കാലം പോലെ പ്രധാനമാണ് കാര്യവും
03-03-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
റജബ് മാസത്തിൽ കടന്നുവരുന്ന ഒരു വിഷയമാണ് പ്രവാചകൻ(സ)യുടെ നിശാപ്രയാണം എന്ന ഇസ്റാഉം ആകാശാരോഹണം എന്ന മിഅ്റാജും. പക്ഷെ, ഇസ്ലാമിക പൊതു മീഡിയയിൽ ഈ അതിപ്രധാന ചർച്ചക്ക് പലപ്പോഴും ഉടക്ക് വീഴാറുണ്ട് എന്നത് ഒരു സത്യമാണ്. ഈ സംഭവം നടന്ന കാലത്തെ ചർച്ചയിലേക്ക് എടുത്തിട്ടുകൊണ്ടാണ് ചിലർ ഇതിന് ഉടക്ക് വെക്കാറുള്ളത്. ഇസ്റാഉം മിഅ്റാജും ഉണ്ടായിട്ടുണ്ട് എന്ന് ഉറച്ചു പറയുന്നവർക്കിടയിൽ പോലും അതു നടന്ന തിയ്യതിയെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. ഇതിലുള്ള അഭിപ്രായങ്ങളിൽ ചുരുങ്ങിയത് പത്തെണ്ണമെങ്കിലും പ്രധാനമാണ്. ഇങ്ങനെ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ ആ പേരും പറഞ്ഞ് ആ വിഷയത്തിൻ്റെ തന്നെ പ്രാധാന്യം കെടുത്തുന്നത് എന്തോ ദുഷ്ടലാക്കാവാനേ വഴിയുള്ളൂ. കാരണം അതിൻ്റെ ആവശ്യമില്ല. അഭിപ്രായ വ്യത്യാസം കാലത്തെ കുറിച്ചുമാത്രമല്ലേ ഉള്ളൂ, കാര്യത്തെ കുറിച്ച് ഇല്ലല്ലോ. അതോടൊപ്പം തന്നെ, ഇക്കാര്യത്തിൽ ഏകോപിതമായ ഒരു അഭിപ്രായമില്ലെങ്കിൽ പിന്നെ മാന്യതയും യുക്തിയും നിലവിൽ ഉള്ള അഭിപ്രായങ്ങളിൽ ഏതിനാണ് വൈറ്റേജ് നൽകുവാൻ കഴിയുക എന്ന് ചിന്തിക്കുന്നതിനാണല്ലോ. അങ്ങനെ മുൻഗാമികൾ ചിന്തിച്ചതിൻ്റെ ഫലമായാണ് റജബ് 27 എന്ന നിഗമനത്തിന് മുൻകൈ ലഭിച്ചത്. പ്രത്യേകിച്ചും ആ അഭിപ്രായം നവവീ ഇമാമിൻ്റേതു കൂടിയായതിനാൽ. തൻ്റെ റൗളയിൽ അദ്ദേഹം അതു പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞാൽ അതിന് മുൻകൈ ലഭിക്കും എന്നത് നവവീ ഇമാമിനെ അറിയുന്നവർക്കൊക്കെ അറിയാം.
കാലത്തെ കുറിച്ച് അത്ര പറഞ്ഞ് നാം കാര്യത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രം സൂറത്തുൽ ഇസ്റാഇലെ ഒന്നാമത്തെ ആയത്താണ്. അത് ഇപ്രകാരമാണ്. 'തന്റെ അടിമ (മുഹമ്മദ് നബി)യെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ-അതിന്റെ ചുറ്റുപാടും നാം അനുഗ്രഹ പൂര്‍ണമാക്കിയിട്ടുണ്ട്-യിലേക്ക് ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധൻ!. നബിക്ക് നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാനായിരുന്നു അത്. നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് അല്ലാഹു. (17:1) പ്രധാനമായും രണ്ട് ആശയങ്ങളാണ് ഈ സൂക്തത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു സത്യവിശ്വാസി ഉൾക്കൊള്ളേണ്ട പ്രധാന രണ്ടു അവബോധങ്ങൾ ആണ് ഇവ രണ്ടും എന്ന പ്രത്യേകതയുണ്ട്. ഇത് വിശുദ്ധ ഖുർആനിന്റെ ഒരു ആധികാരിക സമീപന ശൈലിയാണ്. വിഷയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ കാണ്ഡഭാഗം ഇങ്ങനെ ഖുർആൻ സമർഥിച്ചുവെക്കും. പിന്നെ ബാക്കിയുള്ള വിശദാംശങ്ങൾ എല്ലാം വിവരിച്ചു തരിക നബി (സ) തിരുമേനിയാണ്. നബിയുടെ ദൗത്യം തന്നെ അതാണല്ലോ. ഈ അർത്ഥത്തിലുള്ള ഒരു ആമുഖത്തോടു കൂടെ വിഷയത്തിലേക്ക് വരാത്തത് കൊണ്ടാണ് ഈ വിഷയത്തിൽ പലർക്കും പല അബദ്ധങ്ങളും പറ്റിയത് എന്നുകൂടി പറയുകയാണ്. കൂട്ടത്തിൽ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ തിരുത്താൻ ഒരു നിമിത്തം ആകുമല്ലോ.
ഒന്നാമതായി ഇത്തരമൊരു അൽഭുത യാത്ര നടത്തിക്കൊടുത്ത അല്ലാഹുവിനുള്ള പ്രകീർത്തനമാണ്. പ്രകീർത്തിക്കപ്പെടേണ്ട ഒരു യാത്രയായിരുന്നു അത് എന്നു സൂചിപ്പിക്കുവാൻ രണ്ടു ന്യായങ്ങൾ ഈ ഒന്നാംഭാഗത്ത് പറയുന്നുണ്ട്. അതിലൊന്ന് പ്രകടമായ അസാധാരണത്വം അടങ്ങിയ ഈ നിശാപ്രയാണത്തിന്റെ ദൂരമാണ്. മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും ഫലസ്തീനിലെ മസ്ജിദുൽ അഖ്സായിലേക്ക് ഒറ്റ രാത്രിയിൽ തൻ്റെ ദാസനെ നിശാപ്രയാണം ചെയ്യിച്ചവൻ എന്ന പേരിൽ അല്ലാഹുവിനെ പ്രകീർത്തിക്കുകയാണ്. ഇത്രയും ദൂരം, അതും ഒറ്റ രാത്രി കൊണ്ട്, അതും വെറും അബോധമനസ്സിനെയോ ബോധമനസ്സിനെ തന്നെയോ മാത്രമല്ല, അടിമ എന്നു പറയാവുന്ന ദേഹവും ദേഹിയും അടങ്ങിയ സ്വത്വത്തെ മുഴുവനും കൊണ്ട് ഇങ്ങനെ ഒരു രായാത്ര ചെയ്യിക്കുക എന്നു പറഞ്ഞാൽ അത് അചിന്തനീയവും സാധാരണയിൽ അസംഭവ്യമായി തോന്നിക്കുകയും ചെയ്യുന്ന കാര്യമാണല്ലോ. എന്നാലും അത് സംഭവിച്ചു എന്നാണ് ഖുർആൻ പറയുന്നത്. ഇവിടെ ചിലരുടെ ചിന്ത ഈ ദൂരത്തിന്റെ കാര്യത്തിലും യാത്രക്ക് ഉപയോഗിച്ച വാഹനത്തിന്റെ കാര്യത്തിലും അതിന്റെ സാംഗ്യത്യത്തിൻ്റെയും സാധ്യതയുടെയും കാര്യത്തിലുമാണ് ചുറ്റിത്തിരിഞ്ഞത്. അപ്പോൾ ഇതെല്ലാം അവിശ്വസനീയമായി തോന്നുക സ്വാഭാവികമാണ്. അങ്ങനെയാണ് ചിലർക്കെങ്കിലും ഇക്കാര്യത്തിൽ വിശ്വാസത്തിന് മങ്ങൽ സംഭവിച്ചത്. എന്നാൽ ഖുർആൻ ചെയ്യുന്നത് തികച്ചും അവിശ്വസനീയമാണ് എന്ന് തോന്നിക്കുന്ന ഈ സംഭവങ്ങളെല്ലാം സാധ്യമാക്കിയതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തിക്കുകയാണ്. അതിൽ നിന്ന് മനസ്സിലാക്കേണ്ടത് അല്ലാഹുവിൻ്റെ ശക്തിയെയാണ്. ഇസ്റാഅ് മിഅ്റാജ് സംഭവങ്ങൾ നബിയുടെ കഴിവാണ് എന്നു തെറ്റിദ്ധരിച്ചതാണ് അവർക്കെല്ലാം പറ്റിയത്. അല്ലാഹുവിൻ്റെ കഴിവായി അതിനെ കണ്ടാൽ വിശ്വാസികളുടെ ഇക്കാര്യത്തിലെ എല്ലാ പ്രശ്നവും തീരുന്നതേയുള്ളൂ.
രണ്ടാമത്തെ കാര്യം എന്തിനായിരുന്നു ഈ യാത്ര എന്നതാണ്. അതിനെക്കുറിച്ച് ഈ ആയത്ത് നൽകുന്ന മറുപടി നമ്മുടെ ദൃഷ്ടാന്തങ്ങൾ ദാസനായ മുഹമ്മദ് നബി(സ)ക്ക് നേരിൽ കാണിച്ചു കൊടുക്കുവാൻ വേണ്ടിയായിരുന്നു എന്നതാണ്. ഇത് മനസ്സിലാക്കുവാൻ ഇസ്രാഉം മിഅ്റാജും ഉണ്ടായ സാഹചര്യത്തെ കൂടി പഠിക്കേണ്ടതുണ്ട്. ഇസ്ലാമിക പ്രബോധനം ഏതാണ്ട് അതിൻ്റെ മൂന്നിലൊന്നും പിന്നിട്ടിട്ടും കൃത്യമായ അനുകൂല ഫലങ്ങൾ പ്രകടമാവാതെ ഏതാണ്ട് മുരടിച്ചു നിൽക്കുന്ന ഒരു സമയമായിരുന്നു അത്. മക്കയിൽ ഏതാണ്ട് പത്തു വർഷം നീണ്ട പ്രബോധനം കാര്യമായ ഒരു മാറ്റത്തിലേക്ക് കൊണ്ടെത്തിച്ചില്ല. ഒരുപാട് വ്യക്തികൾ ആദർശത്തെ സ്വീകരിക്കാൻ മുന്നോട്ടുവന്നു എന്നതും അവരെല്ലാവരും നബിക്ക് പിന്നിൽ ഉറച്ചുനിന്നു എന്നതും പ്രതീക്ഷാത്മകമായ സത്യങ്ങളാണ്. പക്ഷേ, ലോകമാസകലം പടർന്നുപിടിക്കേണ്ട പിടിക്കാൻ പര്യാപ്തമായ ഒരു വളർച്ചയിലേക്ക് കാര്യങ്ങൾ എത്തണമെങ്കിൽ ഗുരുതരമായ എതിർപ്പുകൾ നിലനിൽക്കുന്ന മക്കയുടെ പുറം ലോകത്തേക്ക് വിജയകരമായി പ്രബോധനത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടിയുള്ള രണ്ട് ശ്രമങ്ങൾ നബി(സ) നടത്തിനോക്കി. ഒന്ന്, തീർത്ഥാടനത്തിന് മക്കയിൽ വരുന്ന വിദേശികളുമായുള്ള സമ്പർക്കങ്ങൾ വഴിയായിരുന്നു. അതിൽ ചിലതെല്ലാം വിജയിച്ചു, ചിലതൊന്നും കാര്യമായ ഫലങ്ങളോ ചലനങ്ങളോ ഉണ്ടാക്കിയില്ല. രണ്ടാമത്തേത് ത്വായിഫ് യാത്രയായിരുന്നു. ആ ശ്രമവും അപ്പോൾ വിജയിച്ചില്ല. അതോടെ പിന്നെ സംജാതമായത് ഒരുതരം നിരാശയായിരുന്നു. നബിയുടെ മനസ്സിലും ഒപ്പമുള്ള അനുയായികളുടെ മനസ്സിലും നിരാശ നിഴൽവീഴ്ത്താൻ തുടങ്ങിയ സാഹചര്യം. സംരക്ഷകരായിരുന്ന പിതൃവ്യൻ അബൂ താലിബിന്റെയും പത്നി ഖദീജ ബീവിയുടെയും മരണം കൂടി ചേർന്നപ്പോൾ അത് ഗുരുതരമായി. ഇത്തരം ഒരു സമയത്ത് നബിയുടെ മനസ്സിനെ ഒന്നുകൂടി ചാർജ് ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി അഥവാ നബിയുടെ മനസ്സിനെ ബലപ്പെടുത്താൻ വേണ്ടി ഉണ്ടായ അത്ഭുത അനുഭവമാണ് സംഭവങ്ങൾ അവ നേരിട്ട് അനുഭവിച്ചതോടുകൂടെ നബിയുടെ ഉള്ളുറപ്പ് വർദ്ധിച്ചു. പിന്നീട് മക്കായിലെ ശത്രുക്കൾ വെച്ചുനീട്ടിയ പ്രലോഭനങ്ങളെ ശക്തമായി നിരാകരിക്കുന്ന, കഠിനമായ വെല്ലുവിളികൾ നിലനിൽക്കുന്ന മക്കയിലെ ജനങ്ങളുടെ കണ്ണുകൾ കെട്ടി ധൈര്യസമേതം വീടുവിട്ടിറങ്ങുന്ന, ശത്രുവിന്റെ കാൽപാദങ്ങൾ കാണുന്ന അത്രയടുത്ത് എത്തിയപ്പോഴും വിറക്കാതെ നിൽക്കുന്ന, നൂറു ഒട്ടകങ്ങളുടെ ഇനാമിൽ കണ്ണും വെച്ച് കഠിനമായി അന്വേഷിക്കുന്ന ശത്രുക്കളെ മറികടക്കുന്ന... നബി തിരുമേനി(സ)യെ കാണുമ്പോൾ അവിടെ നാം ഇസ്രാഉം മിഅ്റാജും പകർന്നുനൽകിയ ഇലാഹിയായ വൻ ഊർജ്ജം കാണുകയാണ്.
ഖുർആൻ മുഴുവനും വേണ്ടവിധം പരതുന്നവർക്ക് ഇതൊരു അത്ഭുതമുള്ള കാര്യമല്ല. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ പ്രവാചകന്മാരിൽ പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനുശേഷം അവർ മിന്നുന്ന അത്ഭുത പ്രവർത്തനങ്ങൾ ചെയ്തിട്ടുമുണ്ട്. ഉദാഹരണമായി ഇബ്രാഹിം നബിയെ എടുക്കാം. അദ്ദേഹത്തിൻെറ പ്രബോധന ജീവിതം അതിൻെറ കാഠിന്യ ഘട്ടത്തിലേക്ക് അല്ലെങ്കിൽ ഏറ്റവും അധികം മനസ്സുറപ്പ് വേണ്ട ഒരു സാഹചര്യത്തിലേക്ക് വളരുമ്പോൾ അതിന് ഇബ്രാഹിം നബിയുടെ മനസ്സിനെ ഊർജ്ജപ്പെടുത്തിക്കൊടുത്ത സംഭവമാണ് ഇവിടെ അനുസ്മരിക്കുന്നത്. അല്ലാഹു പറയുന്നു: അങ്ങനെ ഭുവന-വാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹീം നബിക്കു നാം കാണിച്ചുകൊടുത്തു; താന്‍ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുള്‍പ്പെടാന്‍ വേണ്ടി (അൻആം: 75). മൂസാ നബിയുടെ ജീവിതത്തിലും അങ്ങനെയുണ്ട്. വലിയ പരീക്ഷണങ്ങളുടെ മുമ്പിൽ പകച്ച് നിന്നുപോകുന്ന ജീവിതമായിരുന്നുവല്ലോ അദ്ദേഹത്തിൻ്റേതും. ആ പരീക്ഷണങ്ങളെ എല്ലാം മറികടക്കാൻ വേണ്ട മാനസികമായ ധൈര്യവും സ്ഥൈര്യവും അദ്ദേഹം നേടിയത് അങ്ങനെയാണ് എന്ന് ഈ സംഭവത്തെ വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങളിൽ മുഫസ്സിറുകൾ പറയുന്നുണ്ട്. അക്കാര്യം അല്ലാഹു ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു: നമ്മുടെ മികച്ച ദൃഷ്ടാന്തങ്ങളില്‍ ചിലത് താങ്കള്‍ക്കു പ്രദര്‍ശിപ്പിച്ചുതരാനാണിങ്ങനെ ചെയ്യുന്നത് (ത്വാഹാ: 23). വൻ ദൗത്യങ്ങൾ നിർവഹിക്കുവാനുണ്ടായിരുന്ന അഞ്ചു പ്രധാന പ്രവാചകന്മാർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആ അനുഭവങ്ങൾ വഴി ലഭിച്ച കരളുറപ്പാണ് അവർക്ക് പിന്നീട് പിൻബലമായത് എന്നും പഠനങ്ങളിൽ കാണാം. നബി തിരുമേനിയുടെ ജീവിതത്തിൽ തന്നെ ഇതു പ്രകടമാണ്. ഇസ്ലാം ലോകത്തോളം വളരുവാൻ നിമിത്തമായ രൂപത്തിലും ഘടനയിലും ഉള്ള വളർച്ച കൈവന്നത് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതിനുശേഷം ആണ് എന്ന് ചരിത്രങ്ങൾ പറഞ്ഞുതരുന്നുണ്ട്. ഇതേ സമയത്ത് തന്നെയാണ് സൂറത്തുൽ കഹ്ഫ് ഇറങ്ങിയത് എന്നും അതും ഹൃദയ ദൃഢതയെ പ്രോജ്ജ്വലിപ്പിക്കുന്ന ആശയങ്ങളുടെ സമാഹാരമാണ് എന്നതും ചേർത്ത് വായിച്ചിട്ടുള്ള മുഫസ്സിറുകളും ഉണ്ട്.
ഈ രണ്ട് അടിസ്ഥാനങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട് ഇസ്രാഉം മിഅ്റാജും പഠിക്കുകയും ചിന്താവിഷയമാക്കുകയും ചെയ്യുകയാണ് എങ്കിൽ അതുവഴി വിശ്വാസിക്ക് ഒരുപാട് ഹൃദയ ശക്തി ലഭ്യമാകും. പ്രവാചകന്മാരുടെ ദൗത്യങ്ങൾ, വിശുദ്ധ അഖ്സ്വാ ഭൂമിയുടെ പ്രത്യേകതകൾ, അന്ത്യപ്രവാചകനായി കൊണ്ടുള്ള നബി തിരുമേനിയുടെ സ്ഥാനാരോഹണം, യാത്രയിലുടനീളം നബി കണ്ടുമുട്ടിയ പ്രവാചകന്മാരുടെ അവസ്ഥകൾ, സ്വർഗ്ഗത്തിലും നരകത്തിലും സൃഷ്ടികൾക്ക് വേണ്ടി സൃഷ്ടാവ് ഒരുക്കി വെച്ചിട്ടുള്ള കാര്യങ്ങൾ, തുടങ്ങി നീണ്ട ഒരു പട്ടികയാണ് അതെല്ലാം. ആ പട്ടിക അവസാനിക്കുന്നത് നിസ്കാരം എന്ന ഏറ്റവും പ്രധാനപ്പെട്ട ആരാധനയിലാണ്. മനുഷ്യൻ ഈ പ്രപഞ്ചത്തിൽ വെച്ച് ചെയ്യുന്ന ശാരീരിക ആരാധനകളിൽ ഒന്നാം സ്ഥാനത്തുള്ളതാണ് നിസ്കാരം. അത് കൃത്യമായും കണിശമായും നിർവഹിക്കപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയുടെ ഫലമാണ് മനുഷ്യൻെറ ആത്യന്തരമായ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. അത്രയും സുപ്രധാനവും അടിസ്ഥാനപരവും ആകയാൽ തന്നെയാണ് ആരാധനകളുടെ കൂട്ടത്തിൽ എല്ലാം മാലാഖ വഴി ഇങ്ങോട്ട് കൊടുത്തയച്ചപ്പോൾ അല്ലാഹു മാലാഖയെ അയച്ചു പ്രവാചകനെ കൂട്ടിക്കൊണ്ടുവന്ന് അവിടെവെച്ച് നേരിട്ട് നിസ്കാരം എന്ന ആരാധന നേരിട്ട് നൽകിയത്. നിസ്കാരം വിശ്വാസിയുടെ കടമയാണ്. അത് അവൻ്റെ രക്ഷയുമാണ്. പക്ഷേ, അത് അങ്ങനെയാവണമെങ്കിൽ അത് സൃഷ്ടാവായ അല്ലാഹുവുമായുള്ള ഏറ്റവും വലിയ സാമീപ്യമായി മാറേണ്ടതുണ്ട്. അതിന് ഇസ്റാഉം മിഅ്റാജും പകരുന്ന ഓരോ പാഠങ്ങളും പഠിപ്പിക്കുന്ന ദൃശ്യങ്ങളും മനസ്സിൽ ഉണർന്നിരിക്കേണ്ടതുമുണ്ട്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso