കൈമോശം വരരുത്, ഈ തണലും തണുപ്പും
20-04-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരങ്ങളിലാണ് റമദാൻ കൈവെച്ചത്. ദാഹം, വിശപ്പ്, കാമം ഈ മൂന്ന് ശക്തികളാണ് മനുഷ്യൻ്റെ അകത്തിരുന്ന് അവൻ്റെ സകല ചലനങ്ങളെയും ക്രമങ്ങളേയും പ്രചോദിപ്പിക്കുന്നത്. ഇവയുടെ നിവർത്തിക്കുവേണ്ടിയാണ് ഒരർത്ഥത്തിൽ മനുഷ്യൻ ഇവിടെ ജീവിക്കുന്നത് തന്നെ. ഇവയിൽ ഏതെങ്കിലും ഒന്നിന് ഭംഗം വന്നാൽ അത് അവന് അസഹ്യമായിരിക്കും അത് തിരിച്ചു പിടിക്കാൻ അവൻ ഏതറ്റം വരെയും പോകും. ലോകം കണ്ട യുദ്ധങ്ങളിലും കലാപങ്ങളിലും വലിയൊരു പങ്ക് നേരിട്ടു തന്നെ അവയ്ക്കു വേണ്ടിയുള്ളവയായിരുന്നു. അതിനുവേണ്ടി ധർമങ്ങളെ മറക്കുവാനും നിയന്ത്രണങ്ങളെ തട്ടി മാറ്റുവാനും വൃത്തികേടുകളെ വാരിപ്പുണരുവാനും അവൻ മടിക്കില്ല. അവൻ്റെ സമരങ്ങളും പോരാട്ടങ്ങളും എല്ലാം ഒരർഥത്തിൽ അതിനു വേണ്ടിയുള്ളതാണ്. അത്രയ്ക്കും മനുഷ്യനിൽ ആഴത്തിൽ ആണ്ടുകിടക്കുന്ന വൈകാരികതകളിൽ റമസാൻ കൈവെച്ചത് വെറുതെയല്ല. ഇതേ വൈകാരികതകളുടെ അതിപ്രസരം അവനിൽ ഉണ്ടാക്കിയ താളപ്പിഴകളെ വീണ്ടും താളത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടിയായിരുന്നു. മനുഷ്യൻ്റെ അടിസ്ഥാന ത്വരകളും ആവശ്യങ്ങളുമായ ഇവ എങ്ങനെയാണ് മനുഷ്യനെ വഴിതെറ്റിക്കുക എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. അവർ അങ്ങനെ ചോദിക്കുന്നത് വികാരം അല്ലെങ്കിൽ വൈകാരികത എന്ന പ്രയോഗത്തിന്റെ അർത്ഥം അറിയാത്തതുകൊണ്ട് മാത്രമാണ്. ഏതു വികാരങ്ങളും മനുഷ്യനെ വഴിതെറ്റിക്കുന്നതാണ് എന്നല്ല പറഞ്ഞു കൊണ്ടുവരുന്നത്. മറിച്ച് ഓരോ ഓരോ വികാരങ്ങളും മനുഷ്യന് മനം മയക്കുന്ന ഹരം പകരുന്നുണ്ട്. അതേസമയം ഓരോ വികാരങ്ങൾക്കും കൃത്യമായ അളവും അതിരുമുണ്ട്. പക്ഷേ ഈ ഹരവും അതിരും ഒത്തുപോയിക്കൊള്ളണമെന്നില്ല. പലപ്പോഴും ഹരത്തിന്റെ രസത്തിൽ അതിരുകൾ അവഗണിക്കപ്പെടുന്നു അങ്ങനെയാണ് അടിമപ്പെടുന്ന വികാരങ്ങൾ മനുഷ്യനെ അപതാളങ്ങളിലേക്ക് കൊണ്ടുപോകുന്നത്. അങ്ങനെയുള്ള ഒരു പോക്ക് നീണ്ട 11 മാസമാണ് നാം പോയത്. ഈ 11 മാസവും നാം തെറ്റുകളിലും തിന്മകളിലും മുങ്ങിക്കിടക്കുകയായിരുന്നു എന്നല്ല പറയുന്നത്. മറിച്ച്, കൂടെക്കൂടെ ഒപ്പമുണ്ടാവേണ്ട ധാർമികതയും അതിനുവേണ്ട ചിന്തകളും എല്ലാം മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും ക്രമേണ കുടിയിറങ്ങിപ്പോയി അതായിരുന്നു പ്രശ്നം. അപ്പോൾ ജീവിതം അതു നൽകിയവനെ മറന്നു. അവന്റെ ഇഷ്ടാനിഷ്ടങ്ങളെയും.
ഇനി അവനെ അവന്റെ ജീവിതത്തിൻ്റെ ശരിയായ താളത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ എന്താണ് മാർഗം എന്നത് കണ്ടുപിടിക്കാൻ അവനെത്തന്നെ ഏൽപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. കാരണം, മനസ്സിലും ജീവിതത്തിലും വികാരങ്ങൾക്ക് മേൽകൈ വന്നാൽ പിന്നെ അവൻ്റെ ബുദ്ധി അത്ര ആഴത്തിലേക്ക് ഇറങ്ങുകയോ തീവ്രമായി ചിന്തിക്കുകയോ ചെയ്യുകയില്ല. അതിനാൽ മോചനമാർഗം കണ്ടെത്തുവാൻ മനുഷ്യനെ തന്നെ ഏൽപ്പിച്ചാൽ അത് ശരിയാവില്ല. ഇങ്ങനെ ചില പ്രശ്നങ്ങളൊക്കെ തൻ്റെ ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്, വരാനിരിക്കുന്നുണ്ട് എന്നതൊന്നും സത്യത്തിൽ മനുഷ്യൻ അറിയില്ല. അതിനും കാരണം മേൽപ്പറഞ്ഞ വൈകാരികതയുടെ സ്വാധീനം തന്നെ. എന്നാൽ ഇതെല്ലാം ഈ ശരീരത്തെയും അതിലുള്ള ജീവനെയും സൃഷ്ടിച്ച സൃഷ്ടാവിന് അറിയാം. ആ സൃഷ്ടാവ് ആണെങ്കിലോ ഇതെല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതും താക്കീത് ചെയ്തിട്ടുള്ളതും പ്രവചിച്ചിട്ടുള്ളതുമാണ്. അതിനുവേണ്ടി ഒന്നേകാൽ ലക്ഷം ദൂതന്മാരെയാണ് മനുഷ്യരിൽ നിന്നു തന്നെ കണ്ടെത്തി അവൻ പറഞ്ഞയച്ചത്. അവരുടെ ഇടവേളകളിൽ അവർക്ക് ആശ്രയം ആകുവാൻ നാല് വലിയ കിതാബുകളും നൂറു ചെറിയ കിതാബുകളും അവൻ നൽകുകയും ചെയ്തതാണ്. എന്നിട്ടും വെല്ലുവിളിക്കും പോലെ മനുഷ്യൻ അതൊക്കെ മാറ്റി വെക്കുകയായിരുന്നു. എന്നിട്ട് അവൻ അവന്റെ രസങ്ങളിൽ അഭിരമിക്കുകയായിരുന്നു. അതിനാൽ അവൻ തന്നെ അതിൻ്റെയൊക്കെ വില നൽകുകയും കിട്ടുന്നതെല്ലാം വാങ്ങി വെക്കുകയും അനുഭവിക്കുകയും ചെയ്യട്ടെ എന്ന് വെക്കാൻ ആ സൃഷ്ടാവിന് ന്യായമുണ്ടായിരുന്നു. പക്ഷേ അത്ര ക്രൂരനല്ല അവൻ. അവൻ കരുണയുടെയും സ്നേഹത്തിന്റെയും സ്നേഹ രൂപമാണ്. അതിനാൽ അവൻ ഇനിയും മനുഷ്യനെ സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ്. സ്നേഹത്തിൽ പൊതിഞ്ഞ ആ സഹായമാണ് റമസാൻ.
അതിനുവേണ്ടി അല്ലാഹു തയ്യാറാക്കിയത് തികച്ചും ശാസ്ത്രീയമായ ഒരു പദ്ധതിയായിരുന്നു. അവൻ്റെ കടാക്ഷവും കൈയും ഉള്ള ഒരു അനുഗ്രഹീത പദ്ധതി. മനുഷ്യനിലേക്ക് അരിച്ചുകയറുന്ന തെറ്റായ വികാരങ്ങളുടെ വഴിയിൽ ചെറിയ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അത് തുടങ്ങുന്നത്. ഭക്ഷണം, പാനം, കാമം എന്നിവ മൂന്നിനെയും ആദ്യം നിയന്ത്രിതമായി നിയന്ത്രിക്കുന്നു. ഇവ തീരെ പാടില്ല എന്നല്ല, മറിച്ച് നിശ്ചിതമായ ഒരു സമയത്ത് അവമൂന്നും പാടില്ല എന്ന് മാത്രം വെക്കുകയാണ്. അത് അവ മൂന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയല്ല. മനുഷ്യൻ പട്ടിണി കിടന്നിട്ട് അല്ലാഹുവിന് എന്തെങ്കിലും കാര്യമൊന്നുമില്ല. മറിച്ച് അത്രയും വലിയ വികാരങ്ങളെ വേണ്ടുമ്പോഴെല്ലാം വേണ്ട വിധത്തിൽ എല്ലാം നിയന്ത്രിച്ച് വരുതിയിൽ നിർത്താൻ കഴിയുവാനും താൻ ഒരിക്കലും ആ വികാരങ്ങളുടെ അടിമയല്ല എന്ന് തെളിയിക്കാനും വേണ്ട പരിശീലനം നൽകുക എന്ന അർത്ഥത്തിൽ മാത്രമാണ്. ഇതുവഴി വികാരങ്ങളുടെ തള്ളിക്കയറ്റം കുറയും. വികാരങ്ങൾ കുറയുന്നിടത്തെല്ലാം അതിൻ്റെ ഭാഗം നികത്തുക സ്വാഭാവികമായും വിചാരമായിരിക്കും. ആ വിചാരം വഴി സൃഷ്ടാവിനെയും സൃഷ്ടാവിന്റെ താല്പര്യങ്ങളെയും കണ്ടെത്തുവാനും പാലിക്കുവാനും ഉള്ള താൽപര്യത്തിലേക്ക് മനുഷ്യമനസ്സിനെ തിരിച്ചുവിടുകയാണ് ഈ പദ്ധതി പിന്നീട് ചെയ്തത്. വികാരങ്ങളെ നിയന്ത്രിക്കുവാൻ വേണ്ടി ചെയ്ത വ്രതം എന്ന ആത്മനിയന്ത്രണത്തിനും ഈ നിയന്ത്രണത്തിന്റെ സ്വാധീനം പറ്റി ഉജ്ജ്വലമായിത്തീരുന്ന ആരാധനകൾക്കും എല്ലാം ഇരട്ടിയായ സ്വീകാര്യതയും പ്രതിഫലവും അല്ലാഹു റമസാനിൽ നൽകുന്നു. അതുവഴി ഗതകാലത്ത് സംഭവിച്ചുപോയ എല്ലാ കുറവുകളെയും എല്ലാ ന്യൂനതകളെയും പരിഹരിക്കുന്നു. മാത്രമല്ല, ഈ മാനസിക മാറ്റത്തിന്റെ സ്വീകാര്യത എന്നോണം അല്ലാഹു അവനോട് മനുഷ്യൻ ചെയ്ത തെറ്റുകളെയും തിന്മകളെയും മാപ്പാക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതേ വിചാരം സമ സൃഷ്ടികൾക്ക് നേരെയും സഹ ജീവികൾക്ക് നേരെയും അവനെ തിരിച്ചുവിടുന്നു. അപ്പോൾ അവനിൽ കാരുണ്യവും സ്നേഹവും അനുതാപവും വിട്ടുവീഴ്ചയും ഔദാര്യവും സഹിഷ്ണുതയും എല്ലാം തിരിച്ചുവരുന്നു. ഇതെല്ലാം ചേരുമ്പോൾ അവൻ ഒരു ഉത്തമ വിശ്വാസിയായി മാറും. ഇങ്ങനെ മനുഷ്യനെ പുനർ നിർമ്മിക്കുകയും പുനർനിർണയിക്കുകയും ചെയ്യുകയായിരുന്നു കാരുണ്യവാനായ അള്ളാഹു ഈ റമദാനിലൂടെ.
ഇതുകൊണ്ടൊക്കെയാണ് റമസാൻ മനുഷ്യൻ്റെ പ്രത്യേകിച്ചും വിശ്വാസിയുടെ വസന്തമാണ് എന്ന് പറയുന്നത്. അവൻ്റെ വീണ്ടെടുപ്പിന്റെ കാലമാണിത്. അത്തരം ഒരു റംസാൻ വീണ്ടും സ്വീകരിക്കുവാൻ നമുക്ക് ഭാഗ്യമുണ്ടായി. പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു ഈ സീസണിലേത്. കഠിനമായ ചൂടുകാലത്തായിരുന്നു നോമ്പ്. ഇത് ശരീരത്തിന്റെ ചൂട്. ഒപ്പം വിശ്വാസികളുടെ മനസ്സിന് അതിനുമിരട്ടി ചൂടുണ്ടായിരുന്നു. ഏറ്റവും വലിയ ചൂടുകാറ്റ് അടിച്ചു വീശി വന്നത് ഗസ്സയിൽ നിന്നായിരുന്നു. നിഷ്കളങ്കമായ രക്തത്തിൻ്റെ മണമുള്ള ആ കാറ്റിന് അപമാനത്തിന്റെ രൗദ്രഭാവമായിരുന്നു. ആറു മാസക്കാലമായി 50 കിലോമീറ്റർ പോലും വിസ്തൃതിയില്ലാത്ത ഒരു പ്രദേശത്ത് സർവ്വനാശിനികളായ ആയുധങ്ങൾ മഴപോലെ പെയ്തുവരികയാണ്. രണ്ടു പ്രതീക്ഷകളാണ് അവരുടെ മുമ്പിൽ ഉള്ളത്. ഒന്ന് തങ്ങൾ എന്തിൻ്റെ പേരിൽ അപമാനിക്കപ്പെടുന്നുവോ, അതേ ആശയത്തിന്റെ അപ്പോസ്തലന്മാരായ 45 ഇസ്ലാമിക് അറബി രാജ്യങ്ങളുടെ സഹായം എന്ന പ്രതീക്ഷ. രണ്ടാമത്തെതും ഒന്നാമത്തേതിനേക്കാൾ പ്രധാനപ്പെട്ടതുമായ വിശ്വാസികൾക്ക് അല്ലാഹു വാഗ്ദാനം ചെയ്ത അവൻ്റെ സഹായം വന്നെത്തുമെന്നതിലുള്ള പ്രതീക്ഷ. പലർക്കും ഇക്കാര്യത്തിൽ പലതും ന്യായീകരിക്കാനും വ്യാഖ്യാനിക്കാനും ഉണ്ടായേക്കാം. പക്ഷേ, ഇതു രണ്ടും ഈ നിമിഷം വരെ ഉണ്ടായില്ല എന്നതാണ് സത്യം. എണ്ണക്കിണറുകളും ആയുധപ്പുരകളും അണുവായുധങ്ങളും ഉള്ള ശൈഖുമാർ തങ്ങളുടെ സഹായം പ്രസ്താവനയിൽ ഒതുക്കി. ദുർബലരായ ഒരു ജനതയെ സഹായിച്ചാൽ കിട്ടുന്ന പ്രതിഫലവും പ്രബലരായ സാമ്രാജ്യ ശക്തികളെ പിണക്കാതിരുന്നാൽ കിട്ടുന്ന പ്രതിഫലവും തൂക്കി നോക്കുകയായിരുന്നു അവരെല്ലാവരും. എപ്പോഴും തങ്ങളുടെ സുഖങ്ങൾക്ക് ഒരു ഭീഷണിയും ഉണ്ടാവാതിരിക്കാൻ ആരോടും ഇടയാതിരിക്കുന്നതാണ് നല്ലത് എന്ന് അവർ കണ്ടുപിടിച്ചു. അതിനാൽ അവർ ശക്തമായി ഗാസയിലെ നിരപരാധികൾക്കൊപ്പം നിൽക്കുന്നുണ്ട്, പക്ഷേ വാക്കുകളിലും പ്രസ്താവനകളിലും മാത്രം. അവ പക്ഷേ ഗസ്സക്കാർ അറിയുന്നു പോലുമില്ല. അറിയാൻ അവർക്ക് ചുമരിൽ മാധ്യമങ്ങളില്ല. ചുമര് ഉണ്ടാകാൻ അവർക്ക് വീടുകൾ തന്നെയില്ല. എല്ലാം ഉണ്ടെങ്കിലും ആയുധങ്ങൾ തീ തുപ്പുന്നതിന്റെ മുൻപിൽ അവർക്ക് അതൊന്നും ശ്രദ്ധിക്കാൻ പറ്റുന്ന മാനസികാവസ്ഥയുമില്ല. ഉണ്ടെങ്കിൽ തന്നെ ഇവരുടെയൊന്നും ഔദാര്യം അവർ കാത്തു നിൽക്കുന്നുമില്ല. ഇതെല്ലാം ആലോചിക്കുമ്പോഴും അനുഭവിക്കുമ്പോഴും വലിയ ചൂട് ആയിരുന്നു വിശ്വാസിയുടെ മനസ്സിൽ അനുഭവപ്പെട്ടത്.
എന്നിട്ടും നമ്മുടെ നാട്ടിലെ ശരാശരി വിശ്വാസികൾ ഈ ചൂടു കളെയൊന്നും മാനിച്ചതേയില്ല. അവർ പകൽ മുഴുവൻ നോമ്പുനോറ്റും രാത്രി മുഴുവൻ നിന്ന് നിസ്കരിച്ചും വസന്തകാലം പരമാവധി അനുഭവിക്കുവാൻ തന്നെ തയ്യാറായി. പള്ളികൾ എല്ലാം എന്നും ഏതാണ്ട് നിറഞ്ഞിരുന്നു. പള്ളികൾ ഖുർആൻ പാരായണത്താൽ മുഖരിതമായിരുന്നു. ദാനവും ധർമ്മവും നിർലോഭം ഒഴുകുകയും ഒഴുക്കുകയും ചെയ്തു. മനസ്സും ശരീരവും എല്ലാ അർത്ഥത്തിലും അവർ കഴുകിയെടുത്തു. അങ്ങനെ 29 ദിവസങ്ങൾ ആണ് കഴിഞ്ഞത്. വ്രതം എന്ന പദ്ധതിയിൽ ഒരു മാസം എന്ന കാലയളവിന് വലിയ സ്വാധീനമുണ്ട്. മനുഷ്യന്റെ ശരീരത്തിനും മനസ്സിനും ഒരു കാര്യം പഠിപ്പിക്കുവാനും ശീലിപ്പിക്കുവാനും ഇത്തരം ഒരു നൈരന്തര്യം അനിവാര്യമാണ്. കുറേ ദിവസങ്ങൾ കൊണ്ട് സ്ഥാപിച്ച എടുക്കുന്ന ശീലവും സ്വഭാവവും ജീവിതത്തിൽ പതിയുക തന്നെ ചെയ്യും. ഇങ്ങനെയെല്ലാം ഒരുപാട് കഷ്ടപ്പെട്ടും ത്യാഗം സഹിച്ചും നേടിയതാണ് ഈ റംസാനിൽ നേടിയതെല്ലാം. ഈ പദ്ധതിയുടെ ശാസ്ത്രീയതയും കാര്യക്ഷമതയും അത്രമേൽ മനസ്സിന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇതിന് സാധിച്ചത്. അതിനാൽ റംസാൻ വിട പറഞ്ഞതോടെ റമസാൻ നേടിത്തന്ന തണുപ്പും തണലും നഷ്ടപ്പെടുത്തുക എന്നതിലും വലിയ വിഡ്ഢിത്തം മറ്റൊന്നുമില്ല. സത്യസന്ധനായ ഒരു വിശ്വാസിയുടെ ഭാഗത്തുനിന്ന് അതുണ്ടായിക്കൂടാ. അത് ഉണ്ടായാൽ അതിനെ അല്ലാഹു കാണുക ഏറ്റവും വലിയ നിന്ദയായിട്ടാണ്. കാരണം മനുഷ്യനെ അപതാളങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി വീണ്ടും താളപ്പെടുത്തുവാൻ അവൻ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത ഒരു വലിയ പദ്ധതിയെ നിഷ്കരുണം അവഗണിച്ചതായാണ് അല്ലാഹു അതിനെ കാണുക. അതിന് ഇഹത്തിലോ പരത്തിലോ തിരിച്ചടിയുണ്ടാവാതിരിക്കില്ല. അതിനാൽ റമസാൻ നേടിത്തന്ന ആത്മവിശുദ്ധി കളഞ്ഞു കളിക്കരുതേ എന്നതാണ് ഈദിൻ്റെ സന്ദേശം. അതിനെ പിന്തുണക്കേണ്ടുന്ന അടിസ്ഥാന അവബോധമാണ് അല്ലാഹു അക്ബർ.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso