Thoughts & Arts
Image

ഇങ്ങനെയാണ് ഹജ്ജ് പുനർജന്മമാവുന്നത്.

29-05-2024

Web Design

15 Comments

മുഹമ്മദ് തയ്യിൽ




ഇസ്‌ലാമിന്റെ അടിസ്ഥാന ആരാധനകളുടെ ക്രമണികയിൽ അഞ്ചാം സ്ഥാനത്തുള്ള ഒന്നാണ് ഹജ്ജ്. പരിശുദ്ധ കഅ്ബാലയം തേടി രാജ്യങ്ങളും വഴിയും വൻകരകളും താണ്ടിയുള്ള ഒരു യാത്രയാണ് മൊത്തത്തിൽ ഹജ്ജ്. ഖലീലുല്ലാഹി ഇബ്‌റാഹീം(അ) മുതൽ തുടങ്ങി മുഹമ്മദ് നബി(സ) വരേയുള്ള പ്രവാചകൻമാരുടെ ഉത്കൃഷ്ട ജീവിതചര്യകളിൽ ആഴ്ന്നിറങ്ങാനുള്ള വിശ്വാസിയുടെ ഒരു ആത്മീയ അനുഭവമാണത്. അതിയായ സന്തോഷവും ആത്മീയ ആനന്ദവും ഈ യാത്രയിൽ വിശ്വാസിക്ക് ലഭിക്കുന്നു. താൻ തന്നെ തന്നെ അല്ലാഹുവിൻ്റെ മുമ്പിൽ സമർപ്പിക്കുകയാണ് എന്നും തനിക്ക് ഇവിടെ എത്തിച്ചേരുവാൻ തൗഫീഖ് ലഭിക്കുക വഴി അല്ലാഹു സ്വീകരിച്ചിരിക്കുകയാണ് എന്നും എല്ലാമുള്ള മാനസിക സംതൃപ്തി ഹജ്ജിനിടയിലൂടെ വിശ്വാസി അനുഭവിക്കുന്നു. നാടും വീടും ഉപേക്ഷിച്ച്, പാപമോചനത്തിന് തേടി ഹജ്ജിനെത്തുന്ന ഒരാള്‍ക്ക് ഹൃദയത്തിന്റെ കണ്ണുകൊണ്ട് പ്രപഞ്ച സ്രഷ്ടാവിന്റെ മഹത്വം അനുഭവഭേദ്യമാകും. അല്ലാഹുവിനെയും അല്ലാഹുവിൻ്റെ മഹത്വത്തെയും ഹൃദയം കൊണ്ട് തൊട്ടറിയുവാനുള്ള അവസരമായി ഹജ്ജ് മാറുന്നത് അത് അല്ലാഹുവിൻ്റെ ക്ഷണം അതിനുള്ള ഉത്തരമായതുകൊണ്ടാണ്. ഹജ്ജ് രണ്ട് വിളികള്‍ക്കുള്ള ഉത്തരമാണ്. അതിലൊന്ന് ഖലീലുല്ലാഹ് ഇബ്‌റാഹീം(അ) ലോകജനതയെ ഹജ്ജിന് ക്ഷണിക്കുന്നതാണ്. വിശുദ്ധ കഅ്ബാലയം പുതുക്കിപ്പണിയുവാൻ അല്ലാഹു ഇബ്രാഹിം നബിയോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹവും മകൻ ഇസ്മായിൽ നബിയും ചേർന്ന് അത് ഭംഗിയായി പൂർത്തിയാക്കി. തുടർന്നാണ് ജനങ്ങളെ ഈ ഭവനത്തിലേക്ക് തീർഥാടനത്തിനായി ക്ഷണിക്കുവാൻ അല്ലാഹു പറഞ്ഞത്. ആ സംഭവം അല്ലാഹു ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു: ”(അല്ലാഹു ഇബ്‌റാഹീം നബിയോട് പറഞ്ഞു:) തീര്‍ഥാടനം ചെയ്യുവാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടക്കാരായും, ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ നിന്റെയടുക്കല്‍ എത്തിച്ചേരുന്നതാകുന്നു” (സൂറതുല്‍ ഹജ്ജ് 27). രണ്ടാമത്തെ ക്ഷണം നടത്തിയത് നബി (സ) തിരുമേനിയാണ്. ഹജ്ജ് അനുഷ്ഠിക്കാനും അതിലെ സൗഭാഗ്യങ്ങളെ പുല്‍കാനും തിരുനബി(സ) പിന്നീട് കല്‍പിക്കുകയായിരുന്നു. ഇതോടെ ഇബ്രാഹിം നബിയുടെ ക്ഷണം നവഭാവം പൂണ്ടു. ക്ഷണിച്ചിട്ട് ചെല്ലുമ്പോൾ അത് ആദരവായും പരിഗണനയായും കരുതപ്പെടും മാത്രമല്ല ക്ഷണിക്കപ്പെട്ട ആൾക്കാർ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ കഴിയുന്ന വിധത്തിലുള്ള ആദരവ് നൽകപ്പെടുന്നവരായിരിക്കും അവരെ പരമാവധി സന്തോഷിപ്പിക്കുക എന്നതായിരിക്കും ക്ഷണിച്ച ആതിഥേയന്റെ ത്വരയും ശ്രദ്ധയും.



ഹജ്ജ് അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വത്തിന്റെ പ്രതീകമാണ്. കാരണം, വിശ്വാസി വിശുദ്ധഭവനത്തില്‍ ഹജ്ജിനെത്തുന്നത് ഇഹലോകവുമായുള്ള തന്റെ കെട്ടുപാടുകളെയെല്ലാം അഴിച്ചുവെച്ചാണ്. കെട്ടുപാടുകളിൽ ബന്ധങ്ങൾ മാത്രമല്ല സുഖങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്. സ്വന്തങ്ങളോടും ബന്ധങ്ങളോടും മാത്രമല്ല ജീവിത ഒഴുക്കിൽ ശീലിച്ച പല സുഖങ്ങളോടും താൽക്കാലികമായിട്ടെങ്കിലും വിട പറഞ്ഞുകൊണ്ടാണ് ഈ യാത്ര. അപ്പോൾ ആ യാത്രയുടെ അർത്ഥം പ്രപഞ്ചത്തിലെ ബന്ധങ്ങളെക്കാളും വിഭവങ്ങളേക്കാളും തനിക്ക് വലുത് അല്ലാഹുവിൻ്റെ വിളിയാണ് എന്നതായി മാറുന്നു. അതുകൊണ്ടാണ് ഹാജിമാർ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് എന്ന് അല്ലാഹുവിന് ഉത്തരം നൽകുകയും ഒപ്പം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും അവനെ വാഴ്ത്തുകയും ചെയ്തുകൊണ്ട് അവർ ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് എന്ന് പ്രസ്താവിക്കുകയും ചെയ്യുന്നത്. നാഥാ നിൻ്റെ വിളിക്ക് ഉത്തരം ചെയ്തു നിൻ്റെ ഭവനത്തിൽ ഞാനിതാ എത്തിയിരിക്കുന്നു, നീ ഏകനായ ദൈവമാണ്, എല്ലാ സ്തുതികളും എല്ലാ അനുഗ്രഹങ്ങളും നിൻ്റേതു മാത്രമാണ് എന്നാണ് ഇതിൻ്റെ ആശയം. ഇത്രയും അർത്ഥപൂർണ്ണവും ആശയ സമ്പന്നവും ആയ ഒന്നാണ് ഈ തൽബിയ്യത്ത് എന്നതിനാൽ അതിനെ ലോകം മുഴുവനും ഏറ്റെടുക്കുക സ്വാഭാവികമാണ്. കാരണം ലോകത്തുള്ള എല്ലാ ജീവജാലങ്ങളും അജീവിയ വസ്തുക്കളും ഈ ആതിഥേയന്റെ അടിമകളും സൃഷ്ടികളുമാണ്. ആതിഥേയന്റെ ഈ ആതിഥ്യം അവരുടേയും അഭിമാനവും വികാരവും ആണ്. ആയതുകൊണ്ട് ഇവയെല്ലാം അവനുവേണ്ടി അവന്റെ തൽബിയത്ത് ഏറ്റെടുക്കും. അങ്ങനെ തൽബിയത് പ്രപഞ്ചത്തിൽ ആകെ പ്രതിധ്വനിക്കും. റസൂല്‍(സ) അതിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു: ”ഹജ്ജിനെത്തുന്ന ഒരു മുസ്‌ലിമും തല്‍ബിയത്ത് ഉരുവിടുന്നില്ല; അവന്റെ ഇടതും വലതുമുള്ള കല്ലും മരവും മണ്ണും അതേറ്റ് പറഞ്ഞിട്ടല്ലാതെ.” (ഹാകിം)



ഈ പറഞ്ഞ വികാരങ്ങളെ എല്ലാം അന്വർത്ഥമാക്കുന്നതാണ് ഹജ്ജ് കർമ്മത്തിൽ ചെയ്യേണ്ട അനുഷ്ഠാനകർമ്മങ്ങൾ എല്ലാം. അതിൽ ഏറ്റവും പ്രകടമായി കാണുന്നത് എല്ലാ ആരാധനകളുടെയും കാമ്പായ വിധേയത്വം തന്നെയാണ്. വിധേയത്വം എന്നത് ശരിക്കും രൂപപ്പെടാൻ ആവശ്യം ആവശ്യമായ കാര്യങ്ങൾ ഏറെയാണ്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചെയ്യാൻ പോകുന്ന കർമ്മങ്ങൾ മനുഷ്യ ബുദ്ധിയിൽ ഉൾക്കൊള്ളാൻ പറ്റുന്നതായിരിക്കുക എന്നത്. ഹജ്ജിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ മനുഷ്യബുദ്ധിക്ക് തീര്‍ത്തും അംഗീകരിക്കാന്‍ കഴിയുന്നതാണ്. ഹജ്ജ് അങ്ങേയറ്റം വിധേയത്വത്തിന്റെ പ്രതീകമാണെന്ന് പറയുമ്പോള്‍ അതിലെ കര്‍മങ്ങളില്‍ ബുദ്ധിക്ക് സ്ഥാനമില്ലെന്ന് കരുതേണ്ടതില്ല. ബുദ്ധികൊണ്ട് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം അല്ലാഹു മനുഷ്യരോട് കല്‍പിക്കുന്നത് അവര്‍ അതനുസരിക്കാനാണ്. അതേസമയം ചില കാര്യങ്ങൾ ചില ആൾക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ബുദ്ധിയിൽ പ്രഥമ ദൃഷ്ടി ഉൾക്കൊള്ളാൻ കഴിയാത്ത തായും ഉണ്ടാകും. അത്തരം ബുദ്ധിക്ക് പിടികൊടുക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നത് മനുഷ്യര്‍ എങ്ങനെ അതിനെ ശ്രവിക്കുന്നുവെന്നും അനുസരിക്കുന്നുവെന്നും തിരിച്ചറിയാനാണ്. വിശ്വാസം എന്ന അടിത്തറയിലാണ് ഇവ രണ്ടും പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അടിത്തറക്ക് ബലം ഉണ്ടെങ്കിൽ ആലോചിച്ചു മനസ്സിലാക്കിയും അതിനുമുകളിൽ കെട്ടിടം രൂപകൽപ്പന ചെയ്യാം, പ്രഥമദൃഷ്ട്യാ മനസ്സിലാവാത്ത നിർമ്മിതിയും അതിനുമുകളിൽ നടത്താം. വിശ്വാസം എന്ന അടിത്തറയാണ് പ്രധാനം എന്ന് ചുരുക്കം. ഹജ്ജിന്റെ കർമ്മങ്ങളിൽ ചില അസാധാരണമായ കർമ്മങ്ങൾ കാണാം. ചിലപ്പോൾ നടത്തം, ഓട്ടം, വെറുതെ താമസിക്കൽ, കല്ലെറിയൽ, മൃഗങ്ങളെ അറക്കൽ തുടങ്ങി വ്യത്യസ്തത പുലർത്തുന്ന ധാരാളം കർമ്മങ്ങൾ അതിലുണ്ട്. അവധാനതയുണ്ടെങ്കില്‍, തീര്‍ച്ചയായും ഹജ്ജിലെ കര്‍മങ്ങള്‍ ബുദ്ധിപരമായും നമുക്ക് മനസ്സിലാക്കാനാവും. ത്വവാഫ് എന്ന അനുഷ്ഠാനം എടുത്ത് നോക്കാം. തവാഫിൽ വിവിധ ആശയങ്ങൾ സമ്മേളിക്കുന്നുണ്ട്. ഒന്ന്, ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തപ്പെട്ട പ്രഥമ ആരാധനാലയമാണ് കഅ്ബ. അല്ലാഹു അതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. അതിനാല്‍, പ്രഥമ ഏകദൈവാരാധനാലയം എന്ന നിലയ്ക്ക് കഅ്ബയാവണം തൗഹീദിന്റെ കേന്ദ്രം. കഅ്ബയാവണം ഏകദൈവ വിശ്വാസികളുടെ അഭയവും ആശ്രയവും. ലോകത്തിന്റെ നാല് മൂലകളില്‍ നിന്നും കഅ്ബയുടെ പദവി തിരിച്ചറിഞ്ഞ ജനങ്ങള്‍ അതിനാലാണ് അതിനെ ത്വവാഫ് ചെയ്യാന്‍ എത്തുന്നത്.



രണ്ടാമതായി, ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിം ജനസമൂഹം തങ്ങളുടെ നമസ്‌കാരങ്ങള്‍ പരിശുദ്ധ കഅ്ബയെ അഭിമുഖീകരിച്ചാണ് നിര്‍വഹിക്കുന്നത്. കഅ്ബയെ നമസ്‌കാരത്തിന്റെ ദിശാബിന്ദുവാക്കിയ ഒരു ജനസമൂഹത്തെ സംബന്ധിച്ചേടത്തോളം അവരിലെ സാമ്പത്തികവും ശാരീരികവുമായ കഴിവുള്ളവരുടെ അവകാശമാണ്, ബാധ്യതയാണ് അതിനെ സന്ദര്‍ശിക്കലും അത് ലക്ഷ്യകേന്ദ്രമാക്കി പുറപ്പെടലും. തങ്ങളുടെ ഖിബ്‌ലയെ നേരിട്ട് കാണാനും ആത്മനിര്‍വൃതി അടയാനുമാണിത്. മൂന്നാമതായി, ഈ മുസ്‌ലിം ഉമ്മത്ത് ഈ ലോകത്ത് പിറവിയെടുത്തത് ഉത്തമമായൊരു പ്രാര്‍ഥനയുടെ ഫലമായിട്ടാണ്. അല്ലാഹു അതിനെ ഇങ്ങനെ സൂചിപ്പിച്ചു: ”ഓര്‍ക്കുക, ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്‌റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചിരുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ! സകലരില്‍ നിന്നും കേള്‍ക്കുന്നവനും സകലതുമറിയുന്നവനുമല്ലോ നീ. നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം (അനുസരണയുള്ളവര്‍) ആയ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍ നിന്നും നിനക്കു മുസ്‌ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ! ഞങ്ങളുടെ നാഥാ, ഈ ജനത്തില്‍ അവരില്‍ നിന്നു തന്നെ, നിന്റെ വചനങ്ങള്‍ കേള്‍പ്പിക്കുകയും ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ! സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ.”(2:127-129)
ഇവിടെ സൂചിപ്പിച്ച ‘മുസ്‌ലിമായ സമൂഹമാണ്’ ഇസ്‌ലാമിക ഉമ്മത്ത്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചതിന്റെ ഫലമായാണ് മുഹമ്മദ് നബി(സ) ഈ സമൂഹത്തിലേക്ക് നിയുക്തനായത്. അഥവാ, മുസ്‌ലിം ഉമ്മത്തിന്റെ പിറവിയും അവരിലേക്കുള്ള അന്ത്യപ്രവാചകന്റെ നിയോഗവും കഅ്ബയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അത് അല്ലാഹുവിൻ്റെ ആദ്യമേയുള്ള തീരുമാനവും നിശ്ചയവും അനുസരിച്ചായിരുന്നില്ലേ, അങ്ങനെ പറയുന്നതല്ലേ ശരി എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. പക്ഷേ, നാം ഇവിടെ ഈ തരത്തിൽ വിലയിരുത്തുന്നത് നമ്മുടെ മുമ്പിൽ കാണുന്ന പ്രത്യക്ഷവും പ്രമാണത്തിൽ പ്രഖ്യാപിക്കപ്പെട്ടതുമായ കാരണം ഈ പ്രാർത്ഥനയാണ് എന്ന നിലക്കാണ്. എങ്കില്‍, തങ്ങളുടെ ചരിത്രത്തിന് തുടക്കം കുറിക്കാന്‍ കാരണമായ കഅ്ബ സന്ദര്‍ശിക്കാനല്ലാതെ മുസ്‌ലിംകള്‍ എവിടേക്കാണ് ഒരുങ്ങിയിറങ്ങേണ്ടത്. തിരുനബി(സ)യുടെ നിയോഗത്തിന് അല്ലാഹു ഉത്തരം നൽകിയത് കഅ്ബയുടെ നിര്‍മാണവേളയിലെ പ്രാര്‍ഥനയുടെ ഫലമാണെന്നിരിക്കെ മുസ്‌ലിംകള്‍ എങ്ങനെയാണ് കഅ്ബയുടെ അടുത്ത് എത്താതിരിക്കുകയും അതിനെ ത്വവാഫ് ചെയ്യാതിരിക്കുകയും ചെയ്യുക?



ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിൽ മറ്റൊന്നാണ് സഫ മർവ കുന്നുകൾക്കിടയിൽ ഉള്ള പ്രയാണം. ഇതിൻ്റെ ഹിക്മത്ത് വിശദീകരിച്ച് കൊണ്ട് ഇമാം ഗസ്സാലി ദീർഘമായി ഇങ്ങനെ പറയുന്നുണ്ട്: മനുഷ്യര്‍ സ്വതവേ സ്വാര്‍ഥ മനസ്ഥിതി ഉള്ളവരാണ്. കയ്യില്‍ ധനമുണ്ടാവുമ്പോള്‍ അതെന്റേതാണെന്ന് പറഞ്ഞ് അവര്‍ ഊറ്റം കൊള്ളും. എന്നാല്‍ വിഭവങ്ങൾ അവന് മുന്നില്‍ ഓരു വാഗ്ദാനം മാത്രമാണെങ്കില്‍ അവന്റെ മനസ്സ് എല്ലായ്‌പ്പോഴും ആശങ്കാകുലമായിരിക്കും. അഥവാ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍, മനസ്സിനെ ശാന്തമാക്കാന്‍ ദൃഢവിശ്വാസത്തിനേ കഴിയൂ എന്നു ചുരുക്കം. ഈ ദൃഢവിശ്വാസം ഹാജറാ ബീവിക്ക് ഉണ്ടായതിനാലാണ് സ്വന്തം ഭര്‍ത്താവ് മരുഭൂമിയില്‍ തന്റെ കുഞ്ഞിനോടൊപ്പം ഉപേക്ഷിച്ചപ്പോഴും അവർ പതറാതെ തൻ്റെ ശ്രമങ്ങൾ നടത്തിയത്. അവരെ ഭർത്താവായ ഇബ്രാഹിം നബി കൈക്കുഞ്ഞ് ആയിരുന്ന മകൻ ഇസ്മാഈലിനോട് കൂടെ മക്കയുടെ വിജനതയിൽ കൊണ്ട് ഇറക്കിയതായിരുന്നു. അങ്ങനെ ചെയ്യേണ്ട ഒരു സാഹചര്യം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അല്ലാഹു വരുത്തുകയായിരുന്നു. അബലയായ താൻ എന്ന സ്ത്രീയെയും ഒന്നിനും പ്രായമായിട്ടില്ലാത്ത കുഞ്ഞു മകനെയും കരുണ ഇല്ലാത്തതുപോലെ മരുഭൂമിയിൽ ഉപേക്ഷിച്ച് ഭർത്താവ് ഇബ്രാഹിം നബി പോകുമ്പോൾ അവർ ചോദിച്ചു, ആരെ കണ്ടാണ് ഞങ്ങളെ ഇവിടെ ഉപേക്ഷിച്ചു പോകുന്നത്? എന്ന്. പ്രവാചകൻ ആയ ഭർത്താവ് പറഞ്ഞു: 'അല്ലാഹുവിനെ ഏൽപ്പിച്ചുകൊണ്ട്' എന്ന്. അപ്പോൾ ഹാജറ പറഞ്ഞത് 'എങ്കിൽ അവൻ ഞങ്ങളെ കൈവിടില്ല' എന്നായിരുന്നു. ഇതോടെ ഹാജറ ബീവിയുടെ മനസ്സിൽ അല്ലാഹുവിലുള്ള പ്രതീക്ഷ കത്തി തെളിയുകയായിരുന്നു. ആ പ്രതീക്ഷയാണ് വെള്ളം തേടി അല്ലെങ്കിൽ സഹായം തേടി ഒരു കുന്നിൽ നിന്ന് അടുത്ത കുന്നോളം ഓടുവാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ മിനായിൽ താമസിക്കുന്നതിനും അറഫായിൽ ഒരുമിച്ചു കൂടുന്നതിനും ബലി അർപ്പിക്കുന്നതിനും തുടങ്ങി ഹജ്ജിന്റെ ഓരോ കർമ്മത്തിനും മനുഷ്യൻ്റെ ബുദ്ധിയെയും വികാരത്തെയും സ്വാധീനിക്കാൻ കഴിയുന്ന ന്യായവും യുക്തിയും എമ്പാടും ഉണ്ട്.



അതിനുപുറമേ ഹജ്ജ് ഈ ലോകത്തോട് ഈ സമർപ്പണത്തിന്റെ വികാരം വെച്ച് സംസാരിക്കുന്നുണ്ട് ആ സംസാരങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളെല്ലാം സർവ്വകാലികപ്രസക്തമാണ്. ഉദാഹരണമായി അവയിൽ ഒന്നാണ് ഏകത.
ഹജ്ജ് ഏകതയുടെ വേദിയാണ്. ഹജ്ജിലെ കര്‍മങ്ങള്‍ പോലെ ഇത്രയേറെ ഐക്യം വെളിപ്പെടുന്ന മറ്റൊരു ഇബാദത്തും ഇസ്‌ലാമിലില്ല. അവിടെ ഒരു ഖിബ്‌ല, ഒരേ വസ്ത്രം, ഒരൊറ്റ റബ്ബ്, ഒരേ മുദ്രാവാക്യം. പിന്നെ വിശ്വാസികളെ സമ്മേളിപ്പിക്കുന്ന അറഫാ സംഗമവും.
ഇത് സംബന്ധമായി ഇമാം ഗസ്സാലി പറയുന്നു: ഹജ്ജിലെ കര്‍മങ്ങള്‍ രക്ഷിതാവിനോടുള്ള വിശ്വാസി സമൂഹത്തിന്റെ സ്‌നേഹവായ്പ് അധികരിപ്പിക്കുന്നു. വര്‍ഗ വര്‍ണ ഭേദമില്ലാതെ, രാജാ-പ്രജാ വൈവിധ്യങ്ങളില്ലാതെ അറഫയില്‍ നിന്ന് നാഥന് മുന്നില്‍ ഹാജരാവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് ദൈവസ്‌നേഹമല്ലാതെ മറ്റെന്താണ്? അവിടെ തല്‍ബിയത്ത് മന്ത്രങ്ങള്‍ ഉയരുന്നത് ആ റബ്ബിന് വേണ്ടിയാണ്. അവനിലാണ് പ്രതീക്ഷകള്‍ മുഴുവന്‍. മഹത്വം അവന്റെ നാമത്തിന് മാത്രമാണ്. കീഴ്‌പ്പെടല്‍ അവന് മുന്നില്‍ മാത്രമാണെന്ന് പ്രദര്‍ശിപ്പിക്കുന്ന ആ നിമിഷങ്ങളില്‍ അല്ലാഹുവിന്റെ റുബൂബിയത്ത് പ്രകാശിച്ച് നില്‍ക്കും. അറഫാസംഗമം അതിന്റെ രീതിയിലും ക്രമത്തിലും തുല്യതയില്ലാത്തതാണ്. പശ്ചാത്താപ മനസ്സുകളുടെ പ്രാര്‍ഥനകളല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനാകില്ല. ഭക്തി കൈവരിച്ചവരുടെ ആത്മരോദനങ്ങളും മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് ഉയരുന്ന നിശബ്ദമായ പ്രാർത്ഥനകളും അഭിമാനത്തിന്റെ ചൂടും ചൂരുമുള്ള ദിക്റുകളും എല്ലാമാണ് ഹജ്ജിനെ ആരാധനാ മുഖരിതമാക്കി മാറ്റുന്നത്. ഒപ്പം തന്നെ സഹനം ഐക്യബോധം സേവന മനസ്ഥിതി തുടങ്ങി ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കണമെന്ന് ഇസ്ലാം അഭ്രക്ഷിക്കുന്ന എല്ലാ വികാരങ്ങളും ഈ ഏകതയെ പിന്തുണക്കുക കൂടി ചെയ്യുന്നു.



ഇസ്ലാം ഹാജിമാരിലൂടെ ലോകത്തിന് നൽകുന്ന മറ്റൊരു സന്ദേശമാണ് ലോകം പലപ്പോഴും പരാജയപ്പെട്ടു പോകുന്ന ആഗോളവൽക്കരണം, വിശ്വ മാനവിക സൗഹൃദം തുടങ്ങിയവ. ആഗോളവൽക്കരണം എന്നത് പുതിയ ലോകം വികസിപ്പിച്ചെടുത്ത ഒരു ആശയമാണ്. ലോക രാജ്യങ്ങളെയും സൂഹങ്ങളെയും മുഴുവനും എല്ലാ അതിരുകളും അടയാളങ്ങളും മാറ്റി ഒന്നാക്കി മാറ്റുക എന്നതാണ് അതിൻ്റെ തത്വവും ലക്ഷ്യവും. ഇതിനുവേണ്ടി ലോകം പലതും ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. യാത്രാബന്ധങ്ങൾ, നയതന്ത്ര ബന്ധങ്ങൾ, രാഷ്ട്രീയ ബന്ധങ്ങൾ, തുടങ്ങിയവയെല്ലാം ആ ലക്ഷ്യത്തിലാണ് വികാസം പ്രാപിച്ചത്. അതിനുശേഷം അന്താരാഷ്ട്ര വിനിമയങ്ങൾ വന്നു. വിനിമയങ്ങളോടൊപ്പം നാണയം, കമ്മോഡിറ്റിയുടെ പൊതുവത്കരണം തുടങ്ങിയവയെല്ലാം വന്നു. ഇപ്പോൾ ആർക്കും എവിടെ നിന്നും ഒരേ വിലയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ആർക്കും എവിടെയും ഉള്ള എല്ലാതരം ആസ്വാദനങ്ങളും ആസ്വദിക്കാം. ആർക്കും എവിടേക്കും നിയമങ്ങൾക്ക് വിധേയമായി സഞ്ചരിക്കാം. ഈ ബന്ധങ്ങളെ എല്ലാം വളർത്തിയത് ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായ കുതിച്ചുചാട്ടം ആണ്. അത് ഇൻറർനെറ്റിൽ തുടങ്ങി ഇപ്പോൾ എ ഐ എന്ന സാങ്കേതികവിദ്യയിൽ എത്തി നിൽക്കുന്നു. മനുഷ്യന് എത്രയും പെട്ടെന്ന് വിവരങ്ങൾ ആരായുവാനും കൈമാറുവാനും വസ്തുക്കളെ കാണുവാനും കാണിച്ചു കൊടുക്കുവാനും അവൻ്റെ ഇടയിൽ കടന്നു വന്നേക്കാവുന്ന ദൂരം, ഭാഷ എന്നീ വലിയ കടമ്പകൾ അനായാസം മറികടക്കുവാനുമെല്ലാം ഈ സാങ്കേതിക വിദ്യകൾ വലിയ സഹായം നൽകുന്നുണ്ട്. അതോടെ ആഗോളവത്കരണം യാഥാർഥ്യമായി, ലോകം ഒരു ഗ്രാമമായി മാറി എന്നൊന്നും പറഞ്ഞ് നമുക്ക് തുള്ളിച്ചാടുവാൻ കഴിയില്ല. കാരണം ആഗോളവൽക്കരണം ഇവിടെ സത്യത്തിൽ വിജയിക്കുകയല്ല, പരാചയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൻ്റെ കാരണം രണ്ടെണ്ണമാണ്. ഒന്ന്, ഈ ആഗോളവൽകരണത്തിൻ്റെ ആത്യന്തിക ലക്ഷ്യം പണമാണ്. പണമില്ലാത്ത ഒന്നും ഇതിലില്ല. അതുകൊണ്ടുതന്നെ ഈ ആഗോളവൽക്കരണം നടപ്പിലായി എന്ന് പറഞ്ഞാൽ തന്നെ അത് ലോകത്തെ ചെറിയ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വിഭാഗത്തിന് മാത്രമാണ് അതിൻ്റെ ഗുണം ലഭിക്കുന്നത്. ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് ഇതുകൊണ്ട് ഒരു മെച്ചവുമില്ല. എന്നുമാത്രമല്ല, പലപ്പോഴും അതിനാൽ അവർക്ക് ദോഷമാണ് ഉണ്ടായിട്ടുള്ളത്. ഉദാഹരണമായി, ഏതോ ഒരു രാജ്യത്ത് സമരമോ കലാപമോ ഉണ്ടായാൽ അതിൻ്റെ പേരിൽ അതിലൊന്നും ഒരു പങ്കാളിത്തവും ഇല്ലാത്ത രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് വിലക്കയറ്റം അനുഭവപ്പെടുന്നു. രണ്ടാമത്തെ കാരണം, ലോകത്തെ മുഴുവനും ഒന്നാക്കി മാറ്റി എന്ന് പറയുമ്പോഴും ലോകം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിന് ഈ ആഗോളവത്കരണം പരിഹാരമാകുന്നില്ല. ഉദാഹരണമായി ആധുനിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ കാര്യമെടുക്കാം ഏതെങ്കിലും ഒരു യുദ്ധം അവസാനിപ്പിക്കാനോ ഒരു താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കുവാനോ ആഗോളതയുടെ പേരിൽ കഴിയുന്നില്ല, കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല ഈ യുദ്ധങ്ങളെയും ദാരിദ്ര്യങ്ങളെയും എല്ലാം എത്രകണ്ട് നിലനിർത്തി കൊണ്ടുപോകാൻ കഴിയുമോ എന്നാണ് ആഗോളവൽക്കരണത്തിന്റെ പിന്നാമ്പുറത്തുള്ളവർ ചിന്തിക്കുന്നത്. കാരണം, അപ്പോഴാണ് അവർക്ക് ആയുധ കച്ചവടവും നയതന്ത്ര കച്ചവടവും എല്ലാം നടക്കുക. യൂറോപ്യൻ യൂണിയൻ മുതൽ ഒ ഐ സി യും ഐക്യരാഷ്ട്രസഭയും വരെ പറഞ്ഞിട്ടും ഗസ്സയിലെ ജനങ്ങൾക്ക് ഒരു ശ്വാസം വിടാൻ എങ്കിലും ഉള്ള ഇടവേള ഇസ്രായേൽ കൊടുത്തില്ല, കൊടുക്കുന്നില്ല എന്നതു മാത്രം മതി ഇതൊക്കെ തെളിയിക്കാൻ. ഇത്തരം ഒരു കപട ലോകത്തിനു മുമ്പിൽ ശരിയായ ആഗോളവൽക്കരണം കാണിച്ചുകൊടുക്കുകയാണ് ഹജ്ജ്.



ഇങ്ങനെ ആത്മീയമായും ആശയപരമായും സാമൂഹികമായും എല്ലാം വിശ്വാസിയുടെ ജീവിതത്തിലൂടെ കയറിയിറങ്ങി അവനെ പുനരുദ്ധരിക്കുന്നത് കൊണ്ടാണ് നബി തിരുമേനി (സ) പറഞ്ഞത്, 'ഒരാൾ തെറ്റും തിന്മയും കലരാത്ത ഹജ്ജ് നിർവഹിച്ചാൽ ജനിച്ച അന്നത്തേതിനു സമാനമായ പരിശുദ്ധിയിൽ അവൻ തിരിച്ചെത്തും' എന്ന്.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso