ഉള്ള രണ്ട് വളർച്ച ഘട്ടങ്ങളെ പരിശോധിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കുട്ടികളായിരിക്കുമ്പോൾ അവൻ്റെ ബാഹ്യ ശരീരം ചെറുതാണ്. ആ ചെറുപ്പം അവൻ്റെ ആന്തരിക ഘടനയിലും ഘടകങ്ങളിലും എല്ലാം ഉണ്ടായിരിക്കും. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്, സ്ത്രീയും പുരുഷനും ബാഹ്യമായ അന്തരം പാലിക്കുമ്പോൾ അവർ തമ്മിൽ അതിനേക്കാൾ അധികം അന്തരം ആന്തരികമായി ഉണ്ട് എന്നാണ്. ശാസ്ത്രം വികാസം പ്രാപിച്ചു കഴിഞ്ഞതിനാൽ അതെല്ലാം കൃത്യമായ അളവിൽ മനസ്സിലാക്കുവാൻ ആധുനിക മനുഷ്യന് കഴിഞ്ഞിട്ടുമുണ്ട്.



സ്ത്രീയും പുരുഷനും തമ്മിൽ രൂപത്തിലും ഭാവത്തിലും മാത്രമല്ല ആരോഗ്യപരമായും ധാരാളം വ്യത്യാസങ്ങളുണ്ട്. ദ ക്വാർട്ടർലി ജേർണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് പ്രകാരം നിരവധി കാര്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യസ്തരാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യത്യസ്ത മസ്തിഷ്ക ഘടനകൾ പല വ്യത്യസ്തതകൾക്കും കാരണമാകുന്നുണ്ടെന്നാണ് അനുമാനം. പുരുഷന്മാരേക്കാൾ കൂടുതൽ ഓർമശക്തി ഉള്ളത് സ്ത്രീകൾക്കാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഓർമ്മയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസ് പുരുഷന്മാരിൽ സ്ത്രീകളേക്കാൾ വേഗത്തിൽ വലിപ്പം കുറയാൻ തുടങ്ങുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ഭാഗമെന്നോണം സ്ത്രീകൾക്ക് കാര്യങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ കൂടുതൽ കഴിവുണ്ട്. ഒരു യാത്രയിൽ പുരുഷന്മാർ ദൂരവും വഴിയും ഓർത്തു വയ്ക്കുമ്പോൾ സ്ത്രീകൾക്ക് അടയാളങ്ങൾ അഥവാ ലാൻഡ്‌മാർക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്.



കഴിക്കേണ്ട ഭക്ഷണത്തിന്റെയും പോഷകങ്ങളുടെയും കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ ഊർജം ആവശ്യമാണ്. ഇതിന് കാരണം പുരുഷന്മാരുടെ പേശി പിണ്ഡം, ഉയരം, മെറ്റബോളിക് നിരക്ക് എന്നിവ മൂലം പേശികൾ കൊഴുപ്പിന്റെ ഇരട്ടിയിലധികം ഊർജം ദിവസവും ഉപയോഗിക്കുന്നതാണ്. അതിനാൽ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ആവശ്യമാണ്. ശരീരത്തിലെ അസ്ഥികളുടെയും പേശികളുടെയും കാര്യത്തിലും വ്യത്യസ്തതയുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഇടതൂർന്നതും ശക്തവുമായ അസ്ഥികളാണുള്ളത്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ പേശികളുമുണ്ട്. ശരീരത്തിൽ സംഭരിക്കപ്പെടുന്ന കൊഴുപ്പിന്റെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യസ്തതയുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ കൂടുതലുള്ള കൊഴുപ്പ് അവരുടെ ഇടുപ്പിലും തുടയിലുമായിരിക്കും സംഭരിക്കപ്പെടുന്നത്. പുരുഷന്മാർക്കാണെങ്കിൽ വയറിന് ചുറ്റുമാണ് സാധാരണയായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത്.



തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്. അതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേദന സഹിക്കാൻ കഴിയുന്നു. സ്ത്രീകൾ കൂടുതൽ വേദന സഹിക്കുകയും പുരുഷന്മാർക്ക് അതിനുള്ള കഴിവ് കുറവുമാണ്. അതുകൊണ്ട് വേദനയും പ്രതിഷേധവും ഉളവാക്കുന്ന സാഹചര്യങ്ങളിൽ പുരുഷന്മാർ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു. അതേസമയം ആ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ കടിച്ചൊതുക്കുവാൻ സ്ത്രീകൾക്ക് ഒരളവോളം കഴിയും. ഇത്തരം മാനസികമായ ഒരുപാട് വ്യത്യാസങ്ങൾ ആണിനും പെണ്ണിനും ഇടയിൽ ഉണ്ട്. ഇതിനെ ശാസ്ത്രം വ്യാഖ്യാനിക്കുന്നത് ഹോർമോണുകളിലുള്ള വ്യത്യാസമായിട്ടാണ്. സമ്മർദ്ദ സമയത്തു സ്ത്രീകളിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഉണ്ടാകുന്നു. എന്നാൽ പുരുഷനിൽ ഈസ്ട്രജൻ ടെസ്‌റ്റോസ്റ്റെറോൺ എന്ന രാസവസ്തുവുമായി കൂടിച്ചേരുന്നു. ഈ ടെസ്‌റ്റോസ്റ്റെറോൺ പുരുഷ വൈകാരികതയെ അക്രമ സ്വഭാവത്തിലേക്ക് ഉയർത്തുന്നു. അങ്ങനെ പുരുഷൻ ആക്രമണ സ്വഭാവം കാണിക്കുന്നു. ഓരോ വിഷയങ്ങളേയും സ്ത്രീ വൈകാരികമായി സമീപിക്കുമ്പോൾ പുരുഷൻ വസ്തുതാപരമായി സമീപിക്കുന്നു.



പുരുഷനും സ്ത്രീക്കും ഇടയിലുള്ള വൈജാധ്യങ്ങളുടെ ചാലക ശക്തിയായി പ്രവർത്തിക്കുന്നത് ഹോർമോണുകളാണ്.
അവയവങ്ങളുടെ ധർമ്മവും ആരോഗ്യവും നിയന്ത്രിക്കുന്നതിനായി മസ്തിഷ്‌കത്തിൽ നിന്നും അവയ്ക്കുള്ള സന്ദേശങ്ങൾ വഹിച്ചുകൊണ്ടു പോകുന്ന രാസപദാർത്ഥങ്ങളാണ് ഹോർമോണുകൾ (Hormones). വ്യത്യസ്ത അവയവങ്ങളുടെ കോശങ്ങൾ പ്രവർത്തിക്കേണ്ടതായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള ശരീരത്തിന്‍റെ സംവിധാനങ്ങളാണ് അവ. അടിസ്ഥാനപരമായ മനുഷ്യശരീര പ്രവർത്തനങ്ങളും (ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവ), സങ്കീർണ്ണങ്ങളായ പ്രവർത്തനങ്ങളും (ലൈംഗിക ആഗ്രഹവും പുനരുത്പാദനവും), കൂടാതെ നമ്മുടെ വികാരങ്ങളും മനോഭാവങ്ങളും നിയന്ത്രിക്കുന്നത് ഹോര്‍മോണുകള്‍ (Hormones) ആണ്. ശരീരത്തിൻെറ വിവിധ വൈകാരിക ക്ഷമതകൾ സംരക്ഷിക്കുന്നത് ഹോർമോണുകളാണ്. നാം പറഞ്ഞു വരുന്ന വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യനിൽ ഉള്ള ഹോർമോണുകൾ പ്രധാനമായും മൂന്നാണ്. ആൻഡ്രോജൻ, ഈസ്ട്രജൻ, പ്രോജസ്റ്റോജൻ എന്നിവയാണ് സെക്സ് സ്റ്റിറോയിഡുകൾ അഥവാ സെക്സ് ഹോർമോണുകൾ. ഇവയിൽ സ്‌ത്രീകളില്‍ അണ്ഡാശയം ഉല്‍പാദിപ്പിക്കുന്ന രണ്ടു ഹോര്‍മോണുകളാണ് ഈസ്‌ട്രജനും പ്രൊജസ്റ്ററോണും. അതുപോലെ തന്നെ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണും, ചെറിയതോതില്‍ സ്‌ത്രീകളില്‍ കണ്ടുവരുന്നുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളില്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ കുറവായിരിക്കും. ആൻഡ്രോജൻ (പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ) പുരുഷ ലൈംഗിക ഹോർമോണുകളും ഈസ്ട്രജനും പ്രൊജസ്റ്ററോണും സ്ത്രീ ലൈംഗിക ഹോർമോണുകളുമാണ്. ഈ ഹോർമോണുകളെല്ലാം രാസപരമായി സ്റ്റിറോയിഡ് ആണ്. കൊളസ്‌ട്രോളിൽ നിന്ന് രൂപപ്പെടുന്ന ലിപിഡുകളാണ് സ്റ്റിറോയിഡുകൾ.



ഈ ഹോർമോണുകളിൽ ഉള്ള അനുപാതം സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതയെ നേരിട്ട് ബാധിക്കുന്നു. ഉദാഹരണമായി സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ രണ്ടുപേരുടെ ശരീരവും ഓക്‌സിടോസിൻ പുറപ്പെടുവിക്കുന്നു. ലൈംഗിക പങ്കാളിയിൽ നിന്ന് ആവേശഭരിതരാകുമ്പോഴും പ്രണയത്തിലാകുമ്പോഴും നമ്മുടെ ശരീരവും ഓക്സിടോസിൻ ഉത്പാദിപ്പിക്കുന്നു. മുലപ്പാൽ വമിപ്പിക്കുവാനും പ്രസവസമയത്ത് സങ്കോചം ഉറപ്പുവരുത്തുവാനും ഉദ്ധാരണ ശക്തി ഉണ്ടാക്കുവാനും ലൈംഗിക ഉത്തേജനം പകരുവാനും എല്ലാം സഹായകമാകുന്ന ഒരു ഹോർമോണാണിത്. ഇതിന് "ലവ് ഹോർമോൺ" എന്ന വിളിപ്പേരുമുണ്ട്. എന്നാൽ ഇതിന്റെ പ്രതിഫലനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണ്. സ്ത്രീകളിൽ ഓക്‌സിടോസിൻ ഒരു ആലിംഗനത്തിനുള്ള ആഗ്രഹമോ, കെട്ടിപ്പിടിത്തത്തിനുള്ള താല്പര്യമോ ഉണ്ടാക്കുന്നു. എന്നാൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഓക്സിറ്റോസിന്റെ എഫെക്റ്റിനു തടസ്സം ഉണ്ടാക്കുകയും പുകവലിക്കാനോ, കുടിക്കാനോ, എന്തെങ്കിലും കഴിക്കാനോ ഉള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യും. അതുകൂടാതെ രതിമൂർച്ഛയ്ക്ക് ശേഷമുള്ള ക്ഷീണം പുരുഷനെ ഉറങ്ങാൻ പ്രേരിപ്പിക്കുമ്പോൾ സ്ത്രീ മറ്റൊരു രതിക്കായി ഒരുങ്ങിയിട്ടുണ്ടാകും. പുരുഷന് ഇതിനായി കുറച്ചുകൂടി സമയം വേണ്ടി വരും. ഇത്തരത്തിൽ ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. അതിന് കാരണമാകുന്നത് ഓക്സിടോസിനിൽ കലരുന്ന ടെസ്റ്റോസ്റ്റിറോൺ എഫക്റ്റിന്റെ അനുപാതമാണ്.



ചുരുക്കത്തിൽ സ്ത്രീക്കും പുരുഷനും ഇടയിൽ ശാരീരികവും മാനസികവും വൈകാരികവുമായ വ്യത്യാസങ്ങൾ ഉണ്ട്. ആ വ്യത്യാസങ്ങളിൽ കൂടുതൽ സാന്ദ്രവും ലോലവും മൃദുലവും വൈകാരികവും ആയത് സ്ത്രീയുടെതിനാണ്. സ്ത്രീയിൽ അടങ്ങിയിരിക്കുന്ന ആ പ്രത്യേകതകൾക്ക് കാരണമായി ശാസ്ത്രം പറയുന്നത് അവളിൽ പ്രകൃത്യാ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഹോർമോണുകളാണ്. ഈ സവിശേഷത രണ്ടു ഭാഗത്തെയും ഒരേപോലെ സ്വാധീനിക്കുന്നു. സ്നേഹവും കരുതലും കൂടുതൽ ആഗ്രഹിക്കുന്ന പ്രകൃതമാണ് സ്ത്രീയുടേത്. അതുകൊണ്ട് അവൾക്ക് ഒരുതരം വിധേയത്വ സ്വഭാവമാണ് ഉള്ളത്. അതേസമയം ആധിപത്യ സ്വഭാവമുള്ള പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ മനസ്സിനും കണ്ണിനും സ്ത്രീയോട് ഒരു പ്രത്യേകമായ ആകർഷണം പ്രകൃത്യാ ഉണ്ട്. അങ്ങനെ രണ്ടുപേരും ഒരേ ലക്ഷ്യത്തിലേക്ക് മാനസികമായി സഞ്ചരിക്കുമ്പോഴാണ് ലൈംഗികത എന്ന ആശയം ഉണ്ടാകുന്നത്. ഈ ലൈംഗികത മനുഷ്യന് അനിവാര്യമാണ്. കാരണം, അതിലാണ് അവൻ്റെ പ്രത്യുൽപാദനം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ലൈംഗികത ഇല്ലാതെ ഒരു കുഞ്ഞിനെയെങ്കിലും ജനിപ്പിക്കുവാൻ ശാസ്ത്രത്തിനോ സാങ്കേതികതക്കോ പോലും കഴിയില്ല എന്നത് അവിതർക്കിതമാണ്. അതിനാൽ ലൈംഗികത മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനവും ആധാരവും ആണ്.



ലൈംഗികത ഉണ്ടാകണമെന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട് അതിനുവേണ്ട മുൻകൈ എടുക്കേണ്ടത് ആരാണ് എന്നത് നിശ്ചയിക്കേണ്ടിവരും. ആണും പെണ്ണും എല്ലാ അർത്ഥത്തിലും ഒരേ പോലെയാണ് എങ്കിൽ അങ്ങനെ ഒന്ന് നിശ്ചയിക്കേണ്ടതായി വരില്ല. പക്ഷേ അവർ രണ്ടുപേരും ഒരേ അർത്ഥത്തിലുള്ളവരല്ല എന്നത് നേരത്തെ പറഞ്ഞ അടിസ്ഥാനങ്ങളാൽ സ്ഥാപിക്കപ്പെട്ട കാര്യമാണ്. അങ്ങനെ വരുമ്പോൾ ലൈംഗിക ചോദന ഉത്ഭവിക്കേണ്ട വ്യക്തി കൂട്ടത്തിൽ ആധിപത്യ സ്വഭാവം പുലർത്തുന്ന ആൾ തന്നെയായിരിക്കേണ്ടതുണ്ട്. കാരണം ആധിപത്യ സ്വഭാവം നിക്ഷിപ്തമായ വ്യക്തിയിൽ നിന്നുള്ള തുടക്കം ഉണ്ടാകുമ്പോഴാണ് വിധേയത്ത സ്വഭാവമുള്ള വ്യക്തിയിൽ ലൈംഗികത്വര ഉണരുക. അതിനാൽ പുരുഷനിലാണ് ഈ തുടക്കം നിക്ഷിപ്തമായിരിക്കുന്നത്. സ്ത്രീയോടുള്ള അവളുടെ അവൻ്റെ ഈ താല്പര്യത്തെയാണ് കാമം എന്ന് പറയുന്നത്. ഈ കാമം എന്ന പ്രോത്സാഹനമാണ് ലൈംഗികതയുടെ അടിസ്ഥാനം.



പുരുഷനില്‍ കാമം ഉണര്‍ത്തുന്നതിലും ഉത്തേജിപ്പിക്കുന്നതിലും സ്ത്രീയുടെ ശാരീരിക പ്രത്യേകതകൾ, സ്വഭാവ സവിശേഷതകൾ, നാണം, നോട്ടം തുടങ്ങിയവർക്കെല്ലാം പങ്കുണ്ട്. ഇത്തരം പ്രത്യേകതകൾ എല്ലാം അവൾക്ക് പ്രകൃത്യാ ലഭിച്ചത് തന്നെ പുരുഷനെ ലൈംഗികതയ്ക്ക് വേണ്ടി മുൻകൈ എടുക്കുവാൻ പ്രേരിപ്പിക്കുവാൻ വേണ്ടിയാണ്. ഉദാഹരണമായി അവളുടെ നാണം എടുക്കാം. നാണം ഒരിക്കലും സ്ത്രീകളുടെ അഭിനയമാണെന്ന് കരുതരെന്ന് വിദഗ്ദർ പറയുന്നു. സ്ത്രീപുരുഷബന്ധത്തെ ദൃഢമാക്കാന്‍ നാണത്തിനുള്ള കഴിവ് വളരെ വലുതാണ്. ഒരു സ്ത്രീയുടെ നാണത്തെ കീഴടക്കാന്‍ പൊരുതുന്ന പുരുഷനേയായിരിക്കും പലപ്പോഴും കിടപ്പറയിൽ കാണാൻ കഴിയുക. അത് സ്ത്രീകളെ എത്രത്തോളം സുഖിപ്പിക്കും എന്ന് പറയേണ്ടതിലല്ലോ. ചുരുക്കത്തിൽ ലൈംഗികത എന്നത് മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ് എന്നും അത് ഉണ്ടാകണമെങ്കിൽ പങ്കാളികൾ രണ്ടുപേർക്കും ഇടയിൽ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങൾ ഉള്ള കാരണത്താൽ ആരാണ് മുൻകൈ എടുക്കേണ്ടത് എന്നത് നിശ്ചയിക്കപ്പെടേണ്ടതുണ്ട് എന്നും അങ്ങനെ വരുമ്പോൾ അത് ആധിപത്യ സ്വഭാവം പുലർത്തുന്ന പുരുഷനാണ് എന്നും പുരുഷനെ അതിനുവേണ്ടി പ്രേരിപ്പിക്കുവാൻ വേണ്ടിയാണ് ശാരീരികവും മാനസികവും ജൈവികവുമായ ചോദനകൾ അവളിൽ നിക്ഷിപ്തമായിരിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാം.



സ്ത്രീ പുരുഷന്മാർ തമ്മിലുള്ള വ്യത്യാസത്തിൽ നിന്നും ലൈംഗികതയിലേക്കും അതിൽ നിന്ന് പ്രത്യുൽപാദന സംവിധാനത്തിന്റെ അനിവാര്യതയിലേക്കും അതിനുവേണ്ട പ്രചോദനമായ കാമത്തിലേക്കും എത്തിയ നമ്മൾ ഇനി കാമം, വികാരം എന്നിവയുടെ അർത്ഥ പരിസരത്തിലേക്കാണ് കടക്കുന്നത്. കാമം വികാരം എന്നിവയെല്ലാം മനുഷ്യൻെറ ദേഹേച്ഛകളിൽ ഏറ്റവും വലുതാണ്. മനുഷ്യൻറെ താൽപര്യങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്ന് വിചാരമാണ് അത് ബുദ്ധിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. രണ്ടാമത്തേത് വികാരമാണ്. അത് മനുഷ്യൻെറ ഇച്ഛകളും താൽപര്യങ്ങളും അനിയന്ത്രിതമാകുമ്പോൾ ഉണ്ടാകുന്ന മാനസികമായ ഒരു പ്രതിപ്രവർത്തനമാണ്. മനുഷ്യൻെറ മനസ്സിനെ ഇങ്ങനെ രണ്ടു തലങ്ങൾ ഉണ്ടായത് അവൻ എന്തിനെ സമീപിക്കുമ്പോഴും ഇവ രണ്ടിനെയും സമ്മിശ്രമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അതിനെ നേരിടുവാൻ ആണ്. അതായത് വെറും വിചാരത്തിനോ വെറും വികാരത്തിനോ അവൻ അടിമപ്പെടാൻ പാടില്ല.



ഇപ്രകാരം തന്നെയായിരിക്കണം സ്ത്രീ എന്ന എതിർ ലിംഗത്തോടുള്ള പുരുഷന്റെ സമീപനവും പുരുഷന്‍ എന്ന എതിർലിംഗത്തോടുള്ള സ്ത്രീയുടെ സമീപനവും. അങ്ങനെ ഒരു സമീപനം ഉണ്ടാകുവാൻ സ്ത്രീ പുരുഷനിൽ നിന്ന് തൻ്റെ ആകർഷക ഘടകങ്ങൾ പരമാവധി മറച്ചു പിടിക്കണം. പുരുഷനാവട്ടെ അവനും ഇതിൽ ഉത്തരവാദിത്വമുണ്ട്. അവൻ പ്രകൃത്യാ ലോലയും വിവശയുമായ സ്ത്രീയുടെ മനസ്സിനെ തെറ്റായി സ്വാധീനിക്കാവുന്ന വിധത്തിൽ കൂടിക്കലരുകയോ സ്വന്തക്കാരില്ലാതെ ഒപ്പം കൊണ്ട് നടക്കുകയോ ഒന്നും ചെയ്യരുത്. രണ്ടു ഭാഗത്തുനിന്നും ഉള്ള ഈ ജാഗ്രത ഉണ്ടായില്ലെങ്കിൽ ഫലം ലൈംഗികതയുടെ വഴിതെറ്റൽ ആയിരിക്കും ഫലം. ലൈംഗികത വഴിതെറ്റിയാൽ ബന്ധങ്ങൾ തകരുകയും പ്രത്യുൽപന്നങ്ങളായ കുഞ്ഞുങ്ങൾ അനാഥരാവുകയും ചെയ്യും. ഇക്കാര്യത്തിലെ ഉത്തരവാദിത്വം രണ്ടുപേരുടെയും ആണെങ്കിലും കൂട്ടത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആകർഷിക്കപ്പെടുന്ന ആളാണ്. ആകർഷിക്കുന്നവൻ ആവട്ടെ ഇവിടെ ആധിപത്യ സ്വഭാവം ഉള്ളവനാണ്. അവൻ അത് ഉപയോഗിച്ച് എന്ത് തന്നിഷ്ടവും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അവനെ നിയന്ത്രിക്കുന്നതിലേറെ ആകർഷിക്കപ്പെടുന്ന ആളെയാണ് നിയന്ത്രിക്കേണ്ടത്. ഇവിടെ ആകർഷിക്കപ്പെടുന്നതും പിഴവ് പറ്റി പോയാൽ ഗുരുതരമായ വേദന അനുഭവിക്കേണ്ടി വരുന്നതും സ്ത്രീയാണ്. ആയതുകൊണ്ട് സ്ത്രീ ഈ ജാഗ്രതയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ തന്നെ ആയിരിക്കേണ്ടതാണ്. അവൾ ഈ അർത്ഥത്തിൽ ഇക്കാര്യത്തിൽ പുലർത്തുന്ന, പുലർത്തേണ്ട ജാഗ്രതയാണ് പരപുരുഷന്മാരെ ആകർഷിച്ചേക്കാവുന്ന തൻ്റെ ബാഹ്യമായ ശരീര ഭാഗങ്ങൾ, അംഗ വടിവുകൾ, ശബ്ദം എന്നിവ മറച്ചു പിടിക്കുക എന്നത്.



ഇങ്ങനെ സ്വയം മറച്ചുപിടിക്കുന്നതോടുകൂടി അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നത് ആധുനിക ഫെമിനിസം സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന ഒരു കളവ് മാത്രമാണ്. അത് ചിന്തിക്കുവാൻ പുരുഷന്മാരെ പോലെ ശരീരത്തിൻറെ പ്രധാന ഭാഗങ്ങൾ തുറന്നിട്ടും ഉച്ചത്തിൽ സംസാരിച്ചു അവരെപ്പോലെ സഞ്ചരിച്ചും ജീവിക്കുന്ന ഒരു സ്ത്രീക്ക് സമൂഹത്തിൽ ഉണ്ടാകുന്ന പേരും സ്ഥാനവും ആലോചിച്ചാൽ മാത്രം മതി. അവളെ സമൂഹം മറ്റൊരു പുരുഷൻ എന്ന അർത്ഥത്തിൽ മാത്രമേ കാണൂ മാത്രമല്ല അവളോട് മറ്റുള്ളവർക്ക് നിയമപരമോ അല്ലാത്തതോ ആയ ലൈംഗിക താൽപര്യം പോലും കുറഞ്ഞു പോകും. മറച്ചു പിടിക്കുമ്പോഴും ഒളിപ്പിച്ചു വെക്കുമ്പോഴും സംഗതിയുടെയും സാധനത്തിന്റെയും മൂല്യം വർദ്ധിക്കുകയാണ് ചെയ്യുക ബോക്സിങ് താരം മുഹമ്മദലി തൻറെ മകൾ ലെനയോട് അത് പറയുന്നത് ലെന എഴുതിയ അദ്ദേഹത്തിൻറെ ജീവചരിത്രത്തിൽ കാണാം അദ്ദേഹം പറഞ്ഞു: “മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യവസ്തുക്കളെല്ലാം ഓരോ മറയിലാണ്, നന്നായി സംരക്ഷിക്കപെട്ടിരിക്കുന്നു.. അവ നമുക്ക് കിട്ടുക എന്നത് വളരെ പ്രയാസമാണ്.! ‘വജ്രം’ നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍ ,ഖനികളില്‍ മറച്ചു വെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു! വിലകൂടിയ പവിഴങ്ങള്‍ എവിടെയാണ്? ആഴക്കടലുകളിലെ ചിപ്പികള്‍ക്കുള്ളില്‍ മറച്ചുവെച്ചിരിക്കുന്നു, അവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു! ഇനി ‘സ്വര്‍ണ്ണം’ നോക്കൂ..! ഭൂമിക്കടിയില്‍ ഖനികളുടെ ആഴങ്ങളില്‍..പാറയുടെ കനത്ത പാളികളാല്‍ മറച്ചുവെച്ചിരിക്കുന്നു..സംരക്ഷിക്കപ്പെട്ടിരിക്കുന്നു! അവയെ പുറത്തെടുക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ..



ഇതാണ് ഇസ്ലാം നിഷ്കർഷിക്കുന്ന ഹിജാബ് എന്ന ആശയത്തിന്റെ യുക്തിയും സാംഗത്യവും. ഇസ്ലാമിക കാഴ്ചപ്പാടിൽ സ്ത്രീ സമൂഹത്തിന്റെ അര്‍ധ ഭാഗമാണ്. ഭൂമിയില്‍ ഉണര്‍വും ഉന്മേഷവും ഉത്പാദിപ്പിക്കുന്നത് അവരാണ്. പുരുഷ കേന്ദ്രീകൃതമായ ലോകക്രമത്തെ സജീവമാക്കുന്നതും ഉന്മേഷപ്പെടുത്തുന്നതും ഒരർത്ഥത്തിൽ അവളാണ്. അവൾ ഉണ്ടാകുമ്പോഴാണ് ജീവിതത്തിന് പരമാവധി ആനന്ദവും സന്തോഷവും ഉണ്ടാകുന്നത്. സ്ത്രീയുടെ അഭാവത്തില്‍ മറ്റെന്ത് സൗകര്യങ്ങളുണ്ടായാലും ഒരു മൂകത തളംകെട്ടി നില്‍ക്കും. അതായിരുന്നു ഒറ്റക്ക് സ്വര്‍ഗത്തില്‍ താമസിച്ച ആദം നബി (അ) അനുഭവിച്ചത്. ഉമ്മയും ഭാര്യയും സഹോദരിമാരും പെണ്‍മക്കളുമില്ലാത്ത കുടുംബം തണുത്തുറഞ്ഞ് നില്‍ക്കും. ചുരുക്കത്തിൽ, ഈ ഭൂമിയെ ചൂടുപിടിപ്പിക്കുന്നത് സ്ത്രീയാണ്. അവളെയും ഒപ്പം അവനെയും എല്ലാവരും അടങ്ങുന്ന ധാർമികതയെയും സംരക്ഷിക്കാനുള്ള ഒരു മറയാണ് സത്യത്തിൽ ഹിജാബ്. ഹിജാബ് എന്ന പദത്തിനര്‍ഥം മറയെന്നാണ്. രാജ്യസുരക്ഷക്കായി അതിര്‍ത്തിയില്‍ വേലി കെട്ടിയും മതില്‍കെട്ടിയും നാം സുരക്ഷയൊരുക്കാറുണ്ട്. ഇതുപോലെ സ്ത്രീ സൗന്ദര്യത്തെ ചൂഷണം ചെയ്യുന്ന പുരുഷന്മാരുടെ കൈയേറ്റങ്ങള്‍ തടയാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സംരക്ഷണ മറയാണ് ഹിജാബ്. ഹിജാബ് എന്നത് തലയില്‍ തട്ടമിടല്‍ മാത്രമല്ല. സ്ത്രീ എന്ന ആകർഷക വികാരത്തെ കൃത്യമായ അളവിൽ നിയന്ത്രിക്കുകയും അവൾ അവളുടെ ശരീരത്തെ ആർക്ക് സമർപ്പിച്ചിരിക്കുന്നുവോ അയാൾക്കു മാത്രം അവളുടെ ശരീരത്തെയും ഭംഗിയെയും സ്ത്രൈണതയെയും ആസ്വദിക്കുവാൻ സമർപ്പിക്കുകയും അത് അർഹിക്കുന്നില്ലാത്ത ആരെയും അത് കാണിക്കാതിരിക്കുകയും ചെയ്യുക എന്നെല്ലാം ഉള്ള വലിയ അർത്ഥമാണ് ഹിജാബിന് ഇസ്ലാമിലുള്ളത്.



ഹിജാബ് എന്നത് അയത്ന ലളിതമായി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല. അത് നേരെ ചൊവ്വേ അതോ നേരെ ചൊവ്വേ പുരുഷാധിപത്യത്തെ നിയന്ത്രിക്കുകയാണ് അവരുടെ എന്നല്ല ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ ആകർഷണത്തിൽ നിന്ന് വിലക്കുകയാണ് അപ്പോൾ അതിനെതിരെ കാലത്ത് മാത്രമല്ല അക്കാലത്തും മുതൽ തന്നെ സമൂഹത്തിൻറെ ശക്തമായ പ്രതിരോധവും പ്രതികരണവും ഉണ്ടാകും എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ രണ്ടു മൂന്ന് ഘട്ടങ്ങളായാണ് ഖുര്‍ആന്‍ ഹിജാബ് നടപ്പാക്കിയത്. അതിലൊന്ന് സൂറത്തുല്‍ അഹ്‌സാബിലെ മുപ്പത്തിമൂന്നാം സൂക്തത്തിലെ കല്‍പ്പനയാണ്. “നിങ്ങള്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. അജ്ഞാനകാല സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയത് പോലെ നിങ്ങള്‍ ഇറങ്ങരുത്’. അനാവശ്യമായി സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് സുരക്ഷാ കാരണത്താല്‍ അല്ലാഹു വിലക്കുകയാണ്. സ്ത്രീപ്രകൃതി തേടുന്നതും വീട് കേന്ദ്രീകരിച്ച് പുതിയ തലമുറക്ക് അച്ചടക്കവും അറിവും നല്‍കി നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള സേവനമാണ്. അറിവ് പഠിക്കുക, ചികിത്സ തേടുക, അനിവാര്യഘട്ടത്തില്‍ തൊഴില്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകണം സ്ത്രീ പുറത്തിറങ്ങേണ്ടത്. അതുതന്നെ തന്റെ ഗ്രാമം വിട്ടുപോകുമ്പോള്‍ ഒരു മഹ്‌റമോ (വൈവാഹിക ബന്ധം നിഷിദ്ധമായവര്‍) ഒന്നിലധികം സ്ത്രീകളോ കൂടെ ഉണ്ടാകണമെന്ന നിയമവുമുണ്ട്. ഇതെല്ലാം സ്ത്രീകളുടെ സുരക്ഷയിലുള്ള ശ്രദ്ധയും കരുതലുമാണെന്ന് പറയേണ്ടതില്ലല്ലോ.



രണ്ടാമതായി ഹിജാബിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് പുറത്തുപോകുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചാണ്. “നബിയേ, വിശ്വാസികളായ സ്ത്രീകളോട് പറയുക, അവര്‍ തങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിക്കട്ടെ (അന്യപുരുഷനെ നോക്കി ആസ്വദിക്കരുത്). അവരുടെ ലൈംഗികാവയവങ്ങൾ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ ഭംഗിയില്‍ നിന്ന് വെളിവായ (വസ്ത്രഭംഗി)തല്ലാതെ അവര്‍ പുറത്തുകാണിക്കരുത്. അവരുടെ മുഖമക്കന മാറിലേക്ക് താഴ്ത്തിയിടുകയും ചെയ്യട്ടെ' (അന്നൂര്‍: 31) പുറത്തിറങ്ങുമ്പോള്‍ അന്യപുരുഷന്മാരെ കാണേണ്ടി വന്നാല്‍ കണ്ണ് നിയന്ത്രിക്കുകയും തന്റെ ശരീരം മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശനവസ്തു ആക്കാതിരിക്കുകയും ചെയ്യുകവഴി സ്ത്രീകളുടെ മാന്യത കാത്തുസൂക്ഷിക്കാനുള്ളതാണ് ഈ ഹിജാബ് നിയമം.





മൂന്നാമത്തെ മറ്റൊരു കല്‍പ്പന സുറത്തുല്‍ അഹ്‌സാബിലെ അൻപത്തിഒന്നാം സൂക്തത്തിലുള്ളതാണ്. അല്ലാഹു പറയുന്നു: “ഓ നബിയേ, അങ്ങയുടെ ഭാര്യമാരോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും അവിടുന്ന് പറയുക, അവരുടെ വസ്ത്രം മുഖത്തേക്ക് താഴ്ത്തിയിടട്ടെ. ഇത് അവരെ തിരിച്ചറിയാനും അതുവഴി പീഡിപ്പിക്കപ്പെടാതാരിക്കാനുമാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്". സ്ത്രീശരീരമാണ് ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്നത് എന്നത് ഒരു വസ്തുതയാണ്. തീപ്പെട്ടി മുതല്‍ കോടികള്‍ വിലപിടിപ്പുള്ള ഉത്പന്നങ്ങള്‍ വരെ വിറ്റഴിക്കണമെങ്കില്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന അവസ്ഥയാണ്. ഒരു വാർത്ത വായിക്കണമെങ്കിലും ഒരു പരിപാടിയിൽ അടുത്ത ആളെ ക്ഷണിക്കണമെങ്കിലും അവതരണങ്ങൾക്ക് മോഡി കൂടണമെങ്കിലും അതിന് അവൾ തന്നെ വേണം എന്ന അവസ്ഥയാണ്. അവളാണെങ്കിലോ തൻ്റെ ശരീരം ഇങ്ങനെ പ്രദർശനത്തിന് മാത്രമുള്ളതാണ് എന്ന ഒരു പുതിയ തിരിച്ചറിവിൽ എത്തിച്ചേർന്നത് പോലെയാണ് മനം വിട്ട് അഭിനയിക്കുന്നത്.



അവളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ലോകം ചെയ്യുന്ന കച്ചവടങ്ങൾക്ക് പുറമേ പുതിയ ലോകത്തെ ചില ധാർമികതയുടെ വിരോധികൾ അവളുടെ ചിന്തയിൽ കയറി അവളെ വഴി തെറ്റിക്കുകയും ചെയ്യുന്നുണ്ട്. നീയും അവനും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്, അവന് നിന്നെക്കാൾ ഒരു പ്രത്യേകതയുമില്ല, അവൻ അർഹിക്കുന്നതെല്ലാം നീയും അർഹിക്കുന്നുണ്ട്, ആയതുകൊണ്ട് അവന്റെ ഇടങ്ങളിലേക്ക് എല്ലാം നീയും ധൈര്യസമേതം കയറിച്ചെല്ലണം എന്ന് അവളോട് പറയുകയാണ്. ആഴത്തിൽ ചിന്തിക്കുവാനോ മനനം ചെയ്യുവാനോ കഴിയാത്ത അല്ലെങ്കിൽ അതിന് ശ്രമിക്കാത്ത പെൺകൊടിമാർ അത് ശരിയാണ് എന്ന് കരുതി എല്ലാ രംഗത്തേക്കും ഇരച്ചുകയറി കൊണ്ടിരിക്കുകയാണ്. ഇതും അവൾ നേരിടുന്ന ഒരു ചൂഷണമാണ്. ആ ചൂഷണത്തിന് അവൾ നൽകേണ്ടിവരുന്ന വില പക്ഷേ എല്ലാ ആട്ടവും പാട്ടും കഴിഞ്ഞ് വേദി പിരിയുമ്പോൾ മാത്രമേ അറിയൂ എന്ന് മാത്രം. അതിന്റെ ഫലമായി അവളിൽ നിന്ന് ആദ്യം എടുത്തെറിയപ്പെട്ടത് അവളുടെ അസ്തിത്വത്തിന്റെ പ്രധാന ചേരുവയായ ലജ്ജയും നാണവുമെല്ലാമാണ്. ഇക്കാലത്ത് നാണംകുണുങ്ങി പെണ്ണുങ്ങളെ കാണാനില്ല. തല കുനിച്ച് നിന്ന് കാല്‍നഖം കൊണ്ട് ചിത്രം വരയ്ക്കുന്ന സ്ത്രീകളുമില്ല. കടക്കണ്ണുകൊണ്ടുളള നോട്ടമോ, കാമ മോഹം വരുത്തുന്ന മധുവൂറും ചിരിയോ ഇന്നവര്‍ക്കില്ല. ഇതെല്ലാം പഴമൊഴികളായി മാറിക്കൊണ്ടിരിക്കുന്നു.



പത്തറുപത് വര്‍ഷം മുമ്പ് സ്ത്രീകള്‍ പുരുഷന്മാരെ വെല്ലുന്ന രീതിയിലാണ് ജീവിച്ചു പോന്നത്. മാറ് മറക്കാതെ ഒറ്റമുണ്ടുടുത്ത് അവര്‍ ഗ്രാമ വഴികളിലൂടെ സാകൂതം നടന്നു പോയിരുന്നു. ഒരു പുരുഷനും അവരെ തൊട്ടു കളിക്കാന്‍ അന്ന് ശ്രമിച്ചില്ല. വീട് ഭരണം സ്ത്രീകളുടെ കൈകളിലായിരുന്നു. കൃഷിയിടങ്ങളില്‍ തൊഴില്‍ ചെയ്തും, വിളവെടുത്തും അത് വേണ്ട വിധം നിയന്ത്രിച്ചും നടത്തിയിരുന്നത് സ്ത്രീകളായിരുന്നു. പക്ഷെ അന്നും അവര്‍ സൈത്രണതയുളള സ്ത്രീകളായുരുന്നു. ആ സ്ത്രൈണത ഇപ്പോൾ കുറഞ്ഞുവരികയാണ്. ശാസ്തീയമായി പരിശോധിച്ചാൽ സൈത്രണത കുറഞ്ഞു വരാന്‍ ചില കാര്യകാരണങ്ങളുണ്ട്. കുടുംബാസൂത്രണ മാര്‍ഗം അതിലൊന്നാണ്. പ്രസവിക്കാതിരിക്കാനുളള ശാസ്ത്രീയ രീതികള്‍ സ്ത്രീകള്‍ പ്രയോഗിച്ചപ്പോള്‍ ആ ചുമതലയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തപ്പെട്ടു. പ്രസവം സ്ത്രീകള്‍ക്ക് പ്രകൃത്യാ ലഭിച്ചിട്ടുളള ഒരു ശാരീരിക കഴിവായിരുന്നു. പുരുഷന്മാരുടെ ഇംഗിതത്തിനു വഴങ്ങി, അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മാത്രം വിധിക്കപ്പെട്ട സ്ത്രീകളല്ല ഇന്നത്തേത്. പ്രസവിക്കാണോ, വേണ്ടയോ എന്ന് തീരുമാനമെടുക്കാനുളള അവകാശം സ്ത്രീകളുടെ കൈകളിലാണ്.



ഓർമ്മശക്തിയിലും പ്രശ്‌ന പരിഹാരത്തിലും ചിന്താ ശക്തിയിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുന്നിലാണ്. അവര്‍ക്കില്ലാതിരുന്നത് മസില്‍ പവറാണ്. അത് ഇതിനകം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. യോഗയും കരാട്ടെയും ജിംനേഷ്യങ്ങളും പുരുഷ തുല്യമായ ശാരീരിക ശക്തി നേടാന്‍ അവരെ പ്രാപ്തരാക്കിക്കഴിഞ്ഞു. ടൈറ്റ് പാന്റ്‌സും, ടീ ഷര്‍ട്ടും ധരിച്ച് ഷാള്‍ കൊണ്ട് മാറിടം മൂടാതെ ഇരുകയ്യും വീശി തന്റേടത്തോടെ നടന്നു പോകുന്ന പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും ഇന്നൊരു സാധാരണ കാഴ്ചയാണ്. നാണം കാണിച്ച് ഇടയ്ക്കിടയ്ക്ക് ഷാള്‍ വലിച്ചു നേരെയാക്കി നടക്കാതെ പാന്റ്‌സിന്റെ പോക്കറ്റില്‍ കയ്യിട്ടോ, ഇരുകയ്യും ആഞ്ഞു വീശിയോ നടക്കാനുളള ആത്മ ധൈര്യം അവര്‍ സ്വായത്തമാക്കിക്കഴിഞ്ഞു. പുരുഷന്മാര്‍ മാത്രം ആധിപത്യം സ്ഥാപിച്ചിരുന്ന പോലീസ്, മിലിട്ടറി, കണ്ടക്ടര്‍, ഡ്രൈവര്‍ എന്നി തസ്തികകളില്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തുടങ്ങി. സ്ത്രീ സ്വഭാവങ്ങള്‍ക്ക് ഒരു തരത്തിലും യോജിച്ച തൊഴില്‍ മേഖലകളല്ലയിത്. കോണ്‍ക്രീറ്റ് വര്‍ക്ക്, മേസ്തിരിപ്പണി, തെങ്ങു കയറ്റം, റോഡ് വര്‍ക്ക് എന്നിവയിലും സ്ത്രീമുന്നേറ്റമുണ്ടായി. കൂടുതല്‍ ശാരീരികാധ്വാനവും, മാനസിക പിരിമുറുക്കവും ഉളള ജോലികളാണിതൊക്കെ. അവിടെയും പഴയകാല സ്‌ത്രൈണസ്വഭാവം മാറ്റത്തിന് വിധേയമാകേണ്ടിവരുന്നു.



ധൈര്യത്തിന്റേയും തന്റേടത്തിന്റേയും കാര്യത്തില്‍ പുരുഷന്മാരെ വെല്ലുവിളിക്കുകയാണ് സ്ത്രീകള്‍. ഓമനയെന്നു പേരായ ഒരു വനിതാ ഡോക്ടരുടെ മനസിന്റെ രൗദ്രതയും, ക്രൂരതയും നമ്മള്‍ക്കോര്‍മയില്ലേ? സ്വന്തം കാമുകനെ വെട്ടിനുറുക്കി ചെറുകഷണങ്ങളാക്കി സ്യൂട്ടുകെയ്‌സില്‍ കുത്തി നിറച്ച് എടുത്തു നടന്നവളാണ് ഒരു സ്ത്രീയായ ഓമന. ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിന്റെ തലയ്ക്ക് അമ്മിക്കല്ല് വലിച്ചെറിഞ്ഞ് കൊല ചെയ്ത ഒരു സ്ത്രീയുടെ കഥ ഇടക്കേതോ പ്രസിദ്ധീകരണത്തിൽ വന്നിരുന്നു. റോസമ്മയുടെ കാര്യം അതിലേറെ വലുതാണ്. പുരുഷനെ വെമ്പുന്ന ധാര്‍ഷ്ട്യമാണ് ചെറുപുഴയിലെ റോസമ്മ കാണിച്ചത്. മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുന്ന ഒരു പാവം മനുഷ്യനെ പിറകില്‍ നിന്ന് ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിച്ചു വീഴ്ത്തുന്നു. മരിച്ചു എന്ന് ഉറപ്പിച്ചശേഷം റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി തളളുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ആ സ്ത്രീ വീട്ടില്‍ വന്ന് കിടന്നുറങ്ങുന്നു. ഇങ്ങിനെയെത്രയെത്ര റോസമ്മമാരും, ഓമനമാരും സ്ത്രൈണത ചോർച്ചയുടെ ഉദാഹരണങ്ങളായി കാണിക്കാനുണ്ട് !. റബ്ബിന്റെ നിയമങ്ങളെ അവഗണിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ എന്നാണ് മൊത്തത്തിൽ ഇതിനെയെല്ലാം പറയുക.



O


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso