Thoughts & Arts
Image

നോമ്പ് ശരീരത്തിനും മനസ്സിനും

20-04-2024

Web Design

15 Comments

ചന്ദ്രിക

ടി എച്ച് ദാരിമി



ഇസ്ലാം മത വിശ്വാസികളെ തങ്ങളുടെ വിശ്വാസവുമായും ആചാര-അനുഷ്ഠാനങ്ങളുമായും അടുപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഘടകം അവയുടെ കാലികമായ പ്രസക്തിയാണ്. ഇസ്ലാമിനെ സ്വതന്ത്രമായി വിലയിരുത്തിയവരെ ആകർഷിച്ച കാര്യവും അതു തന്നെയാണ്. പ്രസക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ ഓരോന്നിനും രൂപം നൽകപ്പെടുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്ത കാലഘട്ടം സ്ഥാപിച്ച പ്രസക്തിയല്ല. ഏതു മതവും സംസ്കാരവും അതുണ്ടായ കാലത്ത് ഇത്തരം ചില പ്രസക്തിയൊക്കെ കാണിച്ചിട്ടുണ്ടാകും. അതിനപ്പുറം ഇസ്ലാമിൻ്റെ പ്രസക്തിയുടെ പ്രത്യേകത അത് കാലത്തോടൊപ്പം വളരുന്നു, നിലനിൽക്കുന്നു, പുതിയ ഭാവത്തിൽ പ്രകടമാവുന്നു എന്നതെല്ലാമാണ്. അത് എല്ലാവർക്കും അവകാശപ്പെടാവുന്നതല്ല. ഒന്നുകൂടി വിശദമാക്കി പറഞ്ഞാൽ ഏതുകാലത്ത് ജീവിക്കുന്ന വിശ്വാസിക്കും അവൻ ജീവിക്കുന്ന ചുറ്റുപാടുകൾക്കും അനുഭവങ്ങൾക്കും മുമ്പിൽ വെച്ചു തന്നെ ബോദ്ധ്യപ്പെടുന്ന പ്രസക്തിയാണ് ഇസ്ലാമിൻ്റേത് എന്ന് ചുരുക്കം. ഇസ്ലാമിക വിശ്വാസവും ആരാധനകളും എല്ലാം നാം ജീവിക്കുന്ന ഈ കാലം തേടുന്നതും കാലത്തിൻ്റെ പ്രധാന ആവശ്യങ്ങൾക്കുമുള്ള പരിഹാരവുമാണ്. ആ അർഥത്തിൽ ഈ റമസാൻ മാസത്തെയും വ്രതത്തെയും വായിക്കുമ്പോൾ ആയിരിക്കും വിശ്വാസിയുടെ മനസ്സിൽ ഈ ആത്മീയാശയം ശരിക്കും സ്ഥാപിക്കപ്പെടുക.



ഇത് എളുപ്പമാണ്. മനുഷ്യൻ ഇന്നുകാലത്ത് നേരിടുന്ന വെല്ലുവിളികൾ മാത്രം അവലോകനം ചെയ്ത് അവയിൽ റമസാൻ വ്രതം ചെലുത്തുന്ന സ്വാധീനം മാത്രം പരിശോധിച്ചാൽ മതി അതിന്. മനുഷ്യൻ എന്നാൽ ശരീരവും ആത്മാവും ചേർന്നതാണല്ലോ. ഈ രണ്ടു ഘടകങ്ങളിലും അവൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അവൻ്റെ ശരീരത്തിൻ്റെ വേദനകളും വേപഥുകളുമാണ്. രോഗങ്ങൾ അവൻ്റെ ശരീരത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. മനുഷ്യനെ വേട്ടയാടുന്ന രോഗങ്ങൾ നീണ്ട ഒരു പട്ടിക തന്നെയാണ്. ഓരോ അവയവത്തെയും ചികിത്സിക്കുവാൻ പ്രത്യേകം പ്രത്യേകം ആരോഗ്യശാസ്ത്ര വിഭാഗങ്ങൾ തന്നെ രൂപീകരിക്കേണ്ട അവസ്ഥ ലോകത്ത് സംജാതമായിരിക്കുന്നു. പക്ഷേ ആ പട്ടികയിലേക്ക് സൂക്ഷ്മമായി നോക്കുമ്പോൾ ഈ രോഗങ്ങളുടെയെല്ലാം കാരണങ്ങളുടെ കാര്യത്തിൽ ഏകതയോ സാമ്യതയെങ്കിലുമോ ഉണ്ട് എന്നത് ആർക്കും ബോദ്ധ്യപ്പെട്ടും. ഉദാഹരണമായി പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി, വൃക്കരോഗങ്ങൾ, അൾസർ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വ്യാപകമാണ്. ഈ രോഗങ്ങളിൽ ഓരോന്നിന്റെയും കാരണങ്ങളിൽ കാണപ്പെടുന്ന അടിസ്ഥാന പൊതു ഘടകം ഭക്ഷണത്തിലെ താളപ്പിഴയാണ്. ആർത്തി, തൻപോരിമ, ഇഛ, ആസക്തി തുടങ്ങിയവയുടെ മുമ്പിൽ വൈചാരികത കൈമോശം വരികയും ശരീരത്തിന് അളവിലോ ഗുണത്തിലോ ആവശ്യമില്ലാത്ത അത്ര ഭക്ഷണം കഴിക്കുകയും അതിൽ നിന്നുണ്ടാകുന്ന അമിത അന്നജം ശരീരത്തിൽ പലയിടത്തുമായി കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവുകയുമാണ്. ഒരളവോളം അത്തരം കൊഴുപ്പിനെ കത്തിച്ചു ഊർജ്ജമാക്കി മാറ്റി ഉപയോഗിച്ചു തീർക്കാൻ വേണ്ട ക്ഷമത നമ്മുടെ ശരീരത്തിനുണ്ട്. പക്ഷേ, ആ ക്ഷമത തോറ്റുപോകുന്ന തരത്തിലുള്ള ഇതേ അടിഞ്ഞുകൂടലാണ് നിരന്തരമായി ജീവിതത്തിൽ സംഭവിക്കുന്നത്. പിന്നെ അത് രോഗമുണ്ടാക്കാതിരിക്കില്ല. അമിതമായ ഈ കൊഴുപ്പിനെ പുറം തള്ളാൻ നമ്മുടെ ശരീരത്തിൽ സംവിധാനമില്ല. പിന്നെ കുറച്ചെങ്കിലും അത് പരിഹരിക്കുന്നത് വ്യായാമങ്ങൾ വഴിയാണ്. നിരന്തരമായ ഈ ആഹാര ശീലങ്ങൾക്കു മുമ്പിൽ വ്യായാമങ്ങളും മതിയാവാതെ വരുന്ന സാഹചര്യമുണ്ട്. അതിനാൽ അമിത ഭക്ഷണത്തെ നിറുത്തിയും നിയന്ത്രിച്ചും ഈ പ്രശ്നത്തെ പരിഹരിക്കുന്നതാണ് ബുദ്ധി. വ്രതം അതു ചെയ്തുതരുന്നു.



ആത്മാവ് എന്ന മനസ്സിൻ്റെ കാര്യത്തിലേക്കുവന്നാൽ അതും രോഗാതുരമാണ്. അതിനെ ബാധിച്ചിരിക്കുന്ന രോഗം ഒറ്റവാക്കിൽ പറഞ്ഞാൽ ടെൻഷൻ എന്ന അസ്വസ്ഥതയാണ്. രോഗങ്ങളെ കുറിച്ച് പറഞ്ഞതുപോലെ അസ്വസ്ഥത അനുഭവിക്കാത്ത മനസ്സുകളില്ല എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങൾ. അതിൻ്റെ കാരണം പുതിയ ലോകം കാണിച്ചുകൊടുക്കുന്ന നിറപ്പകിട്ടുകളാണ്. ജീവിതത്തെ കൂടുതൽ എളുപ്പമാക്കുവാൻ വേണ്ടി എന്ന പേരിൽ ദൈനംദിനം അവന്റെ ലോകം വികാസം പ്രാപിക്കുകയുമാണ്. ഇവയുടെ കൗതുകത്തിൽ കണ്ണഞ്ചി നിൽക്കുകയാണ് ആധുനിക മനുഷ്യൻ. ഇത് മനുഷ്യന്റെ വൈകാരികതയെ മാത്രം ഉത്തേജിപ്പിക്കുന്നു. സത്യത്തിൽ മനുഷ്യനെ ബാലൻസ് ചെയ്തുനിറുത്തേണ്ടത് വൈചാരികതയും വൈകാരികതയും ചേർന്നുകൊണ്ടാണ്. വേണ്ടത് വൈചാരികതയ്ക്ക് മുൻതൂക്കം ഉണ്ടായിരിക്കുകയാണ്. എന്നാൽ ഇവിടെ വൈകാരികതക്കാണ് മേൽകൈ ലഭിച്ചിരിക്കുന്നത്. വൈചാരികത തളരുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ബുദ്ധിയും ചിന്തയും നിലയ്ക്കും. അതുകൊണ്ട് എല്ലാ മേഖലകളിലും ആശ്വാസകരമല്ലാത്ത മത്സരം, കുതിക്കാൽ വെട്ട്, ചതി, കള്ള വാഗ്ദാനങ്ങൾ തുടങ്ങിയവ വ്യാപകമായിരിക്കുന്നു. അനാശ്വാസകരമായ ഇത്തരം പ്രവണതകൾ വളർന്നാൽ, വർദ്ധിച്ചാൽ ടെൻഷൻ എന്ന അസ്വസ്ഥത വർദ്ധിക്കും. ഇവയ്ക്കുവേണ്ടി ഓരോ സമയത്തും ചെയ്യുന്ന ഒളിപ്പിച്ചു വെക്കുന്ന കള്ളത്തരങ്ങൾ വിജയിക്കാതെ പോകുമോ എന്ന പേടിയായിരിക്കും അസ്വസ്ഥതയുടെ അടിസ്ഥാന കാരണം. വർത്തമാനകാല വിപണന മാർക്കറ്റിലും സേവന മാർക്കറ്റിലും ഇത് വളരെ പ്രകടനമാണ്.



വിചാരമില്ലാത്ത വികാരങ്ങൾ അതിരുകളില്ലാതെ വളർന്നുവരുന്നതോടുകൂടി മനസ്സിൻ്റെ ശുദ്ധ ഭാവങ്ങളെ അത് മലീമസമാക്കും. അങ്ങനെയാണ് മനുഷ്യൻ്റെ സ്വഭാവ ഗുണങ്ങൾ, സമീപനങ്ങൾ, മനസ്ഥിതികൾ തുടങ്ങിയവയെല്ലാം സ്വാർത്ഥമായി തീരുന്നത്. താനും തൻെറ കാര്യവും എന്നതിലേക്ക് മനുഷ്യൻെറ നിലപാടുകൾ മാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ക്ഷമ, സഹനം, വിട്ടുവീഴ്ച, സഹിഷ്ണുത, സഹകരണം തുടങ്ങിയ ഗുണങ്ങളൊക്കെയും മനുഷ്യനിൽ മങ്ങിവരുന്നത് ഇങ്ങനെയാണ്. സ്വഭാവത്തിലെ ഈ പോരായ്മകളും സ്വാർത്ഥതയിലേക്ക് ചുരുങ്ങുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകളും മനുഷ്യനിൽ നിന്ന് വളർന്ന് അവൻ്റെ വിവിധ പരിസരങ്ങളിലേക്ക് പടരുന്നതോടുകൂടിയാണ് ലോകം മുഴുവനും അസ്വസ്ഥമാകുന്നു. ഇതു പിന്നെ യുദ്ധങ്ങളായി സാമൂഹ്യ ലോകത്തും മാന്ദ്യമായി സാമ്പത്തിക ലോകത്തും അസാന്മാർഗികതയായി സാംസ്കാരിക ലോകത്തും പ്രകടമാകുന്നു. ഇതെല്ലാം ചൂണ്ടിക്കാണിക്കുവാനും സലക്ഷ്യം തെളിയിക്കുവാനും കഴിയുന്ന വർത്തമാനകാല ലോകത്തിന്റെ മുൻപിൽ നിൽക്കുകയാണ് മനുഷ്യകുലം.



ഒരു മാസം നീണ്ടുനിൽക്കുന്ന റമദാൻ വ്രതത്തിന് ഇവിടെ എന്തുചെയ്യാൻ കഴിയും, പുതിയ ലോകത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും എന്ന് ചിന്തിക്കുമ്പോൾ ഇസ്ലാമിന് ആത്മവിശ്വാസത്തോടെ മറുപടി പറയാൻ കഴിയും. അത് രണ്ട് രൂപത്തിലാണ് സംഭവിക്കുക. ഒന്ന് ഭക്ഷണത്തിലൂടെയും ലൈംഗികതയിലൂടെയും കടന്നുവരുന്ന വൈകാരികതകളെ വിശ്വാസത്തിൽ അധിഷ്ഠിതമായ കഠിന ഭാവമുള്ള നോമ്പ് എന്ന ആരാധനയുടെ വൈകാരികത കൊണ്ട് തടഞ്ഞു നിർത്താൻ കഴിയും. കാരണം വ്രതം അനുഷ്ഠിക്കുമ്പോൾ മനുഷ്യൻറെ ചിന്താമണ്ഡലത്തിന് പ്രത്യേക ഊർജ്ജം ലഭിക്കുകയും അത് സജീവമാവുകയും ചെയ്യുമെന്ന് ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ബുദ്ധി ഉണർന്നാൽ വികാരം പിന്നോട്ടു നിൽക്കും. രണ്ടാമതായി വ്രതം മനുഷ്യന് പകരുന്ന വികാരം എന്തെങ്കിലും ചെയ്യുക എന്നതല്ല, മറിച്ച് ചെയ്യാവുന്ന പലതും ചെയ്യാതിരിക്കുക എന്നതാണ്. ചെയ്യാവുന്നത് ചെയ്യാൻ വേണ്ടതിലധികം മാനസിക ഊർജ്ജം വേണം ചെയ്യാവുന്ന ഒന്ന് ചെയ്യാതിരിക്കുവാൻ. അതു തന്നെയാണ് നോമ്പിൻ്റെ ശക്തിയും.



o


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso