വരൂ, നോമ്പ് നോറ്റ് ആരോഗ്യവാൻമാരാകാം !
05-03-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
റമദാൻ നോമ്പിൻ്റെ ലക്ഷ്യം വിശുദ്ധ ഖുർആനിൽ അല്ലാഹു വളരെ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. (അൽ ബഖറ: 183). നിങ്ങൾ ഭക്തിയുള്ളവരാകാൻ എന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്ന ഭാഗത്ത് അല്ലാഹു ഉപയോഗിച്ചിരിക്കുന്ന അറബി ശബ്ദം 'തത്തഖൂൻ' എന്നാണ്. ഇതിൻെറ നേരെ അർത്ഥം കാക്കുക എന്നാണ്. നിങ്ങൾ കാക്കുന്നവർ ആകുവാൻ വേണ്ടി നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നാകും അപ്പോൾ ഉദ്ദേശം. കാക്കുക എന്ന് പറയുമ്പോൾ നരകത്തെ കാക്കുക, ദൈവ കോപത്തെ കാക്കുക തുടങ്ങിയതല്ലമാണ് പ്രധാന ഉദ്ദേശം. അതിനാലാണ് ഈ വാക്കിനെ പലപ്പോഴും ഭക്തി, സൂക്ഷ്മത തുടങ്ങിയ വാക്കുകൾ കൊണ്ടൊക്കെ മലയാളത്തിൽ ഭാഷാന്തരം ചെയ്യുന്നത്. തഖ്‌വായുടെ ആശയം കാക്കുക എന്നതാണ്. നോമ്പ് കൊണ്ട് എന്തിനെയാണ് കാക്കുക എന്ന ചിന്തയിലേക്ക് കടന്നാൽ അതൊരു നീണ്ട പട്ടികയാണ് എന്ന് നമുക്ക് ബോധ്യമാകും. വിശ്വാസത്തെ കാക്കുക, ദൈവീക വിധേയത്വത്തെ കാക്കുക, സംസ്കാരത്തെ കാക്കുക, ദൈവ കോപത്തെ കാക്കുക തുടങ്ങിയ പലതും ആകാം അത്. കൂട്ടത്തിൽ ഒന്നായി ഗണിക്കാവുന്ന ഒന്നാണ് നിങ്ങളുടെ ആരോഗ്യത്തെ കാക്കുക എന്നത്. പ്രമാണങ്ങൾ മാത്രമല്ല പഠനങ്ങളും അനുഭവങ്ങളും നോമ്പ് എന്ന ഉപവാസം കൊണ്ട് മനുഷ്യനെ അവന്റെ ആരോഗ്യത്തെ സംരക്ഷിച്ചു കാക്കുവാൻ കഴിയും എന്ന് തെളിയിച്ചിട്ടുണ്ട്. അതിനു സമാനമായ ഒരു വചനം നബി തിരുമേനിയിൽ നിന്ന് വന്നതായും കാണാം. 'നിങ്ങൾ നോമ്പനുഷ്ഠിച്ച് ആരോഗ്യവാന്മാരാവുക' എന്ന ഒരു ഹദീസ് ആണ് അത്. ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് എന്നത് ശരിയാണ്. അതോടൊപ്പം എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ് നോമ്പ് ആരോഗ്യത്തിന്റെ വലിയ ഒരു സംരക്ഷണ കവചമാണ് എന്നത്.
നോമ്പിൻ്റെ ആരോഗ്യശാസ്ത്രം ഏതു സാധാരണക്കാരനും വായിച്ചെടുക്കാവുന്ന അത്ര ലളിതമാണ്. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ഊർജ്ജം നമ്മുടെ ശരീരം കണ്ടെത്തുന്നത്. ഭക്ഷണത്തിലൂടെയാണ് ഈ ഊർജ്ജം ഉണ്ടായിത്തീരുന്നത്. ഭക്ഷണത്തോടുള്ള മനുഷ്യൻെറ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ചിലർ ഭക്ഷണം കഴിക്കുമ്പോൾ വയറിനെയും വിശപ്പിനെയും ആണ് പരിഗണിക്കുന്നത്. അതിനാൽ അവർ വിശപ്പ് ശമിക്കുന്ന അത്രമാത്രം കഴിക്കുകയും അടുത്ത ഭക്ഷണത്തിന് വീണ്ടും വയറിൻ്റെ വിളിയെ കാത്തിരിക്കുകയും ചെയ്യുന്നു. മറ്റുചിലരാവട്ടെ, അല്ലെങ്കിൽ മഹാഭൂരിപക്ഷം വരുന്നവരാകട്ടെ, ഭക്ഷണത്തിന്റെ കാര്യത്തിൽ പരിഗണിക്കുന്നത് നാവിനെയാണ്. നാവ് രസങ്ങളെ ആവാഹിക്കാനുള്ള ഒരു അവയവമാണ്. നാവിന്റെ ഉപരിഭാഗത്ത് സൃഷ്ടാവായ അല്ലാഹു രസ മുകുളങ്ങൾ വെച്ചിരിക്കുന്നു. ആ മുകുളങ്ങൾ വഴി എത്തിച്ചേരുന്ന രസം ഭക്ഷണം കഴിക്കാനുള്ള ഒരു പ്രചോദനമായി വർത്തിക്കുന്നു. ഈ പ്രചോദനത്തിന് അടിമപ്പെട്ട് എത്ര തന്നെ കഴിച്ചാലും നാവ് മതി എന്ന് പറയുകയോ അതിനുള്ള സൂചന നൽകുകയോ ചെയ്യുകയില്ല. അതിനാൽ നാവിൻ്റെ രസത്തിൽ അഭിരമിക്കുന്നവർ മറ്റൊന്നും നോക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കും. അങ്ങനെ കഴിക്കുമ്പോൾ അതിനാൽ പെട്ടെന്ന് പ്രതികൂലഫലങ്ങൾ ഒന്നും പ്രകടമായിക്കൊള്ളണമെന്നില്ല. പക്ഷേ ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായതിൽ അധികം ഊർജ്ജവും അന്നജവും അതുവഴി ഉല്പാദിപ്പിക്കപ്പെടും. അതായത് അത് ബാക്കിയായി വരും. അത് അപ്പോൾ ആവശ്യമില്ലാത്ത കാരണത്താൽ ശരീരത്തിൽ സൂക്ഷിക്കപ്പെടും. സൂക്ഷിക്കപ്പെടുന്നത് കൊഴുപ്പായിട്ടാണ്. അതിനാൽ അമിതമായ ഭക്ഷണം കഴിക്കുന്നവർ അമിതമായ കൊഴുപ്പ് ഉള്ളവരായിരിക്കും. കൊഴുപ്പ് ദീർഘകാലം ശരീരത്തിൽ കെട്ടിക്കിടക്കുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. കൊഴുപ്പ് സംഭരിച്ചു വെക്കപ്പെടുന്നത് ശരീരത്തിന്റെ മാംസ നിബന്ധമായ സ്ഥലങ്ങളിലും വയറിലും ആണ്. ഇതിൽ വയറിൽ സംഭരിപ്പിക്കപ്പെടുന്നത് ഞരമ്പുകളിലും നാഡികളിലും വിവിധ രോഗങ്ങളായി പുറത്തുവന്നുകൊണ്ടേയിരിക്കും. കൊളസ്ട്രോൾ അധിഷ്ഠിത രോഗങ്ങളെല്ലാം ആ ഗണത്തിൽ പെട്ടതാണ്. ശരീരത്തിലെ കനം കൂടിയ മാംസപേശികളിൽ സംഭരിച്ചു വെക്കുന്ന കൊഴുപ്പ് ആവട്ടെ പൊണ്ണത്തടിക്ക് കാരണമാകും. പൊണ്ണത്തടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ കൊളസ്ട്രോൾ അധിഷ്ഠിത ഹൃദ്രോഗം വരെ എത്തുന്ന രോഗങ്ങളെപ്പോലെ ഗുരുതരമാണ്. ചുരുക്കത്തിൽ നാവിനെ രസിപ്പിക്കാൻ വേണ്ടി അമിതമായി ഭക്ഷണം കഴിക്കുന്നവർ തങ്ങളുടെ ശരീരത്തിൽ മിച്ചം വെക്കുന്ന അമിത കൊഴുപ്പ് വലിയ ഒരു രോഗ കാരണമായി പരിവർത്തിപ്പിക്കപ്പെടുന്നു.
ഇങ്ങനെ 11 മാസക്കാലം സംഭരിച്ച് വെക്കപ്പെടുന്ന കൊഴുപ്പിനെ ഒരു മാസത്തെ നിയന്ത്രണം കൊണ്ട് കൃത്യമായും കണിശമായും കൈകാര്യം ചെയ്തു പാകപ്പെടുത്തിയെടുക്കുക എന്നതാണ് പരിശുദ്ധ റമദാനിലെ നോമ്പ് വിശ്വാസികൾക്ക് ചെയ്തു കൊടുക്കുന്ന ഏറ്റവും വലിയ സേവനം. ശരിക്കും അമിതമായ കൊഴുപ്പിനെ അന്നാന്നു തന്നെ വ്യായാമ മുറകളിൽ ഏർപ്പെട്ടു കൊണ്ട് കത്തിച്ചു കളയണം എന്നാണ് ആധുനിക ആരോഗ്യശാസ്ത്രം പഠിപ്പിക്കുന്നത്. അത് തികച്ചും സത്യമാണ്. ഇസ്ലാം വ്യായാമം എന്നു പറയുന്നില്ലെങ്കിലും വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന വിവിധ മുറകൾ പലവിധേനയായി നിഷ്കർഷിച്ചിട്ടുള്ളത് കാണാം. അതിൻെറ ഒരു ലക്ഷ്യം ഇതും കൂടിയാണ്. എന്നാൽ ഒന്നോ രണ്ടോ ദിവസമോ മാസമോ മിതമായ അളവിൽ കൊഴുപ്പ് കെട്ടിക്കിടക്കുന്നത് കൊണ്ട് വലിയ അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. കാരണം അവയെയെല്ലാം ഫലപ്രദമായി നേരിടുവാൻ ആവശ്യമായ ക്ഷമത നമ്മുടെ ശരീരത്തിന് ഉണ്ട്. എന്നുവച്ച് ദീർഘകാലത്തിനുള്ള ഒരു പരിഹാരമായി ഈ ക്ഷമതയെ കാണാൻ ഒക്കില്ല. അതുകൊണ്ട് 11 മാസം എന്നത് പരമാവധിയാണ്. പതിനൊന്നുമാസം സംഭരിക്കപ്പെട്ട കൊഴുപ്പിനെ ഒരു മാസം കൊണ്ട് കൃത്യമായി കൈകാര്യം ചെയ്തു ഇല്ലാതെയാക്കാം. ഇതുതന്നെയാണ് നോമ്പിന്റെ ആരോഗ്യപരമായ പ്രധാന ഗുണം. നോമ്പിൻ്റെ ദൈർഘ്യത്തിനനുസരിച്ചാണ് അതിൻ്റെ ശാരീരിക സ്വാധീനങ്ങൾ അനുഭവപ്പെടുക. എട്ടുമണിക്കൂർ തുടർച്ചയായി ഭക്ഷണം ഒഴുവാക്കുമ്പോഴാണ് ശരീരം നിരാഹാര അവസ്ഥയിലെത്തുന്നത്. സാധാരണഗതിയിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഗ്ലൂക്കോസാണ് ശരീരത്തിലെ പ്രധാന ഊർജ്ജ സ്രോതസ്സ്. ഉപവാസസമയത്ത് ഈ ഗ്ലൂക്കോസാണ് ശരീരം ഉപയോഗിക്കുന്നത്. ഉപവാസം നീളുന്നതിനനുസരിച്ച് ഗ്ലൂക്കോസ് മുഴുവനും ഉപയോഗിച്ചുതീരുന്നു. കൊഴുപ്പാണ് ഊർജത്തിൻ്റെ അടുത്ത സ്രോതസ്സായി ശരീരം ഉപയോഗിക്കുന്നത്. ഊർജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെയാണ് മേൽപ്പറഞ്ഞതു പോലെ ശരീരഭാരം കുറക്കാനും അതുവഴി മസിലുകളെ സംരക്ഷിക്കാനും ശരീരത്തിൽ ദീർഘകാലമായി കെട്ടിക്കിടന്ന കാരണത്താൽ അടിഞ്ഞുകൂടിയ ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനും കഴിയുന്നത്.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ നിർവചനമനുസരിച്ച് ആരോഗ്യം എന്നു പറയുന്നത് കേവലം ശാരീരികമായ സ്വസ്ഥത മാത്രമല്ല, മറിച്ച് ശാരീരികാരോഗ്യത്തോടൊപ്പം മാനസികവും സാമൂഹികവും ആത്മീയവുമായ സ്വസ്ഥത കൂടി നേടിയാലെ മനുഷ്യനു സമ്പൂർണ ആരോഗ്യവാൻ എന്നു വിളിക്കാൻ സാധിക്കയുള്ളു. വ്രതാനുഷ്ഠാന വേളയിൽ കൃത്യമായി അനുവർത്തിക്കുന്ന നിസ്കാരവും പ്രാർത്ഥനയ്ക്കായി പള്ളികളിലേക്കുള്ള ദീർഘദൂര നടപ്പുമൊക്കെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നു. അവിഹിത ചിന്തകളെയും വാക്കുകളെയും പ്രവർത്തികളെയും നിയന്ത്രിക്കുന്നതിലൂടെ മാനസികമായ വിമലീകരണം സാധ്യമാകുന്നു. കൂട്ടമായിരുന്നുള്ള പ്രാർത്ഥനയും പെരുന്നാള്‍ നമസ്കാരവുമൊക്കെ കൂട്ടായ്മയുടെ സാമൂഹികാരോഗ്യം ഉറപ്പാക്കുന്നു. ആകുലതകളെ, അരുതുകളെ അപരിക്രമമായ ആ അദൃശ്യ ശക്തിയുടെ കാൽക്കൽ സമർപ്പിച്ച് വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോള്‍ ആത്മീയാരോഗ്യവും ഉറപ്പാകുന്നു. അങ്ങനെ ആരോഗ്യ ജീവിതത്തിൽ അവശ്യം വേണ്ട നാലു ഘടകങ്ങളെയും വ്രതാനുഷ്ഠാനങ്ങൾ ചേർത്തുപിടിക്കുന്നു. വ്രതാനുഷ്ഠാന വേളയിൽ മാനസികമായി ലഭിക്കുന്ന സ്വസ്ഥതയും ശാന്തിയും സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നിവയുടെ അളവ് കുറയ്ക്കുന്നു. മാനസിക സംഘർഷവും പിരിമുറുക്കവും കുറയ്ക്കാൻ ഈ മാറ്റങ്ങൾ ഉപകരിക്കുന്നു. കൂടാതെ മനസ്സിന്റെ അസ്വസ്ഥതകളിൽ നിന്ന് ഉടലെടുക്കുന്ന സൈക്കോ സൊമാറ്റിക് രോഗങ്ങളായ ദഹനേന്ദ്രിയ പ്രശ്നങ്ങൾ, ദീർഘകാല ചർമരോഗങ്ങൾ, സന്ധിരോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാനും വ്രതം തരുന്ന ശാന്തി ഉപകരിക്കുന്നു. വ്രതാനുഷ്ഠാനങ്ങളും അതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ഭക്ഷണനിയന്ത്രണങ്ങളും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നുണ്ട്. വ്രതാനുഷ്ഠാനവേളയിൽ അനുവർത്തിക്കുന്ന ലാളിത്യമാർന്ന ഭക്ഷണരീതിയും പഴങ്ങളുടെയും ഇലക്കറികളുടെയും ഉപയോഗവും രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എൽ. ഡി. എല്ലിന്റെയും മറ്റൊരു കൊഴുപ്പു ഘടകമായ ടൈഗ്ലിസ റൈഡിന്റെയും അളവിനെ കുറയ്ക്കുന്നു. കൂടാതെ രക്തസമ്മർദവും ശരീരഭാരവുമൊക്കെ കുറയുന്നതും ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
സ്വയം നിയന്ത്രണത്തിൻ്റെയും സ്വയം പരിശീലനത്തിൻ്റെയും മാസമാണ് റമദാൻ. രോഗികൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും ലിപിഡിൻ്റെ അളവ് കുറയ്ക്കുന്നതിനും ദഹനനാളത്തിന് അൽപ്പം വിശ്രമം നൽകുന്നതിനു മുമ്പ് ഉപവസിക്കുന്നു. ചില സമയങ്ങളിൽ, ഈ നോൺ-മോണിറ്റർ ഫാസ്റ്റിംഗും ക്രാഷ് ഡയറ്റുകളും മനുഷ്യശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. എന്നിരുന്നാലും, റമദാൻ നോമ്പ് ഈ ഭക്ഷണ പദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അതിൽ പോഷകാഹാരക്കുറവോ അപര്യാപ്തമായ ഭക്ഷണമോ ഇല്ല. റമദാനിൽ ഉപവാസം അനുഷ്ഠിക്കുന്നവരുടെ ഭക്ഷണ ഉപഭോഗം അല്ലെങ്കിൽ പോഷകാഹാരത്തിൻ്റെ മാനദണ്ഡ നിർദ്ദേശങ്ങൾക്കനുസൃതമായി അൽപ്പം താഴെയാണ്. കൂടാതെ, ഇത് സ്വമേധയായുള്ള ഫിസിഷ്യനിൽ നിന്ന് നിർദ്ദേശിക്കപ്പെടുന്നതല്ലാത്തതിനാലും, റമദാനിന് ശേഷവും ഇത് തുടരാൻ അവർക്ക് അവസരമുണ്ട്. റമദാനും സമ്പൂർണ ഉപവാസവും തമ്മിലുള്ള വ്യത്യാസം ഭക്ഷണത്തിൻ്റെ സമയമാണ്. റമദാനിൽ, പ്രഭാതത്തിന് മുമ്പുള്ള ഭക്ഷണം കഴിഞ്ഞ്, സന്ധ്യ വരെ അവർ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യില്ല. എട്ട് മുതൽ 10 മണിക്കൂർ വരെ വെള്ളം വർജ്ജിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകണമെന്നില്ല. മറിച്ച്, ഇത് ശരീരത്തിനുള്ളിലെ എല്ലാ ദ്രാവകങ്ങളുടെയും സാന്ദ്രതയ്ക്ക് കാരണമാകുന്നു, ഇത് ചെറിയ നിർജ്ജലീകരണം ഉണ്ടാക്കുന്നു. ശരീരത്തിന് അതിൻ്റെതായ ജലസംരക്ഷണ സംവിധാനമുണ്ട്. രോഗ പ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാൻ ഇതിന് കഴിയുമെന്ന് സമീപകാല ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു, കൂടാതെ ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളിൽ കാൻസർ ഭേദമാക്കാനുള്ള സംവിധാനം പോലും വർദ്ധിപ്പിക്കും.
യു എസ് എയിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൽ റമദാനിൽ നേടിയ മാനസിക ശ്രദ്ധ തലച്ചോറിൽ നിന്നുള്ള ന്യൂറോട്രോഫിക് ഘടകത്തിൻ്റെ അളവ് വർദ്ധിപ്പിക്കും, ഇത് ശരീരത്തിൽ കൂടുതൽ മസ്തിഷ്ക കോശങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു, അങ്ങനെ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനുള്ള അവസരമാണ് റമദാൻ വ്രതകാലം. JFMPC 2020-ൽ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത്, റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം, മൊത്തം കൊളസ്ട്രോളിലും ട്രൈഗ്ലിസറൈഡുകളിലും കുറവുണ്ടായതായും എച്ച് ഡി എൽ-സിയുടെ അളവ് വർദ്ധിക്കുന്നതായും ഇത് ലിപിഡ് പ്രൊഫൈലിൽ ഗുണം ചെയ്യുമെന്നുമാണ്. കുറഞ്ഞ കൊളസ്ട്രോൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു, ഹൃദ്രോഗം, ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. പതിവ് ഉപവാസവും മികച്ച ഹൃദയാരോഗ്യവും ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെയും പഞ്ചസാരയുടെയും ഉപാപചയ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കാം. പതിവ് ഉപവാസം കുറഞ്ഞ സാന്ദ്രത ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കും. ശരീരത്തിലെ പഞ്ചസാരയുടെ രാസവിനിമയം മെച്ചപ്പെടുത്താൻ ഉപവാസത്തിന് കഴിയുമെന്നും കരുതപ്പെടുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പ്രമേഹം വികസിപ്പിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കും, ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്.
അമിതവണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മാർക്കറ്റിൽ നിരവധി ഡയറ്റുകൾ ഉണ്ട്. അവയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്, നഷ്ടപ്പെടുന്ന ഏതൊരു വണ്ണവും ഭാരവും പെട്ടെന്ന് തന്നെ തിരികെ കൊണ്ടുവരുന്നു എന്നതാണ്. റമദാനിൽ അങ്ങനെയല്ല. ഒരു മാസക്കാലം കഴിക്കുന്ന ഭക്ഷണം കുറയുക വഴി ആമാശയം ക്രമേണ ചുരുങ്ങുകയും വിശപ്പിൻ്റെ വേദന അതു കുറയ്ക്കുകയും ചെയ്യുന്നു. അമിതമായ ഭക്ഷണശീലം നിയന്ത്രിച്ചാൽ സ്വാഭാവികമായും, വിശപ്പിൻ്റെ കാഠിന്യവും ശരീരത്തിലെ വിശപ്പ് ഹോർമോണുകളുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു. ഉപവാസം ഉന്മൂലന പ്രക്രിയകൾ മെച്ചപ്പെടുത്തുകയും വൻകുടൽ, വൃക്ക, മൂത്രസഞ്ചി, ശ്വാസകോശം, ശ്വാസകോശ ലഘുലേഖ, സൈനസുകൾ, ചർമ്മം എന്നിവയിൽ നിന്നുള്ള വിഷവസ്തുക്കളുടെ പ്രകാശനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതായത് ഇവിടങ്ങളിൽ പറ്റിപ്പിടിച്ചും അള്ളിപ്പിടിച്ചും നിൽക്കുന്ന കൊഴുപ്പുകൾ, മാലിന്യങ്ങൾ എന്നിവയിലുള്ള വിഷാംശങ്ങൾ സ്വാഭാവികമായും പുറത്തു പോകുവാൻ വ്രതം കാരണമായി തീരും. അതുവഴി കുടൽ, ആമാശയം, കരൾ, പിത്തസഞ്ചി, പാൻക്രിയാസ്, വൃക്കകൾ തുടങ്ങിയവയെ സ്വയം നന്നാക്കുകയും പുനഃസ്ഥാപിക്കുകയും, നിലവിലുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഉപവാസം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. ദഹനക്കേട്, മലവിസർജ്ജനം, അമിതമായ കൊഴുപ്പ് എന്നിവ പുറകിലെ വയറുകളെ ആയാസപ്പെടുത്തുന്നു, ഇത് പല തരത്തിലുള്ള നടുവേദനയ്ക്ക് കാരണമായേക്കാം. ഉപവാസത്തിലൂടെയും വൈകുന്നേരങ്ങളിൽ ലഘുഭക്ഷണത്തിലൂടെയും സമാനമായ നടുവേദനയ്ക്ക് ശമനം ലഭിക്കും. ഉപവാസവും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ചേർന്ന് ഉത്പാദിപ്പിക്കുന്ന അടിപോനെക്റ്റിൻ എന്ന ഹോർമോണിൻ്റെ വർദ്ധനവ് പേശികളെ കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ഇത് ആരോഗ്യം മെച്ചപ്പെടുത്തും. നമ്മുടെ ശരീരത്തിലെ മൈക്രോബിയല്‍ ഫ്‌ളോറ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. അതായത് ഗുണകരമായ ബാക്ടീരികളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. ഇത് വളരെ പ്രാഥമികമായ ഒരു ചെറു വിവരണം മാത്രമാണ് ഈ വിഷയത്തിലെ പഠനങ്ങൾ അടുത്തറിയുമ്പോൾ നോമ്പിന്റെ പ്രതിഫലനം മാത്രമല്ല അല്ലാഹുവിന്റെ മഹാകാരുണ്യം കൂടി നമുക്ക് ബോധ്യപ്പെടും. അവൻ അനുവദിക്കുന്ന കാലത്തോളം ആരോഗ്യ സുരക്ഷിതത്വത്തോട് കൂടെ ജീവിക്കുവാൻ അല്ലാഹു കാണിച്ചു തരുന്ന ഒരു വഴിയും ശീലവും ആണ് നോമ്പ്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso