Thoughts & Arts
Image

വിവാഹം: വയസ്സും പ്രായവും രണ്ടാണ്

03-03-2024

Web Design

15 Comments

*
ടി എച്ച് ദാരിമി







സമയവും നേരവും ഒന്നല്ല, രണ്ടാണ് എന്നുപറയുന്നത് പോലെയാണ് വയസ്സും പ്രായവും. വിവാഹത്തിന്റെ പ്രായത്തിന്റെ കാര്യത്തിലുള്ള ചർച്ചകളിൽ ഈ വ്യത്യാസം ഏറെ അനിവാര്യമായ ഒരു ഘടകമാണ്. ഇതു മനസ്സിലാക്കാത്ത പലരുമാണ് ഈ വിഷയത്തിൽ കലപില കൂട്ടുന്നത്. വയസ്സ് ജീവിച്ച വർഷങ്ങളുടെ സംഖ്യയാണ്. എന്നാൽ പ്രായം പക്വതയുടെ അളവാണ്. ഇതാണ് വ്യത്യാസം. ഇത്തരം ഒരു വ്യത്യാസത്തിന്റെ സാംഗത്യം ബോധ്യമാകണമെന്നുണ്ടെങ്കിൽ ആദ്യം വിവാഹം എന്നത് എന്താണ് എന്നതും എന്തിനുള്ളതാണ് എന്നതും മനസ്സിലാക്കേണ്ടതുണ്ട്. വിവാഹം എന്നതിനെ മനുഷ്യൻെറ ലൈംഗിക ത്വരയുടെ ശമനത്തിനുള്ള ഒരു മാർഗ്ഗം മാത്രമായി കാണുന്നവരാണ് ഇത്തരം കലപില കൂട്ടുന്നവർ. അവർ അതിലെ ശരിയും തെറ്റും നിശ്ചയിക്കുവാൻ ജനന തീയതി വെച്ചുള്ള പ്രായത്തെ മാത്രം ആശ്രയിക്കുന്നു. നമ്മുടെ സാഹചര്യത്തിൽ പതിനെട്ടും ഇരുപത്തൊന്നും വയസ്സായാൽ പിന്നെ ചെയ്യുന്നതെല്ലാം നിയമാനുസൃതമായി എന്ന ഒരു നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. എന്നാൽ വിവാഹം എന്നത് പുതിയ ഒരു കുടുംബത്തിന്റെ സംസ്ഥാപനമാണെന്നും രണ്ട് ലിംഗങ്ങൾ പരസ്പരം ചേർന്ന് ലൈംഗികം മാത്രമല്ല ലൈംഗികേതരം കൂടിയായ ജീവിത വ്യവഹാരങ്ങളെല്ലാം പങ്കുവെച്ച് പുതിയൊരു ജീവിത താളം ഉണ്ടാക്കുകയാണ് എന്നും മനസ്സിലാക്കുന്നവർക്ക് വിവാഹത്തിൽ വയസ്സിനെയല്ല പക്വതയുടെ അടയാളമായ പ്രായത്തെയാണ് പരിഗണിക്കാൻ കഴിയുക. ലൈംഗികത എന്നത് മനുഷ്യ വികാരങ്ങളിൽ ഏറ്റവും ചൂടുള്ള ഒന്നായതിനാൽ അതിന് മനുഷ്യന്റെ വിചാരതലത്തിൽ മുൻകൈ ഉണ്ടാകുന്നു എന്നത് ശരിയാണെങ്കിലും സത്യത്തിൽ കുടുംബജീവിതത്തിലെ വളരെ ചെറിയ ഒരു അംശം മാത്രമാണ് ലൈംഗികത. ഒരാണും പെണ്ണും മനസ്സ് പങ്കുവെക്കുകയും അങ്ങനെ ജീവിക്കാൻ വിവാഹമെന്ന സാമൂഹ്യ അനുവാദം ലഭിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായ ആകർഷണം ഉണ്ടാകുന്നു, അതിന്റെ ഒരു പ്രതിപ്രവർത്തനം മാത്രമാണ് വൈവാഹിക ജീവിതത്തിലെ ലൈംഗികത. അതിന്റെ എത്രയോ ഇരട്ടി കാര്യങ്ങളിലെ അനുഭവവും ആസ്വാദനവുമാണ് സത്യത്തിൽ വിവാഹ ജീവിതം. അതിനാൽ അതിനു രണ്ടു പേരും പക്വത നേടിയിട്ടുണ്ടോ എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്. അത് നേടുന്ന പ്രായത്തെയാണ് വിവാഹ പ്രായമായി ഗണിക്കേണ്ടതും പരിഗണിക്കേണ്ടതും.



ഇതാണ് വിശുദ്ധ ഖുർആനിന്റെ ഈ വിഷയത്തിലുള്ള നിലപാട്. ഈ ആശയത്തിലാണ് ഈ വിഷയം ഖുർആൻ പറഞ്ഞിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം ദര്‍ശിക്കുന്ന പക്ഷം അവരുടെ സ്വത്തുകള്‍ അവര്‍ക്കു വിട്ടുകൊടുക്കുക' (4 : 6). ഇവിടെ ‘വിവാഹപ്രായമെത്തിയാല്‍’ എന്ന വിശുദ്ധ പരാമര്‍ശം വിവാഹത്തിന് ഒരു പ്രായമുണ്ട് എന്ന വസ്തുതയിലേക്ക് സൂചന നല്‍കുകയാണ്. പക്ഷേ അത് എത്രയാണ് എന്ന് പറയുന്നില്ല. അതിന്റെ സംഖ്യ നിശ്ചയിക്കുന്നില്ല. കാരണം അത് പ്രായോഗികമല്ല. മനുഷ്യൻെറ സൃഷ്ടാവിനാണ് മനുഷ്യന്റെ മാനസികവും ശാരീരികവുമായ അവസ്ഥകളെല്ലാം അറിയുക. അതിനാൽ അവന്റെ വചനത്തിൽ അപ്രായോഗികത കടന്നുകൂടുകയില്ല. കാരണം നേരത്തെ പറഞ്ഞ പക്വത കാലം, ദേശം, ഭൂപ്രകൃതി, ആഹാര സമ്പ്രദായം, സാമൂഹിക പശ്ചാതലം, വര്‍ഗസവിശേഷതകള്‍, പാരമ്പര്യം, ഹോര്‍മോണുകളുടെ വളര്‍ച്ച, ശാരീരിക - മാനസിക വളര്‍ച്ച, ലൈംഗികാവയവങ്ങളുടെ വളര്‍ച്ച തുടങ്ങി ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിലെന്നും മനുഷ്യര്‍ക്ക് ഒരു പൊതുസ്വഭാവം ഇല്ലതന്നെ. പിന്നെ എങ്ങിനെയാണ് അതിനൊരു പ്രായം നിശ്ചയിക്കുക? അതിനാൽ ഓരോ മനുഷ്യനും തനിക്ക് അനുയോജ്യമായ ഒരു കാലഘട്ടത്തെ, ചുറ്റുപാടുകള്‍ക്കും അവസ്ഥകള്‍ക്കും അനുസൃതമായി തിരഞ്ഞെടുക്കുക എന്ന നിലയിലാണ് ഇസ്‌ലാം വിവാഹപ്രായത്തെ കാണുന്നത്. അതാണ് ഏറ്റവും ശരിയായ നിലപാടും.



ഈ ആശയം വ്യക്തമായി ഖുർആൻ പറയുന്നില്ലെങ്കിലും പലയിടത്തും ഈ ധ്വനി പ്രകടമാണ്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്” (2 : 228). സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്‍നിന്നും കിട്ടേണ്ടുന്ന ന്യായമായ അവകാശങ്ങളില്‍ പെട്ടതാണ് ലൈംഗികാവകാശം. തന്റെ ഭര്‍ത്താവില്‍നിന്നും ലൈംഗിക സുഖവും തൃപ്തിയും അനുഭവിക്കാനും ആസ്വദിക്കാനും അവള്‍ക്കാകണം. അത് അവൾക്ക് താൽക്കാലിക രതി മൂർച്ച മാത്രമല്ല, മാനസികമായ വികാസവും മനോവികാരങ്ങളുടെ ബലവും പ്രദാനം ചെയ്യുന്നു. കുഞ്ഞുങ്ങളെ പ്രസവിക്കുവാനും അവരെ സ്നേഹം കൊടുത്ത് വളർത്തിയെടുക്കുവാനും മുതൽ മാതൃത്വം എന്ന മഹാദൗത്യം നിർവഹിക്കാൻ ആവശ്യമായ മനോവികാരങ്ങളിലേക്ക് എല്ലാം അവൾ വളരുന്നത് ഈ ലൈംഗികതയുടെ അരുകുപറ്റിയാണ്. 'എന്റെ ഭാര്യ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതുപോലെ അവള്‍ക്കുവേണ്ടി ഞാനും അണിഞ്ഞൊരുങ്ങാറുണ്ട്. അവളോടുള്ള ബാധ്യതകള്‍ ഞാന്‍ നിറവേറ്റാറുമുണ്ട്. അപ്പോള്‍ അവളുടെ ബാധ്യതകള്‍ അവളും നിറവേറ്റും. അല്ലാഹു പറഞ്ഞുവല്ലോ, അവള്‍ക്ക് ബാധ്യതകളുള്ളതുപോലെ അവകാശങ്ങളുമുണ്ടെന്ന്' ഈ അർഥത്തിൽ ഒരിടത്ത് ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട്. ഈ ആസ്വാദനത്തിന് കഴിയണമെന്നുണ്ടെങ്കിൽ പക്വതയുള്ള പ്രായം അവൾക്ക് എത്തിയിരിക്കുക തന്നെ വേണം.



ശാരീരികവും മാനസികവുമായ പക്വത എത്തിയിട്ടില്ലാത്ത പ്രായത്തിലുള്ള ലൈംഗിക ബന്ധം പലപ്പോഴും ഏകപക്ഷീയമായിരിക്കും. മേൽക്കയ്യും മേൽക്കോയ്മയും ഉള്ളതിനാൽ ആണിന് സുഖവും ആസ്വാദനവും തൃപ്തിയും ലഭിക്കുമ്പോള്‍ സ്ത്രീക്ക് പ്രയാസവും വെറുപ്പും വേദനയും മരവിപ്പുമാണ് ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ സംഭവിക്കുവാന്‍ ഏറെ സാധ്യത. ഇത്തരം ഒരു അനുഭവം ലൈംഗികതയോടും കുടുംബജീവിതത്തോടു തന്നെയും അവളിൽ ഒരു ഭയമാണ് ഉണ്ടാക്കി തീർക്കുക. അങ്ങനെയാണ് സംതൃപ്തമല്ലാത്ത കുടുംബ ജീവിതങ്ങൾ നയിക്കുന്ന സ്ത്രീകൾ മാനസികമായും ശാരീരികമായും നേരത്തെ തന്നെ തളർന്നു പോകുന്നത്. ഈ തളർച്ച അവൾ ഉൽപ്പാദിപ്പിക്കുന്ന കുഞ്ഞുങ്ങളിലും ഉണ്ടാകുന്നു. മാത്രമല്ല രതിയിൽ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. രതി നിരന്തരമായി ഏകപക്ഷീയമാകുമ്പോൾ ഭർത്താവിന് ആദ്യം അസംതൃപ്തിയും പിന്നെ വെറുപ്പും അനുഭവപ്പെടാൻ തുടങ്ങും. അത് ഒരു കുടുംബത്തിന്റെ തകർച്ചയിൽ ആയിരിക്കും കലാശിക്കുക. വിവാഹ പ്രായം എന്നത് ഇത്ര ദൂരവ്യാപകമായ സ്വാധീനം ഉണ്ടാക്കുന്ന ഒന്നാണ്.



ഇത്തരം ഒരു പക്വത ഇല്ലെങ്കിൽ ‘ദമ്പതിമാര്‍ പരസ്പരം വസ്ത്രം പോലെ’ എന്ന ഇസ്‌ലാമിന്റെ താല്‍പര്യം അവിടെ സംരക്ഷിക്കപ്പെടില്ല എന്നത് മറ്റൊരു കാര്യം. വസ്ത്രം എന്നത് ഓരോരുത്തരുടെയും മറയും അലങ്കാരവും ഭംഗിയും ആഡംബരവും എല്ലാമാണ്. ഇവ ഓരോന്നിലും ഉള്ളടങ്ങിയിരിക്കുന്നതും ആസ്വാദനം തന്നെയാണ്. അതിനാൽ അവയും ഏകപക്ഷീയമായിരിക്കുക ന്യായമല്ല. ഈ വസ്ത്ര സങ്കൽപം ആണ് വൈവാഹിക ജീവിതത്തിലൂടെ സംജാതമാകേണ്ടുന്ന പ്രണയവും കാരുണ്യവും എല്ലാം ഉറപ്പുവരുത്തുന്നത്. അവ സ്വീകരിക്കാൻ ആവശ്യമായ പക്വതയുള്ള പ്രായമായിട്ടില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിലൂടെ ലഭിക്കേണ്ടുന്ന ശാന്തിയും സന്തോഷവും സംതൃപ്തിയും നഷ്ടമാകും. അതിനാല്‍ വിവാഹപ്രായം എന്നത് സ്ത്രീപുരുഷന്‍മാരുടെ ലൈംഗികവും ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിന്റെ വെളിച്ചത്തിൽ പുതിയ കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ വിവാഹപ്രായമായി നിര്‍ദേശിക്കപ്പെടുന്ന ഇരുപത്തിയൊന്ന് വയസ്സ് എന്നത് ഒരിക്കലും ശാസ്ത്രീയമായ ഒരു നിര്‍ണ്ണയമാവില്ല. ഇരുപത്തിയൊന്ന് വയസ്സിന് എത്രയോ മുമ്പുതന്നെ ലൈംഗികത അനുഭവിക്കുവാനും ആസ്വദിക്കുവാനും പല സ്ത്രീകളും പാകതയും പക്വതയും എത്തിയിരിക്കും. ഇരുപത്തിയൊന്ന് വയസ്സുവരെ തന്റെ ലൈംഗിക ദാഹത്തെ തടുത്തുനിര്‍ത്താന്‍ കഴിയാത്ത എത്രയോ സ്ത്രീകളാണ് നമുക്കിടയില്‍ ജീവിക്കുന്നത്. മറുവശത്ത് 21 വയസ്സ് ആയിട്ടും ആവശ്യത്തിനുള്ള പക്വത കൈ വന്നിട്ടില്ലാത്ത മാനസികമോ ശാരീരികമോ ആയ പരിമിതികൾ നേരിടുന്നവരും ഉണ്ടാകും. സാമൂഹ്യ ഉത്തരവാദിത്വങ്ങളുടെ കാര്യം വേറെ. അത് കയ്യാളുവാനും അതിൽ തന്റെ ദൗത്യം നിർവഹിക്കുവാനും ആവശ്യമായ പക്വത ഉണ്ടാവേണ്ടതുണ്ട്. അവൾക്ക് ആ പക്വത കുറവായാൽ ആ കുറവ് അവളുടെ ജീവിത താളത്തിൽ വളരുന്ന കുഞ്ഞുങ്ങളിലും ഉണ്ടാകുമെന്ന് ഉറപ്പാണ്.



ഇന്ത്യയിലും മറ്റു ലോകരാജ്യങ്ങളിലുമെല്ലാം വിവാഹത്തിന് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ അത് സ്ത്രീകൾക്ക് പതിനെട്ടും പുരുഷന്മാർക്ക് ഇരുപത്തിയൊന്നുമാണ്. അതിൽ തന്നെ ഭേദഗതി വരാനിരിക്കുന്നു എന്ന കിംവദന്തിയുണ്ട്. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി മാറ്റുവാനുള്ള സമ്മർദ്ദങ്ങൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ ഇടപെടൽ ഇത്തരം കാര്യങ്ങളിൽ രാജ്യം ഗൗരവമായി എടുക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഭരണ വിഭാഗത്തിലെ ഓരോരുത്തരെയും മഥിക്കുന്ന ചിന്തകൾക്കനുസൃതമായി നിയമങ്ങൾ ഉണ്ടാക്കുകയും നടപ്പിൽ വരുത്തുകയും മാത്രമാണ് ചെയ്യുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായത്തിലാണ് ഭരണകൂടങ്ങൾ പൊതുവേ കളിച്ചുവരുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന പല ഒറ്റപ്പെട്ട സംഭവങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും ഇതിനെ ന്യായീകരിക്കാറുണ്ട്. ഒറ്റപ്പെട്ടതിനെ പൊതുവത്കരിക്കുക എന്നത് സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് ഉണ്ടാകുന്നതാണ്. ഒരു രാജ്യം എന്ന നിലക്ക് അതിന്റെ ശാന്തമായ നിലനിൽപ്പ് മുസ്ലിംകൾ അടക്കം എല്ലാവർക്കും അനിവാര്യമായതിനാൽ ഇത്തരം നിയമങ്ങൾ അനുസരിക്കുന്നത് തന്നെയാണ് ബുദ്ധി. അത് മതപരമായി തെറ്റാകുന്നില്ല എന്ന് പറയുമ്പോൾ പ്രത്യേകിച്ചും. അതിനാൽ ആ ചർച്ച നമുക്ക് അവിടെ അവസാനിപ്പിക്കാവുന്നതാണ്. പക്ഷേ ഇതിന്റെ എല്ലാം ഉള്ളിൽ നടക്കുന്ന ചർച്ചകളുടെ പ്രധാനപ്പെട്ട ഒരു പ്രേരകം ഇസ്ലാം വിരോധമാണ് എന്ന് തോന്നിപ്പോകുന്ന ചില നിലപാടുകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അത് ഇസ്ലാം ശൈശവ വിവാഹത്തെ അംഗീകരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ ധ്വനിയുള്ള ചില അഭിനവ നവോത്ഥാനക്കാരുടെ ജല്പനങ്ങളാണ്.



അതിൻെറ മറുപടിയിലേക്ക് കടക്കുന്നതിന് മുമ്പ് നമ്മുടെ ഗ്ലോബിലൂടെ ഒരു നിരീക്ഷണ പര്യടനം നടത്തുന്നത് നന്നായിരിക്കും. ആദ്യമായി ഒരു കാര്യം പറയാം. ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനസമൂഹങ്ങളില്‍ വിവാഹപ്രായം വ്യത്യസ്തമാണ്. 50-100 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ആയിരുന്നു. 1998ല്‍ UNICEF ന്റെ കീഴിലുള്ള international cetnre for research on women ഇന്ത്യയില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാലവിവാഹം ആയിരുന്നു എന്നതാണ്. ഐക്യരാഷ്ട്ര സംഘടന 2005ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 14 ലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിലാണ് എന്നാണ്. 15 വയസ്സിനും 18 വയസ്സിനും ഇടയില്‍ വിവാഹിതരായവര്‍ 4 കോടി 63 ലക്ഷം പേരായിരുന്നു. ഈ കണക്ക് ചൂണ്ടിക്കാണിക്കുന്നത് കാലം തലമുറ തുടങ്ങിയവ മാറുമ്പോൾ കാര്യങ്ങളിൽ ശക്തമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതുകൂടി പറയുവാനാണ്. അത് ലോകത്തെ എല്ലാ ജനസമൂഹങ്ങളിലും ബാധകമാണ് എന്നതുപോലെ ഇസ്ലാമിനും ബാധകം തന്നെയാണ്. ചില പ്രത്യേക കാലങ്ങളിലും ചില പ്രത്യേക സാഹചര്യങ്ങളിലും ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടിയും ചിലത് നടന്നിട്ടുണ്ടാകും. അതിനെ പൊതുവല്‍ക്കരിക്കുന്നത് മാന്യതയല്ല എന്ന് ചുരുക്കം.



ചില ഉദാഹരണങ്ങളിലൂടെ കൂടി കയറിയിറങ്ങേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി പരിശോധിച്ചാൽ അലാസ്‌കയിലും നോര്‍ത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്‌റ്റേറ്റുകളില്‍ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷങ്ങളിലെ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയിലെ 48 സ്‌റ്റേറ്റുകളിലും ചില നിബന്ധനകളോടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാവുക, പ്രസവിക്കുക, മാതാപിതാക്കള്‍ക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക ഇങ്ങനെയുള്ള അവസ്ഥകളില്‍ ഇതിലും താഴെയുള്ള പ്രായങ്ങളില്‍ (12 വയസ്സിനു താഴെ) പോലും അമേരിക്കയില്‍ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്. 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്. മാത്രമല്ല, ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14-16 വയസ്സാണ് എന്ന് കാണാനാകും. യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടിക്ക് 16 വയസ്സും ആണ്‍കുട്ടിക്ക് 18 വയസ്സുമാണ്.



പണ്ടത്തെ കഥയിലേക്കു വന്നാൽ അഭിനവ നവോത്ഥാനക്കാർക്ക് ഇസ്ലാമിനെ കുറ്റം പറയുമ്പോൾ ഒരു ചളിപ്പ് തോന്നിപ്പോകും. കാരണം, 1880ല്‍ അമേരിക്കയിലെ ഭൂരിപക്ഷം സ്‌റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്‌റ്റേറ്റില്‍ ഇത് വെറും ഏഴ് വയസ്സായിരുന്നു! ഇന്ത്യയിലേക്ക് വന്നാൽ അന്തിപ്പിക്കുന്ന ഉദാഹരണങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു പഞ്ഞവുമില്ല. പിതാവിൽ നിന്ന തുടങ്ങാം. മഹാത്മാഗാന്ധി കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേര്‍ക്കും പ്രായം 13 വയസ്സ്. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ ഭാര്യ ജാനകിയമ്മാള്‍ക്ക് 10 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ഭൗതികശാസ്ത്രജ്ഞന്‍ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാം വയസ്സില്‍ 11 വയസ്സുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 9 മക്കള്‍ ജനിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗിവര്യനുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്‍ തന്റെ ഇരുപത്തി മൂന്നാം വയസ്സില്‍ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു.
പത്രമുത്തശ്ശി മലയാള മനോരമയുടെ സ്ഥാപകന്‍ മാമ്മന്‍ മാപ്പിളയുടെ മകന്‍ കെ.എം മാത്യുവിന്റെ 'എട്ടാം മോതിരം' എന്ന കൃതി വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മന്‍ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവര്‍ പതിനൊന്നാം വയസ്സില്‍ പ്രസവിക്കുകയും ചെയ്തു



കേരള രാഷ്ട്രീയത്തിലെ അതികായന്‍ ആയ എ. കെ ഗോപാലന്‍ (AKG) അദ്ദേഹത്തിന്റെ രാഷ്ട്രീയ ഒളിവ് ജീവിതത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിന്റെ ജീവിതകഥയില്‍ വിവരിക്കുന്നുണ്ട്. എല്ലാ അര്‍ഥത്തിലും തമിഴ്‌നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവായ, വലിയ സാമൂഹിക പരിഷ്‌കര്‍ത്താവായ തന്തൈ പെരിയാര്‍ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെയാണ് വിവാഹം ചെയ്തത്. പെരിയാര്‍ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്. തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന പാര്‍വതീഭായി(സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഇളയമ്മ)യെ അവരുടെ പന്ത്രണ്ടാം വയസ്സില്‍ കിളിമാനൂര്‍ രാഘവര്‍മ കോയിത്തമ്പുരാന്‍ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സില്‍ അവര്‍ രാജ്യഭാരം എല്‍ക്കുകയും ചെയ്തു. മഹാകവി കുമാരനാശാന്‍ തന്റെ നല്‍പത്തിയഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു. 'മാതൃഭൂമി'യുടെ സ്ഥാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശവമേനോന്‍ ആദ്യ വിവാഹം ചെയ്യുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു. ഈ മഹൽ വ്യക്തിത്വങ്ങളെ എല്ലാം ഉദാഹരിച്ചത് അവരെ പരിഹസിക്കുവാനോ സാമൂഹ്യവിരുദ്ധരെന്ന് മുദ്രയടിക്കുവാനോ ഒന്നുമല്ല. കാരണം അവരെല്ലാം വലിയ മനസ്സുകളുടെ ഉടമകൾ ആയിരുന്നു. അവർ ഈ പറഞ്ഞ വിവാഹങ്ങൾ നടത്തുമ്പോൾ അന്നത്തെ ലോകവും അവരുടെ സാമൂഹ്യ പരിസരവും അവരുടെ ആഘോഷങ്ങളിൽ അഭിമാനപൂർവ്വം പങ്കുചേരുക മാത്രമാണ് ചെയ്തിരുന്നത്. അന്നത്തെ കാലത്ത് അത് ഒരു തെറ്റായി വായിക്കപ്പെടുമായിരുന്നില്ല. ഇങ്ങനെ നിരീക്ഷിക്കുന്നവർ സത്യത്തോട് നീതിപുലർത്തുകയാണ്. മറിച്ച് അന്നത്തെ കാലത്ത് നടന്ന ആ സംഭവം ഇപ്പോൾ ശീതീകരിച്ച ന്യൂസ് റൂമുകളിൽ ഇരുന്ന് നിരൂപിക്കുന്ന പുതിയ കപട നവോത്ഥാനക്കാർ കാലം എന്ന ചുമരിനെ കുറിച്ചുള്ള രംഗബോധമേ ഇല്ലാത്തവരാണ്.



ഉദാഹരണങ്ങളിൽ നേരത്തെ പറഞ്ഞവരൊക്കെ ശൈശവ വിവാഹം നടത്തിയത് അടുത്തകാലത്താണ്. എന്നാല്‍ 1400 വര്‍ഷം മുമ്പാണ് മുഹമ്മദ് നബി(സ) ഒമ്പതു വയസ്സുള്ള ആഇശ(റ)യെ വിവാഹം കഴിച്ചതാണ് ഈ മുക്രയിടലുകാർക്ക് ഏറെ അസഹ്യവും അചന്തനീയവും. ഗാന്ധിജിയുടെ കാര്യത്തിൽ നമുക്ക് പറയാനുള്ള മറുപടി തന്നെയാണ് അതിനും ഉള്ളത്. നബിയുടെ കാര്യത്തിൽ ഇതിന് രണ്ടു തരം മറുപടികൾ ഉണ്ട്. ഒന്നാമത്തേത് ആറാമത്തെ വയസ്സിൽ വിവാഹ നിശ്ചയവും ഒമ്പതാമത്തെ വയസ്സിൽ വിവാഹവും നടന്നു എന്നത് ശരിയാണെങ്കിൽ തന്നെ അത് അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ അത് സാര്‍വത്രികമായിരുന്നു എന്നതാണ്. അതിൻെറ ഏറ്റവും വലിയ തെളിവാണ് ആയിഷ ബീവിയുമായുള്ള വിവാഹ അന്വേഷണവുമായി ഉമ്മു ഹകീം എന്നവർ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ആയിഷയെ മുത്ത് ഇം ബിൻ അദിയ്യ് എന്നയാൾ വിവാഹമന്വേഷിച്ചിട്ടുണ്ട് എന്ന് അവരുടെ വീട്ടുകാർ പറഞ്ഞത്. മാത്രമല്ല അന്ന് അക്കാര്യം പറഞ്ഞു എന്തെങ്കിലും തരത്തിലുള്ള ഒരാക്ഷേപം ശത്രുക്കൾക്കിടയിൽ പോലും മക്കയിൽ ഉണ്ടായിട്ടില്ല. വിവാഹാന്വേഷണവുമായി ചെന്ന ആളോട് ഇത്ര ചെറിയ കുട്ടിയെ വിവാഹമന്വേഷിക്കുകയോ! എന്ന് ആ വീട്ടുകാർ ആശ്ചര്യപ്പെട്ടു ചോദിക്കുകയും ഉണ്ടായില്ല. ഇത്തരം ചരിത്ര പരിസരങ്ങളെ പരിഗണിക്കാതെ അന്ധമായ ഇസ്ലാം വിരോധം കൊണ്ട് നടക്കുന്നവരാണ് ഇത്തരം വെറും വർത്തമാനങ്ങൾക്കു പിന്നിൽ.



അതോടൊപ്പം മറ്റൊരു മറുപടിയും ഈ വിഷയത്തിൽ ഉണ്ട്. അത് ചരിത്രപരമായി ഏറെ പഠിക്കേണ്ട വിഷയമാണ്. അതിൻെറ ആകെത്തുക ആയിഷാ ബീവിക്ക് ഈ കല്യാണം നടക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 16 വയസ്സെങ്കിലും ആയിരുന്നു പ്രായം എന്ന വാദമാണ്. അത് ഇപ്രകാരം വിവരിക്കപ്പെടാറുണ്ട്. നബി(സ) ആയിശ(റ)യെ വിവാഹം ചെയ്തത് ഹിജ്റയുടെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍. അന്ന് ആയിശ(റ)ക്ക് 6 വയസ് പ്രായം. പിന്നീട് ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍. അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്. എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസ്സുമായി ബന്ധപ്പെടുത്തുമ്പോള്‍. ആയിശ ബീവിയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അസ്മാ ബീവിയുടെ വയസ് 14 ആണെന്ന് വ്യക്തം. സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നു. അതനുസരിച്ച് പ്രവാചകത്വം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ആയിശ(റ)ന്റെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍. ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ എത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) യുമായി ദാമ്പത്യം തുടങ്ങുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍. ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം എന്നാണ് ഈ ചരിത്ര വാദത്തിന്റെ ആകെത്തുക.



അമ്പത് കഴിഞ്ഞ പ്രവാചകൻ (സ) ഒൻപതുകാരിയായ ആയിഷയോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചതിൽ എന്ത് മാതൃകയാണുള്ളതെന്ന് ചോദിക്കുന്നവരോട് ആ പ്രായവ്യത്യാസത്തിലൂടെ തന്നെയാണ് നബിജീവിതം വലിയൊരു സന്ദേശം മാനവരാശിക്ക് നൽകുന്നത് എന്ന് തന്നെയാണ് ഉത്തരം. പ്രായമല്ല പൊരുത്തമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ആ ദാമ്പത്യത്തിന്റെ പത്ത് വർഷങ്ങൾ. ഇരുപത്തിയഞ്ചു കാരനായിരിക്കുമ്പോൾ നാല്പതുകാരിയോടൊപ്പം ദാമ്പത്യമാരംഭിക്കുകയും പരസ്പരം മധുരം നൽകിക്കൊണ്ട് കാൽ നൂറ്റാണ്ടുകാലം ആവോളം സ്നേഹം നൽകുകയും വാങ്ങുകയും ചെയ്ത് യഥാർത്ഥ ഇണകളും തുണകളുമായിത്തീരുകയും ചെയ്ത ആ അമ്പതുകാരൻ ഒൻപതുകാരിയോടൊപ്പവും അതേ മാധുര്യത്തിൽ ജീവിച്ചു. ജീവിതത്തിന്റെ സംഖ്യാ നിബദ്ധമായ വയസ്സല്ല പക്വതയുടെ പ്രായമാണ് പ്രധാനം എന്ന മഹാസന്ദേശം.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso