Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുസ്സ്വഫ്ഫ് - 3

03-03-2024

Web Design

15 Comments



(ആയത്ത് 5)



അടിയുറക്കാതെ ആടിയുലഞ്ഞു നിന്നാൽ...



ഈ അധ്യായത്തിലെ ആദ്യത്തെ സൂക്തങ്ങളിൽ വിശ്വാസിയുടെ വാക്കും പ്രവർത്തിയും നയവും നിലപാടും ഒന്നായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പറഞ്ഞുതുടങ്ങിയത്. തുടർന്ന് ശരിയായ വഴിയിൽ ഉറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും പറഞ്ഞു. ഇതു പറയുന്നതിനിടെ അള്ളാഹു ഗൗരവത്തിന്റെയും താക്കീയുമെല്ലാം സ്വരം എടുക്കുന്നുണ്ട്. അത് ആ വിഷയത്തിന്റെ ഗൗരവം ഓർമിപ്പിക്കുന്നു. വിശ്വാസം എന്നു പറയുന്നത് മനുഷ്യൻെറ രണ്ടു പ്രധാന ഘടകങ്ങളെ അഥവാ വികാരങ്ങളെയും വിചാരങ്ങളെയും മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ദേഹത്തെയും ദേഹിയെയും പരസ്പരം ചേർത്ത്കെട്ടാനും അവ രണ്ടായി വേർപിരിഞ്ഞ് തന്നിഷ്ടം പ്രാപിക്കുന്ന രണ്ടു വഴികളിലേക്ക് പോകാതിരിക്കാൻ പരസ്പരം ബന്ധിപ്പിക്കാനും വേണ്ടിയാണ് ഈ ഗൗരവം ഓർമ്മപ്പെടുത്തുന്നത്. അതിനാൽ കഴിഞ്ഞ അധ്യായങ്ങളിൽ പരാമർശിച്ച സൂക്തങ്ങളെ നമുക്ക് ഒരു ആമുഖമായി പരിഗണിക്കാം. തുടർന്ന് ഇനി വരുന്ന ആയത്തുകളിൽ അതിൻെറ ഉദാഹരണം പറയുകയാണ്. അല്ലാഹുവിൻ്റെ കലാമാകുന്ന വിശുദ്ധ ഖുർആൻ ഉന്നയിക്കുന്ന ഉദാഹരണങ്ങൾ സർവ്വകാലികം ആയിരിക്കേണ്ടതുണ്ട്. അതായത് ഏതുകാലത്തും ജീവിക്കുന്ന ആൾക്കാർക്കും ബോധ്യപ്പെടുന്നതും ബോധ്യപ്പെടാൻ മാർഗ്ഗമുള്ളതും ആയിരിക്കണം. ആ അർത്ഥത്തിലാണ് ഖുർആനിക ആശയങ്ങളും സമർപ്പിക്കുവാൻ ഖുർആൻ മുൻകാല ജനതകളെ ഉപയോഗപ്പെടുത്തുന്നത്. വിശുദ്ധ ഖുർആനിൽ ഇത്തരം പാഠങ്ങൾ ഉൾക്കൊള്ളുന്ന മുൻകാല ജനതകളെ കുറിച്ചും അവരുടെ പ്രവാചകന്മാരെ കുറിച്ചും എല്ലാം പരാമർശം ഉണ്ട്. ആ കൂട്ടത്തിൽ ഏറ്റവും അധികമായി പറയപ്പെട്ടിരിക്കുന്ന കഥയും ചരിത്രവും ഇസ്രയേൽ സന്തതികളുടെതാണ്. ഏറ്റവും അധികം പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രവാചകൻ മൂസാ നബിയും പിന്നെ ഈസാ നബിയും ആണ്. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, സാമൂഹ്യമായ വളർച്ച ഏറെ പ്രാപിച്ച നാഗരികതയെ വരിച്ച ഒരു തലമുറയായിരുന്നു ഇസ്രയേൽ സന്തതികളുടേത്. അതിനാൽ അവരുടെ ജീവിതത്തിൽ ചരിത്രത്തിന് നിദാനമാകുന്ന മുഹൂർത്തങ്ങൾ ധാരാളമായി ഉണ്ടായി ഉണ്ടാവുക സ്വാഭാവികമാണ്. രണ്ടാമതായി വിശുദ്ധ ഖുർആനിലെ ആദ്യ സംഭോധിതരായ അറബ് ജനതയ്ക്ക് ഏറ്റവും അറിയാവുന്ന ജനവിഭാഗങ്ങൾ ആയിരുന്നു ജൂതന്മാരും ക്രിസ്ത്യാനികളും. അവർ അവരുടെ ഇടയിൽ ഒന്നിച്ചു ജീവിച്ചുവരികയായിരുന്നു. അതിനാൽ ആ ജനതയോട് പറയുമ്പോൾ അവരുടെ ഒപ്പമുള്ള ജൂതന്മാരെയും ക്രൈസ്തവരെയും പറഞ്ഞാൽ അത് കൂടുതൽ ഗ്രാഹ്യമാകും. പ്രത്യേകിച്ചും ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറബ് ജനതയ്ക്ക്. കാരണം വളരെ പഴയ കഥകളോ അനുഭവങ്ങളോ പറഞ്ഞാൽ അതിന് ബാഹ്യമായ തെളിവോ ചരിത്രപരമായ അടുപ്പമോ ഇല്ല എങ്കിൽ അവ കണ്ടെത്തുവാനോ പഠിച്ചെടുക്കുവാനോ കഴിയുന്ന വിധത്തിലുള്ള ഒരു സാംസ്കാരിക വളർച്ച മക്കയിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതിനാൽ അവരോട് ഒരു ഉദാഹരണം പറയണമെങ്കിൽ അത് ഏറ്റവും ഫലപ്പെടുകയും നന്നാവുകയും ചെയ്യുക അവരോടൊപ്പം തന്നെ ജീവിക്കുന്ന ജൂതന്മാരെയും ക്രൈസ്തവരെയും കുറിച്ച് പറയുമ്പോഴാണ്. ആ അർത്ഥത്തിൽ ഇനി വരാനിരിക്കുന്ന സൂക്തങ്ങളിൽ അള്ളാഹു മൂസാ നബിയുടെയും ഈസാ നബിയുടെയും ജനതകൾ ചെയ്ത നന്ദികേടുകളെയും ശരികേടുകളെയും ഓർമിപ്പിക്കുന്നു.



5 മൂസാനബി തന്റെ ജനത്തോട് ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രേ. എന്റെ ജനമേ, നിങ്ങളെന്തിനാണ് എന്നെ ദ്രോഹിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ, അവര്‍ വ്യതിചലിച്ചു പോയപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ അല്ലാഹു വഴിതെറ്റിച്ചു. അധര്‍മകാരികളെ അവന്‍ സന്മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല.



ബനൂ ഇസ്രായേൽ എന്ന ഈ ജനതയുടെ ചരിത്രം ആരംഭിക്കുന്നത് യൂസഫ് നബി(അ) ഈജിപ്തിൽ എത്തുന്നതോടു കൂടിയാണ്. അദ്ദേഹം ഈജിപ്തിൽ എത്തിച്ചേരുകയും അവിടെ രാജാവായിത്തീരുകയും ചെയ്തതോടെ യഅക്കൂബ് നബി(അ)യും മക്കളും അങ്ങോട്ട് താമസം മാറി. യൂസഫ് നബിയുടെ ശേഷം അദ്ദേഹത്തിൻ്റെ തന്നെ പരമ്പരയിൽ പെട്ട പലരും അവിടെ രാജാക്കന്മാരായി. യൂസഫ് നബിയോട് കാണിച്ച ബഹുമാനം അവർ ഈ തലമുറയിലെ രാജാക്കന്മാരോടും കാണിക്കുകയും ചെയ്തു. പക്ഷേ പിൽക്കാലത്ത് ഇസ്രയേൽ സന്തതികളിൽ നിന്ന് വന്ന രാജാക്കന്മാർക്കും അവരുടെ പരമ്പരക്കും അഹങ്കാരം പിടിപെട്ടു. തദ്ദേശീയരായ ഖിബ്ത്വികളെ അവർ ക്രൂരമായി ഭരിച്ചു. അതോടുകൂടി ക്രമേണ ഇസ്രയേൽ സന്തതികൾക്കെതിരെയുള്ള വികാരം തദ്ദേശീയമായി ഉയർന്നുവരാൻ തുടങ്ങി. മാത്രമല്ല, അധികം വൈകാതെ ഇസ്രയേൽ സന്തതികളെ മറികടന്ന് ഖിബ്ത്വികൾ അധികാരത്തിലെത്തി. അധികാരത്തിൽ എത്തിയതോടെ അവർ തങ്ങളോട് ചെയ്ത ക്രൂരതയ്ക്ക് ഇസ്രയേൽ സന്തതികളോട് പ്രതികാരം ചെയ്യാൻ തുടങ്ങി. അവിടെ നിന്നാണ് അവരുടെ ദുർദിനങ്ങൾ ആരംഭിക്കുന്നത്. എല്ലാ അധികാരങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട അവർ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ഈജിപ്തിലെ അടിമകളായി മാറി. പിന്നീട് ഏതാണ്ട് മൂന്ന് നൂറ്റാണ്ട് കാലത്തിലധികം അവരുടെ അവിടത്തെ അവസ്ഥ അവർണ്ണനീയമായിരുന്നു. ഭീമാകാരങ്ങളായ പിരമിഡുകൾ സ്ഥാപിക്കുവാനും മറ്റുള്ളവർ തയ്യാറാവാത്ത ജോലികൾ ചെയ്യുവാനും അവർ നിർബന്ധിതരായി. അങ്ങനെയിരിക്കയായിരുന്നു അവരെ അവിടെ നിന്ന് വിമോജിപ്പിച്ച് സ്വന്തം നാടായ കനാൻ ദേശത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരുവാൻ മൂസാ നബി(അ)യെ അല്ലാഹു നിയോഗിക്കുന്നത്. അല്ലാഹു പറഞ്ഞ പ്രകാരം മൂസാ നബി (അ) അവരെയും കൊണ്ട് കടൽ കടന്ന് സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ ചെങ്കടൽ കടന്നപ്പോഴേക്കും അവർ എല്ലാ സഹായങ്ങളും മറക്കുകയും വലിയ അഹങ്കാരത്തോടെ എല്ലാം നിഷേധിക്കുന്ന മട്ടിൽ പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. മൂസാ നബി(അ)യുടെയോ അദ്ദേഹത്തിലൂടെ നൽകപ്പെടുന്ന അല്ലാഹുവിൻ്റെയോ കൽപ്പനകൾ അവർ മാനിച്ചതേയില്ല.



മൂസാ നബി(അ)യും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ട ശേഷം, അല്ലാഹുവിൽ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് ഫലസ്തീനിന്റെയും ശാമിന്റെയും ഭാഗത്തേക്കാണ് സഞ്ചരിച്ചത്. വഴി മദ്ധ്യേ ഇസ്രാഈല്യര്‍ ബിംബാരാധകരായ ഒരു ജനതയുടെ വാസസ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെയുള്ളവര്‍ ബിംബങ്ങളെ ആരാധിക്കുന്നതും, അവയുടെ ചുറ്റും ഭജനത്തിലും ധ്യാനത്തിലുമിരിക്കുന്നതും കണ്ടപ്പോള്‍, ഇവരെപ്പോലെ ഞങ്ങള്‍ക്കും വല്ല ദൈവങ്ങളെയും അനുവദിച്ചു കിട്ടിയാല്‍ കൊള്ളാമെന്ന് അവ൪ക്ക് തോന്നി. ഇബ്രാഹീം(അ), യഅ്ഖൂബ് (അ) എന്നീ ശ്രേഷ്ഠ പ്രവാചകന്‍മാരുടെ സന്താനപരമ്പരയാണ് ഇസ്രാഈല്യരെങ്കിലും അവരുടെ പഴയ സ്ഥിതികളെല്ലാം മുഴുവൻ മാറിക്കഴിഞ്ഞിരിക്കുന്നു. ഖിബ്ത്ത്വികളുമായുള്ള സമ്പര്‍ക്കം നിമിത്തം പ്രവാചകന്മാരുടെ സന്തതികളായ ഇസ്രാഈല്യരില്‍ പോലും വിഗ്രാഹാരാധനയും പശു പൂജയും പ്രചരിച്ചിരുന്നു. ഖ്ബ്ത്വികൾ അങ്ങനെ ജീവിക്കുന്നവരായിരുന്നു. മൂസാ(അ) വന്നതോടുകൂടി ക്രമേണ അവര്‍ ഏകദൈവ വിശ്വാസികളായിത്തീര്‍ന്നുവെങ്കിലും ഈജിപ്തില്‍നിന്നു രക്ഷപ്പെട്ടു പോരുന്ന വഴിക്ക് ബിംബങ്ങളെ വെച്ച് പൂജിച്ചുവരുന്ന ഒരു ജനതയെ കണ്ടപ്പോള്‍, അവ൪ക്ക് അവരുടെ പഴയ ബിംബാരാധനയുടെയും പശു പൂജയുടെയും ഓര്‍മ്മ വന്നു. തങ്ങള്‍ക്കും അതുപോലെ ചില ദൈവങ്ങളെ ഏര്‍പ്പെടുത്തിത്തരണമെന്ന് അവര്‍ മൂസാ നബി(അ)യോട് ആവശ്യപ്പെട്ടു. ഇതില്‍ നിന്നും വിഗ്രഹാരാധനയില്‍ അവര്‍ക്കുള്ള താല്‍പര്യം എത്രമാത്രമായിരുന്നുവെന്നു മനസ്സിലാക്കാം. അധികാര ശക്തിയിലും പ്രതാപത്തിലും പരമകോടിയിലെത്തിയിരുന്ന ഫിര്‍ഔനിന്റെയും സൈന്യത്തിന്റെയും അതിദാരുണമായ നാശവും, അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിച്ചതിന്റെ ഫലമായി തങ്ങള്‍ക്ക് ലഭിച്ച മഹാനുഗ്രഹവും മറ്റനേകം ദൃഷ്ടാന്തങ്ങളും കണ്ടറിഞ്ഞിട്ടും ഇത്ര വേഗം അതെല്ലാം വിസ്മരിച്ചുകൊണ്ടു ഈ ബിംബാരാധകന്‍മാരെപ്പോലെ നിങ്ങളുമായല്ലോയെന്നും നിങ്ങള്‍ അങ്ങേഅറ്റം വിഡ്ഢികള്‍ തന്നെയാണെന്നും മൂസാ നബി(അ) അവരെ ഉണര്‍ത്തി. (അഅ്റാഫ് : 138). ഇത് അവരുടെ വിശ്വാസത്തിൻ്റെ ഒരു ദൗർബല്യം.



ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെട്ട് വന്നശേഷം ഇസ്രാഈല്യര്‍ക്ക് വേദഗ്രന്ഥമായി തൗറാത്ത് സീനാപര്‍വ്വതത്തില്‍വെച്ചു നല്‍കാമെന്നും, അതിനായി നാല്‍പത് ദിവസത്തോളം ഏകാന്തധ്യാനം ഇരിക്കണമെന്നും അല്ലാഹു മൂസാ നബി(അ)യോട് കല്‍പ്പിച്ചിരുന്നു. ഇസ്‌റാഈല്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനാവശ്യമായ എല്ലാ തത്വോപദേശങ്ങളും, നിയമനിര്‍ദ്ദേശങ്ങളും, ചരിത്രപാഠങ്ങളും അടങ്ങിയ ഒരു നിയമസംഹിതയും, സത്യാസത്യങ്ങളെയും ന്യായാന്യായങ്ങളെയും വേര്‍തിരിച്ച് വിവരിക്കുന്ന മതഗ്രന്ഥവുമാണ് തൗറാത്ത്. നിശ്ചയപ്രകാരം മൂസാ(അ) സീനായിലേക്ക് പോകുമ്പോള്‍ തന്‍റെ അഭാവത്തില്‍ ഇസ്‌റാഈല്യരുടെ നേതൃത്വം ജേഷ്ഠസഹോദരന്‍ ഹാറൂന്‍ നബി (അ)യെ ഏല്‍പിച്ചു. മൂസാ നബി(അ) പോയ ശേഷം ‘സാമിരി’ എന്നു പേരായ ഒരാളുടെ നേതൃത്വത്തില്‍ ഇസ്‌റാഈല്യര്‍ സ്വര്‍ണം കൊണ്ട് ഒരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുവാന്‍ തുടങ്ങി. ഈജിപ്തിലെ പശു ആരാധനയില്‍നിന്നാണ് സാമിരിക്ക് പശുക്കുട്ടിയെ ഉണ്ടാക്കുവാനും, ഇസ്രാഈല്യര്‍ക്ക് അതിനെ ആരാധിക്കുവാൻ സമർപ്പിക്കുവാനും പ്രചോദനം ഉണ്ടായത്. പശുവാരാധന അവരുടെ ഹൃദയങ്ങളില്‍ പ്രത്യേകം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. കൂടാതെ, ഇതാണ് നിങ്ങളുടെയും മൂസായുടെയും റബ്ബ് എന്നും അവരില്‍ ചിലര്‍ പറഞ്ഞുണ്ടാക്കുകയും ചെയ്തു. ഹാറൂന്‍ (അ) തന്നെക്കൊണ്ട് കഴിയുന്ന തടസ്സങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനെ പൂജിക്കുമെന്നായിരുന്നു അവര്‍ ഹാറൂന്‍ നബിക്ക്(അ) നല്‍കിയ മറുപടി. ബുദ്ധിപരമായ വീണ്ടു വിചാരങ്ങള്‍പോകട്ടെ, തങ്ങളുടെ നേതൃത്വം വഹിക്കുന്ന ഹാറൂന്‍ നബി (അ)യുടെ വിലക്ക് കേള്‍ക്കുവാനോ, ഏതാനും ദിവസം കൊണ്ട് മടങ്ങി എത്തുന്ന മൂസാ നബി(അ)യുടെ വരവുവരെ കാത്തിരിക്കുവാനോ അവര്‍ക്ക് ക്ഷമയുണ്ടായില്ല. മൂസാ നബി(അ) തൗറാത്തുമായി വന്നപ്പോള്‍ കണ്ട കാഴ്ച, ഇസ്രാഈല്യര്‍ ആ പശുക്കുട്ടിയുടെ ചുറ്റും കൂടി അതിനെ ആരാധിക്കുന്നതും അതിനടുത്തു ഭജനമിരിക്കുന്നതുമാണ്. അദ്ദേഹത്തിന് അതിയായ കോപവും വ്യസനവും ഉണ്ടായി. നിങ്ങള്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറ്റു വാങ്ങുവാനായിട്ടാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം ഏതാനും ദിവസം ഞാന്‍ നിങ്ങളെ വിട്ടു പോയതെന്നും എന്റെ വരവു കാത്തിരിക്കുവാനുള്ള ക്ഷമ പോലുമില്ലാതെ നിങ്ങള്‍ ഇത്ര വേഗം ഈ മഹാ പാതകം ചെയ്തുവല്ലോയെന്നുമൊക്കെ അദ്ദേഹം ആക്ഷേപിച്ചു. സാമിരിയെയും ജനങ്ങളെയും ചോദ്യം ചെയ്തശേഷം പശുക്കുട്ടിയെ ചുട്ട് ഭസ്മമാക്കി കടലില്‍ പാറ്റിക്കളഞ്ഞു. ഇത് അവരുടെ വിശ്വാസത്തിൻ്റെ ദുർബ്ബലാവസ്ഥ തെളിയിക്കുന്ന മറ്റൊരു സൂചന.



ഇനി സൂറത്തുസ്സ്വഫ്ഫിൽ പറഞ്ഞ യുദ്ധരംഗത്തെ സ്ഥിരതയുടെ കാര്യമെടുക്കാം. അതിലും ആ ജനത വൻ പരാജയമായിരുന്നു. കാരണം മേൽപ്പറഞ്ഞ സംഭവത്തിനുശേഷം മൂസാ(അ) ഫലസ്തീനില്‍ ചെന്ന് അവർക്ക് ചെന്നു കയറാനുള്ള ആ നാടിന്റെയും അവിടെയുള്ള ജനങ്ങളുടെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുവാൻ അവരില്‍ നിന്നും ഒരു സംഘത്തെ തെരഞ്ഞെടുത്ത് അയച്ചു. ഈ സംഘം തിരിച്ചുവന്ന് അവിടത്തുകാരുടെ സ്ഥിതിഗതികളെ പറ്റിയുള്ള വിവരണം നല്‍കി. അവരില്‍ അധിക പേരും നല്‍കിയ വിവരണം ഇസ്റാഈല്യരുടെ ഭീരുത്വത്തിന് ആക്കം കൂട്ടുന്ന രൂപത്തിലായിരുന്നു. എന്നാല്‍ അവരിലെ രണ്ട് പേ൪, അല്ലാഹുവില്‍ ഭരമേല്‍പിച്ച് ധീരന്മാരായി മുന്നോട്ട് വരികയാണെങ്കില്‍ വിജയം വരിക്കാമെന്ന് പറഞ്ഞു. അവരുടെ വാക്കുകളെ തികച്ചും അവജ്ഞയോടെ ഇസ്രാഈല്യര്‍ തള്ളിക്കളയുകയാണുണ്ടായത്. ശത്രുക്കളുമായി യുദ്ധം ചെയ്യുവാനും, വാഗ്ദാനം ചെയ്യപ്പെട്ട ദേശത്തേക്കു പ്രവേശിക്കുന്നതില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ ചെറുത്തു മുന്നോട്ടു നീങ്ങുവാനും ഇസ്രാഈല്യര്‍ ഒരുക്കമില്ലായിരുന്നു എന്നു ചുരുക്കം. ആ ജനങ്ങള്‍ അവിടെയുണ്ടാകുന്ന കാലത്തോളം ഞങ്ങള്‍ ആ നാട്ടിലേക്ക് പ്രവേശിക്കുകയേ ഇല്ലെന്നും നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തു അവരെ അവിടെനിന്നു തുരത്തി വിടുകയെന്നും അവ൪ മൂസാ നബി(അ)യോട് പരിഹസിച്ചു പറഞ്ഞു. ഹീനതയും ഭീരുത്വവും അനുസരണമില്ലായ്മയും അവരെ അങ്ങേയറ്റം അധഃപതിപ്പിച്ചിരുന്നു. അല്ലാഹു അത് ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: അവര്‍ (ഇസ്രയേൽ ജനത) പറഞ്ഞു: ‘മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്’. (മാഇദ : 24) ഇത്തരത്തിലുള്ള സമീപനങ്ങൾ അല്ലാഹുവിനെ നന്നായി ചൊടിപ്പിക്കുകയുണ്ടായി. അതിൻെറ ഫലമായി അവരെ അല്ലാഹു ശിക്ഷിക്കുകയും ചെയ്തു. ഫലസ്തീനിലേക്ക് പ്രവേശിക്കാനും അവിടെയുള്ള ദുഷ്ടരായ ജനതയോട് പൊരുതി വിജയിച്ച് ആ നാട്ടില്‍ താമസം ഉറപ്പിക്കാനുമുള്ള കല്‍പ്പന നിഷേധിച്ചതിന് അല്ലാഹു അവ൪ക്ക് ആ മണ്ണിലേക്കുള്ള പ്രവേശനം നാല്‍പ്പത് കൊല്ലത്തേക്ക് നിഷേധിച്ചു. അങ്ങനെ സ്വകുടുംബവുമായി ഒരിടത്ത് താമസമുറപ്പിക്കാന്‍ ഗതിയില്ലാതെ അവര്‍ നാട്ടില്‍ അന്തംവിട്ട് അലഞ്ഞു തിരിഞ്ഞ് നടക്കുന്നതാണെന്ന് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു. അക്കാര്യം അല്ലാഹു ഇങ്ങനെ ഉണർത്തുന്നു: അവന്‍ (അല്ലാഹു) പറഞ്ഞു: ‘എന്നാല്‍, നിശ്ചയമായും അതു (വാഗ്ദത്വ ഭൂമി - ഫലസ്തീൻ) അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അക്കാലം അവർ) ഭൂമിയില്‍ അന്തംവിട്ടു അലഞ്ഞുനടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ താങ്കൽ വ്യസനപ്പെടരുത്.’ (മാഇദ: 26)



ഇസ്റാഈല്യരുടെ ധിക്കാരത്തിനും മര്‍ക്കടമുഷ്ടിക്കും ഈ ഐഹിക ജീവിതത്തില്‍ തന്നെ അല്ലാഹു അവര്‍ക്ക് നല്‍കിയ ഒരു ശിക്ഷയായിരുന്നു അത്. ഈ ശിക്ഷ 40 വർഷത്തേക്കാണ് എന്ന് പറയുന്നതിന്റെ പിന്നിലും വലിയ യുക്തിയുണ്ട്. കാരണം അല്ലാഹു കാണുന്നത് അപ്പോഴേക്കും ആ ദുഷിച്ച തലമുറ നാശമടയുകയും, അവരുടെ ഇളം തലമുറ രംഗത്തു വരികയും ചെയ്യും എന്നാണ്. അപ്പോള്‍ അവര്‍ക്ക് പുതിയൊരു ചൈതന്യവും ആവേശവും ഉണ്ടായിക്കൊള്ളും. അങ്ങനെ, അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട പുണ്യഭൂമി ജയിച്ചടക്കുവാനും, തങ്ങളുടെ അവകാശം വീണ്ടെടുക്കുവാനും അവര്‍ക്കു സാധിച്ചുകൊള്ളും. അങ്ങനെ അവര്‍ നാല്‍പത് വ൪ഷങ്ങളോളം സീനാ താഴ്വരയാകുന്ന തീഹു മരുഭൂമിയില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും കടുത്ത അനുസരക്കേടും നന്ദികേടും കാണിച്ചിട്ടും പക്ഷെ, അല്ലാഹു ഇസ്‌റാഈല്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. അത് അല്ലാഹുവിൻ്റെ കാരുണ്യത്തിന്റെ സവിശേഷതയാണ്. അവന്റെ കോപത്തെ കാരുണ്യം എപ്പോഴും മറികടക്കുന്നതായിരിക്കും. അതായത് എപ്പോഴും അവൻ്റെ സ്നേഹവും ദയയും കാരുണ്യവും പെയ്തു കൊണ്ടേയിരിക്കും. അതിനാൽ വീട്ടില്ലാതെ മരുഭൂമിയിൽ അലയുന്ന അവര്‍ക്ക് മരുഭൂമിയിലെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മേഘംകൊണ്ട് തണലിട്ടു കൊടുത്തു. അവര്‍ക്കവിടെ സുഭിക്ഷമായി കഴിഞ്ഞുകൂടത്തക്കവണ്ണം, ആഹാരത്തിനായി ‘മന്നാ’യും ‘സല്‍വാ’യും നല്‍കപ്പെട്ടു. ‘മന്നാ’ എന്നതിന് തേന്‍ അല്ലെങ്കില്‍ ഒരുതരം മധുരക്കട്ടയാണ്. സല്‍വാ’ എന്നാല്‍ കാടപ്പക്ഷിയോട് സമാനമായ ഒരുതരം കിളിയാണ്. ആ ജനതക്ക് ലഭിച്ച ശിക്ഷക്ക് സമാനമായ ശിക്ഷ ആയിരിക്കും അങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്കും ലഭിക്കുക എന്നാണ് ഈ ആയത്ത് സൂചിപ്പിക്കുന്നത് അതിനാൽ വാക്കിനെയും പ്രവർത്തിയും ഒന്നിപ്പിച്ചു കൊണ്ടുപോവുകയും സത്യത്തിനും ധർമ്മത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അടിയുറച്ചു നിൽക്കുകയും ചെയ്യണമെന്ന് ഉപദേശിക്കുകയാണ് അല്ലാഹു.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso