Thoughts & Arts
Image

ഒരുങ്ങാനും ഒരുക്കാനും ശഅ്ബാൻ

03-03-2024

Web Design

15 Comments


വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഉസാമ ബിന്‍ സൈദ്(റ) റസൂല്‍(സ)യോട് ഒരിക്കൽ ഇങ്ങനെ ചോദിക്കുന്നുണ്ട്: 'നബിയേ, ശഅ്ബാന്‍ മാസത്തില്‍ അങ്ങ് മറ്റൊരു മാസത്തിലും അനുഷ്ടിക്കാത്ത അത്ര (സുന്നത്തായ) നോമ്പെടുക്കുന്നുണ്ടല്ലോ, അതെന്തുകൊണ്ടാണ്?' അപ്പോള്‍ നബി(സ) പറഞ്ഞു: 'റജബിനും റമസാനിനും ഇടയില്‍ ജനങ്ങൾ ശ്രദ്ധിക്കാതെപോകുന്ന മാസമാണത്. അതാകട്ടെ, അല്ലാഹുവിന്റെ പക്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണു താനും!അതുകൊണ്ട് നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്.. (അഹ്മദ്). സമാഗതമായ ശഅ്ബാൻ മാസത്തെ കുറിച്ച് വിശ്വാസികൾക്ക് അറിയാനും പറയാനും ഉള്ളതെല്ലാം ഈ തിരുവചനം ഉൾക്കൊള്ളുന്നുണ്ട്. റജബിനും റമസാനിനുമിടയില്‍ ജനങ്ങള്‍ മറന്നുപോവുന്ന മാസം എന്നു നബി തങ്ങൾ പറഞ്ഞതിൻ്റെ ധ്വനി ഇത് അങ്ങനെ മറക്കാവുന്ന മാസമല്ല എന്നതാണ്. മറക്കരുത് എന്ന് പറയുന്നതിൻ്റെ അർഥം ഈ മാസത്തെ ജാഗ്രതയോടെ സമീപിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ്. വാക്കുകൾക്കിടയിൽ നബി തങ്ങൾ സൂചിപ്പിക്കുന്ന അശ്രദ്ധയുടെ സാംഗത്യം അക്കാലത്ത് പൊതുവേ പ്രകടമായിരുന്നത് റജബിന് ശേഷം വരുന്ന മാസത്തിന്റെ വൈകാരികത കൊണ്ടായിരുന്നു. റജബ് മാസം അവർക്കും യുദ്ധം നിഷിദ്ധമായ മാസമായിരുന്നുവല്ലോ. അതിനാൽ എല്ലാ അത്തരം വികാരങ്ങളും കടിച്ചൊതുക്കി വെച്ചാണ് അവർ റജബ് കടക്കാറുള്ളത്. റജബ് കഴിയുന്നതോടുകൂടി പിന്നെ എല്ലാം തള്ളിത്തുറന്ന് ഒരു പാച്ചിലാണ്. നന്മയും ധർമ്മവും ഒന്നും വേർതിരിക്കാൻ ശ്രമിക്കാത്ത വിധത്തിലുള്ള ഒരു ഓട്ടം. അങ്ങനെ ഒരു ശീലം അവരിൽ വളർന്നുവന്ന സമയത്തായിരുന്നു ഇസ്ലാം വന്നതും ഈ പാഠം പഠിപ്പിച്ചതും. പഴയ ജാഹിലിയ്യത്തിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി അള്ളിപ്പിടിച്ച് അവശേഷിക്കുക എന്നത് പൊതുവേ സമൂഹത്തിലെ പതിവാണല്ലോ. അതിനാൽ അക്കാലത്തെ പ്രത്യേകമായും ഈ ധ്വനി വിളിച്ചു പറഞ്ഞിരുന്നത് ശഅ്ബാൻ മാസത്തെ അങ്ങനെ അവഗണിച്ചു പോകരുത്, ഈ മാസത്തെ മറ്റു ചില വികാരങ്ങളിലേക്ക് തിരിച്ചുവിടേണ്ടതുണ്ട് എന്നൊക്കെയായിരുന്നു.



പുതിയ കാലത്തും വിശ്വാസികൾക്കിടയിൽ ഈ പ്രവണത ഉണ്ട്. പക്ഷേ, അത് മറ്റൊരു രീതിയിലാണ്. അഥവാ പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ കടന്നു വരികയാണ്. റമദാൻ വരുന്നതോടെ എല്ലാ വിനോദ-വികാരങ്ങളും താൽക്കാലികമായി മടക്കി വെക്കേണ്ടിവരും. പ്രത്യക്ഷത്തിലെങ്കിലും ആത്മീയതയുടെ ആവരണം ധരിക്കുകയോ അല്ലെങ്കിൽ അതിന് വിധേയമാവുകയോ വേണ്ടിവരും എന്ന് പുതിയ കാല വിശ്വാസികളിലെ ആൾക്കാർക്ക് അറിയാം. അതിനാൽ ആ നിയന്ത്രണ മാസം വരുന്നത് വരെ നന്നായി ആസ്വദിച്ചും അനുഭവിച്ചും എല്ലാം പരമാവധി നുണയുക എന്ന ഒരു മനസ്ഥിതിയാണ് അതിനു പിന്നിൽ. ജാഹിലിയ്യ കാലഘട്ടത്തിന്റെ പടിയിറക്കത്തിന്റെ മുമ്പുതന്നെ അങ്ങനെ ഒന്നുണ്ടായിരുന്നു. ശഅ്ബാൻ പകുതി കഴിഞ്ഞാൽ പിന്നെ ചെറിയ ചഷകങ്ങളിൽ കുടിക്കരുത്, പരമാവധി വലിയ ചഷകങ്ങളിൽ തന്നെ കുടിക്കണം എന്ന് വിളിച്ചുപറയുന്ന ഒരു ജാഹിലിയ്യത്ത് പുറത്തിട്ട കവിതാശകലം ഇപ്പോഴും നമ്മുടെ അറബീ സാഹിത്യ മേഖലയിൽ അലഞ്ഞു തിരിയുന്നത് കാണാം. ഈ രണ്ടു തരത്തിലുള്ള പുതിയയും പഴയതുമായ കാരണങ്ങൾ ഇല്ലെങ്കിൽ തന്നെയും ഈ മാസം പല കാരണത്താലും പ്രത്യേകമായി പരിഗണിക്കപ്പെടേണ്ട മാസമാണ്. അതിൻെറ ഒരു കാരണമാണ് ഈ ഹദീസിൽ പറയുന്നത്. സമാനമോ അതിൽ കൂടുതൽ പ്രാധാന്യമുള്ളതോ ആയ മറ്റൊരു കാരണം കൂടിയുണ്ട് താനും. ഹദീസിൽ നബി തങ്ങൾ പറയുന്നത് മനുഷ്യന്റെ കർമ്മങ്ങളുടെ കണക്കുകൾ വാർഷികമായി അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണ് ഇത് എന്നതാണ്. ഇങ്ങനെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നത് വിചാരണക്ക് വേണ്ടിയാണ്. ഇതിൽ നിന്ന് അല്ലാഹുവിൻ്റെ വാർഷിക വിചാരണ പ്രക്രിയ നമ്മുടെ കലണ്ടർ സംവിധാനം അനുസരിച്ചല്ല നടക്കുന്നത് എന്നും അത് റമളാനിൽ തുടങ്ങി ശഅ്ബാനിൽ അവസാനിക്കുന്ന വിധമാണ് ഉള്ളത് എന്നും മനസ്സിലാക്കാം. അങ്ങനെയാണ് ആ പ്രക്രിയയുടെ കാലക്രമം എങ്കിൽ ശഅ്ബാൻ ശഅ്ബാൻ മാസത്തിന് കൂടുതൽ പ്രാധാന്യം കൈവരും. കാരണം തൊട്ടു മുമ്പിലുള്ള മാസം റമദാൻ ആണ്. പുതിയ കണക്കെടുപ്പു വർഷത്തിന് ഒരു നല്ല തുടക്കം നൽകുവാൻ വേണ്ട ഒരുക്കങ്ങൾ നടത്തേണ്ട സമയമാണ് ശഅ്ബാൻ എന്നത് ഇതോടെ സരളമായി മനസ്സിലാക്കാം.



കണക്കെടുപ്പിന്റെ സമയത്ത് താൻ ഏറെ വിനയാന്വിതനായിരിക്കേണ്ടതുണ്ട് എന്നതാണ് ഈ മാസത്തിൽ കൂടുതലായി സുന്നത്തു നോമ്പു നോൽക്കുന്നതിന് ന്യായമായി നബി തങ്ങൾ പറയുന്നത്. ഇതിൽ രണ്ടു തത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഒന്നാമതായി, കണക്കെടുപ്പും വിചാരണയും വിനയവും എന്നിവയെല്ലാം തമ്മിലുള്ള ബന്ധമാണ്. ഇവിടെ കണക്കെടുപ്പും വിചാരണയും എല്ലാം അധീശാധികാരിയായ ഒരു റബ്ബാണ് നടത്തുന്നത്. ഇവയുടെ അടിസ്ഥാനം വെറും എഴുതപ്പെട്ട കണക്കുകൾ മാത്രമല്ല. കാരണം, കോപത്തേക്കാൾ കാരുണ്യത്തിന് മുൻതൂക്കമുള്ള വിധി കർത്താവാണ് വിധി നിർണ്ണയം നടത്തുന്നത്. അതിനാൽ ഈ വിചാരണയിൽ അവകാശവാദത്തിനോ ന്യായീകരണത്തിനോ ഒന്നുമല്ല പ്രാധാന്യം. അത് തികച്ചും വിധികർത്താവിൻ്റെ വിവേചനാധികാരത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ അവനെ പരമാവധി പ്രീതിപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടി ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ ഒരു ആരാധനാ കർമ്മമാണ് നോമ്പ്. അത് സൃഷ്ടാവിനു മുമ്പിൽ സൃഷ്ടി നടത്തുന്ന ഏറ്റവും വലിയ സമർപ്പണവും അതേ സമയം നോമ്പിലെ സഹനം ഒരു സമരവുമാണ്. ഈ നോമ്പ് എന്ന ആരാധനയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് നിരന്തരമായും തുടർച്ചയായും ചെയ്യുമ്പോൾ അതിലൂടെയുള്ള സമർപ്പണം ഉന്നതമായി തീരുന്നു എന്നതാണ്. അത്തരം ഒരു ഔന്നത്യം പ്രാപിക്കുവാൻ വേണ്ടിയാണ് നബി തങ്ങൾ ഏതാനും ദിവസങ്ങളിൽ മാത്രം ഒതുങ്ങാതെ നീണ്ട നോമ്പുകളിലേക്ക് പോകുന്നത്. മറ്റൊരു ഹദീസിൽ ആയിഷ ബീവി തന്നെ പറയുന്നുണ്ട്. ശഅ്ബാൻ മാസത്തിൽ നബി നോമ്പ് നോൽക്കാൻ തുടങ്ങിയാൽ ഇനി ഈ മാസത്തിൽ നോമ്പ് ഒഴിവാക്കില്ലായിരിക്കാം എന്ന് ഞങ്ങൾക്ക് തോന്നുന്ന തോന്നിപ്പോകുന്ന അത്രയും നൈരന്തര്യത്തോടെ നബി നോമ്പ് നോൽക്കുമായിരുന്നു എന്ന്.



മൊത്തത്തിൽ ഈ ഹദീസ് പറയുന്നത് റമദാനിനു വേണ്ടിയുള്ള നബിയുടെ ഒരുക്കം തന്നെയാണ്. റമദാൻ എന്നു പറഞ്ഞാൽ എന്താണ് എന്നും എത്ര വലിയ സ്വാധീനം അത് മനുഷ്യനിലും അവന് ദൈവത്താൽ ലഭിക്കുന്ന പ്രതിഫലങ്ങളിലും ചെലുത്തും എന്ന് അറിയുന്നവർക്ക് ഈ ഒരുക്കത്തിന്റെ സാംഗത്യം മനസ്സിലാകും. അല്ലാഹു അവൻ്റെ ദാസന്മാർക്ക് എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കുകയും എല്ലാ കാരുണ്യങ്ങളും ചൊരിഞ്ഞുകൊടുക്കുകയും ചെയ്യുന്ന ഒരു ആണ്ടറുതിയാണ് റമദാൻ. സുന്നത്തുകൾക്ക് ഫർളുകളുടെ പ്രതിഫലവും ഫർളുകൾക്ക് എഴുപത് ഫർളുകളുടെ പ്രതിഫലവും ഈ മാസത്തിൽ ലഭിക്കുമെന്ന് നബി തിരുമേനി(സ) വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് പക്ഷേ കേവലം ഒപ്പിച്ചെടുക്കാം എന്ന് ഒരു വിശ്വാസിക്കും കരുതാൻ കഴിയില്ല. ശരിക്കും മനസ്സുകൊണ്ട് ഉത്തമ ബോധ്യത്തോടെ കൂടെ റമദാനിനെ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അത് ലഭ്യമാകൂ. അതിനാൽ മാസപ്പിറവി കാണുമ്പോൾ മുതൽ ചാടിയെഴുന്നേറ്റ് ആരംഭിക്കുകയും അടുത്ത മാസപ്പിറവി കാണുമ്പോൾ അത് നിർത്തുകയും ചെയ്യുകയാണ് എങ്കിൽ നോമ്പിൻ്റെ ആത്മീയ ആനന്ദവും സമ്പൂർണ്ണമായ പ്രതിഫലവും ഒന്നും അനുഭവിക്കാൻ കഴിയില്ല. അതിനാലാണ് മഹാന്മാർ റജബ് മുതൽ രണ്ടുമാസക്കാലം റമദാൻ ഒരുക്കങ്ങൾക്ക് വേണ്ടി നീക്കിവെക്കുമായിരുന്നത്. റജബിൽ ശരീരവും ശഅ്ബാനിൽ മനസ്സും ശുദ്ധീകരിച്ച് അവർ വല്ലാത്തൊരു ആത്മീയ ഹർഷത്തോടെ റമദാനിലേക്ക് കടക്കുകയായിരുന്നു. അപ്പോൾ മാത്രമാണ് റമദാൻ വിശ്വാസിയുടെ അനുഗ്രഹവും പൂക്കാലവും എല്ലാമായി മാറുന്നത്.



റമദാനിനു വേണ്ടിയുള്ള ഒരുക്കം എന്നാൽ എന്താണ് എന്നത് കൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. അത് ഒന്നാമതായി മനസ്സിനെ അതിനു വേണ്ടി സജ്ജമാക്കുക എന്നതാണ്. കാരണം റമദാൻ സ്വീകരിക്കപ്പെടേണ്ടതും പെയ്തിറങ്ങേണ്ടതും മനസ്സിലേക്കാണ്. മനസ്സിനെ ശുദ്ധീകരിക്കുവാൻ ആദ്യം വേണ്ടത് തൗബയാണ്. അറിഞ്ഞോ അറിയാതെയോ സംഭവിച്ചുപോയ തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും ഉള്ള മാനസികമായ മടക്കമാണ് തൗബ. അതിന് മാനസികമായി സന്നദ്ധനാവുക എന്നത് തന്നെയാണ് പ്രധാനമായും വേണ്ടത്. അങ്ങനെ തയ്യാറായി കഴിഞ്ഞാൽ പിന്നെ സംഭവിച്ചു പോയ തെറ്റുകളിൽ ആത്മാർത്ഥമായി ഖേദിക്കുകയും ഇനി അതുണ്ടാവില്ല എന്ന് മാനസികമായി ശപഥം ചെയ്യുകയും വേണം. ചെയ്ത തെറ്റുകളിൽ സാമ്പത്തിക ബന്ധിയായ കാര്യങ്ങൾ ഉണ്ട് എങ്കിൽ അത് ബന്ധപ്പെട്ടവരുമായി പറഞ്ഞു തീർക്കണം. ഇതോടെ തൗബ പൂർണമാകുന്നു. ഒരുക്കങ്ങളിൽ പിന്നെ വേണ്ടത് റമദാൻ കർമ്മങ്ങളുടെ പരിശീലനമാണ്. ആ അർത്ഥത്തിലാണ് ശഅ്ബാൻ മാസത്തിൽ അധികമായി നബി തങ്ങൾ നോമ്പ് നോൽക്കാറുണ്ടായിരുന്നത്. റമദാനിൽ ഏറ്റവും പ്രധാനമായി ചെയ്യാനുള്ള കർമ്മം നോമ്പാണ്. അത് ഈ മാസത്തിൽ തന്നെ ചെയ്തുചെയ്തു ശീലിക്കണം. അതോടൊപ്പം ഈ മാസത്തിൽ ശീലിക്കാനുള്ള മറ്റൊരു കാര്യം താളഭം വന്നുപോയ ആരാധന കൃത്യതകളെ വീണ്ടും താളാത്മകമാക്കുക എന്നതാണ്. നിസ്കാരങ്ങളെ അതിൻെറ ആദ്യ സമയത്തു തന്നെ കഴിയുമെങ്കിൽ ജമാഅത്തായി തന്നെ നിസ്കരിച്ചു ശീലിക്കണം. ഫർള് നിസ്കാരത്തിൻ്റെ മുമ്പും ശേഷവും ഉള്ള സുന്നത്തുകൾ, രാപകലുകളിൽ പ്രത്യേകമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള മറ്റു സുന്നത്തുകൾ എന്നിവ താല്പര്യപൂർവ്വം ശീലമാക്കണം. റമദാനിൽ ഇവയൊക്കെ ചെയ്യുമ്പോൾ മടിയോ ക്ഷീണമോ മറ്റോ അനുഭവപ്പെടാതിരിക്കുവാൻ വേണ്ടി കൂടിയാണിത്. ജീവിതത്തിൻ്റെ ആത്മീയതയെ പരിചരിക്കുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണ് ദിക്റുകളും ദുആകളും. അവ ജീവിത തിരക്കുകൾക്കിടയിൽ പലപ്പോഴും നിലച്ചു പോയിട്ടുണ്ടാകും. അതൊക്കെ വീണ്ടും തുടങ്ങി ജീവിതത്തിന് ആത്മീയതയുടെ പച്ചപ്പ് നൽകുവാൻ ഈ മാസത്തിൽ ശ്രമിക്കണം. പിന്നെ ഏറ്റവും പ്രധാനമായി ചെയ്യേണ്ട ഒരുക്കം വിശുദ്ധ ഖുർആനുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്. ഒരു അർത്ഥത്തിൽ പറഞ്ഞാൽ വിശുദ്ധ റമദാൻ വിശുദ്ധ ഖുർആനിനു വേണ്ടിയുള്ള ആചരണമാണ്. ഈ റമദാനിൽ ഖുർആനിനെ ജീവിതത്തിലേക്ക് ആവാഹിച്ചെടുക്കണമെങ്കിൽ അതിനും ചില ആമുഖ ഒരുക്കങ്ങൾ വേണ്ടതുണ്ട്. ഖുർആൻ പാരായണം ശീലമാക്കുക, കഴിയുന്ന അത്ര അർത്ഥങ്ങളിലേക്കും ആശയങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പഠിക്കാൻ ശ്രമിക്കുക, മറ്റുള്ളവരെ അതിൽ പങ്കാളികളാക്കുക, സർവോപരി വിശുദ്ധ ഖുർആനിൻ്റെ പ്രചാരകരായി മാറുക തുടങ്ങിയതെല്ലാം ഇതിൻെറ ഭാഗമായി ചെയ്യാനുള്ളതാണ്. ഈ പറഞ്ഞതെല്ലാം ചേർത്തുവെക്കുമ്പോൾ ശഅ്ബാൻ മാസം വിശ്വാസികൾക്ക് ഒരു ഒഴിവും ഇല്ലാത്ത വിധം ആത്മീയമായ റമദാൻ ഒരുക്കങ്ങൾക്ക് വേണ്ടി നീക്കിവെക്കാനുള്ളതാണ് എന്ന് വ്യക്തമാകും.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso