ഇബ്നു കൽദയെന്ന ചാവേർ
23-12-2023
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
വിശുദ്ധ ഖുർആനിലെ ശാസ്ത്രീയ സൂചനകൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഖുർആനിൽ പറഞ്ഞ ഭ്രൂണ ശാസ്ത്ര സത്യങ്ങൾ. അതിനെ സംബന്ധിച്ച് ഒരു വൈദ്യശാസ്ത്ര ഗ്രന്ഥം അപഗ്രഥിക്കുന്നത് പോലെ അപഗ്രഥിച്ചു സംസാരിച്ചത് കൊണ്ടല്ല വിശുദ്ധ ഖുർആൻ ഈ വിഷയത്തിൽ സവിശേഷമായ ശ്രദ്ധ അർഹിക്കുന്നത്. മറിച്ച് ബീജം, അണ്ഡം, ഭ്രൂണം, കുഞ്ഞ്, ജനനം എന്നീ ഓരോ ജീവൽ ഘട്ടത്തെയും വളരെ കൃത്യമായി വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു എന്നു മാത്രമല്ല, ഈ ഉൾക്കൊള്ളലാവട്ടെ ആധുനിക ശാസ്ത്രം അതിന്റെ വികാസത്തിൽ കണ്ടെത്തിയ ഓരോ കാര്യങ്ങളും കൃത്യമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് താനും. വിശുദ്ധ ഖുർആനിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യം ആധുനിക വൈദ്യശാസ്ത്രത്തിന് എതിരാണ് എന്നു പറയുവാൻ മനസ്സുനിറയെ ആഗ്രഹം ഉണ്ടെങ്കിലും ഇതുവരെയും ഒരാൾക്കും കഴിഞ്ഞിട്ടില്ല. മറ്റുള്ള ശാസ്ത്രീയ സത്യങ്ങളിൽ ഒക്കെ തന്നെയും ഇപ്രകാരമുള്ള സമഗ്രതയുണ്ട്. പക്ഷേ, അത് പലതും മനുഷ്യൻെറ ഗ്രാഹ്യതയുടെ എത്രയോ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ പ്രത്യുൽപാദന പ്രക്രിയ മനുഷ്യൻെറ ദൈനംദിന ജീവിതത്തിൻെറ ഒരു പ്രധാന ഭാഗമാണ്. അതിനാൽ തന്നെ അതിൽ ശാസ്ത്രത്തിന്റെ ഇടപെടൽ സജീവമാണ് എന്നു മാത്രമല്ല, മനുഷ്യന്മാർ എപ്പോഴും ധാരണയുണ്ടാക്കിയിരിക്കേണ്ടുന്ന ഒരു വിഷയവുമാണത്. ഇതിനാലെല്ലാം ഇക്കാര്യത്തിൽ തടിയൂരുവാനോ തലയൂരുവാനോ കഴിയാതെ വരുന്ന ഖുർആനിന്റെ വിരോധികൾ പറയുന്ന ഒരു അപവാദമാണ്, മുഹമ്മദ് നബി ഈ ശാസ്ത്ര സത്യങ്ങൾ മറ്റൊരു സ്രോതസ്സിൽ നിന്ന് കട്ടെടുത്തതാണ് എന്നത്. അങ്ങനെ പറയുമ്പോൾ അവർ അതിന് ലോകത്തിനു മുമ്പിൽ ചില അനുബന്ധങ്ങൾ കൂടി പറയേണ്ടിവരും. അങ്ങനെ അദ്ദേഹം അത് കട്ടതാണ് എങ്കിൽ എവിടെ നിന്നാണ് കട്ടെടുത്തത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്നത്തെ കാലത്ത് ശാസ്ത്രം വല്ലാതെ വികാസം പ്രാപിച്ചിരിക്കുന്നു. ആയതുകൊണ്ട് ഒരാൾക്ക് അങ്ങനെ കട്ടെടുക്കണം എന്നുണ്ടെങ്കിൽ അയാൾക്ക് എടുക്കാൻ സ്രോതസ്സുകൾ ധാരാളമാണ്. എന്നാൽ നബി തിരുമേനി മറ്റു സ്രോതസ്സുകളിൽ നിന്ന് എടുത്തു എന്ന് പറയുമ്പോൾ മഹാനവർകളുടെ കാലഘട്ടത്തിൽ ഇങ്ങനെ എടുക്കാൻ പറ്റുന്ന ശാസ്ത്രീയ സ്രോതസ്സുകൾ ഏതെല്ലാമായിരുന്നു എന്നും അവയിൽ ഏതിൽ നിന്നാണ് അദ്ദേഹം എടുത്തത് എന്നും പറയേണ്ടിവരും. കാര്യം അവിടെയും അവസാനിക്കില്ല. ആ സ്രോതസ്സിലേക്ക് മുഹമ്മദ് നബി എന്ന വ്യക്തിയെ ബന്ധിപ്പിക്കാൻ അവർക്ക് കഴിയേണ്ടി വരും.
ഭ്രൂണശാസ്ത്രത്തിന്റെ കാര്യത്തിൽ ഇസ്ലാം വിരോധികൾ ആരോപിക്കുന്നത് മുഹമ്മദ് നബി ഗ്രീക്ക് സ്രോതസ്സുകളിൽ നിന്നാണ് അത്തരം ശാസ്ത്രങ്ങൾ മനസ്സിലാക്കിയത് എന്നാണ്. നബിതിരുമേനി ജീവിച്ചിരുന്ന ആറാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്ര സംബന്ധമായ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് ഗ്രീക്കുകാർക്കിടയിൽ മാത്രമായിരുന്നു എന്നത് അവിതർക്കിതമായ ഒരു കാര്യമാണ്. ഗ്രീക്ക് ചിന്തകരും ഭിഷഗ്വരരുമായ അരിസ്റ്റൊട്ടിൽ,ഗാലൻ എന്നിവരുടെ കൃതികളിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്നാണ് കൃത്യമായി അവർ തട്ടി വിടുന്നത്. വിമർശകർ തങ്ങളുടെ വാദമുഖം അവതരിക്കുന്നത് അക്കാലത്ത് ഗ്രീകുകാർ അറബികളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു, അവർ തമ്മിൽ സാംസ്കാരികമായ കൈമാറ്റം നടന്നിരുന്നു എന്നീ കാര്യങ്ങൾ മുന്നിൽ വെച്ചാണ്. അവരുടെ വാദം ഇങ്ങനെയാണ്: ഒന്ന്, അറബികളും ഗ്രീകുകാരും തമ്മിൽ സാംസ്കാരിക വിനിമയം നടന്നിരുന്നു. രണ്ട്, മുഹമ്മദ് നബി (സ) അറബിയാണ്. മൂന്ന്, അതിനാൽ മുഹമ്മദ് നബി(സ) ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രീക്ക് വീക്ഷണം അനുകരിച്ച് എന്ന് വേണം അനുമാനിക്കാൻ. ഇവിടെ ഈ വാദഗതി ഉന്നയിക്കുന്നതിലൂടെ ചില കാര്യങ്ങൾ വിമർശകർ ഒളിപ്പിച്ചു വെക്കുകയോ പറയാതെ പറയുകയോ ചെയ്യുന്നുണ്ട്.
അവയിൽ ഒന്നാമത്തേത്, ഗ്രീക്ക് വൈദ്യം അറിയാവുന്ന ആരോ ഒരാളിൽ നിന്നാണ് മുഹമ്മദ് നബി(സ) ഗ്രീക്ക് ഭ്രൂണശാസ്ത്രം മനസ്സിലാക്കിയത്. രണ്ടാമതായി, ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ (മുഹമ്മദ് നബി (സ)യുടെ ജീവിതകാലം) ഗ്രീക്ക് വൈദ്യം അറബികളിൽ അറിയപ്പെട്ടതും അവർക്കിടയിൽ വ്യാപകമായ ഉപയോഗത്തിലുള്ളതുമായിരുന്നു. ഒപ്പം മുഹമ്മദ് നബി(സ) ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിൽ നിന്ന് മോഷ്ടിച് അവ ദൈവത്തിന്റെ വചനങ്ങളാണെന്ന് പറഞ്ഞ ഒരു നുണയനായിരുന്നു എന്നതും.
ഇങ്ങനെ വാദിക്കുന്നവർ ഇതിനുള്ള ഒരു സാധ്യത പറയാൻ ബാധ്യസ്ഥരാണല്ലോ. അത്തരത്തിലൊന്ന് പറയുവാനോ അത് സ്ഥാപിക്കുവാനോ ഇന്നുവരെക്കും ആർക്കും കഴിഞ്ഞിട്ടില്ല. ഗ്രീസും മക്കയും തമ്മിലുള്ള അകലവും വൈദ്യശാസ്ത്രം പോലെയുള്ള വളരെ ഗഹനമായ ഒരു വിഷയം പൊതു സാംസ്കാരിക വിനിമയത്തിന്റെ ഭാഗമെന്നോണം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും ഈ വിഷയത്തിലെ പ്രധാന ക്രോസ് വിസ്താരങ്ങളാണ്. അതിനെ മറികടക്കാൻ സാധാരണഗതിയിൽ ആർക്കും കഴിയില്ല. കാരണം ഭ്രൂണശാസ്ത്രം എന്നൊക്കെ പറയുമ്പോൾ അത് മനുഷ്യജീവിതത്തിന്റെ വളരെ അകത്ത് മാത്രം നടക്കുന്ന ഒരു പ്രക്രിയയും അറിവും ആണ്. അത് കൈമാറ്റം ചെയ്യപ്പെടണമെങ്കിൽ ഔദ്യോഗിക സ്വഭാവത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇസ്ലാം പ്രചാരം നേടിയതിനു ശേഷം മതപരമായ വിദ്യാഭ്യാസ പ്രക്രിയ സജീവമായി എന്നതൊഴിച്ചാൽ മറ്റൊരു തലത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയയും ആ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല എന്നത് ഏത് ചരിത്രകാരനും സമ്മതിച്ചു തരുന്ന വസ്തുതയാണ്. പിന്നെ, ഇത്തരം വിമർശകർ ഉന്നയിക്കുന്ന സാധ്യത കച്ചവട ബന്ധത്തിന്റേതാണ്. കച്ചവടബന്ധത്തിലൂടെ ജീവിതരീതികളും ശൈലികളും നാട്ടറിവുകൾ വരെയും കൈമാറ്റം ചെയ്യപ്പെട്ടേക്കാം. പക്ഷേ ഗഹനമായ ഒരു വിഷയം ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നത് അംഗീകരിച്ചു കൊടുക്കാൻ കഴിയാത്തതാണ്.
എന്നിട്ടും മുന്നോട്ടുപോയി പിടിവാശിക്ക് വേണ്ടി വാദിക്കാൻ ശ്രമിക്കുന്നവർ പറയുന്ന കഥ ഹാരിസ് ബിൻ കൽദയുടേതാണ്. നബി(സ)യുടെ കാലത്ത് ജീവിച്ചിരുന്ന ഭിഷഗ്വരൻ ഹാരിസ് ബിൻ കൽദ ഗ്രീക്ക് വൈദ്യം പഠിച്ചിരുന്നു എന്നും അദ്ദേഹത്തിലൂടെയാണ് പ്രവാചകന് ഈ വിജ്ഞാനം ലഭിച്ചതെന്നും ആണ് ഇവരുടെ വാദം. നബിയുടെ കാലഘട്ടത്തിൽ തന്നെ താഇഫിൽ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരൻ ആയിരുന്നു ഹാരിസ് ബിൻ കൽദ. രോഗങ്ങളെ കുറിച്ചും മരുന്നിനെക്കുറിച്ചും നന്നായി അറിയുന്ന, നല്ല വാചാലതയും സന്മനസ്സുള്ള ഒരാളായിരുന്നു അയാൾ എന്നാണ് ചരിത്രങ്ങളിൽ കാണുന്നത്. എന്തോ ചില കാരണങ്ങളാൽ അദ്ദേഹം പേർഷ്യയിലേക്ക് പോവുകയും അവിടെ വച്ച് വൈദ്യം പഠിക്കുകയുമായിരുന്നു. ഒരുപാട് കഴിവുകളുള്ള സവിശേഷമായ സാമൂഹ്യ ശ്രദ്ധ നേടിയിട്ടുള്ള ഒരാളായിരുന്നു ഹാരിസ്. അതിന്റെ ഫലമെന്നോണം അദ്ദേഹത്തെക്കുറിച്ച് അമിതമായ വർണ്ണനകൾ പല ചരിത്രകാരന്മാരുടെ ഭാഗത്തുനിന്നും സ്വാഭാവികമായും ഉണ്ടായിട്ടുണ്ട്. അത്തരം വർണ്ണനകളിൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച ഒരു സഹാബിയായിരുന്നു എന്നത് വരെയുണ്ട്. എന്നാൽ പ്രമുഖ ചരിത്രകാരൻമാർ ഇതംഗീകരിക്കുന്നില്ല. (ഉസുദുൽ ഗാബ - ഇബ്നുൽ അതീർ). ജുൻദൈസാബൂരിലായിരുന്നു അദ്ദേഹം പഠിച്ചത് എന്നാണ് വിവരം. കുറേ കാലം പേർഷ്യയിൽ തന്നെ അദ്ദേഹം ഭിഷഗ്വരനായി സേവനം ചെയ്തു. ആ വിഷയത്തിൽ മിടുക്കുള്ള ആളായിരുന്നതുകൊണ്ട് വളരെ ചെറിയ കാലം കൊണ്ട് അദ്ദേഹം പേർഷ്യയുടെ ആദരവും അംഗീകാരവും നേടിയെടുത്തു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് സ്വന്തം നാട്ടിലേക്ക് വരാനുള്ള താല്പര്യം മനസ്സിൽ ശക്തിപ്പെടുകയും അദ്ദേഹം തായിഫിൽ എത്തിച്ചേരുകയും അവിടെ തന്റെ സേവനം ആരംഭിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞതുപോലെ തൻ്റെ കയ്യിലുള്ള ചികിത്സാ വിദ്യയുടെ കഴിവും സ്വന്തം മനക്കരുത്തും കാരണം തായിഫിലും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു. അധികം വൈകാതെ അറേബ്യയുടെ ഭിഷഗ്വരൻ എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെട്ടു. ചില രോഗികളെ തങ്ങളുടെ രോഗം എന്താണ് എന്നറിയുവാൻ ഹാരിസ് ബിൻ കൽദയുടെ അടുക്കലേക്ക് നബി തിരുമേനി(സ) പറഞ്ഞയക്കുമായിരുന്നു എന്ന് ജമാലുദ്ദീൻ ഖഫ്ത്വി തൻ്റെ അഖ്ബാറുൽ ഉലമാഇ ബി അഖ്ബാരിൽ ഹുകമാഇ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പക്ഷേ ആധികാരികത തെളിയിക്കാൻ മാത്രമുള്ള പിൻബലം അതിനില്ല. ഉണ്ടെങ്കിൽ തന്നെ നമ്മുടെ ചർച്ചാവിഷയം അതുമായി ബന്ധപ്പെട്ടതും അല്ല.
ചുരുക്കത്തിൽ ഗ്രീക്ക് വൈദ്യശാസ്ത്രത്തിൽ മികവ് നേടിയ ഹാരിസ് ബിൻ കൽദ എന്ന തായിഫുകാരനിൽ നിന്ന് നബി തിരുമേനി(സ) ഭ്രൂണശാസ്ത്രം പഠിച്ചെടുത്തതാണ് എന്നാണ് വാദം. ഈ വാദം പല കാരണങ്ങളാലും പ്രഥമ ദൃഷ്ട്യാ തന്നെ തെറ്റാണ്, എന്നു മാത്രമല്ല, ബുദ്ധിശൂന്യതയിൽ നിന്നല്ലാതെ ഇങ്ങനെ ഒരു ചിന്ത ഉത്ഭവിക്കാനുള്ള സാധ്യത ഇല്ല എന്ന് സരളമായ വസ്തുതകൾ കൊണ്ട് ആർക്കും തെളിയിക്കാനാകും. ഒന്നാമതായി ചരിത്രപരമായി മുഹമ്മദ് നബി(സ) ഹാരിസ് ബിൻ കൽദയിൽ നിന്ന് വൈദ്യം പഠിച്ചു എന്നതിന് സ്പഷ്ടവും വ്യക്തവുമായ തെളിവുകൾ ഇല്ല. നബി തിരുമേനിയുടെ ജീവിതത്തിലെ ഏതാണ്ട് എല്ലാ സംഭവങ്ങളും ആധികാരികമായ പ്രമാണമാകാൻ മാത്രം ബലവത്തായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രണ്ടാമതായി ജുൻദൈസാബൂരിലായിരുന്നു ഹാരിസ് വൈദ്യശാസ്ത്രം പഠിച്ചത് എന്ന പറയപ്പെടുന്നു. എന്നാൽ അത്തരമൊരു പാഠശാലയുടെ ചരിത്രപരതയെതന്നെ പല ചരിത്രകാരന്മാരും ചോദ്യം ചെയ്യുന്നുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ ഇറാനിലെ അഹ് വാസിലെ പാഠശാലയിൽ അക്കാലത്ത് ഗ്രീക്ക് ചികിത്സാ ശാസ്ത്രം പഠിപ്പിക്കപ്പെട്ടിരുന്നു എന്നതും ചരിത്രപരമായി യുക്തിസഹമല്ല. മൂന്നാമതായി 'താരീഖ് അൽ- റുപുലി വൽ-മുൽക്' തുടങ്ങിയ പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിൽ ഇബ്നു കൽദ തന്നെ പ്രവാചകൻ(സ)ന്റെ സത്യസന്ധതയെയും ഖുർആനിന്റെ അമാനുഷിക വിവരണ രീതിയെയും പുകഴ്ത്തുന്നതായി പറയുന്നുണ്ട്. ഇബ്നു കൽദയുടെ ആശയങ്ങള്‍ നബി(സ) പകര്‍ത്തിയതാണെങ്കില്‍ ഇത്തരമൊരു പുകഴ്ത്തല്‍ അദ്ദേഹത്തിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യുന്നതാണ്.
നാലാമതായി, ഇബ്നു കൽദ ത്വായിഫുകാരനാണ്. ത്വായിഫ് ഇസ്ലാമുമായി ബന്ധപ്പെടുന്നത് നബി(സ)യുടെ മദീനാ ഹിജറക്ക് ശേഷം എട്ടാം വർഷത്തിൽ മാത്രമാണ്. ഖുർആനിലെ ഭ്രൂണ ശാസ്ത്ര വിവരണങ്ങൾ അധികവും ഇറങ്ങിയിരിക്കുന്നതാവട്ടെ സൂറത്തുൽ മുഅ്മിനൂൻ എന്ന അധ്യായത്തിലാണ്. ഈ അധ്യായം ഈ പറഞ്ഞ ഹിജ്റ എട്ടാം വർഷത്തിന്റെ എത്രയോ മുമ്പ് ഇറങ്ങിയതാണ്. അതായത് നബി ഹാരിസിനെ കണ്ടുമുട്ടാൻ സാധ്യതയുള്ള ഹിജ്റ എട്ടിനു മുമ്പ് തന്നെ ഖുർആൻ ഇപ്പോഴും പറയുന്ന ആ ശാസ്ത്രങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്. അഞ്ചാമതായി ഹാരിസ് ഇബ്നു കലദ ഒരു വൈദ്യൻ ആയിരുന്നു എന്നും തൻ്റെ അറിവിൽ മിടുക്കനായിരുന്നു എന്നും എല്ലാം സമ്മതിച്ചാൽ തന്നെ അദ്ദേഹത്തിൻ്റെ കരങ്ങളിൽ ഉണ്ടായിരുന്ന വൈദ്യശാസ്ത്രം ഗ്രീക്ക് വൈദ്യശാസ്ത്രം ആയിരുന്നു എന്നത് ഒട്ടും തെളിയിക്കാൻ കഴിയാത്ത കാര്യമാണ്. ആ കാലവും അതിനോട് അനുബന്ധിച്ച ഘടനകളും അത്തരം ഒരു തിരിച്ചറിവാണ് നമുക്ക് നൽകുന്നത്. അക്കാലത്ത് തായിഫിലും മറ്റും പ്രചാരം നേടിയിരുന്ന വൈദ്യശാസ്ത്രം പ്രാദേശിക അറബി നാട്ടറിവുകളെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു. അതല്ലാത്ത തികച്ചും വിദേശിയായ ഒരു സംസ്കാരത്തിൽ നിന്ന് ഹാരിസുബ്നു കൽദ വൈദ്യം പഠിച്ചു എന്നത് തന്നെ അംഗീകരിക്കാനും തെളിയിക്കാനും കഴയുന്നില്ലെങ്കിൽ പിന്നെ ഖുർആനിലെ ഭ്രൂണശാസ്ത്രം ആ വഴി കോപ്പിയടിച്ചതാണ് എന്ന് പറയുന്നതിലേറെ വലിയ വങ്കത്തം ഏതാണ് ഉള്ളത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso