ഖുർആൻ എന്ന അൽഭുത പ്രപഞ്ചം
20-04-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
മലക്കുകളിൽ ജിബ് രീൽ(അ), പ്രവാചകരിൽ മുഹമ്മദ് നബി(സ), സമുദായങ്ങളിൽ മുഹമ്മദീയ സമുദായം, മാസങ്ങളിൽ വിശുദ്ധ റമദാൻ മാസം, രാത്രികളിൽ ലൈലത്തുൽ ഖദ്ർ, ഇവയെല്ലാം അതീവ ശ്രേഷ്ഠങ്ങളാണ് എന്ന് എല്ലാവർക്കും അറിയാം. ഇവ ഓരോന്നിനും ശ്രേഷ്ഠതയുടെ മകുടം ചാർത്തുന്ന വിവിധ ഘടകങ്ങൾ ഉണ്ട്. എന്നാൽ ഇവയെ എല്ലാറ്റിനെയും ഒരേസമയം ഒരേ പോലെ സ്വാധീനിക്കുന്ന ഒരു ഘടകമുണ്ട്. അഥവാ ഒരു ശ്രേഷ്ഠ സ്പർശം. അതാണ് പരിശുദ്ധ ഖുർആൻ. ഖുർആനുമായി ഇറങ്ങിവന്നത് ജിബ്‌രീൽ ആയിരുന്നു. അതോടെ മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠവാനായി ജിബ്‌രീൽ. ഖുർആൻ ഇറങ്ങിയത് മുഹമ്മദ് നബി(സ)ക്ക് ആയിരുന്നു. അതോടെ മുഹമ്മദ് നബി(സ) മനുഷ്യരിലെ ഏറ്റവും ശ്രേഷ്ഠവാനായി. ഖുർആൻ അവതരിച്ചത് മുസ്ലിം സമുദായത്തിന്നായിരുന്നു. അതോടെ മുസ്ലിം സമുദായം ആകാശച്ചുവട്ടിലെ ഏറ്റവും ശ്രേഷ്ഠമായ സമുദായമായി മാറി. ഈ വിശുദ്ധ ഗ്രന്ഥം ഇറങ്ങിയത് റംസാൻ മാസത്തിൽ ആയിരുന്നു. അതോടെ ഈ മാസം ഏറ്റവും ശ്രേഷ്ഠമായ മാസമായി മാറി. ഈ അവതരണത്തിന്റെ തുടക്കം ലൈലത്തുൽ ഖദ്ർ എന്ന രാവിൽ ആയിരുന്നു. അതോടെ അത് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ രാവായി മാറി. നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്, ഖുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ പിശാച് കയറുകയില്ല, ഖുർആൻ പാരായണം ചെയ്യുന്ന വിശ്വാസിയുടെ ഉദാഹരണം അകത്തും പുറത്തും മധുരമുള്ള ഓറഞ്ച് പോലെയാണ് തുടങ്ങിയ തിരുവചനങ്ങൾ കൂടി ഇതിലേക്ക് ചേർത്തുവെച്ചാൽ തൊട്ടതിനെയെല്ലാം അനുഗ്രഹിക്കുകയും ശ്രേഷ്ഠമാക്കുകയും ചെയ്യുന്ന അമാനുഷികമായ ഒരു ദിവ്യസ്രോതസ്സാണ് പരിശുദ്ധ ഖുർആൻ എന്ന് മനസ്സിലാക്കാം. അതോടൊപ്പം അതിൽ നിന്നു തന്നെ നമുക്ക് നമ്മെത്തന്നെ ശുദ്ധീകരിക്കുവാനും മഹത്വപ്പെടുത്താനുമുള്ള ഒരു മാർഗ്ഗവും വഴിയും ഖുർആനിനെ മനസ്സിലേക്കും ജീവിതത്തിലേക്കും ആവാഹിച്ചെടുക്കുക എന്നതാണ് എന്നും ഗ്രഹിക്കാം. ഇതിനെക്കുറിച്ചെല്ലാം തീവ്രമായി ചിന്തിക്കുവാനും ശക്തമായ തീരുമാനിക്കുവാനും ഏറ്റവും അനുകൂലമായ ഒരു സമയമാണ് വിശുദ്ധ റംസാൻ സമയം. മറ്റൊരർത്ഥത്തിൽ വിശുദ്ധ റമദാൻ ആ ഗ്രന്ഥത്തിനു വേണ്ടിയുള്ള മാസം തന്നെയാണല്ലോ. ഈ മാസത്തിന് ശ്രേഷ്ഠത കൈവന്നതും അതിൽ ഇരട്ടികളായ പ്രതിഫലം ലഭിക്കുന്ന നോമ്പു പോലുള്ള തീവ്രമായ ആരാധനകൾ കൽപിക്കപ്പെട്ടതും എല്ലാം ഈ വിശുദ്ധ ഗ്രന്ഥത്തിനു വേണ്ടി കൂടിയാണ് എന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്.
എല്ലാ ഭാഗത്തുനിന്നും സവിശേഷതകൾ ചൂഴ്ന്നു നിൽക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിൻ്റെ കാലികതയാണ്. ലോകത്തെ എല്ലാ മതഗ്രന്ഥങ്ങളും വിശുദ്ധ ഗ്രന്ഥങ്ങൾ തന്നെയാണ്. പക്ഷേ, അവയുടെ ആശയങ്ങളും നിലപാടുകളും പ്രധാനമായും ഉണ്ടാവുകയോ അവതരിക്കപ്പെടുകയോ ചെയ്ത കാലത്തെ ചുറ്റിപ്പറ്റിയുള്ളത് മാത്രമായിരിക്കും എന്നു നമുക്കു കാണാം. ഇത് ഒരു ന്യൂനതയാണ്. കാരണം ജനസമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ നയങ്ങൾക്കും നിയമങ്ങൾക്കും ഇന്ന് പ്രസക്തിയില്ലാത്ത തരത്തിലുള്ള വളർച്ചയാണ് ഉണ്ടാകുന്നത്. അപ്പോൾ ഈ ഗ്രന്ഥങ്ങൾക്ക് പിന്നീട് വരുന്ന തലമുറകളോടെ സംവദിക്കുവാൻ കഴിയാതെ വരും. അങ്ങനെ വരുമ്പോൾ അത്തരം ഗ്രന്ഥങ്ങളെ ഏതാനും കാലത്തേക്ക് മാത്രമേ മാർഗ്ഗ ദർശനത്തിന് ഉപയോഗിക്കുവാൻ കഴിയൂ. ആ കാല പരിധി കഴിഞ്ഞാൽ പിന്നെ അതൊരു ചരിത്രഗ്രന്ഥമായി മാറും. ചരിത്ര ഗ്രന്ഥമായി മാറുമ്പോൾ പിന്നെ അതിന് ഭൂതകാലം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ഖുർആൻ അങ്ങനെയല്ല. അതിൻ്റെ ആശയ ലോകത്തിന്റെ ഒരു വലിയ ശതമാനം ചരിത്രം തന്നെയാണെങ്കിലും ബാക്കിയുള്ള ധൈഷണികവും നിയമപരവുമായ നയങ്ങളും നിലപാടുകളുമെല്ലാം എല്ലാ കാലത്തിനും അനുയുക്തം തന്നെയായിരിക്കും. അതായത് ഖുർആൻ തീർത്തു പറഞ്ഞ കാര്യങ്ങളെല്ലാം ഏതുകാലത്തും തീർത്തു പറയേണ്ട കാര്യങ്ങൾ തന്നെയായിരിക്കും. മദ്യത്തിന്റെയും പലിശയുടെയും ഉദാഹരണം ഇതിനുവേണ്ടി എടുക്കാവുന്നതാണ്. ഇത് രണ്ടും തിന്മയാണ് എന്നു ഖുർആൻ പറഞ്ഞതിനുശേഷം ലോകത്തിൻെറ ചലനത്തിലും വളർച്ചയിലും വലിയ സ്വാധീനം വഹിക്കുന്ന കാര്യങ്ങളായി ഇവ രണ്ടും മാറുകയുണ്ടായി. പക്ഷേ അപ്പോൾ പോലും അതിനോടുള്ള ലോകത്തിൻെറ പൊതുസമീപനം ഖുർആൻ പറഞ്ഞതുപോലെ അവ രണ്ടും തിന്മയും അക്രമവും ആണ് എന്നത് തന്നെയാണ്. ഖുർആൻ തെറ്റാണ് എന്നു പറഞ്ഞത് നന്മയാണ് എന്ന് തിരുത്തേണ്ട ഗതി വരില്ല എന്ന് ചുരുക്കം.
മറ്റൊരു പ്രത്യേകത അത് കാലത്തോടൊപ്പം സഞ്ചരിക്കുന്നു എന്നതാണ് അതിനു നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഉദാഹരണമായി നമ്മുടെ പ്രപഞ്ചം അനസ്യൂതം വികസിച്ചു കൊണ്ടേയിരിക്കുന്നു എന്ന ഖുർആനിൻ്റെ പ്രസ്താവം എടുക്കാം. മഹാവിസ്ഫോടനത്തിലൂടെ ഉണ്ടായ പ്രപഞ്ചം അനുനിമിഷം വികസിച്ച് വികസിച്ച് അവസാനം ഒരു വലിയ പൊട്ടിത്തെറിയോടു കൂടെ അന്ത്യനാൾ സംഭവിച്ച് അവസാനിക്കുമെന്ന കാഴ്ചപ്പാടാണ് ഖുർആനിന്റേത്. അതിൻെറ ഭാഗമായി അല്ലാഹു പറയുന്നു: 'ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു' (51:47). 1400 വർഷങ്ങൾക്കു മുമ്പ് ഖുർആൻ ഇങ്ങനെ പറയുമ്പോൾ അതിനെ ശാസ്ത്രീയമായി തലകുലുക്കി സമ്മതിക്കുവാൻ ആർക്കും കഴിയുമായിരുന്നില്ല. അന്നത്തെ ലോകത്തിന്റെ ശാസ്ത്രീയ വികാസം അനുസരിച്ച് അതിൻെറ ആവശ്യവും ഉണ്ടായിരുന്നില്ല. വളരെ പരിമിതമായിരുന്നു അന്നത്തെ മനുഷ്യൻെറ അറിവുകൾ. എന്നാൽ ലോകം ശാസ്ത്രീയമായി ഒരുപാട് വികസിച്ച സാഹചര്യത്തിൽ 1929ല്‍ അമേരിക്കന്‍ ജ്യോതിശാസ്‌ത്രജ്ഞനായ എഡ്വിന്‍ ഹബിള്‍ ജ്യോതിശാസ്‌ത്ര ചരിത്രത്തിലെ തന്നെ നിര്‍ണായകമായൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി. കൂറ്റന്‍ ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരന്തര നിരീക്ഷണങ്ങളിലൂടെ നമ്മുടെ ഗാലക്സിയായ ആകാശഗംഗയ്ക്കപ്പുറമുള്ള ഗാലക്സികളിലെ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം, പ്രകാശവലയത്തിന്റെ അവസാനത്തിലെത്തുമ്പോള്‍ ചുവപ്പിലേക്ക് നീങ്ങുന്നുവെന്നും അതിനാല്‍ ഈ നക്ഷത്രങ്ങൾ ഭൂമിയില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഭൗതികശാസ്‌ത്രത്തിലെ അംഗീകൃത നിയമങ്ങള്‍ പ്രകാരം ഒരു കേന്ദ്രത്തില്‍ നിന്ന് പ്രവഹിക്കുന്ന പ്രകാശം, പ്രകാശ വലയത്തിന്റെ അന്ത്യത്തിലേക്ക് അടുക്കുന്തോറും വയലറ്റ് നിറത്തില്‍നിന്ന് ചുവപ്പിലേക്ക് മാറ്റപ്പെടുന്നുവെങ്കില്‍, അതിനർത്ഥം ആ പ്രകാശകേന്ദ്രം നമ്മില്‍നിന്ന് ഓരോ നിമിഷവും അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നാണ് എന്നദ്ദേഹം സ്ഥാപിക്കുകയും ചെയ്തു.(https://www.space.com). അതിനർത്ഥം മനുഷ്യന്റെ വളർച്ചയോടൊപ്പം ഈ ഗ്രന്ഥത്തിന്റെ ആശയങ്ങൾ സഞ്ചരിക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്.
മറ്റൊരു സവിശേഷത അതിൻ്റെ അമാനുഷികമായ ഭാഷാ ഘടനയാണ്. സാധാരണ അറബി ഭാഷയിലാണ് ഖുർആൻ ജനങ്ങളോട് സംവദിക്കുന്നത് എങ്കിലും ആ ഭാഷ അതിശക്തമാണ്. അതിൽനിന്നുള്ള ഏതെങ്കിലും ഒരു അക്ഷരമോ വാക്കോ എടുത്തു മാറ്റുകയോ പകരം വെക്കുകയോ ചെയ്താൽ അത് മുഴച്ചു കാണുക തന്നെ ചെയ്യും. മാത്രമല്ല ആശയതലത്തിൽ അത് അക്ഷന്തവ്യമായ തകരാറുകൾ ഉണ്ടാക്കുകയും ചെയ്യും. മറ്റൊരു വശത്ത് അതിൻ്റെ ഭാഷക്ക് മാസ്മരികമായ ഒരു വശ്യ ശക്തിയുണ്ട്. അത് ശരിക്കും തിരിച്ചറിയുക ആ ഭാഷക്കാർക്ക് ആണ്. അറബി ഭാഷക്കാർ അതിന്റെ ഭാഷാശക്തിയും വശ്യതയും അവതരണ കാലഘട്ടം മുതൽ തന്നെ അംഗീകരിച്ചിട്ടുണ്ട്. ശത്രുക്കളിൽ നിന്ന് പോലും അത്തരം അംഗീകാരം ഉണ്ടായി എന്ന് പറയുമ്പോൾ അത് അത്രയും അവിതർക്കിതമാണ് എന്ന് മനസ്സിലാക്കാം. മക്കയിലെ പ്രമാണി ഉത്ബയുടെ കഥ അതിന് ഒന്നാന്തരം ഉദാഹരണമാണ്. നല്ല കവിയും ഭാഷാ പണ്ഢിതനും വാക്ചാതുരിയുടെ ഉടമയുമായ അദ്ദേഹത്തെ ഖുറൈശികള്‍ നബി(സ)യുടെ അടുത്തേക്ക് നിയോഗിച്ചത് ഒരു സംവാദം നടത്തുവാൻ തന്നെയായിരുന്നു. സംവാദത്തിന് പുറമേ പല പ്രലോഭനങ്ങളും ഉത്ബ മുന്നോട്ടുവച്ചു. എല്ലാം സാകൂതം കേട്ട നബി(സ) തിരുമേനി അതിനെല്ലാം ഉള്ള മറുപടിയായി ഖുര്‍ആനിലെ ഫുസ്സിലത്ത് അധ്യായം ഓതിക്കേള്‍പ്പിക്കുകയാണ് ചെയ്തത്. ഖുര്‍ആനിന്റെ വശ്യതയിലകപ്പെട്ട ഉത്ബ പ്രവാചക സന്നിധിയില്‍ നിന്ന് മടങ്ങി വന്ന് ഖുറൈശികളോട് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ ഇന്ന് മുഹമ്മദിൽ നിന്ന് ഒരു വാക്യം ശ്രവിച്ചു. അല്ലാഹുവാണ് സത്യം അതുപോലൊന്ന് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ല. അല്ലാഹുവാണ് സത്യം അത് കവിതയല്ല, മായാജാലമല്ല, മന്ത്രവുമല്ല..' വിശുദ്ധ ഖുര്‍ആനിന്റെ വശ്യത, മാധുര്യം, മാസ്മരികത എല്ലാം അപാരമാണ്. അതിന് മനുഷ്യ മനസ്സുകളില്‍ അങ്ങേയറ്റത്തെ സ്വാധീനം ചെലുത്താനാകും. ധീരനായ ഉമറിൻ്റെ മനസ്സുരുക്കി ഇസ്ലാമിലെത്തിച്ചതും ജഅ്ഫർ ബിൻ അബീത്വാലിബ്(റ) നജ്ജാശി രാജാവിൻ്റെ മനസ്സ് കവർന്നതും ഫുദൈൽ ബിൻ ഇയാദിൻ്റെ ജീവിത വഴി തിരിച്ചുവിട്ടതും മുതൽ പോപ്പ് ഗായകരായിരുന്ന യൂസുഫുൽ ഇസ്ലാം, ഐറിഷുകാരി ശുഹദ ഡേവിറ്റ് വരെയുള്ളവരെ സ്വാധീനിച്ചതും ആ മാസ്മരികതയാണ്.
ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകത്തെ വിളിച്ചും വെല്ലുവിളിച്ചും ഖുര്‍ആന്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ഗോളം, പ്രകൃതി, ഭൂമി, വൈദ്യം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ അമൂല്യ നിധിയാണ്. ആത്മാവ്, മനസ്സ് തുടങ്ങിയ മനോവ്യാപാര വിജ്ഞാനീയങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സംഭാവന ചെറുതല്ല. സ്ഥലം, കാലം, പദാര്‍ത്ഥം, തുടങ്ങിയവയെക്കുറിച്ച് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന തെളിവുകളും വിവരങ്ങളും അമൂല്യങ്ങളാണ്. മതം, ദര്‍ശനം, പ്രത്യയശാസ്ത്രം, ഭരണഘടന തുടങ്ങിയവയില്‍ അന്യൂനവും അല്‍ഭുതകരവുമായ മാതൃകയാണ് ഖുര്‍ആന്‍ സ്ഥാപിച്ചത്. ഇങ്ങനെ വിശുദ്ധ ഖുർആൻ മനുഷ്യൻ്റെ ലോകത്തിന് വേണ്ട എല്ലാ വിഷയങ്ങളിലൂടെയും വിവരങ്ങളിലൂടെയും കടന്നുപോകുന്നു. ഇത്രയും വലിയ നിറവും തികവുമുള്ള വിശുദ്ധ ഖുർആനിനെ പക്ഷേ, അതിൽ പറഞ്ഞ അറിവുകൾ, അതിലെ ശാസ്ത്ര സൂചനകൾ എന്നിവയ്ക്ക് വേണ്ടി മാത്രം സമീപിക്കുകയോ അത് പ്രധാനമായി കരുതുകയോ ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. കാരണം ഇത് സയൻസ് ചരിത്രമോ മറ്റേതെങ്കിലും വിവരശാഖയോ പഠിപ്പിക്കുവാൻ വേണ്ടി അല്ലാഹു തന്ന ഗ്രന്ഥമേ അല്ല. ഇത് അല്ലാഹുവിൽ വിശ്വസിക്കുന്ന ദാസന്മാർക്ക് അവരുടെ ഐഹികവും പാരത്രികവുമായ സന്തോഷങ്ങൾക്കും സംതൃപ്തികൾക്കും വേണ്ടി അനുഭവിക്കുവാൻ വേണ്ടി തന്ന ഒരു അനുഗ്രഹമാണ്. അതിനാൽ വിശ്വാസത്തോടെ അതിലേക്ക് കടക്കുകയും അതിൻ്റെ അറിവുകളിലും അനുഗ്രഹങ്ങളിലും ഐഹിക ജീവിതം ആത്മീയമായി അനുഭവിക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നവർക്കാണ് ഖുർആൻ അതിനുള്ള കാരണമായി തീരുന്നത്. അതിനാൽ വിശ്വാസികളാണ് വിശുദ്ധ ഖുർആനിൻ്റെ പ്രയോക്താക്കൾ. അതിനാൽ വിശുദ്ധ ഖുർആൻ തന്ന ഈ മാസത്തെ തന്നെ അത് പഠിക്കുവാനും അതിനെ അടുത്തറിയുവാനും ശ്രമിക്കുകയും അതിൻ്റെ ആശയങ്ങളെ ജീവിതം കൊണ്ട് സ്വീകരിക്കുവാനും ശ്രമിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. അതാണ് കിതാബ് തന്ന അള്ളാഹു ആഗ്രഹിക്കുന്നതും.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso