Thoughts & Arts
Image

ബദറിൻ്റെ ന്യൂനപക്ഷ സമര വായന

05-03-2024

Web Design

15 Comments


മുഹമ്മദ് തയ്യിൽ



ഒരു ന്യൂനപക്ഷ ജനവിഭാഗത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ശ്രമങ്ങളുടെയും ആകത്തുകയാണ് ബദർ. അതിനാൽ അത് അടിച്ചമർത്തപ്പെടുന്ന ഏതൊരു ജനവിഭാഗത്തിനും പിടിച്ചു നിൽക്കുവാനും തിരിച്ചടിക്കുവാനും അവലംബിക്കാവുന്ന ഒരു പാഠമായി നിലനിൽക്കുന്നു. ഇസ്ലാമിക സമര ചരിത്രത്തിലെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചരിത്രാധ്യായമായി ബദർ മാറിയതിനു പിന്നിലും ഈ സത്യമാണ് ഉള്ളത്. ബദർ യുദ്ധം നടക്കുമ്പോഴേക്കും നബി തിരുമേനി സ്ഥാപിച്ച ഇസ്ലാമിക സമൂഹത്തിന് 15 വയസ്സ് പ്രായമായിരുന്നു. പ്രവാചകൻ ഒരു മാതൃകാ സമൂഹത്തെ സ്ഥാപിക്കുവാൻ മൊത്തത്തിൽ ഉപയോഗപ്പെടുത്തിയ വർഷങ്ങളുടെ 23 എന്ന സംഖ്യയെ അപേക്ഷിച്ചു ഇത് 50 ശതമാനത്തിലധികം വരുന്ന ഒരു കാലയളവായിരുന്നു. 15 വർഷക്കാലം ഒരു ന്യൂനപക്ഷ സമൂഹം നേരിടുന്ന എല്ലാ പ്രയാസങ്ങളും സഹിച്ചും കനൽ പഥങ്ങൾ താണ്ടിയും ആയിരുന്നു ഈ സമൂഹം മുന്നോട്ടു പോയത്. അവരുടെ ആദ്യ നാൾ തൊട്ട് അവർക്ക് പരസ്യമായ ആരാധനാ സ്വാതന്ത്ര്യം മുതൽ പരസ്യമായ പ്രബോധനവും നിലനിൽപ്പും എല്ലാം വെറും കയ്യൂക്കിന്റെ പേരിൽ നിഷേധിക്കപ്പെട്ടു. അവർ പലപ്പോഴും ക്രൂരമായും ദയനീയമായും വേട്ടയാടപ്പെട്ടു. അതിനാൽ അപ്പോഴെല്ലാം അവർ അതിനെ നേരിട്ടത് സ്വന്തം സ്വഭാവങ്ങൾ കൊണ്ടായിരുന്നു. അതായത് എല്ലാം സഹിച്ചും എല്ലാം ക്ഷമിച്ചും ശത്രുവിനെ കീഴ്പ്പെടുത്താമെന്നും ശത്രുവിന്റെ മനസ്സ് അലിയിച്ചെടുക്കാം എന്നും അവർ കരുതിയിരുന്നു. അവരോട് അള്ളാഹു അങ്ങനെ പറയുകയും ചെയ്തിരുന്നു. അതിനാൽ ഒരു തിരിച്ചടിയും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ദീർഘമായ 15 വർഷവും ഉണ്ടായില്ല. നാൾക്കുനാൾ അവർക്കെതിരെയുള്ള നീക്കങ്ങൾ ശക്തിപ്പെട്ടപ്പോൾ അവർ പിടിച്ചുനിൽക്കാനുള്ള ന്യായം ഉണ്ടായിട്ടും മാറിക്കൊടുക്കുക എന്ന നയമാണ് അവലംബിച്ചത്. അങ്ങനെയാണ് ഹിജ്റ ഉണ്ടായത്. ക്ഷമയുടെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടിയിൽ നിന്നു കൊണ്ടായിരുന്നു ദീർഘമായ 15 വർഷം അവർ തങ്ങളുടെ യാതനകൾ അനുഭവിച്ചു തീർത്തത്.



അങ്ങനെയങ്ങ് പോയാൽ പ്രപഞ്ചത്തിന് അതൊരു നിരർഥകത്വവു കളങ്കവും ആയിത്തീരും. കാരണം ഈ പ്രപഞ്ചത്തിന് ഒരു ഏക പ്രകൃതമല്ല നൽകപ്പെട്ടിട്ടുള്ളത്. ശക്തനും അശക്തനും വെളുത്തവനും കറുത്തവനും ജ്ഞാനിയും അജ്ഞാനിയും സമ്പന്നനും ദരിദ്രനും ചൂടും തണുപ്പും വെളുപ്പും കറുപ്പും എല്ലാം ചേർന്ന് ഒരു പ്രകൃതമാണ് ഈ പ്രപഞ്ചത്തിന് നൽകപ്പെട്ടിട്ടുള്ളത്. അങ്ങനെ നൽകപ്പെട്ടത് സൃഷ്ടാവിലേക്ക് ഈ പ്രപഞ്ചം വിരൽ ചൂണ്ടുവാനാണ്. ഒരേ രൂപവും ഒരേ ഭാവവും ഉള്ള ഒരേ അച്ചിൽ വാർത്തെടുത്ത വസ്തുവകകൾ നിറഞ്ഞ ഒരു ലോകത്തിന് ശക്തനായ ഒരു സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടാൻ കഴിയില്ല. അതിനാൽ പ്രപഞ്ചത്തിന്റെ വൈവിധ്യം ദൈവത്തിൻ്റെ മഹായുക്തിയാണ്. അതുകൊണ്ട് ഈ വൈവിധ്യങ്ങൾ എല്ലാം നിലനിൽക്കേണ്ടത് അനിവാര്യമാണ്. കൂട്ടത്തിലെ ഒരു വൈവിധ്യവും മറ്റൊരു വൈവിധ്യത്തെ മറികടക്കാൻ പാടില്ല. അങ്ങനെ വരുന്നത് ദൈവത്വത്തിൽ ഇടപെടലാകും. അതിനാൽ തങ്ങൾക്ക് ലഭ്യമായ പ്രത്യേകതകൾ നില നിർത്തുവാൻ ഓരോ ഘടകങ്ങളും നിർബന്ധിതരാണ്. അതിനുവേണ്ടി ചെറുത്തുനിൽപ്പുകൾ ആണെങ്കിൽ അതും മുന്നേറ്റമാണെങ്കിൽ അതും എല്ലാം ഓരോ ഘടകങ്ങളും ചെയ്യേണ്ടിവരും. ഈ തത്വമനുസരിച്ച് കുറേക്കാലം എല്ലാം സഹിച്ചുനിന്ന ഇസ്ലാമിക സമൂഹത്തിന് എല്ലാം ജയിച്ചടക്കുവാൻ വേണ്ടിയല്ല തങ്ങളുടെ സ്വന്തം കാലുകൾ നിലത്തു വെക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടത് അനിവാര്യമായിരുന്നു. പ്രത്യേകിച്ചും മദീനയിൽ സുരക്ഷിതമായി എത്തിയിട്ട് പിന്നെയും അവരുടെ കരങ്ങൾ യാതൊരു ന്യായവും ഇല്ലാതെ മുസ്ലിങ്ങളിലേക്ക് നീണ്ട സാഹചര്യത്തിൽ. ഹിജ്റയുടെ ഉടനെ മുസ്ലീങ്ങൾ മദീനയിൽ സ്വീകരിക്കപ്പെടുകയും കാലുറപ്പിക്കുകയും ചെയ്തു എന്നു വന്നതോടുകൂടി മക്കക്കാരായ അക്രമികൾ അതിർത്തി പ്രദേശങ്ങളിൽ വന്ന് മദീനയിലേക്ക് നുഴഞ്ഞു കയറി അവിടെയുള്ള ആടുമാടുകളെയും മറ്റും തട്ടിക്കൊണ്ടു പോകുന്നതും അവരിൽ നിന്നുള്ള തീർത്ഥാടക യാത്രക്കാരെ സൗകര്യം കിട്ടുമ്പോൾ എല്ലാം ദൽസിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അതിനെതിരെ ആരെങ്കിലും ചോദ്യവുമായി ഇടപെട്ടാൽ, നിങ്ങൾ മുഹമ്മദിനും അനുയായികൾക്കും നിങ്ങളുടെ നാട്ടിൽ ഇടം നൽകിയത് കൊണ്ടാണ്, അവരെ അവിടെ നിന്ന് ഇറക്കി വിടുക എന്ന് മക്കക്കാർ പറയുമായിരുന്നു. ഇത് മക്കയിൽ എന്നതു പോലെ മദീനയിലും തങ്ങൾ വേട്ടയാടപ്പെടാൻ പോവുകയാണ് എന്നതിൻ്റെ വ്യക്തമായ സൂചനയായിരുന്നു. അതിനാൽ ഇതങ്ങനെ വിട്ടുകൊടുക്കാൻ ഇനി കഴിയില്ല എന്ന ഒരു സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.



ഇത്തരം ശക്തമായ ഒരു ന്യായം രൂപപ്പെട്ടുവന്നിട്ടും അവർ സ്വയം തീരുമാനങ്ങൾ കൈക്കൊണ്ടില്ല. അത് ഒരു അച്ചടക്കമുള്ള സംഘത്തിന് ഭൂഷണവുമല്ല. നേതൃത്വത്തിന് വിധേയമാവുകയാണ് സംഘത്തിൻ്റെ അച്ചടക്കവും കടമയും. ഇവിടെ നേതൃത്വം നബി തിരുമേനി(സ)യുടേതും അല്ലാഹുവിന്റെതുമാണ്. അതിനാൽ ഇത്രയും ശക്തമായ ന്യായത്തിനു മുമ്പിലും സ്വയം തീരുമാനമെടുക്കാതെ അവർ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടങ്ങുകയായിരുന്നു. അടിച്ചമർത്തപ്പെടുന്ന വിശ്വാസികളുടെ മനോവേദന അല്ലാഹു കാണുകയും അവരുടെ അർത്ഥന അവൻ സ്വീകരിക്കുകയും ചെയ്തു. യുദ്ധം പ്രതിരോധത്തിനു വേണ്ടി അനുവദിക്കപ്പെട്ടു. വിശ്വാസികളായ ന്യൂനപക്ഷത്തിന്റെ മുന്നേറ്റം ഇങ്ങനെയായിരിക്കണം എന്ന് ഇത് പഠിപ്പിക്കുന്നു. തങ്ങളുടെ ന്യൂനത പരിഹരിക്കേണ്ടത് ഏത് സ്രോതസ്സിൽ നിന്നുള്ള പിൻബലം കൊണ്ടാണ് എന്ന് ആദ്യം ആ ജനത ഉൾക്കൊണ്ടിരിക്കണം. അത് ഇവിടെ സൃഷ്ടാവായ അല്ലാഹുവാണ്. അതേസമയം ചില സ്ഥലങ്ങളിൽ അവകാശ പോരാട്ടത്തിന്റെ മുമ്പിൽ നിൽക്കുന്നവരുടെ സ്രോതസ്സ് നീതി ആയിരിക്കാം. അല്ലെങ്കിൽ സംസ്കാരമായിരിക്കാം. ഏതാണെങ്കിലും പ്രതിരോധത്തിന്റെ തുടക്കത്തിലോ ഇടയിലോ അവസാനത്തിലോ അതിനും ശേഷമോ ഈ പൊക്കിൾകൊടി ബന്ധം മുറിയാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ബദർ അക്കാലത്തെ എന്നല്ല എക്കാലത്തെയും ഏറ്റവും വലിയ വിജയമാണ് കുറിച്ചിട്ടത് എങ്കിലും നബിയും അനുയായികളും അവരുടെ എല്ലാ ചലനങ്ങളും തികച്ചും വിനയത്തിൽ മാത്രം അധിഷ്ഠിതമായിരുന്നു. വിജയത്തിൻറെ യഥാർത്ഥ കാരണം അല്ലാഹുവിൻ്റെ മഹാസഹായം തന്നെയാണ് എന്നവരെപ്പോഴും സമ്മതിച്ചു.



ന്യൂനപക്ഷ സമരത്തിൻ്റെ യഥാർത്ഥ തുടക്കം ഈ രൂപത്തിൽ ആയിരിക്കണമെന്ന് ബദർ പഠിപ്പിക്കുന്നു. ഈ പറഞ്ഞ ന്യായങ്ങൾ എല്ലാം ഒരു അവകാശ പോരാട്ടത്തിന്റെ സാംഗത്യ ങ്ങളാണ്. പക്ഷേ അത് വിശ്വാസി സമൂഹത്തിന്റെ മനസ്സിൻ്റെ ഉള്ളിൽ ജ്വലിച്ചുനിൽക്കുന്ന ഒരു ന്യായം മാത്രമാണ്. പൊതു ലോകത്തിന് അത് അറിയില്ല, അറിയേണ്ടതുമില്ല. അതേസമയം ഒരു പരസ്യമായ പ്രതികരണമോ ചെറുത്തുനിൽപ്പോ നടത്തണമെന്നുണ്ടെങ്കിൽ അതിന് പൊതു ലോകത്തിനു കൂടി തോന്നുന്ന ഒരു ന്യായം അതിൽ ചേരേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ന്യായം കൂടി ബദർ എന്ന പോരാട്ടത്തിന്റെ പിന്നിൽ ഉണ്ടായിരുന്നു. അത് തികച്ചും ന്യായമായ ഒരു അവകാശ സംരക്ഷണമായിരുന്നു. ഹിജ്റ രണ്ടാം വര്‍ഷം ജമാദുല്‍ അവ്വലില്‍ (ക്രി: 623 ജൂലൈയില്‍) ശാമിലേക്ക് പോകുന്ന ഖുറൈശി ഒട്ടക സംഘത്തെ ഉദ്ദേശിച്ച് നബി(സ)പുറപ്പെടുകയായിരുന്നുവല്ലോ. മക്കയില്‍ ഖുറൈശികളിലെ ഒരാളും ഒഴിവാകാതെ തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ വാണിജ്യ സംഘത്തില്‍ മുതലിറക്കിയിരുന്നു. അന്‍പതിനായിരം സ്വര്‍ണ്ണ നാണയങ്ങളും ആയിരം ഒട്ടകങ്ങളും എന്നാണ് ചരിത്രം പറയുന്ന കണക്ക്. മുസ്ലിംകളെ മക്കയിൽ നിന്ന് പുറത്താക്കിയപ്പോള്‍ പിടിച്ചെടുത്ത സമ്പാദ്യമായിരുന്നു അതില്‍ നല്ലൊരു പങ്കും. മുസ്ലീങ്ങൾ അധികവും രായ്ക്കുരാമാനമെന്നോണം നാടുവിടുകയായിരുന്നുവല്ലോ. അവരിൽ പലർക്കും തങ്ങളുടെ ഒട്ടകപ്പുറത്ത് കയറ്റാവുന്ന വസ്തുവകകൾ മാത്രമേ എടുക്കാൻ പറ്റിയിരുന്നുള്ളൂ. സ്ഥാവരസ്വത്തുക്കൾ അധികവും ഉപേക്ഷിച്ചുപോരേണ്ടിവന്നു. മറ്റു ചിലർക്കാവട്ടെ സ്വന്തം വസ്ത്രങ്ങൾക്ക് അപ്പുറം മറ്റൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഏകദേശം 1500 ഓളം പേരാണ് ഹിജ്റ പോയത്. അവരുടെ മുഴുവൻ വസ്തുവകകളും ആടുമാടുകളും അവരോടുള്ള വിരോധത്തിന്റെ പേരിൽ പെറുക്കി കൂട്ടി സ്വന്തമാക്കിയെടുക്കുകയായിരുന്നു അബൂജഹലിന്റെ ആൾക്കാർ. കൂമ്പാരമായി കുന്നുകൂടി കിടക്കുന്ന ഈ വസ്തുവകകളിൽ കച്ചവടക്കാരനായ അബൂസുഫിയാന്റെ കണ്ണുകൾ വീണത് സ്വാഭാവികം. അതെല്ലാം സ്വരക്കൂട്ടി താൻ കച്ചവടം ചെയ്തു വരാം, ലാഭം എല്ലാവർക്കും വീതിക്കാം എന്നൊക്കെ പറഞ്ഞായിരുന്നു മുസ്ലിംങ്ങളുടെ സ്വത്തുക്കൾ അയാളുടെ കച്ചവട വസ്തുക്കൾ ആയത്. അതിനാൽ അബൂസുഫിയാനെ വഴിക്ക് തടയുവാനും തങ്ങളുടെ അവകാശം ചോദിക്കുവാനും തികച്ചും മുസ്ലീങ്ങൾക്ക് ന്യായമുണ്ടായിരുന്നു. അത് മുസ്ലിംകളുടെ അവകാശം കൂടിയാണ്. അതിനാല്‍ മുഹാജിറുകളായ നൂറ്റമ്പതുപേരുമായി ആ ഒട്ടക സംഘത്തെ തടയാന്‍ നബി(സ) ഇറങ്ങി.



അവിടെ എല്ലാ ന്യായങ്ങളും ഉണ്ടെങ്കിലും വിശ്വാസികളുടെ പരസ്പരബന്ധിതമായ സമൂഹം എന്ന നിലക്ക് മദീനയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രവാചകനെയും മുഹാജിറുകളെയും സഹായിക്കുവാനും പിന്തുണയ്ക്കുവാനും ബാധ്യതയുണ്ട്. എങ്കിലും അവരെ ആരെയും പ്രധാനമായി അതിൽ കൂട്ടിയില്ല. അങ്ങനെ കൂട്ടുന്നതിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. കാരണം, അങ്ങയെയും മുഹാജിറുകളെയും എല്ലാ ഘട്ടങ്ങളിലും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് വാക്ക് നൽകിയ ഉടമ്പടികൾക്ക് ശേഷം ആയിരുന്നു അവർ മദീനയിൽ എത്തിയത്. അതിനാൽ അടിസ്ഥാനപരമായി അതിനു വിലക്കൊന്നുമില്ലായിരുന്നു എങ്കിലും ബാഹ്യ ലോകത്തിന്റെ മുൻപിൽ ബാഹ്യ ന്യായത്തെ സംരക്ഷിച്ചുനിർത്തേണ്ടത് ഇത്തരം മുന്നേറ്റങ്ങളുടെ ബാദ്ധ്യതയാണ്. അല്‍ഉശൈറ എന്ന സ്ഥലത്തെത്തിയപ്പോഴേക്കും കച്ചവട സംഘം കടന്നുപോയിരുന്നു. ഈ സംഘം ശാമില്‍ നിന്നും തിരിച്ചെത്തുമ്പോഴാണ് ബദര്‍ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായത്. അപ്പോൾ ബദർ എന്ന മുന്നേറ്റത്തെ നമുക്ക് അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമായി കാണാം. അവകാശ സംരക്ഷണത്തിനു വേണ്ടി പോരാടുക എന്നത് ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിന്റെ ആധാരവും അനിവാര്യതയുമാണ്. തങ്ങളില്‍ നിന്ന് തട്ടിയെടുത്ത സമ്പത്ത് തിരിച്ചുപിക്കാനുള്ള ശ്രമമാണ് യുദ്ധത്തിലേക്കെത്തിച്ചത്. മക്കയിലേക്ക് മടങ്ങുകയായിരുന്ന അബൂ സുഫിയാൻ മദീന വഴിയുള്ള തൻെറ യാത്ര സുരക്ഷിതമാവുമോ എന്ന് ആശങ്കപ്പെടുകയും മദീന തൊടാതെ മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുവാൻ തീരുമാനിക്കുകയും ചെയ്തു. ഭാരിച്ച തൻ്റെ സ്വത്തുമായി മദീനയുടെ കയ്യിൽ പെടാതെ മക്കയിൽ എത്തിച്ചേരുക എന്നത് മാത്രമായിരുന്നു അബൂ സുഫിയാന്റെ ലക്ഷ്യമെങ്കിൽ ഒരുപക്ഷേ ബദർ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതു ഉണ്ടായില്ലെങ്കിൽ പിൽക്കാലത്ത് ചരിത്രം മറ്റൊരു ഗതി പ്രാപിക്കുമായിരുന്നു. ഒരു ഭാഗത്ത് മുസ്ലിംകൾ വീണ്ടും ശത്രുക്കളുടെ ചവിട്ടും മെതിയും അനുഭവിച്ച് നീങ്ങേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. മാത്രമല്ല, ഈ പ്രഥമ മുന്നേറ്റത്തിൽ നിരാശപ്പെട്ട് മടങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അത് അവരുടെ മനസ്സുകളുടെ ഊർജ്ജം കെടുത്തി കളയുമായിരുന്നു. അതിനാൽ അള്ളാഹു സംഭവത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. അതായത് വഴിമാറി സുരക്ഷിതനായി രക്ഷപ്പെടാൻ കഴിയുമായിരുന്നപ്പോഴും അബുസൂഫിയാന് തൻ്റെ കച്ചവടസംഘം അപകടത്തിലാണ് എന്നും നിങ്ങൾ വന്ന് ഞങ്ങളെ രക്ഷപ്പെടുത്തണമെന്നും മക്കയിലേക്ക് ദൂതനെ പറഞ്ഞയച്ചു വിവരം നൽകാനുള്ള ഒരു തോന്നൽ ഉണ്ടായി. അങ്ങനെ സംഭവിച്ചപ്പോൾ പൊന്നും പണവും കച്ചവട ചരക്കുകളും മുമ്പിൽ വെച്ച് അതിനു വേണ്ടി പിടിച്ചും വലിച്ചും ഏറ്റുമുട്ടിയും ലക്ഷ്യം വ്യക്തമല്ലാത്ത ഒരു യുദ്ധം ഉണ്ടാകുന്നതിൽ നിന്ന് കാര്യങ്ങൾ മാറുകയും ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി എന്നു അഭിമാനിക്കാവുന്ന ഒരു പോരാട്ടത്തിന് ബദർ സാക്ഷ്യം വഹിക്കുകയും ചെയ്യുകയായിരുന്നു. മുസ്ലിംകള്‍ യാത്രതുടര്‍ന്ന് ദഫിറാന്‍ താഴ്വരയിലെത്തിയപ്പോള്‍ ആണ് മക്കയില്‍ നിന്ന് ഖുറൈശികളൊന്നാകെ പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞത്. പരമാവധി എഴുപത് പേരുള്ള ഒട്ടകസംഘത്തെ തടയാനാണ് അവര്‍ പുറപ്പെട്ടത്. എന്നാല്‍ അംഗസംഖ്യയും ആയുധ ബലവും ഒത്തിണങ്ങിയ ഒരു കൂറ്റന്‍ സേനയുമായുള്ള ഏറ്റുമുട്ടലിനാണ് ഇപ്പോള്‍ ഒരുങ്ങേണ്ടിവന്നിരിക്കുന്നത്.



നബിയും മുഹാജിറുകളും ഇറങ്ങിയിരിക്കുന്നത് കേവലം പണം തേടിയല്ല. അത് അവരുടെ ന്യായം മാത്രമാണ്. ബാഹ്യമായ ഈ ന്യായത്തിന്റെ അപ്പുറത്ത് അവർക്ക് വലിയ ഒരു ലക്ഷ്യമുണ്ട്. അത് ഒരു ന്യൂനപക്ഷ വിശ്വാസ ആദർശത്തിന് നിലനിൽക്കാനുള്ള അർഹത സ്ഥാപിച്ചെടുക്കുക എന്നതാണ്. അതിനാൽ അവർക്ക് വേണ്ടത് അത്തരത്തിൽ ഒരു യുദ്ധമാണ്. അതുതന്നെയാണ് സംഭവിച്ചതും. അതുകൊണ്ടുതന്നെ ഇവിടെനിന്ന് അങ്ങോട്ടുള്ള ഓരോ ചലനങ്ങളിലും ആ ആദർശത്തിന്റെ നിലനിൽപ്പ് പ്രധാന ലക്ഷ്യമായി വരുന്നതായി നമുക്ക് കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരമമായ ഈ ലക്ഷ്യത്തിനു വേണ്ടി ഒപ്പമുള്ളവരുടെ മനസ്സിനെ എത്തിക്കുക എന്നതാണ്. അതിനുവേണ്ടി നബി തങ്ങൾ അവരുമായി കൂടിയാലോചന നടത്താൻ മുന്നോട്ടുവന്നു. ഇസ്ലാമിക ആദർശത്തിൽ ഒരു നബിയെ സംബന്ധിച്ചിടത്തോളം കൂടിയാലോചന അത്ര വലിയ പ്രസക്തിയുള്ള കാര്യമൊന്നുമല്ല. കാരണം, അല്ലാഹുവിൽ നിന്നുള്ള വഹിയ് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകന്‍ അതനുസരിച്ച് ചെയ്യുക മാത്രം ചെയ്താൽ മതി. പക്ഷേ അപ്പോൾ അത് ഒരു ഏകാധിപത്യ ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. മാത്രമല്ല കൂടിയാലോചന കൊണ്ട് അപകടം ഒന്നുമില്ല. അത് അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് തെറ്റിക്കുകയില്ല എന്നു മാത്രമല്ല, അത് ഒപ്പമുള്ളവരുടെ മാനസികമായ പിന്തുണ കൂടുതൽ ബലപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ എന്നും ആ സാഹചര്യത്തിൽ വ്യക്തവുമായിരുന്നു. കൂടിയാലോചനയിൽ അഭിപ്രായം രേഖപ്പെടുത്തുന്ന ഓരോരുത്തരും തൻ്റെ അഭിപ്രായം രേഖപ്പെടുത്തുക വഴി ഉത്തരവാദിത്വം ഏറ്റെടുക്കുക കൂടി ചെയ്യുകയാണ്. അതുകൊണ്ട് കൂടിയാലോചനക്ക് ശേഷം ഉണ്ടാകുന്ന കാര്യത്തെ ഓരോരുത്തരും സ്വയം എടുത്ത തീരുമാനമായി തന്നെ കാണാൻ കഴിയും. പ്രബോധന ജീവിതത്തിൻെറ പല സുപ്രധാന മുഹൂർത്തങ്ങളിലും ഇങ്ങനെ നബി (സ) കൂടിയാലോചന നടത്തുമായിരുന്നു. കൂടിയാലോചന നടത്തുവാൻ അല്ലെങ്കിൽ കൂടിയാലോചനയിലൂടെ അനുയായികളെ ചേർത്തു പിടിക്കുവാൻ അല്ലാഹു നബിയോട് ഒന്നിലധികം സ്ഥലങ്ങളിൽ വിശുദ്ധ ഖുർആനിൽ ആവശ്യപ്പെടുന്നുമുണ്ട്. ഖുറൈശികളുടെ പട പുറപ്പെട്ടതറിഞ്ഞ നബി(സ) അനുയായികളുമായി കൂടിയാലോചന നടത്തി. ഒട്ടക സംഘത്തെ ഉദ്ദേശിച്ച് പുറപ്പെട്ട നാം വലിയൊരു സൈന്യത്തെ നേരിണ്ടേണ്ടിവന്നിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുക. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികളെല്ലാം നബി(സ)ക്ക് ഉറപ്പ് കൊടുത്തു. ഞങ്ങള്‍ നബിയോടൊപ്പമുണ്ട്. താങ്കള്‍ സമുദ്രത്തില്‍ ഇറങ്ങിയാല്‍ ഞങ്ങളും കൂടെ ഇറങ്ങും. അതോടെ ഏത് യുദ്ധത്തിനും വേണ്ട സന്നാഹം നബിയും സൈന്യവും സ്വന്തമാക്കി. അവർ തങ്ങളെക്കാൾ രണ്ടിലധികം ഇരട്ടി ഉണ്ടായിരുന്നിട്ടും തങ്ങളുടെ കയ്യിലുള്ളതിനേക്കാൾ എത്രയോ ഇരട്ടി ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും യുദ്ധത്തിന്റെ ഒരു സമയത്തും അവരുടെ ഉള്ളം വിറക്കാതിരുന്നത് ഈ ഊർജ്ജം മനസ്സിൽ സമാഹരിക്കപ്പെട്ടത് കൊണ്ടായിരുന്നു. തിരുനബിക്ക് സന്തോഷമായി.



ഇസ്ലാമിലെ യുദ്ധങ്ങൾ കേവലം മണ്ണോ അധികാരമോ പിടിച്ചടക്കാനുള്ളതല്ല. അത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമാണ്. അവകാശം മണ്ണോ അധികാരമോ അല്ല. മറിച്ച് അവർക്ക് വേണ്ടത് നിലനിൽപ്പാണ്. ന്യൂനപക്ഷം ആഗ്രഹിക്കുന്നതും അതാണ്. അവർക്കൊരിക്കലും ഒരുപക്ഷേ അധികാരത്തിലെത്താൻ കഴിഞ്ഞു കൊള്ളണമെന്നില്ല. അധികാരവും ചെങ്കോലും ഇല്ലെങ്കിലും അവർക്ക് തങ്ങളുടെ സാംസ്കാരികവും സാമൂഹ്യവുമായ അവകാശ അധികാരങ്ങൾ സംരക്ഷിച്ചുകൊണ്ട് നിലനിൽക്കാൻ കഴിയണം. അതിനുള്ള വഴി തുറക്കുകയാണ് ന്യൂനപക്ഷ സമരങ്ങൾ. അതിനാൽ ഈ യുദ്ധം സാംസ്കാരിക അസ്ഥിത്വം സംരക്ഷിക്കുന്നതായിരിക്കേണ്ടതുണ്ട്. ഇസ്ലാമിലെ ഈ ലക്ഷ്യം പരമ പരിശുദ്ധമാണ്. ഈ ലക്ഷ്യം നേടുവാൻ വേണ്ടത് അല്ലാഹുവിൻ്റെ കരുണയും കാവലുമാണ്. കൂടിയാലോചന വഴി എല്ലാം തീരുമാനിക്കപ്പെട്ട ശേഷം ആ തീരുമാനത്തിനു മേൽ അല്ലാഹുവിൻ്റെ കരുണ ലഭിക്കുന്ന ന്നതിനു വേണ്ടി നബി തങ്ങൾ പ്രാർത്ഥനാനിമഗ്നനാവുകയായിരുന്നു പിന്നീട്. ദഫിറാനില്‍ നിന്നും അനുയായികളോടൊപ്പം യാത്രതുടര്‍ന്ന പ്രവാചകര്‍(സ) ബദ്റിന് സമീപം എത്തി തൻ്റെ അനുയായികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ ഇവര്‍ നഗ്ന പാദരാണ് ഇവരെ വാഹനപ്പുറത്തേറ്റേണമേ! ഇവര്‍ വിവസ്ത്രരാണ്, ഇവര്‍ക്ക് നീ വസ്ത്രമണിയിക്കേണമേ! ഇവര്‍ വിശന്നവരാണ്, ഇവര്‍ക്ക് നീ ഭക്ഷിപ്പിക്കേണമേ! ഇവര്‍ ദരിദ്രരാണ്, നിന്‍റെ ഔദാര്യത്തില്‍ നിന്നും ഇവരെ നീ സമ്പന്നരാക്കേണമേ!’ ഈ പ്രാര്‍ത്ഥന അക്ഷരാർഥത്തിൽ അല്ലാഹു സ്വീകരിച്ചു. ബദ്റില്‍ നിന്ന് വരുമ്പോള്‍ വാഹനം വേണ്ടവന് വാഹനവും വസ്ത്രം വേണ്ടവന് വസ്ത്രവും ഭക്ഷ്യവിഭവങ്ങളും ലഭിച്ചു. ബന്ദികളാക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍ ഖുറൈശികള്‍ കൊടുത്ത ദ്രവ്യത്തിലൂടെ ഓരോരുത്തരും സാമ്പത്തികമായി മെച്ചപ്പെട്ടു. പ്രാർത്ഥനയിൽ പറഞ്ഞതെല്ലാം വസ്ത്രവും അന്നവും വാഹനവും തുടങ്ങി ഓരോന്ന് ആയിരുന്നു എങ്കിലും അവ ഓരോന്നും എന്ന അർത്ഥത്തിനുമപ്പുറം അത് അവ ഓരോന്നും ഉള്ള അന്തസ്സും അഭിമാനവും അവകാശങ്ങളും അംഗീകാരങ്ങളും ഉള്ള ഒരു സമുദായമായി തങ്ങളെ നിലനിർത്തേണമേ എന്നായിരുന്നു ആ പ്രാർത്ഥനയുടെ ആകെത്തുക. അത് സാർത്ഥകമായി. കാരണം, ഇസ്ലാമിക സമൂഹത്തെ നിലനിർത്തിയതും വളരാൻ കളമൊരുക്കിയതും ലോകത്തിൻെറ അഷ്ട ദിക്കുകളിലേക്കും നയിച്ചതും ബദർ ആയിരുന്നു.



മേൽപ്പറഞ്ഞ പ്രാർത്ഥന നബി നടത്തിയത് ബദർ മലഞ്ചെരുവിൽ എത്തിച്ചേർന്നപ്പോൾ കൂടി നിന്ന അനുയായികളോട് ഒപ്പം നിന്നായിരുന്നു എന്നാണ് മനസ്സിലാക്കാവുന്നത്. എന്നാൽ യുദ്ധം ആരംഭിക്കുന്നതിന്റെ തലേന്നാൾ നബി(സ) തങ്ങൾ മറ്റൊരു ഗൗരവമുള്ള പ്രാർത്ഥന കൂടി നടത്തുന്നുണ്ട്. അത് ഏതാണ്ട് ഏകാന്തമായ ഒരു പ്രാർത്ഥന ആയിരുന്നു. ആ പ്രാർത്ഥനയിലെ അർത്ഥനകൾ കൂടി ചേർത്തു വയ്ക്കുമ്പോൾ ആണ് അഭിമാനകരമായ ഒരു അസ്ഥിത്വത്തിന് വേണ്ടിയുള്ള പോരാട്ടം ആയിരുന്നു ബദർ എന്നത് വ്യക്തമാക്കുക. ആ പ്രാർത്ഥനയിൽ നബി(സ) സുജൂദില്‍ കിടന്ന് യാ ഹയ്യു യാ ഖയ്യൂം എന്ന് നിരന്തരം വിളിച്ച് പ്രാര്‍ത്ഥിച്ച് നേരം വെളുപ്പിച്ചു. ഒപ്പം നബി(സ) അല്ലാഹുവേ, ഈ സംഘം ഇന്നെങ്ങാനും നശിപ്പിക്കപ്പെട്ടാല്‍ പിന്നെ നീ ആരാധിക്കപ്പെടുകയില്ല എന്ന് തങ്ങൾ തേടി. പിന്നെ ഉണ്ടായ ഓരോ അനക്കവും അല്ലാഹുവിൻ്റെ പ്രത്യേക നിയന്ത്രണത്തിൽ തന്നെയായിരുന്നു. എല്ലാ കണക്കുകളെയും എല്ലാ സാധ്യതകളെയും തട്ടിത്തെറിപ്പിച്ച് അമാനുഷികമായി ബദറിൽ സത്യവിശ്വാസികൾ വിജയിച്ചു. അവകാശ സംരക്ഷണത്തിന്റെ ശരിയായ പോരും പോരാട്ടവുമായി ബദർ അങ്ങനെ ലോകത്തിന് തന്നെ ഒരു പാഠമായി മാറി. അല്ലാഹു അത് അവിതർക്കിതമായി പ്രഖ്യാപിക്കുകയും ചെയ്തു.
'സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞ് പോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞ്പോകുന്നതാകുന്നു' (ഖു:17: 81).




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso