ചിന്തകളുടെ കടലാഴം
13-05-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
ദൃശ്യപ്രപഞ്ചത്തിൽ മനുഷ്യനു മുമ്പിൽ അല്ലാഹു അവതരിപ്പിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അമാനുഷികമായ അടയാളങ്ങളെയാണ് ദൃഷ്ടാന്തങ്ങൾ എന്ന് പറയുന്നത്. അമാനുഷികമായതിനാൽ ഇവയെക്കുറിച്ച് ആലോചിക്കുമ്പോൾ സർവ്വശക്തനായ ഒരു സൃഷ്ടാവിലേക്ക് മനസ്സ് സ്വാഭാവികമായും സഞ്ചരിക്കും. ഈ സഞ്ചാരത്തെക്കുറിച്ച് പക്ഷേ ചില തെറ്റിദ്ധാരണകൾ പലരും കാത്തുസൂക്ഷിക്കുന്നുണ്ട്. മറ്റൊന്നുമല്ല, ഈ അമാനുഷിക ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തുകൊണ്ട് ജനങ്ങളെ ഇസ്ലാമിലേക്കും ആദർശത്തിലേക്കും ക്ഷണിക്കാം എന്നതാണത്. ഇത് വിശുദ്ധ ഖുർആനിൻ്റെ നിലപാടിന് തന്നെ വിരുദ്ധമാണ്. മഹാനായ നബി തിരുമേനി(സ)യോട് മക്കായിലെ അവിശ്വാസികൾ പലപ്പോഴും പല അത്ഭുത പ്രവർത്തികളും ചെയ്തു കാണിക്കാൻ ചോദിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം നിവർത്തി ചെയ്തു കൊടുക്കുവാൻ തീർച്ചയായും സാധിക്കുമായിരുന്നു എന്നിട്ടും അതിനെ ഒരു പ്രധാന പ്രബോധന മാർഗമായി അല്ലാഹുവോ അല്ലാഹുവിൻ്റെ പ്രവാചകനോ സ്വീകരിച്ചിട്ടില്ല. അതേസമയം അതിൽ ചിലതെല്ലാം ചില സമയത്ത് നടന്നിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ ഇസ്ലാമിലേക്കുള്ള മനം മാറ്റത്തിനുള്ള ഒരു കാരണം എന്ന രൂപത്തിൽ ആയിരുന്നില്ല അതൊന്നും. അതു സാധ്യവുമല്ല. അത്ഭുത പ്രവർത്തനങ്ങൾ സംഭവിച്ചാൽ തന്നെ അത് കാണുമ്പോൾ ശക്തമായ ഞെട്ടലും ചിന്തയും എല്ലാം ഉണ്ടാകുമെങ്കിലും അതൊന്നും ഒരു ആദർശത്തെ മാറ്റി അടുത്ത ആദർശത്തെ സ്വീകരിക്കുവാൻ ഉള്ള ഒരു വഴിയായി തീർന്നുകൊള്ളണമെന്നില്ല എന്നു ചുരുക്കം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തന്നെ അത് അപൂർവ്വമായിട്ട് മാത്രമായിരിക്കും. അതിന് രണ്ടു സജീവമായ തെളിവുകൾ നമ്മുടെ മുമ്പിലുണ്ട്. ഒന്നാമത് ചന്ദ്രൻ പിളർന്ന സംഭവമാണ് കടുത്ത വിരോധത്തോടെയും വിദ്വേഷത്തോടെയും നിൽക്കുകയായിരുന്ന മക്കയിലെ അവിശ്വാസികളുടെ നഗ്നമായ കണ്ണിൻ്റെ മുമ്പിലാണ് ചന്ദ്രൻ പിളർന്നതും ഒരു കഷ്ണം താഴേക്കിറങ്ങിവന്നതും പൂർവ്വസ്ഥിതി പ്രാപിച്ചതും. ആ രംഗത്തെ മനസ്സുകൊണ്ട് കാണുന്ന എല്ലാവർക്കും അറിയാം അത്യന്തം ഞെട്ടൽ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരുന്നു അത് എന്ന്. പക്ഷേ അതിനെ തുടർന്ന് കാര്യമായ ഒരു ഒഴുക്കും ഉണ്ടായില്ല എന്നതാണ് ചരിത്രം. മാത്രമല്ല, അത്തരത്തിൽ പ്രതീക്ഷിച്ചാൽ അതുകൊണ്ട് ഉണ്ടാകുന്ന നിരാശ തന്നെ അവിടെ സംഭവിക്കുകയും ചെയ്തു. അതായത് ആ ഞെട്ടലിൽ നിന്ന് ഉണർന്നതും മക്കയിലെ മുശ്രിക്കുകൾ പറഞ്ഞു, മുഹമ്മദിൻ്റെ കയ്യിൽ എന്തോ മെസ്മരിസം ഉണ്ട് എന്ന്. മുഹമ്മദ് അവതരിപ്പിച്ചത് കൺകെട്ടായിരുന്നു എന്ന്. അത്ഭുത പ്രവർത്തികൾ വഴി ആദർശത്തിലേക്ക് ആളെ കൂട്ടാൻ കഴിയില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണിത്. ഈ തെളിവ് ശരിയാണ് എന്നത് നമ്മുടെ അനുഭവങ്ങൾ തന്നെ നമ്മോട് പറയുന്നുണ്ട്. ഉദാഹരണമായി, വായുവിൽ നിന്ന് വിഭൂതിയെടുക്കുന്ന സിദ്ധന്മാരെ കുറിച്ചും സന്യാസിമാരെ കുറിച്ചും നാം കേട്ടിട്ടുണ്ട്. അത് കണ്ടുനിൽക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നവരാരും സ്വാമിയുടെ മതത്തിലേക്ക് പോകുന്നില്ല. മറിച്ച്, ഇതെന്തോ ഒരു വിദ്യയാണ് എന്നതിലേക്ക് തിരിയുക മാത്രമാണ് ചെയ്യുന്നത്.
മറ്റൊരു ഉദാഹരണമാണ് ആധുനിക കാലത്ത് നാം കണ്ട മോറിസ് ബുക്കായി എന്ന ശാസ്ത്രജ്ഞൻ്റെത്. ഫറോവയുടെ മമ്മി ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ മനസ്സ് ഖുർആനിലേക്ക് എത്തുന്നത്. ഖുർആനിന്റെ ആ വിഷയത്തിലുള്ള പ്രസ്താവങ്ങളെ തള്ളിക്കളയുവാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. അതിനു വേണ്ടി അദ്ദേഹം തന്റെ മതത്തിലെ പുരോഹിതന്മാരുമായും പണ്ഡിതന്മാരുമായും നിരന്തരം ബന്ധപ്പെടുകയുണ്ടായി. മാത്രമല്ല, പര്യവേഷണത്തിലെ തൻ്റെ സഹപ്രവർത്തകർ അദ്ദേഹത്തിൻ്റെ ചിന്തയുടെ ആ തരത്തിലുള്ള മുന്നേറ്റത്തെ തടയിടാൻ കഠിനമായി ശ്രമിക്കുകയുമുണ്ടായി. പക്ഷേ, അതൊന്നും വിജയിച്ചില്ല. കടലിലെ ഉപ്പുവെള്ളം കുടിച്ച് മരിച്ചിട്ടും സ്വാഭാവികതക്ക് പുറമേ ഉപ്പിന്റെ സാന്നിധ്യം കൂടെ ചേരുമ്പോൾ എന്തായിരുന്നാലും ഈ ശരീരം അഴുകി തീരേണ്ടതായിരുന്നു എന്ന് ശാസ്ത്രവും അനുഭവവും ഉറക്കയുറക്കെ വിളിച്ചുപറഞ്ഞിട്ടും പക്ഷെ, ഈ ശരീരം കേടുകൂടാതെ കടലിനടിയിൽ ഇത്ര സമയം കിടന്നത് സൃഷ്ടാവായ അല്ലാഹുവിൻ്റെ പ്രത്യേക തീരുമാനം കൊണ്ട് മാത്രമാണ് എന്നും അത് അവൻ്റെ ദൃഷ്ടാന്തമാണ് എന്നും അദ്ദേഹത്തിന് തീർച്ചപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണങ്ങളിൽ ബുക്കായിയുടെ മനസ്സ് ഖുർആനിലെ അമാനുഷികതയിൽ നിന്നും സത്യവിശ്വാസത്തിലേക്കു കടക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം പഠനങ്ങളിൽ പങ്കെടുത്ത ഒരുപാട് ശാസ്ത്രജ്ഞന്മാർ ഒപ്പമുണ്ടായിരുന്നു. പ്രത്യേകിച്ചും ഗവൺമെന്റിനു വേണ്ടിയാണ് അവർ അതിൽ ഇടപെട്ടത് എന്ന് പറയുമ്പോൾ. അവർ ആരും പക്ഷേ ഇക്കാരണത്താൽ മുസ്ലിമായില്ല. എന്നാൽ ബുക്കായി പറയുന്നത് തങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന് നിലപാട് അവർക്കാർക്കും ഉണ്ടായിരുന്നതുമില്ല. അദ്ദേഹത്തെപ്പോലെ ഒരു വലിയ ശാസ്ത്രജ്ഞനെ അവർ തള്ളിക്കളയുകയുമായിരുന്നില്ല. പക്ഷേ ഈ അത്ഭുതവും സംഭവവും ഒന്നും ആദർശത്തെ മാറ്റിപ്പിടിക്കുവാൻ അവരെ പ്രേരിപ്പിച്ചില്ല എന്നു മാത്രം. ഇതുകൊണ്ടാണ് വിശുദ്ധ ഖുർആൻ നേരത്തെ തന്നെ ഒരു കാര്യം പറഞ്ഞു വെച്ചിട്ടുള്ളത്. ഈ ഗ്രന്ഥവും ഇതിൻ്റെ ഉള്ളടക്കവും സൂക്ഷ്മാലുക്കളായ വിശ്വാസികൾക്ക് സന്മാർഗം നൽകുന്നതാണ് എന്ന്. അതായത് എല്ലാ മനുഷ്യന്മാർക്കുമല്ല വിശുദ്ധ ഖുർആൻ സന്മാർഗം നൽകുന്നത്, മറിച്ച്, വിശുദ്ധ ഖുർആനിൻ്റെ ആശയലോകത്തെ മനസ്സുകൊണ്ട് സ്വീകരിക്കുവാൻ സന്നദ്ധരായവർക്ക് മനസ്സിന് കൂടുതൽ തെളിച്ചവും വെളിച്ചവും നൽകുകയാണ്. ചുരുക്കത്തിൽ വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അമാനുഷികതകൾ എല്ലാം ഒന്നാമതായി വിശ്വാസികളെ കൂടുതൽ ബലപ്പെടുത്തുകയും തങ്ങൾ തെരഞ്ഞെടുത്ത വഴി സത്യം തന്നെയാണ് എന്ന് ഉറപ്പിക്കുകയും ചെയ്യുകയാണ്.
ഇത്തരം അമാനുഷികമായ ദൃഷ്ടാന്തങ്ങൾ അല്ലാഹു അവൻ്റെ പ്രപഞ്ചത്തിന്റെ എല്ലാ ആഴങ്ങളിലും ഉയരങ്ങളിലും വെച്ചിട്ടുണ്ട്. ചിന്തിക്കേണ്ടവന്ന് അവിടെ നിന്ന് ചിന്തിച്ച് തുടങ്ങാവുന്നതാണ്. ഈ ദൃഷ്ടാന്തങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കടൽ. ഭൂമിയുടെ ഏകദേശം 70 ശതമാനവും കടലാണ്. ഇതിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ഒരുപാട് ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് കടൽ ജലമാണെങ്കിലും ജലസ്രോതസ്സിനു മാത്രമുള്ള സംവിധാനമല്ല സമുദ്രം എന്നത്. നിറയെ വെള്ളം ആണെങ്കിലും വെള്ളമല്ല അതുകൊണ്ടുള്ള പ്രധാന ഉദ്ദേശം എന്ന് ചുരുക്കം. മഴക്കു വേണ്ട നീരാവി ഉണ്ടായിത്തീരുന്നത് ഈ കടലിൽ നിന്നാണ്. വെള്ളത്തെ ആവിയാക്കി മാറ്റുവാൻ പക്ഷേ അതിനു ചുവട്ടിൽ ആരും തീ കത്തിക്കുന്നില്ല. എന്നല്ല, തീ എന്ന ആശയത്തോട് വെള്ളം എന്ന ആശയം യോജിച്ചു പോകുന്നുമില്ല. എന്നിട്ടും നമുക്ക് ലഭിക്കുന്ന മഴയില്‍ ഗണ്യഭാഗവും കടല്‍ജലത്തെ ആശ്രയിച്ചു നില്‍ക്കുന്നു. അതോടൊപ്പം ഭൂമിയുടെ നിലനില്‍പുമായി ബന്ധപ്പെട്ട സംതുലിതത്വം എന്ന വലിയ തത്വം കൂടി അതിനു പിന്നിലുണ്ട്. മറ്റൊരു പ്രത്യേകത ഉപ്പു രസം കലര്‍ന്നതാണ് സമുദ്രജലം എന്നതാണ്. ഇത് യാദൃഛിക സംഭവമല്ല. മനുഷ്യര്‍ക്ക് ആവശ്യമായ ജൈവസമ്പത്തിന്റെ നിലനില്‍പിന് അത് ആവശ്യമാണ്. അതോടൊപ്പം ദിനേന അതില്‍ ചത്തടിയുന്ന കോടാനുകോടി ജീവികളുടെ ജഡങ്ങള്‍ ചീഞ്ഞളിഞ്ഞ് ജലം മലിനമാകാതിരിക്കാനുള്ള സംവിധാനം കൂടിയാണത്. സമുദ്രജലം വറ്റിപ്പോവുകയോ പെട്ടെന്ന് കരയിലേക്ക് കയറി കരയെ മുക്കിക്കളയുകയോ ചെയ്യാത്തവിധം ഒരു പ്രത്യേക സംവിധാനത്തിലാണ് അവയുടെ ഘടന നിര്‍ണയിച്ചിട്ടുള്ളത്. കരയിലെ ജലം ഒന്നടങ്കം കടലിലേക്കൊഴുകാതിരിക്കാനും കടല്‍ കരയെ വിഴുങ്ങാതിരിക്കാനും കരയുടെ പല ഭാഗങ്ങളിലും മഞ്ഞുമലകള്‍ സ്ഥാപിച്ച് ഏകദൈവം പ്രതിരോധസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഭൂമിക്കടിയിലെ ജലം സമുദ്രങ്ങളില്‍ ചെന്നുചേരുകയും സമുദ്രജലനിരപ്പ് ഉയരുകയും പല കരഭാഗങ്ങളും ജലത്തിനടിയില്‍ ആവുകയും ചെയ്യുമായിരുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയർത്തിക്കൊണ്ടുപോകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഒക്സൈഡിനെ സമുദ്രം വൻതോതിൽ ആഗിരണം ചെയ്യുന്നുണ്ട്. അങ്ങനെ ആഗോളതാപനത്തെ അത് മന്ദീഭവിപ്പിക്കുന്നു. മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ ഭക്ഷണാവശ്യത്തിൻ്റെ വലിയൊരു പങ്ക് സമുദ്രം നിറവേറ്റുന്നു. മത്സ്യ വിഭവങ്ങൾക്കുമപ്പുറം മനുഷ്യോപയോഗത്തിനാവശ്യമായ ഔഷധഗുണങ്ങളടക്കമുള്ള പല ജൈവ / രാസപദാർഥങ്ങളുടേയും മുത്തുകളുടേയും രത്നങ്ങളുടേയുമൊക്കെ കലവറ കൂടിയാണു സമുദ്രം. സദാ ചലനാത്മകമായ സമുദ്രം എളുപ്പം ഉപയോഗപ്പെടുത്താവുന്ന നിലക്കാത്ത ഊർജസ്രോതസ്സെന്ന പ്രതീക്ഷ കൂടി ശാസ്ത്രലോകത്തിന് നൽകുന്നുണ്ട്. ആഗോളവ്യാപകമായി സമുദ്രത്തിനടിയിൽ വൻ തോതിൽ പെട്രോളിയം നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.
കടലിന്റെ അടിയിലേക്ക് ഇറങ്ങുമ്പോൾ അനേകം അത്ഭുതങ്ങൾ നമ്മെ കാത്തു നിൽക്കുന്നുണ്ട്. ഇന്നുവരെക്കും കടൽ ശാസ്ത്രത്തിന് പോലും വ്യക്തമായി വ്യാഖ്യാനിക്കാൻ കഴിയാത്ത അത്ഭുതങ്ങൾ. അതിനാൽ ഇന്നത്തെ ചിന്ത നമുക്ക് ആഴങ്ങളിൽ നിന്ന് തുടങ്ങാം. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ആഴം കടലിനടിയിലാണ് കടലിന്റെ അന്തർഭാഗം ആധുനിക കാലത്ത് ഒരു പഠന ശാഖയാണ് ഓഷ്യനോളജി എന്നാണ് അത് വ്യവഹിക്കപ്പെടുന്നത് കടലിൻ്റെ അടിത്തട്ടിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഈ ശാസ്ത്രം കൈമാറിയിട്ടുണ്ട്. അതനുസരിച്ച് കടലിൻറെ ഏറ്റവും വലിയ ആഴം 11 കിലോമീറ്റർ ഓളം ആണ് എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത് ഏറ്റവും കൂടിയ ആഴമാണ് ഏറ്റവും കുറഞ്ഞ ആഴം ആവട്ടെ നാലു കിലോമീറ്റർ ആണ്. പസഫിക് സമുദ്രത്തിലുള്ള മരിയാന ട്രഞ്ച് എന്ന സ്ഥലമാണ് സമുദ്രത്തിനടിയിലെ ഏറ്റവും കൂടിയ ആഴം. ഈ ആഴം തന്നെ വലിയ ഒരത്ഭുതമാണ്. കാരണം ഭൂമിക്കു മുകളിൽ നാം സങ്കൽപ്പിക്കുന്ന ഏറ്റവും ഉയരമുള്ള വസ്തുവിനെക്കാൾ അധികം ആഴം സമുദ്രത്തിനുണ്ട്. ഉദാഹരണമായി, എവറസ്റ്റ് കൊടുമുടി എടുക്കാം. അതിൻ്റെ ഉയരം ഏതാണ്ട് 8 കിലോമീറ്ററോളം മാത്രമേ വരൂ. അതേസമയം സമുദ്രത്തിന്റെ ആഴമാവട്ടെ 11 കിലോമീറ്റർ വരെ വരുന്നുണ്ട്. എന്നാൽ ഈ ആഴത്തെ ഒരു സാധാരണ ആഴമായി കാണാൻ കഴിയില്ല. ഈ ആഴത്തിലേക്ക് സാധാരണഗതിയിൽ മനുഷ്യൻമാർക്കോ മുങ്ങിക്കപ്പലുകൾക്കോ വരെ പോകാൻ കഴിയില്ല. കാരണം സമുദ്രത്തിന്റെ അടിയിലേക്ക് പോകുന്തോറും സമ്മർദ്ദം ശക്തമായി മാറുന്നു. അതുകൊണ്ടുതന്നെ മനുഷ്യനെ എന്നല്ല മനുഷ്യൻ ഉണ്ടാക്കുന്ന പേടകങ്ങൾക്ക് പോലും സുരക്ഷിതമായി പോകാനും തിരിച്ചുവരാനും കഴിയില്ല. നേരത്തെ പറഞ്ഞ മരിയാന ട്രഞ്ച് എന്ന ആഴത്തിലേക്ക് ഇതുവരെ പോയിട്ടുള്ളത് മൂന്ന് പേർ മാത്രമാണ്. 2012 ൽ ഇംഗ്ലീഷ് സംവിധായകൻ ജെയിംസ് കാമറൂൺ അവരിൽ ഒരാളാണ്. ശാസ്ത്ര സമൂഹം ഇതിനകം നിരവധി പേടകങ്ങളെയും മറ്റുമെല്ലാം ഈ പോയിന്റിലേക്ക് അയക്കാൻ ശ്രമിച്ചിട്ടുണ്ട്. അതൊന്നും പക്ഷേ വിജയിച്ചില്ല എന്ന് മാത്രമല്ല വിക്ഷേപിച്ച പലതും തിരിച്ചുവന്നില്ല. അവയെ കുറിച്ച് ഒന്നും ഇപ്പോഴും ഒരു വിവരവുമില്ല. ഇവിടെ 11 കിലോമീറ്റർ ആഴത്തിൽ കിടക്കുന്നത് സാമാന്യമായി പറഞ്ഞാൽ വെറും വെള്ളം തന്നെയാണ്. സമുദ്രത്തിന്റെ ഉപരിതലത്തിൽ നാം കാണുന്ന ഉപ്പു കലർന്ന വെള്ളം തന്നെ. പക്ഷേ താഴേക്ക് പോകുമ്പോൾ വെള്ളത്തിൻ്റെ പ്രകൃതം മാറുകയും മനുഷ്യൻ്റെ ജീവന് പാകപ്പെടാത്ത ഒരു അവസ്ഥ സംജാതമാവുകയും ചെയ്യുന്നുണ്ട്. മേൽപ്പറഞ്ഞ സമ്മർദ്ദം അതിലൊന്നാണ്. രണ്ടാമത്തേത് താഴേക്ക് പോകുന്തോറും വെളിച്ചത്തിന്റെ കനം കുറയുകയും ഇരുട്ട് കൂടിക്കൂടി വരികയും ചെയ്യുന്നു എന്നതാണ്.
ഈ ഇരുട്ട് തുടങ്ങുന്നത് ഏകദേശം ഒരു കിലോമീറ്റർ കഴിയുന്നതോടുകൂടിയാണ്. എന്നു പറഞ്ഞാൽ സമുദ്രത്തിന്റെ മഹാഭൂരിഭാഗവും ഇരുണ്ട് കിടക്കുകയാണ് എന്നർഥം. ഫോർട്ടിക് സോൺ എന്നാണ് പ്രകാശമെത്തുന്ന ഈ ഒരു കിലോമീറ്റർ ഓഷ്യനോളജി വിളിക്കുന്നത്. ഇത് നമുക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയും. പ്രകാശം എന്നത് നിറങ്ങളുടെ സംഗ്രഹമാണ്. നമ്മുടെ പ്രധാന നിറങ്ങൾ ഏഴാണ്. VIBGIOR എന്ന വാക്കിലെ ഓരോ അക്ഷരങ്ങളും സൂചിപ്പിക്കുന്ന ഈ ഏഴു നിറങ്ങളിൽ ഒന്നായ ചുവപ്പ് ആണ് ആദ്യം അപ്രതൃക്ഷമാവുന്നത്. ഏകദേശം പത്തു മീറ്റർ താഴെയെത്തുമ്പോഴേക്കും തന്നെ ചുവപ്പ് എന്ന നിറം അവസാനിക്കുന്നു. കാരണം ഈ ആഴത്തിൽ എത്തുമ്പോഴേക്കും ജലം ഈ നിറത്തെ ആഗിരണം ചെയ്ത് കഴിയും. പിന്നീട് അതിനപ്പുറത്തേക്ക് പോകാൻ അതിന് കഴിയില്ല. ഇങ്ങനെ വീണ്ടും വീണ്ടും താഴേക്ക് പോകും ഓരോ നിറങ്ങൾ അപ്രത്യക്ഷമായി കൊണ്ടേയിരിക്കും. മൊത്തത്തിൽ ഒരു കിലോമീറ്റർ താഴെ എത്തുമ്പോഴേക്കും പിന്നെ ഒരു നിറവും അവശേഷിക്കുകയില്ല അതിനാൽ വെളിച്ചത്തിന്റെ ഘടകമായ നിറങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം എത്തുമ്പോൾ പിന്നെ വെളിച്ചത്തിന്റെ വിപരീതമായ ഇരുട്ടാണ് ഉണ്ടാവുക. അതിനാൽ സമുദ്രത്തിന്റെ അന്തർഭാഗം മുഴുവനും ഇരുട്ട് കെട്ടിക്കിടക്കുകയാണ്. ഏതാണ്ട് 2 കിലോമീറ്റർ ആഴം പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഒരുതരം വെളിച്ചവും ഉണ്ടാകുകയില്ല. ഇതിനുള്ള കാരണങ്ങളിൽ ഒന്നാണ് പ്രകാശത്തിന്റെ ആഗിരണം. അതോടൊപ്പം രണ്ടാമത്തെ മറ്റൊരു കാരണം കൂടിയുണ്ട്. അത് കടലിനടിയിലുള്ള തിരകൾ ആണ്. ആ തിരകളാണെങ്കിലോ വ്യത്യസ്തമായ സാന്ദ്രതയിലുള്ളതാണ്. അതിനാൽ അവ ഒന്ന് ഒന്നിൽ ചേരാതെ പരസ്പരം അട്ടിയിട്ടത് പോലെയാണ് കിടക്കുന്നത്. ജലത്തിൻ്റെ സാന്ദ്രതയുടെ വ്യത്യാസം ആണ് അതിന് കാരണം. കടലിനടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇത്തരം സവിശേഷതകൾ കണ്ടെത്തിയപ്പോഴേക്കും മനുഷ്യൻ എത്രയോ നൂറ്റാണ്ടുകൾ പിന്നിട്ടു. സമീപകാലത്താണ് ഓഷ്യനോളജി എന്ന ശാസ്ത്രം വന്നതും വികസിച്ചതും അതുവരെ പഴയ നടിയിലെ കൗതുകങ്ങൾ ഒന്നും ആർക്കും അറിയുമായിരുന്നില്ല ലോകത്തെ അത്തരം അറിവുകൾ ഒന്നും ഉണ്ടായിരുന്നില്ല ഒരുകാലത്ത് വിശുദ്ധ ഖുർആൻ ഇതെല്ലാം ഈ സൂചനകളോട് കൂടെ തന്നെ പറഞ്ഞുവെച്ചു എന്നതും ഖുർആൻ പറഞ്ഞുവെച്ച അതിലേക്ക് കാലവും അതിൻറെ ശാസ്ത്രങ്ങളും വളർന്നു എന്നതും ആണ് സത്യവിശ്വാസികളെ ചിന്തിപ്പിക്കുകയും അവരുടെ വിശ്വാസത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന വിഷയം ഈ കാര്യങ്ങൾ എല്ലാം അല്ലാഹു ഒരൊറ്റ വാചകത്തിലൂടെ പറയുകയാണ്.
ഖുര്‍ആന്‍ പറഞ്ഞു: "അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല." (24: 40) ഈ സൂക്തത്തിൽ അല്ലാഹു മേൽപ്പറഞ്ഞ എല്ലാ പ്രത്യേകതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. അട്ടിയായി കിടക്കുന്ന തിരമാലകൾ ഓരോ അട്ടിയുടെയും സാന്ദ്രത കാരണമാണ് ഒന്നൊന്നിലേക്ക് ചേരാതെ നിൽക്കുന്നത് എന്ന് നാം മേൽ പറഞ്ഞു. ഈ സാന്ദ്രതയുടെ കാര്യം മറ്റൊരു രൂപത്തിൽ അല്ലാഹു പറയുന്നുണ്ട് അത് ഇങ്ങനെയാണ്: "രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. "(25: 53) ഈ സാന്ദ്രത തന്നെ മറ്റൊരു ദൈവികദൃഷ്ടാന്തമാകുന്നു. മിക്കപ്പോഴും നദിയും സമുദ്രവും കൂടിച്ചേരുന്ന സ്ഥലങ്ങളിലും സമുദ്രാന്തര്‍ഭാഗങ്ങളിലെ ചില സ്ഥലങ്ങളിലും ഇത് കാണാം. രണ്ടു തരം ജലങ്ങൾ ഒരിക്കലും തമ്മില്‍ കൂടിക്കലരുന്നില്ല. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ജലം താപവും ഉപ്പുരസവുമുള്ളതും സാന്ദ്രത കുറഞ്ഞതുമാകുന്നു. അറ്റ്ലാന്റിക് സമുദ്രജലം അതിനേക്കാള്‍ താണ നിലവാരം പുലര്‍ത്തുന്നതാകുന്നു. മെഡിറ്ററേനിയന്‍ ജലം അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് 1000 മീറ്ററോളം അടിയിലേക്ക് പ്രവേശിച്ചാല്‍ പോലും ആ ജലം അതിന്റെ സ്വഭാവം നിലനിര്‍ത്തുന്നതായാണ് ഓഷ്യനോളജി കണ്ടിട്ടുള്ളത്. രണ്ട് സമുദ്രങ്ങളിലെയും ജലം തമ്മില്‍ കൂടിച്ചേരുന്നില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലാണ് സമുദ്രത്തിലെ നീരുറവകള്‍ ധാരാമുള്ളത്. സമുദ്രജലത്തിലെ ഉപ്പുരസത്തിനിടയിലാണ് രുചികരമായ ഈ തെളിനീരുകള്‍ എന്ന കാര്യം വിസ്മയജനകമാണ്. സൗദി ബഹ്റൈൻ കോസ്‌വേയുടെ നിർമ്മാണ ഘട്ടത്തിൽ എൻജിനീയർമാർ ഇത് നേരിട്ട് കണ്ടതും അനുഭവിച്ചതും വലിയ വാർത്തയായിരുന്നു. ഒരാളുടെ കൈകൾ പുറത്തേക്ക് നീട്ടിയാൽ അയാൾക്ക് പോലും അത് കാണാൻ കഴിയില്ല എന്ന ഈ ആയത്തിലെ പ്രയോഗം സമുദ്രത്തിന്റെ അടിത്തട്ടിലെ അന്ധകാരത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു കിലോമീറ്ററിലേറെ താഴേക്ക് പോയാൽ അവിടെ വെച്ച് ഒരാളുടെ കൈ മുറിഞ്ഞുപോയാൽ ആ രക്തത്തെ പോലും കാണാൻ കഴിയില്ല. കാരണം, ആ കാഴ്ചയ്ക്ക് ചുവപ്പു നിറം കൊടുക്കുന്ന ശക്തി വെളിച്ചത്തിന് നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടാണ് ആ അളവിൽ കാണുന്ന രക്തം നീലയായിരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
ഈ അമാനുഷികതകൾ ഖുർആൻ പറയുന്നത് ശാസ്ത്രം പഠിപ്പിക്കുക എന്ന അർത്ഥത്തിലോ സമുദ്രങ്ങളുടെ ആഴത്തെയും ഇരുട്ടിനെയും ബോധ്യപ്പെടുത്താനോ അല്ല എന്നതാണ് പ്രത്യേകമായി ഇവിടെ ശ്രദ്ധിക്കേണ്ടത്. അങ്ങനെ ഒരു ആശയം സ്ഥാപിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന ധ്വനി ഖുർആനിൽ എവിടെയുമില്ല. കാരണം, ഖുർആൻ ഇത് പറയുമ്പോൾ ഒരു ശാസ്ത്ര അധ്യായം എന്ന നിലക്കല്ല പറയുന്നത്. വസ്തുതകളും തെളിവുകളും കൃത്യമായി ബോധ്യപ്പെട്ടിട്ടും വീണ്ടും തെളിവുകളും വ്യക്തതയും തേടുന്ന ഏതെങ്കിലും മനുഷ്യൻ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ആ വഴിക്ക് മാത്രം ചിന്തകൾ പുരോഗമിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ആൾക്കാർ ഉണ്ടെങ്കിൽ അവർക്ക് ഉപോൽഭലകമായി തീരുവാൻ വേണ്ടിയാണ്. അതിനാൽ നാം ആമുഖത്തിൽ പറഞ്ഞതുപോലെ, ഈ ദൃഷ്ടാന്തങ്ങളത്രയും ഉപയോഗപ്പെടുത്തേണ്ടത് സത്യവിശ്വാസികൾ അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുവാനും ബലപ്പെടുത്തുവാനും വേണ്ടിയായിരിക്കേണ്ടതാണ്. നൈസാബൂരിൽ ഒരു വിശ്രുത പണ്ഡിതൻ (ഇമാം റാസിയോ ഇമാം ആമുദിയോ) വന്ന ഒരു സംഭവമുണ്ട്. അല്ലാഹുവിൻ്റെ അസ്തിത്വത്തെ സ്ഥാപിക്കുവാൻ ആയിരം തെളിവുകൾ ശേഖരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ഖ്യാതി. എല്ലാവരും തടിച്ചുകൂടി. ജനങ്ങൾ വലിയ ഉത്സാഹത്തിലും ആവേശത്തിലുമായിരുന്നു. അറിവ് ആവേശമായി മാറുന്ന ഒരു കാലമായിരുന്നു അത്. പക്ഷേ കൂട്ടത്തിൽ ഒരു വൃദ്ധ അതിനൊന്നും പോയില്ല. അതുകൊണ്ട് അത്ഭുതപരതന്ത്രരായ ചിലർ അവരോട് ചോദിച്ചു, നിങ്ങൾ എന്തുകൊണ്ടാണ് ഈ ആവേശത്തിൽ പങ്കുചേരാത്തത് എന്ന്. അവർ പറഞ്ഞു: അദ്ദേഹത്തിൻ്റെ മനസ്സിൽ അല്ലാഹുവിൻ്റെ അസ്തിത്വത്തെക്കുറിച്ച് ആയിരം സന്ദേഹങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം ആയിരം തെളിവുകൾ കണ്ടെത്തിയത്. അതേസമയം എൻ്റെ മനസ്സിൽ ആ വിഷയത്തെക്കുറിച്ച് ഒരു സന്ദേഹം പോലും ഇല്ല. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിൻ്റെ സന്ദേഹങ്ങൾക്ക് എന്ന പോലെ അദ്ദേഹത്തിൻ്റെ തെളിവുകൾക്കും വില കൽപ്പിക്കാത്തത്. വൃദ്ധയുടെ ഈ മറുപടി ആ ഇമാമിൻ്റെ ചെവിയിൽ ആരോ എത്തിച്ചു. അത് കേട്ട അദ്ദേഹം പറഞ്ഞു: അല്ലാഹുവേ എനിക്കും ആ വൃദ്ധയുടെ ഈമാൻ പോലുള്ള (തെളിവാവശ്യമില്ലാത്ത) ഈമാൻ നൽകേണമേ..
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso