Thoughts & Arts
Image

ചിന്തിക്കുന്നത് ഹൃദയമോ തലച്ചോറോ !

20-04-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി




വിശുദ്ധ ഖുർആനിലെ അൽ ഹജ്ജ് അദ്ധ്യായത്തിൻ്റെ 46-ാം സൂക്തം ഇങ്ങനെയാണ്: "ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌" മനുഷ്യൻ്റെ ഹൃദയങ്ങളാണ് ചിന്തിക്കുന്നതും ഗ്രഹിക്കുന്നതും എന്നാണ് ഈ സൂക്തം പറഞ്ഞുവെക്കുന്നത്. മാത്രമല്ല, അകക്കാഴ്ചയുടെ നാശമായ അന്ധത ബാധിക്കുന്നതും ഹൃദയത്തെയാണ് എന്നും ഈ ആയത്തിൽ നിന്നും വ്യക്തമാണ്. ഇനി മറ്റൊരു സൂക്തം എടുക്കാം. അത് അൽ അൻആം സൂറയിലെ 25-ാം സൂക്തമാണ്. അതിൽ അല്ലാഹു പറയുന്നു: "താങ്കൾ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത്‌ അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ്‌ വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ താങ്കളുടെ അടുക്കല്‍ നിന്നോട്‌ തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌." ഈ സൂക്തത്തിൽ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വിഖാതമായി നിൽക്കുന്നത് ഹൃദയത്തിൻ മേൽ വെച്ചിരിക്കുന്ന മൂടിയാണ്. ഇനിയും മറ്റൊരു ആയത്ത് കൂടി എടുക്കാം. അൽ അൻഫാൽ അദ്ധ്യായത്തിലെ രണ്ടാം സൂക്തമാണ് അത്. അതിൽ അല്ലാഹു പറയുന്നു: "അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച്‌ നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍." ഒന്നും രണ്ടും ആയത്തുകളിൽ നിന്ന് ചിന്തിക്കുന്നതും ഗ്രഹിക്കുന്നതും ഹൃദയമാണ് എന്നു കിട്ടുമ്പോൾ മൂന്നാമത്തെ ഈ ആയത്തിൽ നിന്ന് ചിന്തയുടെ കേന്ദ്രം ഹൃദയമാണ് എന്ന് ലഭിക്കുന്നു. ഈ ശ്രേണിയിൽ ഇനിയും എത്രയോ ആയത്തുകളുണ്ട്. അവയിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഹൃദയങ്ങളാണ് ചിന്തിക്കുന്നതും പേടിക്കുന്നതും അനുബന്ധ വികാരങ്ങൾ പ്രകടിപ്പിക്കുന്നതും എന്നാണ്. ഇത് മനുഷ്യസമൂഹത്തിന്റെ പൊതുവായ ഒരു ധാരണയ്ക്ക് വിരുദ്ധമല്ലേ എന്നിടത്തു നിന്നാണ് ഇന്നത്തെ നമ്മുടെ സംസാരം ആരംഭിക്കുന്നത്. പൊതുലോകം ധരിച്ചുവച്ചിരിക്കുന്നതും പറയാറുള്ളതും ബുദ്ധിയാണ് ചിന്ത, പേടി, ആശങ്ക, ആവലാതി തുടങ്ങിയവയുടെ എല്ലാം കേന്ദ്രം എന്നാണ്. എന്നാൽ വിശുദ്ധ ഖുർആനിൻ്റെ പരാമർശങ്ങളിൽ നിന്ന് ഖുർആനിന്റെ നിലപാട്, ചിന്തിക്കുന്നതും സമാന വികാരങ്ങൾ ഉൾക്കൊള്ളുന്നതും ഹൃദയമാണ് എന്നതാണ്. അതുകൊണ്ടാണ് ഹൃദയമാണോ ബുദ്ധിയാണോ ചിന്തിക്കുന്നത് എന്ന് ചോദിച്ചു നമുക്ക് തുടങ്ങേണ്ടിവരുന്നത്.



ഈ വിഷയത്തിൽ ഖുർആനിന്റെ നിലപാടിനെ സമർഥിച്ചുകൊണ്ട് സിറിയയിലെ പ്രമുഖ ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതന്‍ ഡോ. മുഹമ്മദ് റാത്തിബ് നാബുൽസിയുടെ ഒരു പ്രസംഗത്തിൽ അദ്ദേഹം ഒന്നു രണ്ടു അനുഭവകഥകൾ പറയുന്നുണ്ട്. ഒന്നാമത്തെ കഥ ഇതാണ്. ക്ലാരി സില്‍വിയ എന്ന സ്ത്രീക്ക് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടു. നിരന്തരമായ ചികിൽസകൾക്കൊടുവിൽ വൈദ്യശാസ്ത്രം കൈമലർത്തുകയും ഹൃദയം മാറ്റിവെക്കുകയല്ലാതെ ജീവിതം രക്ഷിക്കാൻ ഒരു വഴിയുമില്ല എന്ന് വിധിയെഴുതുകയും ചെയ്തു. 1988 -ലാണ് സംഭവം. ഹൃദയത്തിന് വേണ്ടിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഒരു അപകടത്തില്‍ മരിച്ച പതിനെട്ട് വയസ്സുകാരനായ ഒരാളുടെ ഹൃദയം ഒത്തു കിട്ടി. വളരെ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് ശേഷം ക്ലാരിയുടെ ഹൃദയം എടുത്തു മാറ്റുകയും പകരം ഈ 18 വയസ്സുകാരന്റെ ഹൃദയം വെച്ചു പിടിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയ എല്ലാ അർത്ഥത്തിലും ഡോക്ടർമാർ കരുതിയത് പോലെ തന്നെ വിജയകരമായിരുന്നു. പക്ഷേ, ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഈ സ്ത്രീ ക്രമേണ പുരുഷഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായി പ്രകടമായി. മുമ്പ് തനിക്ക് ഭക്ഷിക്കാന്‍ സാധിക്കാതിരുന്ന പലതും അവള്‍ക്ക് ഇഷ്ട ഭോജ്യങ്ങളായി മാറിത്തുടങ്ങി. അവളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ പ്രകടമായി. ക്രമേണ സ്ത്രൈണത അവളുടെ അംഗങ്ങളിൽ മാത്രം ഒതുങ്ങുകയും സമീപനങ്ങളും രീതികളും എല്ലാം പുരുഷന്മാരുടെതായി മാറുകയും ചെയ്യുകയുണ്ടായി. ഇങ്ങനെ ഒരു മാറ്റത്തിന്റെ കാരണമെന്താണ് എന്ന അന്വേഷണത്തിനൊടുവില്‍ മാറ്റി വെക്കപ്പെട്ട ഹൃദയത്തിന്റെ സാക്ഷാൽ ഉടമയുടെ വികാരങ്ങളാണ് സ്ത്രീയില്‍ പ്രകടമാകുന്നതെന്ന് വ്യക്തമായി. രണ്ടാമത്തെ കഥ ഒരു കുറ്റാന്വേഷണ കഥക്ക് സമാനമാണ്. കഥ ഇങ്ങനെയാണ്. ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടു. അതേ സമയത്ത് ഒരു എട്ട് വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി. അവൾക്ക് ഒത്തു കിട്ടിയത് ഈ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഹൃദയമാണ്. അവൾ അവളുടെ ഹൃദയം സ്വീകരിച്ചു. അധികം കഴിയാതെ സ്വീകര്‍ത്താവായ പെൺകുട്ടിക്ക് മാനസികമായ ചില മാറ്റങ്ങൾ കാണാൻ തുടങ്ങി. കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുന്നതായിരുന്നു മാറ്റം. സ്വപ്നത്തിൽ ഏതോ ഒരാള്‍ ഒരു പെണ്‍കുട്ടിയെ കൊല്ലുന്നതായിരുന്നു കാണപ്പെട്ടിരുന്നത്. അസഹ്യമായതോടെ കുട്ടി ബന്ധുക്കളോടും അവർ ഡോക്ടറോടും സംഗതി പറഞ്ഞു. കുട്ടിയെ ഡോക്ടർ മന:ശാസ്ത്രജ്ഞനിലേക്ക് പരിശോധനകൾക്കായി കൈമാറി. ഇതെന്തോ മാനസിക പ്രശ്നമാണ് എന്ന് മനസ്സിലായതുകൊണ്ടാണ് കുട്ടിയെ മനശാസ്ത്രജ്ഞൻ്റെ അടുത്തേക്ക് റഫർ ചെയ്തത്. കുട്ടിയുടെ വിവരണത്തില്‍ നിന്ന് ഈ മനശാസ്ത്രജ്ഞൻ ഘാതകന്റെ രൂപം മനസ്സിലാക്കുകയും ആ വിവരങ്ങൾ കുറിച്ചെടുത്ത് അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു. അങ്ങനെ അതുവഴി പോലീസുകാര്‍ കൊലയാളിയെ പിടികൂടുകയും ചെയ്തു.



താന്‍ ഫ്രാന്‍സിലായിരിക്കെ ഹൃദയ ശസ്ത്രക്രിയക്ക് കേളികേട്ട ഒരു ഡോക്ടറില്‍ നിന്ന് നേരിട്ടറിഞ്ഞ ഇത്തരം മുന്നൂറോളം സംഭവങ്ങള്‍ തനിക്കറിയാമെന്ന് ശൈഖ് നാബുല്‍സി തന്റെ ഈ പ്രഭാഷണത്തില്‍ വിശദീകരിക്കുന്നു. കൃത്രിമ ഹൃദയം സ്വീകരിച്ചവര്‍ക്ക് സ്വയം വികാരങ്ങളും ചിന്തകളും ഉണ്ടാകുന്നില്ലെന്നും പലപ്പോഴും പെട്ടെന്ന് മരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. തലച്ചോറിനെയും വെല്ലുന്ന ‘തലച്ചോറ് ’ ഹൃദയത്തിലുണ്ടെന്ന് സമര്‍ഥിച്ചുകൊണ്ടാണ് ആ പ്രഭാഷണം സമാപിക്കുന്നത്. ഇവയുടെ വെളിച്ചത്തിൽ ചിന്ത, പേടി, സ്‌നേഹം, വെറുപ്പ് തുടങ്ങിയ വികാരങ്ങളൊക്കെ ഖല്‍ബിലാണെന്നാണ് ഖുര്‍ആന്‍ പ്രയോഗങ്ങളിൽ നിന്ന് മനസ്സിലാകുക അദ്ദേഹം തീർത്തു പറയുന്നു. ഹൃദയത്തെക്കുറിച്ച് ഖുർആൻ നൂറിലധികം തവണ പറയുന്നുണ്ട്. ചിന്തിക്കുവാനുള്ള കഴിവിനെ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് അവിടെയെല്ലാം പരാമർശിക്കുന്നത്. മാത്രമല്ല, ഇതിൻ്റെ അനുബന്ധമെന്നോണം സ്വഹീഹായ നിരവധി ഹദീസുകളിലും ചിന്തയെയും സന്മാർഗ - ദുർമാർഗങ്ങളുടെ സ്വീകരണത്തെയുമെല്ലാം ഹൃദയവുമായി ബന്ധപ്പെടുത്തി പരാമർശിച്ചത് കാണാൻ കഴിയും. മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം, ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും ഹദീസുകൾ പഠിപ്പിക്കുന്നു. ആത്മീയമായി പറഞ്ഞാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഉറവിടമാണ് ഹൃദയം. ഹൃദയം ചിലപ്പോള്‍ ലോലമാകുന്നു. ചിലപ്പോള്‍ കാഠിന്യമുള്ളതാകുന്നു. വിശ്വസിക്കുന്നു, നിഷേധിക്കുന്നു. അലസമാകുന്നു, ഊര്‍ജ്വസ്വലതയുള്ളതാകുന്നു. അഥവാ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഉപയോഗിക്കാതെ വെച്ചാല്‍ ഇരുമ്പിന് ക്ലാവ് പിടിക്കുന്നതുപോലുള്ള അവസ്ഥ ഹൃദയത്തിനുമുണ്ട്. ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവുമാണ് അതിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം. മനുഷ്യന്‍ നന്നാകുന്നതും കേടുവരുന്നതും ഹൃദയത്തിന്റെ അവസ്ഥയനുസരിച്ചാണ്. നബി (സ) പറഞ്ഞു: 'മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അതു കേടുവന്നാല്‍ ശരീരം മുഴുവന്‍ കേടുവന്നു' ഇങ്ങനെ എണ്ണമറ്റ ഹദീസ് ഹൃദയ പാഠങ്ങൾ ഉണ്ട്. അവയിൽ നിന്നെല്ലാം മനസ്സിലാവുക വൈകാരികതയുടെയും ചിന്തയുടെയും കേന്ദ്രം ഹൃദയമാണ് എന്നതാണ്.
എന്നാല്‍ ഇതൊക്കെ തലച്ചോറിലാണെന്നാണ് ശാസ്ത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുക.



ഈ പ്രമാണങ്ങളുടെ വെളിച്ചത്തിൽ പക്ഷെ, വികാരങ്ങളുടെ കാര്യത്തിൽ ഹൃദയത്തിന് പ്രധാനപ്പെട്ട കൈ ഉണ്ട് എന്നത് തള്ളിക്കളയാൻ കഴിയുന്ന കാര്യമല്ല. ഖുർആനും ഹദീസും ഈ വിധം ആവർത്തിച്ച് സൂചിപ്പിക്കുകയും വാക്കുകൾ പ്രയോഗിക്കുകയും ചെയ്യുമ്പോൾ അത് ഇന്നല്ലെങ്കിൽ നാളെ ലോകം അംഗീകരിക്കുന്ന അവസ്ഥയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കുറച്ചു കാലങ്ങൾക്കു മുമ്പ് വരെ ഇത്തരം ഒരു ചിന്തയിൽ ഖുർആനിൻ്റെ സമീപനം ശരിയാണോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നത് തന്നെയായിരുന്നു. പക്ഷേ ഈ വിഷയത്തിൽ കാര്യമായ ഗവേഷണങ്ങളും പഠനങ്ങളും നടന്നു കഴിഞ്ഞ ഇന്നത്തെ കാലത്ത് പുറത്തുവന്നിരിക്കുന്നത് ഹൃദയം വികാരങ്ങളുടെ കേന്ദ്രമാണ് എന്നത് അങ്ങനെ ഒറ്റയടിക്ക് പരിഹസിച്ച് തള്ളിക്കളയാൻ കഴിയുന്ന കാര്യമല്ല എന്നതാണ്. ശരീരത്തിന്റെയും മാനസികമടക്കുള്ള വികാരങ്ങളുടെയും മൊത്തത്തിലുള്ള നിയന്ത്രണം നിർവഹിക്കുന്നത് മസ്തിഷ്കമാണെന്ന് ശരീരശാസ്ത്രം ആദ്യമേ പറഞ്ഞു വരുന്നുണ്ട്. കേന്ദ്രനാഡി വ്യവസ്ഥയാണ് ശരീരത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്നതെങ്കിലും ഹൃദയത്തിന് അതിന്റേതായ ഒരു നിയന്ത്രണവ്യവസ്ഥയുണ്ട്. ഇതിനെ ഹൃദയനാഡീവ്യവസ്ഥയെന്നാണ് (cardiac nervous system) ശാസ്ത്രജ്ഞർ വിളിക്കുന്നത്. സ്വന്തമായ നാഡികളും(neurons) നാഡീപ്രസാരകരും (neurotransmitters) പ്രോട്ടീനുകളും മറ്റു അനുബന്ധകോശങ്ങളുമുള്ള സ്വതന്ത്രമായ ഒരു നാഡീവ്യവസ്ഥയാണിത് എന്ന് ശാസ്ത്രം സ്ഥാപിച്ചു കഴിഞ്ഞു. ഈ നാഡീവ്യവസ്ഥക്ക് ഹൃദയമസ്തിഷ്‌കം (heart brain) എന്ന പേര് നൽകിയത് 1991ൽ പ്രസിദ്ധ കനേഡിയൻ നാഡീശാസ്ത്രജ്ഞനായ ഡോ: ആൻഡ്രു ആർമറാണ്. ഹൃദയവും തലച്ചോറും തമ്മിലുള്ള ബന്ധത്തെയും ഹൃദയത്തിന്റെ സ്വയംഭരണത്തെയും കുറിച്ച ഒരു പഠനശാഖ തന്നെ ഇന്നുണ്ട്. ഹൃദയനാഡീശാസ്ത്രം (neurocardiology) എന്നാണ് അതിന് പേര്. ഇവിഷയകമായ പഠനങ്ങളെ സമാഹരിച്ച് കൊണ്ട് ഡോ: ആൻഡ്രു ആർമറും ജെഫ്‌റി എൽ ആർഡറും കൂടി 1994 ൽ 'ഹൃദയനാഡീശാസ്ത്രം' എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്.



ഹൃദയം ചുരുങ്ങിയത് നാല് രൂപത്തിലെങ്കിലും മസ്തിഷ്കവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് ഹൃദയനാഡീശാസ്ത്രം പറയുന്നത്. നാഡീആവേഗങ്ങളിലൂടെയുള്ള (nerve impulses) നാഡീയവും ഹോർമോണുകളിലൂടെയും നാഡീപ്രസാരകരിലൂടെയുമുള്ള ജൈവരസതന്ത്രപരവും സമ്മർദ്ദ തരംഗങ്ങളിലൂടെയുള്ള (pressure waves) ജൈവഭൗതികവും വിദ്യുത്കാന്തിക ക്ഷേത്രത്തിന്റെ (electromagnetic field) വ്യവഹാരങ്ങളിലൂടെയുള്ള ഉർജ്ജപരവുമായ ആശയക്കൈമാറ്റങ്ങൾ ആണ് നടക്കുന്നത്. ഈ ആശയക്കൈമാറ്റങ്ങളിലൂടെയാണ് ഹൃദയത്തിന് സ്വയംഭരണം സാധിക്കുന്നത്. ഹൃദയത്തിൻ്റെ ധർമ്മം വെറും രക്തം പമ്പ് ചെയ്യുക എന്നതിൽ ഒതുങ്ങുന്നു എന്നും വൈകാരികമായ മറ്റു കാര്യങ്ങൾക്കൊന്നും ഹൃദയത്തിന് സ്വാധീനമില്ല എന്നും ഒറ്റയടിക്ക് തീർത്തു പറയാനുള്ള ധൈര്യം ഈ മേഖലയിൽ ആഴമുള്ള പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർക്ക് ഇല്ല എന്നു ചുരുക്കം.



ഡേവിഡ് മാലോണിന്റെ Of Hearts and Minds എന്ന ഡോക്യൂമെന്ററിയിൽ ഇന്റർവ്യൂ ചെയ്ത പ്രഗത്ഭരായ പല നാഡീശാസ്ത്രവിദഗ്ധരും ഹൃദയശാസ്ത്രജ്ഞന്മാരും കരുതുന്നത് കേവലം രക്തം പമ്പു ചെയ്യുകയെന്ന ദൗത്യം മാത്രമല്ല ഹൃദയം നിർവഹിക്കുന്നത് എന്ന് തന്നെയാണ്. ഹൃദയത്തിൽ നിന്നുള്ള സിഗ്നലുകൾക്കനുസരിച്ചാണ് മസ്‌തിഷ്‌കത്തിനകത്തെ ഭയം ഉത്പാദിപ്പിക്കുന്നതെന്ന കണ്ടെത്തൽ വികാരങ്ങളുടെ രൂപീകരണത്തിൽ ഹൃദയത്തിന് പങ്കുണ്ടെന്നു തന്നെയാണ് വ്യക്തമാക്കുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ഡേവിഡ് പാറ്റേഴ്സണിന്റെ പഠനങ്ങൾ കാണിക്കുന്നത് വികാരങ്ങൾ സൃഷ്ടിക്കുന്നത് മസ്തിഷ്‌കം മാത്രമായിട്ടല്ല, ഹൃദയത്തിനു കൂടി അതിൽ പങ്കുണ്ടെന്നാണ്. ചുരുക്കത്തിൽ, രക്തം പമ്പു ചെയ്യുക എന്നതിനുമപ്പുറം ചിന്തയുടെയും വികാരങ്ങളുടെയും കാര്യത്തിൽ ഹൃദയം എന്തൊക്കെയോ പങ്കു വഹിക്കുന്നുണ്ട്. അതു പക്ഷേ എങ്ങനെയൊക്കെയാണ് സംഭവിക്കുന്നത് എന്നത് കണ്ണികൾ ചേർത്തുചേർത്തുവെച്ച് സമർപ്പിക്കുവാനും സമർഥിക്കുവാനും പൂർണ്ണമായും ആയിട്ടില്ല എന്ന് മാത്രം. എങ്കിലും ആ സാംഗത്യം ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ അത് സ്ഥാപിക്കപ്പെടും എന്ന നിലയിൽ. മറുഭാഗത്ത് ഇതേ പ്രതീക്ഷയെ ജ്വലിപ്പിക്കുന്ന സൂക്തങ്ങൾ നിരവധി കാണാം. അല്ലാഹു പറയുന്നു: 'ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിൽ തന്നെയും നാം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊണ്ടേയിരിക്കും. അവ (ഖുര്‍ആനിക സൂക്തങ്ങൾ) സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നതു വരെ '.’ (വി.ഖു 41:51)


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso