Thoughts & Arts
Image

പുള്ളിപ്പന്തു പോലെ പ്രപഞ്ചം

03-03-2024

Web Design

15 Comments


ഇഅ്ജാസ്



ടി എച്ച് ദാരിമി







അകലങ്ങൾ വല്ലാതെ അടുത്തുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അടുത്ത രാജ്യവും അടുത്ത ഭൂഖണ്ഡവും ഒന്നും നമുക്ക് അകലമായി തോന്നുന്നില്ല. എന്നാൽ ഇതെല്ലാം വേഗതയുള്ള വാഹനങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഗതാഗതസൗകര്യങ്ങളും നമ്മൾ വികസിപ്പിച്ചതുകൊണ്ട് ഉണ്ടായതാണ്. അതേസമയം നമ്മുടെ പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള വ്യാസം അളക്കാൻ ശ്രമിച്ചാൽ നമ്മുടെ കണ്ണുകൾ ഇപ്പോഴും തള്ളിപ്പോകും. കാരണം നമ്മുടെ മനസ്സിൽ പോലും ഒതുങ്ങി നിൽക്കാത്ത അത്രയും വലിയ ദൂരമാണ് പ്രപഞ്ചത്തിന് ഒരു അടയാളം മുതൽ അടുത്ത അടയാളം വരേക്കും ഉള്ളത്. ഉദാഹരണമായി ഭൂമിയിൽ നിന്ന് നമ്മുടെ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് നാം വിശ്വസിക്കുന്ന സൂര്യനിലേക്കുള്ള അകലം ഒന്നാലോചിച്ചു നോക്കാം. ഇത് അളക്കുവാൻ തന്നെ നമ്മുടെ സാധാരണ ഗതിയിലുള്ള മീറ്ററും കിലോമീറ്ററും കൊണ്ട് സാധ്യമല്ല. അതുകൊണ്ടാണ് ശാസ്ത്രം അതിന് പ്രകാശ വേഗത എന്ന ഒരു സവിശേഷമായ വേഗത തന്നെ കണ്ടുപിടിച്ചിരിക്കുന്നത്. അത് ഒരു സെക്കൻഡിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ്. ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ ആണ് ഒരു പ്രകാശവർഷം. പ്രകാശവർഷം അനുസരിച്ച് നമ്മുടെ ഭൂമിയിൽ നിന്ന് സൂര്യനിൽ എത്തുവാൻ എട്ടു മിനിറ്റ് സമയമെടുക്കും എന്നാണ് ശാസ്ത്രം പറയുന്നത്. ആ ദൂരത്തിനെ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നു. ഏകദേശം 15 കോടി കിലോമീറ്റർ ആണ് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ്. സൂര്യനിൽനിന്നു ബുധൻ ഗ്രഹത്തിലേക്കുള്ള ദൂരം 6.3 കോടി കിലോമീറ്ററാണ്. ശുക്രൻ ഗ്രഹത്തിലേക്കുള്ള ദൂരമാവട്ടെ 10.8 കോടി കിലോമീറ്ററും. സൂര്യനിൽനിന്നു ചൊവ്വ ഗ്രഹത്തിലേക്കുള്ള ദൂരം 20.8 കോടി കിലോമീറ്ററാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്‌. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം തന്നെ. ഈ കണക്കനുസരിച്ച്​ ഭൂമിക്ക് തൊട്ടടുത്താണ് ചന്ദ്രന്‍. വ്യാഴത്തിന് അപ്പുറം ശനി, അതിനപ്പുറം യുറാനസ്​. അങ്ങനെ നെപ്​റ്റ്യൂണിൽ എത്തുന്നതോടെ സൗരയൂഥം അവസാനിക്കും.



സൂര്യനെ വലയം ചെയ്ത് നിൽക്കുന്ന ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഏറെയാണ് അതിൽ നിന്നു തന്നെ നമുക്ക് ഏതാനും ചിലതിനു മാത്രമേ പേരിടാൻ കഴിഞ്ഞിട്ടുള്ളൂ. സൗരയൂഥത്തിൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല ഉള്ളത്​. കുള്ളൻഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും പിന്നെ ഇതൊന്നുമല്ലാത്ത അനവധി ​ ​പ്രപഞ്ച വസ്​തുക്കളുമൊക്കെയുണ്ട്​. അതൊന്നും കണക്കിൽ കാണില്ല. ഈ പറഞ്ഞ കണക്കുകളിലുള്ള കോടികൾ മാത്രം സങ്കല്പത്തിൽ ഒന്ന് കൂട്ടി നോക്കൂ അപ്പോൾ അറിയാം നമ്മുടെ കണ്ണും നമ്മൾ ഉണ്ടാക്കിയ സംവിധാനങ്ങളുടെ കണ്ണും എത്തിയ ലോകത്തിൻറെ വലുപ്പം തന്നെ അതിനുമപ്പുറത്ത് ഇനിയും ഒന്നും എത്തിപ്പിടിക്കുവാൻ ഇല്ല എന്ന് ലോകത്ത് ഒരു പഠനങ്ങളും പറയുന്നില്ല കണ്ടതിനേക്കാൾ എത്രയോ ഇരട്ടി വലുതാണ് ഇനിയും കാണാനുള്ളത് എന്ന് അനുമാനമാണ് നാളിതുവരെയും പ്രപഞ്ച ശാസ്ത്രജ്ഞന്മാർ പ്രകടിപ്പിച്ചിട്ടുള്ളത്. ആകാശഗംഗക്ക് പുറത്ത് നമ്മുടെ ഏറ്റവും അടുത്തുള്ള ഗാലക്സിയാണ് ആൻഡ്രോമിഡ. നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള വസ്തുവും ഇതു തന്നെ. ഇതിലേക്കുപോലും 23 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. ഇതിനു പുറമെ പതിനായിരം കോടിയിലധികം ഗാലക്സികളെ ബഹിരാകാശ ടെലിസ്കോപ്പുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ ഒരു കോടിയോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന കുള്ളൻ ഗാലക്സികൾ മുതൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉൾക്കൊളളുന്ന അതിഭീമൻ ഗാലക്സികൾ വരെ ഉൾപ്പെടുന്നു. ഒരു ഗാലക്സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം 10,000 കോടിയാണ്.



നമുക്ക് ലഭ്യമായ ചില ശാസ്ത്രീയ അളവുകളാണ് മേലെ പറഞ്ഞതെല്ലാം. അതിനുമപ്പുറത്താണ് അനുമാനങ്ങൾ. അവ ഗണിക്കാൻ പോലും കഴിയുന്നതല്ല. ഇത്രയും വലുതാണ് അണ്ഡകടാഹം എന്ന് പറയുമ്പോൾ ഇത് ഇങ്ങനെ ആരുണ്ടാക്കി എന്ന ഒരു ചോദ്യം തികച്ചും മനുഷ്യസഹജമാണ്. അതിൻെറ ഉത്തരം അന്വേഷിക്കാൻ മനുഷ്യൻ ആത്മാർത്ഥത കാണിക്കുന്നുവെങ്കിൽ അവന് അല്ലാഹുവിൽ അല്ലാതെ എങ്ങും എത്തിച്ചേരാൻ കഴിയില്ല. കാരണം ഈ അണ്ഡകടാഹത്തിന്റെ വിസ്തൃതിയെക്കാൾ എത്രയോ വലുതാണ് അല്ലാഹു സൃഷ്ടാവ് ഇരിക്കുന്ന സിംഹാസനം തന്നെ. അപ്പോൾ പിന്നെ അതിൽ നിന്ന് അനുമാനിച്ചെടുക്കാം, ആ സൃഷ്ടാവിന്റെ വണ്ണവും വലുപ്പവും മഹാത്മ്യവും. അവൻ്റെ സിംഹാസനത്തിൻ്റെ കാര്യം അല്ലാഹു ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു: 'അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കയില്ല. പ്രപഞ്ചത്തിലുള്ളതെല്ലാം അവന്റേതാണ്. അവന്റെ സമ്മതമില്ലാതെ ആ സന്നിധിയില്‍ ശുപാര്‍ശ ചെയ്യാന്‍ ആരുണ്ട്? അവരുടെ മുന്നിലും പിന്നിലുമുള്ളത് അവനറിയുന്നു. താനുദ്ദേശിച്ചതൊഴികെ അവന്റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല. അവന്റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍ക്കൊണ്ടതാണ്. അവരണ്ടും കാത്തുരക്ഷിക്കുക അവന് ഒട്ടുമേ ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാകുന്നു' (അൽബഖറ: 255). അല്ലാഹു അവനെ പരിചയപ്പെടുത്തുവാൻ അധികവും ആകാശത്തെയും ഭൂമിയെയും ഉപയോഗിക്കുന്നത് കാണാം. അതിൻെറ അർത്ഥവും ആശയവും ഇതെല്ലാം തന്നെയാണ്. നിങ്ങൾക്ക് ഊഹിക്കുവാനോ മനസ്സിൽ സങ്കൽപ്പിക്കുവാനോ കഴിയാത്ത വ്യാസവും വിസ്തൃതിയും ഉള്ള ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് തന്നെയാണ് നിങ്ങൾക്ക് യഥാർത്ഥ സ്രഷ്ടാവിലേക്ക് എത്താനുള്ള വഴി എന്ന് അല്ലാഹു പറയുന്നു.



നിലവിലുള്ള അറിവനുസരിച്ച് പ്രപഞ്ചത്തെ സംബന്ധിച്ച് മറ്റൊരു സത്യം ആദ്യമായി നിരീക്ഷിച്ചത് Veslo Slipher എന്ന ശാസ്ത്രജ്ഞനായിരുന്നു. 1912 ല്‍ അദ്ദേഹം വിദൂര ഗാലക്‌സികളില്‍ നിന്നുള്ള പ്രകാശം റെഡ് ഷിഫ്റ്റിന് വിധേയമാകുന്നു എന്നു കണ്ടെത്തി. പ്രകാശം ഒരു വിദ്യുത് കാന്തിക തരംഗം ആണ്. ഓടിയകലുന്ന ഒരു ട്രെയിനിന്റെ ചൂളം വിളിയുടെ പിച്ച് ക്രമേണ കുറയുന്നതായി തോന്നാറുള്ളതുപോലെ, ഓടി അകലുന്ന വസ്തുക്കളിൽ നിന്നും ഉൽഭവിക്കുന്ന ശബ്ദ തരംഗങ്ങളുടെ ആവൃത്തി കുറയുന്നതായി കേൾവിക്കാർക്ക് അനുഭവപ്പെടുന്നതു പോലെയുള്ള സാധാരണ അനുഭവങ്ങൾ അടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു കണ്ടുപിടിത്തം ആയിരുന്നു ഇത്. ഇത് ഡോപ്ലർ ഇഫക്ട് (Doppler Effect) എന്നാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഇതേ രീതിയിലുള്ള വ്യതിയാനം വിദ്യുത്-കാന്തിക തരംഗങ്ങൾക്കും സംഭവിക്കാറുണ്ട് എന്നതാണ് അതിൻെറ ചുരുക്കം. ഒരു ഗാലക്സി നമ്മുടെ ഗാലക്സിയെ അപേക്ഷിച്ച് ദൂരേയ്ക്ക് അകന്ന് പോകുകയാണെന്ന് കരുതുക. ആ താരവ്യൂഹത്തിൽ നിന്ന് പുറപ്പെടുന്ന വിദ്യുത് കാന്തിക തരംഗങ്ങളുടെ തരംഗ ദൈർഘ്യം (wave length) വർദ്ധിക്കുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടും. ഇതിനെയാണ് റെഡ് ഷിഫ്റ്റ് എന്ന് വിളിക്കുന്നത്. അതായത് കൂടുതൽ വേഗതയിൽ അകന്ന് മാറുന്ന ഗാലക്സിയിൽ നിന്നുള്ള തരംഗങ്ങൾക്ക് കൂടുതൽ റെഡ് ഷിഫ്റ്റ് കാണപ്പെടുമെന്ന് സാരം. 1922ല്‍ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍, ഐന്‍സ്റ്റീന്‍ ഫീല്‍ഡ് എന്നിവർ ഇതിനെ ചുറ്റി സമവാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പഠനം നടത്തുമ്പോള്‍ സൈദ്ധാന്തികമായി പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടു. ജോർജ്ജ് ലെമൈറ്റർ എന്ന ശാസ്ത്രജ്ഞന്‍ ഇതേകാര്യം ഉറപ്പിച്ച് പറയുകയുണ്ടായി.



ഇതിനും ശേഷം അമേരിക്കന്‍ ഗോള ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിള്‍ ആണ് 1929ല്‍ ആദ്യമായി പ്രപഞ്ചവികാസത്തെ സൂചിപ്പിക്കുന്ന പഠനങ്ങള്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല, വാനനിരീക്ഷണങ്ങളിലൂടെ അദ്ദേഹം ഈയൊരു കാര്യം സ്ഥിരീകരിച്ചു. 1889 നവംബർ 20 ന് അമേരിക്കയിലെ മിസൗറിയിൽ ജനിച്ച എഡ്വിൻ ഹബിൾ തന്റെ നിസ്തുലമായ പഠനങ്ങളിലൂടെ ജ്യോതിശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ശാസ്ത്രജ്ഞനാണ്. എഡ്വിൻ ഹബിൾ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകളെ കുറിച്ച് പറയും മുൻപ് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ലോകത്തിനുണ്ടായിരുന്ന ധാരണകളെന്തായിരുന്നു എന്നു മനസിലാക്കുന്നത് സഹായകരമായിരിക്കും. പ്രപഞ്ചമെന്നാൽ നമ്മുടെ സൂര്യൻ അടങ്ങുന്ന ക്ഷീരപഥം (Milky Way) മാത്രമാണെന്നായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശാസ്ത്രജ്ഞർ കരുതിയിരുന്നത്. ക്ഷീരപഥത്തോട് അടുത്തായി അനേകം നെബുലകൾ (nebulae) ഉണ്ടെന്നും അവയാകെ നമ്മുടെ നക്ഷത്ര വ്യൂഹമായ (galaxy) ക്ഷീരപഥത്തിലെ ധൂളീമേഘങ്ങളാണെന്നും (dust cloud) ഒക്കെ ആയിരുന്നു ശാസ്ത്രജ്ഞരാൽ പൊതുവേ കരുതപ്പെട്ടിരുന്നത്. ഏതാണ്ട് ഈ സമയത്താണ് ഹബിൾ തന്റെ ജ്യോതിശ്ശാസ്ത്ര പഠന- നിരീക്ഷണം ആരംഭിക്കുന്നത്. അന്നത്തെ എല്ലാ പരിമിതികളോടും പട വെട്ടി തികഞ്ഞ ശാന്തതയോടെയും പ്രതീക്ഷയോടെയും ശാസ്ത്രത്തിൻ്റെ വിവിധ ഭ്രമണപഥങ്ങളിലേക്ക് ഇറങ്ങിയ അദ്ദേഹം ഒരു വലിയ വസ്തുത കണ്ടെത്തി. അതാണ് നമ്മുടെ ഈ പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു എന്ന വസ്തുത.



ഈ കാഴ്ചപ്പാടിലേക്ക് അദ്ദേഹം എത്തുന്നതോടുകൂടെ പല കാര്യങ്ങളെക്കുറിച്ചുള്ള ലോകത്തിൻ്റെ ധാരണകൾ തിരുത്തപ്പെട്ടു. അദ്ദേഹത്തിൻെറ നിരീക്ഷണങ്ങൾ ഇവ്വിധമായിരുന്നു. ദൃശ്യപ്രപഞ്ചം കോടാനു കോടി താരാവ്യൂഹങ്ങളാൽ നിബിഢമാണ്. ഈ താരാവ്യൂഹങ്ങൾ അതിവേഗതയിൽ പരസ്പരം അകന്നു മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ഗാലക്സികളുടെ പലായന നിരക്കിൽ നിന്ന് പിറകിലേക്ക് കണക്കു കൂട്ടി പ്രപഞ്ചത്തിന്റെ വയസ് നിർണ്ണയിക്കാൻ കഴിഞ്ഞേക്കാം. പ്രപഞ്ചത്തിലെ ഇന്ന് ദൃശ്യമായ എല്ലാമെല്ലാം ഒരു കാലത്ത് ഒരു ബിന്ദുവിൽ കേന്ദ്രീകൃതം ആയിരുന്നു. ആ ബിന്ദുവിൽ നിന്ന് ബിഗ് ബാംഗ് എന്ന പേരിൽ അറിയപ്പെടുന്ന പൊടുന്നനെയുള്ള വികാസത്തിലൂടെയാണ് ഇന്ന് ഈ കാണുന്ന പ്രപഞ്ചം ഉണ്ടായത്. ഈ കണക്കുകൂട്ടലുകളിൽ നിന്നാണ് പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം 1,370 കോടി വർഷങ്ങളാണ് എന്ന് നിർണയിക്കപ്പെട്ടത്. പിന്നീട് വളരെയധികം നിരീക്ഷണങ്ങളിലൂടെ ഇന്ന് ശാസ്ത്രലോകം യാതൊരു തര്‍ക്കത്തിനും ഇടയില്ലാത്തവിധം അംഗീകരിച്ച സത്യമാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ളത്. ഇതിലേക്ക് ചേർത്തു കൊണ്ട് ഡോപ്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ തന്‍റെ ‘ഡോപ്ലര്‍ ഇഫക്ട്' എന്ന പരീക്ഷണത്തിലൂടെ ഈ പ്രപഞ്ചം പല മാറ്റങ്ങളും സംഭവിച്ച് അതി വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലുള്ള ‘താരാപഥങ്ങള്‍‘ തമ്മില്‍ അകന്നു കൊണ്ടിരിക്കുകയാണെന്നും സമീപകാലത്ത് തെളിയിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രലോകം ഐക്യഖണ്ഡേനെ യോജിച്ചതാണ് പ്രപഞ്ചവികാസം എന്ന പ്രതിഭാസം. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോകിംഗ് ഈ കണ്ടെത്തലിനെ കുറിച്ച് തന്‍റെ ‘സമയത്തിന്‍റെ സംക്ഷിപ്ത ചരിത്രം' (എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം) എന്ന ഗ്രന്ഥത്തിൽ പറയുന്നു: ‘പ്രപഞ്ചം വികസിക്കുന്നു എന്ന കണ്ടെത്തല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ബുദ്ധിപരമായ വിപ്ലവങ്ങളിലൊന്നാണ്’.



പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന ഈ ശാസ്ത്രീയ സത്യം വിശുദ്ധ ഖുർആൻ 1400 വർഷങ്ങൾക്ക് മുമ്പ് അഥവാ ഒരു ടെലസ്കോപ്പ് പോലും മനുഷ്യൻ്റെ ചിന്തയിൽ തന്നെ എത്തിയിട്ടില്ലാത്ത ആ കാലഘട്ടത്തിൽ വളരെ സരളമായ ഭാഷയിൽ ഒറ്റ വാചകത്തിൽ എന്നോണം പറഞ്ഞു എന്നത് വിശുദ്ധ ഖുർആനിൻ്റെ അമാനുഷികതയുടെ വലിയ ഒരു അടയാളമാണ്. അല്ലാഹു പറയുന്നു: ആകാശമാകട്ടെ, നാം അതിനെ ശക്തികൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്' (51:47). ഇത്തരം കാര്യങ്ങൾ മുസ്ലിംകൾ പറയുമ്പോൾ അത് പ്രഥമ ദൃഷ്ട്യാ തള്ളിക്കളഞ്ഞുകൊണ്ട് ഒരുതരം അഹങ്കാരം നടിക്കുകയാണ് ഭൗതികലോകം ചെയ്യുന്നത്. ഇവർ പറയുന്നതിൽ വല്ല കാമ്പോ കഴമ്പോ ഉണ്ടോ എന്ന് അന്വേഷിക്കാനുള്ള ഒരു ഉദ്ദേശശുദ്ധി പോലും വലിയ വിവരമുണ്ട് എന്ന് അവകാശപ്പെടുന്ന ഇവർ പ്രകടിപ്പിക്കുന്നില്ല എന്നത് അൽഭുതകരമാണ്. ഈ ആയത്തില്‍ അല്ലാഹു പ്രസ്താവിച്ചത് അല്ലാഹു തന്റെ ശക്തികൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. അല്ലാഹു തന്നെ തന്റെ ശക്തികൊണ്ട് പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ്. രണ്ട് കാര്യങ്ങള്‍ നമുക്ക് ഈ ആയത്തില്‍ നിന്നും മനസ്സിലാകും. ഒന്നാമതായി, പ്രപഞ്ചസൃഷ്ടിപ്പിന് പിറകിലുള്ള മഹാ ഊര്‍ജം അഥവാ ബിഗ്ബാങ് സംഭവിച്ചതിന് പിറകിലുള്ള നമുക്ക് സങ്കല്‍പ്പിക്കാന്‍ ആവുന്നതിലും വലിയ മഹാ ഊര്‍ജം എന്നത് അല്ലാഹുവിന്റെ ശക്തിയാണ്. രണ്ടാമതായി, പ്രപഞ്ചം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിൻ്റെ പിന്നിലെ ഊര്‍ജജമായ ഡാര്‍ക്ക് എനര്‍ജി എന്ന് ശാസ്ത്രലോകം വിളിക്കുന്ന സംഗതി ദൈവികമായ ശക്തി അല്ലാതെ മറ്റൊന്നുമല്ല.



പ്രപഞ്ചം വികസിക്കുന്നു എന്ന് പറഞ്ഞാല്‍ ശൂന്യാകാശം അടക്കം വികസിക്കുകയാണ്. ഒരു പുള്ളിപ്പന്ത് കാറ്റടിച്ച് കേറ്റി വീര്‍പ്പിക്കുമ്പോള്‍ അത് വികസിക്കുന്നത് പോലെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുള്ള പന്ത് വികസിക്കുമ്പോള്‍ അതിലെ അടുത്തടുത്തുള്ള പുള്ളികൾ അകന്നകന്ന് പോകുന്നതുപോലെ ഗാലക്‌സികള്‍ പരസ്പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്ത് ഇന്നും വലിയൊരു പ്രഹേളികയാണ് പ്രപഞ്ചം വികസിക്കുന്നു എന്നുള്ളത്. കാരണം പ്രപഞ്ചം വികസിക്കുന്നു എന്നത് ശരിയല്ല എന്ന് പറയാൻ യാതൊരു മാർഗ്ഗവുമില്ല. അതേസമയം, ഇന്നു ലഭ്യമായ ശാസ്ത്രീയമായ അറിവുകള്‍ വച്ചുകൊണ്ട് പ്രപഞ്ചവികാസം എന്തുകൊണ്ട് സംഭവിക്കുന്നു എന്നുള്ളതിന്റെ ഉത്തരം ശാസ്ത്രലോകത്തിന് ഇല്ല. ആകെയുള്ളത്, നിഗൂഢമായ ഒരു ശക്തി; ( നമ്മുടെ ശാസ്ത്രീയമായ കണക്കുകള്‍ക്ക് ഒന്നും പിടിതരാത്ത ഒരു നിഗൂഢ ശക്തി) ആണ് ഇതിൻെറ പിന്നിൽ എന്ന ഒരു ഒഴുക്കൻ മറുപടിയാണ് ആകെയുള്ളത്. ആ ശക്തി പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇന്ന് ശാസ്ത്രം മനസ്സിലാക്കുന്നത്. ഈ നിഗൂഢ ശക്തിയെ ഡാര്‍ക്ക് എനര്‍ജി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. എവിടെ നിന്നാണ് ഈ ഡാര്‍ക്ക് എനര്‍ജി ഉണ്ടാകുന്നത് എന്ന കാര്യത്തെ സംബന്ധിച്ച് ഇന്നും ശാസ്ത്രലോകം യാതൊരു ധാരണയും കിട്ടാതെ ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുകയാണ്.



https://www.sciencedirect.com
https://luca.co.in

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso