ലിബറലിസം നവജാഹിലിയ്യത്താണ്..
04-05-2024
Web Design
15 Comments
ടി എച്ച് ദാരിമി
മനുഷ്യൻ്റെ പൊതുവായ ഒരു പ്രകൃതമാണ് സർവത്ര സ്വതന്ത്രനായി ജീവിക്കുക എന്നത്. നിയമങ്ങളിലും നിയന്ത്രണങ്ങളിലും കുടുങ്ങിയും ഇടുങ്ങിയും ജീവിക്കുക എന്നത് പൊതുവെ അവനിഷ്ടമില്ല. ഇത് ഉൽപ്പത്തി ചരിത്രത്തിൽ തന്നെ സൃഷ്ടാവായ അല്ലാഹു കാണിച്ചു തന്നിട്ടുണ്ട്. അന്ന് അതു കാണിക്കുവാൻ മനുഷ്യർ ഉണ്ടായിരുന്നില്ല. മനുഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദം നബിയെ ബഹുമാനിക്കുക എന്നത് സത്യത്തിൽ ഒരു നിയന്ത്രണമായിരുന്നു. ഇനിയുള്ള ജീവിത യാത്രയിൽ ആ ബഹുമാനം ഒരു നിയന്ത്രണ രേഖയായിക്കിടക്കും. അത് എപ്പോഴും ഒരു ബാദ്ധ്യതയായിരിക്കും. അതിനാൽ അതിന് താനൊരുക്കമല്ല എന്ന് ഇബ്‌ലീസ് പറയുകയായിരുന്നു. തൻ്റെ നിലപാടിനെ ന്യായീകരിക്കുവാൻ ഒരു യുക്തിയെ അവൻ മറയാക്കി. അവൻ മണ്ണിനാലും ഞാൻ തീയിനാലും സൃഷ്ടിക്കപ്പെട്ടവനാണ് എന്ന യുക്തിയും ന്യായവും. ഇസ്ലാമേതരവും ഇസ്ലാമിനെ ചോദ്യം ചെയ്തു രംഗത്തുവന്നതുമായ എല്ലാ ഇസങ്ങളും ഈ തത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അഥവാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും നിരാകരിക്കാൻ ഉള്ള മനുഷ്യൻ്റെ ത്വരയിൽ നിന്നാണ് ഇസങ്ങളെല്ലാം പൊട്ടിപ്പുറപ്പെട്ടത്. അതിനു വേണ്ടി എഴുന്നെള്ളിക്കുവാനുള്ള ന്യായമാവട്ടെ എപ്പോഴും യുക്തിയിലധിഷ്ഠിതമായ വാദവുമായിരിക്കും. എല്ലാ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും അതീതമായി ജീവിക്കാനുള്ള ത്വരയെയും വാദത്തെയും പൊതുവേ പറയുന്ന പേരാണ് ലിബറലിസം എന്നത്. ലിബറലിസം എന്ന സർവ്വത്ര സ്വതന്ത്ര വാദമാണ് സത്യത്തിൽ ആധുനിക കാലഘട്ടം കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ഇസങ്ങളുടെയും അടിസ്ഥാനം. അതിനാൽ ഇസങളുടെ ചർച്ചയിൽ ആദ്യം എടുക്കേണ്ട വിഷയം ലിബറലിസം ആണ്. ആ അടിസ്ഥാന ആശയത്തിന്റെ വിവിധ രൂപങ്ങളാണ് സത്യത്തിൽ മറ്റുള്ള ഇസങ്ങളെല്ലാം. യൂറോപ്പിലുണ്ടായ നവോത്ഥാനത്തിന്റെ ഉല്‍പ്പന്നമാണ് ലിബറലിസം. മതത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തില്‍നിന്ന് വ്യക്തിയെ പരമാവധി മോചിപ്പിക്കുകയും ശേഷം സ്റ്റേറ്റ് വ്യക്തിയുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക എന്നതാണ് ലിബറലിസത്തിന്റ അടിസ്ഥാന കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് ലോകത്തെ പ്രകടമാക്കപ്പെട്ടത് മൂന്നു രൂപത്തിലാണ്. ഒന്ന്, സാമ്പത്തികമായ മേഖലയിൽ. അവിടെയുള്ള ലിബറലിസത്തിനെയാണ് മുതലാളിത്തം അല്ലെങ്കിൽ ക്ലാസിക്കൽ എക്കണോമിക്സ് എന്നു പറയുന്നത്. അത് പ്രകടമായ മറ്റൊരു മേഖല രാഷ്ട്രീയമാണ്. രാഷ്ട്രീയ രംഗത്തെ ലിബറലിസത്തെയാണ് സെക്യുലർ ഡെമോക്രസി എന്ന് പറയുന്നത്. അത് സാംസ്കാരിക ജീവിതത്തിലേക്ക് കടക്കുമ്പോൾ അതിനെ പൊതുവേ പറയുന്ന പേരാണ് ലിബറലിസം.
യൂറോപ്യന്‍ നവോത്ഥാനത്തെത്തുടര്‍ന്നാണ് ഇത് ആരംഭിക്കുന്നതെങ്കിലും ചരിത്രത്തില്‍ ഇതിന് വേരുകളുണ്ട്. ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ മതങ്ങളിലെല്ലാം ക്രമേണ ലിബറൽ ചിന്താഗതികൾ കയറിക്കൂടിയതും മേധാവിത്വം നേടിയത് പലപ്പോഴും നാം കണ്ടിട്ടുള്ളതാണ്. ക്രൈസ്തവ സമൂഹത്തിലെ പൗരോഹിത്യം അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ദൈവിക നിയമങ്ങളിൽ നിന്ന് സഭയെയും സഭാ വിശ്വാസികളെയും പുരോഹിത താല്പര്യത്തിലേക്ക് തിരിച്ചു വിടപ്പെടുകയായിരുന്നു. അതോടുകൂടി ദൈവത്തിൻ്റെ ഹിതങ്ങളിൽ നിന്നും താൽപര്യങ്ങളിൽ നിന്നും ആ മതം മാറുകയും പോപ്പിൻ്റെയും പുരോഹിതന്മാരുടെയും ഇഷ്ടാനിഷ്ടങ്ങളിൽ അത് അധിഷ്ഠിതമാവുകയുമായിരുന്നു. പ്രയോഗത്തിലും മൂല്യത്തിലും പഴയ ബഹുദൈവത്വ സമൂഹങ്ങളും പുതിയ ലിബറല്‍ സമൂഹങ്ങളും തമ്മില്‍ വലിയ സാദൃശ്യങ്ങളുണ്ട്. പക്ഷെ തത്വത്തില്‍ ഒരു വ്യത്യാസമുണ്ട്. പഴയ സമൂഹങ്ങളില്‍ സാമൂഹ്യഘടനയുടെ താല്‍പര്യങ്ങള്‍ക്കാ
ണ് പ്രാധാന്യം നല്‍കപ്പെട്ടിരുന്നത്. ഈ സാമൂഹിക താല്‍പര്യമെന്നാല്‍ സമ്പത്തും അധികാരവുമുള്ളവരുടെ വ്യക്തിതാല്‍പര്യങ്ങളാണ് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ലിബറലിസത്തില്‍ പ്രാധാന്യം വ്യക്തിയുടെ താല്പര്യങ്ങള്‍ക്കാണ്. അതിനെ സംരക്ഷിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം. സമൂഹ താല്‍പര്യങ്ങളുടെ പേരില്‍ വ്യക്തിയുടെ എല്ലാ അവകാശങ്ങളെയും അടിച്ചമര്‍ത്തിയതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് കമ്യൂണിസം. വ്യക്തിസ്വാതന്ത്ര്യത്തിലെ അതിരുകവിയൽ വാദമാണ് ലിബറലിസം. സമൂഹ താല്‍പര്യത്തിന്റെ പേരില്‍ അധീശവര്‍ഗത്തിന്റെ വ്യക്തി താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദാഹരണങ്ങളാണ് പഴയ ബഹുദൈവത്വ സമൂഹങ്ങള്‍. ഇങ്ങനെയെല്ലാം ഓരോന്നും വേറിട്ടു നിൽക്കുന്നു എങ്കിലും അടിസ്ഥാന കാഴ്ചപ്പാടിൽ എല്ലാം ഒന്നുതന്നെയാണ്. ലിബറലിസം കടന്നു വന്നത് ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു. എല്ലാ വ്യക്തികളും ആദരണീയരാണ്, അതുകൊണ്ട് വ്യക്തിയുടെ അവകാശങ്ങള്‍ പ്രധാനമാണ്, എല്ലാ വ്യക്തികള്‍ക്കും ആത്മാവുണ്ടെന്നതിനാൽ എല്ലാവരും ആദരണീയരാണ് തുടങ്ങിയ ഇസ്‌ലാം, ക്രൈസ്തവ, ജൂത മതസങ്കല്‍പ്പത്തിൻ്റെ അരികുചേർന്നാണ് അതു വികസിച്ചത്. കാരണം മതത്തിന്റെ പിന്‍ബലമില്ലാതെ ശാസ്ത്രം കൊണ്ടോ, യുക്തികൊണ്ടോ മനുഷ്യന്റെ ആദരണീയതയും, അവകാശവും സ്ഥാപിക്കാന്‍ കഴിയില്ല. അതിനാൽ പലരും അതിൽ തെറ്റിദ്ധരിച്ചില്ല. കുറേ ആൾക്കാർക്ക് ഇത്തരം ഗഹനമായ വിഷയങ്ങളൊന്നും അറിയില്ലായിരുന്നു. മറ്റു ചിലർ ഒരു പാട് ചിന്തിച്ച് മെനക്കെടാൻ തുനിഞ്ഞതുമില്ല. പിന്നെ ഈ വാദം ഉള്ളിൻ്റെയുള്ളിൽ എല്ലാവർക്കും താൽപര്യമുള്ളതാണല്ലോ. കാരണം അതു വാഗ്ദാനം ചെയ്യുന്നത് ബന്ധനങ്ങളിൽ നിന്നുള്ള മോചനമാണ്. അതിനാൽ തുടക്കത്തിൽ കാര്യമായ എതിർപ്പുകൾ ഒന്നുമില്ലാതെയാണ് ഈ ചിന്ത വളർന്നു വന്നത്.
പിന്നെ ഈ ചിന്താഗതി വളർന്നു വരികയും അത് അവിടയും ഇവിടെയും തട്ടിയും മുട്ടിയും പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് ഈ ഇസത്തെ ചൊല്ലി കലപിലയുണ്ടായത്. അപ്പോൾ ലിബറലുകൾ രണ്ടായി പിരിയുകയാണ് ഉണ്ടായത്. ഒരു വിഭാഗം അതിനെ നിശിതമായി എതിർക്കാൻ രംഗത്ത് വന്നപ്പോൾ മറുവിഭാഗം മറുപടികളുമായി ഉറച്ചുനിന്നു. ഈ അവസ്ഥയിലാണ് ഇപ്പോൾ ലിബറലിസം മുന്നോട്ടുപോകുന്നത്. മതവിശ്വാസികൾ, സാമൂഹ്യ ധർമ്മങ്ങളിൽ വിശ്വസിക്കുന്നവർ തുടങ്ങിയവർ എല്ലാം ഇതിനെ വലിയ ഒരു അപകടമായി കാണുന്നു. അതേസമയം ശരിയായ ജീവിതം അതാണ് എന്ന് ലിബറത്തിന്റെ ആൾക്കാർ വിശ്വസിക്കുകയും മുന്നോട്ടുപോവുകയും ചെയ്യുന്നു. ഇത്രയും പറഞ്ഞുവെക്കുമ്പോൾ ഈ ആമുഖം നമ്മോട് ചോദിക്കുന്ന ഒരു സ്വാഭാവിക ചോദ്യമുണ്ട്. എന്താണ് ലിബറലിസത്തിന്റെ പ്രശ്നം എന്ന്. പ്രശ്നം വളരെ അടിസ്ഥാനപരമാണ്. അടിസ്ഥാനപരമായി ഓരോ ഇസവും ചെയ്യുന്നത് മനുഷ്യൻ്റെ ചെയ്തികളെ, അല്ലെങ്കിൽ നിലപാടുകളെ ശരിയോ തെറ്റോ എന്ന് നിശ്ചയിക്കുകയാണ്. ശരിയും തെറ്റും നിശ്ചയിക്കണമെങ്കിൽ അതിന് ഒരു മാനദണ്ഡം ആവശ്യമാണ്. ഉദാഹരണമായി മദ്യപാനം ശരിയല്ല എന്ന് പറയുന്ന ഒരു വാദം ഉണ്ട്. മദ്യപാനം ഒരു ലഹരിയായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. സമൂഹത്തിൽ മദ്യപാനത്തിന് അംഗീകാരം കല്പിക്കപ്പെടുന്നുണ്ട് എന്നത് ഇതേ വിഷയത്തിലെ മൂന്നാമത്ത നിലപാട്. ഇവിടെ നാം പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഒന്നാമത്തേത് ഇസ്ലാം എന്ന മാനദണ്ഡം വെച്ച് ഉണ്ടാകുന്നതാണ്. രണ്ടാമത്തേത് ആണെങ്കിലോ അനുഭവം എന്ന മാനദണ്ഡത്തിൽ ഉള്ളതാണ്. മൂന്നാമത്തേത് വികാരം എന്ന മാനദണ്ഡത്തിൽ ഉള്ളതും. ഏതൊരു കാര്യത്തെ ശരിയാണെന്നോ തെറ്റാണെന്നോ വിലയിരുത്തുവാൻ ഒരു മാനദണ്ഡം അനിവാര്യമാണ് എന്നർത്ഥം. ആ അർത്ഥത്തിൽ ലിബറലിസത്തിനും ചില മാനദണ്ഡങ്ങൾ അല്ലെങ്കിൽ അടിസ്ഥാന ആശയങ്ങൾ ഉണ്ടായിരിക്കും. അത് പരിശോധിച്ചു നോക്കിയാൽ അതിലെ തന്നെയാണ് ലിബറലിസത്തിന്റെ പ്രശ്നം എന്ന് പറയുവാൻ നമുക്ക് കഴിയും.
കുത്തൊഴുക്കിൻ്റെ ന്യായീകരണങ്ങൾ
ലിബറലിസം മുന്നോട്ടുവെക്കുന്ന തത്വങ്ങളിലും മാനദണ്ഡങ്ങളിലും ഒന്നാമത്തേത്
ഹാം പ്രിന്‍സിപ്പല്‍ എന്നതാണ്. ലിബറല്‍ ധാര്‍മികതയുടെ ഏറ്റവും ശക്തിയും വ്യാപകത്വവുമുള്ള അടിത്തറ ഇതാണ്. മറ്റൊരാള്‍ക്ക് ദോഷകരമാവാത്ത തരത്തില്‍ വ്യക്തികള്‍ക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ട് എന്നും അതിനാൽ അതില്‍ മറ്റു വ്യക്തികളോ, സമൂഹമോ, രാഷ്ട്രമോ ഇടപെടരുത് എന്നുമാണ് ഈ തത്വം അർഥമാക്കുന്നത്. ആദ്യത്തെ കേൾവിയിൽ തന്നെ ഇതിൽ എന്താണ് പ്രശ്നം എന്ന് ചിലരെങ്കിലും ചോദിച്ചു പോകും. ഒരു വ്യക്തി അയാളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി ആരെയും വേദനിപ്പിക്കാതെ ജീവിക്കാൻ ഉദ്യമിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചിലരെങ്കിലും വാദിച്ചുപോകും. ഇതിലെ തെറ്റും ഇതില്‍ ഒന്നാമതായി പരിശോധിക്കേണ്ടതും മറ്റുള്ളവരെ ബാധിക്കാത്ത വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ കര്‍മം എന്ന ഒന്നുണ്ടോ എന്നതാണ്. യഥാര്‍ഥത്തില്‍ ഈ ലോകംതന്നെ പരസ്പരാശ്രയ ബന്ധത്തിലാണ് നിലകൊള്ളുന്നത്. ഒന്നിനോടും ബന്ധമില്ലാതെ ആശ്രയമില്ലാതെ സ്വയം നിലനിൽക്കുന്ന ഒരു വസ്തുവിനെയും പ്രപഞ്ചത്തിൽ കാണാൻ കഴിയില്ല. സസ്യങ്ങള്‍ ഓക്സിജന്‍ പുറത്തു വിടുന്നു. ജന്തുക്കള്‍ അത് സ്വീകരിക്കുന്നു. സസ്യങ്ങള്‍ ജന്തുക്കള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഭഷ്യോല്‍പ്പാദനത്തിന്റെ ഭാഗമായി സ്വീകരിക്കുന്നു. ഈ ബന്ധവ്യവസ്ഥ ലോകത്തുടനീളം കാണാന്‍ കഴിയും. അതുകൊണ്ടാണ് ശ്രീബുദ്ധന്‍ ഇപ്രകാരം പറഞ്ഞത് ‘അതുള്ളതുകൊണ്ട് ഇതുണ്ട്.’ സൂക്ഷ്മമായി നിരീക്ഷിച്ചാൽ എല്ലാ ചലനങ്ങളും അതൊരു വ്യക്തിയുടേത് മാത്രമാണ് എന്ന് പ്രത്യക്ഷത്തിൽ പറയാൻ കഴിയുമെങ്കിൽ പോലും അത് മറ്റേതെങ്കിലും പ്രാപഞ്ചിക ഘടകവുമായി ബന്ധമുള്ളതായിരിക്കും. ഒരാളുടെ വ്യക്തിപരമായ കാര്യം സമൂഹത്തെ ബാധിക്കും എന്നതിന്റെ ഉദാഹരണമാണ് ഒരാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നത്. അത് ലിബറല്‍ കാഴ്ചപ്പാടില്‍ വ്യക്തിപരമായ കാര്യം മാത്രമാണ്. പക്ഷേ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉയോഗിക്കുന്നവരില്‍ പരിമിതമായിരിക്കുകയില്ല. അവരുടെ മാതാപിതാക്കള്‍, ഇണകള്‍, സന്തതികള്‍, സമൂഹം മുതലായവരിലേക്ക് അതിന്റെ പലതരത്തിലുള്ള സ്വാധീനങ്ങള്‍ വ്യാപിക്കും. പ്രത്യാഘാതങ്ങള്‍ അവരും അനുഭവിക്കേണ്ടിവരും. നിയമത്തിന്റെ പരിരക്ഷയില്ലാത്ത ലൈംഗിക ബന്ധങ്ങൾ മറ്റൊരു ഉദാഹരണമാണ്. അത് തന്റെ ലൈംഗിക തൃഷ്ണയുടെ പരിഹാരം മാത്രമല്ലേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. കാരണം അയാളുടെ ആ വികാരപ്രകടനം സമൂഹത്തിൽ പല തട്ടിലും ആന്തോളനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവൾ ഗർഭിണിയായാൽ അതിൽ ജനിക്കുന്ന കുഞ്ഞിൻ്റെ വ്യക്തിത്വത്തെ അതു ബാധിക്കുന്നു. അവളുടെ ഭാവി ജീവിതത്തിൻ്റെ സുരക്ഷിതത്വത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. അപ്പോൾ ഒരാൾ തൻ്റെ ലഹരി ശമനത്തിനു വേണ്ടി മദ്യം കുടിച്ചതും കാമപൂർത്തിക്കുവേണ്ടി അസാന്മാർഗിക ലൈംഗികത പ്രാപിച്ചതും ഒക്കെ സമൂഹത്തിൽ ചലനം ഉണ്ടാക്കുന്നുണ്ട്. ആയതുകൊണ്ട് സമൂഹത്തെ വേദനിപ്പിക്കാത്ത എന്ന ആശയം തന്നെ തെറ്റാണ്. അതു തന്നെ തെറ്റായതിനാൽ ഇനി അതിനെ തുടർന്നുണ്ടാകുന്ന എല്ലാം തെറ്റ് തന്നെയായിരിക്കും.
ലിബലറിസത്തിൻ്റെ രണ്ടാമത്തെ അടിസ്ഥാനമാണ് സന്തോഷ സിദ്ധാന്തം അല്ലെങ്കില്‍ സുഖസിദ്ധാന്തം. ഒരു പ്രവൃത്തിയുടെ ഫലം മൊത്തത്തില്‍ ദുഃഖത്തേക്കാള്‍ സന്തോഷമാണ് നല്‍കുന്നതെങ്കില്‍ അത് ശരിയാണ് എന്നതാണ് ഈ ലിബറല്‍ സിദ്ധാന്തത്തിൻ്റെ വ്യാഖ്യാനം. ഇതിലെ ദുരന്തം മനസ്സിലാവാൻ ചെറിയ ഒരു ഉദാഹരണം മാത്രം മതി. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം
പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയാണ് എന്ന് സങ്കൽപ്പിക്കുക. ലിബറലുകൾ ഈ വിഷയത്തെ നന്മയായിട്ടാണ് പരിഗണിക്കുക. കാരണം ഒരു പെൺകുട്ടി അനുഭവിച്ച വേദനയും പത്തു പേർ അനുഭവിച്ച സുഖവും അവർ തുലനം ചെയ്യുകയാണ്. ഒരാൾ അനുഭവിച്ച വേദനയേക്കാൾ വലുതാണ് പത്തുപേർ അനുഭവിച്ച സുഖം എന്നാണ് അവർ കരുതുന്നത്. ഈ ഗണനത്തിന്റെ അസംബന്ധം വളരെ വ്യക്തമാണ്. കാരണം ഇവിടെ 10 പേരും അനുഭവിച്ച സുഖത്തേക്കാള്‍ കടുപ്പമേറിയ വേദന ആ പെണ്‍കുട്ടി അനുഭവിക്കുന്നുണ്ട്. ഇവിടെ ശരിയുടെയും തെറ്റിൻ്റെയും മാനദണ്ഡം തെറ്റിപ്പോവുകയാണ്. അതോടൊപ്പം രണ്ടിന്റെയും ദൈർഘ്യം അവഗണിക്കപ്പെടുന്നുമുണ്ട്. പത്തുപേർ അനുഭവിച്ച സുഖം അവരുടെ രതിമൂർച്ഛ വരെ മാത്രം നീണ്ടുനിൽക്കുന്നതാണ്. അതേസമയം എത്ര സമയം പെൺകുട്ടി ഇക്കാര്യത്തിൽ വേദന അനുഭവിച്ചു എന്ന് കണക്കാക്കാനാവില്ല. കാരണം പെൺകുട്ടിയുടെ വ്യക്തിത്വം, അതിൻ്റെ ആധാരത്തിൽ രൂപപ്പെടുന്ന അവളുടെ ഭാവി, ഒരുപക്ഷേ അവൾ ഗർഭിണിയായാൽ അതുവഴി ഉണ്ടാകുന്ന സംരക്ഷണ പ്രശ്നങ്ങൾ, കുഞ്ഞ് നേരിടേണ്ടിവരുന്ന സാമൂഹ്യ പ്രശ്നങ്ങൾ തുടങ്ങി ഏറെ നീണ്ടുനിൽക്കുന്ന ഒന്നാണ് അത്. ഇവിടെ അടിസ്ഥാന പ്രശ്നം സുഖം, ദുഖം എന്നിവയെ എന്നീ വികാരങ്ങളെ അളക്കുവാൻ ശ്രമിക്കുന്നു എന്നത് തന്നെയാണ്. വികാരങ്ങൾ അളക്കപ്പെടാൻ കഴിയില്ല. കാരണം അതെപ്പോഴും ആപേക്ഷിതമായിരിക്കാം. ഒരു യുവാവ് മരണപ്പെടുമ്പോഴും ഒരു വൃദ്ധൻ മരണപ്പെടുമ്പോഴും ഉണ്ടാകുന്ന സങ്കടം ഒരേ രൂപത്തിൽ അളക്കാൻ കഴിയില്ല. അതിനാൽ അളവുകൾ അടിസ്ഥാനപരമായി പിഴക്കുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പ്രശ്നം. പിന്നെ കമ്മ്യൂണിസത്തിലൊക്കെ അടങ്ങിയിരിക്കുന്ന 'മാർഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു' എന്ന തത്വവും ഇവിടെയുണ്ട്. കാരണം പത്തുപേരുടെ ലൈംഗിക സുഖം എന്ന ലക്ഷ്യത്തിനുവേണ്ടി സ്വീകരിക്കുന്ന ഏതു പിഴച്ച മാർഗ്ഗവും ശരി തന്നെയാണ് എന്നാണല്ലോ ഇത് പറയുന്നത്. ഇങ്ങനെ ഈ അടിസ്ഥാനത്തിൽ വിഷയങ്ങളുടെ ശരി തെറ്റുകൾ നിശ്ചയിക്കാൻ തുടങ്ങിയാൽ ആൾക്കൂട്ട കൊലപാതകം, കൂട്ട ബലാത്സംഗം തുടങ്ങിയവയെല്ലാം ന്യായീകരിക്കപ്പെടേണ്ടതായി വരും.
തികച്ചും അശാസ്ത്രീയമായ ഇത്തരം അടിസ്ഥാനങ്ങളിൽ ഒരു ഊഹം മാത്രമായി കെട്ടിപ്പൊക്കി ഉയർത്തിയ മനക്കോട്ടയാണ് ലിബറലിസം. അതുകൊണ്ടുതന്നെ അത് അതിൻ്റെ ദുരന്ത ഫലങ്ങൾ വളരെ തുടക്കത്തിലേ കാണിച്ചു കൊണ്ടിരുന്നു. യൂറോപ്പിൽ ആയിരുന്നു ലിബറലിസം ആദ്യ വേരിറക്കിയത്. അതിനു മറ്റൊരു കാരണം കൂടിയുണ്ട് എന്ന് പറയാതെ വയ്യ. അത് ക്രൈസ്തവ പൗരോഹിത്യമാണ്. മതത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ നോക്കുകുത്തിയായി നിൽക്കുമ്പോൾ മതപുരോഹിതന്റെ തികച്ചും വൈയക്തികമായ വിവേചനാധികാരവും തീരുമാനവും അംഗീകരിക്കുവാൻ സമൂഹം നിർബന്ധിക്കപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായി. ഒരുപാട് കാലം വിശ്വാസത്തിൻ്റെ ചൂടും ചൂരും തട്ടിയാണ് പൗരോഹിത്യം പുറംലോകത്ത് തലകാട്ടിയിരിക്കുന്നത്. ഒരു ഭാഗത്ത് കാലം മുന്നോട്ടു പോവുകയും മറുഭാഗത്ത് ആത്മീയതയും അതിനോടുള്ള ഭയവും കുറഞ്ഞുവരികയും ഒപ്പം വിശ്വാസികളുടെ സമൂഹം അൾത്താരയിൽ നിന്നും പറയപ്പെടുന്നതെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നത് പരിശോധിക്കുവാൻ താൽപര്യം കാണിക്കുകയും ചെയ്യുകയുണ്ടായി. അവർ അങ്ങനെ പരിശോധിച്ചു നോക്കുമ്പോൾ ഈ മതത്തിൽ ദൈവ ദർശനത്തിനല്ല, വ്യക്തിയുടെ സുഖ താത്പര്യങ്ങൾക്കാണ് മേൽകൈഎന്ന് കണ്ടെത്തി. അതോടുകൂടി നവലിബറലിസത്തിലേക്ക് യൂറോപ്പ് ഒഴുകാൻ തുടങ്ങി. തുടർന്നുണ്ടായ അനന്തരഫലങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. അവ തുടങ്ങിയിരുന്നത് സദാചാരത്തകര്‍ച്ചയിൽ നിന്നാണ്. ലിബറലിസത്തിന്റെ സ്വാധീനമുള്ള സമൂഹങ്ങളെക്കുറിച്ച് പറയാറുള്ള കാര്യം അവിടെ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളുടെ കൈയില്‍ ഒരു തോക്കും പെണ്‍കുട്ടികളുടെ കൈയില്‍ അച്ഛനില്ലാത്ത ഒരു കുഞ്ഞുമുണ്ടായിരിക്കുമെന്നാണ്. അതിശയോക്തിയുടെ അംശങ്ങള്‍ ഉണ്ടാകാമെങ്കിലും ഒരു സമൂഹത്തിന്റെ ധാര്‍മികാവസ്ഥയെക്കുറിച്ച ചിത്രം ഇതില്‍നിന്ന് ലഭിക്കും. ഡേവിഡ് ബ്ലാങ്കന്‍ ഹേനിന്റ പ്രസിദ്ധ പുസ്തകമാണ് ‘ഫാദര്‍ലെസ്സ് അമേരിക്ക’ എന്നത്. മനുഷ്യ ചരിത്രത്തില്‍ പലതരം വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ലിബറല്‍ സദാചാരത്തിന്റെ സംഭാവന സെക്ഷ്വല്‍ റവല്യൂഷന്‍ എന്ന ലൈംഗിക വിപ്ലവമാണ്. കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച, സിംഗിള്‍ പാരന്റിംഗ്, സ്വവര്‍ഗ വിവാഹങ്ങള്‍ എന്നിവയാണ് ലിബറല്‍ സദാചാരം ലോകത്തിന് സംഭാവന ചെയ്തത്. ഏറ്റവും അധികം ലിബറലിസം പ്രതിഫലിച്ചത് സെക്സിൽ തന്നെയാണ്. ഈ പ്രപഞ്ചത്തിൽ വന്ന ഈ പിഴച്ച ഇസങ്ങളെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് സെക്സിനെയാണ് എന്നത് മറ്റൊരു കൗതുകമാണ്.
മതങ്ങളോടുള്ള കലിപ്പിൻ്റെ കാരണം
മതങ്ങളോടുള്ള ലിബറലിസത്തിന്റെ കലിപ്പിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. മനുഷ്യൻ്റെ വികാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതുമായ ഒന്നാണ് ലൈംഗിക വികാരം. നിയന്ത്രണമില്ലെങ്കിൽ ലൈംഗികതയിലേക്ക് മനുഷ്യൻ വളരെ പെട്ടെന്ന് വീണുപോകും. അവിടെ അവൻ ധർമ്മങ്ങളെയോ ശരി തെറ്റുകളെയോ ഒന്നും മാനിച്ചുകൊള്ളണമെന്നില്ല. ഇനി അഥവാ അവയെ മാനിക്കുകയാണെങ്കിൽ തന്നെ എല്ലാം കഴിഞ്ഞ് ഒരു വീണ്ടുവികാരത്തിൻ്റെ മുൻപിൽ വെച്ചു മാത്രമേ അത് ഉണ്ടാകൂ. അതുകൊണ്ടുതന്നെ മനുഷ്യൻ്റെ വികാരങ്ങളെ നിയന്ത്രിക്കുവാനും അവയെ പരമമായ സത്യങ്ങളിലേക്കും ധാർമികതകളിലേക്കും തിരിച്ചുവിടാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്ന മതങ്ങൾ എപ്പോഴും ലൈംഗികതയെ നിയന്ത്രിക്കുന്നത്. ആരെയെല്ലാം വിവാഹം ചെയ്യാം, ആരെയെല്ലാം വിവാഹം ചെയ്തു കൂടാ, വിവാഹ ജീവിതത്തിന്റെ മര്യാദകൾ എന്തെല്ലാമാണ്, തുടങ്ങി ദീർഘമായി ഓരോ മതങ്ങളും സംസാരിക്കുന്നുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ ഈ വികാരത്തിൽ ഇങ്ങനെ കൈ വെക്കുന്നതുകൊണ്ടാണ് ലിബറലിസം മതങ്ങളോട് അനിഷ്ടം കാണിക്കുന്നത്. മതങ്ങളോട് തെറ്റിപ്പിരിഞ്ഞ് നേരെ ചൊവ്വേ ഈ ഇസങ്ങളെല്ലാം കടന്നുകയറുന്നത് സ്വതന്ത്ര ലൈംഗികതയിലേക്കാണ്. ലൈംഗികതയുടെ കാര്യത്തിൽ ഒരു നിയന്ത്രണം ആർക്കും കണ്ടുകൂടാ. ലൈംഗിക വികാരം കഴിഞ്ഞാൽ പിന്നെ ലിബറലിസം കണ്ണ് വെക്കുന്ന പ്രധാനപ്പെട്ട മേഖല സാമ്പത്തികമാണ്. കാരണം നിയന്ത്രണങ്ങൾ ഇല്ലാത്ത സുഖങ്ങൾക്കു വേണ്ട സ്രോതസ് ആണല്ലോ സാമ്പത്തിക ലിബറലിസം. അതിൻ്റെ ഫലമാണ് ലോക മുതലാളിത്തമെന്ന ക്യാപിറ്റലിസം. ക്യാപ്പിറ്റലിസത്തെ കയറൂരി വിട്ടതിന്റെ ദുരന്തങ്ങൾ ലോകം ഇതേ പോലെ നേരിട്ട് കൊണ്ടേയിരിക്കുകയാണ്. മനുഷ്യന്റെ ധാർമിക അപചയത്തിൽ മാത്രമല്ല ഇന്ന് ലോകം അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം തന്നെ ഈ സ്വതന്ത്ര മുതലാളിത്തമാണ്. എങ്ങനെയും തങ്ങളുടെ കച്ചവട താൽപര്യങ്ങൾ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലിബറൽ ചിന്താഗതി വളർന്നുവന്നു. അതിന്റെ ഫലമായി മണ്ണും വിണ്ണും അപകടത്തിന്റെ മുമ്പിൽ എത്തി നിൽക്കുകയാണ്. നേരത്തെ പറഞ്ഞ ലൈംഗിക സ്വാതന്ത്ര്യം സദാചാര ലോകത്തെ മലിനീകരിച്ചപ്പോൾ ലിബറൽ മുതലാളിത്തം അന്തരീക്ഷത്തെ വരെ മലിനീകരിച്ചിരിക്കുന്നു എന്ന് ചുരുക്കം. പ്രകൃതി നശിച്ചാലും തൻ്റെ ഉൽപാദനം ഇരട്ടിപ്പിക്കണമെന്ന് ത്വരയോടുകൂടി അന്തരീക്ഷത്തിലേക്ക് കാർബൺ വിസർജ്ജിപ്പിച്ചു കൊണ്ടിരിക്കുന്ന വൻകിട ഫാക്ടറികൾ, സ്വന്തം ആഡംബരങ്ങൾക്ക് വേണ്ടി കത്തിച്ചു തുപ്പിക്കൊണ്ടിരിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ ഇതെല്ലാം കൂടിച്ചേർന്ന് ഭൂമിയെ ഒരു സാക്ഷാൽ നരകം തന്നെയാക്കി മാറ്റിയിരിക്കുന്നു.
വ്യക്തിയെയും അവന്റെ പണത്തെയും ലിബറലിസം ഇങ്ങനെ വരിഞ്ഞുമുറുക്കി പിടികൂടിയപ്പോൾ അതിനിടയിൽ പെട്ട് തകർന്നത് മനുഷ്യൻ അവൻ്റെ ജീവിതം കൊണ്ട് പടുത്തുണ്ടാക്കിയ സകലമാന സ്വത്വങ്ങളും ആണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അവന്റെ കുടുംബ വ്യവസ്ഥ. കുടുംബത്തിൻ്റെ ഘടന മാത്രം ചിന്തിച്ചാൽ മതി കുടുംബത്തിനുള്ളിൽ ലിബറലിസത്തിന് പ്രവേശനമേ അനുവദിക്കുവാൻ പാടില്ല എന്ന് ഒരാൾക്ക് തീർത്തു പറയാൻ. കാരണം കുടുംബത്തിനുള്ളിലുള്ളവർ നിർബന്ധിതമായും വ്യത്യസ്ത പ്രായപരിധിയിലുള്ളവരായിരിക്കും. ഒപ്പം ലിംഗ വൈജാത്യം വഴി വ്യത്യസ്ത മനോ നിലകളിലുള്ളവരായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഇതേ വ്യത്യാസം കാണാം. ഒരു വീട്ടിൽ ജീവിക്കുന്ന മാതാവും പിതാവും സ്വാഭാവികമായും ചെറിയ പ്രായവ്യത്യാസം ഉള്ളവരായിരിക്കും. ആ വ്യത്യാസം ഒരു പ്രശ്നമാകുന്നില്ലെങ്കിൽ തന്നെയും രണ്ടുപേരും രണ്ടു ലിംഗങ്ങൾ എന്ന നിലക്ക് വ്യത്യസ്ത മാനസിക നിലയുള്ളവരാണ്. ഒരാളെ സന്തോഷിപ്പിക്കുന്നത് മറ്റേ ആളെ സന്തോഷിപ്പിച്ചു കൊള്ളണമെന്നില്ല. പിന്നെ കുടുംബത്തിലെ അംഗങ്ങളായ കുഞ്ഞുങ്ങൾ വിവിധ പ്രായ ഘട്ടങ്ങളിലൂടെ ജീവിതവുമായി കടന്നു പോകുന്ന സഹോദരങ്ങളാണ്. ഇവരുടെയും മനോഗതികൾ ഒന്നാവില്ല. അതുകൊണ്ടുതന്നെ ഒരാളെ ആശ്രയിക്കുക എന്നത് തികച്ചും അനിവാര്യമായിവരുന്നു. മാതാവ് താൻ സ്വതന്ത്രയാണ്, താൻ ആരുടെയും സഹായം പറ്റുകയോ ആരെയെങ്കിലും സഹായിക്കുകയോ ആരോടെങ്കിലും പ്രത്യേക സ്നേഹം കാണിക്കുകയോ ആരുടെയെങ്കിലും പ്രത്യേക സ്നേഹത്തിന് കാത്തിരിക്കുകയോ ചെയ്യുന്നില്ല എന്നു പറഞ്ഞു ലിബറലാവാൻ കഴിയില്ല. കാരണം ആ പറഞ്ഞതെല്ലാം തികച്ചും സത്യമായ വസ്തുതകളാണ്. അവയുടെയൊന്നും സാംഗത്യം നിഷേധിക്കാനാവില്ല. ഇതുപോലെ തന്നെയാണ് മറ്റു അംഗങ്ങളുടെ കാര്യവും. അവരിൽ ആർക്കും എല്ലാം മുറിച്ചിട്ട് സ്വതന്ത്രനാവാൻ കഴിയില്ല. ഇതാണ് യാഥാർത്ഥ്യമെങ്കിലും ലിബറലസത്തിന്റെ ഭ്രാന്ത് കയറിയ യൂറോപ്പ് വീട്ടിന്റെ ഉള്ളിൽ തന്നെ സ്വന്തം സ്വാർത്ഥത കളിലേക്ക് പോകുന്ന പ്രവണത തുടങ്ങി. ബന്ധങ്ങളിൽ വിള്ളൽ വീണ് ശക്തമായ തകർച്ചയായിരുന്നു അതിൻ്റെ അനന്തരഫലം. മാത്രമല്ല, പുതിയ തലമുറയുടെ വിദ്യാഭ്യാസത്തെ വരെ അത് ബാധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഒരു ഘട്ടത്തില്‍ ബ്രിട്ടനിലെ മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷന്‍ രാജ്യത്തെ വിദ്യാര്‍ഥിക
ളുടെ ഗണിത അധ്യായനം ശക്തിപ്പെടണമെങ്കില്‍ ബ്രിട്ടനില്‍ കുടുംബവ്യവസ്ഥ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന സമയത്ത് ഗണിതശാസ്ത്രത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാതൃകയാക്ക
ണമെന്ന് അമേരിക്കന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ നവ ലിബറലിസം ചെയ്തുകൂട്ടിയ പാതകങ്ങളാണ്.
അതിനു കാരണമുണ്ട്. ലിബറലിസം അടിസ്ഥാനപരമായി ഒരു വ്യക്തി കേന്ദ്രീകൃത ചിന്തയാണ്. അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഏറ്റവും വലിയ ശരികളായി കണക്കാക്കുകയും സമൂഹത്തിനോ, മതങ്ങൾക്കോ അതിൽ ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന് ശഠിക്കുകയും ചെയ്യുന്നു. സമൂഹത്തേക്കാൾ വ്യക്തിക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടുതന്നെ സമൂഹത്തിന്റെ ധാർമികതയോ, അധഃപതനമോ ലിബറൽ ലോക ക്രമത്തിൽ ചിന്താ വിഷയമാകുന്നില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനുള്ളതാണ് ജീവിതമെന്ന ചിന്ത സമൂഹത്തെ അവഗണിക്കലാണ് താനും. സാമൂഹ്യ ശാസ്ത്രപരമായ സോഷ്യൽ ഓർഡർ എന്ന അവസ്ഥയെ തകർക്കലാണിത്. മനുഷ്യനെ അനുപേക്ഷണീയമായ ഒരു ജീവിതതാളമാണ് സോഷ്യൽ ഓർഡർ എന്ന് പറയുന്നത്. അതില്ലാത്ത, അതിനെ ഗൗനിക്കാത്ത ഒരു ജീവിതത്തെ മുന്നോട്ടു വിജയകരമായി നയിക്കുവാൻ മനുഷ്യന് കഴിയില്ല. താൽക്കാലികമായി ഒരു വാശിയുടെ മേലിൽ നടന്നാൽ തന്നെ അത് ഒരിക്കലും നീണ്ടുനിൽക്കുകയില്ല.
ഈ സോഷ്യൽ ഓർഡറിനോടുള്ള വിരോധം തന്നെയാണ് ലിബറലുകളെ പുതിയ ലേബലുകളിലേക്ക് നയിക്കുന്നത്. അതായത് ലിബറലിസത്തിന്റെ തന്നെ വെവ്വേറെ കുപ്പികളായ സെക്ഷ്വലിസം, ഹോമോ സെക്ഷ്വലിസം ട്രാൻസ്ജെൻഡറിസം തുടങ്ങിയതെല്ലാം അവയിൽ പെട്ടതാണ്. ഇവയെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ലിബറലിസത്തിൻ്റേത്. ഇത് സോഷ്യൽ ഓർഡറിനെ നിലനിർത്തുന്ന കുടുംബ വ്യവസ്ഥിതിയെ തകർക്കുകയും, സാമൂഹിക ക്രമത്തെ അപനിർമ്മിക്കുകയും ചെയ്യുന്നു. പൊതുവിലുള്ള സാമൂഹ്യശാസ്ത്ര പഠനങ്ങളെല്ലാം സ്ഥിരതയില്ലാത്ത കുടുംബങ്ങൾ കുട്ടികളിൽ നെഗറ്റീവായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നതായി വിലയിരുത്തിയിട്ടുണ്ട്. കുട്ടികളിലെ കുറ്റവാസനക്കും, ബൗദ്ധിക ശേഷിക്കുറവിനും കെട്ടുറപ്പില്ലാത്ത കുടുംബബന്ധങ്ങൾ കാരണമാകുന്നുണ്ടെന്ന് വ്യത്യസ്ത പഠനങ്ങൾ നിരീക്ഷിക്കുന്നു. വ്യക്തി കേന്ദ്രീകൃതമായ കേവല ഇച്ഛകളെ പരമമായ അവകാശങ്ങളായി കാണുകയും, എന്നാൽ സമൂഹത്തിന് അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നത് ലിബറൽ ഫിലോസഫിയുടെ ഒരു പ്രധാന പരിമിതിയായി കാണുന്നു. സമൂഹത്തെ കാണാത്തതു കൊണ്ട് തന്നെ സമൂഹത്തിന്റെ മൂല്യച്യുതിയോ, ധാർമിക അധപതനമോ ലിബറൽ ലോകത്ത് ഒരു വിഷയം തന്നെ ആകുന്നില്ല.
ഫെമിനിസം, ജെൻഡർ ന്യൂട്രലിസം
ഇതേ ലിബറലിസം സ്ത്രീകളിൽ അടിഞ്ഞു കൂടിയതിനെയാണ് ഫെമിനിസം എന്ന് പറയുന്നത്. സ്ത്രീ വേട്ടയാടപ്പെടുന്നു, അവളുടെ അവകാശങ്ങളും അർഹതകളും നിഷേധിക്കപ്പെടുന്നു, തുടങ്ങിയ ധാരണകളിൽ നിന്നാണ് ഇത് ഉണ്ടായി തീർന്നത്. ഇത് ഉണ്ടായ കാലത്ത് അതിൻ്റെ ധർമ്മവും ലക്ഷ്യവും എല്ലാം മറ്റൊന്നായിരുന്നു. പിന്നീട് അതിനു മാറ്റം വന്നു. അപ്പോൾ അതിൻ്റെ ധർമ്മവും ലക്ഷ്യവും മറ്റൊന്നായി മാറി. ഇപ്പോൾ ആധുനിക കാലത്താവട്ടെ അതിന് മറ്റൊരു ലക്ഷ്യവും രീതിയും എല്ലാമാണ് ഉള്ളത്. ഇങ്ങനെ ഈ ഇസത്തിന് ഒരു സ്ഥിര സ്വഭാവമോ രീതിയോ ഇല്ലാതെ പോയത് ഇതിലേക്ക് നയിച്ച വാദങ്ങളെ പൊതുവത്കരിക്കാൻ കഴിയാത്തതിനാലാണ്. അഥവാ ഇത് പിറവിയെടുക്കുന്ന കാലഘട്ടത്തിൽ പറഞ്ഞിരുന്ന കാരണം കുറച്ചു കഴിഞ്ഞപ്പോൾ കാരണമല്ലാതെയായി മാറി. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ ആ കാരണവും മതിയായ കാരണമല്ലാതെയായി മാറി. ഇത്തരത്തിലുള്ള മാറ്റം സംഭവിച്ചതിൽ നിന്ന് നമുക്ക് മനസ്സിലാക്കുക സ്ഥിര സ്വഭാവത്തിലുള്ള കണിശമായ ഒരു കാരണത്തിൻമേൽ അല്ല ഫെമിനിസം പടുത്തുയർത്തപ്പെട്ടത് എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ വ്യവസായിക വിപ്ലവം നടന്നതോടെ ലോകത്തുണ്ടായ ശാസ്ത്ര സാങ്കേതിക വളർച്ചയെത്തുടർന്ന് വ്യാവസായിക രംഗത്തുണ്ടായ കുതിച്ചു ചാട്ടത്തെ തുടർന്ന് തൊഴിലിടങ്ങളിൽ പുരുഷന്മാർ മതിയാവാത്ത ഒരു സാഹചര്യം വന്നു. ആ പ്രശ്നത്തെ മറികടക്കാൻ വേണ്ടി തൊഴിൽ ഇടങ്ങളിൽ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. പൊതുവേ വീടുകളിൽ തന്നെ സ്ത്രീകൾ അവഗണനയും ഉച്ചനീചത്വങ്ങളും പേറുന്ന ഒരു കാലമായിരുന്നു അത്. അത് അവരുടെ തൊഴിലിടങ്ങളിലും ഉണ്ടായി.
അതേസമയം പാവപ്പെട്ട തൊഴിലാളികളുടെ അവകാശ അധികാരങ്ങൾക്ക് വേണ്ടിയുള്ള സമര സിദ്ധാന്തവുമായി പ്രസ്ഥാനങ്ങൾ രൂപപ്പെട്ട കാലം കൂടിയായിരുന്നു അത്. ഈ സാഹചര്യമാണ് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെയുള്ള ചിന്തകൾക്ക് ശക്തി പകരാനും അതിനായി സ്ത്രീ പ്രസ്ഥാനം രൂപപ്പെടാനും അവസരമായത്. 1848 ജൂലൈ 19 ന് ന്യൂയോർക്കിലെ ബസിലൻ ചാപ്പലിൽ നൂറോളം വരുന്ന സ്ത്രീകൾ ഒത്തുകൂടി വനിതാ വോട്ടവകാശത്തിന് വേണ്ടിയുള്ള ആശയപ്രചരണങ്ങൾക്ക് സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങുന്ന പ്രമേയം പാസാക്കിയതോടെയാണ് ഫെമിനിസം എന്ന ആശയം രൂപപ്പെട്ടത്. തുടക്കത്തിൽ ഒരു വനിതാ തൊഴിലാളി സംഘം എന്ന അർത്ഥത്തിലാണ് ഫെമിനിസം രംഗത്ത് വന്നത് എങ്കിലും പിന്നീട് സോഷ്യലിസം, അനാർക്കിസം, മോഡേണിസം തുടങ്ങിയ വ്യത്യസ്ത വീക്ഷണങ്ങൾ ഉള്ള ഒരാശയമായി ഫെമിനിസം മാറുകയുണ്ടായി. ആശയ സ്ഥിരതയോ യുക്തി ഭദ്രതയോ ഇല്ലാത്തതുകൊണ്ട് ലോകത്ത് ഉണ്ടാകുന്ന ഓരോ കാര്യത്തെയും അള്ളിപ്പിടിക്കുന്ന ഒരു ഗതി ആയിട്ടാണ് ഇതിനെ സാമൂഹ്യലോകം വിലയിരുത്തുന്നത്. സാമ്പത്തികമായ വർഗ്ഗ വിഭജനത്തിലൂടെയുള്ള സ്ത്രീ വിമോചനമാണ് സോഷ്യലിസ്റ്റ് ഫെമിനിസം മുന്നോട്ടുവെക്കുന്നത്. പുരുഷനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള സ്ത്രീ വിമോചന രീതിയാണ് അനാർക്കിസ്റ്റ് ഫെമിനിസം. സമൂഹത്തിലെ സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീ വിമോചനം സാധ്യമാക്കുക എന്നതാണ് മോഡേണിസം എന്ന പുരോഗമന ഫെമിനിസം. ഇവയുടെയെല്ലാം പ്രവർത്തന രീതികൾ വ്യത്യസ്തമാണെങ്കിലും ലക്ഷ്യങ്ങളിൽ വലിയ മാറ്റങ്ങളില്ല എന്നു കാണാം. പ്രത്യുൽപാദനത്തിനും ഗർഭചിദ്രത്തിനും ഉള്ള അവകാശം, വോട്ട് ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസം നേടുവാനുള്ള അവകാശം, ലിംഗപരമായ വ്യത്യാസമൊന്നുമില്ലാതെ വേതനം പറ്റുവാനുള്ള അവകാശം, താങ്ങാവുന്ന വിധത്തിൽ മാത്രം ഏൽപ്പിക്കപ്പെടുന്ന ശിശു സംരക്ഷണം ആരോഗ്യ പരിപാലനം, അതോടൊപ്പം സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും എതിരെയുള്ള സമരം, അനന്തര സ്വത്തിലെ തുല്യ അവകാശം തുടങ്ങി ഫെമിനിസത്തിന്റെ ലക്ഷ്യങ്ങൾ നീണ്ടു കിടക്കുന്നു. സ്ത്രീകളുടെ ഈ ആവശ്യങ്ങളും വിമോചനത്തിനു വേണ്ടിയുള്ള മുറവിളിയും കേൾക്കാതിരിക്കാൻ പൊതുസമൂഹത്തിനും ഭരണകൂടങ്ങൾക്കും സാധ്യമല്ലായിരുന്നു. അങ്ങനെയാണ് സമൂഹങ്ങളും രാഷ്ട്രങ്ങളും സ്ത്രീസംരക്ഷണത്തിനുവേണ്ടി പ്രത്യേക നിയമങ്ങൾ രൂപം നൽകുവാൻ തുടങ്ങിയത്. ഐക്യരാഷ്ട്രസഭയിലും ഇത് പ്രതിഫലിച്ചു. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ച് ആചരിക്കുവാൻ തുടങ്ങി. ഇപ്പോഴും ഓരോ വർഷവും ഓരോ മുദ്രാവാക്യങ്ങളിൽ ഊന്നി ഈ പേരിൽ വിവിധ ക്യാമ്പയിനുകൾ നടന്നുവരുന്നു.
ഔദ്യോഗികമായി ഫെമിനിസം രൂപീകരിക്കപ്പെട്ടതിനു ശേഷം ഏതാണ്ട് രണ്ട് നൂറ്റാണ്ടുകളോളം പിന്നിടുമ്പോൾ ഇപ്പോഴും അതിൻ്റെ ഏതെങ്കിലും ഒരു ലക്ഷ്യം നേടാൻ കഴിഞ്ഞു എന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സ്ത്രീപുരുഷ സന്തുലിതത്വം ആണ് ഫെമിനിസത്തിന്റെ എല്ലാ മുദ്രാവാക്യങ്ങളുടെയും അകക്കാമ്പ്. അത് നികത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. വേൾഡ് എക്കണോമിക് ഫോറം തന്നെ ഇതു സമ്മതിക്കുന്നുണ്ട്. പക്ഷേ അതൊന്നും അർഹിക്കുന്ന വിജയം കാണുന്നില്ല. എന്നാൽ വിമോചനത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ സമരങ്ങളെയും മുന്നേറ്റങ്ങളെയും പുരുഷന്മാരോ പുരുഷ കേന്ദ്രീകൃത സംവിധാനങ്ങളോ പരാജയപ്പെടുത്തുന്നത് കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. മറിച്ച് അവരുടെ ശ്രമങ്ങൾ ആരും പരാജയപ്പെടുത്താതെ തന്നെ സ്വയം പരാജയപ്പെടുകയായിരുന്നു. കാരണം അത് പ്രകൃതിവിരുദ്ധമാണ്. ഇസ്ലാം അടക്കമുള്ള മതങ്ങൾ സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളും അവകാശ അധികാരങ്ങളും ഉണ്ടാക്കിയത് അവരെ അവമതിക്കുവാനും താഴ്ത്തികെട്ടുവാനും തള്ളിക്കളയുവാനും എല്ലാം ആണ് എന്ന ഒരു തെറ്റിദ്ധാരണ അവരുടെ മനസ്സിൽ ഉണ്ടാവുകയോ ആരൊക്കെയോ ചേർന്ന് ഉണ്ടാക്കുകയോ ചെയ്തതാണ്. സത്യത്തിൽ ഇസ്ലാമിൻ്റെ ദർശനം നമുക്ക് തീർത്തു പറയാൻ കഴിയും. അത് ദൈവീകമാണ്. ദൈവീകമായത് കൊണ്ടുതന്നെ അത് അവളുടെ പ്രകൃതിക്കും ആവശ്യങ്ങൾക്കും അനുഗുണവുമാണ്. പ്രത്യക്ഷത്തിൽ ചെറിയ വ്യത്യാസങ്ങൾ കാണുമ്പോഴേക്കും എന്നോട് ഇസ്ലാം വിവേചനം കാണിച്ചിരിക്കുന്നു എന്ന് വിളിച്ചുകൂവുന്ന സ്വഭാവം ചിന്തയുടെ അഭാവം കൊണ്ടുണ്ടാകുന്നതാണ്. അനന്തരാവകാശത്തിലെ നിയമമാണ് പലപ്പോഴും അവരെ ചൊടിപ്പിക്കാറുള്ളത്. അവിടെ തങ്ങൾക്ക് പുരുഷൻ്റെ പകുതി മാത്രമേ തന്നിട്ടുള്ളൂ എന്നാണ് പരിഭവം. തന്നതിന്റെ അളവു മാത്രം നോക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. അതേസമയം തരുന്നത് എന്തിനുവേണ്ടി വിനിയോഗിക്കാൻ വേണ്ടിയാണ് എന്നും അത് വിനിയോഗിക്കേണ്ട ആളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ കഴിവുകൾ എത്രമാത്രം സ്വതന്ത്രമാണ് എന്നും ഭർത്താവ് മക്കൾ സമുദായം തുടങ്ങിയവയുടെ പിൻബലവും പിന്തുണയും ഇല്ലാതെ അവൾക്ക് എത്രമാത്രം സ്വതന്ത്രയായി ജീവിക്കാൻ കഴിയുമെന്നും ഒന്നും ആലോചിക്കാത്തത് കൊണ്ടാണ് ഈ തെറ്റിദ്ധാരണ വരുന്നത്. ഫെമിനിസ്റ്റുകൾ മുദ്രാവാക്യം മുഴക്കുമ്പോൾ യുവതികൾ ആയിരിക്കും പക്ഷേ യൗവനം പടിയിറങ്ങുമ്പോൾ പുരുഷന്റെ തണലില്ലാതെ അവൾക്ക് വാർദ്ധക്യം കടക്കാൻ കഴിയില്ല എന്ന് ചെറിയ തിരിച്ചറിവ് മാത്രം മതി ഫെമിനിസം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് പറയാൻ. വയസ്സായി കഴിഞ്ഞാൽ അവളെ അവളുടെ സംഘടന പരിഗണിക്കില്ല, അവളെ പ്രോത്സാഹിപ്പിച്ച കമ്മ്യൂണിസം അടക്കമുള്ളവർ പരിഗണിക്കില്ല, ഫെമിനിസം തലക്കുക കയറി പലതും വിളിച്ചു പറയുകയും പലതും ചെയ്യുകയും ചെയ്തതിനാൽ സ്വന്തം ഭർത്താവോ മക്കളോ തിരിഞ്ഞു നോക്കുകയുമില്ല. ഫലമോ ആരുടെയെങ്കിലും ഒക്കെ സഹായത്തിനു വേണ്ടി തെരുവിൽ കിടക്കേണ്ട ദുർഗതിയാണ് ഉണ്ടാവുക. ഇത്തരം ഒരു ദുർഗതി ഉണ്ടാവാതിരിക്കുവാൻ ഇസ്ലാം അവളുടെ സംരക്ഷണത്തെ മഹത്വപ്പെടുത്തുകയും സാമ്പത്തികവും സാമൂഹികവുമായ ബാധ്യതകൾ കൊണ്ട് അവളെ പുരുഷന്മാരുമായി കൂട്ടി കെട്ടുകയും ചെയ്തിരിക്കുകയാണ്. ഈ ആശയം ഒരുപാട് വിദ്യാഭ്യാസം നേടുമ്പോൾ ലഭിക്കുന്നതല്ല. മറിച്ച് സ്വന്തം ശരീരത്തിൽ അവശത അനുഭവപ്പെടുമ്പോൾ ഉറപ്പുവരുന്നതാണ്. അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് ഫെമിനിസം ഒരു പ്രതീക്ഷയും നൽകാത്തത്.
ഫെമിനിസത്തിൽ നിന്ന് നേരെ നാം കടക്കുന്നത് സ്വതന്ത്ര ലൈംഗികതയിലേക്കാണ്. അതിനിടയിൽ പറയേണ്ട വിഷയമാണ് ജെൻഡർ ന്യൂട്രലിസം, എൽ ജി ബി ടി ക്യൂ തുടങ്ങിയ തെല്ലാം. അവയുടെ എല്ലാം അടിസ്ഥാന ത്വരയും ആവശ്യവും ലക്ഷ്യവും ലൈംഗികതയുടെ മുൻപിൽ ഒരുതരം നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതിരിക്കുക, സ്വതന്ത്രമായ സെക്സ് സാധ്യമാക്കുക എന്നതാണ്. വൈകാരികമായ സ്‌നേഹമോ കടപ്പാടോ ഇല്ലാത്തതും സ്ത്രീ-പുരുഷന്മാര്‍ സ്വതന്ത്രമായി ലൈംഗികദാഹം ഏതുവിധേനയും ശമിപ്പിക്കുന്നതുമാണ് സ്വതന്ത്രരതി. രതിവൈകൃതം, അമിത ലൈംഗികത, തുടങ്ങിയ ലൈംഗിക അതിപ്രസരവും, അതിലൈംഗികതയും ലൈംഗിക അരാജകത്വവുമാണ് യഥാര്‍ഥത്തില്‍ ഫ്രീ സെക്‌സ്. സ്വതന്ത്ര ലൈംഗികതയുടെ പേരില്‍ പിടിച്ചാല്‍ കിട്ടാത്തവിധം കയറൂരി വിടുന്ന പ്രവണതയാണ് വിവിധ ലൈംഗിക വൈകൃതങ്ങളില്‍ കണ്ടുവരുന്നത്. മനുഷ്യന്‍ ആദരണീയനെന്നതുപോലെ അവനിലെ ലൈംഗികതയും മഹത്തരമാണ്. അതിന് ചില മാനവിക സദാചാര സങ്കല്പങ്ങള്‍ അനിവാര്യമാണ്. അത് മതങ്ങള്‍ക്ക് മാത്രമേ നല്‍കാനാവൂ. സ്ത്രീ പുരുഷ ബന്ധത്തിന്റെ നിയമാനുസൃത മാര്‍ഗമാണ് വൈവാഹികബന്ധം. സ്ത്രീ-പുരുഷകൂട്ടായ്മയും പൊരുത്തവും പാരസ്പര്യവുമുള്ള വിവാഹ സങ്കല്പമാണ് പ്രകൃതിയുടെ തേട്ടം. ഏകോപനം, നിയന്ത്രണം എന്നിവയിലൂടെ ഉദാത്തമാകുന്ന ദാമ്പത്യം മാതൃകാപരമായ സ്ഥാപനവും വ്യവസ്ഥയും സംവിധാനവുമായാണ് മനുഷ്യര്‍ എക്കാലവും നോക്കിക്കണ്ടിട്ടുള്ളത്.
പരാചയപ്പെടുന്നത് ഇവിടെ..
മനുഷ്യനിർമ്മിത ഇസങ്ങളുടെ എല്ലാം പ്രധാന പരാജയം അവ എന്തിനെ ലക്ഷ്യമാക്കുന്നു എന്നിടത്താണ് കുടികൊള്ളുന്നത്. മനുഷ്യൻ എന്നാൽ ഈ കാണുന്ന ശരീരവും അതിൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളും അവ പ്രകടിപ്പിക്കുന്ന താൽപര്യങ്ങളും മാത്രമാണ് എന്നാണെന്നതിൽ ഈ ഇസങ്ങളെല്ലാം യോചിക്കുന്നു. അതുകൊണ്ടുതന്നെ തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയവ മാത്രമാണ് ഇസങ്ങൾ മുന്നോട്ടു വെക്കുന്ന ജീവിത ലക്ഷ്യം. പ്രമുഖ നാസ്തിക ദാര്‍ശനികനായ ആള്‍ഡസ് ഹെക്‌സലെ പറഞ്ഞു: 'നിങ്ങള്‍ക്ക് ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ആനന്ദം ഒരു കാരണവശാലും നാളേക്ക് മാറ്റിവെക്കരുത്.' സ്വിസ് ചിന്തകനായ കാര്‍ ജാസ്‌പേര്‍സ് എഴുതി: 'ജീവിതപാതയില്‍ സ്ഥായിത്വം നല്‍കുന്ന ഒന്നേയുള്ളൂ. അത്യന്താനുഭൂതിയാണത്.' ജന്മവാസനകള്‍ക്കനുസൃതമായി തോന്നിയപോലെ ജീവിക്കുകയാണ് വേണ്ടതെന്നും അതിന് വിഘാതം വരുത്തുന്നതാണ് എല്ലാ വിപത്തുകള്‍ക്കും നിമിത്തമെന്നും ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് വാദിക്കുന്നു: 'മനുഷ്യന്റെ ജന്മവാസനകള്‍ക്ക് തഴച്ചു വളരാന്‍ വിഘാതം വരുത്തുന്ന മൂല്യ സങ്കല്‍പങ്ങളും സാമൂഹിക സമ്മര്‍ദങ്ങളുമാണ് എല്ലാ ദുരിതങ്ങളുടെയും മൂലകാരണം.' ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമാവധി സുഖിക്കലായതിനാല്‍ അതിന് തടസ്സം നില്‍ക്കുന്ന എല്ലാ മൂല്യങ്ങളെയും നിയമങ്ങളെയും ചിട്ടകളെയും ചട്ടങ്ങളെയും എല്ലാ ഭൗതികവാദികളും നിരാകരിക്കുന്നു. നന്മതിന്മകളും ശരി തെറ്റുകളും ധര്‍മാധര്‍മങ്ങളും ന്യായാന്യായങ്ങളും വിധിവിലക്കുകളും അവര്‍ക്ക് തീര്‍ത്തും അന്യമാണ്. സുസ്ഥിര സത്യങ്ങളോ സർവ്വകാലിക മൂല്യങ്ങളോ മാനവികതയോ ഉണ്ടെന്ന് അവരംഗീകരിക്കുന്നില്ല. നന്മ ഉപദേശിക്കുന്നവരാണ് മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് പ്രമുഖ വിദ്യാഭ്യാസ ചിന്തകന്‍ ഇമ്മാനുവല്‍ കാന്റ് വാദിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ നിലപാട് ഇങ്ങനെ: 'മാതാപിതാക്കളും ഗുരുക്കന്മാരുമാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍.' ആരെങ്കിലും സത്യവും നീതിയും ധര്‍മവും നിയമവും മറ്റു മാനവിക മൂല്യങ്ങളും മുറുകെപ്പിടിക്കുന്നുവെങ്കില്‍ അത് തലമുറ തലമുറകളായി സഹസ്രാബ്ദങ്ങളിലൂടെ പിന്തുടര്‍ന്നു പോരുന്ന മതവിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും സ്വാധീനം അറിഞ്ഞോ അറിയാതെയോ അവരില്‍ നിലനില്‍ക്കുന്നതിനാൽ മാത്രണ് എന്നാണ് സി രവിചന്ദ്രൻ വരെ പറയുന്നത്. (മാധ്യമം വാര്‍ഷികപ്പതിപ്പ്, 2020, പുറം: 152). മനസ്സിന് സമ്മതിക്കാൻ പ്രയാസമുള്ള എല്ലാ കാര്യങ്ങളെയും യാദൃശ്ചികതയുടെ മേൽ കെട്ടിവെക്കുന്നതുപോലെയുള്ള ഒരു വാദമാണിത്. സ്വന്തം ജീവിതത്തിൽ ബോധപൂർവ്വം ചെയ്യുന്ന സംഗതികളെ പോലും ഇങ്ങനെ അറിയാതെ സംഭവിക്കുന്നത് എന്നോ യാദൃശ്ചികമായി സംഭവിക്കുന്നത് എന്നോ പറയുന്നത് അവരുടെ പതിവ് പല്ലവിയാണ്. കുടുംബം എന്ന സ്ഥാപനത്തിൻറെ സാന്നിധ്യം തന്നെ നിഷേധിച്ചിട്ടുള്ള കാൾമാക്സ് പോലും ജന്നിയെ വിവാഹം ചെയ്തത് ഇങ്ങനെയാണ്.
യുക്തിവാദത്തിന്റെ മുദ്രയണിഞ്ഞ സ്ത്രീവാദികളും ഇതേ സമീപനം സ്വീകരിക്കുന്നവരാണ്. ലൈംഗികത തികച്ചും സ്വതന്ത്രമായിരിക്കേണ്ട ഒരു അനുഭവമാണ് എന്നവർ പറയുന്നു അതിലേക്ക് ചടങ്ങുകളുടെയോ വിശ്വാസങ്ങളുടെയോ ഈഴക്കങ്ങളുടെയോ ഇടപെടൽ പോലും തെറ്റാണ് എന്ന് അവർ തീർത്തു പറയുന്നു. ഇത് യൗവനത്തിന്റെ തിളപ്പിൽ പറയാവുന്ന ഒരു കാര്യം തന്നെയാണ്. പക്ഷേ ഈ ആദർശത്തിൽ അടിയുറച്ചു നിന്ന് സമൂഹത്തോടുള്ള എല്ലാ ബന്ധങ്ങളും മുറിച്ചിടുന്ന ഒരു സ്ത്രീ പിന്നീട് ജീവിതസായാഹ്നത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലും ദൈന്യതയും ആലോചിക്കാതെയാണ് ഇതെല്ലാം പറയുന്നത് എന്നു മാത്രം. ലൈംഗികത വച്ചാണല്ലോ ഇവർ വിലപേശുന്നതും മേന്മ നടിക്കുന്നതും എല്ലാം. ലൈംഗികതയ്ക്ക് ഈ പറഞ്ഞവയ്ക്കു വേണ്ട ചോദന ഉണ്ടാകുവാൻ അതിനൊരു കാല പരിധിയുണ്ട്. ശാരീരിക സൗകുമാര്യം നഷ്ടപ്പെട്ട ഒരു പെണ്ണിനോട് ഒരു കടപ്പാടും ആരും കാണിക്കുകയില്ല. അതുണ്ടാവണമെങ്കിൽ നേരത്തെ തന്നെ കുടുംബം എന്ന സ്ഥാപനത്തിൻ്റെ വിവിധ സങ്കൽപ്പങ്ങൾ വെച്ച് ഈ സ്ത്രീ ജീവിതത്തെ ബാധ്യതപ്പെടുത്തേണ്ടതുണ്ട്. യൗവനം മങ്ങി തുടങ്ങുമ്പോഴേക്കും മാതൃത്വം തുടങ്ങിയവ കൊണ്ട് വേറെ ഒരു രീതിയിൽ അവളോടുള്ള ബാധ്യത സ്ഥാപിക്കപ്പെടേണ്ടതുണ്ട്. അതാണ് കുടുംബം എന്ന സ്ഥാപനം വഴി നിർവഹിക്കപ്പെടുന്നത്. പക്ഷെ കുടുംബമെന്ന സ്ഥാപനത്തെ തന്നെ അവരംഗീകരിക്കുന്നില്ല. അതിനെ ക്രൂരമായ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയായാണ് അവര്‍ കാണുന്നത്. പ്രസവിച്ചതിന്റെയും പോറ്റി വളർത്തിയതിന്റെയും പേരിൽ മാതൃത്വത്തെ മഹത്വത്തോടെ കാണുകയും മാതാവിനെ ബഹുമാനിക്കുകയും ചെയ്യണമെന്ന് ധർമ്മങ്ങൾ പറയുമ്പോൾ അവർ അതിനെ കാണുന്നത് മറ്റൊരു ധാരണയിലാണ്. മാതൃത്വം പെണ്ണിന്റെ ജൈവമായ ഒരവസ്ഥയാണ്. ഇതിനെ കൃത്രിമമായ ഒരു സാമൂഹിക സ്ഥാപനമാക്കി മാറ്റുകയാണ് പുരുഷാധിപത്യം ചെയ്യുന്നത് എന്നും അതുവഴി പുരുഷൻ തൻ്റെ താല്പര്യങ്ങളെ നേടിയെടുക്കുകയാണ് എന്നുപോലും അവർ പറയുന്നത് കാണാം. (ഗീത, പ്രണയം, ലൈംഗികത, അധികാരം') ഭര്‍ത്താവില്‍നിന്ന് മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന കുടുംബഘടനയെ ഒരു തിന്മയായാണ് അവര്‍ കാണുന്നത്. സമൂഹം അംഗീകരിച്ച ആചാരങ്ങളിലൂടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷം ഭര്‍ത്താവിലൂടെ മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന് ലിഖിതമായി തന്നെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥയെ കണ്ണടച്ച് അംഗീകരിക്കുന്ന പൊതു സാമൂഹിക മൂല്യങ്ങളില്‍നിന്നാണ് അവിവാഹിതരായ അമ്മമാര്‍ ഉണ്ടാവുന്നത് (അതേ പുസ്തകം, പുറം 99).
സ്വതന്ത്ര ലൈംഗികത ഈ പറഞ്ഞ വികാരത്തോടെ അനുഭവിക്കുകയും അനുഭവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത എല്ലാവരും നയിച്ചത് കുത്തഴിഞ്ഞ ജീവിതമായിരുന്നു. മാത്രമല്ല കണ്ണടച്ച് സുഖിച്ച ഇവരിൽ പലരും നുകർന്ന ആനന്ദത്തിന്റെ ബാക്കിപത്രങ്ങൾ കഠിനമായ ദുരിതവും തേങ്ങലുമായി ലോകത്തെ വേദനിപ്പിക്കുകയുണ്ടായി. പോൾ ജോൺസൻ രചിച്ച ഇൻ്റലെക്ച്വൽസ് എന്ന പുസ്തകത്തിൽ ഇത്തരം ഒരുപാട് കഥകളുണ്ട്. പ്രശസ്ത നാടകകൃത്തായ ബ്രഹ്റ്റ് അനേകം സ്ത്രീകളെ നശിപ്പിച്ചതിൻ്റെ വിവരണം അവകളിൽ പെടും. അയാൾ അവരില്‍ തനിക്കുണ്ടായ കുഞ്ഞുങ്ങളെ തിരിഞ്ഞുനോക്കിയതേയില്ല. ലെനിനാണ് തൻറെ റോൾ മോഡൽ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുമായിരുന്നത്രേ ബ്രഹ്റ്റ്.
സാര്‍ത്രെയുടെ ക്രൂരമായ സ്ത്രീവേട്ടയും അതിലുണ്ട്. പേരക്കുട്ടികളുടെ പ്രായമുള്ള പെണ്‍കുട്ടികളെ പ്രാപിക്കുകയും ആവശ്യപൂര്‍ത്തീകരണത്തിനു ശേഷം അവരെ ചവിട്ടിപ്പുറത്താക്കുകയും ചെയ്യുമായിരുന്നത്രെ കക്ഷി. റൂസോ, ഷെല്ലി, മാര്‍ക്‌സ്, ഇബ്‌സണ്‍, ഹെമിംഗ്വേ, ബര്‍ട്രാന്‍ഡ് റസ്സല്‍ പോലുള്ള പ്രമുഖരും പ്രശസ്തരുമായ പലരുടെയും ജീവിതത്തിലെ ഏറ്റവും ഹീനവും രാക്ഷസീയവുമായ വശങ്ങളെയും തെളിവുകളോടെ പോള്‍ ജോണ്‍സണ്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇതൊക്കെ ഇവരുടെ വ്യക്തി ജീവിതത്തിലെ രംഗങ്ങൾ. എന്നാൽ ഇതിനേക്കാൾ എത്രയോ മോശപ്പെട്ട രംഗങ്ങളെ ആനന്ദത്തോടെ അവതരിപ്പിക്കുന്നുണ്ട് ഈ പ്രധാനികൾ എഴുതിയ സൃഷ്ടികൾ. തങ്ങളുടെ മനസ്സിനുള്ളിലെ കാടൻ ലൈംഗികതയും ഭ്രാന്തൻ സ്വാതന്ത്ര്യവും അവതരിപ്പിക്കാനായിരുന്നു സത്യത്തിൽ അവർ പേനയെടുത്തത് തന്നെ. കുടുംബം, വിവാഹം വിവാഹം തുടങ്ങിയവയെ നിരാകരിക്കുന്ന ഇവരുടെ ആശയത്തിൽ പെട്ടുപോകുന്നതോടെ ലൈംഗിക ജീവിതം തന്നെ ഒരു തമാശയായിരുന്നു. ഒരു ഉദാഹരണമിതാ! 1990 മാര്‍ച്ച് 20-ന് മുപ്പത്തിമൂന്നുകാരിയായ കാതറിന്‍ സ്‌ട്രോവര്‍ കൊടുത്ത പരസ്യമിങ്ങനെ വായിക്കാം: 'ഞാന്‍ നാല് കുട്ടികളുടെ മാതാവാണ്. നാലു പേരും നാല് പിതാക്കളില്‍ ജനിച്ചവര്‍. മൂത്തവന്റെ പിതാവ് നിക്കരാഗ്വക്കാരന്‍, രണ്ടാമത്തെവള്‍ വിയറ്റ്‌നാം വംശജ, മൂന്നാമത്തെവള്‍ യമന്‍കാരി, നാലാമത്തെവന്‍ ജര്‍മന്‍കാരന്‍. എനിക്കൊരു വിദേശിയെ താല്‍ക്കാലിക ഭര്‍ത്താവായി സ്വീകരിക്കണമെന്നുണ്ട്. അഞ്ചാമതൊരു കുഞ്ഞിനെ സമ്മാനിക്കാന്‍ കഴിവുള്ള, മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ പെടാത്തവര്‍. ഒരാഴ്ചക്കകം നേരിട്ടോ ടെലഫോണിലൂടെയോ ബന്ധപ്പെടുക.'
സ്വന്തം മാതാവിനും സഹോദരിക്കും എതിര്‍പ്പില്ലെങ്കില്‍ അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ എതിര്‍ക്കുന്നതിന് എന്ത് ന്യായവും യുക്തിയുമാണുള്ളതെന്ന ചോദ്യത്തോളം എത്തിച്ചേർന്നിരിക്കുന്നു ഈ സ്വതന്ത്ര ദാഹം. ഇത്തരത്തിലുള്ള ഏതു അധമത്വവും അവർക്കു പഥ്യമാണ്. അവരുടെ നാടുകളിൽ ഒന്നായ ഫിന്‍ലന്റില്‍ മൃഗരതി നിയമംമൂലം അനുവദിക്കപ്പെട്ടിരിക്കുന്നു. അവിടെ ജീവിക്കുന്നവര്‍ക്ക് വളര്‍ത്തുമൃഗങ്ങളുമായി രതിയിലേര്‍പ്പെടാം. പിഞ്ചുകുഞ്ഞുങ്ങളുടെ കാര്‍ട്ടൂണ്‍ രൂപത്തിലുള്ള അശ്ലീല സിനിമകള്‍ക്ക് ഫിന്‍ലന്റിൽ മാത്രമല്ല, ഡെന്മാര്‍ക്ക് തുടങ്ങിയ നാടുകളില്‍ പോലും വിലക്കില്ല.
യുക്തിവാദികളുടെ ആഗോള നേതാവ് റിച്ചാര്‍ഡ് ഡോക്കിന്‍സ് 2018-ല്‍ സന്തോഷപൂര്‍വം ട്വിറ്ററിലൂടെ പങ്കുവെച്ചത് മനുഷ്യമാംസം കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്നതിലൂടെ മനുഷ്യമാംസം കഴിക്കരുതെന്ന വിലക്കിനെ മറികടക്കാമെന്നാണ്.
പ്രമുഖ നാസ്തികനായ ലോറന്‍സ് ക്രോസ് പറഞ്ഞത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അഗമ്യഗമനം തെറ്റല്ല എന്നാണ്. മകൾ, സഹോദരി തുടങ്ങിയ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധമാണ് അഗമ്യഗമനം. മനുഷ്യൻ സാംസ്കാരികമായി വളർച്ച പ്രാപിക്കുന്നതിൻ്റെ മുമ്പ് ഇത് പലയിടത്തും ഉണ്ടായിരുന്നു എന്നാണ് ചരിത്രം. പിന്നീട് ഇതിൽ വെറുപ്പ് തോന്നിത്തുടങ്ങിയതോടെയാണ് ഇത് ഇല്ലാതെയായത്. ഈ വെറുപ്പിൻ്റെ കാര്യം പറയുമ്പോൾ നമുക്ക് ഇവരുടെ കാര്യത്തിലുള്ള വിരോധാഭാസം കാണാം. അതായത്, മനുഷ്യൻ സാംസ്കാരികമായി വളർന്നിട്ടില്ലാത്ത കാലത്ത് വെറുപ്പുതോന്നി ഇത്തരം രതിവൈകൃതങ്ങൾ മനുഷ്യൻ ഉപേക്ഷിച്ചപ്പോൾ മനുഷ്യൻ സാംസ്കാരികമായി ഏറെ വളർന്ന ഈ കാലത്ത് ഇത്തരം രതിവൈകൃതങ്ങൾക്കു പിന്നിൽ തന്നെ കടിച്ചുതൂങ്ങുന്നു എന്ന വിരോധാഭാസം. നമ്മുടെ നാട്ടിൽ പോലും ഈ വെറുപ്പുളവാക്കുന്ന രതിവൈകൃതങ്ങൾക്കു വേണ്ടിയുള്ള വാദമുണ്ട്. രക്തബന്ധുക്കളുമായും കൂടപ്പിറപ്പുകളുമായും തുടങ്ങി മാതാവുമായും പിതാവുമായും വരെ ലൈംഗികബന്ധം ആവാമെന്നും അത് നിയമവിധേയമാക്കണമെന്നും 2019 ജനുവരി 6-ന് പ്രമുഖ യുക്തിവാദി പ്രചാരകന്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന ലിറ്റ്മസ് 19 അന്താരാഷ്ട്ര സ്വതന്ത്ര സെമിനാര്‍ ആവശ്യപ്പെട്ടത് അതിൻ്റെ ഉദാഹരണവും തെളിവുമാണ്. അടങ്ങാത്ത ലൈംഗിക ത്വര മനുഷ്യൻ്റെ വിശേഷ ബുദ്ധിയെ തന്നെ മയക്കിക്കിടത്തിയേക്കും എന്നത് വരെ ഇവരുടെ കാര്യത്തിൽ പുലർന്നിട്ടുണ്ട്. അതിനൊരു നല്ല ഉദാഹരണമാണ് അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുകയാണ് വേണ്ടതെന്ന അവരുടെ അഭിപ്രായം. മനസ്സ് മരവിച്ചവർക്കല്ലാതെ ഇങ്ങനെ പറയാൻ പോയിട്ട് ചിന്തിക്കുവാൻ പോലും കഴിയില്ല.
ഇത് പുതിയ ജാഹിലിയ്യത്ത്..
ഇതെല്ലാം മോഡേണിസമാണ്, ആധുനികതയാണ് എന്ന് കരുതി സമാധാനിക്കുന്നുണ്ട് ചിലരെങ്കിലും. ഞങ്ങൾ കാലത്തോടൊപ്പം മുന്നോട്ടു പോവുകയാണ് എന്ന് അവർ വീമ്പിളക്കുന്നു. മതവും ധർമ്മവും മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്നവരാകട്ടെ ഇപ്പോഴും പഴഞ്ചൻമാരാണ് എന്നാണ് അവരുടെ വാദം. സത്യത്തിൽ അവരാണ് പഴഞ്ചൻമാർ. ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്ന ഒരു ജാഹിലിയ്യത്തുണ്ട്. അജ്ഞതയുടെയും അസാന്മാർഗികതയുടെയും കൂരിരുട്ട് കട്ടപിടിച്ച് കിടക്കുന്ന ആ കാലത്താണ് ഇസ്ലാം വെളിച്ചം കത്തിച്ചുവെച്ചത്. അന്ന് ഉണ്ടായിരുന്ന വൈവാഹിക മേഖല പരിശോധിച്ചാൽ തന്നെ മനസ്സിലാകും അന്നത്തെ ജാഹിലീയത്തിനെ തന്നെയാണ് പുതിയ കുപ്പിയിൽ ഈ സ്വതന്ത്ര ചിന്തകരൊക്കെ നിറച്ചു വെച്ചിരിക്കുന്നത് എന്ന്. അന്നത്തെ ചില ലൈംഗികത്തമാശകൾ പറയാം. വ്യഭിചാരം അവിടെ സാർവർത്രികമായിരുന്നു. വ്യഭിചാരിണികൾ അറേബ്യയിൽ വാടകക്ക് കൊടുത്തിരുന്നത് മുഖ്യമായും അടിമ സ്ത്രീകളെയായിരുന്നു. മാസം ഇത്ര ശതമാനം ഉടമസ്ഥന് ലഭിക്കുന്ന വിധത്തിലായിരുന്നു വിപണനം. ഇതായിരുന്നു അക്കാലത്തെ സ്വതന്ത്ര ലൈംഗികത. ഇക്കാലത്തെ ഇവരുടെ ലിവിങ് ടുഗതറും ജാഹിലിയ്യത്തിന്റെ ശീലം തന്നെയാണ്.
ഈ ആചാരത്തിന് അവർ ഖദൻ എന്നും ആ ബന്ധത്തിലുള്ള ഇണക്ക് അഖ്ദാൻ എന്നുമായിരുന്നു പേരിട്ടിരുന്നത്. ഒരു സ്ത്രീയോ പുരുഷനോ തനിക്ക് ഇഷ്ടപ്പെട്ട ഇണയെ കണ്ടെത്തി വിവാഹമോ മറ്റോ കൂടാതെ ഒന്നിച്ചോ അവരവരുടെ വീട്ടിലോ താമസിക്കുമായിരുന്നു. ഖുർആനിൽ നിസാ സൂറത്തിലെ 25 ആമത്തെ ആയത്തിൽ ഇത് വിലക്കുന്നുണ്ട്. ഇത് താരതമ്യേന വ്യാപകവുമായിരുന്നു. നിയമപരമായി അംഗീകാരവും ഉണ്ടായിരുന്നു. നികാഹ് മക്ത് എന്ന ഒരു കല്യാണം അന്ന് അവിടെ ഉണ്ടായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളുമായി ഒരു അറപ്പും ഇല്ലാതെ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന സമ്പ്രദായം ആയിരുന്നു ഇത്. പ്രധാനമായും ഈ വിവാഹത്തിൽ പിതാവിന്റെ ഭാര്യയെ വേൾക്കുകയോ മകന്റെ ഭാര്യയെ പിതാവ് വേൾക്കുകയോ ആണ് ചെയ്യുക. ഇങ്ങനെ വിവാഹം കഴിക്കുന്ന ആളെ ളൈസൻ എന്ന് വിളിക്കും. അതിൽ മകനുണ്ടായാൽ അവൻ മഖീത്ത് എന്ന് അറിയപ്പെടും. ഇസ്‌ലാം ഇതും വിലക്കി (നിസാ: 22). മുത്അ വിവാഹം എന്ന അവധി വെച്ച വിവാഹമാണ് മറ്റൊന്ന്. എന്ത് കാലാവധിയും നിശ്ചയിക്കാം. കാലാവധി കഴിയുന്നതോടെ രണ്ട് പേരും രണ്ട് വഴിക്ക് പോവും. മക്കളുണ്ടായാൽ അത് സ്ത്രീയുടെ പിരടിയിൽ ആയിരിക്കും. ഇത് ഖൈബർ യുദ്ധ സമയത്ത് ഇസ്‌ലാം വിലക്കി. ഇതും വളരെ വ്യാപകമായി ജാഹിലിയ്യ കാലത്ത് ഉണ്ടായിരുന്നു. ഇതിനും നിയമ പരിരക്ഷ ഉണ്ടായിരുന്നു.
സ്വതന്ത്ര ലൈംഗികതയുടെ പേരും പറഞ്ഞ് സ്വന്തം പങ്കാളികളെ കൈമാറ്റം ചെയ്യുന്ന രതി വൈകൃതം ആധുനിക സ്വതന്ത്ര ചിന്തകരിൽ വേരുപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് ഇപ്പോൾ ഇവർ ഉണ്ടാക്കിയതല്ല. പണ്ടത്തെ കാടൻ അറബി ജാഹിലിയ്യത്തിൽ ഉണ്ടായിരുന്നത് തന്നെയാണ് ഇതും. ഇപ്പോഴത്തെ പോലെ വൈഫ് സ്വാപ്പിങ് എന്നല്ല മറിച്ച് നികാഹുൽ ബദൽ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. എന്റെ ഭാര്യയെ താൻ എടുത്ത് നിന്റെ ഭാര്യയെ എനിക്ക് തരൂ എന്ന് പറഞ്ഞാണ് ഈ ബന്ധം തുടങ്ങുന്നത്. എന്നാൽ ഇങ്ങനെ മാറിക്കിട്ടിയ ആൾക്ക് മറ്റൊരാൾക്ക് കൈമാറാൻ പാടുണ്ടായിരുന്നില്ല. കാലാവധി കഴിഞ്ഞാൽ തിരിച്ച് കൈമാറണം. കാലാവധി രണ്ട് കൂട്ടർക്കും സ്വീകാര്യമായ എന്തും ആവാം. അഹ്സാബ് സൂറത്തിലെ 52 ആം ആയത്ത് കൊണ്ട് ഇതും ഇസ്‌ലാം വിലക്കി. വിവാഹം കഴിഞ്ഞിട്ടും വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ കഴിയാത്ത വിഷമത്തിൽ നിൽക്കുന്ന ദമ്പതികളോട് യാതൊരു കൂസലും ഇല്ലാതെ സ്വതന്ത്ര ചിന്തകർ പറയുക, നീ മറ്റൊരാളെ അല്ലെങ്കിൽ മറ്റൊരുത്തിയെ നോക്കുക എന്നായിരിക്കും. അതായത് ഭാര്യ ഗർഭം ധരിക്കുവാൻ വേണ്ടി ഭർത്താവ് സ്വന്തം ഭാര്യയെ ഏതെങ്കിലും പ്രധാനിയുടെ അടുത്തേക്കോ യോദ്ധാവിൻ്റെ അടുത്തേക്കോ പറഞ്ഞയക്കുന്നു. കരുതിയത് പോലെ കുട്ടി ഉണ്ടായാൽ കുട്ടിയുടെ പിതൃത്വം ഈ ഭർത്താവ് ഏറ്റെടുക്കും. ഇന്നത്തെ കാലത്തെ സ്വതന്ത്ര രതിക്കാർ ചെയ്തേക്കാവുന്ന ഒന്നുതന്നെയാണ് ഇത്. ജാഹിലിയ കാലഘട്ടത്തിൽ വ്യാപകമായിരുന്ന ഈ ഏർപ്പാടിന് നികാഹ് അൽ ഇസ്തിബ്ളാഅ് എന്നു പറയുന്നു. ഇതും ഇസ്‌ലാം വിലക്കി. പിന്നെ നികാഹ് അൽ റഹ്ഥ് എന്ന മറ്റൊരു വൈകൃതം ഉണ്ടായിരുന്നു. പത്തിൽ കുറഞ്ഞ പുരുഷന്മാരെ ഒരുമിച്ച് ഒരു സ്ത്രീ ക്ഷണിക്കുന്നു. എല്ലാവരും അവളെ തുടർച്ചയായി ബന്ധപ്പെടുന്നു. ശേഷം എല്ലാവരും വീടുകളിലേക്ക് തിരിച്ച് പോവുന്നു. അതിൽ ഗർഭിണി ആയാൽ ആ കുഞ്ഞിൻ്റെ പിതാവ് ആരെന്ന് തീരുമാനിക്കുന്നത് ഈ സ്ത്രീ നറുക്കിട്ടെടുത്ത് കൊണ്ടായിരുന്നു. ഗ്യാങ്ങ് ബാങ്ങ് എന്ന പേരിൽ ആധുനിക ഫ്രീസെക്ഷ്വലിസം ഇത് തുടങ്ങിയിട്ടുണ്ട്. സാഹിബാത്ത് അൽ റായാത്ത് ഒരു വിഭാഗം സ്ത്രീകൾ ഉണ്ടായിരുന്നു. അവരെ പ്രാപിക്കുന്ന ആളുകൾ ഇത്ര എണ്ണം എന്നില്ല. സ്ത്രീ സ്വന്തം വീടിന് മുന്നിൽ ഒരു കൊടി നാട്ടും. ആർക്കും ഏത് സമയത്തും വീട്ടിൽ കയറി ബന്ധപ്പെട്ട് പോരാം. ആരെയും തിരസ്കരിക്കാനോ തെരെഞ്ഞെടുക്കാനോ സ്ത്രീക്ക് അവകാശം ഉണ്ടായിരിക്കില്ല. ഈ ബന്ധത്തിൽ മക്കളുണ്ടായാൽ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളെ പിതാവായി പ്രഖ്യാപിക്കും. ഇത് ഡെന്മാർക്കിലും മറ്റും ഇപ്പോൾ നിലവിലുണ്ട്.
ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത്. നാം ആധുകികത, ലിബറലിസം, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വിളിക്കുന്നത് വളരെ പഴക്കമുള്ള പഴഞ്ചൻ സംസ്കാരത്തെ തന്നെയാണ് എന്ന് മനസ്സിലാക്കാം. നാം മുന്നോട്ട് കുതിക്കുകയല്ല, അജ്ഞത നിറഞ്ഞ ഇരുണ്ട കാലത്തേക്ക് തിരിച്ച് നടക്കുകയാണെന്ന് പറയാം. മറ്റൊരു കാര്യം സ്വാതന്ത്ര്യത്തിന്റെ ലഹരി തലക്കുപിടിച്ച ഈ ഇസങ്ങൾ ഓരോന്നും ആത്യന്തികമായി ലക്ഷ്യമിടുന്നത് ഇസ്ലാമിനെയാണ്. കാരണം അവരുടെ താൽപര്യങ്ങളെ ചോദ്യം ചെയ്യുന്നത് ഇസ്ലാം മാത്രമല്ല എങ്കിലും ഇസ്ലാം അവതരിപ്പിക്കുന്ന കാര്യങ്ങൾ അവരുടെ മോഹങ്ങളെ നിരർത്ഥകങ്ങളാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് നാളിതുവരെ ഉണ്ടായ ഒരു ഇസവും ഇസ്ലാമിനെ മറികടക്കാതിരുന്നത്. ഇവിടെ നാം ചർച്ച ചെയ്ത വിഷയങ്ങളെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്. സമ്പത്തുമായും മറ്റു സാമൂഹ്യ ഘടകങ്ങളുമായും ബന്ധപ്പെട്ട് രൂപീകൃതമായ ഇസങ്ങളും ചിന്താധാരകളും എല്ലാം ഇപ്രകാരം തന്നെ ഒരർഥവും ഇല്ലാത്തതാണ്.
'വ്യക്തി, കുടുംബം, സമൂഹം' കാറല്‍ മാര്‍ക്‌സ് ഫ്രെഡറിക് ഏംഗല്‍സ്
പ്രണയം, ലൈംഗികത, അധികാരം / ഗീത
Intellectuals / പോൾ ജോൺസൺ
യുക്തിവാദികളുടെ സാമൂഹ്യ വീക്ഷണം / ഏറ്റുമാനൂര്‍ ഗോപാലകൃഷ്ണന്‍
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso