വെറുമൊരു മാമനല്ല, അമ്പിളി !
20-04-2024
Web Design
15 Comments
ഇഅ്ജാസ്
ടി. എച്ച് ദാരിമി
ഏതോ ഒരുത്തന് വീണ്ടും ഒരു തികട്ടലിൻ്റെ അസ്കിത. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും അവസരങ്ങൾ ഉണ്ടല്ലോ. അതിനാൽ ഏത് അനർത്ഥവും ഏത് പഴകിപ്പുളിച്ചതും വീണ്ടും വീണ്ടും വന്നും പോയും ഇരിക്കും. ഈ കക്ഷിക്ക് തള്ളിവിടാനുള്ളത് പഴയ ആ ചന്ദ്രൻ പിളർന്ന സംഭവം തന്നെയാണ്. വിശുദ്ധ ഖുർആൻ മുഴുവനും അന്ധവിശ്വാസവും കപടശാസ്ത്രവും ആണ് എന്ന് തെളിയിക്കുവാൻ ആണ് കക്ഷി ചന്ദ്രൻ പിളർന്ന സംഭവത്തെ വീണ്ടും എടുത്തിട്ടിരിക്കുന്നത്. കക്ഷിക്ക് മറുപടി പറയുന്നത് തികച്ചും അനൗചിത്യമാണ്. കാരണം ഇയാൾക്ക് മറുപടി പറയുമ്പോൾ ഇയാളുടെ ചോദ്യത്തെ അല്ലെങ്കിൽ ആരോപണത്തെ നമ്മൾ പരിഗണിച്ചു, കണക്കിലെടുത്തു എന്നൊക്കെ ആയിരിക്കുമല്ലോ അതിൻ്റെ അർത്ഥം. അതിനുമാത്രം മൂല്യം ഏതായാലും ഇതിനില്ല. മാത്രമല്ല ഈ ചോദ്യത്തിന് ഒരുപാട് പ്രാവശ്യം നാം ഉത്തരം പറഞ്ഞിട്ടുള്ളതാണ്. അതേ ഉത്തരത്തിൽ നാം ഉറച്ചു നിൽക്കുകയും ആണ്. ആ ഉത്തരത്തിൽ ഏതെങ്കിലും ഒരു കാര്യം തെറ്റാണ് എന്ന് ലോകം ഇതുവരെയും പറഞ്ഞിട്ടുമില്ല. വിശുദ്ധ ഖുർആനിലെ 54 -ാം അധ്യായം അൽ ഖമർ തുടങ്ങുന്നത് ഈ വിഷയം പറഞ്ഞുകൊണ്ടാണ്. അതിന് വേറെ എന്തെങ്കിലും തരത്തിലുള്ള വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ ലോകം മുസ്ലിങ്ങൾ ആരും ഇതുവരെ പറഞ്ഞിട്ടുമില്ല. അതായത് പിളർന്നു എന്ന് പറഞ്ഞാൽ ശരിക്കും പിളർന്നിട്ടുണ്ട് എന്ന് തന്നെയാണ് അത് അർത്ഥമാക്കുന്നത്. അങ്ങനെ ഒരു സംഭവം നടന്നതായി ഏറ്റവും പ്രബലമായ ഹദീസ് ഗ്രന്ഥങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതിനും പുറമേ അന്നത്തെ അവിടത്തെ ഇസ്ലാമിന്റെയും പ്രവാചകന്റെയും ഖുർആനിന്റെയും കഠിന വിരോധികൾ ആയിരുന്ന ആൾക്കാർ പോലും അങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് അംഗീകരിച്ചിട്ടുമുണ്ട്. അങ്ങനെ അംഗീകരിച്ചത് കൊണ്ടാണല്ലോ ഈ സംഭവം ജാലവിദ്യയാണ് എന്നും കൺകെട്ടാണ് എന്നുമെല്ലാം അവർ പറഞ്ഞത്. അങ്ങനെ അവർ പറയേണ്ടിവന്നത് അവർ അത് നഗ്നനേത്രങ്ങൾ കൊണ്ട് കാണുകയും അനുഭവിക്കുകയും ചെയ്തതുകൊണ്ട് മാത്രമാണ്. അതോടൊപ്പം അതിന്റെ അനുബന്ധ ചരിത്രങ്ങളിൽ മക്കക്കാരായ വിരോധികൾ ഇങ്ങനെ ഒരു അനുഭവം തങ്ങൾക്ക് മാത്രം ഉണ്ടായതാണോ എന്ന് അന്വേഷിച്ചതായി പറയുന്നുമുണ്ട്. അന്നത്തെ സാഹചര്യത്തിൽ ശാസ്ത്രമോ സാങ്കേതികവിദ്യയോ ഒട്ടും വികാസം പ്രാപിച്ചിട്ടില്ലായിരുന്നതിനാൽ ആകെ അവർക്ക് കഴിയുമായിരുന്നത് യാത്രികരോട് അങ്ങനെ ഒരു അനുഭവം നിങ്ങൾക്കുണ്ടായോ എന്ന് ആരായുക മാത്രമാണ്. മക്കയിലേക്ക് വരികയായിരുന്നു ചില കച്ചവടക്കാരോട് അവർ അത് ചോദിക്കുകയും ചെയ്തു. അവരുടെ മറുപടി ആ പ്രാപഞ്ചിക അത്ഭുതത്തിന് തങ്ങളും വിധേയരായിരുന്നു എന്നു തന്നെയായിരുന്നു. ഈ പറഞ്ഞതിൽ നിന്നെല്ലാം സംഭവം ഉണ്ടായത് തന്നെയാണ് എന്നത് ഉറപ്പാകുന്നു.
പിന്നെ ഇയാളുടെയും ഇയാളെപ്പോലുള്ളവരുടെയും ചോദ്യം ചന്ദ്രൻ എന്ന സെലെസ്ട്രിയൽ ബോഡി എങ്ങനെയാണ് പിളരുകയും വീണ്ടും കൂടുകയും ചെയ്യുക എന്നതാണ്. അത് ശാസ്ത്രീയവും യുക്തിസഹവും ആണോ എന്നാണ് അവരുടെ ചോദ്യം. അതിനുള്ള മറുപടി അത് ശാസ്ത്രീയമല്ല എന്നത് തന്നെയാണ്. അതുകൊണ്ടാണ് ഇതിനെ അമാനുഷിക പ്രവർത്തനം / മുഅ്ജിസത്ത് എന്ന് വിളിക്കുന്നത്. ഉണ്ടാകുന്നതും ഉണ്ടാക്കാവുന്നതുമായ കാര്യങ്ങൾക്കാണ് ശാസ്ത്രീയതയും യുക്തിഭദ്രതയും എല്ലാം ഉണ്ടാവുക. അതോടെ അതൊരു സ്വാഭാവിക സംഭവമായി മാറുന്നു. ചന്ദ്രൻ പിളർന്ന സംഭവം അങ്ങനെ ഒരു സ്വാഭാവിക സംഭവമല്ല. അത് നബി തിരുമേനി(സ)ക്ക് തൻ്റെ വിരോധികളുടെ മുമ്പിൽ തൻ്റെ ദൗത്യവും പ്രവാചകത്വവും സ്ഥാപിക്കുവാൻ വേണ്ടി സൃഷ്ടാവ് ഉണ്ടാക്കിക്കൊടുത്ത ഒരു സംഭവം മാത്രമായിരുന്നു. അതുകൊണ്ട് അത് അമാനുഷികവും അസാധാരണവും ആസ്വാഭാവികവും അശാസ്ത്രീയവും ആണ്. എന്നിട്ടും ഇങ്ങനെ ശാസ്ത്രത്തിൻ്റെ പേരും പറഞ്ഞ് വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്ന പ്രവണത പണ്ടുകാലത്ത് ആയിരുന്നുവെങ്കിൽ അത് സഹനീയമായിരുന്നു. ഒരളവു വരെ ശാസ്ത്രവും അനുഭവങ്ങളും ഇത്രയ്ക്കും വളർന്നിട്ടും മനുഷ്യൻ്റെ ചെറിയ ചെറിയ ഇത്തരം ചോദ്യങ്ങൾക്ക് നൂറായിരം ഉത്തരങ്ങൾ പ്രകൃതി തന്നെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തും ഇങ്ങനെയൊക്കെ പറയുക എന്നത് തികച്ചും വിചിത്രമാണ്. അത് പറയുന്നവരുടെ അന്ധമായ ഇസ്ലാം വിരോധം മാത്രമാണ് അത് കാണിക്കുന്നത്. പൗരാണിക തത്വശാസ്ത്ര സിദ്ധാന്തമനുസരിച്ച് ആകാശമണ്ഡലത്തില്‍ പൊട്ടോ പിളര്‍പ്പോ ഉണ്ടാവാനോ, ഉണ്ടായത് കൂടിചേരുവാനോ പാടില്ല എന്നായിരുന്നു. ആധുനിക ശാസ്ത്രം ആ വാദം തെറ്റാണെന്നു തളിയിച്ചു കഴിഞ്ഞിരിക്കയാണ്. സൂര്യ ചന്ദ്ര നക്ഷത്രാദി ഗോളങ്ങളില്‍നിന്നു ചില അംശങ്ങള്‍ പുറത്തുപോകലും, ചില ഗോളങ്ങളില്‍ നിന്നുള്ള അംശങ്ങള്‍ മറ്റുചിലതില്‍ ചെന്നു പതിക്കലും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഇന്നു ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. സൂപ്പർ നോവ തുടങ്ങിയ ശാസ്ത്രം അംഗീകരിച്ച സംഭവങ്ങളൊക്കെ തന്നെയും അത്തരം പിളർപ്പിനെയും പൊട്ടിത്തെറിയെയും സ്ഥാപിക്കുന്നുണ്ട്. അത്രയൊന്നും പോകേണ്ടതില്ലാതെ തന്നെ വെറും സാധാരണക്കാരനായ മനുഷ്യന് പോലും ഇതിൻ്റെ ഉത്തരം അനായാസം കണ്ടെത്താൻ കഴിയും. അവയിൽ ഒന്നാണ് അടുത്തകാലത്തു മനുഷ്യന്‍ ചന്ദ്രനില്‍ ചെന്നു അവിടത്തെ പാറക്കഷ്ണം ഭൂമിയില്‍ കൊണ്ടുവന്നു എന്നത്. വേർപെടുത്താനും കൊണ്ടു പോയി ഇടാനും കഴിയുന്നതാണ് ചാന്ദ്ര പ്രതലം എന്നത് ഇതിൽ നിന്നു വ്യക്തമാണ്. ചന്ദ്രഗോളത്തില്‍ വമ്പിച്ച ഉല്‍ക്കകള്‍ പതിച്ചതിന്‍റെ ആഘാതങ്ങളെപ്പറ്റി ചന്ദ്രഗോള സഞ്ചാരികളും, ആഗോളനീരിക്ഷകന്മാരും സദാ പ്രസ്താവിച്ചു കൊണ്ടുമിരിക്കുന്നു. ഈ ഭൂമിയും, ചന്ദ്രനുമെല്ലാം സൂര്യനില്‍ നിന്നു തെറ്റിത്തെറിച്ച ചില കഷ്ണങ്ങളാണെന്നു പോലും ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നുണ്ട്. എന്നിരിക്കെ, ചന്ദ്രനില്‍ ഒരു പിളര്‍പ്പോ, പിളര്‍പ്പിനു ശേഷം ഒരു കൂടിച്ചേരല്ലോ ഉണ്ടായേക്കുന്നതിന്‍റെ സാധ്യത ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമേയല്ല. അതുകൊണ്ടാണ് ഇന്നത്തെ കാലത്തും ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നവർ അന്ധമായ ഇസ്ലാം വിരോധത്തെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് നാം തീർത്തു പറയുന്നത്.
ഇത്രയും പറഞ്ഞ് കൊണ്ട് അത്തരം ആൾക്കാരുടെ മുമ്പിൽ ഒരു ഫലവും ഉണ്ടാക്കുന്നില്ല എന്നതിനാൽ നാം ആ വിഷയത്തിൽ നിന്ന് തിരിച്ചുനടക്കുമ്പോൾ മനുഷ്യനെ എക്കാലത്തും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും അവൻ്റെ വിണ്ണിനെ അലങ്കരിക്കുകയും ചെയ്യുന്ന ചന്ദ്രൻ എന്ന പ്രതിഭാസത്തിന്റെ പിന്നിലെ ദൈവ കരങ്ങളെ കുറിച്ച് ആലോചിക്കാതിരിക്കാൻ കഴിയുകയില്ല. കാരണം വിശുദ്ധ ഖുർആൻ പലയിടങ്ങളിലുമായി ചന്ദ്രനെ കുറിച്ച് പല അത്ഭുതകരമായ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. മനുഷ്യജീവിതത്തിനുള്ള ഒരു സംവിധാനവും അവര്‍ക്കുള്ള ദൈവികദൃഷ്ടാന്തവുമെന്ന നിലക്ക് ഖുര്‍ആന്‍ പല സ്ഥലങ്ങളിലും അതെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. അല്ലാഹു പറയുന്നു: 'ചന്ദ്രന്‍, അതിനു നാം പല മണ്ഡലങ്ങളും നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട് ഒടുവില്‍ ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ല പോലെ ആയിത്തീരുന്നു. (36: 29). 'പ്രവാചകരേ, ജനം താങ്കളോട് ചന്ദ്രന്റെ വൃദ്ധിക്ഷയത്തെക്കുറിച്ച് ചോദിക്കുന്നു. പറയുക: അത് മനുഷ്യര്‍ക്ക് തിയ്യതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജജിന്റെ അടയാളങ്ങളുമാകുന്നു.' (2: 189). 'അവന്‍ സൂര്യചന്ദ്രന്മാരെ വിധേയമാക്കിയിരിക്കുന്നു. അവ എല്ലാം ഒരു നിശ്ചിത അവധി വരെ ചലിച്ചുകൊണ്ടിരിക്കും. ' ( 13: 2) 'ചന്ദ്രനെ അതില്‍ ഒരു പ്രകാശ ഗോളമാക്കിയിരിക്കുന്നു. ' (നൂഹ്: 16). ഈ സൂക്തങ്ങളിൽ നിന്നെല്ലാം ചന്ദ്രൻ എന്ന പ്രതിഭാസം കേവലം ഒരു ആകാശ വിളക്കോ ഒരു വെളിച്ച ദായനിയോ മാത്രമല്ല എന്ന് വ്യക്തമാണ്. മനുഷ്യൻ്റെ ജീവിതത്തിന് അനുപേക്ഷണീയമായ ഒരുപാട് സേവനങ്ങൾ ചെയ്യാൻ വേണ്ടിയാണ് ചന്ദ്രൻ്റെ നിയോഗം എന്നത് പ്രഥമ ദൃഷ്ട്യാ ഈ സൂക്തങ്ങൾ വിളംബരം ചെയ്യുന്നു. അത് എന്തൊക്കെയാണ് എന്നത് ഒറ്റയടിക്ക് പറയാൻ കഴിയില്ല. അല്ലാഹുവിൻ്റെ സൃഷ്ടി മഹാത്മ്യങ്ങൾ എല്ലാം അങ്ങനെയാണ്. അത് മനുഷ്യൻ്റെ ജീവിതത്തിന് സമാന്തരമായി പുലർന്നു പുലർന്നു വരിക മാത്രമാണ് ചെയ്യുക. അതിനാൽ അന്തിമമായി ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ അവസാനത്തെ മനുഷ്യന് മാത്രമേ കഴിയൂ.
ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ഗോളമാണ് ചന്ദ്രൻ. പടച്ച റബ്ബിന്റെ ഒരത്ഭുത പ്രതിഭാസമാണ് ചന്ദ്രന്‍. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിന് ചന്ദ്രനുള്ള പങ്ക് ചെറുതൊന്നുമല്ല. വ്യത്യസ്തമായ ബൗദ്ധിക സ്വാധീനങ്ങൾ സൂര്യനും ചന്ദ്രനും ഇരു ഗ്രഹങ്ങൾക്കും ഉള്ളതായി കാണാം. അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും. ചന്ദ്രൻ്റെ ഗുരുത്വകർഷണമാണ് വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്നത് . ഭൂമി ചന്ദ്രന് മേലും ചന്ദ്രൻ ഭൂമിക്ക് മേലും തങ്ങളുടെ ഗുരുത്വകർഷണം പ്രയോഗിക്കുന്നു. ഭൂമിക്ക് അഭിമുഖമായി വരുമ്പോൾ ചന്ദ്രൻ്റെ ആകർഷണം ഭൂമിയിൽ അനുഭവപ്പെടുകയും തൻമൂലം ഭൂമിയിലെ ജലവും വായുവും ചന്ദ്രനുനേരെ പൊങ്ങുകയും ചെയ്യുന്നു. ഇതിനെയാണ് വേലിയേറ്റമെന്ന് പറയുന്നത്. വേലിയേറ്റത്തിന്റെ വിപരീതപ്രവർത്തനമാണ് വേലിയിറക്കം. ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയിറക്കം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുകയും വേലിയിറക്കഫലമായി താഴുകയും ചെയ്യുന്നു. ഏറ്റവും ശക്തിയേറിയ വേലിയിറക്കങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. ചുരുക്കത്തിൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ ആധാരമായ ഗുരുത്വാകർഷണബലം ആണ് വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും കാരണം. അതിൽ പ്രധാന പങ്കുവഹിക്കുന്നത് ചന്ദ്രനാണ്. സൂര്യനെപ്പോലെ ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ചന്ദ്രന്‍. സൂര്യന്റെ ഗ്രഹവും ഭൂമിയുടെ ഉപഗ്രഹവുമാണിത്. ഭൂമി കറങ്ങിത്തിരിഞ്ഞ് പോകുന്നിടത്തെല്ലാം അതിനെ പ്രദക്ഷിണം ചെയ്ത് കൂടെ ചന്ദ്രനും ഉണ്ടാകണം. അതാണ് സൃഷ്ടാവിൻ്റെ സംവിധാനം. മനുഷ്യരോടുള്ള ഏകദൈവത്തിന്റെ പ്രത്യേക കാരുണ്യമാണത്. കാരണം, സൂര്യനില്‍നിന്നുള്ള താപം അടക്കമുള്ള പല സംഗതികളും യഥാവിധം ഭൂമിക്ക് പ്രയോജനപ്പെടണമെങ്കില്‍ ചന്ദ്രന്റെ സേവനം ഭൂമിക്ക് അനിവാര്യമാണ്. അതിനാലാണ് മനുഷ്യജീവിതത്തിന് ഏറെ പ്രയോജനപ്രദമായ രീതിയില്‍ ചന്ദ്രനെ സംവിധാനിച്ചു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്.
ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഭൂമിയോട് ഏറെ അടുത്തുകിടക്കുന്നത് ചന്ദ്രനാണ്. ।3,82,168 കി.മീറ്ററാണ് ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. ഭൂമിയുടെ നാലില്‍ ഒന്ന് വ്യാസമാണ് ചന്ദ്രനുള്ളത്. ഭാരമാകട്ടെ എണ്‍പതില്‍ ഒന്നും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ ആറില്‍ ഒന്നുമാത്രമേ ചന്ദ്രനുള്ളൂ. ഭൂമിയില്‍നിന്നും ഏറെ അകലെയല്ലാത്ത അവ രണ്ടിന്റെയും ഗുരുത്വകേന്ദ്രത്തെ കേന്ദ്രീകരിച്ചാണ് അതിന്റെ സഞ്ചാരം. അത് ഭൂമിക്കും സൂര്യനുമിടയില്‍ വരുമ്പോഴാണ് കറുത്തവാവ് ഉണ്ടാകുന്നത്. ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ എന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. സ്വന്തം അക്ഷത്തിലുള്ള കറക്കവും ഭൂമിക്കു ചുറ്റുമുള്ള കറക്കവും 29 ദിവസം കൊണ്ടാണ് അത് പൂര്‍ത്തിയാക്കുന്നത്. ഈ കറക്കം കാരണം ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയില്‍ ദൃശ്യമാവുകയുള്ളൂ. സൂര്യനെപ്പോലെയല്ല ചന്ദ്രന്‍ ഭൂമിയിലുള്ളവര്‍ക്ക് ദൃശ്യമാകുന്നത്. അതിന്റെ രൂപം എന്നും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആദ്യം ചന്ദ്രക്കലയായി ഉദയം ചെയ്യുന്നു. പിന്നീട് ഓരോ ദിവസവും അത് വലുതായി വരുന്നു. പതിമൂന്ന് ദിവസം കൊണ്ട് അത് പൂര്‍ണചന്ദ്രനായി പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ അത് ചെറുതായി വരുന്നു. അവസാനം ഏത് രൂപത്തിലാണോ പ്രഥമനാളില്‍ ഉദയം ചെയ്തത് അതേരൂപത്തില്‍ തന്നെ ആവുകയും ചെയ്യുന്നു. ഇത് ചന്ദ്രന് ദൈവം നിശ്ചയിച്ച വ്യവസ്ഥയാകുന്നു. ആ കൃത്യത തെറ്റുക സാധ്യമല്ല. അതുമുഖേനയാണ് ഭൂമിയിലുള്ളവര്‍ കാലഘണന കണക്കാക്കുന്നത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബികള്‍ ചന്ദ്രനെയായിരുന്നല്ലോ കാലഗണനക്ക് അടിസ്ഥാനമാക്കിയിരുന്നത്. ലൂണാര്‍ കലണ്ടര്‍ പ്രകാരം ഇന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് കാലഗണനക്കാധാരം. ചന്ദ്രന്‍ അതിന്റെ വ്യവസ്ഥ തെറ്റിക്കുന്നതോടെ ഈ ഗണനയും തെറ്റുന്നു. ഇതത്രെ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്: 'സൂര്യനെ ഒരു പ്രകാശമാക്കിയത് അവന്‍ (അല്ലാഹു) ആകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യഥാര്‍ഥ പ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശിദീകരിക്കുന്നു.' (10: 5). ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ സ്വയം തന്നെ ചൂടും വെളിച്ചവുമുള്ള ഒരു വിളക്കിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. ചന്ദ്രനാകട്ടെ സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ച് അത് ഭൂമിക്ക് നല്‍കുന്ന ശോഭയുടെ സ്ഥാനത്തും നില്‍ക്കുന്നു. വിശുദ്ധ ഖുർആനിൻ്റെ പ്രയോഗങ്ങളിൽ നിന്നു തന്നെ ഇതെല്ലാം സുതരാം വ്യക്തമാണ്.
കാണുന്ന കാഴ്ചയിൽ ചന്ദ്രൻ മനോഹരമായ ഒരു പ്രകാശഗോളമാണ് എന്ന് തോന്നിപ്പോകും. ആ അർത്ഥത്തിൽ തന്നെയാണ് മനുഷ്യന്മാർ ചന്ദ്രനെ അലങ്കാരത്തിനായി ഉപയോഗപ്പെടുത്തുന്നത്. പക്ഷേ, അടുത്തു ചെല്ലുമ്പോൾ ചന്ദ്രൻ്റെ സാക്ഷാൽ പ്രകൃതം മറ്റൊന്നാണ്. ചന്ദ്രന്റെ ഉപരിഭാഗം ഉല്‍ക്കാവര്‍ഷം ഉണ്ടാക്കിയ വലിയ ഗുഹകളും മലകളും വന്‍പര്‍വതങ്ങളും സമതലങ്ങളും കൊണ്ട് പരുക്കന്‍ ഭാവത്തിലുള്ളതാണ്. ആയിരക്കണക്കിന് കി. മി. നീളത്തിലുള്ള മൂന്ന് തരം ചാലുകള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ കാണപ്പെടുന്നുണ്ട് ആണ് ശാസ്ത്രത്തിൻ്റെ വിശദീകരണം. ചിലത് ലാവ ഒഴുകി ഉണ്ടാതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അവ വക്രരീതിയുള്ളവയാണ്. എന്നാല്‍ അതില്‍ ഒന്ന് നീണ്ടുകിടക്കുന്ന വെട്ടുചാല്‍ പോലെയുള്ളതാണ്. ഇത് എങ്ങനെ ഉണ്ടായതാണെന്ന് ശാസ്ത്രം ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇതിനെപ്പറ്റി പഠനങ്ങൾ നടന്നു വരികയാണ് എങ്കിലും കൃത്യമായ ഒരു നിഗമനത്തിൽ എത്തിച്ചേരുവാൻ ശാസ്ത്രലോകത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കൃത്യമായ ഒരു ഉത്തരവും കാര്യകാരണവും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത നിലക്ക് പലർക്കും അതിനെക്കുറിച്ച് പലതരം വ്യാഖ്യാനങ്ങളും നൽകാൻ കഴിയും. മുസ്ലിംകളിൽ ഒരു വിഭാഗം ശാസ്ത്ര ചിന്തയുള്ളവർ ഇത് ഖുർആനിൽ പറഞ്ഞ ചന്ദ്രൻ പിളർന്ന സംഭവത്തിന്റെ അടയാളമാണ് എന്ന് പറയുന്നുണ്ട്. മറ്റൊന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് അടക്കം നിഗമനങ്ങളെ ഒന്നും പെട്ടെന്ന് തള്ളിക്കളയാൻ കഴിയില്ല. ജീവികളോ ജീവന് നിലനില്‍ക്കാനുള്ള സാഹചര്യമോ ചന്ദ്രനില്‍ ഇല്ല. ജലരഹിതമായ ചന്ദ്രനില്‍ ആകെക്കൂടി കാര്‍ ബണ്‍ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് മിതൈന്‍ തുടങ്ങിയ വാതകങ്ങളും മറ്റു ചില രാസപദാര്‍ഥങ്ങളുമാണ് കാണപ്പെടുന്നത്. എന്നാല്‍ ഭൂമിയില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ പലതും അവിടത്തെ മണ്ണില്‍ നിലനില്‍ക്കുന്നുണ്ട്. കാറ്റിനാലോ ജലത്തിനാലോ ഉള്ള പ്രശ്നങ്ങളൊന്നും അവിടെയില്ല. തീര്‍ത്തും നിര്‍വാതക മേഖലയാണത്. 450 കോടി വര്‍ഷങ്ങളായി അത് ഒരേ പ്രകൃതത്തില്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട്. ഏകദേശം 50 കി.മീ. ഉയരമുള്ള അന്തരീക്ഷമാണ് അവിടെയുള്ളത്. അതിന്റെ ഉപരിതലത്ത് പതിക്കുന്ന സൂര്യപ്രകാശത്തില്‍ ചതുരശ്ര മീറ്ററിന് 1400 വാട്ട്സ് ഊര്‍ജം വീതമുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള മേൽപ്പറഞ്ഞ അകലവും ചിന്തനീയമാണ്. കാരണം, ഈ അകലം കൂടുകയാണെങ്കില്‍ ഭൂമിയില്‍ അതുമുഖേന പല ദോഷങ്ങളും സംഭവിക്കും. ഈ അകലം കുറയുകയാണെങ്കില്‍ ഭൂമി ജലപ്രളയം കൊണ്ട് നശിക്കുകയും ചെയ്യും. ഭൂമി ജീവജാലങ്ങള്‍ക്ക് വാസയോഗ്യമല്ലാതായി മാറും. ഇത്രയും കണിശമായി മനുഷ്യന് അവശ്യമായതെന്തും ഭൂമിയിലും ആകാശത്തിലും സംവിധാനിച്ചത്, അല്ലാഹുവല്ലാതെ മറ്റാരാണ്.
മനുഷ്യമനസ്സിന് പൂര്‍ണ്ണമായും കുളിരേകുന്ന കാഴ്ചയാണ് പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്‍. ഓരോ രാത്രിയും ചന്ദ്രനോടൊത്തുള്ള ജീവിതം മനഷ്യമനസ്സില്‍ അഗാധവും സുന്ദരവും സമ്പന്നവുമായ വിചാരങ്ങള്‍ സൃഷ്ടിക്കും. പൂര്‍ണ്ണമായ ഒരു ഒരു മാസമെങ്കിലും അതിനോടൊത്തു ജീവിക്കുന്ന ഒരു മനുഷ്യന് ഹൃദയത്തില്‍ അത് ചെലുത്തുന്ന സ്വാധീനങ്ങളെ ഭേദിച്ച് രക്ഷപ്പെടാനാവില്ല. പകലില്‍ നമ്മെ വേര്‍പിരിയുന്ന അമ്പിളി രാത്രി പൂര്‍വ്വോപരി സുന്ദരിയായി തിരിച്ചു വരുന്നു. അങ്ങനെ രാത്രിയുടെ രാജ്ഞിയായി അവള്‍ ഏവരിലും പ്രഭ ചൊരിയുന്നു. ചന്ദ്രന്റെ ഈ സുന്ദരമായ പ്രത്യക്ഷപ്പെടല്‍ ഇരുട്ട് തളം കെട്ടുന്ന മനുഷ്യമനസ്സുകളില്‍ പ്രതീക്ഷയുടെ നിലാവ് വാരിവിതറുന്നു. അവന്റെ അധരപുടങ്ങളില്‍ അത് ചുംബിക്കുന്നു.
ചന്ദ്രന് സ്വയം പ്രകാശമില്ല, ചന്ദ്രൻ സൂര്യൻ്റെ പ്രകാശം പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത് എന്നത് ശാസ്ത്രം അടുത്തിടെ കണ്ടെത്തിയ ഒരു വസ്തുതയാണ്. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആനിൽ അല്ലാഹു ഇതിനെക്കുറിച്ച് നമ്മോട് പറഞ്ഞു വെച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'അവന്‍ സപ്തവാനങ്ങളെ തട്ടുകളായി പടച്ചുണ്ടാക്കിയതും അവയില്‍ ചന്ദ്രനെ പ്രകാശവും സൂര്യനെ വിളക്കും ആക്കിയതും എങ്ങനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?' (71: 15,16). ഇങ്ങനെ നിഗൂഢമായ എന്തൊക്കെയോ ഒളിപ്പിച്ചു പിടിച്ച് ആകാശച്ചരുവിൽ നിന്നു കൊണ്ട് നമ്മോട് പുഞ്ചിരിക്കുകയാണ് അമ്പിളിമാമൻ.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso