മസ്തകത്തിൽ തന്നെ സമസ്തയുടെ സ്ഥാനം
03-03-2024
Web Design
15 Comments
മുഹമ്മദ് തയ്യിൽ
-
ഒരാഴ്ചക്കുള്ളിൽ മൂന്നു ഐതിഹാസികതകൾ രചിച്ച് തല ഉയർത്തിപ്പിടിച്ചു നിൽക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ജനുവരി 26ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമസ്തയുടെ വിദ്യാർത്ഥി വിഭാഗം വലിയ വലിയ മനുഷ്യജാലിക സംഗമങ്ങൾ തീർക്കുകയുണ്ടായി. തുടർന്ന് 28ന് ബാംഗ്ലൂരിലെ പാലസ് മൈതാനിയിൽ മഹാസമ്മേളനം വിളിച്ചുചേർത്ത് സമസ്ത അതിൻ്റെ സ്വന്തം നൂറ്റാണ്ട് പ്രഖ്യാപിക്കുകയുണ്ടായി. തിരിച്ചുവന്ന് നേരെ അതേ അനുയായി വൃന്ദം കോഴിക്കോട് കടപ്പുറത്ത് മറ്റൊരു ആദർശ കടൽതീർത്തു. സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫിൻ്റെ 35-ാം വാർഷികം. ഒരാഴ്ചക്കിടെ നടന്ന ഈ മൂന്ന് മഹാസംഗമങ്ങൾ ചിന്തിക്കുന്ന മനുഷ്യന്മാരുടെ ചിന്താമണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ഈ സ്വാധീനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ നടക്കുന്ന തിരയനക്കങ്ങളെയോ നമ്മുടെ മാത്രം വിലയിരുത്തലുകളെയോ അല്ല. അതൊക്കെ വെറും വൈകാരിക തലത്തിൽ ഒതുങ്ങി നിൽക്കുന്ന കാര്യങ്ങളാണ്. അവയുടെ എല്ലാം അപ്പുറത്ത് പുറമേ നിന്ന് കാര്യങ്ങളെ വീക്ഷിക്കുന്ന ഒരു വലിയ സമൂഹത്തിൽ സമസ്ത ചെലുത്തിയ സ്വാധീനങ്ങളെയാണ് നാം ചർച്ച ചെയ്യേണ്ടത്. ബുദ്ധി ഉപയോഗിക്കാൻ മാത്രം വലുത് അതാണ്. അവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ആണ് ലോകത്തിന്റെയും സമൂഹത്തിന്റെയും നിലപാട് നിശ്ചയിക്കുന്നത്. നമ്മൾ നമ്മെക്കുറിച്ച് എന്തു പറയുന്നു എന്നതല്ല.
ജനുവരി 26 നമ്മുടെ റിപ്പബ്ലിക് ദിനമാണ്. നമ്മുടെ രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് മോചിതമായതിനുശേഷം നാം നമ്മെ തന്നെ ഭരിക്കുവാൻ വേണ്ടി നാം തന്നെ ഉണ്ടാക്കിയ ഭരണഘടനയെ നാം എന്ന പൗരന്മാർ ഔദ്യോഗികമായി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ ഓർമ്മ പെരുന്നാൾ. സ്വാതന്ത്ര്യ ദിനത്തേക്കാൾ ദിനത്തേക്കാൾ അതുകൊണ്ടുതന്നെ പ്രാധാന്യവും പ്രസക്തിയും റിപ്പബ്ലിക് ദിനത്തിനുണ്ട്. സ്വാതന്ത്ര്യ ദിനം വിദേശികളെ പടിയടക്കുവാനുള്ളതാണ് എങ്കിൽ റിപ്പബ്ലിക് ദിനം നമുക്കൊരു രാജ്യമായി മുന്നോട്ടു പോകുവാൻ ഉള്ളതാണ്. സ്വാതന്ത്ര്യ ദിനം ഭൂതകാലത്തെ ഓർമ്മിപ്പിക്കുമ്പോൾ റിപ്പബ്ലിക് ദിനം ഭാവികാലത്തെ ഓർമിപ്പിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ അതുകൊണ്ടുതന്നെ മുന്നോട്ടുള്ള രാജ്യത്തിൻ്റെ ഗമനത്തിന് എന്തെല്ലാമാണ് സഹായകമാവുക എന്നതിനെക്കുറിച്ചാണ് ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടത്. അങ്ങനെ വരുമ്പോൾ അതിന് രണ്ടു വശങ്ങൾ സ്വാഭാവികമായും ഉണ്ട്. ഒന്ന് ഞങ്ങൾ ഇന്ത്യക്കാർ മുന്നോട്ടു പോകുമ്പോൾ അതെങ്ങനെയായിരിക്കും എന്ന് ലോകത്തെ തെര്യപ്പെടുത്തുക. രണ്ടാമത്തെത്, നാം ഇന്ത്യക്കാർ എങ്ങനെ പോയാലാണ് നമുക്ക് നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുക എന്നത് നാം തന്നെ നമ്മെ തന്നെ തര്യപ്പെടുത്തുക എന്നതും. ഇതിൽ ഒന്നാമത്തേതിനു വേണ്ടി നാം നമ്മുടെ തലസ്ഥാനത്ത് വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളെയും പ്രതിനിധികളെയും അതിഥികളായി വിളിച്ച് വരുത്തുകയും അവർക്ക് മുമ്പിൽ നമ്മുടെ സൈനികവും കായികവും സാമൂഹികവും സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകളെയെല്ലാം പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ്. അത് ഓരോ വർഷവും ഗംഭീരമായി നടന്നുവരുന്നുണ്ട്. മാത്രമല്ല, ഒരു റിപ്പബ്ലിക് ദിനം കഴിഞ്ഞാൽ അടുത്ത റിപ്പബ്ലിക് ദിനത്തിന് മുമ്പ് ലോകത്തിൻ്റെ ശൂന്യാകാശത്തും അന്താരാഷ്ട്ര കളിക്കളങ്ങളിലും സാർവ്വദേശീയ വട്ടമേശകളിലും മറ്റുമെല്ലാം ശക്തമായ ഇടപെടലുകളുമായി നാം സജീവമാണ് സ്വാതന്ത്ര്യം നേടിയിട്ട് മുക്കാൽ നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ എങ്കിലും ലോകത്തെ മുൻനിര രാജ്യ ശക്തികളിൽ ഒന്നാണ് നമ്മുടെ രാജ്യം. അകത്തോ പുറത്തോ പോരായ്മകൾ ഉണ്ട് എങ്കിലും നാം ഒരുപാട് വളർന്നിട്ടുണ്ട് എന്നത് സത്യമാണ്. അതെല്ലാം കാണിക്കാനും ആഘോഷിക്കുവാനും ഉള്ള ഒരു അവസരമാണ് റിപ്പബ്ലിക് ദിനം. അത് ആ അർത്ഥത്തിൽ തന്നെ നടന്നുവരുന്നുണ്ട്.
രണ്ടാമത്തെ അർത്ഥത്തിലുള്ള റിപ്പബ്ലിക് ദിനത്തിലേക്ക് വരുമ്പോൾ ആണ് ആശങ്കകൾ കൂടിക്കൂടി നാം അസ്വസ്ഥരാകുന്നത്. അത് മറ്റൊന്നുമല്ല, ഇന്ത്യക്ക് ഇന്ത്യയായി മുന്നോട്ടു പോകുവാൻ ഇന്ത്യക്കാരുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന തത്വം എന്താണ് എന്നത് വിളംബരം ചെയ്യുന്നതിനെയും പുലർത്തുന്നതിനെയും ചുറ്റിപ്പറ്റിയുള്ളതാണ് അത്. ഒരു റിപ്പബ്ലിക്കായി നമ്മൾ മുന്നോട്ടു പോകുവാൻ തീരുമാനിച്ചപ്പോൾ അത് നടക്കുവാൻ നാം കണ്ട വഴിയാണ് മാന്യമായ മതേതരത്വം. മതേതരത്വത്തോടു കൂടെയുള്ള ജനാധിപത്യം പൂർണമായ അർത്ഥത്തിൽ നടപ്പിൽ വരികയാണെങ്കിൽ തീർച്ചയായും ഒരാശങ്കയുമില്ലാതെ നമ്മുടെ രാജ്യത്തിന് മുന്നോട്ട് പോകാം. കാരണം രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ ഇത് വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും നാടായിരുന്നു. ഇവിടെ ആഴത്തിലുള്ള താഴ് വേരുകൾ ഇറങ്ങി നിൽക്കുന്ന ഒരു മതത്തെയും ഒരു സംസ്കാരത്തെയും അന്യം നിർത്തുവാൻ കഴിയില്ല. അങ്ങനെ ആരെയെങ്കിലും അന്യം നിർത്തുന്ന സാഹചര്യം വന്നാൽ അത് രാജ്യത്തിൻെറ ഒന്നാമത്തെ ഭീഷണിയായി മാറും ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ ഏതാനും ആൾക്കാർ ഇവിടെയുള്ള ഏതാനും ന്യൂനപക്ഷ മതവിഭാഗങ്ങളെ തുടക്കം മുതലേ അന്യരായി കാണുകയാണ്. ഒരു സൂചന എന്ന നിലക്ക് ഒരു ഉദാഹരണം പറയാം. 1937 ൽ നടന്ന അഹ്മദാബാദ് ഹിന്ദു മഹാ സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ച് കൊണ്ട് സവര്‍ക്കര്‍ ഇങ്ങനെ പ്രഖ്യപിച്ചു. ‘ഇന്ത്യ ഒരു രാഷ്ടമായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക വയ്യ. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രങ്ങളാണ്.’ രാജ്യം ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും രാജ്യമാക്കി വിഭജിക്കുന്ന കാഴ്ചപ്പാടാണ് സവർക്കർ അവതരിപ്പിക്കുന്നത്. പിന്നെ ഒരു വിഭജനം നടന്നു. അത് ഒരർത്ഥത്തിൽ മതത്തിന്റെ പേരിൽ തന്നെയായിരുന്നു. അതിന് അതിന്റേതായ കാരണങ്ങളും കാര്യങ്ങളുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ അതിനുശേഷം വേർപെട്ടു പോവാതെ ഇവിടെ തന്നെ നില നിന്നവർ ഇവിടെ നിലനിൽക്കുന്ന ബഹുമതത്വത്തെ സ്വീകരിക്കുന്നവരാണ്. ഈ കാഴ്ചപ്പാട് വളർന്നു വളർന്നുവന്ന് സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും മുക്കാൽ നൂറ്റാണ്ടോളം വളർന്നുവന്ന രാജ്യത്തിൻ്റെ ഗമനത്തെയും എല്ലാം തീർത്തും അവഗണിച്ച് മുന്നേറുകയാണ്. ഇപ്പോൾ രണ്ടും രണ്ട് എന്ന രൂപത്തിലാണ് ഒരു വിഭാഗം മുന്നോട്ട് പോകുന്നത്. ആ വിഭാഗം ആവട്ടെ രാജ്യത്തിൻെറ സിംഹാസനം കയ്യടക്കി കഴിഞ്ഞു എന്നത് അതിനേക്കാൾ വലിയ ദുരന്തവും.
ഇത്തരം ഒരു സാഹചര്യത്തിൽ ശരിക്കും രാജ്യത്തിന് രക്ഷപ്പെടാൻ എന്താണ് മാർഗം എന്ന് പറഞ്ഞു കൊടുക്കാൻ ആര് മുന്നോട്ടു വന്നാലും അതിനാണ് രാഷ്ട്രം വിലകൽപ്പിക്കുക. രാജ്യത്തെ എല്ലാ കൂട്ടായ്മകൾക്കും ഇത്തരം കാര്യങ്ങളിൽ തങ്ങളുടെ നിലപാട് തുറന്നു പറയുന്ന പ്രമേയങ്ങളും മുദ്രാവാക്യങ്ങളും ഉണ്ട്. അവ ഓരോന്നും നാം പരിശോധിച്ചാൽ അവയുടെ ഉള്ളിൽ കുറ്റപ്പെടുത്തലുകളുടെയോ പ്രകോപനങ്ങളുടെയോ ധ്വനി ആണ് അടങ്ങിയിട്ടുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാം. അങ്ങനെ കുറ്റപ്പെടുത്താനും പ്രകോപനമുയർത്താനും നമുക്ക് ന്യായവും അവകാശവും ഉണ്ട് എന്നത് ശരിയാണ്. പക്ഷേ, രാജ്യത്തിൻെറ നിലവിലുള്ള ഘടന അനുസരിച്ചും എതിർക്കപ്പെടുന്നവരുടെ നീക്കവും ലക്ഷ്യവും മാട്ടും അനുസരിച്ച് അതൊക്കെ അവരിൽ വിദ്വേഷം വർദ്ധിപ്പിക്കാൻ കാരണമാകും എന്നത് സമാധാനപരമായി ചിന്തിക്കുന്നവർക്ക് പറയാൻ കഴിയും. അതിനാൽ അത്തരം മുദ്രാവാക്യങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മാത്രമല്ല പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുവാൻ കഴിയുകയും ചെയ്തേക്കും. ഇത്തരം ഒരു ആമുഖത്തിൽ നിന്നുകൊണ്ട് വിലയിരുത്തുമ്പോഴാണ് സമസ്ത അതിൻ്റെ വിദ്യാർത്ഥി വിഭാഗത്തെ കൊണ്ട് ഉർത്തുന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി നമുക്ക് ബോധ്യമാവുക. അത് രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻ്റെ കരുതൽ എന്നതാണ്. മേൽ സൂചിപ്പിച്ചതുപോലെ ശരിക്കും തുറന്ന ബുദ്ധിയോടുകൂടി സമീപിക്കുന്ന ഏതൊരു പൗരനും ഈ മുദ്രാവാക്യത്തിലെ രണ്ട് മഹാവികാരങ്ങൾ കണ്ടെത്താൻ കഴിയുക തന്നെ ചെയ്യും. ഒന്നാമത്തെത് രാഷ്ട്ര രക്ഷയാണ്. രണ്ടാമത്തേത് അതിൻെറ മാർഗ്ഗമായ സൗഹൃദവും ആണ്. അതായത് രാജ്യത്തിലെ പൗരന്മാർ മുഴുവനും കാത്തുസൂക്ഷിക്കുന്ന സൗഹൃദമാണ്, ആയിരിക്കേണ്ടതാണ് രാഷ്ട്ര രക്ഷയുടെ നിദാനം എന്നാണ് സമസ്ത പറയുന്നത്. ഇതു പറയാൻ വേണ്ടി സമസ്ത സംവിധാനിച്ചിരിക്കുന്ന ഒരു സംവിധാനമാണ് അതിൻെറ വിദ്യാർത്ഥി സംഘടനയും ആ സംഘടന ആവിഷ്കരിച്ച ഈ മുദ്രാവാക്യവും. അത് ഇപ്പോഴും അതിൻ്റേതായ പ്രസക്തി കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കാരണം ഈ വാദത്തിൽ തീവ്രവാദമില്ല. ഇതിൽ ദേശസ്നേഹികൾക്ക് രസിക്കാത്തതും ദഹിക്കാത്തതും ആയി ഒന്നുമില്ല. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം പരമമായ സത്യവും നിഷ്കളങ്കമായ നിലപാടുമാണ്. അതുകൊണ്ട് ശരിക്കും ചിന്തിക്കുന്നവരെ അത്ഭുതപ്പെടുത്തുകയും ആകർഷിക്കുകയും ചെയ്യുന്ന ഘടകം തന്നെയാണ്. ഇങ്ങനെ കാലത്തിനും സാഹചര്യത്തിനും അനുയോജ്യമായ നിലപാടുകളും നയങ്ങളും പ്രമേയങ്ങളും ഉണ്ടായി വരിക എന്നത് ഈ സംഘടനയുടെ മാത്രം സവിശേഷതയാണ്. അതിനെ സംഘടനയുടെ അകത്തുള്ളവർ ഇലാഹിയായ കടാക്ഷം ബറക്കത്ത് മഹാന്മാരായ മുൻഗാമികളുടെ പ്രാർത്ഥനയുടെ ഫലം എന്നെല്ലാം വിളിക്കുന്നു.
ബാംഗ്ലൂരിലെ പാലസ് മൈതാനിയിൽ നൂറാം വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനം പ്രഖ്യാപിക്കുമ്പോൾ സമസ്ത പൊതുസമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെയായിരുന്നു. പ്രത്യേകിച്ചും ഒരു എതിർകക്ഷി ഇതേ ആശയം ബാനറിൽ എഴുതി അതിൻെറ മുൻപിൽ നിന്നുകൊണ്ട് കേരളത്തിലെ ഒരു പ്രധാന മുസ്ലിം ഏരിയയിൽ വെച്ച് ഇങ്ങനെ ഒരു പരിപാടി നടത്തി ഒരു മാസം പോലും പിന്നിടും മുമ്പ്. അത് പക്ഷെ, വിഘടിച്ചു പോയ ഒരു വിഭാഗത്തിൻ്റെ ഒരു അറു വഷളൻ വാദം മാത്രമായി എരിഞ്ഞടങ്ങി. ഇതിന് ഇതേ നാണയത്തിൽ ഒരു ചുട്ട മറുപടി സമസ്ത നൽകണമെന്ന് ലക്ഷക്കണക്കിന് ആയ സമസ്തയുടെ പ്രവർത്തകർ ആഗ്രഹിച്ചു നിന്ന സമയത്ത് അവരും അവരല്ലാത്തവരും പ്രതീക്ഷിച്ചത് ആ മറുപടി ജന്മനാടായ കോഴിക്കോട്ടോ മലപ്പുറത്തോ കണ്ണൂരിലോ ആയിരിക്കും എന്നതായിരുന്നു. ബാംഗ്ലൂരിൽ വച്ച് ഇത്തരം ഒരു സമ്മേളനം പ്രഖ്യാപിക്കപ്പെടും എന്നത് പൊതുസമൂഹം ആദ്യം കണക്ക് കൂട്ടിയിരുന്നില്ല. കാരണം അതിന് അനിതര സാധാരണമായ ധൈര്യം തന്നെ വേണം. വാടകക്ക് കിട്ടുന്ന ഒരു വലിയ മൈതാനി മാത്രം പോരാ അതിന്. നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം എന്ന് പറയുമ്പോൾ അത് നിർബന്ധമായും വിജയിക്കേണ്ടതുണ്ട്. ബാംഗ്ലൂരിൽ സമസ്തയ്ക്ക് കുറേ പ്രവർത്തകർ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ ആപേക്ഷികമായി കോഴിക്കോട്ടും ആലപ്പുഴയിലും സമ്മേളനം നടത്തുന്നത് പോലെ അങ്ങനെ നടത്താൻ കഴിയുന്ന സ്ഥലമല്ല ബാംഗ്ലൂർ. ദൂരം ഒരു വലിയ പ്രശ്നമാണ്. പ്രാദേശിക പിന്തുണ മറ്റൊരു പ്രശ്നമാണ്. സംസ്ഥാന രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങൾ മറ്റൊന്നാണ്. സാധാരണ പ്രവർത്തകന്മാർക്ക് യാത്ര സംബന്ധമായി ഉണ്ടാകുന്ന വിഷമങ്ങളെല്ലാം പ്രശ്നങ്ങൾ തന്നെയാണ്. ഈ പ്രശ്നങ്ങൾ ഏതെങ്കിലും ഒന്നിൽ തട്ടി സമ്മേളനം എങ്ങാനും നിലം തൊടാതെ പരാജയപ്പെട്ടാൽ ആ മാനക്കേട് തീർക്കാൻ ഇനി അടുത്ത ഒരു നൂറ്റാണ്ട് കൂടി വേണ്ടിവരും. അത്രയും ശ്രദ്ധയോടുകൂടിയാണ് ഈ ഉദ്ഘാടന സമ്മേളനം നടത്തേണ്ടത്. പക്ഷേ സമസ്ത ഇതെല്ലാം കണ്ടില്ല എന്ന് വെച്ച് ഒറ്റയടിക്ക് ബാംഗ്ലൂരിൽ സമ്മേളനം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപിക്കുമ്പോഴും പ്രചരണം നടത്തുമ്പോഴും വിട്ടൊഴിയാതെ ആശങ്ക ഒപ്പമുണ്ടായിരുന്നു. വിജയിച്ച് കഴിഞ്ഞപ്പോൾ എല്ലാവരും അത് മറന്നു പോയതാണ്. ഏതായാലും സമ്മേളനം ഐതിഹാസികമായി വിജയിച്ചു. വിജയിക്കാനുള്ള സാധ്യത ഉണ്ടോ ഇല്ലേ എന്ന് നമ്മൾ സ്വയം മനനം നടത്തിനോക്കി തീരുമാനിക്കേണ്ടതല്ല എന്നും അത് ഇലാഹിയായ മറ്റൊരു തൗഫീഖിന് വിധേയമാണ് എന്നും ഉള്ള സത്യം ആയിരുന്നു വിജയത്തിൻ്റെ പ്രധാന ആശ്രയം. വലിയ നേതാക്കന്മാർക്കെല്ലാം അതുണ്ടായിരുന്നു. അതേ ഘടകം കൊണ്ട് തന്നെ സമ്മേളനം വിജയിച്ചു.
ബാംഗ്ലൂർ സമ്മേളനം വിജയിച്ചതോടെ പ്രവർത്തന ഭൂപടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒരുപാട് സത്യങ്ങൾ വിളംബരം ചെയ്യുകയും വളർച്ചകൾ രേഖപ്പെടുത്തുകയും ചെയ്തു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയിലെ മുസ്ലിം ഉമ്മത്ത് സമസ്തയുടെ കൂടെ ഏത് സാഹചര്യത്തിലും അടിയുറച്ചു നിൽക്കുന്നു എന്നതാണ്. കേരളത്തിൽ ഒരു നൂറ്റാണ്ടുകാലം കൊണ്ട് എഴുതിയ സ്വന്തം ചരിത്രം തെളിവായി സമസ്ത മുന്നോട്ട് വെച്ച് ബാംഗ്ലൂരിൽ നടന്ന സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത് ഇന്ത്യൻ മുസ്ലിംകളുടെ ആത്മീയ നേതൃത്വം ഏറ്റെടുക്കാൻ സമസ്ത സന്നദ്ധമാണെന്നും സജ്ജമാണെന്നും ആണ്. കേരളത്തിന് പുറത്ത് സമസ്തക്ക് വ്യക്തമായ വേരുകൾ ഉണ്ട് എന്നത് അവിതർക്കിതങ്ങളാണ്. സമസ്തയുടെ തണലിൽ ആയി വളർന്ന് വന്ന വിവിധ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ ശ്രമങ്ങൾ തുടങ്ങിയവയെല്ലാം അതിനു ഉദാഹരണമാണ്. അതെല്ലാം സമസ്ത നേരിട്ട് നടത്തുന്നതാണോ എന്ന് ചോദിച്ചാൽ ആണ് എന്ന് തന്നെയാണ് ഉത്തരം. കാരണം, സമസ്ത എന്നു പറയുന്നത് 40 സ്വാലിഹീങ്ങൾ ആയ ഉലമാക്കളുടെ കൂട്ടായ്മയാണ്. അതിൻ്റെ ദൗത്യം കാലത്തിനും സമൂഹത്തിനും സമുദായത്തിനും വേണ്ട കാര്യങ്ങൾ നിവർത്തി ചെയ്യാൻ നേരിട്ടും കീഴ്ഘടകങ്ങളിലൂടെയും പ്രവർത്തിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രവർത്തനങ്ങളും സമസ്ത നേരിട്ട് തന്നെ ചെയ്യുകയാണോ എന്ന് ചോദിക്കുന്ന ചോദ്യത്തിന് ഒരു അർത്ഥവുമില്ല. സമസ്തയുടെ പ്രാസ്ഥാനിക പരിസരത്ത് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും വളരുന്ന എല്ലാ പദ്ധതികളും സമസ്തയുടേത് തന്നെയാണ്. ഈ അർത്ഥത്തിലുള്ള ഒരു സാന്നിധ്യം ഇന്ത്യയിലുടനീളം സമസ്ത അറിയിച്ചിട്ടുണ്ട് എങ്കിലും ദേശീയ ഇസ്ലാമിക നേതൃരംഗത്തേക്ക് സമസ്ത വ്യക്തമായും കടന്നിട്ടില്ല എന്നത് ഒരു സത്യമാണ്. അതേസമയം ദേശീയ മുസ്ലിം ലോകത്തിന് നേതൃത്വം കൊടുക്കുവാൻ നിലവിൽ കാര്യക്ഷമമായ ഒരു സംവിധാനവും ഇല്ല എന്നത് പുതിയകാലം അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യവുമാണ്. കുറെ ബോർഡുകളും കുറെ കക്ഷികളും സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിച്ചുപോകുന്നു എന്നത് ഒഴിച്ചാൽ ഫലപ്രദമായ ഇടപെടൽ നടത്താനുള്ള പ്രാപ്തിയോ ത്രാണിയോ അവയ്ക്കൊന്നും ഇല്ലാത്ത സാഹചര്യമാണ്. അതിനാൽ വലിയ പ്രയാസങ്ങൾ രാജ്യം നേരിടുന്നുണ്ട്. ഏറ്റവും പ്രധാനമായ ഒരു ന്യൂനപക്ഷം ആണെങ്കിലും മുസ്ലിംകളുടെ ശബ്ദത്തെ ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയാതെ വരുന്നു എന്നത് അതിലൊന്നാണ്. അതിനാൽ ഞങ്ങൾ അതിന് സന്നദ്ധമാണ് എന്ന് പൊതു ഇന്ത്യയുടെ മുമ്പിൽ പ്രഖ്യാപിക്കുകയായിരുന്നു ബാംഗ്ലൂർ സമ്മേളനം എന്ന് നിരീക്ഷിക്കാം.
അതിന് ബാംഗ്ലൂരിൽ സമ്മേളനം നടത്തേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അതൊരു ദുരുദ്ദേശ്യപരമായ ചോദ്യമാണ് എന്നേ പറയാൻ കഴിയൂ. കാരണം സമസ്ത കേവലം ബാംഗ്ലൂരിൽ സമ്മേളനം വിജയിപ്പിക്കാൻ കഴിവുള്ള സംഘടനയാണ് എന്ന് തെളിയിക്കുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച് ഇന്ത്യയുടെ മണ്ണിൽ എവിടെ സമ്മേളനം നടത്താനും സമസ്ത സന്നദ്ധമാണ്, സുസജ്ജമാണ് എന്ന് തെളിയിക്കുകയാണ് ചെയ്തിട്ടുള്ളത്. അതാണെങ്കിലോ ഇന്ത്യയിലെ പൊതു മുസ്ലിം സമൂഹത്തിന് ആദർശപരമായും സാമുദായികമായും നേതൃത്വം കൊടുക്കാൻ സമസ്തക്ക് കഴിയും എന്നതിൻ്റെ സൂചന തന്നെയാണ്. അങ്ങനെ പറഞ്ഞുവരുമ്പോൾ ഇതേ ആശയത്തിൽ രാഷ്ട്രീയപരമായ നേതൃത്വം നൽകിവരുന്നവരെ കണ്ടില്ല എന്ന് നടിക്കുവാൻ നമുക്ക് കഴിയില്ല. അത് പൊതുരാഷ്ട്രീയ ഇടത്തിൽ അത്യാവിശ്യം തന്നെയാണ്. അതേസമയം ഇപ്പോഴത്തെ സാഹചര്യം കേവലം വോട്ട് ബാങ്കുകളിൽ മുസ്ലീങ്ങളെ ഏകോപിപ്പിക്കുക എന്നതിലപ്പുറം ആദർശത്തിൽ ഏകോപിപ്പിക്കുക എന്നതാവേണ്ട സാഹചര്യമാണ് ഉള്ളത്. രാഷ്ട്രീയം തുടങ്ങിയ കേവല കാര്യങ്ങളിൽ മാത്രം ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൻ്റെ ആയുസ്സ് പലപ്പോഴും ഒരു തെരഞ്ഞെടുപ്പ് വരെ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത് നമ്മുടെ ഒരു അറിവാണ്. അതേസമയം തെരഞ്ഞെടുപ്പും തുടർന്നുള്ള പ്രക്രിയകളും ഒക്കെ ഒരു ഭാഗത്തേക്ക് വിട്ടുകൊടുക്കുകയും അതിനെയെല്ലാം സമസ്ത കേരളത്തിൽ ചെയ്യുന്നതുപോലെ ബഹുമാനപുരസരം ഉൾക്കൊള്ളുകയും അതോടൊപ്പം ആദർശപരമായും മതപരമായും ഇന്ത്യയ്ക്ക് സമസ്ത നേതൃത്വം നൽകുകയും ചെയ്യുന്ന ഒരു സാഹചര്യം കൈവരിക്കുകയാണ് എങ്കിൽ അത് ഇന്ത്യൻ മുസ്ലിംകളുടെ ശരിയായ വിമോചനം തന്നെയായി തീരും. ശരിക്കും ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്നവരും ശരിയായ വിലയിരുത്തലുകൾ നടത്താൻ കഴിയുന്ന മാനസിക വികാസം ഉള്ളവരും ഇങ്ങനെയാണ് സമസ്തയെയും ബാംഗ്ലൂർ സമ്മേളനയും നിരീക്ഷിക്കുന്നതും വിലയിരുത്തുന്നത്.
ബാംഗ്ലൂർ സമ്മേളനത്തിൽ വെച്ചുകൊണ്ട് തന്നെ സമാനമായ ഒരു സമ്മേളനം അടുത്ത നാലാം തീയതി കോഴിക്കോട് വെച്ച് നടത്തപ്പെടുന്നുണ്ട് എന്നും അതിലേക്ക് എല്ലാവരും എത്തിച്ചേരണമെന്നും അനുയായി വൃന്ദത്തെ നേരിട്ട് ക്ഷണിച്ചത് സമസ്തയുടെ അധ്യക്ഷൻ സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തന്നെയായിരുന്നു. ബാംഗ്ലൂർ സമ്മേളനം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഉണ്ടായിരുന്നത് പോലെയുള്ള ആശങ്കകൾ സത്യത്തിൽ കോഴിക്കോട് മുഖദ്ദസ് സമ്മേളനത്തെക്കുറിച്ചും ഉണ്ടായിരുന്നു. പക്ഷേ, ആശങ്കകളുടെ എല്ലാ കാർമേഘങ്ങളും അകന്നു പോവുകയും ഒറ്റക്കെട്ടായി നേതാക്കളും അനുയായികളും കോഴിക്കോട് ബീച്ചിൽ മറ്റൊരു ഇതിഹാസം എഴുതി ചേർക്കുകയും ചെയ്തു. ഈ സമ്മേളനത്തിന്റെ വിജയം അത് ഒരു വിദ്യാർത്ഥി സംഘടനയുടെ സമ്മേളനം ആയിരുന്നു എന്നിടത്ത് നിന്നാണ് ആരംഭിക്കുന്നത്. കേരളത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാർത്ഥി സംഘടനകളിൽ പ്രത്യേകമായ ഒരു വൈകാരികതയും പടച്ചെടുക്കാതെ സ്വാഭാവികമായ ഒരു വാർഷികാഘോഷം ഇത്രമേൽ വിജയിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും സംഘടനകൾ ഉണ്ടോ എന്ന് ചോദിച്ചാൽ അത് ഒട്ടും അഹങ്കാരം ആവില്ല. കാരണം, അതു പ്രയാസകരമാണ്. അത്രയും വലിയ വിജയമായിരുന്നു മുഖദ്ദസ് സമ്മേളനം. സൂക്ഷ്മദർശനം നടത്തുന്ന ചിലരെങ്കിലും പറയും, ഇത് വിദ്യാർത്ഥികളുടെ മാത്രം സമ്മേളനം തന്നെയായിരുന്നു എന്ന് പറയാൻ കഴിയുമോ എന്ന്. അങ്ങനെ നിരൂപിക്കുന്നവർ മനസ്സിലാക്കേണ്ടത് വിദ്യാർത്ഥികളെ കൊണ്ട് മാത്രം ഒരു സമൂഹവും സമുദായവും നിലനിൽക്കുന്നില്ല എന്നാണ്. വിദ്യാർത്ഥികളും അവരുടെ കൂട്ടായ്മയും സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമാകുന്നത് അവർ സർവ്വത്ര സ്വതന്ത്രരായി ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് പ്രവർത്തിക്കുമ്പോഴല്ല. അങ്ങനെ ഉണ്ടായാൽ അത് അപകടമാണ് വരുത്തിവെക്കുക. അങ്ങനെ ഉണ്ടായ സാഹചര്യം പണ്ട് സിമിയുടെ കഥ മുതൽ നമുക്ക് അറിയാവുന്നതാണ്. ഇപ്പോഴും അവാന്തര വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ ഏത് യുവജനങ്ങളേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം പരസ്പരം കൂടിക്കലർന്ന് ആളെ ഒപ്പിക്കുന്ന അടവുകളും തന്ത്രങ്ങളും ഉണ്ട്. സമസ്തയുടെ വിദ്യാർത്ഥി സംഘടനയുടെ അവസ്ഥ നേരത്തെ പറഞ്ഞ അതേ തത്വത്തിൽ ഉള്ളതാണ്. പതിനാലോളം വരുന്ന കീഴ്ഘടകങ്ങളിൽ ഓരോന്നിന്റെയും പ്രവർത്തനവും അതിൻെറ വിജയവും മുന്നേറ്റവും എല്ലാം മൊത്തത്തിൽ സമസ്തയുടേതാണ്. കാരണം, സമസ്ത ആർക്കും മെമ്പർഷിപ്പ് നൽകുന്നില്ല. സമസ്തയുടെ കീഴ് ഘടകങ്ങൾ വഴി നൽകപ്പെടുന്ന മെമ്പർഷിപ്പ് സത്യത്തിൽ സമസ്തയുടേതാണ്. അതിനാൽ ഏത് കീഴ്ഘടകത്തിന്റെയും പരിപാടിക്ക് നേതൃത്വം നൽകുന്നത് സമസ്തയുടെ ഉലമാക്കൾ ആയിരിക്കും. അത് വിജയിപ്പിക്കുന്നത് സമസ്തയുടെ അനുയായികളും ആയിരിക്കും. ഇത് സമ്മേളനം വിജയിപ്പിക്കാൻ ആളെക്കൂട്ടാനുള്ള ഒരു ന്യായീകരണമല്ല. മറിച്ച് സമസ്തയുടെ അച്ചടക്കത്തിന്റെ പ്രതിഫലനമാണ്. സമസ്ത എന്ന 40 പേർ ലക്ഷക്കണക്കിന് ആയ പ്രവർത്തകന്മാരെ ക്രമപ്രവൃദ്ധമായി നിയന്ത്രിച്ചു നയിച്ചുവരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso