ചേർത്തുപിടിക്കലിൻ്റെ സമീപന ശാസ്ത്രം
03-03-2024
Web Design
15 Comments
ടി എച്ച് ദാരിമി
ജ. സെ. ഏപ്പിക്കാട് മഹല്ല് കമ്മറ്റി
നമ്മുടെ നാട്ടിന്റെ പരിതസ്ഥിതിയിൽ മുസ്ലിം സമൂഹത്തിൻ്റെ കേന്ദ്ര സ്ഥാനം മഹല്ലുകൾ തന്നെയാണ്. നമ്മുടെ സമുദായത്തിന്റെ സാമൂഹ്യ ഘടനയും സത്യത്തിൽ അങ്ങനെയാണ്. നമ്മുടെ മുൻഗാമികളായ സമുദായ നായകന്മാർ അങ്ങനെ ഒരു കീഴ്‌വഴക്കം സമൂഹത്തിൽ ഉണ്ടാക്കിയതു കൊണ്ടാണ് അത് ഇവിടെ സ്ഥാപിതമായത്. പക്ഷെ, മഹല്ല് എന്ന് പറയുമ്പോൾ അത് പുതിയ അർത്ഥത്തിൽ പള്ളി കേന്ദ്രീകൃത സമൂഹം എന്നായി തീർന്നിരിക്കുന്നു. സത്യത്തിൽ സമുദായത്തിൻ്റെ ഏറ്റവും അടിസ്ഥാന യൂണിറ്റായ മഹല്ല് എന്ന ആശയത്തിന് കേന്ദ്രമായി ഒരു പള്ളി ഉണ്ടായിരിക്കണം എന്നൊന്നുമില്ല. ഏതായാലും പള്ളി മഹല്ലിന്റെ ആസ്ഥാനവും തലസ്ഥാനവും പള്ളി ആയിത്തീർന്ന നിലക്കും ജനങ്ങൾ അങ്ങനെ പരിഗണിക്കുന്ന നിലക്കും ആ പള്ളിയിലെ ഖാളി ആണ് മഹല്ലിലെ സമുദായത്തിന്റെ പരമോന്നത നേതാവും നായകനുമായി പരിഗണിക്കപ്പെടുന്നത്. അതിനാൽ എത്ര സ്വാധീന ശക്തി ഉണ്ട്, ഇല്ല എന്നതൊക്കെ മറ്റൊരു വിഷയമാണ് എങ്കിലും ഖാളി ഭരണാധികാരിയാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അവർ തങ്ങളുടെ ആരാധനകൾ നിർവഹിക്കുന്നു. പ്രധാന ചടങ്ങുകൾക്ക് അദ്ദേഹം കാർമികത്വം വഹിക്കുന്നു. അദ്ദേഹം സമയാസമയങ്ങളിൽ അവർക്ക് വേണ്ട മതപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നു. പ്രത്യേക സാഹചര്യങ്ങളിൽ വേണ്ട കാര്യങ്ങൾ അദ്ദേഹം അവരെ പഠിപ്പിക്കുന്നു. അവരുടെ വിവാഹങ്ങൾക്ക് കാർമികത്വം വഹിക്കുകയും പുതിയ ജീവിതത്തിലേക്ക് പാദമൂന്നുന്ന ദമ്പതികൾക്ക് വേണ്ടി അദ്ദേഹം പ്രത്യേകം പ്രാർത്ഥന നിർവഹിക്കുകയും ചെയ്യുന്നു. അദ്ദേഹം ഈ വിഷയകമായി നൽകുന്ന സാക്ഷ്യപത്രത്തെ ഗവൺമെന്റും കോടതികളും എല്ലാം ഒരാധികാരിക രേഖയായി പരിഗണിക്കുകയും ചെയ്യുന്നു. മാത്രമല്ല ജനങ്ങൾക്കിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാകുമ്പോൾ അവ ഒരു നിയമ നടപടിയിലേക്ക് പോകാതെ അദ്ദേഹം മാധ്യസ്ഥത വഹിച്ചു തീർക്കുന്നു. വെള്ളിയാഴ്ചയിലെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക പ്രഭാഷണം മഹല്ലത്തിലെ ജനങ്ങൾ എല്ലാവരും ബഹുമാനത്തോടു കൂടെ സാകൂതം ശ്രവിക്കുകയും ചെയ്യുന്നു. ഒരു പ്രാദേശിക ഭരണാധികാരിയുടെ മട്ടും ഭാവവും ഇവിടെയെല്ലാം നമുക്ക് കാണാൻ കഴിയും.
പക്ഷെ, ഏതൊരു ഭരണാധികാരിയും ശ്ലാഘിക്കപ്പെടുന്നത് അദ്ദേഹത്തിൻ്റെ കൃത്യ നിർവ്വഹണങ്ങളിൽ നീതിയും നെറിയും ചടുലതയും എല്ലാം പുലർത്തുമ്പോഴാണ്. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇക്കാര്യത്തിൽ മറ്റൊരു നിരീക്ഷണം കൂടി നാം അംഗീകരിക്കേണ്ടിവരും. നിയമങ്ങൾ പാലിക്കേണ്ടവരും നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട വരും ഭരണഘടനക്ക് വിധേയമാകേണ്ടവരും അതിനെല്ലാം മനസ്സാ സംതൃപ്തിയോടെ സന്നദ്ധമാകുന്നതിന് വേണ്ട സാഹചര്യം കൂടി ആ ഭരണാധികാരി ഉണ്ടാക്കുന്നുണ്ടോ എന്നതാണത്. അതായത് ഭരണാധികാരി നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കിയാൽ മാത്രം പോരാ മറിച്ച് അവ സ്വീകരിക്കുവാനും പാലിക്കുവാനും ഉള്ള സന്നദ്ധത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുക കൂടി വേണം. അപ്പോഴാണ് ശരിക്കും ഭരണാധികാരി നീതിമാനാകുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഈ ആശയത്തിന്റെ അർത്ഥം ഭരണീയരും ഭരണാധികാരിയും തമ്മിൽ ഒരു മാനസികമായ ഇഴയടുപ്പം ഉണ്ടായിരിക്കേണ്ടതുണ്ട് എന്നതാണ്. ഈജിപ്തിലെ പ്രവിശ്യാഭരണാധികാരിയായിരുന്നു രണ്ടാം ഖലീഫ ഉമർ(റ)വിന്റെ കാലത്ത് അംറ് ബിൻ ആസ്(റ). ഒരിക്കൽ അദ്ദേഹത്തെ ഖലീഫ വിളിച്ചുവരുത്തി എന്നിട്ട് ഇങ്ങനെ ചോദിച്ചു: 'നിങ്ങളുടെ പ്രദേശത്ത് ഒരു കളവ് നടന്നാൽ ആ പ്രതിയെ നിങ്ങൾ എങ്ങനെയാണ് ശിക്ഷിക്കുക?' ഒരു ശങ്കയുമില്ലാതെ അദ്ദേഹം പറഞ്ഞു, മത നിയമമനുസരിച്ച് കട്ടവന്റെ കൈകൾ ഛേദിച്ചു കളയും എന്ന്. അപ്പോൾ ഖലീഫ പറഞ്ഞു: 'അത് ദാരിദ്ര്യം കാരണം മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ സംഭവിച്ച മോഷണമാണ് എങ്കിൽ നിങ്ങൾ അയാളുടെ കൈ വെട്ടുകയല്ല, ഞാൻ നിങ്ങളുടെ കൈ വെട്ടുകയായിരിക്കും ഉണ്ടാവുക' .എന്ന്. കട്ടവന് എന്ത് ശിക്ഷ നൽകണം, അതെങ്ങനെ നടപ്പിലാക്കണം എന്നതൊക്കെ തീരുമാനിക്കുമ്പോൾ തന്നെ കളവിന്റെ സാധ്യതകളും സാഹചര്യങ്ങളും പരമാവധി അടക്കുവാനും കളവ് എന്നു പറയുന്ന സാമൂഹ്യ തിന്മയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുവാനും കഴിയണം എന്ന് ചുരുക്കം.
ഇതിനെല്ലാം വേണ്ടി ഒരു മഹല്ലിന്റെ ഖാസി സ്ഥാനം വഹിക്കുന്ന ആൾ ഓരോ കാര്യങ്ങളിലും വളരെ ശാസ്ത്രീയമായി മാത്രം ഇടപെടേണ്ടതുണ്ട്. അപ്പോൾ മാത്രമേ അയാൾ സമുദായത്തിന്റെ മനസ്സിൽ രേഖപ്പെടുത്തപ്പെടുകയുള്ളൂ എന്നത് നമ്മുടെ അനുഭവവും ചരിത്രവും ആണ്. അതിനുവേണ്ടി കാര്യങ്ങളിൽ അദ്ദേഹം ഉദാസീനത ഒന്നും കാണിക്കേണ്ടതില്ല. നിയമങ്ങളിലോ ചട്ടങ്ങളിലോ വിട്ടുവീഴ്ചയോ പൊളിച്ചെടുത്തോ ചെയ്യേണ്ടതുമില്ല. പിന്നെ അദ്ദേഹം ചെയ്യേണ്ടത് ഓരോ സാഹചര്യത്തെയും ആ സാഹചര്യത്തെ നേരിടേണ്ട രീതികളുടെ കൂട്ടത്തിൽ വച്ച് ഏറ്റവും നല്ല രീതിയിൽ തന്നെ പ്രതികരിക്കുക സമീപിക്കുക എന്നതാണ്. ഇമാം ഗസ്സാലി(റ)യോട് ഒരാൾ ചോദിക്കുന്നുണ്ട് ഒരിടത്ത്. നിസ്കരിക്കാത്തവനെ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന്. അപ്പോൾ തന്നെ അവൻ്റെ തല വെട്ടണം എന്ന് പറയാവുന്നതേയുള്ളൂ. ഇസ്ലാമിക ഭരണം നിലനിൽക്കുന്ന ശരീഅത്ത് പശ്ചാത്തല രാജ്യങ്ങളിലും സമൂഹങ്ങളിലും അതുതന്നെയാണ് നിയമവും. പക്ഷേ ഇമാം ഗസ്സാലി(റ) പറഞ്ഞത്, അദ്ദേഹത്തെ നാം കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു. മറ്റൊരു ഇമാം ഒരിടത്ത് ഒരിക്കൽ ഒരാൾ തെറ്റായി വുദു ചെയ്യുന്നത് കണ്ടു. അയാളോട് നേരിട്ട് അയാളുടെ വുദുവിന്റെ കാര്യത്തിൽ ഇടപെട്ട് സംസാരിക്കുന്നത് ചില പ്രയാസങ്ങൾ ഉണ്ടാക്കും എന്നത് വ്യക്തമായിരുന്നു. കക്ഷി അങ്ങനെയുള്ള ഒരാളായിരുന്നിരിക്കണം. എന്നാൽ അയാൾക്ക് തെറ്റു പറ്റുന്നത് വുദുവിലാണ്. അത് നിസ്കാരത്തിൻ്റെ പ്രധാന ഉപാധികളിൽ പെട്ടതുമാണ്. അതിൽ പിഴവ് പറ്റിയാൽ അത് അയാളുടെ നിസ്കാരത്തെ നേരിട്ട് ബാധിച്ചേക്കും. അതിനാൽ സംഗതി ഗുരുതരവുമാണ്. അതോടെ ആ ഇമാം ഈ ആളുടെ അടുക്കൽ വരികയും എന്നിട്ട് അയാളോട് ഇങ്ങനെ പറയുകയും ചെയ്തു: 'സുഹൃത്തേ, ഞാൻ ഇപ്പോൾ ഒരു വുളു ചെയ്യാം. അതിൽ വല്ല തെറ്റുമുണ്ടോ എന്ന് താങ്കൾ ഒന്ന് നോക്കണം' എന്ന്. എന്നിട്ട് അയാളുടെ മുമ്പിൽ വെച്ച് വളരെ പരിപൂർണ്ണവും സ്വീകാര്യവുമായ രീതിയിൽ ഇമാം വുദു ചെയ്തു. കക്ഷിയാവട്ടെ അത് നന്നായി നോക്കി നിൽക്കുകയും ചെയ്തു. അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇമാം തന്നെ തിരുത്തിയതാണ് എന്ന് അയാൾക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇസ്ലാമിക പ്രബോധനത്തിൻ്റെ സമീപന-ശൈലികളെ സംബന്ധിച്ചുള്ള നീണ്ട പഠനങ്ങളിൽ ഇത്തരം ഒരുപാട് അനുഭവങ്ങൾ കാണാം.
ഇത് പൊതു സേവനത്തിന്റെ ഒരു പ്രധാന ശൈലി തന്നെയാണ്. മറ്റുള്ളവരുമായി ഇടപെടുന്ന എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട കാര്യവുമാണ്. അപ്പോൾ മാത്രമായിരിക്കും അയാളുടെ ഇടപെടലുകൾ ഫലപ്പെടുക. ഒരു സാമൂഹിക ജീവി എന്ന നിലക്ക് മനുഷ്യൻ്റെ എല്ലാ കാര്യങ്ങളിലും ഉള്ളതും ഉണ്ടാകേണ്ടതും ഇടപെടലുകൾ തന്നെയാണ്. കാരണം അവൻ്റെ ജീവിതം അങ്ങനെയാണ് സൃഷ്ടാവിനാൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. മറ്റാരോടെങ്കിലും ബന്ധപ്പെടാതെ അവന് സ്വയമായി ജീവിച്ചു പോകാൻ കഴിയില്ല. അത് ചിലപ്പോൾ കുടുംബാംഗങ്ങളോടാവാം, അയൽക്കാരോട് ആവാം, പൊതു സമൂഹത്തോടാവാം... എവിടെയാണെങ്കിലും അത് വിജയിക്കുവാൻ സമീപനങ്ങൾ വളരെ ശാസ്ത്രീയവും മാന്യവും ആയിരിക്കേണ്ടതുണ്ട് എന്ന് ചുരുക്കം. ഒരു മഹല്ലിന്റെയും ഒരു പ്രത്യേക സമുദായത്തിന്റെയും കാര്യത്തിൽ ആവുമ്പോൾ പ്രത്യേകിച്ചും ഇത് പരിഗണിക്കപ്പെടേണ്ടതുണ്ട്. കാരണം തൻ്റെ മുന്നിലുള്ള സമൂഹത്തിൽ വിവിധ സ്വഭാവക്കാരും ചിന്താഗതിക്കാരും എല്ലാം ഉണ്ടാകും. അവരെ എല്ലാവരെയും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോവുകയാണ് ഖാസിയുടെ ദൗത്യം. അതിന് പാകപ്പെട്ട സമീപന രീതി അനിവാര്യമാണ്. ഖാസിമാരാകാൻ പോകുന്ന മതപണ്ഡിതന്മാർക്ക് സത്യത്തിൽ ഇങ്ങനെ ഒരു മനശാസ്ത്ര പരിശീലനം അവശ്യം ആവശ്യമാണ് എന്ന് ഇവിടെ ഉണർത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ ചെറിയ ചില നീക്കങ്ങളെല്ലാം ചില കോണുകളിൽ ഉണ്ട് എന്നത് സത്യവും സന്തോഷകരവുമാണ്. പക്ഷേ അധിക ഖാസിമാരിലും കാണുന്നത് അവരുടെ നൈസർഗികമായ കഴിവുകളെ ആശ്രയിച്ചാണ് അവരുടെ സമീപനങ്ങൾ രൂപപ്പെടുന്നത് എന്നാണ്. അത് മാത്രം മതിയാവാത്ത പുതിയ കാലത്താണ് നാം എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ നമ്മുടെ മത ഉന്നത വിദ്യാഭ്യാസ മേഖല ഇത്തരത്തിലുള്ള ഒരു കാര്യം ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതിൻെറ അഭാവത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഖാസിയായി അവരോധിതനാകുന്നതോടുകൂടെ താൻ ഒരു സുൽത്താന്റെയോ ഭരണാധികാരിയുടെ പദവിയിലേക്ക് ഉയർന്നിരിക്കുന്നു എന്ന ഒരു തോന്നൽ മനസ്സിനെ പിടികൂടുകയും അതിനനുസരിച്ച് മിമ്പറിന്റെയും മിഹ്റാബിന്റെയും മുമ്പിൽ വെച്ച് ആജ്ഞാസ്വരത്തിലും അഹങ്കാരത്തിലും മാത്രം സംസാരിക്കുകയും ചെയ്യുന്ന എത്രയോ ഖാസിമാരും ഖത്തീബുമാരും ഉണ്ട്. ചുമതല ഏറ്റെടുത്ത് പുതുക്കം മാറും മുമ്പ് തന്നെ അവരെല്ലാം വിശ്വാസികളുടെ മനസ്സിൽ ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സമീപനങ്ങളിൽ വരുന്ന ശ്രദ്ധയില്ലായ്മ അയാളെയും അയാളുടെ സേവനത്തെയും പ്രതികൂലമായി മാറാറുണ്ട് മാറ്റാറുണ്ട്. അതുകൊണ്ടാണ് ഏറിയ പങ്കും ഖാസിമാരും ഖത്തീബുമാരും സ്ഥിരമായി ഒരിടത്ത് ഉറച്ചു നിൽക്കാത്തത്. കൂട്ടത്തിൽ അങ്ങനെ നിൽക്കുന്നവരും ഉണ്ട് എന്ന് പറയാതെ വയ്യ. വളരെ കുറവാണ് അവരുടെ എണ്ണം എന്നതോടൊപ്പം അവർ മേൽ പറഞ്ഞതുപോലെ ഉള്ള മാന്യമായ സമീപനം പുലർത്തുന്നവർ ആയതുകൊണ്ട് തന്നെയാണ് അങ്ങനെ നിൽക്കുന്നത്. എന്നാൽ എല്ലാവരും ഇങ്ങനെ സ്ഥലം മാറിപ്പോകുന്നത് ഇതുകൊണ്ടാണ് എന്ന് പറയുകയല്ല. അപൂർവ്വം ചിലർ തന്നെ കൊണ്ട് അസ്വസ്ഥതകൾ ഉണ്ടാവരുതേ എന്ന് ഭയപ്പെട്ടുകൊണ്ട് പോകുന്നവരും ഉണ്ടാകും. ഏതായാലും സമീപനങ്ങൾ കൊണ്ട് സുന്ദരമായി തന്നെ അടയാളപ്പെടുത്തുന്ന ഖാസിമാരും ഖത്തീബുമാരും ധാരാളം ഉണ്ട് എന്നത് ഒരു വസ്തുതയാണ്. അവർ ഒരു മഹല്ലിൽ നിന്ന് പോന്നാൽ തന്നെയും അവിടുത്തെ ജനങ്ങളുടെ മനസ്സിൽ സജീവമായി നിൽക്കാറുണ്ട്. അത്തരം ഒരു അനുഭവം വിനീതനായ എനിക്കുമുണ്ട്. അത് പറയാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരു ആമുഖം പറഞ്ഞു വന്നത്.
മലപ്പുറം ജില്ലയിൽ പടിഞ്ഞാറൻ വള്ളുവനാട്ടിൽ മേലാറ്റൂരിൽ നിന്ന് കരുവാരകുണ്ടിലേക്ക് പോകുന്ന സംസ്ഥാന പാതയുടെ വലതുവശത്തായി എടപ്പറ്റ ഗ്രാമത്തിന്റെ ആസ്ഥാനമായ ഏപിക്കാട് എന്ന പ്രദേശമാണ് ഞങ്ങളുടെ മഹല്ല്. ഇവിടെയുള്ള ജുമാഅത്ത് പള്ളിക്ക് പ്രായം ഒരു നൂറ്റാണ്ടിനോട് അടുക്കുകയാണ്. ഒരുപാട് പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഉലമാക്കളോ ഉമറാക്കളോ ഉള്ള ഒരു മഹല്ലൊന്നും അല്ല ഞങ്ങളുടേത് എങ്കിലും അവിടെ എല്ലാ കാലങ്ങളിലും വലിയ ദറസ്സുകൾ നടന്നു വന്നിട്ടുണ്ട് എന്നത് ഞങ്ങളുടെ ഒരു അനുഗ്രഹമാണ്. നിരവധി പണ്ഡിതന്മാരെ ഈ മഹല്ല് വാർത്തു വിട്ടിട്ടുണ്ട്. ഇവിടെ സേവനം ചെയ്തു കടന്നുപോയ മഹാന്മാരുടെ കൂട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ അധ്യക്ഷൻ കുമരംപുത്തൂർ എ പി മുഹമ്മദ് മുസ്ലിയാർ, വേങ്ങൂർ പി വി അബൂബക്കർ മുസ്ലിയാർ, വല്ലപ്പുഴ ഉണ്ണീൻകുട്ടി മുസ്ലിയാർ, എം അബ്ദുൽ ഖാദർ മുസ്ലിയാർ കാപ്പ് തുടങ്ങിയ വലിയ പണ്ഡിതന്മാരുടെ ഒരു നിര തന്നെയുണ്ട്. അവരിൽ ജീവിച്ചിരിക്കുന്നവരാകട്ടെ സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻകുട്ടി മുസ്‌ലിയാർ മുതൽ പല പ്രഗൽഭരമുണ്ട്. പുതിയ തലമുറയിൽ പെട്ട ഇവിടെ സേവനം ചെയ്ത പണ്ഡിതന്മാരുടെ നിരയും വളരെ നീണ്ടതാണ്. അവരുടെ കൂട്ടത്തിൽ പലതരത്തിലും പ്രശസ്തരായ ആൾക്കാർ ഉണ്ടായിട്ടുണ്ട് എങ്കിലും സാധാരണ നാട്ടുകാരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവരായി അപൂർവ്വം ചില പണ്ഡിതന്മാർ മാത്രമാണ് ഉള്ളത്. അവരിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരാൾ ബഹുമാന്യനായ കബീർ ഫൈസി ചെറുകോട് ആയിരിക്കും. ഈ ലേഖനം ഞാൻ സ്വകാര്യമായും സ്വന്തമായും എഴുതുകയാണ്. പക്ഷേ ഇത് പ്രസിദ്ധീകരിക്കപ്പെടും എന്നത് ഉറപ്പാണ്. ആയതിനാൽ ഞാൻ എഴുതിയ ഈ വസ്തുത ഇന്നല്ലെങ്കിൽ നാളെ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ എൻ്റെ മഹല്ലിലെ കുറച്ച് ആൾക്കാരുടെയെങ്കിലും കരങ്ങളിൽ എത്തിച്ചേരും എന്നത് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ അവർക്ക് എന്നെ ഒരിക്കലും കുറ്റപ്പെടുത്തേണ്ടി വരില്ല. കാരണം ഞാൻ ഇവിടെ പറഞ്ഞത് നാട്ടിലെ ജനങ്ങളുടെ ഏകണ്ഠമായ ഒരു പൊതുഅഭിപ്രായം തന്നെയാണ്.
അദ്ദേഹം സേവനം മതിയാക്കി ഇവിടെ നിന്ന് മാറിയിട്ട് ഏറ്റവും കുറഞ്ഞത് 15 വർഷമെങ്കിലും ആയിട്ടുണ്ടാകും എന്നാണ് എൻ്റെ അനുമാനം. ഇത്രകാലമായിട്ടും ആ ഓർമ്മകൾക്ക് തിളക്കക്കുറവോ മങ്ങലോ തിരുത്തോ ഒന്നും വന്നിട്ടില്ല, വേണ്ടിവരില്ല എന്നു പറയുമ്പോൾ അത് ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ അദ്ദേഹത്തിൻ്റെ സമീപനത്തിലെ വ്യത്യസ്തതയും വ്യതിരിക്തതയുമാണ് സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് അനിഷ്ടം ഉണ്ടാകുന്ന ഒരു വാക്കോ നീക്കമോ അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല. ഒരു ഖാസിയുടെ ഏറ്റവും വലിയ കഴിവുകൾ പ്രകടമാക്കുക വെള്ളിയാഴ്ചകളിലാണ്. അന്നാണ് ഖാസി ഏതാണ്ട് മഹല്ലിലെ പുരുഷന്മാരെ മുഴുവനും കാണുന്നത്. വെള്ളിയാഴ്ചകളിൽ അദ്ദേഹത്തിൻെറ സമീപനത്തിൽ കാര്യമായ പ്രത്യേകതകൾ ഉണ്ടായിരുന്നു. ഒന്നാമതായി അദ്ദേഹത്തിന്റെ ജുമുഅ പ്രഭാഷണം ആണ്. ജുമുഅക്ക് മുമ്പായി ചെയ്യാറുള്ള ആ പ്രസംഗത്തിനു വേണ്ടി അദ്ദേഹം നന്നായി ഹോം വർക്ക് ചെയ്യുമായിരുന്നു എന്ന് എന്നെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും. കാരണം ഒരു വിഷയം അതിൻ്റെ പ്രാധാന്യം ഒട്ടും ചോർന്നു പോവാതെ എന്നാൽ ജനങ്ങൾക്ക് സമയം നീളുന്നതുകൊണ്ട് മുഷിപ്പ് ഉണ്ടാവാതെ ജനങ്ങളുടെ ശ്രദ്ധയെ പരമാവധി ഒപ്പം കൊണ്ടുപോകുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അത് സമുദായത്തിന് ഇഷ്ടമുള്ള കാര്യമാണ്. ഒരുപാട് അവിശ്വസനീയമായ കഥകളോ മറ്റോ പറയുന്നതിനപ്പുറം ശരിയായ കാര്യങ്ങൾ മാത്രം ശരിയായ വികാരത്തിൽ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. രണ്ടാമത്തേത് ഖുതുബയിലും നിസ്കാരത്തിലും പുലർത്തുന്ന ശ്രദ്ധയാണ്. അതുകൊണ്ട് ഈ രണ്ടു കാര്യങ്ങളിലൂടെ പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യമായി. പിന്നെ നല്ല ഒരു മതപ്രഭാഷകനായിരുന്നതുകൊണ്ട് അദ്ദേഹത്തിൻെറ വേദികൾ ഉപയോഗപ്പെടുത്തി സ്ത്രീജനങ്ങളിലേക്കും മറ്റുമെല്ലാം അദ്ദേഹത്തിന് ഇതേപോലെ കടന്നു ചെല്ലാൻ കഴിഞ്ഞു.
മഹല്ലിന്റെ എല്ലാവിധ പുരോഗതിയെക്കുറിച്ചും ചിന്തിക്കുവാൻ അദ്ദേഹം കമ്മറ്റിയോടൊപ്പം കൂട്ടിനുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളും പ്രയാസങ്ങളും വന്നാൽ മഹല്ലിലെ ആരുടെയെങ്കിലും ഒപ്പം കൂടി അത് വലുതാക്കാതെ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിൻെറ രീതിയായിരുന്നു. ഞങ്ങളുടെ നാട്ടിലെ പഴയ മദ്രസ കെട്ടിടത്തിൻ്റെ പുനർനിർമ്മാണ സമയത്ത് ഉണ്ടായ ചെറിയ ഒരു സാങ്കേതിക പ്രശ്നം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ഈ വിനീതനും അദ്ദേഹവും കൂടി രാത്രി എല്ലാവരും അടങ്ങിയതിനുശേഷം അതിലെ പ്രധാന കക്ഷിയുടെ അടുക്കൽ പോയതും ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം നേടിഎടുത്തതും ഇപ്പോഴും ഓർക്കുന്നു. മറ്റൊരു ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിൻ്റെ സമീപനത്തിൽ കണ്ടിട്ടുള്ളത് നാട്ടിലെ യുവ സമൂഹത്തിൽ അദ്ദേഹം ചെലുത്തിയ വലിയ സ്വാധീനമാണ്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ചെറുപ്പക്കാരുടെ ഒരു വലിയ നിര തന്നെ സദാസമയവുമെന്നോണം പള്ളിയെ ചുറ്റിപ്പറ്റി ഉണ്ടായി ഉണ്ടായിരുന്നു. അത് പിന്നീട് അതേപോലെ തുടരാൻ കഴിഞ്ഞിട്ടില്ല എന്നതും ഒരു വസ്തുതയാണ്. കുട്ടികളോട് അവരുടെ ഭാഷയിലും അവർക്ക് പ്രോത്സാഹനാത്മകമായും സംസാരിക്കുക മാത്രമാണ് സത്യത്തിൽ അദ്ദേഹം ചെയ്തിരുന്നത്. അതിലൂടെ ആ യുവജനങ്ങൾ ഉസ്താദ് നമ്മെ പരിഗണിക്കുന്നു എന്ന തിരിച്ചറിവിലേക്ക് കടന്നു. ആ തിരിച്ചറിവാണ് അദ്ദേഹത്തിൻെറ വിരൽതുമ്പിലേക്ക് അവരെ നയിച്ചത് എന്നത് ഒരു വസ്തുതയാണ്. ഇങ്ങനെ ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾ ഈ മഹല്ലത്തുകാർക്ക് ബഹുമാന്യനായ കബീർ ഫൈസിയെ കുറിച്ച് ഉണ്ട്. ഇപ്പോൾ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തിൻ്റെ തന്നെ കാർമികത്വത്തിൽ ആണ് എന്നതിനാൽ ഇങ്ങനെ കൂടുതൽ പറയുന്നത് അനൗചിത്യമായി പോകും എന്ന് ഭയപ്പെടുന്നതിനാൽ ഇതിത്ര പറഞ്ഞ് അവസാനിപ്പിക്കുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ സേവനങ്ങൾക്കും എല്ലാവിധ സ്വീകാര്യതകൾക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso