അറിവും തിരിച്ചറിവും നേടട്ടെ, നമ്മുടെ മക്കൾ
20-04-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
വിശുദ്ധ റമസാൻ കഴിഞ്ഞതും പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുകയാണ് നമ്മുടെ മത വിദ്യാഭ്യാസ രംഗം. നമ്മുടെ രാജ്യത്തെ ഏതാണ്ട് എല്ലാ മതപഠന സംവിധാനങ്ങളിലും ഇത് അഡ്മിഷൻ കാലമാണ്. ഓരോരുത്തരും ഭൗതിക മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നു. തങ്ങളുടെ വാഗ്ദാനങ്ങളും പ്രത്യേകതകളും മേൻമകളും വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാ പറച്ചിലുകളിലും പരസ്യങ്ങളിലും അരപ്പണത്തൂക്കം മേമ്പൊടിയൊക്കെ ചേർക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അത് പക്ഷേ കുറ്റപ്പെടുത്തേണ്ട വിഷയമൊന്നുമല്ല. ഓരോരുത്തരുടെയും സേവന തൽപരതയാണ് അതു പ്രധാനമായും കാണിക്കുന്നത്. തങ്ങളുടെ സേവനങ്ങളിലേക്ക് ഈ വിധത്തിൽ ആകർഷിക്കുന്നത് ആകർഷിക്കപ്പെടുന്നവരിൽ നിന്ന് പണം വസൂലാക്കുവാൻ വേണ്ടിയല്ല എന്നത് ഉറപ്പായ കാര്യമായതിനാൽ പ്രത്യേകിച്ചും. കാരണം ഏതാണ്ട് എല്ലാ മത പഠന കേന്ദ്രങ്ങളുടെയും സേവനം സൗജന്യമോ സൗജന്യ നിരക്കിൽ ഉള്ളതോ ആണ്. ഇത് ഒരു ന്യായം. മറ്റൊരു ന്യായം മത വിദ്യാഭ്യാസ കാര്യത്തിൽ കേരളം ഏതൊരു ഇസ്ലാമിക രാജ്യത്തെ പോലും സൂക്ഷ്മമായി വെല്ലുവിളിക്കുന്ന അത്രയ്ക്കും വളർന്നിട്ടുണ്ട് എന്നതാണ്. അങ്ങനെ വളരുമ്പോൾ ഒന്നിലധികം സേവന ദാതാക്കൾ സ്വാഭാവികമായും ഉണ്ടാകും. ഒന്നിലധികം ഉണ്ടാകുന്ന എന്തിൻ്റെ ഏതു മാർക്കറ്റിലും ഡിമാൻഡ് എന്ന ചോദനം സ്വന്തമാക്കുവാനുള്ള ചെറിയ പിടിയും വലിയും തികച്ചും സ്വാഭാവികമാണ്. അവയുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങുന്നതിനേക്കാൾ അഭികാമ്യം, ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മൾ ഇത്രയും വളർന്നിരിക്കുന്നു എന്നാണല്ലോ എന്നു കരുതി സമാധാനത്തോടെ അഭിമാനിക്കുന്നതായിരിക്കും. അതിനാൽ നമ്മുടെ ആലോചന മറ്റൊരു വഴിക്ക് തിരിച്ചുവിടുകയാണ്. വർത്തമാനകാല കേരളം ഒരുക്കുന്ന പരമ്പരാഗത മത വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയും സാധ്യതയും സാംഗത്യവും എല്ലാം പറയുകയും കേൾക്കുകയും ചെയ്യുന്ന വഴിയിലേക്ക്. പുതിയ അധ്യായന വർഷത്തിന്റെ മുമ്പിൽ സാധാരണ ജനങ്ങളോട് പറയാനുള്ളതും അവർക്ക് കേൾക്കേണ്ടതുമായ ചില വസ്തുതകൾ ഉണ്ട്. ആ വസ്തുതകൾക്കാണ് സത്യത്തിൽ പ്രാധാന്യം. അത്, ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ഈ സംവിധാനങ്ങളിൽ മക്കളെ കൊണ്ടുപോയി ചേർത്തുക വഴി അവർക്കും രക്ഷിതാക്കൾക്കും അവരുടെ ചുറ്റുപാടുകൾ മുതൽ രാജ്യവും ലോകവും വരെയുള്ള സ്ഥലങ്ങൾക്കും സത്യത്തിൽ എന്താണ് നേട്ടം എന്ന ചോദ്യത്തിന്റെ ഉത്തരമാണ്.
അറിവും തിരിച്ചറിവും സമം ലഭിക്കും എന്നതാണ് ആ ഉത്തരം. അറിവിന്റെയും അതുവഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ മുതൽ അവയുടെ സ്വാധീനത്തിൽ ലഭിക്കുന്ന ജീവിത സന്ധാരണ മാർഗങ്ങൾ വരെ എല്ലാവർക്കും അറിയാം. അത് പ്രപഞ്ചത്തിന്റെ ഒരു ഒഴുക്ക് തന്നെയാണ്. എല്ലാ വിദ്യാർത്ഥികളും ആ ഒഴുക്കിലൂടെ അനസ്യൂതം ഒഴുകി കൊണ്ടേയിരിക്കുകയും ആണ്. പഠിക്കുന്നു, വിവിധ കോഴ്സുകൾ തെരഞ്ഞെടുക്കുന്നു, സർട്ടിഫിക്കറ്റുകൾ നേടുന്നു, മത്സര പരീക്ഷകളിൽ മാറ്റുരക്കാൻ തയ്യാറെടുക്കുന്നു, നിരന്തരമായി വിവിധ വാതിലുകൾക്കു മുമ്പിലൂടെ മുട്ടിയും കൈനീട്ടിയും നടന്നുപോകുന്നു, അതിൽ ഇടക്ക് എപ്പോഴെങ്കിലും ശ്രമവും ഭാഗ്യവും നേർരേഖയിൽ വരുന്നു, ഏതെങ്കിലും ഒരു വാതിൽ തനിക്ക് മുമ്പിൽ തുറക്കപ്പെടുന്നു, പിന്നെ ആ വാതിലിലൂടെ സ്വന്തം ജീവിതത്തിലേക്ക് കടക്കുകയും അങ്ങനെ ജീവിച്ച് അവസാനിക്കുകയും ചെയ്യുന്നു. ഇതാണ് ആ ഒഴുക്ക്. ഈ ഒഴുക്കിൽ സാക്ഷ്യപത്രങ്ങൾ നേടുന്നതുവരെ മനസ്സിൽ ഓർത്തുവെക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം അറിവ് എന്ന പേരിൽ ഉള്ളിൽ കെട്ടിക്കിടക്കുന്നുണ്ടാവും. ആ അറിവ് പക്ഷേ ഒരു ജോലി ലഭിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ട് ജോലി ലഭിക്കുന്നതും അറിവ് ഉപയോഗശൂന്യമായി മുട്ട അതിൻ്റെ തോടിനെ എന്നപോലെ ഉപേക്ഷിക്കുന്നു. പിന്നെ ഒരു ഭാഗത്ത് എത്തിപ്പെട്ട ജോലിയിൽ എന്തൊക്കെയാണോ താൻ ചെയ്യേണ്ടതായി ഉള്ളത് എന്നതിലേക്ക് മാത്രം ചിന്തകൾ ചുരുങ്ങുന്നു. മറു ഭാഗത്ത് വീട്, കുടുംബം, അവരുടെ ഭാവി എന്ന ഏതാനും അജണ്ടകളിലേക്ക് ജീവിതത്തെ ചുരുക്കി കെട്ടുകയും ചെയ്യുന്നു. എന്താ ഇതൊക്കെ പോരെ, എന്ന് ചോദിക്കരുത്. കാരണം, ഈ പ്രപഞ്ചത്തിലെ എല്ലാ വളർച്ചയുടെയും അടിസ്ഥാന നിദാനമായ ബൗദ്ധിക ശേഷിയും ആവിഷ്കാര മിടുക്കും കൊണ്ട് വ്യതിരിക്തനായ മനുഷ്യൻ എന്ന സവിശേഷ ജീവിക്ക് ഈ ജീവിതത്തിൽ അതുമാത്രം മതിയല്ലോ എന്ന് നിനക്കുന്നത് സത്യത്തിൽ അല്പത്തരം ആണ്. അറ്റമില്ലാത്ത അവൻ്റെ ബുദ്ധി, ആരെയും കവച്ചുവെക്കുന്ന അവൻ്റെ ശാരീരിക ക്ഷമത, അവനിൽ ജ്വലിച്ചുനിൽക്കുന്ന വൈകാരികത ഇവയെ ഓരോന്നിനെയും തൂക്കി കണക്കാക്കുവാൻ കഴിയുന്ന ഒരാൾക്ക് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ.
ഈ പറഞ്ഞത വ്യതിരിക്തതകളിലേക്ക് മനുഷ്യൻ വളരുവാൻ അറിവ് മാത്രം പോരാ ഒപ്പം തിരിച്ചറിവ് കൂടി ഉണ്ടാവേണ്ടതുണ്ട് എന്നാണ് ആമുഖമായി പറഞ്ഞുവെക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കുവാൻ നമുക്ക് ഒരു ഉദാഹരണത്തെ ആശ്രയിക്കാം. ഹൈഡ്രജന്റെ രണ്ടു ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവുമാണ് വെള്ളത്തിലെ ഘടകങ്ങൾ എന്ന് നമ്മൾ നേരത്തെ കണ്ടുപിടിച്ചിട്ടുള്ളതാണ്. നിലവിൽ നമ്മളുടെ ലോകത്ത് ആർക്കും അക്കാര്യത്തിൽ മറുത്തൊരു അഭിപ്രായവും ഇല്ല. ഇത് ഒരു അറിവാണ്. ഇതിനെക്കുറിച്ച് പരീക്ഷയിൽ ചോദ്യങ്ങൾ വന്നാൽ ഈ ഉത്തരങ്ങൾ എഴുതിയാൽ അതിനു കിട്ടുന്ന മാർക്ക് ലഭിക്കുക തന്നെ ചെയ്യും. ഈ അറിവുമായി മുന്നോട്ടു നടക്കുമ്പോൾ വേണമെങ്കിൽ ഈ അറിവിനെ വീണ്ടും വീണ്ടും വലുതാക്കി എടുക്കാം. ഹൈഡ്രജന്റെയും ഓക്സിജന്റെയും സ്വഭാവങ്ങൾ, ദൗത്യങ്ങൾ, പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളും, തുടങ്ങി വിവിധ പാഠങ്ങളിലേക്ക് ഇതേ അധ്യായം തന്നെ വളർന്നേക്കാം. അങ്ങനെ വളർന്നു വളർന്ന് ഏറ്റവും ഉന്നതമായ പദവിയിലേക്കും സ്ഥാനങ്ങളിലേക്കും ഇതേ അറിവ് തന്നെ ഒരാളെ നയിച്ചേക്കാം. അയാൾ ശാസ്ത്രജ്ഞനായി അറിയപ്പെട്ടേക്കാം. സ്ഥാനമാനങ്ങളും ജോലിയും എന്ന ലക്ഷ്യം മാത്രം വെച്ച് നീങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ അറിവ് കൊണ്ടുള്ള നേട്ടം അതുതന്നെയാണ്. അതേസമയം തനിക്കു ലഭിച്ച സവിശേഷമായ ബുദ്ധിയും ചിന്താശക്തിയും ഒപ്പം ഉപയോഗപ്പെടുത്തുവാൻ ഒരാൾ ശ്രമിക്കുകയാണ് എങ്കിൽ ഈ അറിവ് അവനെ അഭിമാനിയാക്കുകയല്ല, മറിച്ച് അവനെ ആശങ്കാകുലനാക്കുകയാണ് ചെയ്യുക. അതിന് ഒരുപാട് സാഹസപ്പെടുകയൊന്നും വേണ്ടി വരില്ല. കേവലം രണ്ട് ചെറിയ ചോദ്യങ്ങൾ അവൻ്റെ ഉള്ളിലേക്ക് കടന്നാൽ മാത്രം മതി. ഈ പ്രപഞ്ചത്തിന്റെ 70% വരുന്ന വെള്ളത്തെ മുഴുവനും ഇങ്ങനെ ഹൈഡ്രജനും ഓക്സിജനും എടുത്ത് കൂട്ടിച്ചേർത്ത് ഉണ്ടാക്കിയത് ആരാണ്?, അല്ലെങ്കിൽ ഉണ്ടായത് എങ്ങനെയാണ് എന്ന ഒരു ചോദ്യം. അതിനു മറുപടി അത് വെറുതെ അങ്ങോട്ട് കൂടിയതാണ് എന്നാണ് പറയുന്നത് എങ്കിൽ അങ്ങനെ വെറുതെ കൂടുമ്പോൾ ഒന്നിന്റെ രണ്ട് ആറ്റവും മറ്റൊന്നിന്റെ ഒരു ആറ്റവും എന്ന അനുപാതം എങ്ങനെയാണ് ഉണ്ടായത് എന്നത് മറ്റൊരു ചോദ്യം. സ്വയം കത്തുകയും മറ്റൊന്നിനെ കത്താന്‍ സഹായിക്കുന്നതുമായ രണ്ട് മൂലകങ്ങള്‍ കൂടിച്ചേരുമ്പോള്‍ എങ്ങനെയാണ് തീ അണക്കാന്‍ ശേഷിയുള്ള ഒന്ന് ഉണ്ടാകുന്നന്നത് എന്നു തുടങ്ങി ചോദ്യങ്ങൾ വേറെയും.
മതപഠനശാലകൾ എല്ലാം ഇത് പഠിപ്പിക്കുന്നു എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച് വെറും അറിവ് എന്നതല്ല പരമമായ ലക്ഷ്യം മറിച്ച് തിരിച്ചറിവ് കലർന്ന അറിവാണ് എന്ന ബോധ്യം ഉണ്ടാക്കി കൊടുക്കുക എന്നതാണ് മതപാഠശാലകളുടെ സിലബസിന്റെ പ്രത്യേകത എന്നു സ്ഥാപിക്കുകയാണ്. അത് ഭൗതിക വിദ്യാഭ്യാസത്തിനോ ഭൗതിക വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്കോ ഒരിക്കലും എതിരല്ല. ഇന്നുകാലത്ത് ഏതാണ്ട് എല്ലാ മതപഠന സംവിധാനങ്ങളിലും ഒരേസമയം തന്നെ ഭൗതിക വിദ്യാഭ്യാസം നൽകുന്നുണ്ട് എന്നത് തന്നെ അതിൻ്റെ തെളിവാണ്. അതിപ്പോൾ സമന്വയ വിദ്യാഭ്യാസം എന്ന ത്വര സമൂഹത്തിൽ വന്നപ്പോൾ ഉണ്ടായതല്ല. മറിച്ച്, പണ്ട് കാലം മുതൽ തന്നെ ദർസുകളിലും അറബി കോളേജുകളിലും പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളിൽ ഖുർആൻ, ഹദീസ്, കർമശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളോടൊപ്പം തർക്കശാസ്ത്രം, അലങ്കാരശാസ്ത്രം, രചനാശാസ്ത്രം, ഗണിതം, ബീജഗണിതം, ജ്യോമെട്രി, ഗഗോള ശാസ്ത്രം, ഗോളശാസ്ത്രം എന്നിവയെല്ലാം നൂറ്റാണ്ടുകളായി പഠിപ്പിക്കപ്പെട്ടുവരുന്നത് തന്നെയാണ്. പക്ഷേ നേരത്തെ പറഞ്ഞതുപോലെ അവ ഒന്നും അറിവ് എന്ന അതിർത്തിയിൽ എത്തുമ്പോൾ നിലയ്ക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അതിൻ്റെ പിന്നാമ്പുറങ്ങളിലെ ശക്തിയെയും നിയന്ത്രണത്തെയും എല്ലാം അന്വേഷിക്കുവാൻ കൂടി ഈ വിദ്യാഭ്യാസം പഠിപ്പിക്കുകയാണ്. ഇങ്ങനെ പറഞ്ഞു വരുമ്പോൾ വീണ്ടും ചില മനസ്സുകൾ ചൊറിയും. ഇങ്ങനെയൊക്കെ പിന്നാമ്പുറങ്ങളിലേക്ക് എത്തിനോക്കിയിട്ട് എന്തു കിട്ടാനാണ് എന്ന് ചോദിച്ചു കൊണ്ട്. അതിൻ്റെ ഉത്തരം ലളിതമാണ്. ഒരു കാര്യവും മനുഷ്യനിൽ നിന്ന് തുടങ്ങുകയോ മനുഷ്യനിൽ അവസാനിക്കുകയോ ചെയ്യുന്നില്ല എന്ന് പറയുമ്പോഴും, ഭൗതിക പ്രപഞ്ചത്തിൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ ഓരോ കാര്യങ്ങളും മനുഷ്യൻ്റെ ആത്യന്തിക നിയന്ത്രണത്തിൽ അല്ല എന്ന് ബോധ്യപ്പെടുമ്പോഴും ഏറ്റവും കുറഞ്ഞത് താനാണ് എല്ലാം എന്ന് അഹങ്കാരത്തിന്റെ പത്തിയെങ്കിലും മടങ്ങും. അതു മടങ്ങിയാൽ മനുഷ്യൻ്റെ ജീവിതം അച്ചടക്കമുള്ളതാവും. അവൻ തന്റെ കടമയെ കുറിച്ച് ബോധവാനാകും. അതു നിവൃത്തി ചെയ്യാൻ അവൻ ഉത്സാഹിക്കും. ഇതിനെല്ലാം വഴി വെക്കുന്നത് അറിവല്ല, മറിച്ച് തിരിച്ചറിവാണ്. അതായത് തിരിച്ചറിവുള്ള അറിവ്.
ഇത്തരം ഒരു അറിവില്ലാത്തതുകൊണ്ട് ലോകം അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് കൈയും കണക്കുമില്ല. അത് നമ്മുടെ സ്വന്തം കാൽച്ചുവട്ടിൽ നിന്ന് തുടങ്ങി അന്താരാഷ്ട്ര ഉച്ചിയിൽ വരെ എത്തിനിൽക്കുന്നു. മാതാപിതാക്കളെ അവഗണിക്കുന്നവരും വൃദ്ധസദനങ്ങളിൽ തള്ളുന്നവരും മഹാഭൂരിപക്ഷവും വിദ്യാഭ്യാസ സമ്പന്നരായിരിക്കും എന്നത് നമ്മുടെ ഒരു അനുഭവമാണ്. അവരെ അറിവില്ലാത്തവർ എന്ന് വിളിക്കാൻ കഴിയില്ല, തിരിച്ചറിവില്ലാത്തവർ എന്നേ വിളിക്കാൻ കഴിയൂ. സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപങ്ങളും മറ്റും ക്രമാതീതമായി വളർന്നുവരികയാണ്. അവിടെയും അറിവല്ല വില്ലൻ, തിരിച്ചറിവാണ്. സ്ത്രീ സമൂഹത്തിന് എന്താണ് എന്നത് വെറും ജീവശാസ്ത്രത്തിലൂടെ പഠിച്ചവർക്ക് അത് അറിയാൻ കഴിയില്ല. മദ്യപാനത്തിനും ചൂതാട്ടത്തിലും അസാന്മാർഗികതയിലും സ്വന്തം ജീവിതത്തെ ഹോമിക്കുന്ന പല ഹോമകുണ്ഡങ്ങളും നമ്മുടെ മുമ്പിൽ സജീവമാണ്. ശരീരം, ആരോഗ്യം, വൈകാരിക ത്വരകൾ നിറഞ്ഞ ജീവിതം ഇതെല്ലാം നൽകിയ ശക്തിയെ കുറിച്ചുള്ള തിരിച്ചറിവില്ലായ്മ കൊണ്ടാണ് ഇവയുണ്ടാകുന്നത്. പ്രകൃതിയോടും അതിന്റെ സ്വാഭാവിക സ്രോതസ്സുകളോടും മനുഷ്യൻ പണ്ടെങ്ങും ഇല്ലാത്ത വിധം ഇത്രയും ക്രൂരനായി മാറിയിരിക്കുന്നത് ജലവും മരവും തണലും നിലാവും എല്ലാം വിധാനിച്ച ശക്തിയെ തിരിച്ചറിയുന്നതിലും ആ ദാനങ്ങൾക്ക് നന്ദി ചെയ്യുന്നതിലും വീഴ്ച വരുന്നതുകൊണ്ടാണ്. മനുഷ്യർക്കിടയിൽ പകയും വിദ്വേഷവും മുതൽ യുദ്ധങ്ങൾ വരെ ഉണ്ടാകുന്നത് തിരിച്ചറിവ് എന്ന കഴിവ് നഷ്ടപ്പെട്ടതിനാണ്. അപരനെ വീഴ്ത്തിയാൽ താൻ ഒരിക്കലും അവസാനിക്കാത്ത സുഖങ്ങളിലും അധികാരങ്ങളിലും എത്തിച്ചേരുമെന്ന് അവൻ്റെ അറിവോ മോഹമോ അവനോട് പറഞ്ഞുകൊടുക്കുന്നു. പക്ഷേ ലോകത്തിൻ്റെ മറിച്ചുള്ള അനുഭവം എന്ന തിരിച്ചറിവ് അവന് കൈമോശം വരുന്നു. ചുരുക്കത്തിൽ ശരീരഘടനയും ദഹനവ്യവസ്ഥയും ശരീരത്തിലെ മറ്റു അത്ഭുത പ്രതിഭാസങ്ങളും പഠിപ്പിക്കുന്നതോടൊപ്പം അവയുടെ സ്രഷ്ടാവും സംവിധായകനുമായ പ്രപഞ്ചനാഥനെ സംബന്ധിച്ചും പരിചയപ്പെടുത്തുക എന്നത് കേവല നീതിയും സത്യസന്ധതയും മാത്രമാണ്. വിശക്കുന്നവന്റെ വിശപ്പുമാറ്റലും മര്‍ദിതനെ സഹായിക്കലും മറ്റും പുണ്യകര്‍മമാണെന്നു പറഞ്ഞു കൊടുത്താല്‍ അത് ഉള്‍ക്കൊള്ളുവാന്‍ ആ രീതിയില്‍ പഠിച്ചുവളരുന്നവര്‍ക്ക് പെട്ടെന്നാവും. പരസ്പര സ്‌നേഹവും സഹകരണവുമുള്ള സമൂഹസൃഷ്ടിക്ക് അത് വഴിവെക്കുകയും ചെയ്യും. അതോടെ മനുഷ്യൻ്റെ കുലം പരമാവധി അച്ചടക്കമുള്ളതായി മാറും. അടുത്ത തലമുറയെ എങ്കിലും നമുക്ക് അതിലേക്ക് തിരിച്ചുവിടാം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso