Thoughts & Arts
Image

വീണ്ടും ചൂടിനെ പറ്റി തന്നെ..

30-04-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







ഇത് എഴുതുമ്പോഴും മനുഷ്യൻ കണ്ടുപിടിച്ച ശീതീകരണ സംവിധാനങ്ങളൊക്കെയും മനുഷ്യനെ പോലെ തന്നെ നിരാശയോടെ കുഴഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. അന്തരീക്ഷത്തിലെ ചൂട് അത്രയും ശക്തമായിരിക്കുകയാണ്. വകുപ്പ് തല കണക്കനുസരിച്ച് ചൂട് 40 ഡിഗ്രിയോട് പൊതുവേ അടുത്തിരിക്കുന്നു. കണക്കും അനുഭവവും പക്ഷേ എപ്പോഴും വ്യത്യാസപ്പെടാറുണ്ട്. അത് ഒരുപക്ഷേ, ശരിക്കും ചൂടിന്റെ സെൽഷ്യസ് അതിനേക്കാൾ കൂടുതൽ ഉണ്ടായതുകൊണ്ടാവാം. അല്ലെങ്കിൽ ചൂടിന്റെ അസഹ്യത കാരണം മനുഷ്യൻ്റെ മാനസികമായ അളവ്ശക്തികൾ നഷ്ടപ്പെടുന്നത് കൊണ്ടുമാവാം. ഏതായിരുന്നാലും കാണുന്നവർ കാണുന്നവർ ചോദിക്കുന്നുണ്ട്, ഇത്തരം ചൂട് പണ്ടെങ്ങാനും ഉണ്ടായിട്ടുണ്ടോ എന്ന്. എന്തിലെങ്കിലും പെട്ട് വഷളായി ഇരിക്കുമ്പോൾ പലപ്പോഴും ഇങ്ങനെയുള്ള നിരർത്ഥകങ്ങളായ ചോദ്യങ്ങളും ഉത്തരങ്ങളും സാധാരണമാണ്. അതിന് ഉത്തരം ഉണ്ടായിക്കൊള്ളണമെന്നില്ല, ഉണ്ടായാൽ തന്നെ അത് ശരിയായിക്കൊള്ളണമെന്നുമില്ല. അതൊക്കെ ഓരോ മനക്കണക്കുകൾ മാത്രമാണ്. അതിലേക്കൊന്നും പോയിട്ട് കാര്യമില്ല. പണ്ടെങ്ങാനും ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ശരിയുത്തരം കിട്ടിയാലും കിട്ടിയില്ലെങ്കിലും കൂട് എന്ന പ്രതിഭാസം അനുവർഷം സാധാരണയിൽ നിന്ന് വർദ്ധിച്ചു വലുതായി കൊണ്ടിരിക്കുകയാണ്. ചൂടു വർദ്ധിക്കുമ്പോഴെല്ലാം ഒന്നുകിൽ പഴമ്പുരാണത്തിൽ അഭയം കണ്ടെത്തുക, അല്ലെങ്കിൽ ചൂടിനോട് ഏറ്റുമുട്ടുവാൻ വിവിധ സംവിധാനങ്ങൾ അന്വേഷിച്ച് നടക്കുക എന്നിവയൊക്കെയല്ലാതെ അതിനുമപ്പുറത്ത് എന്തെങ്കിലും ചികിത്സയുണ്ടോ എന്ന ചിന്ത നേരെ വിപരീതം എന്ന് പറയട്ടെ കുറഞ്ഞുവരികയുമാണ്. ഇത്തരം ഒരു വർത്തമാനകാല സാഹചര്യത്തിൽ ചില സാധാരണ വിവരങ്ങൾ പങ്കുവെക്കേണ്ടതുണ്ട്. അത് നമുക്ക് പരിശോധിക്കാം. ഭൂമിയിലേക്ക് വരുന്ന ചൂടിന്റെ പ്രഭവസ്ഥാനം സൂര്യനാണ്. ആ ചൂട് തന്നെയാണ് സസ്യങ്ങളിൽ അന്നജമായി മാറുന്നതു മുതൽ നമ്മുടെ വൈദ്യുതി ഉപയോഗത്തിന് വേണ്ട സോളാർ എനർജി ആയി മാറുന്നത് വരെ. ഭൂമിക്ക് ചൂടും അന്നജവും എനർജിയും എല്ലാം നൽകുവാൻ മാത്രം ഭൂമിയെക്കാൾ എത്രയോ പതിന്മടങ്ങ് വലിപ്പം സൂര്യന് ഉണ്ട് എന്നാണ്. ഇതിനെക്കുറിച്ചുള്ള ശാസ്ത്രത്തിൻ്റെ നിഗമനം ഭൂമിയേക്കാൾ 109 ഇരട്ടി വലുപ്പമുണ്ട് സൂര്യന് എന്നാണ്. ഇത് വലുപ്പത്തിന്റെ കാര്യം. ഇനി ചൂടിന്റെ കാര്യം എടുക്കാം. 1,50,00,000 ഡിഗ്രി സെൽഷ്യസ് ആണ് സൂര്യൻ്റെ താപനില. ഈ താപനില പറയുമ്പോൾ സാധാരണ വായനക്കാർക്ക് അത് എത്രമാത്രം ഗ്രഹിക്കാനാകും എന്നറിയില്ല. അതിനാൽ ചെറിയ ഒരു ഉദാഹരണത്തിലൂടെ അത് പെട്ടെന്ന് അവർക്ക് മനസ്സിലാക്കാം. അതായത് ഒരു സൂചിയുടെ മുട്ടിനോളം പോന്ന ഇത്രയും ചൂടുള്ള ഒരു സാധനം ഭൂമിയിലേക്ക് പതിച്ചു എന്നിരിക്കട്ടെ, എന്നാൽ അതിൻ്റെ ചൂട് കൊണ്ട് മാത്രം അതിനു ചുറ്റുമുള്ള 100 കിലോമീറ്റർ സ്ഥലം കത്തിചാമ്പലാകും എന്നാണ് ആ ഉദാഹരണം. അമേരിക്കൻ ഭൗമ ശാസ്ത്രജ്ഞനായ ജോർജ് ഗാമോവിന്റെ നിഗമനമാണിത്. (സൗരയൂധം / ബിമൻ ബസു / ഡിസി ബുക്സ്). ഇനി ഭാരത്തിന്റെ കാര്യത്തിലേക്ക് കടന്നാലും സൂര്യൻ തന്നെയാണ് മുൻപിൽ. ഭൂമിയുടേതിനേക്കാള്‍ 3,30,000 മടങ്ങാണ് സൂര്യൻ്റെ ഭാരം. നമ്മുടെ ഗ്രഹത്തില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ഇത്ര തിളക്കത്തോടെ സൂര്യനെ കാണാന്‍ സാധിക്കുന്നെങ്കില്‍ അതിന്‌റെ ശോഭ എത്രയുണ്ടാകുമെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. അത് സൂചിപ്പിക്കുന്നത് സൂര്യൻ്റെ ശോഭയുടെ ശക്തിയാണ്. സൂര്യന്റെ 73 ശതമാനത്തോളം ഹൈഡ്രജനും 25 ശതമാനത്തോളം ഹീലിയവുമാണ്. നൈട്രജനും കാര്‍ബണുമടക്കമുള്ള ഭാരമേറിയ മൂലകങ്ങള്‍ ശേഷിക്കുന്ന ഒരു ശതമാനത്തോളം വരും. ഉയര്‍ന്ന താപനിലയിലായതിനാല്‍ ഇവയെല്ലാം, പദാര്‍ഥത്തിന്‌റെ നാലാമത്തെ അവസ്ഥയായ പ്ലാസ്മാ രൂപത്തിലാണ്. ചുരുക്കത്തിൽ, ചുട്ടുപൊള്ളുന്ന ഒരു പ്ലാസ്മാ ഗോളമാണ് സൂര്യന്‍. ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയമുണ്ടാകുന്ന തെര്‍മോ ന്യൂക്ലിയര്‍ ഫ്യൂഷനാണ് സൂര്യനിലെ അടിസ്ഥാന ഊര്‍ജ പ്രക്രിയ. ഓരോ സെക്കന്‍ഡിലും 70 കോടി ടണ്‍ ഹൈഡ്രജന്‍ 69.5 കോടി ടണ്‍ ഹീലിയമായി മാറുന്നു. ഈ പ്രക്രിയില്‍ ഉണ്ടാകുന്ന ഏതാണ്ട് 0.5 കോടി ടണ്‍ പിണ്ഡനഷ്ടം ഊര്‍ജമായി പുറന്തള്ളപ്പെടുന്നു. റേഡിയേഷന്‍, സോളാര്‍ വിന്‍ഡ്, പ്രകാശം, ചൂട് അങ്ങനെ വിവിധ രൂപത്തില്‍ അവ പുറത്തെത്തുന്നു. ഭൂമിയിലെ പ്രധാന ഊര്‍ജ സ്രോതസായി സൂര്യന്‍ മാറുന്നത് അങ്ങനെയാണ്.



സൂര്യൻ വർഷിക്കുന്ന ഈ ചൂടിനെയാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് ആശ്രയിക്കുന്നത് എന്ന് നാം കണ്ടു. അതിനാൽ തന്നെ ഈ ചൂട് കുറയുവാനോ കൂടുവാനോ പാടില്ല അത് ഒരേപോലെ നിൽക്കുകയാണ്. സൂര്യതാപം 13 ശതമാനം കുറഞ്ഞാൽ ഒരു മൈൽ കനത്തിൽ മഞ്ഞിന്റെ പുതപ്പ് ഭൂമിയുടെ മുകളിൽ രൂപപ്പെടും. ഈ ചൂട് 30% ഉയരുകയാണെങ്കിൽ സർവ്വജീവികളും നശിച്ചുപോകും. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പ്രകാശം എത്തിച്ചേരാൻ ഏകദേശം 8 മിനിട്ടും 20 സെക്കൻഡ് വേണം. അമ്പിന്റെ വേഗതയിൽ ഇങ്ങനെ എത്തിച്ചേരുന്ന ഈ ചൂടിനെ താങ്ങുവാൻ മനുഷ്യൻ എന്നല്ല ഭൂമുഖത്തെ ഒരു സൃഷ്ടിക്കും കഴിയില്ല. അജീവീയ വസ്തുക്കളായ പാറക്കല്ലുകൾ പോലും ഈ ചൂട് നിരന്തരമായി അനുഭവിച്ചാൽ അലിഞ്ഞും ഉരുകിയും എന്തോ ആയി മാറും. അതേ സമയം ഈ പ്രപഞ്ചത്തിൽ ഇത്ര ശക്തമായ ചൂട് ഉണ്ടായില്ലെങ്കിൽ അതിനനുസരിച്ച് അന്നജവും ഊർജ്ജവും കുറഞ്ഞു പോവുകയും പ്രപഞ്ചത്തിന്റെ താളം തെറ്റുകയും ചെയ്യും. അതിനാൽ ഈ ചൂട് കുറയുവാനോ കൂടുവാനോ പാടില്ല. ഇത്തരം ഒരു സന്നിഗ്ധ സാഹചര്യത്തിൽ ഭൂമിയിൽ അധിവസിക്കുന്ന, അധിവസിക്കേണ്ടുന്ന മനുഷ്യൻ എന്ന തൻ്റെ സാക്ഷാൽ പ്രതിനിധിക്ക് വേണ്ടി അല്ലാഹു തൻ്റെ കാരുണ്യം കൊണ്ട് ഈ ചൂടിനെ പാകപ്പെടുത്തി കൊടുത്തിരിക്കുന്നു. അല്ലാഹുവിൻ്റെ കാരുണ്യം എന്ന അർത്ഥത്തിലുള്ള ഇത്തരം എല്ലാ സേവന സഹായങ്ങളും അല്ലാഹു ചെയ്യുന്നത് കാര്യകാരണങ്ങളുമായി ബന്ധപ്പെടുത്തിയാണ്. നേരെ ചൊവ്വേ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുന്ന രീതിയല്ല പ്രപഞ്ചത്തിൽ അല്ലാഹു ആശ്രയിക്കുന്നത്. അവർക്ക് വേണ്ട ഒരു കാര്യത്തെ മറ്റൊരു കാര്യവുമായി ബന്ധിപ്പിക്കുന്നു. ആ കാര്യത്തെ വീണ്ടും മറ്റൊരു കാര്യമായി ബന്ധിപ്പിക്കുന്നു. ഈ ശ്രേണിയിലുള്ള ഓരോ കാര്യത്തെയും പരിഗണിക്കുമ്പോൾ മാത്രമാണ് അവന് നിശ്ചയമായും ആവശ്യമുള്ള ആ സേവനമോ സഹായമോ ലഭ്യമാകുന്നത്. എന്നാൽ പാരത്രിക ലോകത്ത് അങ്ങനെയല്ല. അവൻ നേരെ ചൊവ്വേ മനുഷ്യനു വേണ്ടതെല്ലാം നേരിട്ടു നൽകുകയാണ്. അവിടെയുള്ള ദാനങ്ങൾ ലഭിക്കുവാൻ മറ്റൊന്നും ചെയ്യുകയോ മറ്റെന്തിനെയെങ്കിലും ആശ്രയിക്കുകയോ വേണ്ടതായി വരില്ല. ഇത് ദുനിയാവും ആഖിറവും തമ്മിലുള്ള വ്യത്യാസവുമാണ്. സൂര്യനിൽ നിന്ന് വന്നിറങ്ങുന്ന ശക്തമായ താപത്തിൽ നിന്ന് തന്റെ പ്രതിനിധിയായ മനുഷ്യനെ സംരക്ഷിക്കുവാനും അവൻ്റെ പരീക്ഷണാലയവും താൽക്കാലിക വാസ സ്ഥാനവുമായി നിലനിൽക്കുന്ന ഭൂമിയെ സംരക്ഷിക്കുവാനും അല്ലാഹു പല കാര്യങ്ങളും ചെയ്തു വച്ചിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയുടെ അന്തരീക്ഷം.



ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതകങ്ങളുടെ ആവരണമാണ് വായുമണ്ഡലം അഥവാ അന്തരീക്ഷം. ഭൂമിയുടെ ഉപരിതലത്തിൽനിന്നു അനേകം കിലോമീറ്റർ ഉയരം വരെ അന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. മൊത്തത്തിൽ 600 നാഴികയോളമാണ് അന്തരീക്ഷത്തിൻ്റെ കനം എന്ന് അനുമാനിക്കപ്പെടുന്നു. അന്തരീക്ഷത്തെ ഭൂമിയോട് ചേർത്ത് നിർത്തുന്നത് ഭൂഗുരുത്വാകർഷണമാണ്. ഈ അന്തരീക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം സൂര്യനിൽ നിന്ന് വരുന്ന അതിശക്തമായ കൂടിനെ തടഞ്ഞുനിർത്തുകയും ആ ചൂടിന്റെ കാഠിന്യത്തെ ശിഥിലീകരിച്ച് ക്ഷയിപ്പിക്കുകയും ചെയ്യുക എന്നതാണ്. അതായത് സൂര്യനിൽ നിന്ന് വരുന്ന ശക്തമായ താപ രശ്മികളെ വായു എന്ന അന്തരീക്ഷം സ്വീകരിക്കുകയും തന്നിലൂടെ കടത്തി വിട്ടുകൊണ്ട് ആ കടത്തിവിടലിലൂടെ അതി കാഠിന്യത്തെ ക്ഷയിപ്പിക്കുകയും ആ വിധത്തിൽ അതിനെ പാകപ്പെടുത്തി പ്രകൃതിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ്. ഇതോടുകൂടി ചൂടു കൊണ്ടുള്ള എല്ലാ അപായങ്ങളും ഒരളവുവരെ മാറിക്കിട്ടും. ആ അന്തരീക്ഷത്തിൽ തന്നെ ഇനിയും മറ്റൊരു ദൈവ കാരുണ്യം കൂടി ഉണ്ട്. കാരണം അന്തരീക്ഷം കൊണ്ട് സൂര്യ രശ്മികളുടെ ആഘാതം മാത്രമേ കുറക്കാൻ കഴിയൂ. ആ രശ്മികളുടെ കൂട്ടത്തിൽ ആക്രമണ സ്വഭാവമുള്ള ചില രശ്മികൾ ഉണ്ട് അവയാണ് അൾട്രാ വയലറ്റ് രശ്മികൾ എന്ന് പറയുന്നത്. ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലുമായ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അൾട്രാവയലറ്റ് രശ്മികൾ മനുഷ്യന് വേണ്ടതു തന്നെയാണ്. കാരണം സാധാരണതോതിൽ മനുഷ്യരിൽ വിറ്റാമിൻ 'എ'യുടെ സംശ്ളേഷണത്തിന് ഇത് അനിവാര്യമാണ്. എന്നാൽ ഭൂമിയിൽ പതിക്കുന്ന ഈ രശ്മികളുടെ അളവു കൂടിയാൽ ഇതു സുര്യാഘാതത്തിനും ത്വക്ക് കാൻസറിനും ഇടയാക്കുന്നു. ഇതിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കുവാൻ അല്ലാഹു ഒരു അരിപ്പ സ്ഥാപിച്ചിട്ടുണ്ട്. അതാണ് ഓസോൺ പാളി. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നതിനു മുൻപ് അന്തരീക്ഷ മണ്ഡലത്തിലെ ഓസോൺ പാളി അതിന്റെ ഭൂരിഭാഗവും അവശോഷണം ചെയ്യുന്നു. സൂര്യനില്‍ നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ വര്‍ധിച്ച തോതില്‍ ഭൌമോപരിതലത്തില്‍ പതിച്ചാല്‍ അത് മനുഷ്യനും ജന്തുക്കള്‍ക്കും ഹാനികരമാകുകയും ആഗോള ആവാസ വ്യവസ്ഥയെ തന്നെ താറുമാറാക്കുകയും ചെയ്യും. ഈ വികിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ സ്വാഭാവിക ആവരണമാണ് ഓസോണ്‍പാളി. സ്ട്രാറ്റോസ്ഫിയറില്‍ സ്ഥിതിചെയ്യുന്ന ഒരു നേരിയ വാതക(ഓസോണ്‍) പാളിയാണിത്. 1970-കളില്‍ അന്റാര്‍ട്ടിക്കയില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായും മറ്റും ഈ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഫോം നിര്‍മാണം, ഇലക്ട്രോണിക വ്യവസായം എന്നീ മേഖലകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍ (CFCs) ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നതാണിതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഓസോണ്‍ പാളി ശോഷണം നിമിത്തം ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുന്നത് ത്വക്ക് അര്‍ബുദം, തിമിരം, രോഗപ്രതിരോധശക്തി ശോഷണം, സസ്യങ്ങളുടെ ഉത്പാദനക്ഷമതയില്‍ ശോഷണം, സൂക്ഷ്മസസ്യങ്ങളുടെ നാശം എന്നിവയുണ്ടാകുന്നു. ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍ ശോഷക വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനായി വിയന്നാ കണ്‍വെന്‍ഷന്‍ (1985), മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ (1987), ലണ്ടന്‍ (1990), കോപ്പന്‍ ഹാഗന്‍ (1992) ഉടമ്പടികള്‍ തുടങ്ങിയവ ഉണ്ടാക്കിയിട്ടുണ്ട്.



അന്തരീക്ഷം, അതിലടങ്ങിയിരിക്കുന്ന തട്ടുകൾ പിന്നെ ഓസോൺ പാളി, അതിന്റെ താഴെയുമുള്ള മറ്റു പല ഭൗമ അടുക്കുകൾ എന്നിവയെല്ലാം അല്ലാഹു മനുഷ്യൻ്റെ ചൂടിനെ നിയന്ത്രിക്കാൻ വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ കാര്യം അല്ലാഹു ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു: 'ആകാശത്തെ നാം സുരക്ഷിതമായ തട്ടുകൾ ആക്കി. എന്നാൽ അവരാകട്ടെ അതിലെ ദൃഷ്ടാന്തങ്ങളിൽ നിന്നും തിരിഞ്ഞു കളയുകയാണ് ' (ഖുർആൻ 21: 32) വിശുദ്ധ ഖുർആനിൻ്റെ ഈ തട്ടുകൾ എന്ന പ്രയോഗം അത് മനുഷ്യൻ ആദ്യമായി കേൾക്കുന്ന കാലം ശൂന്യമായ ആകാശത്തിലും അന്തരീക്ഷത്തിലും ഇത്തരം ഒരുപാട് തട്ടുകൾ സങ്കൽപ്പിക്കുവാൻ കഴിയുന്ന കാലമായിരുന്നില്ല. അതിനുമാത്രം വലിയ ശാസ്ത്ര വളർച്ച അന്ന് മനുഷ്യൻ നേടിയിരുന്നില്ല. പക്ഷേ വിശുദ്ധ ഖുർആൻ പറഞ്ഞുവെക്കുന്ന കാര്യങ്ങൾ അവതരണ സമയത്ത് ഉണ്ടായിക്കൊള്ളണമെന്ന് നിർബന്ധമില്ല. കാരണം വിശുദ്ധ ഖുർആൻ ജീവിക്കുന്ന ഒരു അമാനുഷികതയാണ്. അത് നിലവിലുള്ള, ഉണ്ടായ കാര്യങ്ങളെ മാത്രം ഉൾക്കൊണ്ടാൽ മതിയാവുകയില്ല. മറിച്ച് ലോകാവസാനം വരെ നിലക്കാത്ത ഒരു അമാനുഷിക അത്ഭുതമായി അത് നിലനിൽക്കേണ്ടതുണ്ട്. ആയതുകൊണ്ട് തന്നെയാണ് അവതരണ സമയത്ത് ഒരു നിലക്കും ഗ്രാഹ്യമല്ലാതിരുന്ന പല വസ്തുതകളും പിന്നീട് ശാസ്ത്രീയങ്ങളായി മാറിയത്. ഇപ്പോൾ ഈ തട്ടുകളെ കുറിച്ച് ശാസ്ത്രം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തെ പ്രധാനമായും ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ), ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ, എക്സോസ്ഫിയർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. 1961 ൽ രണ്ടു വാന ശാസ്ത്രജ്ഞന്മാർ നടത്തിയ യാത്രയുടെ വിവരണം നാഷണൽ ജിയോഗ്രഫിക്കൽ സ്റ്റഡീസിൽ റോസ് എന്ന യാത്രിക ഇങ്ങനെ കുറിച്ചു : 'ഞങ്ങൾ 30,500 മീററർ ഉയരത്തിലെത്തിയപ്പോൾ കണ്ട ആ കാഴ്‌ച അതിഗംഭീരമായിരുന്നു, അന്തരീക്ഷത്തിലെ വ്യത്യസ്‌ത പാളികളെ കുറിക്കുന്ന വർണങ്ങൾ കണ്ട്‌ വിസ്‌മയിച്ചുപോയി. ഭൂമിയിൽനിന്ന്‌ ഏതാണ്ട്‌ 16 കിലോമീററർവരെ ഉയരത്തിൽ കാണപ്പെടുന്ന തിളങ്ങുന്നതും വെള്ളകലർന്ന നീലനിറമുള്ളതുമായ ട്രോപ്പോസ്‌ഫിയർ ആണ്‌ അവയിൽ ആദ്യത്തേത്‌. പിന്നെ, ശൂന്യാകാശത്തിന്റെ കറുപ്പുമായി ഒടുവിൽ ചേരുന്നതുവരെ ഇരുണ്ടിരുണ്ടുവരുന്ന കടുംനീല സ്‌ട്രാറേറാസ്‌ഫിയർ ഉണ്ട്‌. അന്തരീക്ഷത്തിന്റെ അഭൗമ സൗന്ദര്യംകണ്ട്‌ ഞങ്ങൾ നിശ്ശബ്ദതയിൽ അത്ഭുതംകൂറിനിന്നു'. ഈ തട്ടുകൾക്കെല്ലാം വിവിധങ്ങളായ ദൗത്യങ്ങളുണ്ട് ഇവിടെ ചൂടിനെ കുറിച്ചുള്ള ചർച്ചയിൽ നാം ആ ഭാഗത്തോട് ചേർന്നുനിന്നു എന്ന് മാത്രം.



പിന്നെയും അല്ലാഹു തന്റെ പ്രതിനിധിയായ മനുഷ്യൻ്റെ ചൂടും വേവും കുറയ്ക്കുവാൻ രണ്ടു കാര്യങ്ങൾ കൂടി ചെയ്തിട്ടുണ്ട്. അവയിൽ ഒന്നാമത്തേത് പ്രകൃതിയിൽ അവൻ വിരിച്ചിട്ടിരിക്കുന്ന സസ്യങ്ങളാണ്. സസ്യങ്ങൾ അന്തരീക്ഷത്തിലെ ഊഷ്മാവിൻ്റെ കാഠിന്യത്തെ കുറക്കുന്നു. സൂര്യനിൽനിന്ന് വരുന്ന പ്രകാശരശ്മികളെ സ്വീകരിച്ചുകൊണ്ടാണ് സംശ്ലേഷണം വഴി സസ്യങ്ങൾ അന്നജം എന്ന അന്നം കണ്ടെത്തുന്നത്. അതോടൊപ്പം മനുഷ്യൻ ഉഛ്വസിക്കുന്ന കാർബൺഡയോക്സൈഡിനെ വലിച്ചെടുക്കുകയും അതുവഴി ഉണ്ടാകാൻ സാധ്യതയുള്ള താപ തരംഗത്തെ ലഘൂകരിക്കുകയും ചെയ്യുന്നു. പക്ഷേ ഇപ്പോൾ അനിയന്ത്രിതമായി മരങ്ങൾ മുറിച്ചുമാറ്റി അവിടങ്ങളിൽ സ്വന്തം മോഹങ്ങൾ കുഴിച്ചിടാൻ ഉള്ള ശ്രമത്തിലാണ് പുതിയ മനുഷ്യൻ. അത് പ്രപഞ്ചത്തിന്റെ ചൂട് നിയന്ത്രിക്കുവാൻ സൃഷ്ടാവ് ചെയ്ത സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കാരണം ഈ വിധത്തിൽ സസ്യങ്ങൾ മുറിച്ചുമാറ്റപ്പെടുകയോ പുതിയത് വെച്ചു പിടിപ്പിക്കപ്പെടാതിരിക്കുകയോ ചെയ്താൽ അത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. വനനശീകരണത്തിന് നിരവധി ദോഷഫലങ്ങളുണ്ട്. അവയിലൊന്നാണ് മണ്ണൊലിപ്പ്. മണ്ണിൻ്റെ മുകളിലെ പാളി ഇല്ലാതാക്കുന്നതാണ് മണ്ണൊലിപ്പ്. മണ്ണിനെ ബന്ധിപ്പിക്കുന്ന മരങ്ങൾ നീക്കം ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. തൽഫലമായി, കാറ്റും വെള്ളവും മണ്ണിൻ്റെ മുകളിലെ പാളിയെ കൊണ്ടുപോകുന്നു. മാത്രമല്ല, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളും ഇതുമൂലം സംഭവിക്കുന്നു. കൂടാതെ, മണ്ണൊലിപ്പ് വിവിധ വെള്ളപ്പൊക്കങ്ങൾക്ക് കാരണമാകുന്നു. മറ്റൊന്നാണ് ആഗോളതാപനം. നമ്മുടെ പരിസ്ഥിതിയിലെ മാറ്റത്തിൻ്റെ പ്രധാന കാരണം ആഗോളതാപനമാണ്. ഈ സീസണുകൾ ഇപ്പോൾ വൈകുകയാണ്. മാത്രമല്ല, അവയുടെ അനുപാതത്തിൽ അസന്തുലിതാവസ്ഥയുണ്ട്. താപനില അതിൻ്റെ തീവ്രതയിലെത്തുന്നു. ഈ വർഷം സമതലങ്ങളിൽ 50 ഡിഗ്രി ആയിരുന്നു, ഇത് എല്ലാറ്റിനും ഉപരിയായി. കൂടാതെ, ഹിമാലയൻ പർവതനിരകളിലെ ഹിമാനികൾ ഉരുകുകയാണ്. തൽഫലമായി, നമ്മുടെ നാട്ടിലെ മലയോര പ്രദേശങ്ങളെയും അവിടെ താമസിക്കുന്ന ആളുകളെയും വെള്ളപ്പൊക്കം ബാധിക്കുന്നു. മാത്രമല്ല, കുടിക്കാൻ അനുയോജ്യമായ വെള്ളത്തിൻ്റെ അനുപാതവും കുറയുന്നു. ജലചക്രത്തിലെ ആഘാതം, വന്യജീവികൾക്ക് തുടങ്ങി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങൾ ഇതിനാൽ ഉണ്ടാകുന്നു. അല്ലാഹു ചെയ്തു വെച്ച മറ്റൊന്ന് പർവ്വതങ്ങളാണ്. അവ ഭൂമിയുടെ സന്തുലിതത്വം നിലനിർത്തുന്നു. അതേസമയം ഭൂമിക്ക് ആവശ്യമായ വെള്ളം ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. ഇക്കാര്യങ്ങളും അല്ലാഹുവിൻ്റെ ഖുർആൻ പറഞ്ഞു വെക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: 'ഭൂമിയെ നാം വിരിക്കുകയും പർവ്വതങ്ങളെ അതിൽ സ്ഥാപിക്കുകയും നിശ്ചിത ക്രമത്തിൽ എല്ലാ വസ്തുക്കളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു. നിങ്ങൾക്കും നിങ്ങൾ ഭക്ഷണം കൊടുക്കാത്ത ഇതര ജീവികൾക്കും അതിൽ ഉപജീവന വിഭവങ്ങൾ നാം ഉണ്ടാക്കുകയും ചെയ്തു' (15: 19-20)



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso