Thoughts & Arts
Image

പരീക്ഷ എന്ന പരീക്ഷണം

03-03-2024

Web Design

15 Comments


വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് പരീക്ഷാകാലമാണ്. അവരുടെ ജീവിത തലങ്ങളിൽ അതിന്റെ ചൂടും സമ്മർദ്ദവും സ്വാഭാവികമായും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ആധുനിക അക്കാദമിക സംവിധാനത്തിൽ പരീക്ഷകളെ ഒരു കാലത്തേക്ക് മാത്രം ഒതുക്കി നിർത്താൻ കഴിയില്ല എന്നത് ശരിയാണ്. എങ്കിലും ചെറിയ പ്രായക്കാരായ വിദ്യാർത്ഥികളുടെ പഠന ജീവിതങ്ങളിൽ കടന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകൾ എല്ലാം ഈ സമയത്താണ് നടക്കുന്നത് എന്നതുകൊണ്ടാണ് നാം ഈ കാലത്തെ പരീക്ഷാക്കാലം എന്ന് വിളിക്കുന്നത്. സെക്കൻഡറി, സീനിയർ സെക്കൻഡറി, അവ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന മത്സര പരീക്ഷകൾ, പ്രധാന പ്രഫഷണൽ കോഴ്‌സുകളുടെ അവസരപരീക്ഷകൾ തുടങ്ങിയവയുടെ എല്ലാം കാലമാണ് മാർച്ച് മുതൽ. മത വിദ്യാഭ്യാസ പദ്ധതികളിലും വാർഷിക പരീക്ഷ കാലമാണ് ഇത്. ഈ പരീക്ഷകളുടെ എല്ലാം പ്രധാന വിഷയം അത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ സമ്മർദ്ദത്തിൽ ആക്കുന്നു എന്നതാണ്. അവർ വലുതാകുമ്പോൾ നേരിടുന്ന പരീക്ഷകൾ എല്ലാം ഏതാണ്ട് അവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. അതുകൊണ്ട് എല്ലാവരെയും ബാധിക്കുന്ന വിഷയം എന്ന നിലക്ക് ഈ വിഷയം ഒരു പൊതുവിഷയമാണ്. അപ്പോൾ നമുക്കും ചിലത് പറയുവാൻ ബാധ്യതയുണ്ട്. ഇങ്ങനെ പറയേണ്ടിവരുന്നത് പ്രധാനമായും പരീക്ഷയുടെ സമ്മർദ്ദവും ചൂടും അനിയന്ത്രിതമാകുന്നത് കൊണ്ടാണ്. അതിനാൽ നമുക്ക് പറയാനുള്ളതെല്ലാം ആ സമ്മർദ്ദത്തെ ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതിന് ആദ്യമായി വേണ്ടത് പരീക്ഷ എന്നാൽ എന്താണ് എന്ന് മനസ്സിലാക്കുകയാണ്. അത് മനസ്സിലാവാത്തതാണ് പലരെയും സമ്മർദ്ദത്തിൽ ആക്കുന്നത് എന്ന് ഈ മേഖലയിലെ പഠനങ്ങളും ഇടപെടലുകളും പറയുന്നുണ്ട്. പഠിച്ച, പഠിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ കഴിയുന്ന വിധത്തിൽ കൃത്യമായി ആസൂത്രിതമായി തയ്യാറാക്കപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തതയോടെ ഉത്തരം എഴുതുക എന്നതാണ് പരീക്ഷ. പഠിച്ച, പഠിപ്പിച്ച വിഷയം ഗ്രാഹ്യമായിട്ടുണ്ടോ എന്ന് നോക്കുവാൻ വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ നടത്തുന്ന ഒരു സൂത്ര വിദ്യയാണ് പരീക്ഷ എന്ന് ചുരുക്കം.



ഈ നിർവചനം അനുസരിച്ച് പരീക്ഷ വിജയിക്കുവാൻ പഠിച്ച പാഠങ്ങൾ മുഴുവനും മനപ്പാഠമാക്കുകയാണ് വേണ്ടത് എന്ന ഒന്നാമത്തെ തെറ്റ്ധാരണ ഇറക്കിവെക്കാൻ കഴിയും. ഈ വിഷയം നന്നായി ഗ്രഹിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടി ഒരാൾ സമർത്ഥമായി ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ കണ്ടെത്തുകയാണ് പരീക്ഷ വിജയിക്കുവാൻ വേണ്ടത്. അതു കണ്ടെത്തുവാൻ പാഠഭാഗങ്ങളെ മുഴുവനും ആശ്രയിക്കേണ്ടി വരും എന്നത് സത്യം തന്നെയാണ്. പക്ഷേ ആ പാഠഭാഗങ്ങളെ മുഴുവനും കറക്കി കുറുക്കി എടുത്ത് സമയം കളയുന്നതിനു പകരം പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും അവയ്ക്ക് ഉത്തരം ചെയ്യുവാൻ തയ്യാറാവുകയും മാത്രമാണ് വേണ്ടത്. ഈ പ്രക്രിയയെ നമുക്ക് ഒരു പുസ്തക ഷെൽഫിനോട് ഉപമിക്കാം. എല്ലാ പുസ്തകങ്ങളെയും ഷെൽഫിനുള്ളിൽ കൃത്യവും ശാസ്ത്രീയവുമായ ക്രമത്തിൽ അടുക്കിവെച്ചിട്ടുണ്ട് എങ്കിൽ അതിൽ ഏറെ പ്രധാനപ്പെട്ടതോ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്തതോ പ്രാഥമിക പരിഗണനയിൽ വരാത്തതോ ആയ പുസ്തകങ്ങൾ ഏതു ഭാഗത്താണ്, ഏത് നിലയിലാണ് വെച്ചിട്ടുള്ളത് എന്നത് വേറിട്ടു മനസ്സിലാക്കിയ ഒരാളോട് അതിൽ നിന്ന് ഇന്ന പുസ്തകം കൊണ്ടുവരൂ എന്ന് ചോദിച്ചാൽ ഞൊടിയിടയിൽ അയാൾക്കതിന് കഴിയുന്നതുപോലെയാണ് പരീക്ഷയും അതിൻ്റെ വിജയവും. ഇതിന് സാധിക്കണമെങ്കിൽ പക്ഷേ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കണം, അടുക്കിയത് ഒരു കൃത്യത പാലിച്ചു കൊണ്ടായിരിക്കണം, ആ കൃത്യത മനസ്സിൽ ഓർമ്മിച്ചെടുക്കുവാൻ കഴിയുന്ന വിധത്തിൽ വിഷയ ബന്ധിതമായിരിക്കണം, തുടങ്ങിയ കാര്യങ്ങളൊക്കെ ഈ വിജയത്തിന് പ്രധാനമാണ്. അതുപോലെ തന്നെയാണ് ഒരു പഠനത്തിലെ പരീക്ഷയുടെ വിജയവും. പഠിച്ചതെല്ലാം നന്നായി പഠിച്ചുവെക്കുകയും അതിൽ പ്രത്യേകം ഓർമിച്ചിരിക്കേണ്ടത് പ്രത്യേകമായി ഓർമ്മിച്ചുവെക്കുകയും അസന്നിഗ്ധമായ ഒരു ഘട്ടത്തിൽ അതിനെ ഓർമ്മച്ചെടുക്കുവാൻ വേണ്ട ഒരു കുറുക്കു വഴി സ്വയം വികസിപ്പിച്ച് വെക്കുകയും ചെയ്തിട്ടുണ്ട് എങ്കിൽ ഏതു പരീക്ഷയും അനായാസം വിജയിക്കാം. ഇത്രയും പറഞ്ഞതിന്റെ ആകെത്തുക കൃത്യമായ ക്രമീകരണം മാത്രമാണ് പരീക്ഷയുടെ വിജയത്തിന് വേണ്ടത് എന്നാണ്.



ഈ ചർച്ചയിൽ നാം ഏറ്റവും പ്രാധാന്യത്തോടെ സമീപിക്കേണ്ട വിഷയം സമ്മർദ്ദം തന്നെയാണ്. പഠനരംഗത്തും ജോലി രംഗത്തും കടുത്ത മാത്സര്യമാണ് നിലനിൽക്കുന്നത്. അവസരം ലഭിക്കുവാൻ കഴിവുകളെയാണ് പ്രധാനമായും മാനദണ്ഡമാക്കുന്നത്. അവയിലേക്കുള്ള ചവിട്ടുപടികളാണ് സത്യത്തിൽ ഈ പരീക്ഷകളെല്ലാം. അതോടൊപ്പം പഠിക്കുന്നവരുടെയും മത്സരിക്കുന്നവരുടെയും ആധിക്യവും ഉണ്ട്. ഇതെല്ലാം ചേരുമ്പോഴാണ് സമ്മർദ്ദം ഏറുന്നത്. ഇതെല്ലാം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരേപോലെ സമ്മർദ്ദം ഉണ്ടാക്കുന്നു. ഈ സമ്മർദ്ദത്തെ അതിജീവിക്കുവാൻ കഴിയുക എന്നതാണ് പരീക്ഷകളുടെ വിജയം. അതിന് രക്ഷിതാക്കളും വിദ്യാർത്ഥികളും ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. ഇതിൽ പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതിരിക്കുക, പഠിക്കാനായി ചെറിയ സഹായങ്ങള്‍ ചെയ്ത് കൊടുക്കുക, ടെന്‍ഷന്‍ സാധാരണമാണെന്നും അത് പോസിറ്റീവായി ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം രക്ഷാകർത്താക്കൾ ഒരു വെപ്രാളവും പുറത്തു കാണിക്കാതെ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളാണ്. ഒപ്പം പഠന ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ സഹായിക്കുകയും കുട്ടികളെ കേള്‍ക്കുകയും അവരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ചെവി കൊടുക്കുകയും ചെയ്യണം. അതൊക്കെ അവരിൽ അനുകൂലമായ ആത്മവിശ്വാസം ഉണ്ടാകും. കൂടാതെ കുട്ടികളുടെ ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. അവയ്ക്ക് പരീക്ഷയുമായി എന്തു ബന്ധമാണ് എന്ന് ചോദിക്കുന്നത് മനശാസ്ത്രപരമായി നിരർത്ഥകമാണ്. കാരണം, ജീവിത ക്രമങ്ങളിൽ കുറവോ ക്ഷീണമോ താളഭംഗമോ സംഭവിച്ചാൽ അത് മനസ്സിന്റെയും ബുദ്ധിയുടെയും തദ്വാര ഓർമ്മ ശക്തിയുടെയും പ്രതലങ്ങളെ പ്രതികൂലമായി ബാധിക്കും.



ഉല്‍കണ്ഠ, അസ്വസ്ഥത, ടെഷന്‍, ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഒറ്റക്കിരിക്കല്‍, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ കുട്ടികളിലുണ്ടാകുന്ന പരീക്ഷാ കാലത്തെ മാറ്റം ശ്രദ്ധിക്കുകയും അവക്ക് ബുദ്ധിപരമായ പരിഹാരം കാണുകയും വേണം.
പരീക്ഷ അടുക്കുമ്പോള്‍ അവർ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ടെന്‍ഷന്‍ കാരണം അവര്‍ ഭക്ഷണം വേണ്ടെന്ന് വെക്കുന്നില്ലെന്നും ആവശ്യമായ ഊര്‍ജവും മറ്റും ലഭിക്കുന്നവ കഴിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണം. പഠനത്തിനും മറ്റു ആക്ടിവിറ്റികള്‍ക്കും ശേഷം ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. നല്ല ഉറക്കം കുട്ടികളില്‍ ഏകാഗ്രതയും ചിന്താശേഷിയും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. ഉറക്കത്തിന് തൊട്ടുമുന്‍പുള്ള സമയം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ വിടാം. എന്നാല്‍, മൊബൈലില്‍ അധികനേരം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ, ഗെയിമിങ് തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറക്കണം. അവരുടെ മനോഗതികളിൽ കാര്യമാത്ര ശക്തമായ ഇടപെടലുകൾ ഉണ്ടാക്കുന്നവയാണ് അവയെല്ലാം. ചെയ്യേണ്ട കാര്യങ്ങളെക്കാൾ പ്രാധാന്യം കൽപ്പിക്കേണ്ട കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. കുട്ടികളില്‍ ഒരിക്കലും അമിത പ്രതീക്ഷ പ്രകടിപ്പിക്കരുത്.
മതാപിതാക്കൾ ഉല്‍കണ്ഠാകുലരായി കുട്ടികളുടെ ചുറ്റും തന്നെ നടക്കരുത്. കുറ്റപ്പെടുത്തുവാൻ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. മടുപ്പ് വരുന്ന വിധത്തിലും സ്വരത്തിലും ഉപദേശിക്കരുത്. കുട്ടികളെ കടുത്ത സ്വരത്തിൽ കുറ്റപ്പെടുത്തരുത്. തളരുമ്പോള്‍ അവരെ അവഗണിക്കാതിരിക്കുക. അവരുടെ ആഹാര രീതി ഗൗരവമായി ശ്രദ്ധിക്കണം. സമീകൃത ആഹാരം, മതിയായ ഉറക്കം, വ്യായാമം എന്നിവ ഉറപ്പ് വരുത്തണം. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ജങ്ക്ഫുഡ് ഒഴിവാക്കുക, ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക, പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക, കൃത്യസമയത്ത് ആഹാരം കഴിക്കുക തുടങ്ങിയവ ശീലിപ്പിക്കണം.



ഈ പറഞ്ഞതെല്ലാം പൊതുവായ പരീക്ഷാ നിർദ്ദേശങ്ങളാണ്. അവയെല്ലാം കൂടിച്ചേരുമ്പോൾ സമ്മർദ്ദം ഒരുപക്ഷേ ഇല്ലാതെയാകും. അല്ലെങ്കിൽ ഭാരം കുറയുകയെങ്കിലും ചെയ്യും. ഇതെല്ലാം പക്ഷേ ചെയ്യേണ്ടത് ഏറ്റവും കുറഞ്ഞത് ഒരു അക്കാദമിക് വർഷമെങ്കിലും നീണ്ടുനിൽക്കുന്ന കാലക്രമത്തിനുള്ളിലാണ്. അല്ലാതെ, പരീക്ഷയുടെ തലേന്നാൾ ചെയ്യേണ്ടുന്നതല്ല. അങ്ങനെ പറയുമ്പോൾ പരീക്ഷയുടെ തലേന്നാൾ അഥവാ തൊട്ടു മുമ്പായി പുലർത്തേണ്ട സമീപനം കൂടി പറയേണ്ടതുണ്ട്. പരീക്ഷകളെല്ലാം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുന്നു എന്നതിനാൽ പ്രത്യേകിച്ചും. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, മനശാസ്ത്ര വിദഗ്ധന്മാർ പറയുന്നതുപോലെ, അവസാന നിമിഷങ്ങളിൽ അമിത സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ടതുപോലെ തിരക്കിട്ടു പഠിക്കാതിരിക്കുകയാണ്. വിദ്യാർഥി ഈ സമയത്ത് തൻെറ മനസ്സിനെ ശാന്തമാക്കുവാനാണ് ശ്രമിക്കേണ്ടത്. കാരണം ശാന്തത കൈവരുമ്പോൾ മാത്രമാണ് താൻ ഉദ്ദേശിക്കുന്ന ഉത്തരങ്ങളിലേക്ക് ഞൊടിയിടയിൽ എത്തിച്ചേരുവാൻ കഴിയുക. ആകെ കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നതിനിടയിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്തുവാൻ പരീക്ഷകൾ അനുവദിക്കുന്ന സമയക്രമത്തിൽ കഴിഞ്ഞു കൊള്ളണമെന്നില്ല. ഈ ശാന്തത നേടുവാൻ ആത്മവിശ്വാസങ്ങളെ ആശ്രയിക്കുകയാണ് വേണ്ടത്. തനിക്ക് ഒരു മുഴു അധ്യയന വർഷം പഠിക്കുവാൻ ലഭിച്ചിട്ടുണ്ട് എന്നും തൻെറ അധ്യാപകർ അത് കൃത്യമായി പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നും പരീക്ഷകൾക്കു വേണ്ട മാതൃക എന്നോണം കൃത്യമായ ഇടവേളകളിൽ അവർ പരീക്ഷകൾ നടത്തി നോക്കിയിട്ടുണ്ട് എന്നും അതിലെല്ലാം താൻ ശരാശരി തന്നെയായിരുന്നു എന്നും വിദ്യാർത്ഥി സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ തന്നെ മനസ്സ് ഒരു അളവോളം ശാന്തമാകും. ഈ ശാന്തത കൈവരുവാൻ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാർഗമായി മനശാസ്ത്രവും മതശാസ്ത്രവും ഒരേപോലെ പറയുന്നത് പ്രാർത്ഥനയാണ്. എല്ലാ ജയപരാജയങ്ങളും നിശ്ചയിക്കുന്നത് ഒരു അഭൗമ ശക്തിയാണ് എന്ന കരുതലിൽ നിന്നാണ് പ്രാർത്ഥന ഉത്ഭൂതമാകുന്നത്. അത്തരം ഒരു ശക്തിയുടെ കാരുണ്യം ലഭിക്കുവാൻ ശാന്തമായി ആ ശക്തിയുടെ മുമ്പിൽ പ്രാർത്ഥിച്ചു നിൽക്കുകയാണ് വേണ്ടത് എന്ന് കരുതുമ്പോൾ തന്നെ മനസ്സിന് ആശ്വാസം തോന്നിത്തുടങ്ങും. അതു വിശുദ്ധ ഖുർആനിൻ്റെ പ്രസ്താവനയുമാണ്. അല്ലാഹു പറയുന്നു: അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങള്‍ക്കു പ്രശാന്തി കൈവരൂ (റഅ്ദ്: 28).



o





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso