Thoughts & Arts
Image

കഴിവു നേടാനാവട്ടെ ഒഴിവു കാലം

13-05-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







വിദ്യാർത്ഥിയുടെ പഠനകാലത്തെ സമയം മുഴുവനും വിവിധ നിയന്ത്രണങ്ങൾക്ക് വിധേയമാവുകയാണ്. രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കണം. ദിനചര്യകൾ ചെയ്യണം. പാഠശാലകളിലേക്ക് പോകുവാൻ വേണ്ട ഒരുക്കങ്ങൾ നടത്തണം. കൃത്യമായി പാഠശാലയിൽ എത്തണം. പിന്നെ പാഠശാലയുടെ സമയക്രമത്തിന് വിധേയമാകണം. തിരിച്ചെത്തിയാൽ വീണ്ടും ഐച്ഛികമെങ്കിലും നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയനാകണം. മൊത്തത്തിൽ വിദ്യാർത്ഥിയുടെ സമയം മുഴുവനും ഇങ്ങനെ വിവിധ നിയന്ത്രണങ്ങളിൽ പൂട്ടിക്കെട്ടിയിരിക്കുകയാണ്. ഓരോ പൂട്ടിനും കാവലിരിക്കുവാൻ വിവിധ ആളുകളോ സംവിധാനങ്ങളോ ജാഗ്രതയോടെ ഒരോയിടത്തും നിലയുറപ്പിച്ചിട്ടുമുണ്ട്. മാതാപിതാക്കൾ, അദ്ധ്യാപകർ, സാമൂഹ്യ നിയമങ്ങൾ, സാംസ്കാരിക കീഴ്‌വഴക്കങ്ങൾ തുടങ്ങി ഓരോന്നും. ഈ നിയന്ത്രണങ്ങളെല്ലാം നിശ്ചിത കാലത്തേക്ക് പിൻവലിക്കുകയും വിദ്യാർത്ഥികളെ തുറന്നു വിടുകയും ചെയ്യുന്ന കാലമാണ് അവധിക്കാലം. അതിനാൽ തൻ്റെ മുമ്പിൽ നിയന്ത്രണങ്ങളില്ല എന്ന സന്ദേശം മനസ്സിന് ലഭിക്കുമ്പോൾ അവർ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടേയിരിക്കും. ഒരാവശ്യത്തിന് വേണ്ടിയാണ് പായുന്നത് എങ്കിൽ ആ ആവശ്യത്തെ കരുതി സമാധാനിക്കാം. ഒരാവശ്യവുമില്ലാതെ വെറുതെ തെക്കും വടക്കും നടന്നോ മടി പിടിച്ച് ചടഞ്ഞിരുന്നോ അവധിക്കാലം കഴിക്കുന്നത് സത്യത്തിൽ ആത്മഹത്യാപരമാണ്. അതുവരേക്കും ഉരുട്ടി കയറ്റിയതെല്ലാം വെറുതെ ഉരുട്ടി താഴെയിടുന്ന വിഡ്ഢിത്തമാണത്. അതുവഴി അവർ മനസ്സിൽ പിടിച്ചെടുത്ത തീയും വെളിച്ചവും അണയാൻ വെറുതെ നിന്നുകൊടുക്കുകയാണ്. അർത്ഥമില്ലാത്ത ഇത്തരം അവധിക്കാലം കൊടിയിറങ്ങിക്കഴിയുമ്പോൾ വിദ്യാർഥിക്ക് നഷ്ടങ്ങളായിരിക്കും എടുത്തുവെക്കാൻ ഉണ്ടാവുക. പഠിച്ചു മനസ്സിൽ ഉറപ്പിച്ച പലതും മറന്നു പോയിട്ടുണ്ടാകും. പഠിക്കാനുള്ള ത്വര മനസ്സിൽ മങ്ങിയിട്ടുണ്ടാകും. ആഗ്രഹവും ആവേശവും തണുത്തുറഞ്ഞിട്ടുണ്ടാവും. അതിനേക്കാളെല്ലാം ഉപരി അവരുടെ മനസ്സിലേക്ക് ഈ ഗ്രാമീണതയുടെ കളിക്കളങ്ങളിൽ നിന്നും ഏകാന്തതയുടെ തളങ്ങളിൽ നിന്നും പല വേണ്ടാത്തതും കയറി വന്നിട്ടുണ്ടാകും. അവ ഇട്ട വിഷവിത്തുകൾ മുളച്ചു വളർന്ന് വൻമരങ്ങളായി മാറി അതിൻ്റെ തണുപ്പിലും തണലിലും കൂടുകൂട്ടാനുള്ള മോഹം ജനിച്ചിട്ടുണ്ടാകും. കിട്ടിയതൊക്കെ കൈമോശം വരാനും ജീവിതത്തിൻ്റെ താളം തെറ്റിത്തുടങ്ങാനും ഇതൊക്കെ ധാരാളം മതി.



സാമൂഹ്യ മാറ്റങ്ങൾക്ക് വിധേയമായി ഒഴിവുകാലത്തെ ഉപയോഗിക്കുന്നതിൽ വിദ്യാർഥികൾക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ടുകാലത്ത് ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾക്കായിരുന്നു. ഒന്നാമതായി, കുടുംബ വിരുന്നു യാത്രകൾക്കും രണ്ടാമതായി പാടത്തും പറമ്പിലും സമപ്രായക്കാർക്കൊപ്പമുള്ള കളികൾക്കും. ഇതു ഇവ രണ്ടിലും സാമാന്യമായി പറഞ്ഞാൽ വലിയ കുഴപ്പങ്ങളൊന്നുമില്ല. എന്ന് മാത്രമല്ല, ചെറിയ നേട്ടങ്ങളുണ്ട് താനും. കുടുംബങ്ങളിലേക്കുള്ള യാത്രകൾ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. കൂട്ടുകാരോടൊത്തുള്ള കളികൾ മാനസികവും കായികവുമായ വളർച്ചകൾക്ക് സഹായകമാവുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴത്തെ അവധിക്കാലങ്ങൾ പല അപകടങ്ങളും കൊണ്ട് ആശങ്കയുള്ളതാണ്. കാരണം വിദ്യാർത്ഥികൾ ഒന്നുകിൽ സോഷ്യൽ മീഡിയയുടെ മുമ്പിലോ ടെലവിഷൻ പരിപാടികളുടെ മുമ്പിലോ ചടഞ്ഞു കൂടുകയാണ്. സോഷ്യൽ മീഡിയയിലാണെങ്കിൽ അവൻ സ്വന്തമായി ഒരിടം കണ്ടെത്തുകയും ഒരു പ്രത്യേക ആസ്വാദനത്തിൽ മുഴുകുകയും ചെയ്യുകയാണ്. അവൻ എന്താണ് അനുഭവിക്കുന്നത് എന്നത് ആർക്കും അറിയില്ല. മറ്റാരും അറിയാതെ ആസ്വദിച്ചും ആനന്ദിച്ചും ചെയ്യുന്ന സ്വകാര്യങ്ങളോട് മനുഷ്യൻ്റെ വികാരവും തൃഷ്ണയും ഇരട്ടിയായിരിക്കും. അത്തരം ഒരു രസത്തിൽ മുഖം പൂഴ്ത്തുന്ന ഒരാൾ തന്റെ പരിസരം പോലും മറന്നുപോകും. ക്രമേണ അത് അവൻ്റെ ഇഛയും വികാരവുമായി മാറും. പിന്നെ അവൻ അതിനു വേണ്ടിയായിരിക്കും ജീവിക്കുക, നല്ലതാണെങ്കിലും അല്ലെങ്കിലും. ടെലിവിഷൻ സ്ക്രീനിൽ മുഖം പൂഴ്ത്തുമ്പോൾ അവൻ ഒറ്റക്കല്ല എങ്കിലും ആശയങ്ങൾ ഓരോരുത്തരെ ഒറ്റക്കൊറ്റക്കാണ് ലക്ഷ്യം വെക്കുന്നത്. മനുഷ്യനിൽ പൊതുവെ വിനോദവും ആനന്ദവും ഉണ്ടാക്കുവാൻ വേണ്ടി നിർമ്മിക്കപ്പെടുന്നതാണ് ടെലിവിഷൻ പരിപാടികൾ. അത് എല്ലാതരം പ്രായക്കാരെയും ഒരേപോലെ ആനന്ദിപ്പിക്കും എന്നു കരുതാൻ വയ്യ. മുതിർന്നവരും പ്രായം കുറഞ്ഞവരും ഒരേപോലെ ഇരുന്ന് ഒരു പരിപാടി കാണുമ്പോൾ അത് ചെറിയ പ്രായക്കാരിൽ വിപരീതമായ ചിന്തകൾ ഇട്ടുകൊടുക്കുന്നത് സ്വാഭാവികമാണ്. പണ്ടുകാലത്ത് പാടങ്ങളിലും പറമ്പുകളിലും കണ്ടിരുന്ന ഒഴിവുകാല താൽക്കാലിക കളിക്കളങ്ങൾ ഇപ്പോൾ ഏതാണ്ട് വിജനമാണ്. കാരണം പുതിയ തലമുറയുടെ കളി അത്തരം കളിക്കളങ്ങളിലല്ല, മറിച്ച്, സ്ക്രീനുകളിൽ ആണ്. അതായത് കമ്പ്യൂട്ടർ ഗെയിമുകളുടെ കളിക്കളത്തിലാണ് കുട്ടികൾ അധികവും. കമ്പ്യൂട്ടർ ഗെയിമുകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത് വിദ്യാർത്ഥിയുടെ മാനസിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അവനിൽ അന്വേഷണ ത്വര സൃഷ്ടിക്കുമെന്നും സർവ്വോപരി ബുദ്ധിശക്തി വളർത്തുമെന്നുമെല്ലാം വിവിധ പഠനങ്ങളെ ആധാരമാക്കി പലരും പറയുന്നുണ്ട് എങ്കിലും അതിലെ മറ്റൊരു ഭാഗം കാണാതെ പോകാൻ വയ്യ. അതു മറ്റൊന്നുമല്ല, കമ്പ്യൂട്ടർ ഗെയിമുകളിൽ പണ്ടത്തേതു പോലെ പാമ്പും ആപ്പിളും ഗോവണിയും സുഡോക്കോയും ഒന്നുമല്ല പുതിയ കാലത്ത് ഉള്ളത്. മറിച്ച് യുദ്ധങ്ങളും കലാപങ്ങളും ആക്രമണ പ്രത്യാക്രമണങ്ങളുമെല്ലാമാണ് പുതിയ കമ്പ്യൂട്ടർ ഗെയിമുകളുടെ ഇതിവൃത്തം. അതിനാൽ കമ്പ്യൂട്ടർ ഗെയിമിന് അടിമപ്പെടുന്ന വിദ്യാർത്ഥി ഒരു താൽക്കാലിക വിനോദം എന്ന അർത്ഥത്തിൽ ഒതുങ്ങിനിൽക്കാതെ വലിയ വലിയ കുറ്റകൃത്യങ്ങളുടെയും യുദ്ധങ്ങളുടെയും ലോകത്തേക്ക് നയിക്കപ്പെടുകയാണ്. കമ്പ്യൂട്ടർ ഗെയിമിന് വലയിൽ പെട്ട് ആത്മഹത്യ ചെയ്യുന്ന പ്രവണത വരെ നാം കണ്ടതാണല്ലോ.



പൊതുവായ കാഴ്ചയാണ് ഈ പറഞ്ഞതെല്ലാം. ആശങ്കാകുലമായ ഇത്തരം കാഴ്ചകൾക്കിടയിലും ശുഭോദർക്കമായ പല കാഴ്ചകളും ഉണ്ട്. അവധിക്കാലം ഉപയോഗപ്പെടുത്തുവാൻ വേണ്ടി വിവിധ ഏജൻസികൾ ഏതാണ്ട് മത്സരബുദ്ധിയോടെ സംഘടിപ്പിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകൾ ആണ് അവ. വിവിധ പരിശീലനങ്ങൾ നൽകുവാനും ഭാവിയെ കുറിച്ചുള്ള ചിത്രങ്ങൾ വരച്ചുകൊടുക്കുവാനും വേണ്ടി സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പുകൾ ആണ് ഇവ. ഇവയിൽ മതപരവും സാംസ്കാരികവുമായ അർത്ഥങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പുകൾ ഉണ്ട്. ഈ ക്യാമ്പുകൾ വിദ്യാർത്ഥികൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു എന്ന് പറയാതെ വയ്യ. എന്നാൽ എണ്ണത്തിൽ ചെറുതാണെങ്കിലും ചില ക്യാമ്പുകൾക്ക് കച്ചവട കണ്ണുണ്ട്. തങ്ങൾക്ക് വേണ്ടി ഫിനാൻസ് ചെയ്യുന്ന ഏജൻസികളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യാനുള്ള ഒരു പദ്ധതിയാണ് അവർക്ക് ഇത്. അതിൽ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം വിദ്യാഭ്യാസം എന്ന് പറയുന്നത് വല്ലാത്ത വിലക്കയറ്റം അനുഭവപ്പെടുന്ന മേഖലയാണ് ഇന്ന്. വിദ്യാഭ്യാസത്തിന് വലിയ വില കൈവരുന്നത് ഒരർത്ഥത്തിൽ നല്ലതു തന്നെയാണ്. മനുഷ്യൻ്റെ സാംസ്കാരിക അസ്ഥിത്വത്തെ നിശ്ചയിക്കുന്നതും നിശ്ചയിക്കേണ്ടതും വിദ്യാഭ്യാസമാണ്. നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു സാംസ്കാരിക നിലയിലേക്ക് മനുഷ്യന് ഉയരണം എന്നുണ്ടെങ്കിൽ വിദ്യാഭ്യാസം വിലപ്പെട്ടതായി മാറേണ്ടതുണ്ട്. കാരണം അപ്പോൾ മാത്രമാണ് കഴിവും ശേഷിയും ഉള്ളവരെ പുതിയ അന്വേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടി ലഭ്യമാവുക. മത്സരം കടുക്കുന്നതിന് അനുസരിച്ച് പ്രതിഭകളുടെ കാര്യശേഷി വർദ്ധിക്കും. എന്നാൽ പല അർത്ഥങ്ങളിലും അത് ചില വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഏറ്റവും പ്രധാനമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അതോടൊപ്പം ബൗദ്ധികമായി കഴിവുള്ള കുട്ടികളെ ഈ പ്രവണത നിരാശപ്പെടുത്തുന്നു. മറ്റൊന്ന് ഇത് തെറ്റായ കീഴ്വഴക്കങ്ങളും നിയമലംഘനങ്ങൾക്കും പിൻവാതിൽ ശ്രമങ്ങൾക്കും മറ്റും കളമൊരുക്കുന്നു എന്നതാണ്. ഭരണകൂടങ്ങളും സംവിധാനങ്ങളും ഉണർന്നും കാര്യക്ഷമമായും പ്രവർത്തിക്കുകയാണ് എങ്കിൽ ഈ ആശങ്കകൾക്കൊന്നും അർത്ഥമുണ്ടാവില്ല. പക്ഷേ അതൊന്നും നാം ആഗ്രഹിക്കുന്ന നിലയിലേക്കും നിലവാരത്തിലേക്കും ഉയരാറില്ല എന്നത് മറ്റൊരു സങ്കടം.



ഒഴിവു കാലത്തെക്കുറിച്ച് കർശനമായ ജാഗ്രത വേണം എന്ന തത്വം പറയുവാൻ വേണ്ടിയാണ് മേൽപ്പറഞ്ഞ ആമുഖം പറഞ്ഞത്. സമയത്തിൻ്റെ വില പറഞ്ഞ എല്ലാ തത്വങ്ങളും ആദർശങ്ങളും ഒഴിവുകാലം ഉണ്ടാക്കുന്ന ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. അവയുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ വിഷയത്തിലുള്ള ഇസ്ലാമിക ദർശനം. ഒഴിവുസമയം നിഷ്ഫലമാകുന്നത് മനുഷ്യൻ അകപ്പെടുന്ന ഒരു ചതിക്കുഴിയായിട്ടാണ് പ്രവാചകൻ(സ) പറഞ്ഞത്. നബി(സ) പറഞ്ഞു: ‘രണ്ടു അനുഗ്രഹങ്ങളില്‍ മിക്ക ആളുകളും വഞ്ചിതരാണ് (നഷ്ടത്തിലാണ്). ആരോഗ്യവും ഒഴിവുസമയവുമാണവ’. ഈ തിരുവചനം വലിയ അർത്ഥങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകുന്നുണ്ട്. ഒന്നാമതായി ആരോഗ്യത്തെയും ഒഴിവു സമയത്തെയും പ്രവാചകന്‍ അനുഗ്രഹം എന്നാണ് വിവരിക്കുന്നത് എന്നതാണ്. അത് സൂചിപ്പിക്കുന്നത് ഒഴിവു സമയവും ആരോഗ്യവും നാം ഉണ്ടാക്കിയെടുക്കുന്നതല്ല, മറിച്ച്, ദൈവദത്തമായി ലഭിക്കുന്നതാണ് എന്നതാണ്. അത് അങ്ങനെത്തന്നെയാണ് താനും. കാരണം ഒഴിവുസമയം ലഭിക്കുക എന്നത് ഒരാളുടെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. ഒരു നിമിഷവും നഷ്ടപ്പെടാതെ അധ്വാനിക്കാനും ജാഗ്രതയോടെയിരിക്കുവാനും നിർബന്ധിതനാകുന്ന ഒരാൾക്ക് ജീവിതത്തിൽ ഒഴിവുകാലം ലഭിച്ചു കൊള്ളണമെന്നില്ല. വിശാലമായ ജീവിത സാഹചര്യങ്ങളും വിഭവങ്ങളും ഉള്ളവർക്ക് മാത്രം കിട്ടുന്ന ഒരു അനുഗ്രഹമാണ് ഒഴിവ് സമയം എന്നത്. ഉദാഹരണമായി, ജീവിത സന്ധാരണത്തിന് കച്ചവടത്തെ ആശ്രയിക്കാൻ നിർബന്ധിതനാകുന്ന ഒരാൾക്ക് ഒഴിവുസമയം കുറവായിരിക്കും. അതേ സമയം ഒരു അദ്ധ്യാപകന് സ്വാഭാവികമായ ഒഴിവ് സമയങ്ങൾ അധികം ലഭിക്കും. അതിനാൽ തന്നെ അത് ദൈവാനുഗ്രഹം തന്നെയാണ്. അവൻ ആർക്കെല്ലാം അതിനു പറ്റിയ ജീവിതസാഹചര്യങ്ങൾ വിധിക്കുന്നുവോ അവർക്ക് ഒഴിവുസമയം ഉണ്ടാകും. അല്ലാത്തവർക്ക് അത് ഉണ്ടാവുകയില്ല. അല്ലാഹുവിൻ്റെ അനുഗ്രഹമാണ് ഒഴിവ് സമയം എന്ന് പറയുമ്പോൾ അതിനെ നല്ല നിലയിൽ ഉപയോഗപ്പെടുത്താതിരുന്നാൽ അത് ദൈവനിന്ദയായി പരിഗണിക്കപ്പെടും. അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങനെയാണ്. അനുഗ്രഹങ്ങളെ അവമതിക്കുന്നത് കുറ്റങ്ങളിൽ പെട്ടതാണ്. അതിന് ശിക്ഷ ഉണ്ടാകും. അന്ത്യ വിചാരണയിൽ തന്റെ ആയുഷ്ക്കാലം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന്റെ ഉള്ളിൽ ഒരു ഉപചോദ്യമായി ഒഴിവുകാലം ഉണ്ടായിരിക്കും. ഉദ്ധൃത ഹദീസിലെ രണ്ടാമത്തെ പാഠം ഒഴിവ് സമയം കൈമോശം വരുന്നവൻ വഞ്ചിതനായി പോകുന്നു എന്നതാണ്. ഈ പ്രയോഗത്തിൽ ആരാണ് വഞ്ചിക്കുന്നത് എന്നു പറയുന്നില്ല. അത് പറയേണ്ടതുമില്ല. കാരണം മനുഷ്യൻ്റെ അസ്തിത്വത്തെയും അല്ലാഹുവിൻ്റെ പ്രതിനിധി എന്ന ഉത്തരവാദിത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന എല്ലാ നീക്കങ്ങളും ഉണ്ടാകുന്നത് പിശാചിൽ നിന്നാണ്. ഒഴിവ് സമയത്തെ പാഴാക്കിക്കളയുന്നവർ പിശാചിനാൽ വഞ്ചിക്കപ്പെടുന്നു എന്നർഥം.



കാലത്തെക്കുറിച്ചുള്ള ജാഗ്രത വിശ്വാസിക്ക് കൈമോശം വരാൻ പാടില്ലാത്തതാണ്. കാരണം ജീവിതം എന്നത് തന്നെയാണ് കാലം. കാലത്തെ തന്നെയാണ് ജീവിതം എന്ന് വിളിക്കുന്നത്. കാലമാവട്ടെ മുന്നോട്ടു പോകുന്തോറും ചുരുങ്ങിച്ചുരുങ്ങി വരുന്ന ഒരു പ്രതിഭാസവുമാണ്. അനസു ബ്നു മാലിക് (റ) പറയുന്നു: നബി(സ) പറഞ്ഞു: കാലം പരസ്പരം അടുത്തു വരുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. വർഷങ്ങൾ മാസങ്ങൾ പോലെ ആയിത്തീരും. മാസങ്ങൾ ആഴ്ചകൾ പോലെയും, ആഴ്ചകൾ ദിവസങ്ങൾ പോലെയും, ദിവസങ്ങൾ യാമങ്ങൾ (പകലിലെയോ രാത്രിയിലെയോ ഏതാനും നേരം) പോലെയും, യാമങ്ങൾ തിരി കത്തി തീരുന്നതു പോലെ കത്തിത്തീരും. (തിർമിദി). ഇതിൻ്റെ അർത്ഥം, നിലവിലുള്ള ഒരു മണിക്കൂറിലെ മിനിറ്റുകളുടെ എണ്ണം കുറയുമെന്നോ മാസത്തിലെ ദിവസങ്ങളുടെ എണ്ണം കുറയുമെന്നോ ആഴ്ചയിലെ ദിവസങ്ങളുടെ എണ്ണം കുറയുമെന്നോ ഒന്നുമല്ല. മറിച്ച്, മനുഷ്യൻ അവൻ്റെ ജീവിതത്തിൽ ശീലിക്കുകയും ആകൃഷ്ടനാവുകയും ചെയ്യുന്ന ഇച്ഛകളും വികാരങ്ങളും കൂടി വരികയും അവക്ക് ഒന്നിനും ഈ നിയതമായ സമയം മതിയാവാതെ അനുഭവപ്പെടുകയും ചെയ്യും എന്നാണ്. അത്തരം ഒരു അവസ്ഥയിലേക്ക് മനുഷ്യൻ എത്തിച്ചേരാൻ ഇനിയും ഒരുപാട് കാലം താൻ വേണ്ടി വരും എന്ന് ആരും പറയില്ല. കാരണം, ഇപ്പോൾ തന്നെ ഒരാൾക്കും ഒന്നിനും സമയം തികയുന്നില്ല എന്ന പരാതിയുണ്ട്. ഇതും പണ്ഡിതന്മാർ വിവരിച്ചതുപോലെ പിശാചിൻ്റെ ഒരു പദ്ധതിയാണ്. മനുഷ്യനെ പരമാവധി ദൈവീക ചിന്തകളിൽ നിന്നും നന്മകളിൽ നിന്നും അകറ്റുവാൻ അവന്റെ ജീവിതത്തിന് തിരക്ക് നൽകുക എന്ന പദ്ധതി. ഒരുപാട് തിരക്കുള്ള ജീവിതത്തിനിടയിൽ നല്ല കാര്യങ്ങളിലേക്ക് പോകാൻ മനുഷ്യന് കഴിയാതെ വരുമല്ലോ. അതിനാൽ പിശാചിൻ്റെ ഈ കെണി വലയിലും വീഴാതെ നോക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. അതിന് പറ്റിയ ഒരു ഉപദേശം നൽകി കൊണ്ടാണ് വിശുദ്ധ ഖുർആൻ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. വിശുദ്ധ ഖുർആൻ പലപ്പോഴും അങ്ങനെയാണ്. വളരെ ചെറിയ ഒരു ഇടപെടലിലൂടെ വിഷയത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു വരും. അല്ലാഹു പറഞ്ഞു: ആകയാല്‍ വിരമിച്ചാലുടൻ നീ നിരതനാവുക. (ഖു൪ആന്‍: 94:7).
o



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso