Thoughts & Arts
Image

മനസ്സുകൾ മശാഇറുകളിലേക്ക്

29-05-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







വീണ്ടും നാം ഹജ്ജ് കാലത്തെത്തിയിരിക്കുന്നു. ലോകത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്നും തെളിച്ചുള്ള മനസ്സും വസ്ത്രവുമായി വിശ്വാസികൾ തൽബിയ്യത്തിൻ്റെ മന്ത്രങ്ങളുമായി പരിശുദ്ധ മക്കയിലേക്കും മശാഇറുകളിലേക്കും പുറപ്പെട്ട് തുടങ്ങി. മുപ്പതു ലക്ഷത്തോളം വരുന്ന അവർ രണ്ടു ബില്യണിലധികം വരുന്ന ലോക മുസ്ലിംകളുടെ പ്രതിനിധികളായിട്ടാണ് പുറപ്പെടുന്നത്. അതിനാൽ അവരോടൊപ്പം മുസ്ലിം ലോകത്തിൻ്റെ കണ്ണും മനസ്സും അഥവാ ശ്രദ്ധയും പ്രാർത്ഥനയും ഉണ്ട്. അങ്ങനെ ഹജ്ജ് ലോക മുസ്ലിംകളുടെ മൊത്തത്തിലുള്ള ആരാധനയായി മാറുന്നു. ദിക്കുകളെട്ടിൽ നിന്നുമുള്ള തീർത്ഥാടക പ്രവാഹം ഇനി മണിക്കൂറുകൾ വെച്ച് ശക്തിപ്പെടും. മക്കയും മശാഇറുകളും തീർഥാടകരാൽ നിറയും. തുടർന്ന് ഇതുവരെ പറഞ്ഞുകേട്ടും പഠിച്ചറിഞ്ഞതുമായ ആഗോള ഇസ്ലാമിക സാഹോദര്യവും ഏകതയും അവിടെ വെച്ച് എല്ലാ വികാരങ്ങളോടും കൂടി അവർ അനുഭവിക്കും. അതവരുടെ മനസ്സുകളെ കൂടുതൽ ഊർജ്ജസ്വലമാക്കും. ഭൂമധ്യത്തിൽ കറുത്ത പട്ടും പുതച്ചു നിൽക്കുന്ന പ്രഞ്ചത്തിൻ്റെ ആദ്യ ആരാധനാലയമായ പരിശുദ്ധ കഅ്ബാലയത്തിനടുത്ത് മനസ്സുകൾ പരസ്പരം കോർത്തും ചേർത്തും വെച്ച് വികാരവിവശരായി നിൽക്കുമ്പോൾ അവരുടെ മനസ്സുകൾ ഹജ്ജിനു വന്നിട്ടില്ലാത്ത തങ്ങളുടെ ഇസ്ലാമിക സഹോദരങ്ങളുടെ നോവുകളെ മുഴുവനും ആവാഹിച്ചെടുക്കും. അവരിൽ നിരാശയുടെ നെരിപ്പോടിൽ കഴിയുന്ന ഗസ്സയിലെ സ്വന്തം ചോരകളുണ്ട്. അഭയാർഥി ക്യാമ്പുകളിൽ ആരുടേയോ ഔതാര്യം കാത്തിരിക്കുന്ന ഉമ്മമാരും ഉപ്പമാരും പിഞ്ചുമക്കളുമുണ്ട്. സാമ്രാജ്യങ്ങളുടെ പാവക്കൂത്തിൽ നൂല് പൊട്ടി വീണ സിറിയയിലെയും ഇറാഖിലെയും ലബനോനിലെയും ജൂലാൻ കുന്നുകളിലെയും സഹോദരങ്ങളുണ്ട്. ദാരിദ്ര്യം കൊണ്ട് വയർ മടക്കുകൾ നിവർത്തുവാൻ വഴിയില്ലാത്ത ആഫ്രിക്കൻ വൻകരയിലെ കറുത്തവരുണ്ട്. പരിഷ്കാരങ്ങളുടെ താന്തോന്നിത്തരങ്ങൾക്കുമുമ്പിൽ മനസ്സു പതറാതെ പിടിച്ചുനിൽക്കാൻ സാഹസപ്പെടുന്ന വെളുത്തവരുണ്ട്. അവഗണനകളുടെയും അവജ്ഞകളുടെയും മുമ്പിൽ മാനം കെട്ടു നിൽക്കുന്ന ഇന്ത്യക്കാരുണ്ട്. വാശിക്കപ്പുറം ഒരു ദിവസത്തെ സമാധാന ജീവിതമെങ്കിലും സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം മനസ്സിലും തലയിലും തീയും പുകയുമായി നടക്കുന്ന സ്വന്തം തീവ്രവാദികളുണ്ട്. കഴിയുമെങ്കിലും ഉമ്മത്തിനു വേണ്ടി ഒന്നും ചെയ്യാത്ത എണ്ണ ശൈഖുമാരുണ്ട്. എല്ലാം എല്ലാം മനസ്സിലെടുത്ത് അവർ ദുൽ ഹിജ്ജ എട്ടിന് മിനാ താഴ്‌വരയിലേക്ക് പോകും. പിന്നെ പ്രാർഥനകളാണ്. അപ്പോൾ എല്ലാവരും ഹജ്ജ് ചെയ്യുകയാണ്.



ഒരുപാട് സന്ദേശങ്ങൾ കൈമാറുന്ന ഒരു ആരാധനയാണ് ഹജ്ജ്. ഉടമയായ അല്ലാഹുവിലേക്ക് മുമ്പിൽ അടിമ കൈമാറുന്ന വിധേയത്വത്തിന്റെയും വിനയത്തിന്റെയും സന്ദേശമാണ് ഒന്ന്. വിശ്വാസത്തിൻ്റെ എല്ലാ കടമ്പകളും കടന്ന് ആരാധനയുടെ പൂർണ്ണത നേടിക്കഴിഞ്ഞ് അവ വഴി മനസ്സും ശരീരവും സ്ഫുടം ചെയ്തെടുത്ത് ഒരു വിശ്വാസി ജീവിതത്തിൻ്റെ അവസാനമായിട്ടെന്നോണം നടത്തുന്ന സമർപ്പണമാണ് ഹജ്ജ്. ഹജ്ജിന് അത് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ തന്നെയായിരിക്കണം എന്ന ഉപാധി ഒന്നുമില്ല എങ്കിലും അങ്ങനെ ചെയ്യുന്നതാണ് പലപ്പോഴും കീഴ് വഴക്കം. നബി തിരുമേനി(സ) തങ്ങൾ തന്നെ തന്റെ ഹജ്ജ് നിർവഹിച്ചത് ജീവിതത്തിലെ അവസാന വർഷത്തിന്റെ തൊട്ടുമുമ്പ് ലഭിച്ച ഹജ്ജ് കാലത്തായിരുന്നുവല്ലോ. മക്കയിൽ നിന്നുള്ള ശത്രുതയെല്ലാം കൊടിയിറങ്ങിയത് ഹിജ്റ എട്ടാം വർഷം റമദാനിൽ ആയിരുന്നു. ആ വർഷം തന്നെ സുരക്ഷിതനായി ഹജ്ജ് ചെയ്യാനുള്ള സാഹചര്യം നബിക്ക് ഉണ്ടായിരുന്നു. ഹിജ്റ ഒമ്പതാം വർഷം ഏതായാലും അതിനു സാഹചര്യം ഉണ്ടായിരുന്നു. നബി(സ) നിശ്ചയിച്ച ഗവർണർ ആയിരുന്നു അപ്പോഴെല്ലാം മക്ക ഭരിച്ചിരുന്നത്. പക്ഷേ, നബി അപ്പോഴൊന്നും ഹജ്ജ് ചെയ്യാതെ ജീവിതത്തിൻ്റെ അവസാന ലാപ്പിലേക്ക് അത് നീട്ടിവെക്കുകയായിരുന്നു. വിശ്വാസങ്ങളുടെയും ആരാധനകളുടെയും ഘട്ടങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് പിന്നിടുമ്പോൾ വിശ്വാസിയുടെ മനസ്സ് സൃഷ്ടാവായ അല്ലാഹുവിനോട് ഏറെ അടുത്തുനിൽക്കുന്നു. അവൻ്റെ ഉള്ളം അറിവുകൾ കൊണ്ടും തിരിച്ചറിവുകൾ കൊണ്ടും പുഷ്കലമാകുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ നിർവഹിക്കപ്പെടുന്ന ഹജ്ജ് അതുകൊണ്ടുതന്നെ ജീവിതത്തിൻ്റെ മൊത്തത്തിലുള്ള ഒരു സമർപ്പണമായി മാറുക സ്വാഭാവികമാണ്. ഹജ്ജിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ചിന്തകളും ഇതിനെ പിന്താങ്ങുന്നുണ്ട്. ചില മഹാന്മാർ അത് അങ്ങനെ തന്നെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതായത്, സ്വീകാര്യയോഗ്യമായ ഹജ്ജ് നിർവഹിച്ചുകഴിഞ്ഞാൽ ഒരു വിശ്വാസിയുടെ ജീവിത താളം തികച്ചും ആത്മനിബദ്ധമായ പുതിയ ഒരു താളത്തിലേക്ക് മാറുന്നു എന്നതാണ് അത്. ഇതിനോടൊപ്പം, 'ഒരാൾ തെറ്റും തിന്മകളും കലർന്നിട്ടില്ലാത്ത ഹജ്ജ് ചെയ്താൽ പുതിയ ജന്മത്തിലേക്ക് തിരിച്ചെത്തും' എന്ന തിരുവചനത്തെയും ചേർത്ത് വായിക്കാം. ഈ അർഥത്തിലെല്ലാം അല്ലാഹുവിനുമുമ്പിൽ മഹാസമർപണത്തിൻ്റെ വികാരമാണ് ഹജ്ജ് ഉൾക്കൊള്ളുന്നത്.



അടിമ തനിക്കു തന്നെ നൽകുന്ന സന്ദേശമാണ് മറ്റൊന്ന്. ലക്ഷക്കണക്കിനായ തീർത്ഥാടകരോടൊപ്പം ചേരുമ്പോൾ ഓരോ ഹാജിയും തൻ്റെ വിശ്വാസത്തിന്റെയും മതത്തിന്റെയും വലുപ്പവും നിറവും ഗുണവും എല്ലാം അറിയുന്നു. തൻ്റെ ലോകത്തിൻ്റെ അഥവാ ഇസ്ലാമിക ലോകത്തിൻ്റെ വ്യാപ്തി അവൻ അഭിമാനത്തോടെ തിരിച്ചറിയുന്നു. താൻ ഈ വഴിയിൽ യാദൃശ്ചികമായി എത്തിപ്പെട്ട ഏതാനും പേരുടെ പ്രതിനിധി മാത്രമല്ല, ലോകത്തെ രണ്ടു ബില്യൺ വിശ്വാസികളുടെ പ്രതിനിധിയാണ് എന്ന് തിരിച്ചറിയുമ്പോൾ അവനിൽ ഉടലെടുക്കുന്ന സാമൂഹ്യ വികാരമെന്ന സന്ദേശമാണ് അതിലൊന്ന്. നിറത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ താനും തൻ്റെ ഭൗതിക ലോകവും മാനുഷ്യകത്തിന്റെ ഉള്ളിൽ പണിതുയർത്തിയ വലിയ വേലിക്കെട്ടുകൾ അനർത്ഥമാണ് എന്ന് അവൻ തിരിച്ചറിയുന്നു എന്നത് മറ്റൊന്ന്. ഹജ്ജിന്റെ അനുഷ്ഠാനങ്ങൾക്ക് വേണ്ടി വേഷത്തിലും വസ്ത്രത്തിലും ഭക്ഷണത്തിലും ജീവിത ഒഴുക്കിലും വരുത്തുന്ന മാറ്റങ്ങളിൽ നിന്ന് അവനു ലഭിക്കുന്ന സന്ദേശമാണ് മറ്റൊന്ന്. അത് ഈ ഭൗതിക പ്രപഞ്ചത്തിന്റെ ആകത്തുകയാണ്. ഇവിടെ ഒന്നിനും വിലയില്ല എന്നും എല്ലാം ത്യജിച്ച് പരലോകത്തേക്ക് യാത്ര പോകേണ്ടവനാണ് താനെന്നും അവൻ തിരിച്ചറിയുന്നു. സ്വന്തങ്ങളെയും ബന്ധങ്ങളെയും വിട്ട് അകന്ന് വേറെ വേഷവും വേറെ രീതിയും സ്വീകരിക്കുന്നതോടുകൂടി മനസ്സ് ഈ ചിന്തയിലേക്ക് കടക്കുന്നു. പിന്നീട് മിനാ താഴ്‌വരയിലും അറഫയിലും മുസ്ദലിഫാ ഇടത്താവളത്തിലും ആരാധനകളുമായി ഒരുമിച്ചു കൂടുമ്പോൾ ആ ചിന്തയിലൂടെ അവൻ ഏറെ മുന്നോട്ടു പോകുന്നു. അത് അവനിൽ ആത്മീയമായ അവബോധം അരക്കെട്ട് ഉറപ്പിക്കുന്നു. അങ്ങനെ അവൻ ചെയ്യുന്ന ഹജ്ജ് അവനു തന്നെയുള്ള ഒരു സന്ദേശമായി മാറുന്നു.



ഇസ്ലാം ഹാജിമാരിലൂടെ ലോകത്തിന് നൽകുന്ന സന്ദേശമാണ് മറ്റൊന്ന്. അത് ഒറ്റവാക്കിൽ പറഞ്ഞാൽ ലോകം പലപ്പോഴും പരാജയപ്പെട്ടു പോകുന്ന ആഗോളവൽക്കരണം, വിശ്വ മാനവിക സൗഹൃദം തുടങ്ങിയവയുടെ കാര്യത്തിൽ ലോകത്തിന് ശരിയുടെയും വിജയത്തിന്റെയും വഴി കാണിച്ചു കൊടുക്കുന്നു എന്നതാണ്. ആഗോളവൽക്കരണം എന്നത് പുതിയ ലോകം വികസിപ്പിച്ചെടുത്ത ഒരു ആശയമാണ്. ലോക രാജ്യങ്ങളെയും സൂഹങ്ങളെയും മുഴുവനും എല്ലാ അതിരുകളും അടയാളങ്ങളും മാറ്റി ഒന്നാക്കി മാറ്റുക എന്നതാണ് അതിൻ്റെ തത്വവും ലക്ഷ്യവും. ഇതിനുവേണ്ടി ലോകം പലതും ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. യാത്രാബന്ധങ്ങൾ, നയതന്ത്ര ബന്ധങ്ങൾ, രാഷ്ട്രീയ ബന്ധങ്ങൾ, തുടങ്ങിയവയെല്ലാം ആ ലക്ഷ്യത്തിലാണ് വികാസം പ്രാപിച്ചത്. അതിനുശേഷം അന്താരാഷ്ട്ര വിനിമയങ്ങൾ വന്നു. വിനിമയങ്ങളോടൊപ്പം നാണയം, കമ്മോഡിറ്റിയുടെ പൊതുവത്കരണം തുടങ്ങിയവയെല്ലാം വന്നു. ഇപ്പോൾ ആർക്കും എവിടെ നിന്നും ഒരേ വിലയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ആർക്കും എവിടെയും ഉള്ള എല്ലാതരം ആസ്വാദനങ്ങളും ആസ്വദിക്കാം. ആർക്കും എവിടേക്കും നിയമങ്ങൾക്ക് വിധേയമായി സഞ്ചരിക്കാം. ഈ ബന്ധങ്ങളെ എല്ലാം വളർത്തിയത് ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായ കുതിച്ചുചാട്ടം ആണ്. അത് ഇൻറർനെറ്റിൽ തുടങ്ങി ഇപ്പോൾ എ ഐ എന്ന സാങ്കേതികവിദ്യയിൽ എത്തി നിൽക്കുന്നു. മനുഷ്യന് എത്രയും പെട്ടെന്ന് വിവരങ്ങൾ ആരായുവാനും കൈമാറുവാനും വസ്തുക്കളെ കാണുവാനും കാണിച്ചു കൊടുക്കുവാനും അവൻ്റെ ഇടയിൽ കടന്നു വന്നേക്കാവുന്ന ദൂരം, ഭാഷ എന്നീ വലിയ കടമ്പകൾ അനായാസം മറികടക്കുവാനുമെല്ലാം ഈ സാങ്കേതിക വിദ്യകൾ വലിയ സഹായം നൽകുന്നുണ്ട്. അതോടെ ആഗോളവത്കരണം യാഥാർഥ്യമായി, ലോകം ഒരു ഗ്രാമമായി മാറി എന്നൊന്നും പറഞ്ഞ് നമുക്ക് തുള്ളിച്ചാടുവാൻ കഴിയില്ല. കാരണം ആഗോളവൽക്കരണം ഇവിടെ സത്യത്തിൽ വിജയിക്കുകയല്ല, പരാചയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.



അതിൻ്റെ കാരണം രണ്ടെണ്ണമാണ്. ഒന്ന്, ഈ ആഗോളവൽകരണത്തിൻ്റെ ആത്യന്തിക ലക്ഷ്യം പണമാണ്. പണമില്ലാത്ത ഒന്നും ഇതിലില്ല. അതുകൊണ്ടുതന്നെ ഈ ആഗോളവൽക്കരണം നടപ്പിലായി എന്ന് പറഞ്ഞാൽ തന്നെ അത് ലോകത്തെ ചെറിയ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വിഭാഗത്തിന് മാത്രമാണ് അതിൻ്റെ ഗുണം ലഭിക്കുന്നത്. ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് ഇതുകൊണ്ട് ഒരു മെച്ചവുമില്ല. എന്നുമാത്രമല്ല, പലപ്പോഴും അതിനാൽ അവർക്ക് ദോഷമാണ് ഉണ്ടായിട്ടുള്ളത്. ഉദാഹരണമായി, ഏതോ ഒരു രാജ്യത്ത് സമരമോ കലാപമോ ഉണ്ടായാൽ അതിൻ്റെ പേരിൽ അതിലൊന്നും ഒരു പങ്കാളിത്തവും ഇല്ലാത്ത രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് വിലക്കയറ്റം അനുഭവപ്പെടുന്നു. രണ്ടാമത്തെ കാരണം, ലോകത്തെ മുഴുവനും ഒന്നാക്കി മാറ്റി എന്ന് പറയുമ്പോഴും ലോകം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിന് ഈ ആഗോളവത്കരണം പരിഹാരമാകുന്നില്ല. ഉദാഹരണമായി ആധുനിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ കാര്യമെടുക്കാം ഏതെങ്കിലും ഒരു യുദ്ധം അവസാനിപ്പിക്കാനോ ഒരു താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കുവാനോ ആഗോളതയുടെ പേരിൽ കഴിയുന്നില്ല, കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല ഈ യുദ്ധങ്ങളെയും ദാരിദ്ര്യങ്ങളെയും എല്ലാം എത്രകണ്ട് നിലനിർത്തി കൊണ്ടുപോകാൻ കഴിയുമോ എന്നാണ് ആഗോളവൽക്കരണത്തിന്റെ പിന്നാമ്പുറത്തുള്ളവർ ചിന്തിക്കുന്നത്. കാരണം, അപ്പോഴാണ് അവർക്ക് ആയുധ കച്ചവടവും നയതന്ത്ര കച്ചവടവും എല്ലാം നടക്കുക. യൂറോപ്യൻ യൂണിയൻ മുതൽ ഒ ഐ സി യും ഐക്യരാഷ്ട്രസഭയും വരെ പറഞ്ഞിട്ടും ഗസ്സയിലെ ജനങ്ങൾക്ക് ഒരു ശ്വാസം വിടാൻ എങ്കിലും ഉള്ള ഇടവേള ഇസ്രായേൽ കൊടുത്തില്ല, കൊടുക്കുന്നില്ല എന്നതു മാത്രം മതി ഇതൊക്കെ തെളിയിക്കാൻ.



ഇത്തരം ഒരു കപട ലോകത്തിനു മുമ്പിൽ ശരിയായ ആഗോളവൽക്കരണം കാണിച്ചുകൊടുക്കുകയാണ് ഹജ്ജ്. ഭൗതികമായ ഒരു ലാഭേച്ഛയും ഇല്ലാതെ ലോകത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്നും ഒരേ ലക്ഷ്യത്തിനായി മൂന്നു മില്യൺ ജനങ്ങൾ ഒരുമിച്ചുകൂടുകയാണ്. അവിടെ ബന്ധങ്ങൾ ഒരു നിലക്കും ഉലയുന്നില്ല എന്നുമാത്രമല്ല അത് പൂർവാധികം ശക്തിപ്പെടുകയാണ്. അതിനാൽ ഹജ്ജ് ലോകത്തോട് പറയുന്നത്, പരിപാവനമായ ലക്ഷ്യവും ആത്മാർത്ഥമായ നീക്കവും നിഷ്ക്കാമമായ മനസ്സും ഉണ്ടെങ്കിലേ ശരിയായ അർഥത്തിലുള്ള ആഗോളവൽക്കരണം സാധ്യമാകൂ എന്നാണ്. ഹജ്ജിൽ ലോകം അനുഭവിക്കുന്നതുപോലെ, ഹജ്ജിൽ സംഭവിക്കുന്നതു പോലെ.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso