Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുസ്സ്വഫ്ഫ് - 2

03-03-2024

Web Design

15 Comments

*




2 മുതൽ 4 കൂടിയ ആയത്തുകൾ



അണി തെറ്റാതെ, അടി തെറ്റാതെ..



2- സത്യവിശ്വാസികളേ നിങ്ങളെന്തിനാണ് പ്രവര്‍ത്തിക്കാത്തത് പറയുന്നത്?



സമൂഹത്തിൽ വിവിധ തരം വ്യക്തികൾ ഉണ്ടായിരിക്കുക സ്വാഭാവികമാണ്. വിശ്വാസികളുടെ സമൂഹത്തിലും ഇതുണ്ടാകും. ആദർശത്തിൽ അടിയുറച്ചു നിന്ന് ഓരോന്നിനെയും പര പ്രേരണ കൂടാതെ ജീവിതത്തിലേക്ക് ആവാഹിച്ചെടുക്കുന്നവർ ആണ് അവരിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നവർ. അവർ ഒരുപാട് വർത്തമാനങ്ങൾക്കോ ചോദ്യ ഉത്തരങ്ങൾക്കോ ഒന്നും കാത്തുനിൽക്കുകയില്ല. ആദർശവും ആശയവും അവരുടെ ചെവികളിലൂടെ നേരെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അവർ അത് പരമമായ പരിശുദ്ധിയോടു കൂടെ നിഷ്കളങ്കമായി കൊണ്ടുനടക്കുകയും ചെയ്യുന്നു. അത്തരക്കാരുടെ പുറവും അകവും ഒരേ രേഖയിലായിരിക്കും. അകത്തുള്ളത് എന്തോ അത് പുറത്തും പുറത്തുള്ളത് എന്തോ അത് അകത്തുമുള്ള സത്യവിശ്വാസികൾ. അവരെ മുഅ്മിനുകൾ എന്നാണ് മതം പരിചയപ്പെടുത്തുന്നത്. അവർ ആത്യന്തികമായ വിജയികളാണ്. വേറെ ചിലർ ആശയങ്ങളെയും ആദർശങ്ങളെയും മനസ്സുകൊണ്ട് അംഗീകരിച്ചവരും സ്വീകരിച്ചവരും ആയി ഉണ്ടാകും. അവർ പക്ഷേ അവയൊന്നും പരസ്യമായി പുലർത്തുകയോ മറ്റോ ചെയ്യുകയില്ല. ഇവരുടെ അകവും പുറവും രണ്ടാണ്. അകത്തുള്ളത് പുറത്തു കാണുന്നില്ല. ഇവരെ മതം മുനാഫിഖ് എന്ന് വിളിക്കുന്നു. ഇതേ സംഗതി നേരെ തിരിച്ചും ആകാം. അതായത് പുറത്ത് വലിയ വാക്കും വർത്തമാനവും ഒക്കെ പറഞ്ഞ് മതവും ആശയവും സന്നദ്ധതയും സുസജ്ജതയും എല്ലാം പ്രകടിപ്പിക്കും. പക്ഷേ കാര്യത്തിന്റെ അടുത്തെത്തുമ്പോൾ അവയൊന്നും ചെയ്യുവാൻ കക്ഷി ഉണ്ടാവില്ല. മാനസികായ തയ്യാറില്ലാത്തതു കൊണ്ടാണ് അത്. ഒന്നുകിൽ തന്ത്രത്തിൽ ഒഴിഞ്ഞു മാറും. അല്ലെങ്കിൽ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി രക്ഷപ്പെടും. ഇത്തരം ചില ആൾക്കാർ പ്രവാചകൻ്റെ വട്ടത്തിലും ഉണ്ടായിരുന്നു. അവർ ഇടക്ക് ഓരോന്ന് ചോദിക്കുകയും വലിയ ആവേശം കാണിക്കുകയും ഒക്കെ ചെയ്യും. പക്ഷേ, കാര്യത്തോട് അടുക്കുമ്പോൾ അവരെ കാണില്ല. ഈ സ്വഭാവം മാന്യനായ ഒരു വിശ്വാസിക്ക് ചേർന്നതല്ല. അതിനാൽ വിശ്വാസികൾ അത്തരക്കാരാവാൻ പാടില്ല എന്ന് താക്കീത് ചെയ്യുകയാണ് ഈ സൂക്തം. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് നിങ്ങൾ പറയരുത് എന്ന് അല്ലാഹു വ്യക്തമായി താക്കീത് ചെയ്യുന്നു.



3- ചെയ്യാത്തത് പറയുക എന്നത് അല്ലാഹുവിങ്കല്‍ ഏറെ ക്രോധകരമത്രേ.



മേൽപ്പറഞ്ഞ ആയത്ത് പറയുന്ന താക്കീത് ലംഘിക്കുന്നവർക്ക് വരാൻ പോകുന്ന ശിക്ഷയെയാണ് ഈ ആയത്ത് പറയുന്നത്. ചെയ്യാത്തത് പറയുക എന്നത് അല്ലാഹുവിന് നിരക്കാത്തതും കോപം ഉണ്ടാക്കുന്നതുമായ കാര്യമാണ്. അല്ലാഹുവിൻ്റെ നോട്ടം എപ്പോഴും മനുഷ്യനിലേക്കാണ്. ആ നോട്ടത്തിന്റെ പ്രത്യേകത അത് നമ്മുടെ കാഴ്ച ചെയ്യുന്നതുപോലെ അകത്തെയും പുറത്തേയും വേർതിരിക്കുന്നില്ല, ഭാവിയെയും ഭൂതത്തെയും വേർതിരിക്കുന്നില്ല എന്നിവയെല്ലാമാണ്. നമുക്ക് പുറം കാണുവാൻ ഒരു കാഴ്ചയും അകം കാണുവാൻ വേറെ ഒരുതരം കാഴ്ചയും വേണ്ടിവരുമല്ലോ. അല്ലാഹുവിന് അങ്ങനെ വേണ്ടിവരില്ല. അതായത് അള്ളാഹു കാണുമ്പോൾ സമ്പൂർണ്ണമായി കൊണ്ടാണ് കാണുന്നത്. കാലത്തിന്റെയോ ഭിത്തികളുടെയോ മറയോ മാറ്റമോ അവന്റെ കാഴ്ചക്ക് ഇല്ല. അതിനാൽ ഒറ്റയടിക്ക് തന്നെ അവൻെറ കാഴ്ചയിൽ ഇത്തരം അടിമകളുടെ വൈകല്യം പതിയുന്നു. അതുകൊണ്ടാണ് തൻെറ അടിമ തന്നെ വ്യക്തമായും പറ്റിക്കുകയാണ് എന്ന് അവൻ തിരിച്ചറിയുന്നതും അതിൻെറ പേരിൽ അവനോട് ദേഷ്യപ്പെടുന്നതും.



ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ അന്നു ചിലർ ഏതാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മം എന്ന് ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയിരുന്നുവെങ്കിൽ ഞങ്ങൾ അത് ചെയ്യുമായിരുന്നേനെ എന്ന് പറഞ്ഞ സംഭവമാണ് നേരിട്ട് വരുന്നത്. പക്ഷേ ഈ ഗണത്തിൽ വരുന്ന സമാനമായ മറ്റു പലതും ഉണ്ട്. ഉദാഹരണമായി വാഗ്ദത്ത ലംഘനം നടത്തുന്നത്. അവിടെ ഈ ആയത്തിൽ പറഞ്ഞതുപോലെ പറഞ്ഞ വാക്ക് പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിന് വീഴ്ച വരികയാണ്. അപ്രകാരം തന്നെ ഇല്ലാത്ത ഒന്നിനെ കുറിച്ച് ഉണ്ട് എന്നോ ഉള്ള ഒന്നിനെ കുറിച്ച് ഇല്ല എന്നോ പറയുന്ന കളവുകളും ഈ ഗണത്തിൽ പെടുന്നു. അവിടെ വസ്തുതയും പ്രസ്താവനയും വിരുദ്ധമായി ഭവിക്കുന്നു. ഈ പ്രവണത പ്രബോധന രംഗത്തും ഉണ്ടാവാം. നന്മ ചെയ്യുവാൻ ജനങ്ങളോട് കൽപ്പിക്കുകയും എന്നാൽ കൽപ്പിക്കുന്ന ഉപദേശി അത് ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യം അതാണ്. തിന്മ ചെയ്യരുത് എന്ന് ഉപദേശിക്കുകയും രഹസ്യമായോ അല്ലെങ്കിൽ ദുർബലമായ ന്യായീകരണങ്ങൾ അടിസ്ഥാനപ്പെടുത്തിയോ അവ ചെയ്യുകയും ചെയ്യുന്ന സാഹചര്യവും അതാണ്. ഇതെല്ലാം ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ വരുമെന്നും അവർക്കെല്ലാം അല്ലാഹുവിൻ്റെ കോപം ഉണ്ടായിരിക്കും എന്നും വിവിധ വ്യാഖ്യാനങ്ങളിൽ കാണാം.



ആയത്തിൽ പ്രയോഗിച്ചിരിക്കുന്ന മഖ്ത്ത് എന്ന വാക്കിന് ശിക്ഷ എന്നും കോപം എന്നും അർത്ഥം ഗണിക്കപ്പെടുന്നതായി കാണാം. സത്യത്തിൽ ഇവ രണ്ടും ഒന്നുതന്നെയാണ്. അല്ലാഹുവിൻ്റെ ശിക്ഷകളുടെ അടിസ്ഥാനമാണ് കോപം എന്ന് പറയുന്നത്. അല്ലാഹു കോപിക്കും എന്നു പറയുമ്പോൾ അതിന് വിശാലമായ അർത്ഥമാണ് ഉള്ളത്. കാരണം ഈ കോപം മനുഷ്യൻ്റെ ഐഹികവും പാരത്രികവുമായ രണ്ടു ജീവിതങ്ങളിലും പ്രതിഫലിക്കും. അല്ലാഹുവിൻ്റെ ഈ കോപം ഇത്രമേൽ കാഠിന്യം ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്ന ഒരു തിരുവചനം ഉണ്ട്. അത് പാരത്രിക ലോകത്ത് വിചാരണ കഴിഞ്ഞ് ശിക്ഷ അനുഭവിക്കുന്നവരുടെ ഇടയിൽ ഒരാൾ നേരിടുന്ന വളരെ ദയനീയമായ ഒരുതരം ശിക്ഷയാണ്. അയാളുടെ വയർ പിളർന്ന് ആന്തരിക അവയവങ്ങളെല്ലാം പുറത്തു ചാടി കിടക്കുകയാണ്. എന്നിട്ട് അവയും കൊണ്ട് അയാളെ ആട്ടുകല്ല് തിരിക്കുന്ന രൂപത്തിൽ വട്ടം കറക്കുന്നു. ഇത്രമേൽ വിഷമകരമായ ഒരു ശിക്ഷ അനുഭവിക്കുമ്പോൾ അയാളെ തിരിച്ചറിഞ്ഞ് ആളുകൾ ചുറ്റും ഒരുമിച്ചു കൂടും. അവരുടെ മുഖത്ത് വലിയ ആശ്ചര്യം പ്രകടമായിരിക്കും. കാരണം അവർ ആ അവസ്ഥയിൽ കാണുന്നത് ദുനിയാവിൽ തങ്ങളുടെ ഇടയിൽ ഉദ്ബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരാളെയാണ്. താങ്കൾ ജനങ്ങളെയെല്ലാം ഉദ്ബോധിപ്പിച്ചിരുന്ന ആളല്ലേ, പിന്നെ എങ്ങനെ ഇത് സംഭവിച്ചു എന്ന് ആരായുമ്പോൾ അയാൾ അവിടെ കുറ്റസമ്മതം നടത്തുകയാണ്. ഞാൻ അരുത് എന്ന് പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഞാൻ ഒഴിവായി നിൽക്കുകയോ എല്ലാവരും ചെയ്യണമെന്ന് ഉപദേശിച്ച കാര്യങ്ങൾ ഞാൻ എൻ്റെ ജീവിതത്തിൽ ചെയ്യുകയോ ചെയ്യുമായിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നയാൾ കുറ്റസമ്മതം നടത്തുന്നതാണ് ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ആ ഹദീസ്.



4- ദൃഢീകൃതമായ കെട്ടിടമെന്നോണം അണി ചേര്‍ന്നു നിന്നുകൊണ്ട് തന്റെ വഴിയില്‍ അടരാടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു.



അല്ലാഹുവിൻ്റെ മാർഗത്തിൽ അടരാടാൻ ഉള്ള സന്നദ്ധത തന്നെയാണ് അല്ലാഹുവിനോടുള്ള സത്യസന്ധമായ വിധേയത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. അതിന് തയ്യാറാകുന്നവർ മാനസികമായ തങ്ങളുടെ കരുത്ത് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം അവർ തങ്ങളുടെ ആശയത്തിന് വേണ്ടി സ്വന്തം വിലപ്പെട്ട ജീവൻ തന്നെ ദാനമായി നൽകുവാൻ ഉറച്ചിരിക്കുകയാണ്. മനുഷ്യൻെറ കൈവശമുള്ള ദ്രവ്യങ്ങളിൽ ഏറ്റവും വലുത് അവൻ്റെ ജീവിതം തന്നെയാണ്. അത് ആദർശത്തിനു വേണ്ടി ദാനം ചെയ്യാൻ തയ്യാറുമ്പോൾ അതുതന്നെയായിരിക്കും മഹാദാനം. ഈ ഒരു പ്രത്യേകത ഇസ്ലാം പ്രത്യേകമായി പരിഗണിക്കുന്നുണ്ട്. സ്വഹാബിമാർക്ക് കൽപ്പിച്ച സ്വീകാര്യത അതിൻെറ പേരിൽ ആയിരുന്നു. അവരുടെ കൂട്ടത്തിൽ തന്നെ മക്ക വിജയത്തിൻ്റെ മുമ്പ് വിശ്വസിക്കുകയും അടരാടാൻ തയ്യാറാവുകയും ചെയ്തവരെ അല്ലാഹു പ്രത്യേകം പ്രകീർത്തിക്കുന്നുണ്ട് (ഹദീദ്: 10). അതിൻ്റെയെല്ലാം കാരണം അതാണ്. മതിയായ ആയുധങ്ങളോ ആൾബലമോ ഇല്ലാതെ അവർ യുദ്ധങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. അതിനാൽ തന്നെ പലപ്പോഴും അവരുടെ ഉദ്യമങ്ങളെ അള്ളാഹു നേരിട്ട് ഏറ്റെടുക്കുകയും അവരെ ഒരു പ്രയാസവുമില്ലാതെ വിജയിപ്പിക്കുകയും ചെയ്യുകയുണ്ടായി. മറ്റൊരു പ്രത്യേകതയാണ് രക്തസാക്ഷികൾക്ക് കൽപ്പിച്ചിരിക്കുന്ന പ്രാധാന്യം. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനെ ഏറ്റവും ഉത്തമമായ കർമ്മങ്ങളിൽ ഒന്നായി എണ്ണുന്ന ഇസ്ലാം യുദ്ധങ്ങളിൽ മരിച്ചു വീഴുന്നവരെ അല്ലാഹുവിൻ്റെ ഭൂമിയിലെ സാക്ഷികൾ അഥവാ ശഹീദുകൾ എന്നാണ് വിളിക്കുന്നത് തന്നെ. അവർ മരിച്ചുപോയവരാണ് എന്ന് കരുതുക പോലും ചെയ്യരുത് എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട് (ആലു ഇംറാൻ: 169). അവർ അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്.



ഒറ്റക്കെട്ടായും ശക്തമായി ഉറച്ചുനിന്നും ധര്‍മസമരമനുഷ്ഠിക്കുന്നവര്‍ അല്ലാഹുവിന്റെ പ്രീതിക്ക് പാത്രീഭൂതരാകുമെന്ന ഈ ആയത്തിലെ പരാമര്‍ശം ശ്രദ്ധേയമാണ്. ചാഞ്ചല്യമില്ലാതെ, മനോ ദാര്‍ഢ്യത്തോടെയാകണം യുദ്ധ മുന്നണിയിൽ നിൽക്കേണ്ടത് എന്നതിനാണ് ഉറപ്പുള്ള കെട്ടിടം പോലെ എന്ന് ഉദാഹരിച്ചത്. ഇസ്ലാമിലെ യുദ്ധങ്ങളുടെ പൊതു ചട്ടം അപ്രകാരമാണ്. അതുകൊണ്ടാണ് യുദ്ധ മുന്നണിയിൽ നിന്ന് പിന്മാറുന്നതിനെ വലിയ പാതകമായി ഇസ്ലാം കാണുന്നത്. ഏഴ് വൻ കുറ്റങ്ങളിൽ ഒന്നായി അതിനെ നിരവധി പ്രമാണങ്ങൾ എണ്ണുന്നുണ്ട്. മഹാനായ നബി(സ)ക്ക് തൻെറ യുദ്ധങ്ങളിൽ സഹാബിമാരെ ഇങ്ങനെ അണിയായി നിർത്തുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. അണി തെറ്റാതിരിക്കുവാൻ നബി ജാഗ്രതയോടെ ഇടപെടുന്നതായി പലരംഗങ്ങളുടെയും വിവരണത്തിൽ നമുക്ക് കാണാൻ കഴിയും. നിര ഒപ്പിക്കാൻ വേണ്ടി ചിലപ്പോഴെല്ലാം അമ്പു പോലുള്ള തെല്ലു നീണ്ട സാധനങ്ങളെ വരെ നബി ഉപയോഗിക്കുന്നുണ്ട്. ഇസ്ലാമിക സംസ്കാരത്തെ സാംസ്കാരികമായി വിലയിരുത്തുന്ന ചില പഠനങ്ങളിൽ ഇത് നബി തിരുമേനി(സ)യുടെ ഒരു പുതിയ നീക്കം ആയിരുന്നു എന്നു പറയുന്നുണ്ട്. അറബികൾക്കിടയിൽ യുദ്ധങ്ങൾ സർവ്വസാധാരണമായിരുന്നു എന്നത് ഒരു ശരിയാണ്. ഒരു മൃഗത്തിന്റെ കിടാവ് ഒരു ഈന്തപ്പന തയ്യിൽ കടിച്ചതിന്റെ പേരിൽ 40 വർഷം നീണ്ടുനിന്ന യുദ്ധങ്ങളൊക്കെയും ആ കാലത്ത് നടന്നതാണ്. പക്ഷേ അന്നത്തെ രീതികൾ നിരയൊപ്പിച്ച് നിന്നുകൊണ്ടുള്ള ആക്രമണമോ പ്രതിരോധമോ ആയിരുന്നില്ല. മറിച്ച് കർറും ഫർറും ആയിരുന്നു. അഥവാ ഓടി വരികയും ആക്രമണം നടത്തുകയും ഉടനെ തിരിച്ചു ഓടുകയും ചെയ്യുന്ന രീതി. ആ രീതി അവലംബിക്കുമ്പോൾ യുദ്ധം വെറും കായികമായി മാറുന്നു. അതേസമയം നബി പഠിപ്പിക്കുന്ന, ഖുർആൻ ഉദ്ബോധിപ്പിക്കുന്ന നിരയായി നിന്ന് കോട്ട കെട്ടിക്കൊണ്ട് യുദ്ധത്തെ നേരിടുന്ന രീതി മനസ്സിന് ധൈര്യവും സ്ഥൈര്യവും സന്നദ്ധതയുടെ ആത്മാർത്ഥതയും തുടങ്ങിയ വികാരങ്ങളെ എല്ലാം ഉൾക്കൊള്ളുന്നതാണ്. അതിനാൽ നബി തിരുമേനി വരുത്തിയ യുദ്ധസമീപനത്തിലെ ഒരു വലിയ മാറ്റത്തിലേക്കു കൂടി നിരയായ കെട്ടിടങ്ങൾ പോലെ എന്ന ഈ ആയത്തിലെ പ്രയോഗം വെളിച്ചം വീശുന്നു.



0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso