Thoughts & Arts
Image

ആത്മീയതയുടെ വഴി ആത്മാവിൻ്റെ വഴി

20-04-2024

Web Design

15 Comments

ടി എച്ച് ദാരിമി




മനുഷ്യനെ സൃഷ്ടിച്ച് അവൻ്റെ ദൗത്യത്തിലേക്ക് അവനെ നിയോഗിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹു അവനെക്കൊണ്ട് ചില കാര്യങ്ങൾ അംഗീകരിപ്പിച്ചിട്ടുണ്ട്. ആ കാര്യങ്ങൾ പൂർത്തീകരിക്കലും പാലിക്കലും എല്ലാം അവൻെറ ഉത്തരവാദിത്വങ്ങളിൽ പ്രാഥമികമാണ്. മനുഷ്യകുലത്തെ ആദ്യമായി പടച്ച ഘട്ടത്തിൽ തന്നെ നടന്നതാണ് ഈ സംഗമം. അത് ആലമുല്‍ അര്‍വാഹില്‍ വെച്ച് ആയിരുന്നു. ആലമുൽ അർവാഹ് എന്നു പറഞ്ഞാൽ അത് ആത്മാവുകളുടെ മാത്രം ലോകമാണ്. ആത്മാവുകൾക്ക് അപ്പോൾ ശരീരമോ അവയവങ്ങളോ ഉണ്ടായിരുന്നില്ല. അക്കാര്യം പരിശുദ്ധ ഖുർആനിൽ ഇങ്ങനെ അല്ലാഹു വിവരിക്കുന്നു: 'നിങ്ങളുടെ നാഥന്‍ ആദം സന്തതികളെ പുറത്ത് കൊണ്ടുവരികയും അവരെ സാക്ഷീകരണം നടത്തുകയും ചെയ്തു.(അല്ലാഹു ചോദിച്ചു) ഞാന്‍ നിങ്ങളുടെ നാഥനല്ലയോ? അവര്‍ അതേ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുകയുണ്ടായി' (അഅ്റാഫ് 172). പ്രഥമ മനുഷ്യന്‍ ആദം(അ) സൃഷ്ടിക്കപ്പെട്ടയുടനെ പിറക്കാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും അദ്ദേഹത്തിന്റെ മുതുകില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന് അല്ലാഹു നടത്തിയ കരാറിനെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. അതി സൂക്ഷ്മ ജീവികളായിരുന്നു അന്നവര്‍. അവരുടെ നെറ്റിയില്‍ പ്രത്യേക പ്രകാശം പരക്കുന്നുണ്ടായിരുന്നു എന്ന് ഈ സംഭവത്തെ വിവരിച്ചുകൊണ്ട് പണ്ഡിതന്മാർ പറയുന്നുണ്ട്. സൃഷ്ടിക്കപ്പെടാനിരിക്കുന്നവരും ലോകാവസാനം വരെ വരാനിരിക്കുന്നവരുമായ സ്ത്രീ പുരുഷ, കാലദേശ വര്‍ണ വര്‍ഗാന്തരങ്ങളിലുള്ളവരെല്ലാം അതിലുണ്ടായിരുന്നു. മനുഷ്യന് ശരീരവും അവയവങ്ങളും അവയിലൂടെ ലഭിക്കുന്ന സുഖങ്ങളും എല്ലാം കൈവരുന്നതിന്റെ മുമ്പായിരുന്നു ഈ സംഭവം. അപ്പോൾ മനുഷ്യർ വെറും ആത്മാവുകൾ മാത്രമായിരുന്നു. ആത്മാവുകൾ പ്രകാശമാണ്. അല്ലെങ്കിൽ പ്രകാശ സമാനമാണ്. അതുകൊണ്ട് അവർ ഒന്നടങ്കം അല്ലാഹുവിൻ്റെ റുബൂബിയ്യത്തിനെ അംഗീകരിക്കുകയായിരുന്നു.



ഈ പ്രപഞ്ചത്തിലെ മനുഷ്യൻെറ വാസം ഒരു മുഴുനീള പരീക്ഷണമാണ്. ആ പരീക്ഷണത്തിന് ആവശ്യമായ അടിസ്ഥാന ഘടകമാണ് റബ്ബിനെ കുറിച്ചുള്ള ബോധ്യം എന്നത്. ഏതൊരു പരീക്ഷയുടെയും അടിസ്ഥാന ആവശ്യമാണല്ലോ അടിസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള അധ്യാപനം. ഒരധ്യാപനവും നടത്താതെ, നടക്കാതെ ഒരു പരീക്ഷ നടത്തുക എന്നത് ഒട്ടും ബുദ്ധിയല്ല. ആ അർത്ഥത്തിലാണ് അല്ലാഹു ആത്മാവുകളെ അവനുമായി ഈ സംഗമത്തിൽ ബന്ധപ്പെടുത്തിയത്. ഇനി അവർക്ക് തുടർന്ന് അല്ലാഹു ശരീരം നൽകുവാൻ ഉദ്ദേശിക്കുന്നു. ആ ശരീരത്തിൽ വിവിധങ്ങളാകുന്ന ഇന്ദ്രിയങ്ങൾ ഘടിപ്പിക്കുവാൻ അവൻ ഉദ്ദേശിക്കുന്നു. മാത്രമല്ല, മനുഷ്യർക്ക് വേണ്ടി മേൽപ്പറഞ്ഞ ഇന്ദ്രിയങ്ങളിലൂടെ സുഖവും സന്തോഷവും സമാധാനവും ആസ്വദിക്കുവാൻ വേണ്ട വിധത്തിലുള്ള ഒരു ഭൂമിയും ജീവിത ചുറ്റുപാടും എല്ലാം നൽകാൻ ഉദ്ദേശിക്കുന്നു. അതെല്ലാം ലഭിച്ചു കൊണ്ടെന്നോണം ഈ ഭൂമിയിൽ ജനിച്ചു വീഴുകയും വളർന്നു വരികയും ചെയ്യുമ്പോൾ അന്നു പറഞ്ഞ അല്ലെങ്കിൽ അന്ന് അംഗീകരിച്ച ആ റുബൂബിയ്യത്ത് അവൻ ഓർക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് മൊത്തത്തിൽ ഈ ദുനിയാവിന്റെ പരീക്ഷണം. ഈ പ്രപഞ്ചത്തിൽ വരികയും പ്രപഞ്ചത്തിലെ വിവിധങ്ങളായ കാഴ്ചകളും ദൃശ്യങ്ങളും അറിവുകളും എല്ലാം ഇന്ദ്രിയങ്ങളിലൂടെ മനസ്സിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതോടെ അല്ലാഹുവിനെ കുറിച്ചുള്ള ബോധ്യം പലർക്കും മങ്ങിപ്പോയേക്കാം. പലരും അത് മറന്നു പോയേക്കാം. അങ്ങനെ മറന്നുപോയാൽ അവൻ അല്ലാഹുവോട് കഠിനമായ നിന്ദ ചെയ്യുന്നവനായി മാറുകയും അവൻ്റെ കോപത്തിന് പാത്രീഭവിക്കുകയും ചെയ്യുന്നു. അത്തരക്കാരെ ശിക്ഷിക്കുവാൻ കഠിനവും കഠോരവുമായ ശിക്ഷകൾ അവൻ ഒരുക്കി വെച്ചിട്ടുണ്ട്.



ചിലർ പറയും, ഇങ്ങനെ ഇത്രയും പ്രാധാന്യമുള്ള ഒരു സംഗമം നടക്കുകയും അതിൽ ഒരു പ്രതിജ്ഞ ചെയ്യുകയും ചെയ്തിട്ടുണ്ട് എങ്കിൽ എന്തുകൊണ്ടാണ് അത് നമ്മുടെ ഓർമ്മയിൽ വരാത്തത് എന്ന്. അത്തരക്കാർ ആദ്യം മനസ്സിലാക്കേണ്ടത് ഓർമ്മ എന്നത് നമ്മുടെ മനസ്സിന്റെ ഒരു സ്റ്റോറേജ് ആണ്. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന കാര്യങ്ങളെ സൂക്ഷിച്ചുവെക്കുന്ന സ്ഥലമാണത്. അതിനാൽ അതൊന്നും ഉണ്ടായിരുന്ന ഒരു ഘട്ടമായിരുന്നില്ല അത് എന്ന് നാം ആദ്യമേ പറഞ്ഞു. അതേസമയം അന്ന് അല്ലാഹു ചോദിച്ചതും അല്ലാഹുവോട് മറുപടി പറഞ്ഞതും ആത്മാവുകൾ മാത്രമായിരുന്നു. ആത്മാമാവ്, മനസ്സ് എന്നിവയെ ഇന്നും മനുഷ്യന് പൂര്‍ണാര്‍ഥത്തില്‍ ഗ്രഹിക്കുവാന്‍ സാധിച്ചിട്ടില്ല. ആത്മാവിനെക്കുറിച്ചുള്ള അന്വേഷണത്തിന് യുഗങ്ങളുടെ പഴക്കമുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും ഇന്നും അവിരാമം തുടരുന്നുണ്ട്. ആത്മാവിനെക്കുറിച്ച് ഏറെ അന്ധവിശ്വാസങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നുമുണ്ട്. ഈ വിഷയത്തിൽ ഏറെ പ്രസക്തമായി നിലനിൽക്കുന്നത് ഇസ്ലാം നൽകുന്ന ആശയം മാത്രമാണ്. അത് നബി(സ)യോട് ആത്മാവിനെ ക്കുറിച്ച് അന്വേഷിച്ച ഒരു സംഘം ജൂതന്മാര്‍ക്ക് മറുപടിയായി അവതരിച്ച ഖുര്‍ആന്‍ സൂക്തമാണ്. അതിൽ ഇപ്രകാരം കാണാം: 'നിങ്ങളോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല'(ഖുര്‍ആന്‍ 17: 85). ശാസ്ത്ര പുരോഗതിയുടെ ഉത്തുംഗതയില്‍ നാം എത്തിയിരിക്കുന്നു എന്ന് അഭിമാനിക്കുന്ന വര്‍ത്തമാനകാലത്തും ആത്മാവിനെക്കുറിച്ചുള്ള ഖുര്‍ആനിലെ ഈ പരാമര്‍ശം തികച്ചും കൃത്യവും സൂക്ഷ്മവുമാണ്. അത് പരിശുദ്ധ ഖുർആൻ പറയുന്നതുപോലെ അല്ലാഹുവിൻ്റെ സ്വകാര്യത അല്ലായിരുന്നുവെങ്കിൽ ലോകത്തിലെ ശാസ്ത്ര സമൂഹം അത് കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു. അത്രമാത്രം വലിയ ശ്രമങ്ങളും അന്വേഷണങ്ങളും ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. അതിനാൽ ആത്മാവ് സ്വീകരിച്ചതും നൽകിയതുമായ ഈ ആശയം മനുഷ്യൻ്റെ അടിസ്ഥാന ഘടകങ്ങളിൽ അലിഞ്ഞുചേർന്നവയാണ്. അതുകൊണ്ടാണ് ഏതു മനുഷ്യനും ചിന്തിച്ച് ചിന്തിച്ച് താഴേക്ക് പോകുമ്പോൾ തീർച്ചയായും റബ്ബിൽ എത്തിച്ചേരുന്നത്. അങ്ങനെ എത്തിച്ചേരുന്ന ഒരു ഇടത്തിൽ ഒരു ബോധ്യമായി കിടക്കുന്ന സംഗതിയാണ് ഈ സംഗമം.



അപ്പോൾ ഈ ലോകത്ത് ഏതൊരു മനുഷ്യന്റെയും ആത്യന്തികമായ ദൗത്യവും ഉത്തരവാദിത്വവും റബ്ബിനെ കണ്ടെത്തുക എന്നതാണ്. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ, അവൻ എടുത്ത ആദ്യത്തെ ആ പ്രതിജ്ഞയിൽ എത്തിച്ചേർന്നാൽ അവൻ ജനിച്ച ആദ്യത്തെ ഭവനമായ സ്വർഗ്ഗത്തിൽ അവൻ എത്തിച്ചേരാം. ഇങ്ങനെയാണെങ്കിലും ഈ പ്രതിജ്ഞ ആത്മാവിൽ നിന്ന് മാത്രം ഉണ്ടായതായതിനാലും അത് ഓർമ്മിച്ചെടുക്കാൻ പോലും നിലവിലുള്ള ഈ ജീവിതത്തിൽ കഴിയാത്തതിനാലും അതിലേക്ക് എത്തിച്ചേരുവാൻ സഹായകമായ ചില സഹായങ്ങൾ കൂടി അല്ലാഹുവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കേണ്ടത് തികച്ചും ന്യായമാണ്. കാരണം താങ്ങാൻ ആവാത്തതും അപ്രാപ്യമായതും ആയ വിധത്തിൽ ഒന്നും അല്ലാഹു കൽപ്പിക്കുകയില്ല. എന്നു പറഞ്ഞാൽ അതിൻെറ അർത്ഥം അല്ലാഹു എന്തു കാര്യം തൻ്റെ അടിമയിൽ നിന്ന് ആഗ്രഹിക്കുന്നുവെങ്കിലും അവ നേടുന്നതിനു വേണ്ട സഹായങ്ങൾ കൂടി അല്ലാഹു നൽകും. ഈ കാര്യത്തിലും അല്ലാഹുവിന്റെ പ്രത്യേക സഹായം ഉണ്ടായിട്ടുണ്ട് എന്ന് പ്രസ്തുത സംഗമത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത പണ്ഡിതന്മാർ പറയുന്നുണ്ട്. അത് ഇപ്രകാരമാണ്: ഭൂജാതരാവാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും ആത്മീയലോകത്ത്(ആലമുല്‍ അര്‍വാഹില്‍) അല്ലാഹു ഒരുമിച്ച് കൂട്ടി. നാല് അണികളിലായി എല്ലാവരെയും നിര്‍ത്തി. ഏറ്റവും മുന്നണിയില്‍ പ്രവാചകന്മാരും അവരുടെ പിന്നണിയില്‍ ഔലിയാക്കളും തൊട്ടുപിറകില്‍ പൊതു സത്യ വിശ്വാസികളും ഒടുവില്‍ അവിശ്വാസികളും എന്നിങ്ങനെ. ശേഷം നാഥന്‍ ചോദിച്ചു, ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ?എന്ന്. പ്രവാചകന്മാര്‍ തടസ്സങ്ങളൊന്നുമില്ലാതെ തന്നെ അതെ എന്ന് മറുപടി പറഞ്ഞു. തന്മൂലം അവര്‍ ഭൂമിയില്‍ അതുല്യസൃഷ്ടികളായി മാറി. അവർ അല്ലാഹുവിന്റെ ഏറെ സമീപസ്ഥരും ആയിത്തീർന്നു. മറകളില്ലാതെ അല്ലാഹുവിനോട് സംസാരിക്കുവാനും മറ്റൊരു മധ്യവർത്തിയേയും പരിഗണിക്കാതെ തങ്ങളുടെ ആവശ്യങ്ങൾ അവനു മുമ്പിൽ നിരത്തുവാനും അവർക്ക് കഴിയും. അതിരുകളും മറകളും ഇല്ലാത്ത ഈ ബന്ധം ആണ് അവരെ അവന്റെ നേരിട്ടുള്ള ദൂതന്മാരാകുവാൻ പ്രാപ്തരാക്കിയത്. അതുകൊണ്ടാണ് പ്രവാചകത്വം എന്നത് ഒരു പ്രവാചകനും ഏതെങ്കിലും വഴിയിലൂടെ നേടിയെടുക്കുന്നതല്ല, മറിച്ച്, അത് അല്ലാഹുവിൻ്റെ പരമമായ മുൻ നിശ്ചയം അനുസരിച്ചുള്ള തീരുമാനമാണ് എന്നു പറയുന്നത്.



രണ്ടാം നിലയിൽ നിൽക്കുന്ന ഔലിയാക്കളിലേക്ക് പ്രസ്തുത ചോദ്യം ചെന്നെത്തിയത് പ്രവാചകാത്മാക്കളുടെ പ്രകാശത്തില്‍ സ്പര്‍ശിച്ചുകൊണ്ടായിരുന്നു. അതുമൂലം ഭൂമിലോകത്ത് അവര്‍ക്കും അല്ലാഹുവിനുമിടയില്‍ പ്രവാചകശ്രേഷ്ഠര്‍ മധ്യവര്‍ത്തികളായി. പ്രവാചകന്മാരിലൂടെ ആണ് അവർ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രവാചകൻമാർക്ക് ശേഷം അവരുടെ ദൗത്യമാകുന്ന പ്രബോധനം നിർവഹിക്കുന്നതും നിർവഹിക്കേണ്ടതും അവരാണ്. അവരുടെ ദൗത്യം മനുഷ്യ മനസ്സുകളെ നേരത്തെ അല്ലാഹുവോട് ചെയ്ത പ്രതിജ്ഞയുടെ അർത്ഥത്തിലുള്ള റുബൂബിയത്തിലേക്ക് നയിക്കുക എന്നതാണ്. അവരുടെയും പിന്നിലായിരുന്ന പിന്നണിയിലെ വിശ്വാസികള്‍ പ്രസ്തുത ചോദ്യം ശ്രവിച്ചത് രണ്ടുവിഭാഗത്തിന്റെയും ആത്മീയ പ്രകാശത്തില്‍ നിന്നു കൊണ്ടായിരുന്നു. അതിനാല്‍ പവിത്രതയില്‍ രണ്ടുവിഭാഗത്തിന്റെയും പിന്നിലായി അവര്‍ എന്നു മാത്രമല്ല ഈ വിശ്വാസികൾക്ക് അല്ലാഹുവിലേക്ക് എത്തിച്ചേരുവാനുള്ള കഴിയും വസീലയും ഇടനിലക്കാരും എല്ലാം തൊട്ടുമുമ്പിലുള്ള ഔലിയാക്കളും പ്രവാചകന്മാരും ആണ്. ഏറ്റവും അവസാനമായി ഒടുവില്‍ നിലയുറപ്പിച്ച അവിശ്വാസികളും കപടവിശ്വാസികളും ഒരു അപശബ്ദമാണ് കേട്ടത്. അതിലെ അക്ഷരങ്ങളോ വാക്കുകളോ ആശയങ്ങളോ അവർക്ക് മുമ്പിൽ വ്യക്തമായിരുന്നില്ല മാത്രമല്ല അത് വ്യക്തമാവണം എന്ന് താല്പര്യമോ കേട്ടില്ലല്ലോ എന്ന പരിഭവമോ ഒന്നും അവർക്കുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് വ്യക്തമല്ലാത്ത ആ ദൈവീക ഉടമ്പടിക്ക് മുമ്പില്‍ മുന്നണിയിലുള്ളവര്‍ ചെയ്തത് വെറുതെ അതേയെന്ന് വിളിച്ചു പറയുക മാത്രമായിരുന്നു. അതിനാൽ അവർ ഭൂമിയിൽ തന്നെ അധമന്മാരും പരലോകത്ത് നിത്യമായ ശിക്ഷക്ക് വിധേയരും ആയിത്തീർന്നു. അവരെ ഏറ്റവും കഠിനമായി വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം അവർ കാണിച്ച ഈ കാപട്യമാണ്. (ആശയം, റൂഹുല്‍ ബയാന്‍ 1/223). ഇതിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാൻ കഴിയും. ഈ പ്രപഞ്ചത്തിൽ ഒരാൾ പ്രവാചകൻ ആകുന്നതും വലിയ്യ് ആകുന്നതും സാധാരണ വിശ്വാസി മാത്രമായി തീരുന്നതും എത്ര ശ്രമിച്ചിട്ടും വിശ്വാസത്തിലേക്ക് അടുക്കാത്തതും എല്ലാം അല്ലാഹു നേരത്തെ നിശ്ചയിച്ചു വെച്ചതും തീരുമാനിച്ചതും തന്നെയാണ് എന്ന കാര്യം. ഈ കാര്യം നിരവധി ഹദീസുകളിലൂടെ നബി(സ) തങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്.



പിന്നീട് നടന്നത് ഈ ആത്മാവിന്റെ സഞ്ചാരമാണ്. ഈ ആത്മാവ് ചെയ്ത പ്രതിജ്ഞ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാൻ അതിനെ ശരീരവും അവയവങ്ങളും നൽകി തെറ്റുകളും തിന്മകളും സമം നിറഞ്ഞ ഒരു ലോകത്തേക്ക് ജനിപ്പിക്കേണ്ടതുണ്ട്. ആ സഞ്ചാരത്തിൽ മനുഷ്യൻ ആദ്യം തൻെറ പിതാവിന്റെ മുതുകില്‍ (ആലമുല്‍ അസ്വ് ലാബില്‍) എത്തിച്ചേര്‍ന്നു. അത് തികച്ചും അത്ഭുതകരമായ ഒരു ലോകമായിരുന്നു. ചെറിയ ഒരു ബീജഗണത്തിൽ ഇത്രയും അത്ഭുതകരമായ ഒരു സൃഷ്ടിയെ അല്ലാഹു സമാഹരിച്ചിരിക്കുകയായിരുന്നു. പരിപൂർണ്ണമായ ഒരു മനുഷ്യനായി തീരുന്നതിനു മുമ്പുള്ള ആ ഘട്ടത്തിലും നേരത്തെ പറഞ്ഞ പ്രതിജ്ഞ കൈമോശം വരാതിരിക്കുവാൻ അല്ലാഹുവിൻ്റെ കാവൽ ഉണ്ടായിരുന്നു. ശുക്ലത്തില്‍ അടങ്ങിയിരിക്കുന്ന ദശലക്ഷക്കണക്കിന് ബീജങ്ങളില്‍ നിന്ന് ഒന്നിനെ മാത്രം തെരഞ്ഞെടുത്തു. നാഥന്‍ ചോദിക്കുന്നു: 'സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ, അതോ നാമാണോ അതിന്റെ സൃഷ്ടി കര്‍ത്താവ്' (വാഖിഅ/59). സഞ്ചാരത്തിന്റെ അടുത്ത ഘട്ടത്തിൽ അല്ലാഹു ആ ശുക്ലം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. അവിടെയും അല്ലാഹുവിൻ്റെ സാന്നിധ്യമുണ്ട്. ഇല്ലെന്നു പറയാൻ ഒരാൾക്കും കഴിയാത്ത വിധത്തിൽ ഉള്ള അൽഭുതകരമായ പരിചരണം അള്ളാഹു അവിടെയും നൽകുന്നുണ്ട്. അത് അവനോട് ചെയ്ത റുബൂബിയ്യത്തിന്റെ കരാർ പാലിക്കുവാൻ വേണ്ടി എന്നോണമാണ്. അതിനുവേണ്ടി ഈ ബീജത്തെ സംരക്ഷിക്കുവാൻ വേണ്ടിയാണ്. അല്ലാഹു പറയുന്നു: 'നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് അതിനെ നാം ഭ്രൂണമാക്കി രൂപപ്പെടുത്തി. ഭ്രൂണത്തെ മാംസപിണ്ഡമാക്കി, മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി, അസ്ഥികൂടത്തെ നാം മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീടതിനെ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു. ഏറ്റവും വലിയ സൃഷ്ടികര്‍ത്താവായ നാഥന്‍ അനുഗ്രഹ സമ്പൂര്‍ണനാകുന്നു' (മുഅ്മിനൂന്‍ /12-14). ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അതിന് മനുഷ്യരൂപം നല്‍കി. കേള്‍വിയും കാഴ്ചയും ചര്‍മവും അവയവങ്ങളും സൃഷ്ടിച്ചു. ശേഷം അതില്‍ ആത്മാവിനെ പ്രതിനിധിയാക്കുകയും മാതാവ് കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ഞരമ്പ് വഴി ഗര്‍ഭസ്ഥ ശിശുവിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കുകയും ചെയ്തു. അതോടെയാണ് മനുഷ്യകുഞ്ഞ് ജീവിതയാത്രയിലേക്ക് പ്രവേശിക്കുന്നത്. ഇവിടെയെല്ലാം അല്ലാഹുവിൻ്റെ സംരക്ഷണവും സ്പർശനവും വിടാതെ മനുഷ്യനെ പിടികൂടുന്നുണ്ട്.



ശാരീരിക ലോകത്ത് (ആലമുല്‍ അജ്സാദ്) എത്തിച്ചേര്‍ന്ന മനുഷ്യൻ്റെ കൂടെ അല്ലാഹു ഉണ്ട്. അവനു വേണ്ടതെല്ലാം അല്ലാഹു നൽകി. സുന്ദരമായ ആകാരം, നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ശേഷി, വാഹനങ്ങളൊരുക്കി സഞ്ചരിക്കാനുള്ള സൗകര്യം, ഭക്ഷണ പാനീയാദികളില്‍ അഭീഷ്ടങ്ങളുടെയും അഭിരുചികളുടെയും സാധൂകരണം, പാകം ചെയ്തും ചേരുവകള്‍ ചേര്‍ത്തും കഴിക്കാനുള്ള അവസരം, കൈകൊണ്ട് ആവശ്യമുള്ളിടത്ത് നിന്ന് കഴിക്കാനുള്ള സൗകര്യം, ഇതരജീവികളെ മെരുക്കി ഉപയോഗിക്കാനുള്ള യോഗ്യത, ഇതിലെല്ലാമുപരി മനുഷ്യാദരത്തിന്റെ കേന്ദ്രമായ ബുദ്ധിശേഷി തുടങ്ങിയ അനുഗ്രഹങ്ങള്‍ നല്‍കി അവന്‍ ആദരിച്ചിരിക്കുന്നു. ഒപ്പം തന്നെ മനുഷ്യന് ജീവിക്കാനുതകുന്ന രീതിയില്‍ ഭൂമിയെ സംവിധാനിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
'അവനാണ് ഭൂമിയെ നിങ്ങള്‍ക്ക് ഒരുക്കിത്തന്നത്. അതിന്റെ മാറിടങ്ങളിലൂടെ നടന്നുകൊള്‍ക. അവന്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുക. അവനിലേക്കാണ് മടക്കം' (മുനാഫിഖൂന്‍/7).



ശരീരവും ഇന്ദ്രിയങ്ങളും എല്ലാം ലഭിച്ചു ദുനിയാവിൽ വാസമുറ പ്പിക്കുന്ന തോടുകൂടി അവൻ പുതിയ ഒരു ലോകത്ത് എത്തിച്ചേരുകയാണ്. ഇവിടെയാണ് നേരത്തെ പറഞ്ഞ പരീക്ഷണം നടക്കുന്നത്. അല്ലാഹുവിൻ്റെ റുബൂബിയ്യത്ത് കണ്ടെത്തലും അത് മനസ്സിൽ ഉറപ്പിക്കണം അതിന് അനുസൃതമായ ജീവിത ചിട്ട ഉണ്ടാക്കിയെടുക്കലും ആണ് ഇനി അവൻ്റെ ദൗത്യം. ഇതിന് അവനെ അല്ലാഹു രണ്ടു നിലക്ക് സഹായിക്കുന്നുണ്ട്. ഒന്ന്, പ്രവാചകന്മാരിലൂടെയും അവർ കൊണ്ടുവന്ന ഗ്രന്ഥങ്ങളിലൂടെയും. രണ്ടാമത്തേത്, പ്രവാചകന്മാരുടെ വഴിയെയും ഗ്രന്ഥത്തെയും ജീവിതത്തിലേക്ക് പകർത്തിയ മഹാന്മാരിലൂടെ. അവരിൽ പ്രവാചകന്മാരുടെ കാലം കഴിഞ്ഞുപോയി ഇപ്പോൾ ആ ദൗത്യം നിക്ഷിപ്തമായിരിക്കുന്നത് ഔലിയാക്കളിലാണ്. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ മാത്രം ജീവിതം ഉഴിഞ്ഞുവെക്കുകയും തഖ്‌വായിലധിഷ്ഠിതമായ ജീവിതം വഴി ആത്മീയ ഔന്നത്യം നേടിയ ഇത്തരം മഹാ മനുഷ്യന്മാര്‍ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരിലും അത്തരക്കാരുണ്ടാകും. ഇവരെയാണ് ഔലിയാക്കള്‍ എന്നു വിളിക്കുന്നത്. പ്രവാചകന്മാരുടെ യുഗങ്ങളിലെന്നപോലെ അതിനുശേഷവും അവരുടെ സാന്നിധ്യം യാഥാര്‍ഥ്യമായ ഒരു വസ്തുതയാണ്. ആത്മീയമായി മാനവസമൂഹത്തെ സമുദ്ധരിക്കുകയാണവരുടെ ദൗത്യം. ആത്യന്തിക വിശകലനത്തില്‍ കാലഘട്ടങ്ങളുടെ അനിവാര്യതയാണ് ഔലിയാക്കള്‍. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരത്രെ.
ലോകനാഥന് പൂര്‍ണമായും കീഴ്പ്പെട്ടവരെന്ന നിലയില്‍ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും ചാപല്യങ്ങളും പ്രകടിപ്പിക്കാത്ത പരമപരിശുദ്ധരായ വ്യക്തിത്വങ്ങളാണ് ഔലിയാക്കള്‍. അതുകൊണ്ടുതന്നെ അമാനുഷികമായ സിദ്ധികളും കഴിവുകളും അവര്‍ക്കുണ്ടാകും. അതിനാണ് കറാമത്ത് എന്നു പറയുന്നത്. പ്രവാചകന്മാരില്‍ നിന്ന് മുഅ്ജിസത് പ്രകടമാകുന്നതുപോലെ ഔലിയാക്കളില്‍ നിന്ന് കറാമത് ഉണ്ടാകും. എന്നാല്‍ സകല ഔലിയാക്കളും കറാമത്ത് പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. അഥവാ കറാമത്തുകള്‍ കാണിക്കാതിരിക്കുന്നത് ഔലിയാക്കളുടെ പദവിക്ക് കോട്ടമല്ല. മുഅ്ജിസതു പോലെ കറാമത്തും അലൌകികമായ ഒരു പ്രതിഭാസമാണ്. ആത്മീയമായ പൊരുളും വ്യാഖ്യാനവും അതിനുണ്ട്.



ഔലിയാക്കൾക്കാണ് പ്രവാചകൻമാർക്ക് ശേഷം ഉമ്മത്തിനെ തസ്‌കിയ്യത്ത് ചെയ്യാനും തർബിയത്ത് ചെയ്യാനും ഉള്ള ചുമതലയും അധികാരവും എന്നതിൻ്റെ ഏറ്റവും വലിയ ഒരു സൂചനയാണ് ലോകം മുഴുവനും പടർന്നു കിടക്കുന്ന ത്വരീഖത്ത് ശ്രേണികൾ. ലോകത്തിൻ്റെ ഓരോ ദിക്കിലും കഴിഞ്ഞിരുന്ന ആത്മീയ നായകന്മാരായ ഔലിയാക്കളുടെ വഴിയാണ് ഈ ശ്രേണികൾ. ഓരോ സിൽസിലയും ഓരോ ശൈഖിലേക്ക് എത്തിച്ചേരുന്നു. ആ ശൈഖിൽ നിന്ന് അദ്ദേഹത്തിൻ്റെ പരമ്പര മുറിയാതെ ലോകത്തിൻ്റെ ദിക്കുകളിലേക്ക് നീണ്ട് നീണ്ടുപോകുന്നു. ഇങ്ങനെ ഒരു ഘടന ഉണ്ടാകുന്നത് ലോകത്തെ എല്ലാ മുസ്ലീങ്ങളെയും ഈ അർത്ഥത്തിലൂടെ ആത്മീയമായ തർബിയത്ത് നൽകി സംസ്കരിച്ചെടുക്കുവാൻ ഉള്ള ചുമതല ഈ സൂഫി പാരമ്പര്യങ്ങൾക്കാണ് എന്നതുകൊണ്ടാണ്. വിലായത്തുകൾ കൊണ്ടും തർബിയത്തിനുള്ള അധികാരം കൊണ്ടും മുസ്ലിം ലോകത്തിൻെറ അംഗീകാരം നേടിയെടുത്ത മാഷാഇഖുമാർക്കെല്ലാം ഇത്തരം പാരമ്പര്യങ്ങൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. മാത്രമല്ല സൂക്ഷ്മമായി നാം നിരീക്ഷിച്ചാൽ ഈ ശൃംഖല ലോകത്തെ മുഴുവനും വലയം ചെയ്തുനിൽക്കുന്നുണ്ട് എന്ന് കണ്ടെത്തുവാനും പ്രയാസമില്ല. ഇങ്ങനെ പ്രപഞ്ചത്തെ മുഴുവനും വലയം ചെയ്ത് ആത്മീയ ശൃംഖലകളായ ത്വരീഖത്തുകൾ ഉണ്ടായതും നിലനിൽക്കുന്നതും അനസ്യൂതം വളർന്നുകൊണ്ടേയിരിക്കുന്നതും അല്ലാഹുവിന്റെ അടിമകളോടുള്ള കാരുണ്യവും തൗഫീഖും ആണ്. അതിനാൽ സത്യാന്വേഷിയായ ഒരു സത്യവിശ്വാസി ഇത്തരം ഒരു ശൃംഖലയിൽ ചേർന്നുനിന്നുകൊണ്ട് ആത്മീയമായ ഔന്നത്യവും വിശുദ്ധിയും നേടിയെടുക്കേണ്ടതുണ്ട്. അത് അവൻറെ ഐഹികവും പാരത്രികവുമായ ജീവിതത്തിന്റെ വിജയത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.



ഇത്രയും നാം സമർപ്പിച്ചതെല്ലാം എല്ലാവർക്കും അംഗീകരിക്കാവുന്ന വിഷയം തന്നെയാണ്. പിന്നെ അഭിപ്രായ വ്യത്യാസവും ചർച്ചകളും ഉടലെടുക്കുക ആ ശൃംഖലയിലേക്ക് കൊണ്ടുപോകാനുള്ള ആൾ ആരാണ് എന്ന വിഷയത്തിലുള്ള അവകാശ തർക്കങ്ങളെ തുടർന്നാണ്. ഈ തർക്കം സമൂഹത്തിൽ കൊഴുത്തുനിൽക്കുന്ന ഒന്നുതന്നെയാണ്. പലർക്കും പല വാദങ്ങളും ഈ വിഷയത്തിൽ ഉണ്ട്. എന്നാൽ ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം അവൻ ഈ വിഷയത്തിൽ പരിഗണിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്നാമത്തെത്, തന്നെ ആധികാരികമായ ഒരു സൂഫി ശൃംഖലയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ താൻ തെരഞ്ഞെടുക്കുന്ന വ്യക്തി ആത്മീയമായ വിശുദ്ധി ഉള്ള ആളാണോ എന്ന ഉറപ്പാണ്. തഖ്‌വയുടെ പരമകാഷ്ട പ്രാപിച്ചവരാണ്, ആയിരിക്കേണ്ടതാണ് ഔലിയാക്കള്‍. അല്ലാഹുവും അന്ത്യപ്രവാചകര്‍(സ)യും തഖ്‌വക്ക് നല്‍കിയ നിര്‍വചനമനുസരിച്ച് ജീവിതം ക്രമീകരിക്കുമ്പോള്‍ വിലായത്തിന്റെ മാര്‍ഗം സുഖകരമാകും. തഖ്‌വയും വിലായത്തും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. തികഞ്ഞ സൂക്ഷ്മത തഖ്‌വയുടെ പ്രതിഫലനമാണ്. ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്ന ആയത്തുകളും ഹദീസുകളും ധാരാളമുണ്ട്. 'അല്ലാഹുവിന്റെ ഔലിയാക്കള്‍ മുത്തഖീങ്ങള്‍ മാത്രമാണ്. പക്ഷേ, ജനങ്ങളില്‍ ഏറിയകൂറും അതറിയുന്നില്ല' എന്ന് വിശുദ്ധഖുര്‍ആനില്‍ (സൂറത്തുല്‍ അന്‍ഫാല്‍) അല്ലാഹു വ്യക്തമാക്കുന്നത് ഒരു ഉദാഹരണം. ഹദീസിലും സമാന ആശയം കാണാം. ഒരിക്കൽ
നബി(സ) ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവിന്റെ ഔലിയാക്കള്‍ തങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നിസ്കാരം നിലനിര്‍ത്തുന്നവരും നോമ്പനുഷ്ഠിക്കല്‍ കടമയാണെന്നു മനസ്സിലാക്കി പ്രതിഫലേച്ഛയോടെ നോമ്പ് നോല്‍ക്കുന്നവരും കണക്കനുസരിച്ച് സകാത്ത് കൊടുക്കുന്നവരും അല്ലാഹു വിരോധിച്ച കാര്യങ്ങള്‍ വര്‍ജിക്കുന്നവരുമാണ്.' പരമമായി അല്ലാഹുവിനുള്ള ഇഷ്ടമാണ് വിലായത്തിന്റെ അടിസ്ഥാനം. ഇഷ്ടം ഉണ്ടാവണമെങ്കിൽ അവൻെറ അഭീഷ്ടങ്ങളായ എല്ലാ മുറകളും നിർദ്ദേശങ്ങളും നന്നായി പാലിച്ചിരിക്കണം. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നതോടുകൂടെ ആ അടിമ എല്ലായിടത്തും സ്വീകരിക്കപ്പെട്ടവനായി മാറുന്നു. ഒരിക്കല്‍ നബി(സ്വ) പറയുകയുണ്ടായി. 'അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാല്‍ ജിബ്രീല്‍ (അ) എന്ന മലക്കിനെ വിളിച്ചുകൊണ്ട് പറയും. ഞാന്‍ ഇദ്ദേഹത്തെ സ്നേഹിക്കുന്നു. അതിനാല്‍ നിങ്ങളും സ്നേഹിക്കുക. ഉടന്‍ ജിബ്രീല്‍(അ) അവനെ സ്നേഹിക്കുന്നു. പിന്നീട് ജിബ്രീല്‍(അ) വാനലോകത്ത് പ്രഖ്യാപിക്കും. ‘അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നു. അകാശത്തുള്ളവരേ, നിങ്ങളും സ്നേഹിക്കുക.’ അങ്ങനെ ആകാശത്തുള്ളവരും അവനെ സ്നേഹിക്കും. പിന്നീട് ഭൂമിയില്‍ ഇദ്ദേഹത്തിനു വരവേല്‍പ്പ് നല്‍കപ്പെടും' (ബുഖാരി, മുസ്ലിം, തിര്‍മുദി).



രണ്ടാമത്തേത്, നമ്മുടെ കരം ഗ്രഹിക്കുന്ന ആൾ ശരിക്കും ആ ശൃംഖലയുടെ പ്രതിനിധി തന്നെയാണോ എന്ന് ഉറപ്പാക്കലാണ്. ഇത് ഉറപ്പാക്കുവാൻ ആത്മീയ ലോകം ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രമാണമാണ് സിൽസില. സിൽസില എന്നാൽ ഒരു ശൈഖിൽ നിന്ന് അടുത്ത ശൈഖിലേക്ക് ഈ ആത്മീയ വഴി എത്തിച്ചേരുകയും കടന്നുപോവുകയും ചെയ്യുന്ന പരമ്പരയാണ്. അത് കൃത്യമായി പറഞ്ഞാൽ രേഖയാണ്. രേഖയായി ഉള്ളതിനാണ് അക്കാര്യത്തിൽ ഒന്നാം സ്ഥാനം. അതേസമയം ചിലപ്പോൾ വാമൊഴിയായി സാക്ഷികളിലൂടെ കൈമാറ്റം വന്ന സിൽസിലയും ഉണ്ടാകാം. അതിന് ആദ്യം പറഞ്ഞതിനെ അപേക്ഷിച്ച് മൂല്യം കുറവാണ് എന്ന് മാത്രം. ഈ രണ്ടു കാര്യങ്ങൾ ഉറപ്പുവരുത്തിയാൽ പിന്നെ ആ ആത്മീയതയിൽ വിലയം പ്രാപിക്കുന്നതിൽ നിന്ന് മടിച്ചു നിൽക്കുകയോ മാറിനിൽക്കുകയോ വേണ്ടതില്ല എന്നാണ് ആത്മീയ ലോകം പഠിപ്പിക്കുന്നത്.
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso