യേശു പറഞ്ഞ അഹ്മദ്
20-04-2024
Web Design
15 Comments
ഖുർആൻ പഠനം
സൂറത്തുസ്വഫ്ഫ് 4
ആയത്തുകൾ 6
6-മര്‍യമിന്റെ മകന്‍ ഈസാനബി പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്. ഇസ്രയേല്യരേ, എനിക്കു മുമ്പുള്ള തൗറാത്തിനെ ശരിവെച്ചും എന്റെ വഴിയെവരുന്ന അഹ്മദ് എന്നു പേരുള്ള ദൂതനെക്കുറിച്ച് ശുഭവാര്‍ത്ത നല്‍കിയും കൊണ്ട് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാണ് ഞാന്‍. അങ്ങനെ സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി ആ ദൂതന്‍ തങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ ഇത് വ്യക്തമായ മാരണവിദ്യയാണ് എന്ന് അവര്‍ ജല്‍പിച്ചു.
ഇസ്രയേൽ സന്തതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജീവിത ഘട്ടമാണ് മൂസ നബിയുടെ ജീവിതഘട്ടം. അത് കഴിഞ്ഞാൽ പിന്നെ അവർ ചരിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റൊരു ഘട്ടം ഈസാനബിയുടേതാണ്. ഈ ആയത്തിൽ ഈസാ നബിയുടെ ഘട്ടത്തെയാണ് ഖുർആൻ ഓർമ്മിപ്പിക്കുന്നത്. ഈസാ നബിയെ പറയുന്നിടത്തെല്ലാം മറിയമിൻ്റെ മകൻ ഈസ എന്നാണ് വിശുദ്ധ ഖുർആൻ പറയാറുള്ളത്. അതിനാൽ ഈ വിഷയം പറയുമ്പോൾ ഉമ്മയെയും മകനെയും കുറിച്ച് പറയേണ്ടതുണ്ട്. ഇസ്രായീലി പുരോഹിതനായ ഇംറാനും ഭാര്യയും വയോവൃദ്ധരായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി അവര്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നെങ്കിലും അവരുടെ ആഗ്രഹം പൂവണിഞ്ഞിരുന്നില്ല. പിഞ്ചു കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഭാര്യ ഹന്നയുടെ ഹൃദയം വാത്സല്യം കൊണ്ട് വീര്‍പ്പുമുട്ടുമായിരുന്നു. ഹന്നയുടെ കണ്ണുനീര്‍ തോരുമായിരുന്നില്ല. എന്നിട്ടും അവർ നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ആ തേട്ടം അവസാനം കഠിനരൂപം പ്രാപിച്ചു. അവർ ഇങ്ങനെ പ്രാർഥിച്ചു: ''അല്ലാഹുവേ! വാര്‍ധക്യം നിനക്ക് പ്രശ്‌നമല്ലല്ലോ. നീ വിചാരിച്ചാല്‍ ഇക്കാലത്തും എനിക്കൊരു കുഞ്ഞിനെ പ്രദാനം ചെയ്യാനാവുമല്ലോ, നീ എനിക്കൊരു കുഞ്ഞിനെ തരികയാണെങ്കില്‍ ഞാന്‍ ആ കുഞ്ഞിനെ നിന്റെ പരിശുദ്ധ ഭവനമായ ബൈത്തുല്‍ മുഖദ്ദിസിലേക്ക് സമര്‍പ്പിക്കാം, നാഥാ!''
ഒടുവില്‍ ഹന്നയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ദിവസങ്ങള്‍ക്കകം ആ വാര്‍ധക്യകാലത്ത് ഹന്ന ഗര്‍ഭവതിയായി. ആ വൃദ്ധദമ്പതികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പത്ത് മാസം പിന്നിട്ട് ഹന്ന ഒരു കുഞ്ഞിന് ജന്മം നല്‍കി. പക്ഷെ, അവര്‍ പ്രസവിച്ചത് ഒരു പെണ്‍ കുഞ്ഞിനെയായിരുന്നു. അവർ ആൺകുട്ടിയെ ചോദിച്ചിട്ടില്ല എന്നത് ശരി തന്നെയാണ്. പക്ഷേ, ബൈത്തുൽ മുഖദ്ദിസിലേക്ക് സേവനത്തിനായി ദാനം ചെയ്യുവാൻ അത് ആണായിരിക്കേണ്ടതുണ്ട്. അതങ്ങനെ തന്നെയായിരിക്കും എന്ന പ്രതീക്ഷ കാരണത്താലാണ് അവർ ആൺകുട്ടിയെയെന്ന് എടുത്ത് പറയാതിരുന്നത്. ഏതായിരുന്നാലും നേർച്ച വീട്ടുക എന്നത് തൻെറ ബാധ്യതയായിരുന്നു. അതുകൊണ്ട് ഹന്നത്ത് കുട്ടിക്ക് മര്‍യം എന്ന് നാമകരണം ചെയ്തു മുലയൂട്ടി വളർത്തുകയും തൻ്റെ കുട്ടിയെ മുലകുടി മാറിയ ഉടനെ ബൈത്തുൽ മുഖദ്ദസിലെ പുരോഹിതന്മാരെ ഏൽപ്പിക്കുകയും ചെയ്തു. ഈ കുട്ടിയുടെ സംരക്ഷണം പുരോഹിതരിൽ ആരെ ഏറ്റെടുക്കും എന്നത് അവിടെ ഒരു പ്രശ്നമായി. കാരണം അവിടെ ഏതാണ്ട് ഇരുപതോളം പുരോഹിതർ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രധാനപ്പെട്ട പുരോഹിതനായി സകരിയ്യാ നബിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ഉമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ താനാണ് അതിന് കൂടുതല്‍ അര്‍ഹനെന്ന് സകരിയ്യാ നബി വാദിച്ചു. കുട്ടിയെ തനിക്ക് വേണമെന്ന് ഓരോരുത്തരും വാശിപിടിച്ചു. ഈ കുഞ്ഞിൻ്റെ പിതാവ് ഇമ്രാൻ അവരിലെ പ്രധാനിയായ ഒരു പുരോഹിതനായിരുന്നു. നിലവിലുള്ള എല്ലാ പുരോഹിതന്മാരുടെയും ഗുരു അദ്ദേഹമായിരുന്നു. അതിനാൽ ഗുരുവിൻ്റെ മകളുടെ സംരക്ഷണം ഓരോരുത്തരുടെയും താല്പര്യമായിരുന്നു. തര്‍ക്കം മൂത്ത സന്ദര്‍ഭത്തില്‍ സകരിയ്യാ നബിയോട് അല്ലാഹു കല്‍പിച്ചു: മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോരുത്തരും തൗറാത്ത് എഴുതാനുപയോഗിക്കുന്ന പേനകള്‍ ജോര്‍ദാന്‍ നദിയില്‍ ഇട്ടേക്കുക. ആരുടെ പേനയാണോ നദിയില്‍ പൊങ്ങി നില്‍ക്കുന്നത് ആ വ്യക്തിക്കാണ് മര്‍യമിനെ വളര്‍ത്താനുള്ള ചുമതല എന്നായിരുന്നു. അതനുസരിച്ച് ഇളകിമറിയുന്ന ജോര്‍ദാന്‍ നദിയില്‍ അവരെല്ലാം സ്വന്തം പേനകള്‍ വലിച്ചെറിഞ്ഞു. എന്നാല്‍ സകരിയ്യയുടെ പേന മാത്രമാണ് പുഴയില്‍ പൊങ്ങിക്കിടന്നത്. മറ്റുള്ളവരുടെ പേനകളെല്ലാം നദിയുടെ അടിത്തട്ടിലേക്ക് ആണ്ടുപോയി. ഈ സംഭവം ഖുര്‍ആന്‍: 3:44-ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
മര്‍യം പള്ളിയിലേക്ക് നേര്‍ച്ചയാക്കപ്പെട്ട കുട്ടിയാണ്. അതനുസരിച്ച് സകരിയ്യാ നബി മര്‍യമിനെ ബൈത്തുല്‍ മുഖദ്ദിസ് പള്ളിയിലെത്തിച്ചു. പിന്നീട് അവളുടെ താവളം പള്ളിയായിരുന്നു. മര്‍യമിന് വേണ്ടി പള്ളിയുടെ ചാരത്ത് ഒരു പ്രത്യേക മുറി തന്നെ അദ്ദേഹം സജ്ജീകരിച്ചു. അവിടെ ഇരുന്ന് ആരാധന കൊണ്ട് മഹതി തന്റെ ജീവിതം ധന്യമാക്കി. പള്ളിയും പരിസരവും വൃത്തിയാക്കുകയും പള്ളിക്ക് ആവശ്യമായ മറ്റു പരിചരണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. പള്ളിയുടെ പരിചരണം കഴിഞ്ഞു കിട്ടുന്ന മുഴുവന്‍ സമയവും അവര്‍ ആരാധനകളുടെ ലോകത്ത് വിരാജിച്ചു. ആ പ്രായത്തിൽ ഉണ്ടാകുന്ന പെൺകുട്ടികളുടെ ചിന്തകൾ ഒന്നും ആ മനസ്സിൻ്റെ സമീപത്ത് പോലും വന്നില്ല. അങ്ങനെ തന്നെ അല്ലാഹുവിൽ സ്വയം സമർപ്പിച്ചുകൊണ്ട് അവർ ജീവിക്കുന്നതിനിടയിൽ ആയിരുന്നു അവരുടെ മുമ്പിലേക്ക് അല്ലാഹുവിൻ്റെ കല്പനപ്രകാരം ജിബ്‌രീൽ(അ) മനുഷ്യന്റെ രൂപത്തിൽ വന്നത്. അവര്‍ പള്ളിയുടെ കിഴക്കുഭാഗത്തായി ഒരിടത്തു ഏകാന്തവാസം സ്വീകരിച്ചപ്പോഴായിരുന്നു അത്. അൽ അഖ്സ പള്ളിയുടെ കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം എന്നാണ് വിശുദ്ധ ഖുർആനിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ ബൈബിളിൽ പറയുന്നത് സ്വപിതാവിന്‍റെ രാജ്യമായ നസറേത്ത് എന്ന ഗലീലാ പട്ടണത്തിലായിരുന്നു അപ്പോൾ മറിയം എന്നാണ് (ലൂക്കോസ്:1:26). ഒരു അന്യനെ കണ്ട വെപ്രാളത്തിൽ അവര്‍ പറഞ്ഞു: “താങ്കൾ ദൈവ ബോധമുള്ള ആളാണെങ്കില്‍ ഞാന്‍ കരുണാമയനായ നാഥനില്‍ കാവല്‍തേടുന്നു”. ജിബ്രീല്‍ പ്രതികരിച്ചു: “പരിശുദ്ധനായ ഒരു പുത്രനെ നിങ്ങള്‍ക്ക് നല്‍കാനായി രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ മാത്രമാണ് ഞാന്‍. ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ലെന്നും ഞാന്‍ വ്യഭിചരിച്ചിട്ടില്ലെന്നുമിരിക്കെ എനിക്കെങ്ങനെ പുത്രനുണ്ടാവുമെന്ന് അവര്‍ അതിശയം കൂറി. തനിക്കത് നിസ്സാരമാണെന്നാണ് നിങ്ങളുടെ നാഥന്‍റെ പ്രസ്താവ്യം (മര്‍യം: 18-21). അങ്ങനെ കുലീന കുടുംബത്തില്‍ ജനിച്ച് പതിവ്രതയായി സുപ്രസിദ്ധയായ അവിവാഹിതയായ മര്‍യം ബീവി ഗര്‍ഭം ധരിച്ചു.
ഗർഭത്തെക്കുറിച്ച് ഭൗതികമായ ന്യായങ്ങൾ ഒന്നും പറയാനില്ലാത്ത ആ അവസ്ഥയിൽ മറിയം ഏകാന്തതയെ അവലംബിക്കുകയായിരുന്നു. വിശുദ്ധ ഖുർആൻ അത് ഇങ്ങനെ പറയുന്നു: 'അങ്ങനെ, അവള്‍ അവനെ ഗര്‍ഭം ധരിച്ചു; എന്നിട്ടു അവള്‍ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്തു വിട്ടുമാറി താമസിച്ചു. (മർയം: 22) പ്രസവത്തോട് അടുക്കുംതോറും അവരുടെ ശാരീരികവും മാനസികവുമായ വേദന വർധിച്ചുവന്നു. ഒരുവേള മരിച്ചുപോയിരുന്നെങ്കിൽ എന്നവർ പറയുക പോലും ചെയ്തു (മർയം: 23). ആ സമയത്ത് അവരെ ആശ്വസിപ്പിച്ചത് അല്ലാഹു തന്നെയായിരുന്നു. ഞാൻ പറയുന്നു: “ഉടനെ, അവന്‍ അതിന്‍റെ ചുവട്ടില്‍ നിന്നു അവളെ വിളിച്ചു പറഞ്ഞു: 'വ്യസനിക്കേണ്ട, നിന്‍റെ രക്ഷിതാവു നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിത്തന്നിരിക്കുകയാണ്: 'നിന്‍റെ അടുക്കലേക്കു (കാരക്ക വീണുകിട്ടുവാന്‍) ഈത്തപ്പന കുലുക്കിക്കൊള്ളുക; അതു നിനക്കു പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. 'അങ്ങനെ, നീ തിന്നുകയും, കുടിക്കുകയും, (സന്തോഷത്താല്‍) കണ്ണുകുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി, നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, 'പരമകാരുണികനു [അല്ലാഹുവിനു] വ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ന്നിരിക്കുകയാണ്; ആകയാല്‍, ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ' എന്നു നീ പറഞ്ഞേക്കുക'.” (മര്‍യം: 24,25,26) ആ ആശ്വാസങ്ങളിൽ വിശ്വാസമർപ്പിച്ച മറിയം ബീവി സമാധാനത്തോടെ ഈസ എന്ന കുഞ്ഞിന് ജന്മം നൽകി. ശിശുവിനെയുമെടുത്ത് സ്വജനതയുടെ അടുത്തെത്തിയതും ജനം ആക്രോശിച്ചു: “മര്‍യമേ, അധിക്ഷേപാര്‍ഹമായകാര്യമാണ് നീ ചെയ്തിരിക്കുന്നത്. ഓ ഹാറൂനിൻ്റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത വ്യക്തിയോ മാതാവ് ദുര്‍നടപ്പുകാരിയോ ആയിരുന്നില്ലല്ലോ”. തത്സമയം മര്‍യം ശിശുവിനെ ചൂണ്ടിക്കാണിച്ചു. അവര്‍ ചോദിച്ചു: “തൊട്ടിലില്‍ കിടക്കുന്ന പൈതലിനോട് ഞങ്ങളെങ്ങനെയാണ് സംസാരിക്കുക?'' (മര്‍യം: 27-29). ശിശു പ്രസ്താവിച്ചു: “ഞാന്‍ അല്ലാഹുവിന്‍റെ അടിമയാണ്. അവന്‍ എനിക്ക് വേദം നല്‍കുകയും പ്രവാചകത്വം നല്‍കുകയും എവിടെയാണെങ്കിലും എന്നെ അനുഗ്രഹീതനാക്കുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കുന്നിടത്തോളം കാലം നമസ്ക്കാരവും സകാത്തും അനുഷ്ഠിക്കാന്‍ എന്നോടവന്‍ കല്‍പിച്ചിട്ടുണ്ട്. അവന്‍ എന്നെ എന്‍റെ മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി. ക്രൂരനോ ഭാഗ്യശൂന്യനോ ആക്കിയില്ല. ജനന മരണ നാളുകളിലും പുനരുത്ഥാന ദിനവും എനിക്ക് ശാന്തിയുണ്ടായിരിക്കുന്നതാണ്'' (മര്‍യം: 30-33).
ഇസ്റാഈല്യരുടെ പ്രധാന കാലഘട്ടമാണ് ഈസവീഘട്ടം. ഈസാ(അ) ഇസ്റാഈല്യരോട് പ്രബോധനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. അതായത്, പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുമതിയോടെ സാക്ഷാല്‍ പക്ഷിയാകും. അപ്പോള്‍ അവന്‍റെ അനുമതിയോടെ ഞാന്‍ അന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ അതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്. തന്‍റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്ക് നിഷിദ്ധമായ ചിലകാര്യങ്ങള്‍ അനുവദനീയമാക്കാനാണ് എന്‍റെ നിയോഗം. നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകകയും ചെയ്യുക. എന്‍റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാകയാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാണ് ഋജുവായ പാന്ഥാവ് (ആലുഇംറാന്‍: 49-51). പക്ഷെ, ഇത്ര വ്യക്തമായി വ്യക്തമാക്കിയിട്ടും അവർ പതിവുപോലെ അവരുടെ ഇച്ഛകളിൽ അഭിരമിക്കുകയും പ്രവാചകനെ അവഗണിക്കുകയും ചെയ്തു. അങ്ങനെ അവരുടെ സത്യനിഷേധ സ്വഭാവം അനുഭവ ബോധ്യമായപ്പോള്‍ കൂട്ടത്തിൽ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കാന്‍ എന്‍റെ സഹായികളായി ആരുണ്ടെന്ന് ഈസാ നബി ചോദിച്ചു. അപ്പോൾ അദ്ദേഹത്തിൻ്റെ ശിഷ്യർ പറഞ്ഞു: “ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. പൂര്‍ണ്ണമായും അവനെ അനുസരിച്ചവരാണ് ഞങ്ങളെന്ന് അങ്ങ് സാക്ഷ്യം വഹിക്കുക” (ആലുഇംറാന്‍: 52). പ്രബോധനത്തിലൂടെയും അത്ഭുതപ്രവർത്തനങ്ങളിലൂടെയും ഈസാ നബിക്ക് നാട്ടില്‍ സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നതും അനുയായികള്‍ വര്‍ധിക്കുന്നതും ജൂതരെ അസൂയാലുക്കളാക്കി. ഒടുവിലവര്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചു. ആ കാര്യം ഖുര്‍ആന്‍ പറയുന്നു: “നിഷേധികള്‍ചിലഗൂഢ തന്ത്രങ്ങള്‍ പയറ്റി. അല്ലാഹു അവര്‍ക്ക് പ്രതിക്രിയ ചെയ്തു” (ആലുഇംറാന്‍: 54). എന്നാല്‍ ഈസാ നബിയെ ഒറ്റിക്കൊടുത്ത ഒരു കപട ശിഷ്യനെ അല്ലാഹു ഈസാ നബിയുടെ കോലത്തിലാക്കി. ഇവന്‍ തന്നെയാണ് യേശുവെന്ന് മനസ്സിലാക്കി ജൂതര്‍ അവനെ പിടിച്ച് കുരിശിലേറ്റികൊന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: “യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെയവര്‍ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. അവര്‍ക്ക് ആളെ തിരിച്ചറിയാതാവുകയാണ് ഉണ്ടായത്” (നിസാഅ്: 157).
എല്ലാ പ്രവാചകന്മാരും ലോകത്തിന്റെ സമ്പൂർണ്ണ വിമോചനത്തിനായി കടന്നുവരുന്ന ഒരു പ്രവാചകനെ കുറിച്ച് സൂചനയായി പ്രവചനം നടത്തിയിട്ടുണ്ട് എന്നതാണ് ചരിത്രം. ആ പ്രവാചകൻ അന്ത്യപ്രവാചകനായ നബി(സ) തങ്ങളാണ്. എന്നാൽ മുൻകാല പ്രവാചകൻമാർ അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതിനു പ്രധാന കാരണം, അവർക്ക് തൊട്ടു ഉടനെയായി അന്ത്യപ്രവാചകൻ വരുന്നില്ല എന്നത് മാത്രമാണ്. യഹ്യാ നബി വരെയുള്ള പ്രവാചകൻമാർ എല്ലാം ഈ നിലപാട് സ്വീകരിച്ചപ്പോൾ ഈസാ നബി ഇങ്ങനെ ചെയ്യുന്നതിൽ ന്യായമില്ല. കാരണം അദ്ദേഹത്തിൻ്റെ തൊട്ടുശേഷമായി ലോകത്തേക്ക് വരാനുള്ളത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യാണ്. അതിനാൽ ആ പ്രവാചകനെ കുറിച്ചുള്ള വ്യക്തമായ പരാമർശം നടത്തേണ്ട പ്രവാചകൻ ഈസാനബി തന്നെയാണ്. ആ ഉത്തരവാദിത്വം അദ്ദേഹം നിർവ്വഹിക്കുന്നതാണ് ഈ ആയത്ത് വ്യക്തമാക്കുന്നത്. ക്രൈസ്തവരുടെ കരങ്ങളിലുള്ള വേദപുസ്തകത്തിൽ അവർ പറയുന്ന പഴയ നിയമം എന്ന തോറ എന്ന തൗറാത്തിൽ ഈ പ്രവചനം ഉള്ളതായി നമുക്ക് കാണാൻ കഴിയും. അതു ശരിയാണ് എങ്കിൽ അത് മൂസാ നബിയിലൂടെ അല്ലാഹു പറഞ്ഞതാണ് നൽകിയ പ്രവചനമാണ്. പഴയനിയമത്തിലെ ആവർത്തന പുസ്തകം പറയുന്നു: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കുവേണ്ടി എഴുന്നേല്‍പ്പിക്കും; ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ വായില്‍ വെക്കും; ഞാന്‍ അവനോട് കല്പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.” (ബൈബിള്‍, ആവര്‍ത്തനം 18:18).
ഇതനുസരിച്ച് മേല്‍പ്പറഞ്ഞ വാക്യത്തില്‍ വിവരിച്ച പ്രവാചകന് ഇനിപ്പറയുന്ന മൂന്ന് സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കണം: ആ ദൂതൻ മോശയെപ്പോലെയായിരിക്കും.
അവന്‍ ഇസ്രായേല്‍ക്കാരുടെ സഹോദരന്മാരില്‍ നിന്ന് (ഇസ്‍മാഈല്യരില്‍ നിന്ന്) വരും. ദൈവം തന്റെ വചനങ്ങള്‍ ആ പ്രവാചകന്റെ വായില്‍ വെക്കുകയും ദൈവം തന്നോട് കല്പിച്ച കാര്യങ്ങള്‍ അവന്‍ പ്രഖ്യാപിക്കുകയും ചെയ്യും.
ദൈവം ഏത് പ്രവാചകനെക്കുറിച്ചാണ് ഇവിടെ സംസാരിച്ചതെന്ന് പരിശോധിച്ചു നോക്കാം. ഈ പറഞ്ഞത് യേശുവിനെ കുറിച്ചാണ് എന്ന് ചിലര്‍ കരുതുന്നുണ്ട്. യേശു യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഒരു പ്രവാചകനായിരുന്നുവെങ്കിലും, ആവര്‍ത്തന പുസ്തകത്തില്‍ പ്രവചിച്ച പ്രവാചകനല്ല അദ്ദേഹം. യേശു അത്ഭുതകരമായി ജനിച്ചു, ഒടുവില്‍, ദൈവം അദ്ദേഹത്തെ അത്ഭുതകരമായി ഉയര്‍ത്തി. മറുവശത്ത്, മുഹമ്മദ് നബി(സ) മോശയെപ്പോലെയാണ്; രണ്ടുപേരും സ്വാഭാവികമായ രീതിയില്‍ ജനിക്കുകയും ഇരുവരും സ്വാഭാവികമായി മരണപ്പെടുകയും ചെയ്തു. തങ്ങളുടെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന് എന്നതും യോചിക്കുന്നത് മുഹമ്മദ് നബി(സ)ക്കാണ്. ബൈബിൾ തന്നെ അനുസരിച്ച് അബ്രഹാമിന് രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുന്നു, ഇസ്‍മാഈല്‍, ഇസഹാക്ക് (ഉല്‍പത്തി, അധ്യായം 21). ഇസ്‍മാഈല്‍ അറബ് വംശത്തിന്റെ പിതാമഹനായി, ഇസ്‍ഹാഖ് യഹൂദി വംശത്തിന്റെ പ്രപിതാവും. പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ യഹൂദരുടെ ഇടയില്‍ നിന്നല്ല, അവരുടെ സഹോദരന്മാരായ ഇസ്‍മാഈല്യരുടെ ഇടയില്‍ നിന്നാണ് വരുന്നത്. ഇസ്മാഈലിന്റെ പിന്‍ഗാമിയായ മുഹമ്മദ് നബി(സ) തീര്‍ച്ചയായും ആ പ്രവാചകനാണെന്ന് വംശാപരമായ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും.
ബൈബിളിൽ ഈ പ്രവചനം വ്യാപകമാണ്. ചില ഉദാഹരണങ്ങൾ നോക്കാം. ഒന്ന് - 'എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു'. ( യോഹന്നാന്റെ സുവിശേഷം:14:16-17)) രണ്ട് - 'ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.( യോഹന്നാന്റെ സുവിശേഷം:14:25-26)). മൂന്ന് - 'ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.( യോഹന്നാന്റെ സുവിശേഷം:15:26)). നാല് - 'ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും. പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.(യോഹന്നാന്റെ സുവിശേഷം:16:12-15))
ഒന്നാം ഉദാഹരണത്തിൽ പറഞ്ഞ 'മറ്റൊരു കാര്യസ്ഥ'നും രണ്ടാം ഉദാഹരണത്തിൽ പറഞ്ഞ 'പരിശുദ്ധാത്മാവു എന്ന കാര്യസ്ഥ'നും മൂന്നാം ഉദാഹരണത്തിൽ പറഞ്ഞ 'സത്യാത്മാ 'വും നാലാം ഉദാഹരണത്തിൽ പറഞ്ഞ 'സത്യത്തിൻ്റെ ആത്മാ'വും എല്ലാം മുഹമ്മദ് നബി അല്ലാതെ മറ്റാരാണെന്ന് വ്യാഖ്യാനിച്ചാലും ന്യായീകരിച്ചാലും അതു ശരിയാവില്ല എന്ന ആ ഗ്രന്ഥം കയ്യിൽ പേറുന്നവർക്കു തന്നെ അറിയാം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso