Thoughts & Arts
Image

സഹിക്കുന്നവർ പരാജയപ്പെടുന്നില്ല

03-03-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ബാബരി മസ്ജിദിന്റെ ഭൂമിയിൽ കടന്നുകയറി പള്ളി തല്ലിത്തകർത്ത് പിന്നെ ഭരണം കയ്യിൽ കിട്ടിയപ്പോൾ അതിൻ്റെ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രത്യക്ഷത്തിൽ നിയമപരമായി എന്നു തോന്നിക്കും വിധം നേടിയെടുത്ത് അതിൽ ക്ഷേത്രം നിർമ്മിച്ച് രാജ്യത്തിൻെറ ഭരണാധികാരി തന്നെ അതിന്റെ ഉദ്ഘാടനം നിർവഹിച്ച രംഗങ്ങൾ പല വിശ്വാസികളുടെയും മനസ്സിനെ മഥിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. വേദനിക്കുവാൻ മാത്രം വിഷയം ഗൗരവമാണ് എന്നതിൽ സന്ദേഹമില്ല. പക്ഷേ ഒരാൾ അല്ലെങ്കിൽ കുറെ ആൾക്കാർ ചേർന്ന് തന്നിഷ്ടം എന്ന തത്വം ഉപയോഗിച്ച് എന്തെങ്കിലും ഒരു കാര്യം ചെയ്യുകയാണ് എങ്കിൽ അതിന് മറുവശത്ത് നിൽക്കുന്നവർക്ക് അല്ലെങ്കിൽ വിധേയർക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുണ്ട്. ഒരു ജനാധിപത്യ ബഹുമത രാജ്യമായതിനാൽ നിയമാനുസൃതം അതിനെ നേരിടുക എന്നതാണത്. നിയമാനുസൃതമായ നീക്കങ്ങൾ വിജയിക്കണമെന്നുണ്ടെങ്കിൽ വാദി പക്ഷം മാന്യത കാണിക്കണം. മാന്യത അനുവദിച്ചു തരിക മാന്യന്മാർ മാത്രമാണ്. അതിന് പതിറ്റാണ്ടുകൾ നീണ്ട ശ്രമം തന്നെ നാം നടത്തി. അതിനെയെല്ലാം അവഗണിക്കാനും മറികടക്കാനും കരുത്തനായിരുന്നു അങ്ങേപ്പുറത്ത് ഉള്ളവർ. അതിനാലാണ് ഇങ്ങനെയെല്ലാം സംഭവിച്ചതും നാം അതു വരവുവെക്കേണ്ടി വന്നതും. എന്നാൽ മതപരമായി ഇത് നമ്മുടെ പരാജയമായി ഗണിക്കാമോ എന്നതാണ് ഇവിടെ നമ്മുടെ ചിന്ത. അതൊരിക്കലും അല്ല എന്ന് സ്ഥാപിക്കുന്നതിന് മുമ്പ് സത്യവിശ്വാസികൾ ഭൗതിക പ്രപഞ്ചത്തിന്റെയും അതിലെ ക്ഷണികമായ മനുഷ്യ ജീവിതത്തിന്റെയും പിന്നിലെ യഥാർത്ഥ തത്വം ഒന്നുകൂടി പുനരാലോചിക്കേണ്ടതുണ്ട്.



ആ തത്വമനുസരിച്ച് ഇത് വിവിധങ്ങളാകുന്ന പരീക്ഷണങ്ങൾക്കു വേണ്ടിയുള്ള ഒരു ജീവിതമാണ്. അതിനാൽ വിശ്വാസികളുടെ ലോകത്ത് സംഭവിക്കുന്ന എല്ലാ ചലനങ്ങളുടെയും ലക്ഷ്യം വിശ്വാസികളെ പരീക്ഷിക്കുക എന്നതാണ്. ആ പരീക്ഷണങ്ങൾ പല രൂപത്തിലും ഭാവത്തിലും ഉണ്ടായിരിക്കാം. ഇത്തരം ഒരു സാഹചര്യത്തെ തന്നെ ഉദാഹരണമായി എടുക്കാം. ഇവിടെ ആ പരീക്ഷണം പള്ളി സംരക്ഷിക്കാൻ വേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ടോ, അതെല്ലാം അല്ലാഹുവിൻ്റെ പ്രതിനിധികൾ എന്ന അർത്ഥത്തിൽ ന്യായീകരിക്കാൻ കഴിയുന്ന രീതിയിൽ തന്നെയാണോ ചെയ്തിട്ടുള്ളത്, അതിൻ്റെ ഫലത്തിലും ഫലരാഹിത്യത്തിലും പരമമായി അല്ലാഹുവിൻ്റെ കോയ്മ അംഗീകരിച്ച് അവനിലേക്ക് മടങ്ങുവാനും അവനെ ആശ്രയിക്കുവാനും വിശ്വാസികൾ തയ്യാറായിട്ടുണ്ടോ തുടങ്ങിയതെല്ലാം ആണ്. അതൊക്കെ അങ്ങനെ തന്നെ നടന്നിട്ടുണ്ട് എങ്കിൽ പിന്നെ എല്ലാം അല്ലാഹുവിൻ്റെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് വിശ്വാസിയുടെ അച്ചടക്കം. അതേസമയം ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു എന്ന് ഇപ്പോൾ തന്നെ കരുതാൻ സമയം ആയിട്ടുമില്ല. ഇനിയും ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്. അല്ലാഹുവിൽ ഭരമേല്പിക്കുക എന്നത് ആ കൂട്ടത്തിൽ പരമ പ്രഥാനമായ ഒന്നാണ്. മറ്റൊന്ന്, ഇനിയുള്ള, രാജ്യം നൽകുന്ന ഓരോ വേദിയിലും അവസരത്തിലും ഈ സങ്കടം മാന്യമായി പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുക എന്നതാണ്. മറ്റൊന്ന് രാജ്യത്തെ ഒരിക്കലും ശത്രുവായി കരുതാതിരിക്കുക എന്നതാണ്. രാജ്യം എന്നത് കേവലം നാം വീട് നിർമ്മിച്ച മണ്ണല്ല. മറിച്ച്, നമുക്ക് വേണ്ടി സൃഷ്ടാവ് നിശ്ചയിച്ചുവെച്ച ജന്മ-അധിവാസ ഭൂമിയാണ്. അവിടെയാണ് നമുക്ക് ഏറ്റവും സമാധാന ഭദ്രമായി ജീവിക്കാൻ കഴിയുക. അതുകൊണ്ടുതന്നെയാണ് അതിനെ എപ്പോഴും സ്നേഹം കൊണ്ട് പരിരംഭണം ചെയ്യണം എന്ന് വിശ്വാസികൾ കല്പിക്കപ്പെട്ടിരിക്കുന്നതും. അതിനാൽ ഏതെങ്കിലും തന്നിഷ്ടക്കാർ ചെയ്യുന്ന അനീതികളുടെ പേരിൽ രാജ്യത്തെ നാം പ്രതികൂട്ടിൽ നിറുത്തുവാൻ പാടില്ല.



ഇത്തരം ഒരു പരീക്ഷണം ഉള്ളടങ്ങിയത് കൊണ്ടാണ് അള്ളാഹു വിശ്വാസികളെ പലപ്പോഴും ആശ്വസിപ്പിക്കുന്നത്. അല്ലാഹു ആശ്വസിപ്പിക്കുന്നു എന്ന് പറയുമ്പോൾ തന്നെ അതിൽ നിന്ന് മനസ്സിലാക്കാം ചിലപ്പോഴെങ്കിലും കാര്യങ്ങൾ വിശ്വാസികൾക്കും പ്രതികൂലമായി ഭവിച്ചേക്കുമെന്ന്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'എതിരാളികളെ അന്വേഷിച്ചു പിടിക്കുന്നതില്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ക്ക് വേദനാജനകമായ അവസ്ഥകളുണ്ടാകുന്നുണ്ട് എങ്കില്‍ അതേ പോലെ അവരും വേദനിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്ത ദിവ്യാനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്നു പ്രത്യാശിക്കുന്നുണ്ട് താനും. അല്ലാഹു പരമജ്ഞാനിയും യുക്തിമാനുമാകുന്നു (അന്നിസാഅ്: 104). ഈ സൂക്തത്തിൽ പറയുന്ന അന്വേഷിച്ചു പിടിക്കൽ വിഷയത്തെ പിന്തുടരലാണ്. നമ്മുടെ ഉദാഹരണത്തിൽ അത് മേൽ പറഞ്ഞതുപോലെ കിട്ടുന്ന അവസരങ്ങളിലെല്ലാം മാന്യമായി ഈ സങ്കടം പറഞ്ഞു കൊണ്ടിരിക്കുക എന്നതാണത്. ഈ സൂക്തത്തിലെ 'നിങ്ങൾ വേദനിക്കുന്നുണ്ട് എങ്കിൽ അവരും വേദനിക്കുന്നുണ്ട്' എന്ന പ്രയോഗം ഒരുപാട് അർത്ഥങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. നമ്മുടെ വഖഫ് ഭൂമി നഷ്ടപ്പെട്ടതിലുള്ള വിരഹവും വേദനയും നമ്മുടെ നെഞ്ചിൽ കിടന്നു പുകയുമ്പോൾ അപ്പുറത്ത് യഥാർത്ഥ വിശ്വാസികളുടെ നെഞ്ചകവും പിടയുന്നുണ്ട് എന്നത് ഒരു സത്യമാണ്. പവിത്രമായ വിശ്വാസത്തിൽ മനസ്സ് വെച്ച് ആരാധനകളും അർച്ചനകളും സമർപ്പിക്കുവാൻ കൈകൂപ്പി നിൽക്കുമ്പോൾ താൻ നിൽക്കുന്ന മണ്ണ് അഞ്ച് നൂറ്റാണ്ടുകാലം ഒരു സമുദായം ആരാധനകൾ നിർവഹിച്ചിരുന്ന പള്ളി നിന്നിരുന്ന സ്ഥലമാണല്ലോ എന്ന് ഓർക്കുമ്പോൾ ശരിയായ വിശ്വാസിയുടെ ഉള്ളം നീറുക തന്നെ ചെയ്യും. മുപ്പതിലധികം വർഷത്തെ വിവിധ കോടതികളിലെ വാദ പ്രതിവാദങ്ങളിലും ഭൂപഠനങ്ങളിലും സത്യത്തിൽ ക്ഷേത്രം തകർത്തല്ല പള്ളി നിർമ്മിച്ചിട്ടുള്ളത് എന്നും ഒരുതരം കയ്യൂക്കിന്റെ പിൻബലത്തിൽ മാത്രമാണ് ഈ ഭൂമി സ്വന്തമാക്കിയത് എന്നും ആ ചിന്തയിൽ ചേരുമ്പോൾ ആ ചിന്ത ഒരു ശരിയായ വിശ്വാസിയുടെ ഹൃദയത്തെ അസ്വസ്ഥമാക്കാതിരിക്കില്ല.



അതു കൊണ്ട് എന്താക്കാനാണ്! എന്നു ചോദിക്കേണ്ട. അധർമ്മവും ധർമ്മവും പരസ്പരം പോരാടുന്ന പോർക്കളങ്ങളിൽ അധർമ്മം വിജയിക്കുന്നത് ഭൗതിക ലോകത്തിൻ്റെ പതിവു കാഴ്ച തന്നെയാണ്. പ്രത്യേകിച്ചും ഈ വിഷയത്തിനു പിന്നിൽ രാഷ്ട്രീയവും സാമ്പത്തിക നേട്ടങ്ങളും ഒരേപോലെ മത്സരിച്ചു ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ. രാഷ്ട്രീയപരമായ നേട്ടം യാഥാർത്ഥ്യമായി കഴിഞ്ഞു. വോട്ടുകൾ പെട്ടിയിലായി എന്ന് വേണമെങ്കിൽ വിലയിരുത്താം. സാമ്പത്തികമായിട്ടാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ സന്ദർശന കേന്ദ്രമായി ഈ ക്ഷേത്രം അവതരിപ്പിക്കപ്പെടുന്ന തോടുകൂടി നിലവിൽ തന്നെ ഇരട്ടിയായ മനുഷ്യ ഒഴുക്ക് വീണ്ടും എത്രയോ ഇരട്ടികളായി മാറും. മനുഷ്യർ ഒഴുകുമ്പോൾ അവരോടൊപ്പം പണവും ഒഴുകി വരും. ആധ്യാത്മിക പ്രാധാന്യം പ്രചരിപ്പിക്കപ്പെടുന്നതോടുകൂടി വൻകിട കമ്പനികൾ വൻമുതൽമുടക്കിന് പിന്നാമ്പുറങ്ങളിൽ തയ്യാറായി നിൽക്കുകയാണ്. ഈ കമ്പനികൾ ഹോട്ടലുകളും റിസോർട്ടുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതോടെ നഗരം കൊഴുക്കുമ്പോൾ റവന്യൂ ഖജനാവിനും നഗരത്തിലെ ഓട്ടോറിക്ഷക്കാരൻ മുതൽ പൂക്കച്ചവടക്കാരൻ വരെയുള്ളവർക്കും വിഷയം സാമ്പത്തിക നേട്ടം ഉണ്ടാക്കിത്തരും. അങ്ങനെ സംഗതിയാകെ മാറി മറിഞ്ഞേക്കും പക്ഷേ അപ്പോഴും അഞ്ചു നൂറ്റാണ്ടിന്റെ ചരിത്ര അസ്തിത്വവും മൂന്നു പതിറ്റാണ്ടിന്റെ വാദങ്ങളും ഒരു മങ്ങലുമേൽക്കാതെ ഒരു നിഴലായി പിന്തുടരുക തന്നെ ചെയ്യും. പക്ഷേ അപ്പോഴൊക്കെ നമ്മെ ആശ്വസിപ്പിക്കുവാൻ അല്ലാഹുവിൽ നിന്നുള്ള പ്രത്യാശ സജീവമായിരിക്കും. ആ പിടി കയറാണ് ആയത്തിൽ സൂചിപ്പിക്കുന്ന ദൈവാനുഗ്രഹത്തിലുള്ള പ്രത്യാശ.



മതം മതത്തിൻ്റെ ആൾക്കാർ മാത്രമോ അല്ലെങ്കിൽ മതത്തോട് യഥാർത്ഥമായ വിധേയത്വമുള്ള രാഷ്ട്രീയക്കാരോ കയ്യാളുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല തന്നെ. അതില്ലാതെ അധികാരവും അർത്ഥവും മാത്രം ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാർ ഇടയിൽ വന്നതാണ് ബാബരി മസ്ജിദ് വിഷയത്തെ സത്യത്തിൽ ഒരു ദുരന്തമാക്കി മാറ്റിയത്. അതിന് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. പലപ്പോഴും പ്രതികൂട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന ടിപ്പുസുൽത്താന്റെ കാര്യം തന്നെ ഒരുദാഹരണമാണ്. സുൽത്താന്റെ മരണം വരെ മൈസൂരിൻ്റെ ധനകാര്യ വകുപ്പ് മന്ത്രി ഹിന്ദു ബ്രാഹ്മണനായ പൂർണയ്യയായിരുന്നു. സുൽത്താന്റെ പ്രൈവറ്റ് സെക്രട്ടറി ലാലാ മഹസ്താബ് റായിയും ഒരു ബ്രാഹ്മണനായിരുന്നു. ചരിത്ര പ്രസിദ്ധമായ മലബാറിലെ നായർകലാപം അടിച്ചമർത്താൻ ശ്രീപദ്റാവുവിനെയാണ് ടിപ്പു നിയോഗിച്ചത്. വിവിധ മൈസൂരിനെതിരെയുള്ള ആക്രമണങ്ങളിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങളും ചർച്ചകളും ടിപ്പു സ്വന്തം ഖജനാവിൽ നിന്ന് പുനസ്ഥാപിച്ചു കൊടുത്ത ചരിത്രം ആർക്കും മറച്ചു പിടിക്കാൻ കഴിയാത്തതാണ്. സിഖു മതക്കാരുടെ അഞ്ചാം ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് മുസ്ലിം സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് എന്നത് ഇന്ത്യ ലോകത്തിനു മുമ്പിൽ സവിനയം സമർപ്പിച്ച മഹാസഹിഷ്ണുതയുടെ ചിത്രമാണ്. പിൽക്കാലത്ത് പക്ഷേ ആ പട്ടിക മുറിഞ്ഞു പോയി. നേരത്തെ പറഞ്ഞതുപോലെ രാഷ്ട്രീയവും സാമ്പത്തിക മോഹവും ചില മത തത്വങ്ങളെ ഹൈജാക്ക് ചെയ്തു. അതോടെ മതങ്ങൾ പോർക്കളങ്ങൾ ആയി മാറി. വിശ്വാസത്തിലും സമർപ്പണത്തിലും പരമകാഷ്ഠ പ്രാപിച്ച ഇന്ത്യയുടെ ജൈനമതവും ബുദ്ധമതവും അതിൻ്റെ ആദ്യ ഇരകളായി. അവ രണ്ടിനും തീരെ പിടിച്ചുനിൽക്കാൻ ആയില്ല എന്ന് വേണം കരുതാൻ. കാരണം അവയിൽ തീരെ രാഷ്ട്രീയ- ഭൗതിക മോഹങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ പ്രതിസ്ഥാനത്ത് മറ്റു മതങ്ങളാണ്. ആപേക്ഷികമായി ചില സ്വത്വശക്തികൾ ഉള്ളതിനാൽ ചെറുതായി പിടിച്ചുനിൽക്കുന്നു എങ്കിലും ഇക്കാര്യത്തിൽ ആത്യന്തികമായ പ്രതീക്ഷ പുലർത്തുവാൻ പരിമിതികൾ ഉണ്ട് എന്നത് ഒരു സത്യമാണ്. അങ്ങനെ വരുമ്പോൾ വിശ്വാസികളുടെ മനസ്സുകളിൽ എല്ലാ നിരാശകളെയും നിരാശപ്പെടുത്തി ദൈവാനുഗ്രഹത്തിലുള്ള പ്രതീക്ഷ പ്രോജ്വലിക്കുക തന്നെ വേണം. അതുകൊണ്ട് ഈ സഹനം ഒരിക്കലും പരാജയമല്ല.o



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso