റംസാനിലെ സകാത്ത് വിചാരങ്ങൾ
20-04-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഇസ്ലാമിക സംഹിതയിൽ റംസാനും സകാത്തും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല, രണ്ടും രണ്ട് അദ്ധ്യായങ്ങളാണ് എന്നു പറയാമെങ്കിലും സകാത്ത് ചർച്ചകൾക്ക് റംസാനിൽ - പ്രത്യേകിച്ചും അതിൻ്റെ അവസാന നാളുകളിൽ - ചില അർഥങ്ങളിൽ പ്രസക്തിയുണ്ട്. ഒന്നാമതായി, റംസാൻ വ്രതം വിശ്വാസിക്ക് പകരുന്ന മാനസിക ഉദാരത സകാത്ത് എന്ന ധനദാനത്തെ കൂടുതൽ ഹൃദ്യവും എളുപ്പവുമാക്കുന്നു. ഏറ്റവും വലിയ വികാരങ്ങൾ വരെ ത്യജിച്ച് സൃഷ്ടാവായ അല്ലാഹുവിൽ അലിഞ്ഞുചേരാൻ മനസ്സുണരുന്ന സമയമാണ് ഇത്. മാനസിക അലിവ് സകാത്ത് ദാനത്തിൻ്റെ പ്രധാന പ്രചോദനമാണ്. രണ്ടാമതായി, സകാത്തിലെ ഒരു ചെറിയ ഇനമായ ഫിത്വർ സകാത്തിൻ്റെ സമയം റംസാൻ അവസാനിക്കുന്ന നിമിഷം മുതലാണ് തുടങ്ങുന്നത്. അല്ലെങ്കിലും കാലഭേതമില്ലാതെ സമൂഹത്തിൽ സജീവമായി നിൽക്കേണ്ട ഒരു വിചാരമാണ് സകാത്ത്. കാരണം സമൂഹത്തിൻ്റെ നിഖില മേഖലകളിലും സമത്വവും സാഹോദര്യവും വിഭാവനം ചെയ്യുന്നപരിശുദ്ധ ഇസ്ലാം സാമ്പത്തിക സമത്വത്തിനും ധനിക-ദരിദ്ര സാഹോദര്യത്തിനും വേണ്ടിയാണ് സകാത്ത് നിയമവിധേയമാക്കിയത്. അത് എപ്പോഴും സജീവമായ ഒരു വികാരമായിരിക്കുവാൻ മതം താൽപര്യപ്പെടുന്നുണ്ട്. ഇതര കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി സകാത്തിന് പ്രായപൂര്‍ത്തിയും ബുദ്ധിയും ഉപാധിയല്ല എന്നതു തന്നെ അത്തരമൊരു സമീപനമാണ്. പ്രായം തികയാത്തവര്‍ക്കും ബുദ്ധി ഇല്ലാത്തവര്‍ക്കും സമ്പത്തുണ്ടെങ്കില്‍ ആ സമ്പത്തില്‍ നിന്ന് കൈകാര്യകര്‍ത്താക്കള്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. മറ്റൊന്ന് സകാത്ത് ഒരു ശുദ്ധീകരണ പ്രക്രിയയാണ് എന്നതാണ്. അല്ലാഹു പറയുന്നു: 'അവരുടെ സമ്പത്തില്‍ നിന്ന് സകാത്ത് വാങ്ങുക, അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും' (തൗബ: 103). മനുഷ്യൻ്റെ ഇഛയുമായി നേരിട്ടു ബന്ധമുള്ള ഒരു കാര്യമാണ് സമ്പാദനം. അതിനാൽ അതിൽ ശരിയും തെറ്റുമുണ്ടായേക്കാം. തെറ്റുകൾ സംഭവിച്ച് സ്വത്ത് മലീമസമാവാതിരിക്കാൻ വേണ്ട ഒരു ഉദ്ബോധനം കൂടി സകാത്ത് നൽകുന്നുണ്ട്. അതോടൊപ്പം സകാത്ത് കൊടുത്തില്ലെങ്കിൽ ഏത് വിശുദ്ധ സമ്പാദ്യവും മാലിന്യമായി മാറുകയും ചെയ്യും. ഇതെല്ലാം ശുചീകരണ പ്രക്രിയയുടെ പ്രാധാന്യത്തെ കുറിക്കുന്നു. മറ്റൊന്ന് സകാത്ത് സാമൂഹ്യ നിർമ്മിതിയിൽ ഉണ്ടാക്കുന്ന സ്വാധീനമാണ്. അതീവ ദാരിദ്ര്യത്തെ വിപാടനം ചെയ്യുക എന്ന ചിന്തയിലേക്ക് നമ്മുടെ ഗവൺമെൻ്റുകൾ വരെ കടന്നുവന്ന ഇക്കാലത്ത് പ്രത്യേകിച്ചും. സമ്പൂർണ്ണമായ ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന ലക്ഷ്യത്തിൽ നിന്ന് മാറി അതിദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതാണ് പുതിയ കാഴ്ച. ഒരർഥത്തിൽ ഇസ്ലാമിക സകാത്ത് വ്യവസ്ഥിതിയുടെ ലക്ഷ്യവും അതു തന്നെയാണ്. കിട്ടുന്നവനും കൊടുക്കുന്നവനും വിശ്വാസവും ആത്മാർഥതയും പുലർത്തുന്ന പക്ഷം ക്രമേണ ദാരിദ്ര്യത്തെ തന്നെ നിർമ്മാർജ്ജനം ചെയ്യുവാൻ ഈ വ്യവസ്ഥിതിക്ക് കഴിയുമെന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് നല്‍കാന്‍ അല്ലാഹു തന്നെ ചുമതലപ്പെടുത്തിയതാണ് സകാത്ത് എന്ന ചിന്തയോടെ സ്വത്തുടമ സകാത്ത് നല്‍കുകയും തനിക്ക് അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ അവകാശി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ആരും ഉയരുകയും താഴുകയും ചെയ്യാതെ സകാത്തിന്‍റെ ആദാന പ്രദാനം സുഖമമായി നടക്കും.
ഇന്നത്തെ കാലത്ത് ഇതു വായിക്കുന്ന വിശ്വാസികളുടെ ജീവിത പരിസരത്ത് സക്കാത്ത് ചർച്ചയിൽ വരുന്ന സമ്പാദ്യ ഇനങ്ങൾ മൂന്നാണ്. ഒന്ന് ഹലാലായ വിവിധ വരുമാന മാർഗ്ഗങ്ങളിലൂടെ നേടുന്നതും മിച്ചം വരുന്നതുമായ പണം. രണ്ടാമത്തേത്, കയ്യിരിപ്പുള്ള സൂക്ഷിപ്പ് സ്വർണ്ണം. മൂന്ന് കച്ചവടങ്ങൾ. ഇസ്ലാമിക സകാത്ത് നിയമത്തിൽ ഓരോ ഇനത്തിൻ്റെയും സക്കാത്ത് ബാദ്ധ്യത വരുന്നതിൻ്റെ മാനദണ്ഡം, കൊടുക്കേണ്ട തുക എന്നിവ വ്യത്യസ്ഥമാണ്. എന്നാൽ ഇവിടെ പറഞ്ഞ പൊതു വരുമാനം, കച്ചവടം എന്നിവ രണ്ടിലും മാനദണ്ഡവും കൊടുക്കേണ്ട തുകയും ഒന്നാണ്. അതിനാൽ അവ ആദ്യം പറഞ്ഞ് സ്വർണ്ണത്തിൻ്റെ ചർച്ചകളിലേക്ക് വരാം. സ്വർണ്ണം, വെള്ളി എന്നീ നാണയങ്ങളുടെ വില അനുസരിച്ചാണ് നാണ്യ ധനങ്ങളുടെ സക്കാത്ത് മാനദണ്ഡം (നിസ്വാബ്) കണക്കാക്കുന്നത്. ഇതു കണക്കാക്കുമ്പോൾ സക്കാത്ത് ദായകനെയല്ല, സ്വീകർത്താവിനെയാണ് പരിഗണിക്കേണ്ടത്. കിട്ടുന്ന ആൾക്ക് ഏതിനെ പരിഗണിച്ചാലാണ് ആദ്യം തന്നെ കിട്ടുക എന്നാണ് നോക്കേണ്ടത്. സ്വർണ്ണത്തിൻ്റെ വില വെള്ളിയേക്കാൾ എത്രയോ കൂടുതലായതിനാൽ ഇപ്പോൾ വെള്ളിയെ പരിഗണിക്കുമ്പോൾ മാത്രമേ കിട്ടുന്ന ആളെ പരിഗണിച്ചു എന്നു വരൂ. അതിനാൽ വെള്ളിയുടെ അളവാണ് പരിഗണിക്കേണ്ടത്. അത് 595 ഗ്രാം ആണ്. 2024 ഏപ്രിൽ 4 ൻ്റെ വില നിലവാരമനുസരിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 84 രൂപയാണ്. അപ്പോൾ 595 ഗ്രാം വെള്ളിക്ക് 49,980 രൂപ വില വരും. ഇത്ര തുക വർഷാവസാനം കയ്യിരിപ്പ് ഉണ്ടെങ്കിലാണ് വിവിധ മാർഗ്ഗങ്ങളിലൂടെ വന്നുചേർന്ന് മിച്ചം വന്ന സമ്പാദ്യത്തിന് സക്കാത്ത് ഉണ്ടാവുക. ഇത് കണക്കു കൂട്ടുമ്പോൾ പരിഗണിക്കേണ്ടത് ഈ വരുമാനങ്ങൾ നേടുന്നതിന്നു വന്ന ചിലവുകൾ, ദായകൻ്റെ ദൈനംദിന ജീവിതച്ചിലവുകൾക്ക് എടുത്ത തുകകൾ എന്നിവയെല്ലാം കഴിച്ച് ബാക്കിയുള്ള തുകയെ മാത്രമാണ്. തുക പണമായി കയ്യിലോ ബാങ്കിലോ മറ്റാരുടെയെങ്കിലും കൈവശമോ, പ്രയാസമില്ലാതെ തിരിച്ചുകിട്ടാവുന്ന കടമായോ എങ്ങനെയാണെങ്കിലും തെറ്റില്ല. ഇതിൽ കൊടുക്കേണ്ടത് ആകെ തുകയുടെ 2.5 ശതമാനം ആണ്. ഇതു അനായാസം കണ്ടെത്താൻ ആകെ തുകയെ നാൽപതു ഭാഗമാക്കി വിഭജിക്കുകയോ നാൽപ്പതു കൊണ്ട് ഹരിക്കുകയോ ചെയ്താൽ മതിയാകും.
കച്ചവടത്തിൻ്റെ സക്കാത്തിൽ വർഷാവസാനം മൊത്തം ചരക്കുകളുടെ മൂല്യവും കിട്ടാൻ ബാക്കിയുള്ള തുകയും കൂട്ടിയാണ് സക്കാത്ത് ബാദ്ധ്യത വരുന്നുണ്ടോ എന്ന് കണ്ടെത്തുന്നത്. ഇങ്ങനെ കൂട്ടിക്കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമോ അതിലധികമോ വരുന്നുണ്ടെങ്കിലാണ് ആ കച്ചവടത്തിന് സക്കാത്ത് കൊടുക്കേണ്ടത്. ഇതിൽ കൊടുക്കേണ്ടത് പൊതു വരുമാനത്തിൻ്റെ കാര്യത്തിൽ പറഞ്ഞ പോലെ 2.5 ശതമാനം തന്നെയാണ്. അതായത് മൊത്തം തുകയുടെ നാൽപ്പതിൽ ഒന്ന്. കച്ചവടം എന്ന അർഥത്തിൽ ഹലാലായ എല്ലാ കച്ചവടവും വരുന്നുണ്ട്. റിയൽ എസ്റ്റേറ്റ്, പൗൾട്രി ഫാം, ജുവല്ലറി തുടങ്ങിയവ എല്ലാം ഈ അർഥത്തിൽ പരിഗണിക്കപ്പെടേണ്ട കച്ചവടങ്ങളാണ്. കച്ചവടത്തിൻ്റെ ലാഭം കച്ചവടത്തിൽ തന്നെ നിക്ഷേപിക്കപ്പെടുകയാണ് എങ്കിൽ അത് വേറേയായി കണക്കിൽ പെടുത്തേണ്ടതില്ല. അത് വേറെ കൃത്യമായി മാറ്റിവെച്ചുവരുന്നുണ്ട് എങ്കിൽ അതു മേൽപറഞ്ഞ പൊതു വരുമാനത്തിൽ ഉൾപ്പെടുകയും ആ നിലക്ക് സക്കാത്തിന് വിധേയമാവുകയും ചെയ്യും. കച്ചവടത്തിൻ്റെ കാര്യത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു പ്രശ്നം കടത്തിൻ്റേതാണ്. കിട്ടാനുള്ള കടത്തെ തൻ്റെ മുതലായി കണക്കിലെടുത്ത് കണക്കിൽ പെടുത്തി സക്കാത്ത് കൊടുക്കണമെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെ നിലപാട്. തിരിച്ചു കിട്ടുക പ്രയാസമായ സാഹചര്യമാണെങ്കിൽ കിട്ടുന്ന മുറക്ക് മാത്രം കണക്കിലും സക്കാത്തിലും പരിഗണിച്ചാൽ മതി. ദായകൻ കൊടുക്കാനുള്ള കടം കണക്ക് കൂട്ടുന്നതിന് മുമ്പ് കൊടുക്കുകയാണ് എങ്കിൽ പ്രശ്നമില്ല. എന്നാൽ കടമുണ്ട്, ഇപ്പോൾ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണെങ്കിൽ ആ സംഖ്യ മാറ്റിവെക്കാൻ പാടില്ല, അതുകൂടി സക്കാത്തിനു വിധേയമാക്കേണ്ടതാണ് എന്നാണ് പ്രബലമായ അഭിപ്രായം.
സ്വർണ്ണത്തിന് സക്കാത്ത് ബാധകമാകുക അത് സൂക്ഷിപ്പ് സ്വത്ത്, സമ്പാദ്യം, കറൻസിക്ക് പകരമുള്ള നിക്ഷേപം തുടങ്ങിയ അർഥങ്ങളിൽ ആയിരിക്കുമ്പോഴാണ്. ധരിക്കാനുള്ള അനിവാര്യമായ ആഭരണം എന്ന അർഥത്തിലും അതിനെ ന്യായീകരിക്കത്തക്ക അളവിലും ആയിരിക്കുമ്പോൾ അതിന് സക്കാത്തില്ല. ഈ അളവിൻ്റെ കാര്യത്തിൽ പണ്ഡിതർക്കിടയിൽ ഗൗരവമായ ചർച്ചകൾ ഉണ്ട്. ഒരു സ്ത്രീയുടെ കുടുംബപരവും സാമൂഹികവുമായ സ്ഥാനമാനങ്ങളുടെ അളവായി ഗണിക്കപ്പെടാവുന്ന അളവിൽ കൂടുതലുള്ള ആഭരണങ്ങൾക്ക് സക്കാത്ത് ബാധകമാകും എന്നാണ് പൊതുവെ ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. ആഭരണത്തിൻ്റെ ഉടമയായ സ്ത്രീയുടെ മതബോധം, തഖ്‌വാ തുടങ്ങിയവയാണ് അത്തരം കാര്യങ്ങളിൽ ആധാരം. മേൽപറഞ്ഞ അർഥങ്ങളിൽ ഉള്ള സ്വർണ്ണമാവട്ടെ ആഭരണത്തിൻ്റെ രൂപത്തിലായാലും സ്വർണ്ണക്കട്ടി ആയാലുമെല്ലാം സക്കാത്ത് നൽകണം. പത്തര പവൻ (85 ഗ്രാം) സ്വർണ്ണം എന്നതാണ് സക്കാത്ത് ബാദ്ധ്യതാ മാനദണ്ഡം (നിസ്വാബ്). ഈ അളവോ അതിലധികമോ ഉണ്ടെങ്കിൽ അതിൻ്റെ രണ്ടര ശതമാനം (നാൽപ്പതിൽ ഒന്ന്) സക്കാത്തായി നൽകണം. ഇപ്രകാരം തന്നെയാണ് വെള്ളിയുടെ സക്കാത്തിൻ്റെ കാര്യവും. അതിന് സക്കാത്ത് ബാധകമാവുക 595 ഗ്രാം ഉണ്ടെങ്കില്‍ ആണ്. കൊടുക്കേണ്ടത് ഉള്ളതിൻ്റെ രണ്ടര ശതമാനം തന്നെ. ആഭരണം, സമ്പാദ്യം തുടങ്ങിയ വിഷയങ്ങളിൽ സ്വർണ്ണത്തിൻ്റെ അതേ വിധി തന്നെയാണ് വെള്ളിയുടേതും. സ്വർണ്ണം പത്തര പവനോ വെള്ളി 595 ഗ്രാമോ ഇല്ല എങ്കിൽ സ്വർണ്ണം, വെള്ളി എന്ന അർഥത്തിൽ അതിന് സക്കാത്ത് ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. അതേ സമയം സമ്പാദ്യം, സൂക്ഷിപ്പ് സ്വത്ത് തുടങ്ങിയ അർഥങ്ങളിൽ ആ അളവിൽ കുറഞ്ഞ സ്വർണ്ണമോ വെള്ളിയോ ഉണ്ടെങ്കിൽ അത് പൊതുസമ്പാദ്യം, വരുമാനം എന്ന അർഥങ്ങളിൽ ഒന്നാമത് പറഞ്ഞ മുതലിൻ്റെ ഭാഗമായി വരികയും അവിടെ നിസ്വാബിൽ പരിഗണിക്കപ്പെടുകയും ചെയ്യും. മിച്ചം വന്ന സമ്പാദ്യം എന്ന അർഥത്തിൽ വരുന്ന എല്ലാ ധനവും സക്കാത്തിലൂടെ കയറിയിറങ്ങി ശുദ്ധീകരിക്കപ്പെടണം എന്നാണ് ഇസ്ലാമിൻ്റെ നയം. സക്കാത്ത് ആ വാക്ക് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ധന ശുദ്ധീകരണ പ്രക്രിയയാണ്.
പരിശുദ്ധ റംസാനിൽ നിർബന്ധമായും ചിന്തിക്കേണ്ട വിഷയമാണ് ഫിത്വർ സക്കാത്ത്. വ്രതാനുഷ്ഠാനത്തിന്റെ പൂർണതയാണ് ഫിത്ർ സകാത്ത്. റംസാനിൽ വിശ്വാസിക്ക് വിശപ്പ്, സഹനം, ആസ്വാദന നിയന്ത്രണം തുടങ്ങിയവ വഴി മനസ്സിൽ ജനിക്കുന്ന സാമൂഹികബോധവും സഹജീവിസ്നേഹവും എല്ലാം പ്രകടിപ്പിക്കുന്നതിന്റെ പ്രകടരൂപമാണ് ഫിത്ർ സകാത്തിലൂടെ നടക്കുന്നത്. പെരുന്നാളിന്റെ ആഘോഷത്തിൽ നിന്ന് ഒരു ദരിദ്രനും മാറി നിൽക്കരുത് എന്ന താല്പര്യത്തിൽ എന്തെങ്കിലും മിച്ചം വരുന്ന എല്ലാവരും ദരിദ്രൻമാർക്ക് നൽകുന്ന അന്നമാണ് ഫിത്വർ സക്കാത്ത്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിന്റെ പേരിൽ പാവപ്പെട്ടവൻ്റെ ശരീരത്തിനു വേണ്ടി നൽകുന്നതാണ്. ഇത് അന്നമായി (ധാന്യമായി) തന്നെ നൽകണം എന്ന് പണ്ഡിതൻമാർ പറയുമ്പോഴും പകരം പണം പോരാ എന്നു പറയുമ്പോഴുമെല്ലാം ഈ ഒരാശയമാണ് പ്രകടമാകുന്നത്. റംസാൻ നോമ്പിൽനിന്നുള്ള വിരാമം കൊണ്ട് നിർബന്ധമാവുന്നതു കാരണം സകാത്തുൽ ഫിത്വ് ർ എന്നും ശരീരത്തിനുവേണ്ടിയുള്ള സകാത്തായതുകൊണ്ട് ഇതിന് സകാതുൽ ഫിത്വറ എന്നും ഈ സക്കാത്തിന് പറയുന്നു. തനിക്കും തന്‍റെ ബാധ്യതയിലുള്ളവർക്കും പെരുന്നാൾ ദിവസത്തിനാവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ കഴിച്ച് സകാത്ത് നൽകാനുള്ള വിഭവം ശേഷിപ്പുള്ളവർ ഫിത്വർ സകാത്ത് നൽകൽ നിർബന്ധമാണ്. ഫിത്വർ സകാത്ത് നിർബന്ധമാവാൻ ഇതര സകാത്തുകളിൽ എന്ന പോലെ ധനപരിധി ബാധകമല്ല. ഭാര്യ, സ്വയം ചെലവു വഹിക്കാൻ ശേഷിയില്ലാത്ത മാതാപിതാക്കൾ, സന്താനങ്ങൾ എന്നിവരാണ് ചെലവുവഹിക്കേണ്ടവരായി ഒരാളുടെ ബാധ്യതാവൃത്തത്തിലുള്ളത്. പെരുന്നാൾ രാവ് തുടങ്ങിയാൽ ഫിത്വർ സകാത്ത് നിർബന്ധമായി. ഈ സമയം മുതൽ പെരുന്നാൾ ദിനം അവസാനിക്കുന്നതുവരെയാണ് നൽകാനുള്ള സമയം. പെരുന്നാൾ നമസ്കാരത്തിനുമുമ്പേ നൽകലാണ് സുന്നത്ത്. നാട്ടിലെ മുഖ്യഭക്ഷണത്തിൻ്റെ ധാന്യമാണ് നൽകേണ്ടത്. ഓരോരുത്തർക്കുവേണ്ടിയും ഒരു സ്വാഅ് ആണ് നൽകേണ്ടത്. അത് ഏകദേശം രണ്ടര കിലോയിലധികം തൂക്കം വരും. അതതു പ്രദേശത്തു തന്നെ നൽകുക, അതതു പ്രദേശത്തെ ഭക്ഷണം തന്നെ നൽകുക, എല്ലാവർക്കും മതിയായത് ഇല്ലെങ്കിൽ ഉളള അത്ര നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാം പ്രധാനമാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso