മരിക്കാതിരിക്കട്ടെ, നമ്മുടെ മതേതരത്വം.
30-04-2024
Web Design
15 Comments
മുഹമ്മദ് തയ്യിൽ
പുതിയ കാലഘട്ടത്തിൽ വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യൻ്റെ ശ്രദ്ധയുടെ ദൈർഘ്യവും തീവ്രതയും കുറഞ്ഞിരിക്കുന്നു എന്നത്. മതവും മനശാസ്ത്രവും അതു പറയുന്നുണ്ട്. മനുഷ്യൻ്റെ ത്വരകളും തിരക്കുകളും സുഖങ്ങളോടുള്ള പ്രതിപത്തിയും വർദ്ധിക്കുമ്പോൾ ഒരൊറ്റ കാര്യത്തിൽ തീവ്രമായി നീണ്ടു ശ്രദ്ധിക്കുവാൻ മനുഷ്യന് കഴിയാതെ വരും എന്നാണ് ശാസ്ത്രം പറയുന്നത്. മതവും അതു തന്നെയാണ് പറയുന്നത്. വൈകാരികതകളോടുള്ള ഇഛ കൂടുന്നതിനനുസരിച്ച് മനുഷ്യൻ്റെ ശ്രദ്ധ, മനശക്തി എന്നിവയെല്ലാം കുറഞ്ഞുപോകും എന്നാണത്. ഇതു കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രധാന പ്രശ്നം വേദന, ഭയം, ആശങ്ക തുടങ്ങിയവയൊന്നും പിന്നെ മനുഷ്യനെ ഗൗരവമായി സ്വാധീനക്കില്ല എന്നതാണ്. തനിക്ക് ഒരു ആപത്തോ മാനഹാനിയോ ഉണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് വരാനിരിക്കുന്നു എന്ന് കേൾക്കുമ്പോൾ പുതിയ മനുഷ്യൻ ചിന്തിക്കുന്നത് അതിനെ എങ്ങനെ തടയാം എന്നല്ല, മറിച്ച് അതിനെ എങ്ങനെ മറികടക്കാം എന്നാണ്. രാജ്യത്തിൻ്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ഇല്ലെങ്കിൽ അത് ഗുരുതരമായ അപകടങ്ങൾ വരുത്തിവെക്കുമെന്നും പറയേണ്ട ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദിനങ്ങളിൽ ഇങ്ങനെ ഒരു ആമുഖം പറഞ്ഞുവെക്കുന്നത് രാജ്യത്തെക്കുറിച്ചും അതിൻ്റെ ഭാവിയെ കുറച്ചും ചിലത് പറയുവാൻ വേണ്ടിയാണ്. എല്ലാവർക്കും മനസ്സിലാക്കാവുന്ന അത്ര വ്യക്തമായി കാര്യങ്ങൾ പ്രതികൂലതയിലേക്ക് പുരോഗമിച്ചുവരുന്നു എന്നിട്ടും ജനങ്ങൾ അതിന്റെ ഗൗരവം ഉൾക്കൊള്ളാത്തതും ഇതിൽ നിന്ന് മാറ്റമില്ലെങ്കിൽ രാജ്യത്തിനു മുന്നോട്ട് പോകാൻ കഴിയില്ല എന്ന് ഉറപ്പായിട്ടും മാറി ചിന്തിക്കുവാൻ മഹാഭൂരിപക്ഷവും തയ്യാറാവാത്തതും നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞുനോക്കുകയെങ്കിലും ചെയ്യാമെന്നു കരുതുന്നത്. ഉദാഹരണമായി, വൈദേശിക ആധിപത്യം നിലനിൽക്കുന്ന കാലത്ത് ഇവർ ഇവിടെ തന്നെ ഇനിയും നിന്നാൽ അത് രാജ്യത്തിൻ്റെ അസ്തിത്വത്തെ തന്നെ നഷ്ടപ്പെടുത്തും എന്ന് അന്നത്തെ നേതൃത്വം ഉൾക്കൊണ്ടത് കൊണ്ടാണ് സ്വാതന്ത്ര്യ സമരവും അതിനെ തുടർന്ന് രാജ്യവും ഉണ്ടായത്. അത് ഇന്നും ഇക്കാലത്തും ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ആ വൈദേശിക അധിപതികളുമായി എങ്ങനെയെല്ലാം നീക്കുപോക്ക് നടത്തി മുന്നോട്ട് പോകാം എന്ന് ചിന്തിക്കുന്ന തിരക്കിലായിരിക്കും എല്ലാവരും.
തങ്ങളുടെ സ്വന്തം സുഖങ്ങൾ എന്ന ത്വരയാണ് ചിന്താശക്തിക്കു വിഘാതമായി നിൽക്കുന്ന അടിസ്ഥാന ഘടകം. അതും വെറുതെ പറയുന്നതല്ല. അതിൻ്റെ തെളിവാണ് ഇപ്പുറത്ത് നിന്നുകൊണ്ട് രാജ്യം എന്ന വികാരം ഉയർത്തിപ്പിടിക്കേണ്ട പലരും രഹസ്യമായി അവരുമായി ചർച്ചകൾ നടത്തി കൂറുമാറുകയും കൂടുമാറുകയും ചെയ്യുന്നത്. ഇനി വരാനിരിക്കുന്ന ഇന്ത്യയിൽ അവരെ അധികാരത്തിൽ നിന്ന് വലിച്ചിടാൻ കഴിയില്ല എന്ന് മനസ്സുകൊണ്ട് കാണുന്ന പല നേതാക്കളും തൻ്റെ സ്വന്തം ഭാവി ഉറപ്പാക്കുന്ന തിരക്കിലാണ്. ജയിച്ചിട്ട് കാലു മാറുകയാണ് എങ്കിൽ കേന്ദ്രമന്ത്രി സ്ഥാനവും ജയിക്കാതെ കാലു മാറുകയാണ് എങ്കിൽ രാജ്യസഭ വഴി പാർലമെൻറിൽ സ്ഥാനവും നേടാനുള്ള സാധ്യത തൂങ്ങി നിൽക്കുന്ന പലരും ജനങ്ങളുടെ മുമ്പിലൂടെ കൈകൂപ്പി വോട്ടുതേടി നടക്കുന്നവരിലുണ്ട് എന്നുവരെ പറഞ്ഞു കേൾക്കുന്നുണ്ട്. സത്യമായിക്കൊള്ളണമെന്നില്ല. എന്നാലും ആ സാധ്യതയൊന്നും അത്ര ബലത്തിൽ തള്ളിക്കളയാൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ. ഒപ്പം മറ്റൊരു തത്വം കൂടി പറയാം. നേരത്തെ നാം പറഞ്ഞ ശ്രദ്ധയും ചിന്തയുമാണ് ആത്മാർത്ഥതയുടെ പ്രഭവ കേന്ദ്രം. നന്നായി ശ്രദ്ധിച്ചും ചിന്തിച്ചും എത്തിച്ചേർന്ന കാര്യങ്ങൾ ചെയ്യുന്നതിലാണ് ആത്മാർത്ഥത കുടികൊള്ളുന്നത്. ഇവിടെ ആ ശേഷി മനുഷ്യന് കുറഞ്ഞുവന്നിരിക്കുന്നു എന്ന് നാം കാണുമ്പോൾ അതിൻ്റെ അർത്ഥം മനുഷ്യന് ആത്മാർത്ഥത കുറഞ്ഞിരിക്കുന്നു എന്നാണ് അത് അർഥമാക്കുന്നത്. ആത്മാർതയില്ലാത്തവൻ എന്തും അഭിനയിക്കുക മാത്രമായിരിക്കും. ഈ തത്വം മനസ്സിലാക്കുവാൻ മതത്തെ തന്നെ ഉദാഹരണമായി എടുക്കാം. മതം നേടിത്തരുന്ന ഭൗതികവും പാരത്രികവുമായ നേട്ടങ്ങളെ ശരിയായി പഠിച്ചും മനസ്സിലാക്കിയും ആരാധനയിലും ആചാരത്തിലും ഇടപെടുന്നവർക്ക് വല്ലാത്ത ഒരു ആത്മാർത്ഥത ഉണ്ടായിരിക്കും. അതേസമയം മറ്റെന്തെങ്കിലും പ്രേരണ പ്രകാരമോ മറ്റാരെയെങ്കിലും ബോധിപ്പിക്കാൻ വേണ്ടി മാത്രമോ ആരാധനയേയും ആരാധനാലയത്തെയും ആത്മീയ വിഷയങ്ങളെയും സമീപിക്കുന്നവൻ ആരാധിക്കുമ്പോഴും ആചരിക്കുമ്പോഴും വെറുതെ അഭിനയിക്കുക മാത്രമായിരിക്കും ചെയ്യുന്നത്. ആ അഭിനയമാണ് നമ്മുടെ ജനതയിൽ നടക്കുന്നത്. അതുകൊണ്ട് തത്വങ്ങളും സത്യങ്ങളും - കാപട്യവും അസത്യങ്ങളും ഇത്രമേൽ മറനീക്കി പുറത്തു വന്നിട്ടും - വഴിയോരത്തേക്ക് കാഴ്ചക്കാരായി മാറി നിൽക്കേണ്ട സാഹചര്യമാണ് ഉള്ളത്. ആത്മാർത്ഥത ഉള്ളവന് മാത്രമേ സത്യങ്ങളോടും തത്വങ്ങളോടും തത്വതീക്ഷയില്ലാത്ത സമീപനം പുലർത്താൻ കഴിയൂ. അങ്ങനെ ആത്മാർത്ഥതയുള്ളവർ പുതിയ ഇന്ത്യയിൽ നയിക്കുന്നവരിലോ അവരുടെ എതിർച്ചേരിയിൽ നിൽക്കുന്നവരിലോ വളരെ കുറവാണ് എന്ന് പറഞ്ഞാൽ അതും തെറ്റാവില്ല. വളരെ കുറവ് എന്നാൽ ഭരണത്തിൻ്റെ മാന്ത്രിക രേഖ കടക്കാൻ കഴിയാതെ പ്രതിപക്ഷ ബഞ്ചിലിരിക്കേണ്ട ഗതിയിലാണ് സത്യവും തത്വവും രാജ്യവുമെല്ലാം എന്നർഥം.
ഇത്തരം ഒരു ആമുഖത്തിനുശേഷം ശീർഷകത്തിലേക്ക് വരുന്നതായിരിക്കും വായനക്കാർക്ക് സൗകര്യം എന്നു കരുതുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഇന്ത്യ എന്ന രാജ്യത്തിൻ്റെ മതം ഏതാണ് എന്ന് നിശ്ചയിക്കേണ്ടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്തിൻ്റെ ഭൂതകാലത്തെ വേദനിപ്പിക്കുകയും വർത്തമാനകാലത്തെ ആശങ്കപ്പെടുത്തുകയും ഭാവികാലത്തെ ഭീതിപ്പെടുത്തുകയും ചെയ്യുന്നത് സത്യത്തിൽ ഈ ചോദ്യവും അതിൻ്റെ ഉത്തരവുമാണ്. അതിനാൽ ഈ ചോദ്യത്തിനും ഉത്തരത്തിനും ഈ തിരഞ്ഞെടുപ്പിനോളം പ്രസക്തിയും പ്രാധാന്യവും ഉണ്ട്. എന്നല്ല ഈ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന ആശയം തന്നെ അതായിരിക്കേണ്ടതുണ്ട്. മതം എന്നാൽ മുന്നോട്ടുള്ള ഗമനത്തിൻ്റെ വീഥിയും രീതിയും ആണ്. അഥവാ ഏതു വഴിയിലൂടെ ഏത് രീതിയിലൂടെയാണ് രാജ്യത്തിന് അതിൻ്റെ ഗതകാലത്തിന്റെ അഭിമാനം സംരക്ഷിച്ചും വർത്തമാന കാലഘട്ടത്തിന്റെ വേദനകളെ പരിഹരിച്ചും ഭാവിയുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ചും മുന്നോട്ടുപോകേണ്ടത് എന്നു കണ്ടെത്തേണ്ട വിഷയമാണിത്. അത് കണ്ടെത്തുകയും കണ്ടെത്തിയ ഉത്തരത്തെക്കുറിച്ച് ആഴത്തിൽ വീണ്ടും വീണ്ടും ആലോചിച്ച് മനസ്സിലും ബുദ്ധിയിലും ഉറപ്പിക്കുകയും അതു പാലിക്കുവാനും സംരക്ഷിക്കുവാനും വേണ്ടി നിലകൊള്ളുവാൻ പ്രതിജ്ഞ എടുത്ത് ആത്മാർത്ഥരായി തീരുവാനും അത് കൈമുതലാക്കി ലക്ഷ്യം നേടുന്നത് വരെയുള്ള മാന്യമായ പോരാട്ടം നടത്തുവാനും ഇപ്പോഴുള്ള ഇന്ത്യക്കാർ തയ്യാറാവുകയാണെങ്കിൽ മാത്രമാണ് രാജ്യം എന്ന അസ്ഥിത്വം പൂർണ്ണമായ അർത്ഥത്തിൽ നിലനിൽക്കുക. ഇല്ലെങ്കിൽ ഇപ്പോഴത്തെ പോലെ കയ്യൂക്ക് തന്നെയായിരിക്കും രാജ്യം ഭരിക്കുക. അപ്പോൾ വെറും ഒരാളുടെ അല്ലെങ്കിൽ അയാളിൽ നിന്നുള്ള ഔദാര്യങ്ങളുടെ സുഖങ്ങളിൽ അഭിരമിക്കുന്നവരുടെ താല്പര്യങ്ങൾ ആയി രാജ്യം മാറും. അഞ്ചു നൂറ്റാണ്ടോളം നിലനിന്ന ഒരു പള്ളി തകർക്കുകയും അവിടെ ബലപ്രയോഗത്തിലൂടെ ഒരമ്പലം പണിയുകയും അത് രാജ്യത്തിൻ്റെ പൊതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതും രാജ്യത്തിൻ്റെ ഭരണ സിരാകേന്ദ്രം ഒരു മതത്തിൻ്റെ പുരോഹിതന്മാർ നിർവഹിച്ചതും വരെ അനുഭവിച്ച വൈരുദ്ധ്യങ്ങൾ ആരെയും ഒട്ടും വേദനിപ്പിക്കാത്ത കൂളായ സാധാരണ സംഭവങ്ങളായത് അതിൻ്റെ ഫലമാണ്. നാം ഇത്രയും വലിയ ഒരു രാജ്യക്കാർ ഇതെല്ലാം വെറുതെ കണ്ടു നിൽക്കേണ്ടിവന്നു. ആരും അതിലൊന്നും കാര്യമായി വേദനിച്ചില്ല. വേദനിച്ചിട്ട് കാര്യവുമില്ല. കാരണം അവരുടെ വേദനകൾക്ക് മാത്രമാണ് രാജ്യം വിലകൽപ്പിക്കുന്നത്. മറ്റുള്ളവരുടെ വേദനകൾ ഇവരുടെ സുഖവും ആനന്ദവും ആണ്. ഇങ്ങനെയെല്ലാമുള്ള ഏകപക്ഷീയതയും സ്വജനപക്ഷപാതവുമെല്ലാം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഗമനവീഥിയും ഗമനരീതിയും നിശ്ചയിക്കാത്തതുകൊണ്ടോ അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിക്കാത്തതു കൊണ്ടോ ആണ്. അതുകൊണ്ടെല്ലാമാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.
നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിൻ്റെ മതം മതേതരത്വമാണ്. അതിന് പ്രധാനമായും മൂന്ന് ന്യായങ്ങളാണ് ഉള്ളത്. ഒന്നാമതായി നമ്മുടെ രാജ്യത്തെ വൈദേശികാധിപത്യത്തിൽ നിന്ന് മോചിപ്പിച്ചടുത്തത് മതേതരത്വമായിരുന്നു എന്നതാണ്. അതായത് ഇരുനൂറു കൊല്ലം ഭരണം നടത്തിയ ബ്രിട്ടിഷുകാരുടെ ഉള്ളു വിറച്ചതും അവർ എല്ലാം വിട്ടോടിയതും ഇന്ത്യയിലെ ജനങ്ങൾ തങ്ങളിലെ ജാതീയവും വർഗ്ഗീയവും സാമൂഹ്യവുമായ ഉച്ചനീചത്വങ്ങളെ മാറ്റി വെച്ച് ഒന്നിച്ചു നിന്നപ്പോഴായിരുന്നു. തങ്ങളുടെ കുൽസിത ശ്രമങ്ങൾ എല്ലാം ശക്തമായിരുന്നിട്ടും ഇത്തരം ഒരു മനോഭാവമാണ് തങ്ങളെയും തങ്ങളുടെ മോഹങ്ങളെയും തകർത്തത് എന്ന് അവർക്കറിയാമായിരുന്നു. രണ്ടാമതായി സ്വതന്ത്ര ഇന്ത്യ നേടിയ എല്ലാ നേട്ടങ്ങളിലും മതേതരത്വവും ജനാധിപത്യവും ഉൾച്ചേർന്നിരുന്നു എന്നതാണ്. നേടിയതെല്ലാം ഒരു മതവിഭാഗത്തിൻ്റെ പേരിൽ കിട്ടിയതാണ് എന്ന് പറയുവാൻ ഒരാൾക്കും കഴിയില്ല. സത്യത്തിൽ നേടിയതെല്ലാം നേടിയത് ജനാധിപത്യവും മതേതരത്വവും കൊണ്ട് രാജ്യം നേടിയ ശേഷി കൊണ്ടു തന്നെയാണ്. അത് സ്ഥാപിക്കാൻ വേണ്ട ഏറ്റവും സരളമായ ഉദാഹരണമാണ് പാക്കിസ്ഥാൻ. മതത്തിൻ്റെ പേരിൽ വീറും വാശിയും കാണിച്ചു രൂപീകൃതമായ ആ രാജ്യം ഉണ്ടായിട്ട് ഇന്നുവരെ ഒരുതരം ശാന്തിയും അനുഭവിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. പ്രധാനമന്ത്രിമാരെല്ലാം കൊല്ലപ്പെടുകയോ ഭരണകാലം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ജയിലിലേക്ക് പോകേണ്ടിവരികയോ ചെയ്ത അനുഭവമാണ് അവിടെ നിന്ന് കേൾക്കുന്നത്. എന്നാൽ ഇന്ത്യക്ക് ആഭ്യന്തരമോ ബാഹ്യമോ ആയ അത്തരമൊരു വെല്ലുവിളിയും ഇന്നേവരെ കാര്യമായി നേരിടേണ്ടതായി വരികയോ നേരിട്ടപ്പോൾ പരാജയപ്പെടേണ്ടി വരികയോ ചെയ്തിട്ടില്ല. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യൻ മതേതരത്വത്തിന്റെ ശക്തിയാണ്. മൂന്നാമതായി, ഈ രാജ്യത്തിന് ഏറ്റവും ഗുണകരം മതേതരത്വം എന്ന മതം തന്നെയാണ്. അതിൻ്റെ ന്യായമാണ് രാജ്യം നേടിയ പുരോഗതികൾ. ഇന്ത്യയുടെ ഗതകാല നല്ല നാളുകൾ അതിന് ഉദാഹരണമാണ്. അന്ന് രാജ്യത്തിന് മതേതരമായിട്ടുള്ള ഒരു ആത്മീയത ഉണ്ടായിരുന്നു. നെഹ്‌റു, പട്ടേല്‍, ഗാന്ധിജി, ഭഗത് സിംഗ്, ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍, അബുല്‍ കലാം ആസാദ് തുടങ്ങിയവരൊക്കെ വ്യത്യസ്തമായ ആശയ സംഹിതകള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നിര്‍മിച്ചെടുക്കുന്നതില്‍ ആസാദിന്റെ പങ്ക് വളരെ വലുതാണെന്ന് കാണാം. ഇന്ത്യയിലെ വളരെ ഉയര്‍ന്ന വ്യക്തിത്വമായിട്ടാണ് അബുല്‍ കലാം ആസാദിനെ കാണപ്പെടുന്നത്. അദ്ദേഹം ഒരു മത വിശ്വാസിയായിരുന്നു. ഇസ്‌ലാമിക തിയോളജിയില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. അതില്‍ വളരെയധികം പഠനം നടത്തിയിട്ടുള്ള ആളാണദ്ദേഹം. പക്ഷേ, അദ്ദേഹത്തിന് മഹാത്മാ ഗാന്ധിയെ പോലുള്ള ഒരു ഹിന്ദുമത വിശ്വാസിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍, അല്ലെങ്കില്‍ മതങ്ങളെ തന്നെ നിരാകരിച്ച് ജീവിച്ച നെഹ്‌റുവിന്റെ കൂടെ നില്‍ക്കാന്‍, ബുദ്ധ ചിന്താ ദാര്‍ശനികനായി നിന്ന അംബേദ്കറുടെ കൂടെ ചേർന്നു നിൽക്കാൻ അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായില്ല. അടിമത്വത്തിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റ രാജ്യം അനന്യമായ നേട്ടങ്ങൾ വാരിക്കുട്ടി. അതിന് പ്രചോദനം മതേതരത്വമായിരുന്നു. മൗലാനാ ആസാദ് താൻ കടുത്ത ഇസ്ലാം മത വിശ്വാസിയാണെങ്കിലും തൻ്റെ രാജ്യവും രാജ്യക്കാരും അങ്ങനെയാകണം എന്ന് ആഗ്രഹിക്കുകയോ അതിനു വേണ്ടി എന്തെങ്കിലും ചെയ്യുകയോ ഉണ്ടായില്ല. താൻ കടുത്ത ഹൈന്ദവ വിശ്വാസിയാണെങ്കിലും തൻ്റെ ചുറ്റുപാടും ഉള്ളവർ അങ്ങനെ തന്നെയായിരിക്കണമെന്ന് ഗാന്ധിജി വാശിപിടിക്കുകയോ ചെയ്തില്ല. താൻ ഒരു നാസ്തികനാണ് എങ്കിലും രാജ്യം നാസ്തികമായിരിക്കണം എന്ന് നെഹ്റു വാശി കാണിച്ചില്ല. അതുകൊണ്ട് മതേതരത്വം എന്ന സങ്കല്പം മരിക്കാതെ കുറേക്കാലം നിലനിന്നു.
1976-ൽ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ 'മതേതരത്വം' എന്ന പദം നിലവിൽ വന്നത്. മതേതരത്വം എന്നാൽ മതത്തിൽ നിന്ന് ഗവൺമെൻ്റിനെ വേർതിരിക്കുന്നതാണ്, അതായത് ഇന്ത്യൻ സർക്കാർ ഏതെങ്കിലും പ്രത്യേക മതത്തെ പിന്തുടരുകയോ അനുകൂലിക്കുകയോ ചെയ്യരുത്, മറിച്ച് എല്ലാ മതങ്ങളെയും തുല്യമായി അംഗീകരിക്കണം എന്നാണ് അത് അർഥമാക്കുന്നത്. മതേതരത്വത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഓരോ പൗരനും നൽകുന്ന ചില അടിസ്ഥാന അവകാശങ്ങളുണ്ട്, അവയാണ് അവകാശപ്പെടാനുള്ള അവകാശം, മനസാക്ഷിയുടെ സ്വാതന്ത്ര്യം, പ്രാക്ടീസ് ചെയ്യാനുള്ള അവകാശം എന്നിവ. ഈ അവകാശങ്ങൾ ആരെങ്കിലും തടസ്സപ്പെടുത്തുകയാണെങ്കിൽ, അത് ക്രിമിനൽ കുറ്റമായി അനുവദിക്കുകയും നിയമപ്രകാരം ആ വ്യക്തിയെ ശിക്ഷിക്കുകയും ചെയ്യും എന്നാണ് നിയമം. അതേ സമയം മതന്യൂനപക്ഷങ്ങൾക്ക് തങ്ങൾ വിവേചനം അനുഭവിക്കുന്നില്ല എന്ന തോന്നലുണ്ടാക്കാൻ സർക്കാർ സംവരണം നൽകുന്നുമുണ്ട്. ഇത്തരം നിയമങ്ങളുടെ പരിരക്ഷ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് സത്യത്തിൽ ഇന്ത്യ നേടിയതെല്ലാം നേടിയത്. രാജ്യം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്ന് കാണുകയും ഇങ്ങനെ പോയാൽ ഈ രാജ്യം ലോകത്തെ സാമ്രാജ്യങ്ങളെ പോലും പിന്തള്ളുമെന്നും ഭീതിയോടെ കണ്ടവരുണ്ട്. അവർ ചെറിയ ചെറിയ രീതിയിലും രൂപത്തിലും മതേതരത്വത്തെ ശല്യപ്പെടുത്താൻ നേരത്തെ തുടങ്ങിയിരുന്നു. വൈദേശികാധിപത്യത്തില്‍നിന്നും മോചനം നേടി ആറു മാസം പിന്നിടുന്നതിനുമുമ്പുതന്നെ രാഷ്ട്രപിതാവ് രക്തസാക്ഷിയാവേണ്ടിവന്നത് ഇന്ത്യക്കാരനായ ഇത്തരമൊരു വര്‍ഗീയ തീവ്രവാദിയുടെ തോക്കിലൂടെയാണ്. 1984 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം ലോകത്തിനുമുമ്പില്‍ ഇന്ത്യയുടെ നിറം കെടുത്തി. ഭഗല്‍പൂര്‍, മുറദാബാദ്, നെല്ലി, ഭീവണ്ഡി കലാപങ്ങള്‍ ഇന്ത്യക്കുമേല്‍ ചോരപ്പാടുകള്‍ തീര്‍ത്തു. ലോക രാഷ്ട്രങ്ങള്‍ക്ക്മുമ്പില്‍ ഇന്ത്യ തല കുനിക്കേണ്ടിവന്ന രണ്ടാമത്തെ വന്‍ ദുരന്തം നടന്നത് 1992 ലെ ബാബരി മസ്ജിദ് ധ്വംസനത്തോടെയാണ്. രാമരാജ്യ സങ്കല്‍പവും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവും ലക്ഷ്യമാക്കി 1990 കളുടെ ആദ്യത്തില്‍ എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര അവസാനിച്ചത് ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഭാരതത്തിന്റെ അഭിമാന സ്തംഭങ്ങളെ തച്ചുടച്ചുകൊണ്ടായിരുന്നു. കാണാമറയത്തിരുന്ന് മതേതരത്വത്തിനെതിരെ അമ്പെറിഞ്ഞിരുന്ന വർഗീയ ശക്തികൾ പിന്നെപ്പിന്നെ കാലുറപ്പിക്കാൻ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാക്കിയ കലാപങ്ങളെ കൃത്രിമ ശക്തിയായി പരിവർത്തിപ്പിച്ചെടുത്ത് രണ്ട് എം.പിമാര്‍ മാത്രമുണ്ടായിരുന്ന വർഗ്ഗീയതയുടെ ആസാമികൾ കൂട്ടുകക്ഷി സംവിധാനത്തിലൂടെയാണെങ്കിലും ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തില്‍ കയറിപ്പറ്റി. തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ അവർ അധികാരത്തിലേറി. വര്‍ഗീയ ലഹള എന്ന പേരില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഏകപക്ഷീയമായി ഹനിക്കപ്പെടുന്ന കൊലവിളികള്‍ നിരവധിയുണ്ടായി. 1992 -1993 കാലയളവില്‍ മണ്ണിന്റെ മക്കള്‍ വാദത്തില്‍നിന്നും ഹിന്ദുത്വ തീവ്രവാദത്തിലേക്ക് ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ചുവടുവെച്ചു. താക്കറെയുടെയും ശിവസേന നേതാക്കളുടെയും നാക്കും വാക്കും 1993 ലെ മുംബൈ കലാപം ഉള്‍പ്പെടെ നിരവധി മുസ്ലിം വേട്ടകള്‍ക്ക് വഴിവെച്ചു. അതു വളർന്ന് സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട പിന്തുണയോടെ ഉണ്ടായ ഏറ്റവും വലുതും ആസൂത്രിതവുമായ വംശഹത്യയായിരുന്നു 2002 ല്‍ നരേന്ദ്ര മോദിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ ഗുജറാത്ത് കലാപം. വ്യാജ ഏറ്റു മുട്ടല്‍ എന്ന ഏകപക്ഷീയ കൊലപാതകങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കംകുറിക്കുന്നതും അവിടെ നിന്നുതന്നെയാണ്. ഹൈദരാബാദിലെ ഇരട്ട സ്ഫോടനം, മക്ക മസ്ജിദ് സ്ഫോടനം, മലേഗാവ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്‌ഫോടനം തുടങ്ങി നൂറുകണക്കിന് നരഹത്യകളുടെ അന്തര്‍ധാരകള്‍ രാജ്യ സുരക്ഷാ സംവിധാനങ്ങളെപോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. മതേതരത്വം നശിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളും നാൾവഴികളും പോലും പറയാൻ നമ്മുടെ പേജുകൾ മതിയാവാത്ത അത്ര വലുതാണ്.
ഫാസിസ്റ്റ് ശക്തികൾ ഇത്തരം അക്രമങ്ങളിലൂടെ നേടിയെടുത്തത് ഹൈന്ദവ സമൂഹത്തിനുള്ളിൽ ന്യൂനപക്ഷങ്ങൾക്കു നേരെ ഒരു വിദ്വേഷ വികാരം വളർത്തിയെടുത്തു എന്നതാണ്. ഈ വഴിക്ക് ഭൂരിപക്ഷത്തിൻ്റെ പിന്തുണ നേടിയെടുത്തതിനാലാണ് അവർ ഇന്ദ്രപ്രസ്ഥത്തിൽ ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നത്. പണ്ടുകാലങ്ങളിൽ അതില്ലായിരുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1921ലെ മലബാർ ലഹള. കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാഖ്യാനങ്ങളനുസരിച്ച് അത് ഒരു ഹിന്ദു-മുസ്ലിം സംഘർഷമായിരുന്നു എന്ന് പ്രചരണം ഉണ്ട്. പക്ഷേ എന്നിട്ടും ആ ലഹള മലപ്പുറം ജില്ലയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നിതാന്തമായ ഒരു വെറുപ്പ് സൃഷ്ടിച്ചില്ല എന്നത് ഒരു വസ്തുതയാണ്. കലാപം കഴിഞ്ഞിട്ട് പോലും വളരെ ശാന്തരായിട്ട് തന്നെയാണ് ആളുകള്‍ ഇവിടെ ഇടപഴകി ജീവിക്കുന്നത്. ഈ ഉള്ളുകളളികൾ പക്ഷേ പലരും മറന്നു പോവുകയാണ്. നാം പറഞ്ഞു തുടങ്ങിയത് പോലെ ആഴത്തിൽ ചിന്തിക്കുവാനോ മനസ്സിനെ അത് ബോധ്യപ്പെടുത്തുവാനോ ഒന്നും പലരും മെനക്കെടുന്നില്ല. ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങൾ ഓരോന്ന് വരവു വയ്ക്കുകയും വ്യാഖ്യാനിച്ചും ന്യായീകരിച്ചും മാത്രം അതിനെ ലഘൂകരിക്കുവാൻ ശ്രമിക്കുകയുമാണ് ജനങ്ങൾ ചെയ്യുന്നത്. ഇത് തുടർന്നാൽ മതേതരത്വത്തിന്റെ മരണം പൂർണ്ണമാകും. അങ്ങനെ വന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ പൂന്തോട്ടം എന്ന് കവികൾ പാടി പുകഴ്ത്തിയ ഇന്ത്യയുടെ മണ്ണും മനസ്സും വെന്ത ഇറച്ചിയുടെ ഗന്ധമുയരുന്ന കലാപ ഭൂമിയായി മാറും. അപ്പോൾ അത് ഓരോരുത്തരേയും നന്നായി ബാധിക്കും. ഇപ്പോൾ തങ്ങളുടെ ശത്രുക്കളെ വകവരുത്തുവാനും വരുതിയിൽ നിർത്തുവാനും ഏറ്റവും പ്രധാനപ്പെട്ട പ്രതിബന്ധമായി അവർ കാണുന്നത് മതേതരത്വം എന്ന വാക്കാണ്. ആ കാര്യം അവരിൽ പലരും തുറന്നു പറയുകയും ചെയ്തു. ഏറ്റവും അവസാനത്തെ ഒരു ഉദാഹരണം ഈ വാർത്തയാണ്: ആഗോളതലത്തില്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി മതേതരത്വമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ പാരമ്പര്യം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നതില്‍ ഏറ്റവും വലിയ തടസം മതേതരത്വ പ്രതിച്ഛായ ആണെന്നും യോഗി പറഞ്ഞു. അതിര്‍ നിന്ന് മാറി ശുദ്ധവും, സന്മാര്‍ഗികവും, ആരോഗ്യകരവുമായ ജീവിതം നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്ലോബല്‍ എന്‍സൈക്ലോപീഡിയ ചടങ്ങിലാണ് യോഗിയുടെ പരാമര്‍ശം. സ്വന്തം ലാഭത്തിനായി ആളുകളെ വഴിതെറ്റിക്കുകയും രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നവരെ വെറുതിവിടില്ലെന്നും യോഗി പറഞ്ഞു. നിസ്സാര സമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന്റെ ഐക്യം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ക്ക് തക്കതായ മറുപടി ലഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ചടങ്ങില്‍ അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയ ഇ- ബുക്കായ ഗ്ലോബല്‍ എന്‍സൈക്ലോപീഡിയ ഓഫ് രാമായണത്തിന്റെ ആദ്യ പതിപ്പ് യോഗി ആദിത്യനാഥ് പുറത്തിറക്കി. ഇപ്പോഴും ചില ആളുകള്‍ അയോധ്യയില്‍ രാമന്‍ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷെ ചരിത്ര സത്യങ്ങള്‍ അവഗണിക്കാറില്ല. സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാമന്‍ സങ്കല്‌പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗിയുടെ ആദ്യത്തെ വാക്കുകൾ കേട്ടാൽ മഹാത്മാഗാന്ധിയുടെ ആദർശം സ്വീകരിച്ചത് പോലെയാണ് എന്ന് തോന്നിപ്പോകും. പക്ഷേ, അവസാനത്തിലേക്ക് വരുമ്പോൾ അദ്ദേഹം ഒരു മതത്തിൻ്റെ, ഒരു ആരാധനാമൂർത്തിയുടെ, ഒരു ഗ്രന്ഥത്തിൻ്റെയൊക്കെ പരിസരത്ത് മാത്രം ഒതുങ്ങുന്നത് കാണാം. ഇന്ത്യയിൽ ഇദ്ദേഹത്തെ പോലുള്ളവരുടെ ആഗ്രഹവും അതു തന്നെയാണ്.
രാജ്യം ഈ അർത്ഥത്തിൽ താളഭംഗം നേരിടുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷണം എത്തി നിൽക്കുക മതം രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയം മതത്തിലേക്കും അരിച്ചുകയറുകയും ഇടിച്ചു കയറുകയും ഒക്കെ ചെയ്യുന്നതിന്റെ ഫലമായിട്ടാണ് എന്നിടത്താണ്. മതേതരത്വം എന്ന് പറഞ്ഞാൽ എല്ലാ മതങ്ങളെയും രാജ്യം സ്വീകരിക്കുക എന്നാണ് അർത്ഥം എന്ന് ഇടക്ക് ചില സൂത്രശാലികൾ പറഞ്ഞു പരത്തുകയായിരുന്നു. അതായത് രാജ്യത്തെ എല്ലാ മതങ്ങളെയും രാജ്യം നോക്കണം എന്നാണ് അതിൻ്റെ അർത്ഥം എന്ന് അവർ കരുതുകയും പറയുകയും ചെയ്തു. സത്യത്തിൽ എല്ലാ മതങ്ങളെയും രാജ്യം അംഗീകരിക്കണമെന്നും അകലം കാണിക്കുകയാണെങ്കിലും അടുപ്പം കാണിക്കുകയാണെങ്കിലും അത് സമദൂര സിദ്ധാന്തത്തിൽ ഉള്ളതായിരിക്കണം എന്നുമാണ് ഇന്ത്യയുടെ മതേതരത്വം അർഥിക്കുന്നത്. അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നു രാജ്യം മതത്തെ അതിൻ്റെ ഭാഗമായി കാണണം എന്ന വികാരം. അങ്ങനെ ഒരു വികാരം ഉണ്ടായാൽ, വളർന്നുവന്നാൽ അത്വഴി ഭൂരിപക്ഷത്തിന്റെ കയ്യൂക്ക് എന്ന ന്യായത്തിൽ ഇടിച്ചു കയറാം എന്ന് അവരിൽ ചിലർ സ്വപ്നം കണ്ടു. അതൊരു പഴുതായിരുന്നു. ആ പഴുതിലൂടെയാണ് രാജ്യത്തിലേക്ക് അല്ലെങ്കിൽ രാഷ്ട്രീയത്തിലേക്ക് മതം കടന്നുവന്നത്. അങ്ങനെ കടന്നുവന്ന രാഷ്ട്രീയ മതം അല്ലെങ്കിൽ മത രാഷ്ട്രീയം അവിടെ കിടന്നു വളരുകയായിരുന്നു. ഇത് വളർന്നു വന്നാണ് ഹൈന്ദവ ധർമ്മത്തിലെ ഒരു വിശ്വാസവികാരമായ രാമൻ രാജ്യത്തിൻ്റെ പ്രതീകമായി മാറണം എന്ന കാടൻ വാശി വലുതായി വന്നിരിക്കുന്നത്. അതേ പേരിൽ ഭാരതരാജ്യം എന്നത് രാമരാജ്യം എന്നാക്കി മാറ്റുവാനുള്ള വഴി അവർ എളുപ്പമാക്കി കൊണ്ടേയിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഈ അതിർ ലംഘനം രാജ്യത്തെ അപകടപ്പെടുത്തുമെന്ന് നേരത്തെ ദർശനികനായ രാഷ്ട്രപിതാവ് പറഞ്ഞിട്ടുള്ളതാണ്. മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുള്ള കാര്യം പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. രാഷ്ട്രീയവും മതവും ഒരിക്കലും യോജിക്കാൻ പാടില്ല. രാഷ്ട്രീയം വേറെ മതം വേറെ. മതത്തെ രാഷ്ട്രീയത്തിൽ കലർത്തരുത് എന്ന് വളരെ ദീർഘവീക്ഷണത്തോടുകൂടി പറഞ്ഞതാണ് അദ്ദേഹം. ഇത്രയധികം മതങ്ങളും വൈവിധ്യങ്ങളും ഉള്ള ഈ രാജ്യത്ത് അത് ആപത്താണെന്ന് അദ്ദേഹം മനസ്സിലാക്കി. മതത്തിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നടത്തുക വഴി രാജ്യത്ത് അന്തചിദ്രം വളർത്തുകയും ഐക്യം തകർക്കുകയും ചെയ്യുമെന്ന് ഗാന്ധിജി ക്കറിയാമായിരുന്നു. വാസ്തവത്തിൽ ഇത്രയധികം മതങ്ങളുള്ള ഒരു രാജ്യത്ത് മതത്തെ രാഷ്ട്രീയത്തിലേക്കും തിരിച്ചും കൊണ്ടുവരുന്നത് ജനങ്ങൾ തമ്മിൽ വിഘടിക്കാനും ഐക്യബോധം തകരാനും കാരണമാകും. അതിനാലാണ് ദീർഘവീക്ഷണമുള്ള നേതാക്കൾ രാജ്യം ഏതു വഴിയാണ് പോകേണ്ടത് എന്ന് നേരത്തെ തീരുമാനിച്ചത്. മതേതരത്വം വെറും ഒരു വാക്കല്ല ഭരണഘടനയുടെ ജീവനാഡിയാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso