Thoughts & Arts
Image

കുടുംബം എന്ന പിൻബലം

20-12-2023

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







അമവീ ഗവർണറായിരുന്ന ഹജ്ജാജ് ബിൻ യൂസഫിനെ കുറിച്ച് പ്രചാരത്തിലുള്ള പല കഥകളിൽ ഒന്ന് ഇങ്ങനെയാണ്. ഒരിക്കൽ ഒരു കുടുംബത്തിലെ മൂന്നു അംഗങ്ങളെ അദ്ദേഹം വധശിക്ഷക്ക് വിധിച്ചു. ശിക്ഷ വിധിച്ച കോടതിയിലേക്ക് ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ഓടിവന്നു. ആ മൂന്നു പേർ അവളുടെ മകനും ഭർത്താവും സഹോദരനും ആയിരുന്നു. അവരെ വിട്ടു തരാൻ അവൾ കരഞ്ഞുകരഞ്ഞ് ഹജ്ജാജിനോട് കേണപേക്ഷിച്ചു. അവളുടെ കണ്ണീര് കണ്ട് അലിവ് തോന്നിയ ഹജ്ജാജ് അവളോട്, 'നിനക്ക് വേണ്ടി കൂട്ടത്തിൽ ഒരാളെ വെറുതെ വിട്ടേക്കാം..' എന്നു സമ്മതിച്ചു. ആരെ വിടണമെന്ന് നിനക്കു തീരുമാനിക്കാം എന്നും. രംഗം ത്രിശങ്കുവിലായി. മൂന്നു പേരെയും വിടണം എന്നാണ് അവളുടെയും അവിടെയുള്ളവരുടെയും താല്പര്യം. പക്ഷേ ഹജ്ജാജിന്റെ മുൻപിൽ അയാൾ പറഞ്ഞതിലപ്പുറം ഒന്നും നടക്കില്ല. അതിനാൽ മൂന്നുപേരിൽ ആരെയായിരിക്കും അവൾ രക്ഷപ്പെടുത്തുക എന്നത് കൗതുകമായി. പലരും കരുതിയത് മകനെയോ ഭർത്താവിനെയോ ആയിരിക്കാം അവൾ രക്ഷപ്പെടുത്തുക എന്നായിരുന്നു. പക്ഷേ അവൾ പറഞ്ഞത് സഹോദരന്റെ പേരായിരുന്നു. അത് എല്ലാവരിലും അത്ഭുതമുളവാക്കി; ഹജ്ജാജിനും അവിടെ കൂടിയവർക്കും. ഹജ്ജാജ് അവളോട് ചോദിച്ചു, എന്താണ് നീ നിനക്ക് കിട്ടിയ അവസരം സഹോദരനുവേണ്ടി ഉപയോഗപ്പെടുത്താൻ കാരണമെന്ന്. അവൾ പറഞ്ഞു: 'എല്ലാവരെയും രക്ഷപ്പെടുത്തണം എന്നാണ് എൻ്റെ ആഗ്രഹം. പക്ഷേ ഒരാളെ മാത്രമല്ലേ എനിക്ക് രക്ഷപ്പെടുത്താൻ കഴിയൂ. അതിൽ മകൻ ഒരുപക്ഷേ എനിക്ക് ഇനിയും ജനിക്കാം. മറ്റൊരു വിവാഹത്തിലൂടെ മറ്റൊരു ഭർത്താവും ഉണ്ടാവാം. പക്ഷേ സഹോദരൻ അങ്ങനെയൊന്നും ഉണ്ടാവില്ലല്ലോ അതുകൊണ്ടാണ്'. രക്തബന്ധത്തിന്റെ വിലയറിഞ്ഞ ആ സഹോദരിയുടെ ഉള്ളിനെ മാനിക്കാനാണ് ഹജ്ജാജിന് തോന്നിയത്. അതിനാൽ ഹജ്ജാജ് മൂന്നുപേരെയും വെറുതെ വിട്ടു എന്നാണ് ചരിത്രം. കഥയാണ്, ചോദ്യങ്ങൾ ഉണ്ടാവാം. പക്ഷേ രക്തബന്ധത്തിനും അതിൽ തന്നെ വീണ്ടെടുക്കാൻ കഴിയാത്ത ബന്ധത്തിനും ഒരു സ്ത്രീ കൽപ്പിച്ച വിലയായി കൂടി ഈ കഥയെ പരിഗണിക്കാം. രക്തത്താൽ പരസ്പരം ബന്ധിതരായ ആളുകൾ ആ ബന്ധത്തിന് കൽപിക്കേണ്ട നിലയും വിലയും കഥയുടെ വരികളിലുണ്ട്. ഒപ്പം മറ്റു ബന്ധങ്ങളെല്ലാം മുറിഞ്ഞാലും പ്രതീക്ഷ പുലർത്താവുന്ന ബന്ധമാണ് ഇത് എന്ന വസ്തുതയും. അറുത്തു മുറിക്കുവാൻ മനസ്സുവരാത്ത ഒരു ബന്ധമാണ്, ബന്ധമായിരിക്കേണ്ടതാണ് കുടുംബ ബന്ധം. അതിനാൽ അത് എപ്പോഴും മുറിയാതെ ചേർത്തുപിടിച്ച് പരിപാലിച്ചും പരിചരിച്ചും മുന്നോട്ടു പോകണം എന്നാണ് സൃഷ്ടാവിന്റെ താൽപര്യം. ഒരർത്ഥത്തിൽ പറഞ്ഞാൽ സൃഷ്ടാവ് അതിനുവേണ്ടിയാണ് മനുഷ്യരെ കുടുംബങ്ങളാക്കി വിഭജിച്ചിരിക്കുന്നത് തന്നെ. അല്ലാഹു പറയുന്നു: 'പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി' (ഹുജറാത്ത്: 13).



ഉദ്ധൃത സൂക്തത്തിൽ പരസ്പരം മനസ്സിലാക്കുവാൻ വേണ്ടി എന്ന് അള്ളാഹു പറഞ്ഞതിന്റെ പൊരുൾ ഓരോ രക്തബന്ധുവും തൻ്റെ രക്തബന്ധുക്കളുടെ സുഖവും ദുഃഖവും സന്തോഷവും സന്താപവുമെല്ലാം മനസ്സിലാക്കുക അതനുസരിച്ച് അവയോട് പ്രതികരിക്കുക എന്നെല്ലാമാണ്. അവ വഴി കുടുംബം എന്ന വികാരത്തെ നിലനിറുത്തണം. അതല്ലാതെ കേവലം ഇന്നയാൾ എൻ്റെ കുടുംബക്കാരനാണ് എന്ന് അറിഞ്ഞിരിക്കുക മാത്രമല്ല. മനുഷ്യകുലത്തെ ഇത്തരം ഒരു ബാധ്യത ഏൽപ്പിക്കുന്നതിലൂടെ അല്ലാഹുവിന് ചില ലക്ഷ്യങ്ങളുണ്ട്. അവയിൽ ഏറെ പ്രകടവും പ്രത്യക്ഷവുമായ ഒന്നാണ് മനുഷ്യരെ പരസ്പരം ചേർത്തുകെട്ടുക എന്നത്. പ്രപഞ്ചത്തിന്റെ അനിവാര്യമായ ആവശ്യമാണ് വിഘടിച്ച് ഒറ്റപ്പെടാതെ മനുഷ്യരെ പരസ്പരം ചേർത്തുനിറുത്തുക എന്നത്. കുടുംബം എന്ന പേരിൽ ഏതാണ്ട് എല്ലാ മനുഷ്യന്മാരെയും പരസ്പരം ഇങ്ങനെ ചേർത്തു നിറുത്തുവാൻ കഴിയും. അങ്ങനെ വരുമ്പോൾ അവരവരുടെ വിഷയങ്ങൾ അവരവർക്കിടയിൽ കൈകാര്യം ചെയ്യപ്പെടുകയും പരിഹരിക്കപ്പെടുകയും അങ്ങനെ മൊത്തത്തിൽ ജീവിതത്തിന്റെ ഭാരം കുറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. ഇത്തരം ഒരു ബന്ധം മനുഷ്യന് ഒരുപാട് നേട്ടങ്ങൾ നേടിത്തരുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യ ജീവിതത്തന്റെ രണ്ട് അറ്റങ്ങളിലും ഈ ബന്ധം ഉണ്ടാക്കുന്ന സ്വാധീനം. ഈ രണ്ട് അറ്റങ്ങളിൽ ഒന്നാമത്തേത് വാർദ്ധക്യമാണ്. യൗവനത്തിന്റെ തുടിപ്പിൽ ഭൗതിക ലോകം പല കാരണങ്ങളാലും പല കാര്യലാഭങ്ങൾക്ക് വേണ്ടിയും ഓരോ മനുഷ്യന്റെയും കൈ പിടിക്കാൻ ഉണ്ടാകും. പക്ഷേ ഊർജ്ജവും ഓജസ്സും പടിയിറങ്ങുന്നതോടെ അവനെ തിരിഞ്ഞു നോക്കുവാൻ പാർട്ടിക്കാരോ പ്രസ്ഥാനക്കാരോ കാര്യമായി ഉണ്ടായിക്കൊള്ളണമെന്നില്ല. ഉണ്ടായാൽ തന്നെ ആ ഘട്ടത്തിൽ അവർ കാണിക്കുന്ന കാരുണ്യങ്ങൾ ആ വ്യക്തിക്ക് ആഗ്രഹിക്കുന്ന അത്ര ഫലപ്പെട്ടുകൊള്ളണമെന്നില്ല. സ്നേഹത്തോടെയും കരുതലോടെയും കൈ പിടിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന ഈ സമയത്ത് അതിന് രക്തബന്ധുക്കൾ തന്നെ വേണം. രണ്ടാമത്തെ അറ്റം ശൈശവമാണ്. ഒരു കുട്ടിയെ ശൈശവത്തിൽ സദുദ്ദേശത്തോടെ തഴുകാനും തലോടാനും രക്തത്താൽ ബന്ധിതമായവർ മാത്രമേ ഉണ്ടാകൂ എന്ന് മാത്രമല്ല, അവരേ അതിന് തയ്യാറാകൂ. അത് ആ ഘട്ടത്തിൽ ലഭിക്കാതെ പോയാലോ ഏതൊരു കുട്ടിയും ശൈശവത്തിലേ ക്രിമിനലായി മാറും.



ജീവിതത്തിന്റെ ഭാരം കുറയ്ക്കുകയും മനസ്സിനെ വിശാലമാക്കുകയും ചെയ്യുന്നു എന്നത് കുടുംബ ബന്ധം കൊണ്ട് ലഭിക്കുന്ന മറ്റൊരു നേട്ടമാണ്. ആറു വയസ്സുകാരനായ ഒരു ആൺകുട്ടിയെയും ചുമന്ന് റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്ന ഒരു പത്തു വയസ്സുകാരി നാടോടി പെൺകുട്ടിയോട് അതു കാണുന്ന ഒരാൾ ചോദിക്കുന്ന ഒരു മിനിക്കഥയുണ്ട്. ഇവൻ വലിയ കുട്ടിയാണല്ലോ, അവനെ എടുത്ത് നടക്കുന്നത് ഭാരമല്ലേ, അതുകൊണ്ട് അവനെ കൈപിടിച്ച് നിനക്ക് നടന്നു കൂടെ എന്ന ആ ചോദ്യത്തോട് രൂക്ഷമെന്നോണം നോക്കി അവൾ പറഞ്ഞു: 'അവൻ എൻ്റെ അനുജനല്ലേ, പിന്നെ എങ്ങനെയാണ് ഭാരം ഉണ്ടാവുക! എന്ന് എന്നതാണ് കഥ. മാനസികമായും ശാരീരികമായും നമുക്ക് നമുക്ക് തോന്നുന്ന ഭാരങ്ങൾ സ്വന്തക്കാരുടെയും ബന്ധക്കാരുടെയും വിഷയത്തിലേക്ക് എത്തുമ്പോൾ പഞ്ഞി പോലെ കനം കുറയുന്നത് കാണാം. കാരണം അപ്പോൾ ആ ഭാരം താങ്ങുന്നത് നമ്മുടെ മസിലുകൾ മാത്രമായിരിക്കില്ല മനസ്സ് കൂടിയായിരിക്കും. രോഗിയായ ഉമ്മയെയും ഉപ്പയെയും പരിചരിക്കുമ്പോൾ അറപ്പും വെറുപ്പും തോന്നാത്തത് അതുകൊണ്ടാണ്. ബന്ധത്തെ മനസ്സിലേറ്റാത്തവരും എമ്പാടുമുണ്ട് എന്ന് ഇവിടെ തന്നെ കുറിക്കാതെ വയ്യ. വൃദ്ധ സദനങ്ങളിൽ മാതാപിതാക്കളെ തള്ളുന്നവർ അങ്ങനെയുള്ളവരാണല്ലോ. കുടുംബം കൊണ്ടുള്ള മറ്റൊരു നേട്ടം ജീവിതത്തിന് ഒരു അച്ചടക്കവും സമീപന സൗന്ദര്യവും ലഭിക്കും എന്നതാണ്. പൊതുസമൂഹത്തിൽ നമുക്ക് വേണ്ടത്ര ബഹുമാനങ്ങളോ സ്നേഹങ്ങളോ പുലർത്തുന്നത് ബാധ്യതയായിക്കൊള്ളണമെന്നില്ല. അതേസമയം കുടുംബം എന്ന ഫ്രെയിമിനുള്ളിൽ വരുമ്പോൾ പലരെയും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും നിർബന്ധമായി വരും. അങ്ങനെ ഒരു സാഹചര്യമില്ലെങ്കിൽ ഇത്തരം മൂല്യങ്ങൾ ഒക്കെ മനുഷ്യനിൽ നിന്ന് കൈവിട്ടു പോകും. മറ്റൊന്ന് സ്വഭാവവും സംസ്കാരവും നന്നാക്കിയെടുക്കണം എന്ന ത്വര ഉണ്ടാകും എന്നതാണ്. കുടുംബം ഉണ്ടാകുമ്പോൾ അതിലെ പലരും ആധികാരികതയോടെ നമ്മുടെ ജീവിതം വീക്ഷിക്കുന്നുണ്ട് എന്ന ബോധ്യം ഉണ്ടാകും. അപ്പോൾ പരമാവധി മൂല്യച്യുതികളിൽ നിന്ന് നമ്മൾ അകന്നു ജീവിക്കും.



ഇങ്ങനെ ഒരുപാട് തത്വങ്ങളും വസ്തുതകളും ഉള്ളടങ്ങിയത് കൊണ്ടാണ് കുടുംബബന്ധം പരിപാലിക്കുന്നതിന് ഇസ്ലാം വലിയ വില കൽപ്പിച്ചത്. ഖുർആനിൽ അതു വ്യംഗ്യമായും വ്യക്തമായും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഗൗരവം കുറിക്കാനെന്നോണം അല്ലാഹു ഒരിടത്ത് ചോദിക്കുന്നു: എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്‌. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:47/ 22-23). നബി (സ) ഇക്കാര്യം ഉദ്ബോധിപ്പിച്ചിട്ടുള്ളത് അതിന് പ്രേരിപ്പിക്കുവാൻ കൂടിയെന്നോണം അതിന്റെ പ്രതിഫലം പറഞ്ഞുകൊണ്ടാണ്. അനസില്‍(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ. (ബുഖാരി, മുസ്‌ലിം). മാത്രമല്ല, ഇതു മാനിക്കാത്തവന് വരുന്ന നഷ്ടം വലുതുമാണ്. ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13). മതം അനുശാസിക്കുന്ന ആരാധനാ കർമ്മങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ഇതിന്റെ പ്രാധാന്യം ഉറപ്പിക്കുന്നു. നബി(സ)യോട് ഒരാൾ ചോദിച്ചു: എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു സുകൃതം അറിയിച്ചു തന്നാലും. നബി(സ) പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, ശിർക്ക് ചെയ്യാതിരിക്കുക, നിസ്‌കാരം നിലനിർത്തുക, കൃത്യമായി സകാത്ത് നിർവഹിക്കുക, കുടുംബ ബന്ധം ചേർക്കുക (ബുഖാരി).



ഇതിന്റെ പ്രാധാന്യവും പ്രതിഫലവും കൊണ്ട് തന്നെയാണ് പരിപൂർണ്ണമായി കഴിഞ്ഞില്ലെങ്കിൽ പോലും പരമാവധിയുടെ പരിധിയിൽ നിന്നുകൊണ്ട് കുടുംബബന്ധം പുലർത്തണം എന്ന് ഇസ്ലാം താൽപര്യപ്പെടുന്നത്. ആ പരമാവധി ഒരു ഹദീസിൽ നിന്നും ഇങ്ങനെ ഗ്രഹിക്കാം. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ഒരാൾ നബിയോട്(സ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി(സ) പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിക്കുന്നതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം:2558). ഇനി അതെങ്ങനെയൊക്കെ പുലർത്താം എന്നുകൂടി നമുക്ക് ആലോചിക്കാം. കുടുംബ ബന്ധുക്കളെ കണ്ടെത്തുകയും അവരുമായുള്ള ബന്ധങ്ങളെ ഗ്രഹിക്കുകയും ചെയ്യുകയാണ് ആദ്യമായി വേണ്ടത്. സോഷ്യൽ മീഡിയ സജീവമായതിനാൽ വേണമെന്ന് വിചാരിക്കുന്നവർക്ക് ഇത് ഇക്കാലത്ത് എളുപ്പമാണ്. പിന്നീട് അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുക, നമ്മുടെ സന്തോഷങ്ങളും സന്താപങ്ങളും അവരുമായി പങ്കുവെക്കുക, അവരിൽ ആരെയെങ്കിലും സാമ്പത്തികമായോ മാനസികമായോ സഹായിക്കേണ്ടതുണ്ട് എങ്കിൽ അതിന് പ്രാധാന്യം നൽകുക, ഇടക്കിടക്ക് അവരെ കണ്ടുമുട്ടുവാനും ബന്ധം ബലപ്പെടുത്തുവാനും ശ്രമിക്കുക തുടങ്ങിയതൊക്കെയാണ് ഈ മഹത്തായ കർമ്മത്തിന് വേണ്ടി നമുക്ക് കാലത്ത് ചെയ്യാനുള്ളത്.



O

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso