Thoughts & Arts
Image

അവൻ അവളെപ്പോലെയല്ല

29-05-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







മനുഷ്യൻൻ്റെ ലിംഗ വ്യത്യാസം എന്നും കുലത്തിൽ ഒരു ചർച്ചയാണ്. ആധുനിക കാലത്ത് അതിന് ചില പ്രത്യേക ശക്തികൾ കൈവന്നിരിക്കുന്നു എന്ന് പറയാതെ വയ്യ. രണ്ടുപേരും തുല്യരാണ്, രണ്ടുപേരും തുല്യരല്ല, ആവില്ല എന്നിങ്ങനെ പക്ഷങ്ങൾ രണ്ടാണ്. അതിന് പല കാരണങ്ങളും സാമൂഹ്യ നിരീക്ഷകൻമാർ ഉന്നയിക്കുന്നുണ്ട്. ഒന്നാമതായി പുരുഷന്മാർക്ക് സ്തീകളുടെ അരങ്ങേറ്റം ശക്തിപ്പെട്ടതിനാൽ തങ്ങളുടെ പൗരുഷത്തിന്റെ മേന്മ തെളിയിക്കേണ്ടതായി മാറിയിരിക്കുന്നു എന്നതാണ്. മറുഭാഗത്ത് സ്ത്രീകളാവട്ടെ പുരുഷാധിപത്യം ആണ് തങ്ങളുടെ വഴിമുടക്കുന്നത് എന്ന അബദ്ധം വിശ്വസിച്ച് തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലും ആണ്. അതിനെ തുടർന്ന് ചിലർ പറയുന്നു ആണും പെണ്ണും തുല്യരാണ് എന്ന്. മറ്റു ചിലർ അവർ രണ്ടുപേരും തുല്യരേ അല്ല എന്നും. ഇത്തരം മനുഷ്യൻറെ നിയന്ത്രണത്തിൽ ഒതുങ്ങാത്ത വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ആദ്യം പറയാനുള്ള മുഖവുര തീർത്തുമുറിച്ചുകൊണ്ടുള്ള ഇത്തരം സൃഷ്ടികളുടെ പ്രതികരണങ്ങൾ നിരർത്ഥകമാണ് എന്നതാണ്. പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൻ്റെ നിലപാട് അതാണ് എന്ന് വിശുദ്ധ ഖുർആനിലൂടെയും അനുഭവങ്ങളിലൂടെയും നടന്നു നടന്നു പഠിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. കാരണം ഒരിടത്ത് അവർ രണ്ടു പേരും ഒരു പോലെയല്ല എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. അല്ലാഹു ആലു ഇംറാൻ അദ്ധ്യായം 36-ാം വചനത്തിൽ പറയുന്നു: 'ആണ് പെണ്ണിനെപ്പോലെയല്ല' മറ്റു പലയിടത്തുമായി അല്ലാഹു എടുത്തു പറഞ്ഞ പല കാര്യങ്ങളിലും അവർ രണ്ടുപേരും ഒരുപോലെ തന്നെയാണ് എന്നും പറയുന്നുണ്ട്. അതിൻ്റെ അർത്ഥം മനുഷ്യന് ആത്യന്തികമായി തീരുമാനമെടുക്കാൻ പറ്റുന്ന വിധത്തിൽ ഒരു കാര്യവും അവൻ മനുഷ്യൻ്റെ കയ്യിൽ കൊടുത്തിട്ടില്ലാത്തത് പോലെ തന്നെ ലിംഗങ്ങളുടെ വ്യത്യാസത്തിന്റെ അർത്ഥതലങ്ങൾ നിശ്ചയിക്കാനുള്ള അറിവോ അവകാശമോ അവൻ മനുഷ്യന് കൊടുത്തിട്ടില്ല എന്നതാണ്. അല്ലെങ്കിലും ഓരോ കാര്യത്തിലും അതിൻ്റെ എല്ലാ വസ്തുതകളും അടിമകൾക്ക് ആത്യന്തികമായി കണ്ടെത്തുവാനോ തീരുമാനിക്കുവാനോ കഴിയുന്ന സാധ്യത ഉണ്ടെങ്കിൽ പിന്നെ അവൻ ഉടമയാണ് എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. അതിനാൽ അടിസ്ഥാനപരമായും ജൈവപരമായും സ്വഭാവപരമായും എല്ലാം സ്ത്രീയും പുരുഷനും രണ്ടു സൃഷ്ടികളാണ്. രണ്ടുപേരും ഒന്നല്ല എന്നിടത്തു നിന്നു തന്നെയാണ് നമ്മുടെ ചർച്ച ആരംഭിക്കുന്നത്. അതു തന്നെയാണ് ഖുർആനിന്റെ നിലപാടും. രണ്ടും രണ്ടായിതിനാൽ രണ്ടുപേർക്കും വേണ്ട വെവ്വേറെ നിയമങ്ങൾ ജൈവപരമായും സൃഷ്ടിപരമായും മാത്രമല്ല മതപരമായും നിശ്ചയിച്ചിരിക്കുന്നു.



സ്ത്രീയും പുരുഷനും തമ്മിൽ രൂപത്തിലും ഭാവത്തിലും മാത്രമല്ല ആരോഗ്യപരമായും ധാരാളം വ്യത്യാസങ്ങളുണ്ട് എന്ന് ഇപ്പോൾ ശാസ്ത്രം അർഥശങ്കയില്ലാത്ത വിധം പ്രസ്താവിക്കുന്നുണ്ട്. ദ ക്വാർട്ടർലി ജേർണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് പ്രകാരം നിരവധി കാര്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യസ്തരാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യത്യസ്ത മസ്തിഷ്ക ഘടനകൾ പല വ്യത്യസ്തതകൾക്കും കാരണമാകുന്നുണ്ടെന്നാണ് അനുമാനം. പുരുഷന്മാരേക്കാൾ കൂടുതൽ ഓർമശക്തി ഉള്ളത് സ്ത്രീകൾക്കാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഓർമ്മയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസ് പുരുഷന്മാരിൽ സ്ത്രീകളേക്കാൾ വേഗത്തിൽ വലിപ്പം കുറയാൻ തുടങ്ങുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കഴിക്കേണ്ട ഭക്ഷണത്തിന്റെയും പോഷകങ്ങളുടെയും കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ ഊർജം ആവശ്യമാണ്. ഇതിന് കാരണം പുരുഷന്മാരുടെ പേശി പിണ്ഡം, ഉയരം, മെറ്റബോളിക് നിരക്ക് എന്നിവ മൂലം പേശികൾ കൊഴുപ്പിന്റെ ഇരട്ടിയിലധികം ഊർജം ദിവസവും ഉപയോഗിക്കുന്നതാണ്. അതിനാൽ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ആവശ്യമാണ്. ശരീരത്തിലെ അസ്ഥികളുടെയും പേശികളുടെയും കാര്യത്തിലും അവർ തമ്മിൽ വ്യത്യസ്തതയുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഇടതൂർന്നതും ശക്തവുമായ അസ്ഥികളാണുള്ളത്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ പേശികളുമുണ്ട്.
ശരീരത്തിൽ സംഭരിക്കപ്പെടുന്ന കൊഴുപ്പിന്റെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യസ്തതയുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ കൂടുതലുള്ള കൊഴുപ്പ് അവരുടെ ഇടുപ്പിലും തുടയിലുമായിരിക്കും സംഭരിക്കപ്പെടുന്നത്. പുരുഷന്മാർക്കാണെങ്കിൽ വയറിന് ചുറ്റുമാണ് സാധാരണയായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ശാരീരികമായ ഈ പ്രത്യേകതകൾ പരിഗണിച്ചു കൊണ്ടാണ് പുരുഷനെ അല്ലാഹു സ്ത്രീയുടെ ഗാർഡിയനായി നിശ്ചയിച്ചിരിക്കുന്നത്.



ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം വളരെ ദീർഘമായ ഒരു പട്ടികയാണ്. അവയിൽ ഏറെ കൗതുകമുണർത്തുന്നവ ധാരാളമുണ്ട്. ഉദാഹരണമായി ഗന്ധവും രുചിയും അറിയുന്ന കാര്യത്തിൽ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ മുൻപന്തിയിൽ. ചർമത്തിന്റെ കാര്യത്തിലാണെങ്കിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് സാധാരണയായി കട്ടിയുള്ള ചർമ്മമാണുള്ളത്. സ്ത്രീകളുടെ മൃദുവായ ചർമ്മത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഏകദേശം 25 ശതമാനം പ്രോട്ടീൻ കൊളാജന്റെ ഉയർന്ന സാന്ദ്രതയും പുരുഷന്മാരിൽ ഉണ്ട്. അതുപോലെ തണുത്ത താപനിലയോട് പുരുഷന്മാർക്ക് പ്രതികരണം കുറവായതിനാൽ അവർക്ക് സ്ത്രീകളെക്കാൾ കൂടുതൽ തണുപ്പ് സഹിക്കാനും കഴിയുന്നതാണ്. ലിംഗ വ്യത്യാസത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യവും പ്രത്യക്ഷത്തിൽ തന്നെ എല്ലാവർക്കും ഈ വ്യത്യാസത്തിൽ നിന്ന് ഗ്രാഹ്യമാകുന്നതുമായ കാര്യം ലൈംഗികത ആണല്ലോ. അതിലുമുണ്ട് അവർ തമ്മിൽ അന്തരം. സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന്‍ കാണിക്കുന്ന താല്‍പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്. പൊതുവായ കാര്യമാണ് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തിലും ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കാര്‍ല ക്ലാര്‍ക്ക് എന്ന സയന്റിഫിക് കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ന്യൂറോ സൈക്കോളജിസ്റ്റുകള്‍ ഈ വിഷയത്തില്‍ വിശദമായ ഒരു പഠനം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും മറ്റ് മിക്ക വിഷയങ്ങളിലുമെന്ന പോലെ രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ഇവര്‍ കണ്ടെത്തി. നേരത്തേ നടന്ന നിരവധി പഠനങ്ങളുടെ കണ്ടെത്തലുകളും പുതിയ ചില പരീക്ഷണങ്ങളും നടത്തിയാണ് പഠനസംഘം തങ്ങളുടെ നിഗമനങ്ങളിലേക്കെത്തിയത്. ലൈംഗികതയെ സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും സ്ത്രീയും പുരുഷനും രണ്ട് രീതിയിലാണത്രേ കാണുക. പുരുഷന്‍ മിക്കവാറും നഗ്നമായ ശരീരത്തിലേക്കും മറ്റ് ഭാവനകളിലേക്കും ചിന്തയും ശ്രദ്ധയുമായി ചേക്കേറുമ്പോള്‍ സ്ത്രീ, ചിത്രത്തില്‍ കാണുന്നവര്‍ തമ്മിലുള്ള അടുപ്പം, സ്‌നേഹപ്രകടനം, അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ തുടങ്ങിയ വിഷയങ്ങളെ പറ്റി ഓര്‍ക്കുന്നു. ഇതേ വ്യത്യാസമാണ് പൂര്‍ണ്ണമായും, ലൈംഗികതയുടെ കാര്യത്തിലും സ്ത്രീയ്ക്കും പുരുഷനുമിടയ്ക്ക് ഉണ്ടാകുന്നത് എന്നാണ് ആ പഠനത്തിൻ്റെ രത്നച്ചുരുക്കം.



ശരീരഘടനയുടെ കാര്യത്തിലും ഈ അന്തരം വ്യക്തവും പ്രകടവുമാണ്. ശാസ്ത്രം തന്നെ ഇത് വ്യക്തമായി ബോധ്യപ്പെടുത്തിതരുന്നു. ശാസ്ത്രം പറയുന്ന ചില കണക്കുകൾ കാണാം. പുരുഷന്‍റെ ശരാശരി ഉയരം 69 ഇഞ്ചാണെങ്കിൽ സ്ത്രീയുടേത് 64 ഇഞ്ചാണ്. അഥവാ അഞ്ച് ഇഞ്ച് സ്ത്രീക്ക് കുറവാണ്. പുരുഷന്‍റെ ശരാശരി ഭാരം 154 പൗണ്ട് ആണെങ്കില്‍ സ്ത്രീയുടേത് 128 പൗണ്ടാണ്. 34 പൗണ്ട് കുറവാണ്. പുരുഷ തലച്ചോറിൻ്റെ ശരാശരി ഭാരം 1375 ഗ്രാം ആണെങ്കിൽ സ്ത്രീയുടേത് 1260 ഗ്രാം മാത്രമാണ്. പുരുഷൻ്റെ ഹൃദയത്തിൻ്റെ തൂക്കം ശരാശരി 300ഗ്രാം ആണെങ്കിൽ സ്ത്രീയുടേത് 250 ഗ്രാം ആണ്. അതിൽ 50 ഗ്രാം കുറവ്. പുരുഷന്‍റെ കരള്‍ ശരാശരി1600 ഗ്രാം ആണെങ്കില്‍ സ്ത്രീയുടേത് 1500 ഗ്രാമാണ്. പുരുഷന്‍റെ ഹൃദയം മിനിറ്റില്‍ 7.8 ലിറ്റർ രക്തം പമ്പ് ചെയ്യുമ്പോൾ സ്ത്രീഹൃദയം 5.5 ലിറ്റർ രക്തം മാത്രമാണ് പമ്പ് ചെയ്യുന്നത്. പുരുഷൻ്റെ ജീനും സ്ത്രീയുടെ ജീനും വ്യത്യസ്തമാണ്. ആൺബീജം സ്ത്രീ ബീജത്തെകാൾ വേഗത്തിലോടുന്നു. കായിക ശക്തിയിലും മനശക്തിയും സ്ത്രീകൾക്ക് ദൗർബല്യമുണ്ട്. ഗർഭസ്ഥശിശു ഗർഭിണിയിലുണ്ടാക്കുന്ന പ്രതിഫലനത്തിൽ പോലും ആണും പെണ്ണും തമ്മിൽ വ്യത്യാസമുണ്ട് എന്നത് മിക്ക സ്ത്രീകളും പറയുന്ന അനുഭവമാണ്. ഗർഭസ്ഥ ശിശു ആണാണെങ്കിൽ ഗർഭിണിയുടെ ഇടതു മണികണ്ഠത്തിലെ നാഡിമിടിപ്പ് കൂടുകയും വലതു മണികണ്ഠത്തിലെ നാഡിമിടിപ്പ് താരതമ്യേന കുറഞ്ഞിരിക്കുകയും ചെയ്യുന്നു എന്ന് ഡോക്ടർമാർ നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം ഗർഭസ്ഥശിശു പെണ്ണാണെങ്കിൽ വലതു മണികണ്ഠ ത്തിലെ നാഡിമിടിപ്പ് താരതമ്യേനെ കുറഞ്ഞിരിക്കുകയും ചെയ്യുന്നു. ഈ തത്ത്വം സ്വീകരിച്ചുകൊണ്ടാണ് ഗർഭിണിയുടെ നാഡീസ്പന്ദനം പരിശോധിച്ചുകൊണ്ട് ഗർഭസ്ഥശിശു ആണോ പെണ്ണോ എന്ന് നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ അക്യുപങ്ചര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ വി കെ സിംഗ് അവകാശപ്പെട്ടത്. സ്ത്രീ ചിന്തിക്കുമ്പോള്‍ തന്‍റെ മസ്തിഷ്കം പുര്‍ണ്ണമായും ഉപയോഗിക്കേണ്ടി വരുമ്പോള്‍ പുരുഷന് അതിന്‍റെ അല്പമേ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ.പുരുഷന്‍റെ റെറ്റിന തിങ്ങിയതാണെങ്കില്‍ സ്ത്രീയുടേത് നേരിയതാണ്.



ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പ്രശ്നങ്ങളെ പരിഹരിക്കുന്നു. പ്രയാസകരമായ കര്യങ്ങള്‍ ഏറ്റെടുക്കാന്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നു. സ്ത്രീകളെ പേടിപ്പെടുത്താന്‍ എളുപ്പമാണ്. പുരുഷൻ്റെ എല്ലുകൾ അധ്വാനത്തിനു പറ്റിയ രീതിയിൽ ഉള്ളവയാണെങ്കിൽ സ്ത്രീയുടേത് ഗർഭധാരണത്തിന് അനുയോജ്യമായതാണ്. കാരണം കഠിനാധ്വാനത്തിന് ആവശ്യമായ പേശികളാണ് പുരുഷനുള്ളതെങ്കിൽ മാംസളതയും മിനുസവും നൽകുന്ന കൊഴുപ്പാണ് സ്ത്രീ ശരീരത്തിൽ ഉള്ളത്. ഇങ്ങനെ നീണ്ടുപോകുന്നു അവർക്കിടയിലുള്ള ശാരീരിക വ്യത്യാസങ്ങൾ. ദയയും വാത്സല്യവും കരുണയും അനുകമ്പയും തുടങ്ങിയ വൈകാരികതകളുടെ കാര്യത്തിലും അവർ തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. സ്ത്രീ മനസ്സ് താരതമ്യേന വികാരപ്രദമാണ്. വൈകാരികതകൾക്ക് പെട്ടെന്ന് വളരുവാനും പ്രതിഫലിക്കുവാനും പറ്റിയതാണ് സ്ത്രീ മനസ്സ്. എന്നാൽ പുരുഷന്‍റെ അവസ്ഥ നേരെ മറിച്ചാണ് എന്തുകാര്യവും ഒരല്പം എങ്കിലും ചിന്തിച്ചു മാത്രമേ അവൻ തീരുമാനിക്കൂ. അവൻ ഒരു എടുത്തുചാട്ടക്കാരൻ ആണെങ്കിൽ പോലും അത് ചെറുതായിട്ടെങ്കിലും ഒന്നു ചിന്തിച്ചതിനു ശേഷം മാത്രമായിരിക്കും. അവരുടെ മനസ്സ് വിചാര പ്രധാനമാണ്. ആണും പെണ്ണും തമ്മിലുള്ള എല്ലാ തലത്തിലും ഉള്ള വ്യത്യാസം ഇങ്ങനെ എണ്ണി കണക്കാക്കുക പ്രയാസമുള്ള അത്രയും നീണ്ടതാണ്. അതിനർത്ഥം ആണും പെണ്ണും ഒരേപോലെയല്ല എന്നു തന്നെയാണ്. 'ആണ് പെണ്ണിനെ പോലെയല്ല' എന്ന ഖുർആൻ വാചകത്തിൽ അത് വ്യക്തമാണ്. അവിടെ അല്ലാഹു പറയുന്നതിലും ചില വസ്തുതകൾ ഉണ്ട്. അത് കൂട്ടത്തിൽ കരുത്തും ശേഷിയും നൽകപ്പെട്ടിരിക്കുന്നത് പുരുഷനാണ് എന്ന സൂചനയാണ്. പുരുഷന്റെ വലുപ്പം ആധാരമാക്കി കൊണ്ടാണ് സ്ത്രീയുടെ ചെറുപ്പം സ്ഥാപിക്കുന്നത്.



ആണും പെണ്ണും ഒന്നാണ്, ഒന്ന് ആകേണ്ടതാണ് എന്നൊക്കെ വാദിക്കുകയും ആ വാദത്തിന്റെ അപ്പസ്തോലന്മാരായി ചമയുകയും ചെയ്യുന്ന ആധുനിക ലോകത്തിന് ഇതൊന്നും നിവൃത്തി ചെയ്തെടുക്കാനോ സ്ഥാപിക്കാനോ കഴിയുന്നില്ല എന്നത് അല്ലാഹു പറഞ്ഞ വസ്തുതക്ക് അനുഭവത്തിൻ്റെ സാക്ഷ്യവും തെളിവുമാണ്. സ്ത്രീക്കും പുരുഷനും എല്ലാ അർത്ഥത്തിലും തുല്യതയും സമത്വവും ഉദ്ഘോഷിക്കുന്ന നമ്മുടെ മതേതര നാട് നാട്ടിൽ പോലും ബസ്സിലും പൊതുസ്ഥലങ്ങളിലും സ്ത്രീക്ക് അവകാശങ്ങൾ റിസർവ് ചെയ്യേണ്ട സാഹചര്യമാണ്. അതായത് നമ്മുടെ നാട് കൊട്ടിഘോഷിക്കുന്ന സമത്വം വരുത്താൻ നമ്മുടെ നാടിനു തന്നെ കഴിയുന്നില്ല. വാതോരാതെ തുല്യതയും, സ്ത്രീസമത്വവും പറയുന്നവരും പ്രസംഗിക്കുന്നവരും പാർലമെൻറിലേക്കും, നിയമസഭയിലേക്കും 50% സ്ത്രീകളെ എന്തുകൊണ്ട് വനിത സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നില്ല എന്നതാണ് മറ്റൊരു ചോദ്യം. അത് സാധ്യമല്ലാത്തതുകൊണ്ടല്ല, സാധ്യമായാൽ അവിടെ ചില പോരായ്മകൾ ഉണ്ടാകുമോ എന്ന ഭയം കൊണ്ടുകൂടി ആണ്. ഇതേ ദുര്യോഗം കൊണ്ടാണ് വനിതാ കമ്മീഷൻ എന്ന ഗവൺമെൻറ് സ്ഥാപനത്തിന് തുല്യമായി പുരുഷ കമ്മീഷൻ നാട്ടിൽ ഇല്ലാത്തത്. സമ്പൂർണ്ണ സമത്വ വാദത്തിന് കോടതിയിലും ഉണ്ട് അനുഭവവും തെളിവും. ഭർത്താവ് ഭാര്യയെ വിട്ടു പോകുമ്പോൾ ക്രിമിനൽ കേസും ശേഷം ഭാര്യക്ക് നഷ്ടപരിഹാരവും വിധിക്കുന്ന കോടതികൾ എത്രയോ ഭാര്യമാർ ഭർത്താക്കന്മാരെ ഉപേക്ഷിച് കാമുകന്മാരോട് കൂടി ഒളിച്ചോടുമ്പോൾ സ്വന്തം ഭർത്താവിന് ഉണ്ടായിരിക്കുന്ന മാനഹാനിക്കും, നഷ്ടങ്ങൾക്കും ആ ഭാര്യയോട് നഷ്ടപരിഹാരം വാങ്ങി കൊടുക്കാത്തത് ആ വസ്തുത കാരണത്താലാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി ബൂട്ടും പാഡും അണിയുന്ന ക്രിക്കറ്റിലും ഫുട്ബോളിലും ഒരേ ടീമിൽ ആണിന്റെയും പെണ്ണിന്റെയും സമത്വം ആരും വാദിക്കാത്തതും ഒരു ഗവൺമെന്റും അത് നടപ്പിൽ വരുത്താത്തതും അത് പ്രകൃതിപരമായി അപ്രായോഗികമായതുകൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇന്ത്യൻ ആർമിയിൽ പുരുഷന്മാർ 12 ലക്ഷത്തിലധികം ഉണ്ടെങ്കിൽ സ്ത്രീകൾ വെറും 7000 ത്തിൽ താഴെ മാത്രമാണ്. ഇന്ത്യൻ എയർഫോഴ്സിലാവട്ടെ ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ അധികം പുരുഷന്മാർ രാജ്യത്തെ സേവിക്കുമ്പോൾ വനിതകൾ കേവലം 1650 ൽ താഴെ മാത്രമാണ്. ഇന്ത്യൻ നേവിയിലാവട്ടെ 11000 താഴെ പുരുഷന്മാർ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുമ്പോൾ കേവലം 750 താഴെ മാത്രമാണ് വനിതകളുടെ എണ്ണം.



ഇതെല്ലാം വിളിച്ചുപറയുന്നത് വിശ്വാസത്തിലും ആരാധനാകർമങ്ങളിലും പ്രതിഫലങ്ങളിലും ഉള്ള മതപരമായ തുല്യതക്കപ്പുറത്ത് ആൺ പെൺ എന്നിങ്ങനെ അല്ലാഹു നിശയിച്ചു വെച്ച വ്യത്യാസത്തെ മായ്ച്ചുകളയുവാനും മറച്ചുപിടിക്കുവാനും ആർക്കും കഴിയില്ല എന്നു മാത്രമല്ല, അത് വെറുതെ പറഞ്ഞു നടക്കുകയല്ലാതെ സ്വന്തം തട്ടകത്തിൽ പോലും അത് നടപ്പിലാക്കാൻ ആർക്കും കഴിയില്ല. കാരണം അത് അടിസ്ഥാനപരമായി പ്രായോഗികമല്ല.



വായന: (മെഡിക്കൽ ഫിസിയോളജി നാഷണൽ റിസര്‍ച്ച് കൗൺസിൽ 1969)
(The Male Brain p 26-27, Why Gender Matters p 43 ,The Female Brain” p 123)


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso