തിരിഞ്ഞു നടക്കാനും തിരിച്ചുപിടിക്കാനും റംസാൻ
20-04-2024
Web Design
15 Comments
വെള്ളിത്തളിച്ചം
ടി എച്ച് ദാരിമി
ഒരു വർഷം എന്നത് ഏതു കലണ്ടർ അനുസരിച്ചും പന്ത്രണ്ടു മാസമാണ്. ഈ പന്ത്രണ്ടു മാസങ്ങളെ കൃത്യമായ നാല് ഋതുക്കളാക്കി വിഭജിക്കാൻ കഴിയും. ഈ വിഭജനം ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരുവിനാൽ ഉണ്ടാകുന്ന കേവല ഏറ്റക്കുറച്ചിലുകൾ അല്ല. നാലു ഋതുക്കൾക്കും നാല് ഭാവമാണ്. ഈ നാല് ഭാവങ്ങളിലൂടെ കയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന വ്യത്യസ്ഥമായ ചില പ്രകൃതി ഗുണങ്ങൾ ഉണ്ട്. ആ ഗുണങ്ങൾ തട്ടുമ്പോഴാണ് മനുഷ്യൻ്റെ ശരീരവും സ്വത്വവും കൃത്യമായും ശരിയായും വളരുക. അതിനാൽ ഒരു വർഷം പിന്നിടുമ്പോൾ മനുഷ്യനിൽ വളർച്ചയുടെ ഒരു ഘട്ടം പിന്നിടുന്നുണ്ട്. ഇത് പൊതുവായി മനുഷ്യരാശിയിലെ ഓരോ വ്യക്തിക്കും ഉണ്ടാകുന്ന വളർച്ചയാണ്. അതിൽ വിശ്വാസിയെന്നോ അവിശ്വാസി എന്നോ ഒന്നും വ്യത്യാസമില്ല. പ്രപഞ്ചത്തെ ഈ വിധത്തിൽ മനുഷ്യ വളർച്ചയ്ക്ക് അനുഗുണമായി സംവിധാനിച്ചത് സൃഷ്ടാവിന്റെ ഒരു മഹാകാരുണ്യമാണ്. വായു പോലെ, വെള്ളം പോലെ, ജീവിതം മാർഗങ്ങൾ പോലെ എല്ലാ മനുഷ്യന്മാർക്കും ഒരേ പോലെയോ വ്യത്യസ്ത അളവുകളിലോ സൃഷ്ടാവ് നൽകുന്ന പൊതുവായ അനുഗ്രഹങ്ങൾ പോലെ. ആളെയും അവരുടെ തരത്തെയും വേർതിരിക്കാതെ നൽകുന്ന ഈ കാരുണ്യമാണ് അല്ലാഹുവിൻ്റെ റഹ്മാൻ എന്ന പേരിന്റെയും വിശേഷണത്തിന്റെയും അടിസ്ഥാനം. അതോടൊപ്പം തന്നെ അല്ലാഹുവിനുള്ള മറ്റൊരു വിശേഷണമാണ് റഹീം എന്നത്. റഹീം എന്നതിൻ്റെ പ്രത്യേകത അത് അവനെ അനുസരിച്ചും അവന് വിധേയപ്പെട്ടും ജീവിക്കുന്നവർക്ക് നൽകുന്ന പ്രത്യേക കാരുണ്യ മാണ്. ഈ കാരുണ്യം പൂർണാർത്ഥത്തിൽ അനുഭവപ്പെടുക പരലോക ജീവിതത്തിലാണ്. എന്നിരുന്നാലും അതിൻ്റെ പല സ്വാധീനങ്ങളും ഈ ലോകത്ത് തന്നെ പ്രകടമായേക്കും. അത്തരത്തിൽ വിശ്വാസികൾക്ക് അല്ലാഹു ഈ ജീവിതത്തിൽ തന്നെ നൽകുന്ന പ്രത്യേക പരിഗണനയും ഔദാര്യവും അനുഗ്രഹവും ആണ് പരിശുദ്ധമായ റമദാൻ മാസം. 12 മാസത്തെ കാലത്തിൻ്റെ കറക്കം പൂർത്തിയാക്കുന്നതിന് മുമ്പായി ആ വർഷത്തിൽ സംഭവിച്ചുപോയ എല്ലാ ന്യൂനതകളെയും പരിഹരിക്കുവാനും എല്ലാ പാപങ്ങളെയും കഴുകിക്കളയാനും ഇനിയുള്ള യാത്രക്കു വേണ്ട എല്ലാ പാഥേയങ്ങളും സംഭരിക്കുവാനും അവസരമൊരുക്കുന്ന ഒരു പ്രത്യേക കാലമായി അവൻ തന്ന കാരുണ്യമാണ് റമദാൻ. അതുകൊണ്ടാണ് ഈ മാസത്തെ പുണ്യങ്ങളുടെ പൂക്കാലം എന്ന് വിളിക്കുന്നത്. വിശ്വാസികളുടെ മനസ്സിൽ സന്തോഷങ്ങൾ നിറക്കുന്ന ആത്മീയതയുടെ പൂക്കാലമാണ് പരിശുദ്ധമായ റമദാൻ. ഈ സന്ദേശവുമായി റമദാനിലേക്ക് മറ്റൊരിക്കൽ കൂടി നാം നടുക്കുകയാണ് നാം നടക്കുകയാണ്.
പതിനൊന്നു മാസമായി തുടരുന്ന ജീവിത സഞ്ചാരത്തിനിടയിൽ നമുക്ക് പറ്റിപ്പോയത് എന്തെല്ലാമാണ് എന്ന് ആദ്യം പരിശോധിക്കാം. ഒന്നാമതായി, അറിഞ്ഞോ അറിയാതെയോ ചെറുതോ വലുതോ ആയി സംഭവിച്ചു പോയ ദൈവനിന്ദകളായ പാപങ്ങളാണ്. എത്ര സൂക്ഷിച്ചാലും ശ്രദ്ധിച്ചാലും ചെറുതെങ്കിലും ആയ പാപങ്ങൾ സാധാരണക്കാരായ വിശ്വാസികളിൽ ഉണ്ടാകുന്നുണ്ട്. ഇത് ഉണ്ടായപ്പോൾ ചെറുതായിരിക്കാം. പക്ഷേ പതിനൊന്നു മാസം നമ്മോടൊപ്പം സഞ്ചരിക്കുമ്പോൾ അത് വലുതായി കഴിഞ്ഞിട്ടുണ്ടാകും. കാരണം ഒന്നുകിൽ, പശ്ചാത്തപിക്കാതെ അത് അങ്ങനെ തന്നെ കിടന്നു തൗബ ചെയ്തില്ല എന്ന കുറ്റം കൂടി ചേർന്ന് ആ പാപം ഇരട്ടിക്കപ്പെട്ടിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ അതേ പാപം വീണ്ടും വീണ്ടും ചെയ്തു ഒരുപാട് പാപങ്ങളായി കുന്നുകൂടി കിടക്കുന്നുണ്ടാകും. ഈ പാപങ്ങളെ എല്ലാം പൊറുപ്പിക്കാൻ ഉള്ള മാർഗമാണ് പരിശുദ്ധമായ റമദാനിലെ വ്രതം. ഒരാൾ സത്യവിശ്വാസത്തോളം പ്രതിഫലേഛയോടും കൂടി റമദാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ സകലമാന പാപങ്ങളും പൊറുക്കപ്പെടും എന്ന് നബി തിരുമേനിയിൽ നിന്ന് സ്വഹീഹായി വന്നിട്ടുണ്ട്.
അബൂ ഉമാമ(റ) ഒരിക്കൽ നബിയോട് അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു എനിക്ക് ധാരാളം പ്രയോജനങ്ങള്‍ നല്‍കുന്ന ഒരു സല്‍കര്‍മ്മം എന്നോട് പറഞ്ഞുതന്നാലും എന്നു പറയുന്നുണ്ട്. നബി(സ) അരുളി: നീ അധികമായി നോമ്പ് അനുഷ്ടിക്കുക. കാരണം, അതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല (നസാഈ). ഓരോന്നിനെയും ശുദ്ധീകരിക്കുന്ന ഓരോ വസ്തുക്കളുണ്ട്, ശരീരത്തിനെ ശുദ്ധീകരിക്കുന്നത് നോമ്പാകുന്നു എന്ന് അബൂ ഹുറൈറ(റ)യിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ചിട്ടുണ്ട്. ആത്മാർത്ഥമായ പശ്ചാത്താപം കൊണ്ടും നിഷ്കളങ്കമായ കർമ്മങ്ങൾ കൊണ്ടും എല്ലാ പാപങ്ങളെയും റമദാനിൽ മായ്ച്ചു കളയാം. രണ്ടാമത്തെ പ്രശ്നം, സുകൃതങ്ങളുടെ കുറവാണ്. ഭൗതികതയുടെ പിന്നാലെ കിതച്ചു പാഞ്ഞും ശാരീരിക ഇച്ഛകൾക്ക് അടിമപ്പെട്ടും ശരിയായ വഴിയും വിളക്കും നഷ്ടപ്പെട്ടും പല നന്മകളും ചെയ്യാതെ പോയിട്ടുണ്ടാകും. ചെയ്യാതെ പോയവയുടെ കൂട്ടത്തിൽ നിർബന്ധമായവ ഉണ്ടെങ്കിൽ അതിന് അത് ചെയ്തു വീട്ടുകയല്ലാതെ മറ്റു പരിഹാരങ്ങൾ ഒന്നുമില്ല. അതേസമയം, ഐച്ഛികമായ നന്മകളാണ് കൈമോശം വന്നത് എങ്കിൽ അവിടെ അതൊരു കുറവായി അവശേഷിക്കുകയാണ് ചെയ്യുക. ആ കുറവുകൾ അപ്പപ്പോൾ പരിഹരിച്ചില്ലെങ്കിൽ ജീവിത സഞ്ചാരം വർഷങ്ങളുടെ ചൂണ്ടുപലകകൾ പിന്നിടുംതോറും കൂടിക്കൂടി വരും. അതിനാൽ ഈ ന്യൂനത പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണ്. അതിനുള്ള ഒരുപാട് അവസരങ്ങൾ തുറന്നു തരുന്നുണ്ട് റമദാൻ. റമദാനിൽ ഒരു സുന്നത്ത് ചെയ്താൽ അതിന് ഒരു ഫർദിന്റെ പ്രതിഫലം ലഭിക്കുമെന്നും ഒരു ഫർദ് ചെയ്താൽ എഴുപത് ഫർദുകൾ ചെയ്യുന്നതിന്റെ പ്രതിഫലം ലഭിക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്.
അതിന്റെ വിശദാംശങ്ങളിൽ തന്നെ ഇനിയും ധാരാളം സുകൃത സൗഭാഗ്യങ്ങൾ കടന്നുവരുന്നുണ്ട്. ഉദാഹരണമായി റമദാനിലെ രാത്രി നിസ്കാരത്തിന് ഏറെ പ്രതിഫലം പ്രത്യേകമായി ലഭിക്കുന്നുണ്ട്. ഖുർആൻ അവതീർണ്ണമായ മാസം കൂടിയായ റമദാനിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ ഓരോ അക്ഷരത്തിനും എന്ന കണക്കിൽ ധാരാളം പുണ്യങ്ങൾ സംഭരിക്കാൻ കഴിയുന്നുണ്ട്. നോമ്പുകാരെ നോമ്പുതുറപ്പിക്കുക, ദാനധർമ്മങ്ങൾ ചെയ്യുക, ക്ഷമയും സഹനവും പുലർത്തുക, പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുക, തുടങ്ങി പരിശുദ്ധ റമദാനിൽ തന്നെ നിരവധി വഴികളിലൂടെ വൻ പ്രതിഫലങ്ങൾ വന്നുചേരുന്നുണ്ട്. മാത്രമല്ല അല്ലാഹു അവൻെറ അടിമകളോട് വിവിധ കാരുണ്യങ്ങൾ ചെയ്യുന്നുണ്ട്. അവയെല്ലാം പ്രതിഫലങ്ങളുടെ സമ്പാദ്യത്തിലാണ് എത്തിച്ചേരുന്നത്. മറ്റൊരു അപകടം പറ്റുന്നത് സ്വഭാവങ്ങളുടെയും സംസ്കാരത്തിന്റെയും മേഖലയിലാണ്. നീണ്ട പതിനൊന്ന് മാസക്കാലം പലരുമായും പല രൂപത്തിലായും ഇടപെടുക വഴി ഉന്നതമായ മാനുഷിക മൂല്യങ്ങളും സൽസ്വഭാവങ്ങളും ചോർന്നു പോയിട്ടുണ്ടാകും. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ കൊണ്ടായിരിക്കാം. പക്ഷേ, സത്യവിശ്വാസി അത്തരം ന്യായങ്ങൾ നിരത്തി സ്വന്തം ചോർച്ചയെ ന്യായീകരിക്കാൻ പാടില്ല. സ്വഭാവത്തിന്റെ കാര്യത്തിൽ സംഭവിക്കുന്ന എല്ലാ തേയ്മാനങ്ങളും പരിഹരിക്കുവാൻ റമദാൻ മാസം മാത്രം മതിയാകും. കാരണം മനുഷ്യ സ്വഭാവങ്ങളുടെയും ശീലങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പലതും റമദാൻ അനുഷ്ഠിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ്. ക്ഷമ, സഹനം, വിട്ടുവീഴ്ച, മറ്റുള്ളവരോടുള്ള അനുതാപം, ആഴമുള്ള സദ്ചിന്തകൾ, ധർമ്മ മനോഭാവം തുടങ്ങിയവയെല്ലാം അതിനുദാഹരണമാണ്. ഈ സ്വഭാവങ്ങളിൽ ഏതെങ്കിലും ഒന്നിന് എന്തെങ്കിലും കാരണത്താൽ പരിക്കു പറ്റിയിട്ടുണ്ട് എങ്കിൽ അത് പരിഹരിക്കുവാൻ തീർച്ചയായും റമദാൻ എന്ന പുണ്യ മാസം കൊണ്ട് വിശ്വാസികൾക്ക് കഴിയും. ഇങ്ങനെ വിശ്വാസികളുടെ എല്ലാ ന്യൂനതകളെയും പരിഹരിക്കുകയും എല്ലാ തേയ്മാനങ്ങളെയും ചികിത്സിക്കുകയും ചെയ്യുകയാണ് അനുഗ്രഹങ്ങളുടെ പൂക്കാലമായ റമദാൻ. മാത്രമല്ല ഈ പറഞ്ഞ മൂന്ന് വിഷയങ്ങളുടെയും ഗുണഫലങ്ങൾ ജീവിതത്തിൻ്റെ താളമാക്കി മാറ്റി വരുംകാല ജീവിതത്തെ ശുദ്ധീകരിക്കുവാൻ കൂടി വിശ്വാസികൾക്ക് കഴിയുന്നു. കാരണം ഒരു മാസത്തിന്റെ നൈരന്തര്യം ഉള്ള ഈ ആരാധനകളും സ്വഭാവ-സമീപനങ്ങളും ആണ് ഇവ. ഒരു മാസക്കാലം കൃത്യമായ അളവിൽ നിരന്തരമായി ചെയ്യുന്ന ഏതുകാര്യവും മനുഷ്യൻ്റെ ജീവിതത്തിൽ പതിയും എന്നത് ഉറപ്പാണല്ലോ. ആയതിനാൽ മനശക്തി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുന്ന ഏത് വിശ്വാസിയുടെയും ജീവിതത്തെ ശരിയായ താളത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ഒരു സഹായം കൂടിയാണ് വിശുദ്ധ റമദാൻ.
ഈ പറഞ്ഞതെല്ലാം വിശ്വാസിയുടെ മാനസിക ആത്മീയ തലങ്ങളിൽ റമദാൻ ചെലുത്തുന്ന സ്വാധീനമാണ്. ഇപ്രകാരം തന്നെയുള്ള വലിയ സ്വാധീനം അവൻ്റെ ശരീരത്തിലും റമദാൻ ചെലുത്തുന്നുണ്ട്. അതായത് ഒരു മനുഷ്യൻ്റെ ജീവിത സഞ്ചാരത്തിനിടയിൽ ശരീരത്തിൽ കൂടുകൂട്ടുന്ന മിക്ക രോഗങ്ങളെയും പ്രതിരോധിക്കുവാനും ആരോഗ്യത്തെ തിരിച്ചുപിടിക്കുവാനും റമദാൻ വ്രതം കൊണ്ട് കഴിയും. ഇത് ലോകത്തിൻ്റെ അറിവും അനുഭവവുമാണ്. നോമ്പിൻ്റെ ആരോഗ്യശാസ്ത്രം ഏതു സാധാരണക്കാരനും വായിച്ചെടുക്കാവുന്ന അത്ര ലളിതമാണ്. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ഊർജ്ജം നമ്മുടെ ശരീരം കണ്ടെത്തുന്നത്. ഭക്ഷണത്തിലൂടെയാണ് ഈ ഊർജ്ജം ഉണ്ടായിത്തീരുന്നത്. ഭക്ഷണത്തോടുള്ള മനുഷ്യൻെറ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ചിലർ ഭക്ഷണം കഴിക്കുമ്പോൾ വയറിനെയും വിശപ്പിനെയും ആണ് പരിഗണിക്കുന്നത്. അതിനാൽ അവർ വിശപ്പ് ശമിക്കുന്ന അത്രമാത്രം കഴിക്കുകയും അടുത്ത ഭക്ഷണത്തിന് വീണ്ടും വയറിൻ്റെ വിളിയെ കാത്തിരിക്കുകയും ചെയ്യുന്നു. മറ്റുചിലരാവട്ടെ, അല്ലെങ്കിൽ മഹാഭൂരിപക്ഷം വരുന്നവരാകട്ടെ, ഭക്ഷണത്തിന്റെ കാര്യത്തിൽ പരിഗണിക്കുന്നത് നാവിനെയാണ്. നാവ് രസങ്ങളെ ആവാഹിക്കാനുള്ള ഒരു അവയവമാണ്. നാവിന്റെ ഉപരിഭാഗത്ത് സൃഷ്ടാവായ അല്ലാഹു രസ മുകുളങ്ങൾ വെച്ചിരിക്കുന്നു. ആ മുകുളങ്ങൾ വഴി എത്തിച്ചേരുന്ന രസം ഭക്ഷണം കഴിക്കാനുള്ള ഒരു പ്രചോദനമായി വർത്തിക്കുന്നു. ഈ പ്രചോദനത്തിന് അടിമപ്പെട്ട് എത്ര തന്നെ കഴിച്ചാലും നാവ് മതി എന്ന് പറയുകയോ അതിനുള്ള സൂചന നൽകുകയോ ചെയ്യുകയില്ല. അതിനാൽ നാവിൻ്റെ രസത്തിൽ അഭിരമിക്കുന്നവർ മറ്റൊന്നും നോക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കും. അങ്ങനെ കഴിക്കുമ്പോൾ അതിനാൽ പെട്ടെന്ന് പ്രതികൂലഫലങ്ങൾ ഒന്നും പ്രകടമായിക്കൊള്ളണമെന്നില്ല. പക്ഷേ ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായതിൽ അധികം ഊർജ്ജവും അന്നജവും അതുവഴി ഉല്പാദിപ്പിക്കപ്പെടും. അതായത് അത് ബാക്കിയായി വരും. അത് അപ്പോൾ ആവശ്യമില്ലാത്ത കാരണത്താൽ ശരീരത്തിൽ സൂക്ഷിക്കപ്പെടും. സൂക്ഷിക്കപ്പെടുന്നത് കൊഴുപ്പായിട്ടാണ്. അതിനാൽ അമിതമായ ഭക്ഷണം കഴിക്കുന്നവർ അമിതമായ കൊഴുപ്പ് ഉള്ളവരായിരിക്കും. കൊഴുപ്പ് ദീർഘകാലം ശരീരത്തിൽ കെട്ടിക്കിടക്കുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. കൊഴുപ്പ് സംഭരിച്ചു വെക്കപ്പെടുന്നത് ശരീരത്തിന്റെ മാംസ നിബന്ധമായ സ്ഥലങ്ങളിലും വയറിലും ആണ്. ഇതിൽ വയറിൽ സംഭരിപ്പിക്കപ്പെടുന്നത് ഞരമ്പുകളിലും നാഡികളിലും വിവിധ രോഗങ്ങളായി പുറത്തുവന്നുകൊണ്ടേയിരിക്കും. കൊളസ്ട്രോൾ അധിഷ്ഠിത രോഗങ്ങളെല്ലാം ആ ഗണത്തിൽ പെട്ടതാണ്. ശരീരത്തിലെ കനം കൂടിയ മാംസപേശികളിൽ സംഭരിച്ചു വെക്കുന്ന കൊഴുപ്പ് ആവട്ടെ പൊണ്ണത്തടിക്ക് കാരണമാകും. പൊണ്ണത്തടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ കൊളസ്ട്രോൾ അധിഷ്ഠിത ഹൃദ്രോഗം വരെ എത്തുന്ന രോഗങ്ങളെപ്പോലെ ഗുരുതരമാണ്. ചുരുക്കത്തിൽ നാവിനെ രസിപ്പിക്കാൻ വേണ്ടി അമിതമായി ഭക്ഷണം കഴിക്കുന്നവർ തങ്ങളുടെ ശരീരത്തിൽ മിച്ചം വെക്കുന്ന അമിത കൊഴുപ്പ് വലിയ ഒരു രോഗ കാരണമായി പരിവർത്തിപ്പിക്കപ്പെടുന്നു.
ഇങ്ങനെ 11 മാസക്കാലം സംഭരിച്ച് വെക്കപ്പെടുന്ന കൊഴുപ്പിനെ ഒരു മാസത്തെ നിയന്ത്രണം കൊണ്ട് കൃത്യമായും കണിശമായും കൈകാര്യം ചെയ്തു പാകപ്പെടുത്തിയെടുക്കുക എന്നതാണ് പരിശുദ്ധ റമദാനിലെ നോമ്പ് വിശ്വാസികൾക്ക് ചെയ്തു കൊടുക്കുന്ന ഏറ്റവും വലിയ സേവനം. ശരിക്കും അമിതമായ കൊഴുപ്പിനെ അന്നാന്നു തന്നെ വ്യായാമ മുറകളിൽ ഏർപ്പെട്ടു കൊണ്ട് കത്തിച്ചു കളയണം എന്നാണ് ആധുനിക ആരോഗ്യശാസ്ത്രം പഠിപ്പിക്കുന്നത്. അത് തികച്ചും സത്യമാണ്. ഇസ്ലാം വ്യായാമം എന്നു പറയുന്നില്ലെങ്കിലും വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന വിവിധ മുറകൾ പലവിധേനയായി നിഷ്കർഷിച്ചിട്ടുള്ളത് കാണാം. അതിൻെറ ഒരു ലക്ഷ്യം ഇതും കൂടിയാണ്. എന്നാൽ ഒന്നോ രണ്ടോ ദിവസമോ മാസമോ മിതമായ അളവിൽ കൊഴുപ്പ് കെട്ടിക്കിടക്കുന്നത് കൊണ്ട് വലിയ അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. കാരണം അവയെയെല്ലാം ഫലപ്രദമായി നേരിടുവാൻ ആവശ്യമായ ക്ഷമത നമ്മുടെ ശരീരത്തിന് ഉണ്ട്. എന്നുവച്ച് ദീർഘകാലത്തിനുള്ള ഒരു പരിഹാരമായി ഈ ക്ഷമതയെ കാണാൻ ഒക്കില്ല. അതുകൊണ്ട് 11 മാസം എന്നത് പരമാവധിയാണ്. പതിനൊന്നുമാസം സംഭരിക്കപ്പെട്ട കൊഴുപ്പിനെ ഒരു മാസം കൊണ്ട് കൃത്യമായി കൈകാര്യം ചെയ്തു ഇല്ലാതെയാക്കാം. ഇതുതന്നെയാണ് നോമ്പിന്റെ ആരോഗ്യപരമായ പ്രധാന ഗുണം. നോമ്പിൻ്റെ ദൈർഘ്യത്തിനനുസരിച്ചാണ് അതിൻ്റെ ശാരീരിക സ്വാധീനങ്ങൾ അനുഭവപ്പെടുക. എട്ടുമണിക്കൂർ തുടർച്ചയായി ഭക്ഷണം ഒഴുവാക്കുമ്പോഴാണ് ശരീരം നിരാഹാര അവസ്ഥയിലെത്തുന്നത്. സാധാരണഗതിയിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഗ്ലൂക്കോസാണ് ശരീരത്തിലെ പ്രധാന ഊർജ്ജ സ്രോതസ്സ്. ഉപവാസസമയത്ത് ഈ ഗ്ലൂക്കോസാണ് ശരീരം ഉപയോഗിക്കുന്നത്. ഉപവാസം നീളുന്നതിനനുസരിച്ച് ഗ്ലൂക്കോസ് മുഴുവനും ഉപയോഗിച്ചുതീരുന്നു. കൊഴുപ്പാണ് ഊർജത്തിൻ്റെ അടുത്ത സ്രോതസ്സായി ശരീരം ഉപയോഗിക്കുന്നത്. ഊർജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെയാണ് മേൽപ്പറഞ്ഞതു പോലെ ശരീരഭാരം കുറക്കാനും അതുവഴി മസിലുകളെ സംരക്ഷിക്കാനും ശരീരത്തിൽ ദീർഘകാലമായി കെട്ടിക്കിടന്ന കാരണത്താൽ അടിഞ്ഞുകൂടിയ ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനും കഴിയുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ നിർവചനമനുസരിച്ച് ആരോഗ്യം എന്നു പറയുന്നത് കേവലം ശാരീരികമായ സ്വസ്ഥത മാത്രമല്ല, മറിച്ച് ശാരീരികാരോഗ്യത്തോടൊപ്പം മാനസികവും സാമൂഹികവും ആത്മീയവുമായ സ്വസ്ഥത കൂടി നേടിയാലെ മനുഷ്യനു സമ്പൂർണ ആരോഗ്യവാൻ എന്നു വിളിക്കാൻ സാധിക്കയുള്ളു. വ്രതാനുഷ്ഠാന വേളയിൽ കൃത്യമായി അനുവർത്തിക്കുന്ന നിസ്കാരവും പ്രാർത്ഥനയ്ക്കായി പള്ളികളിലേക്കുള്ള ദീർഘദൂര നടപ്പുമൊക്കെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നു. അവിഹിത ചിന്തകളെയും വാക്കുകളെയും പ്രവർത്തികളെയും നിയന്ത്രിക്കുന്നതിലൂടെ മാനസികമായ വിമലീകരണം സാധ്യമാകുന്നു. ഇത്തരം ഘടകങ്ങൾ എല്ലാം ചേരുമ്പോൾ പരിശുദ്ധ റമദാൻ ഒരു വിശ്വാസിയുടെ ഉൺമയുടെ എല്ലാ ഘടകങ്ങളിലേക്കും എത്തുന്ന ഒരു കാരുണ്യമായി മാറുന്നു.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso