നേതൃത്വവും നേതൃഗുണങ്ങളും
29-05-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
എഴുതുന്നവരും പ്രഭാഷകരും ഒരേപോലെ അവതരിപ്പിച്ചു നമ്മുടെ വായുവിൽ കലർന്ന പേരാണ് മൈക്കിൾ എച്ച് ഹാർട്ടിന്റെ ദ ഹൺഡ്രഡ് എന്ന സമാഹാരം. അവതരണങ്ങളിൽ ഊന്നൽ നൽകപ്പെടുന്നത് നൂറ് ലോകചരിത്രത്തെ ഏറെ സ്വാധീനിച്ചവരുടെ പട്ടികയിൽ നബി തിരുമേനി(സ) ബുദ്ധനെയും ക്രിസ്തുവിനെയും വരെ പിന്തള്ളി ഒന്നാമനായി എന്ന ആഘോഷത്തിനാണ്. എന്തുകൊണ്ട് മുഹമ്മദ് നബി ഒന്നാമനായി എന്ന ചിന്ത മൈക്കിൾ എച്ച് ഹാർട്ട് ആദ്യത്തെ പാരഗ്രാഫിൽ പറഞ്ഞ ഒറ്റ വാചകത്തിൽ ഒതുങ്ങുകയാണ്. അഥവാ, ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു പേരുടെ പട്ടികയെ നയിക്കുവാൻ ഞാൻ മുഹമ്മദിനെ തെരഞ്ഞെടുത്തത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരിക്കും. എന്നാൽ അതിനു കാരണം മതപരവും മതേതരവുമായ മേഖലകളിൽ ഒരേസമയം ഏറ്റവും അധികം വിജയം വരിച്ച വ്യക്തിത്വം മുഹമ്മദ് മാത്രമാണ് എന്ന ആ ഒരു ഒറ്റ വാചകത്തിൽ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളെ പിന്തള്ളി പട്ടികയുടെ മുന്നിലെത്തുവാൻ ഈ ഒരൊറ്റ വാചകത്തിലെ ഒഴുക്കൻ വർത്തമാനം പോര എന്നതാണ് വാസ്തവം. ചിന്തക്കും അറിവിനും ശരിക്കും പ്രാധാന്യം കൽപ്പിക്കുന്ന അക്കാദമിക സമൂഹം ഏതായാലും ഇത്തരം വാചകങ്ങളെ അങ്ങനെ അനുവദിച്ചു തരില്ല. നമ്മുടെ കാലത്ത് ഇത് ആദ്യം മനസ്സിലായത് മക്‌ഗ്രോഹില്‍ പുസ്തക കമ്പനിക്കാണ്. കാരണം ഇത്തരം ഒരു പഠനം അവർ നടത്തിയിരുന്നു. ആ പഠനത്തിലും കണ്ടത് ലോക ചരിത്രത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി മുഹമ്മദ് നബിയാണ് എന്നു തന്നെയായിരുന്നു. അവരത് സത്യസന്ധമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. നിഷ്കളങ്കമായ അക്കാദമിക സമൂഹം അങ്ങനെയാണ്. അവർ കണ്ടെത്തിയ സത്യങ്ങൾ മറ്റൊന്നും മറച്ചുവെക്കാതെ തുറന്നു പറയും. ഏതായാലും വിവരം പുറത്തിറങ്ങിയതോടെ നാനാ ഭാഗത്തുനിന്നും അന്വേഷണങ്ങൾ അവരുടെ ഇൻബോക്സുകളിൽ വന്നു നിറഞ്ഞു കൊണ്ടിരുന്നു. ഒറ്റവാക്കിൽ ഉള്ള ഒരു ഒഴുക്കൻ മറുപടി കൊണ്ട് ഈ അന്വേഷണങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല എന്നു കണ്ട അവർ മൂന്നു ദിവസം എടുത്തു എല്ലാവർക്കും ബോധ്യമാകുന്ന വിധത്തിൽ ഇതിനൊരു മറുപടി നൽകുവാൻ. ഒരു സമൂഹത്തെ ക്രമപ്രവൃദ്ധമായി വെളിച്ചത്തിലേക്കു നയിച്ച ഒരു പ്രതിഭയായാണ് നബി(സ)യെ അവര്‍ വിലയിരുത്തിയത്. ആ നായകത്വത്തിൻ്റെ സവിശേഷത അവരെ വല്ലാതെ ആകർഷിക്കുകയുണ്ടായി. കാരണം, ലോകത്ത് അതുവരേക്കും പിന്നീട് ഇതുവരേക്കും കണ്ടിട്ടില്ലാത്ത വിധത്തിലായിരുന്നു ഈ വിപ്ലവ നായകൻ്റെ രംഗപ്രവേശനം തന്നെ. അതിന് അദ്ദേഹത്തിന് ഒട്ടും ബലപ്രയോഗം നടത്തേണ്ടിവന്നില്ല. പ്രതികരണത്തിലും ഖണ്ഡനത്തിലും തൻ്റെ വാദത്തിൽ പോലും വിട്ടുവീഴ്ച ചെയ്യുവാനും ക്ഷമയോടെ പിന്നോട്ട് മാറുവാനും ആയിരുന്നു അദ്ദേഹം തുടക്കം മുതലേ താൽപര്യം കാണിച്ചത്. ആദ്യമാദ്യം ഓരോ വ്യക്തിയിലൂടെ, പിന്നീട് ചെറിയ ചെറിയ സംഘങ്ങളിലൂടെ അദ്ദേഹവും ആശയവും ക്രമാനുഗതമായി ചുവടുവെക്കുകയായിരുന്നു.
അതിശീഘ്രം ഒരു സമൂഹത്തെ സംസ്‌കരിച്ചെടുത്ത ഒരു നവോത്ഥാന നായകനായിരുന്നു നബി (സ്വ). ഉപദേശകന്‍, സേനാനായകന്‍, പണ്ഡിതന്‍, നേതാവ്, വഴികാട്ടി എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ. ഇരുപത്തിരണ്ടു കൊല്ലം കൊണ്ട് അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനതയെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നു സംസ്‌കാരസമ്പന്നരാക്കി മാറ്റിയെടുക്കുകയെന്നത് ചരിത്രത്തില്‍ വേറെ സംഭവിച്ചിട്ടില്ല. വഴിവക്കിൽ ഫലം കായ്ക്കുന്ന മരച്ചുവട്ടിലും വിസർജ്ജിക്കരുത് എന്നു പറയുമ്പോൾ അത് അദ്ദേഹത്തിലെ ആധുനിക നാഗരിക സോധത്തിൻ്റെ ഒരു ഉദാഹരണമാണ്. മദീനയിൽ സ്വന്തം നഗരം സ്ഥാപിച്ചപ്പോൾ അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ വേണ്ടി ഒരു ചാർട്ടർ രൂപീകരിച്ചത് അദ്ദേഹത്തിലെ രാജ്യഭരണത്തിനും രാഷ്ട്രീയ മികവിനും ഉദാഹരണമാണ്. ഒരു ഭാഗത്ത് അടിമത്വത്തെ കുറച്ചു കൊണ്ടുവരുവാൻ വേണ്ടി മതപരമായ വാതിലുകൾ തുറന്നിട്ടതും അടിമകൾക്ക് സമൂഹത്തിൻ്റെ ഉന്നത സ്ഥാനങ്ങളിലേക്ക് കടന്നുവരുവാൻ ഒരു തടസ്സവുമില്ല എന്ന് പറയാതെ പറഞ്ഞതും ആ പ്രവാചകൻ്റെ മനസ്സിൻ്റെ സാമൂഹ്യ ബോധത്തിന് ഉദാഹരണമാണ്. അക്ഷരം പഠിപ്പിച്ചു കൊടുക്കുന്നതിന് പകരമായി തടവുകാരുടെ കാൽചങ്ങലകൾ അഴിച്ചിട്ടത് ഈ നബിയുടെ വിദ്യാഭ്യാസ താൽപര്യത്തിന് ഉദാഹരണമാണ്. ജൂതന്റെ ശവമഞ്ചം കാണുമ്പോൾ എഴുന്നേറ്റു നിൽക്കുമ്പോഴും സ്ത്രീകളോട് മാന്യത പുലർത്തുന്നവനാണ് സത്യത്തിൽ മാന്യൻ എന്ന് പ്രഖ്യാപിക്കുമ്പോഴും അനാഥയുടെ മുമ്പിൽ വച്ച് സനാതനെ ചുംബിക്കരുത് എന്ന് പറയുമ്പോഴുമെല്ലാം ആ നബി തിരുമേനിയിലെ വിശ്വമാനവികത തിളങ്ങുകയാണ്. ഇതെല്ലാമാണ് അവരെ മാത്രമല്ല മുഹമ്മദ് നബി(സ)യെ ലോകത്തിൻ്റെ വരദാനമായി അവതരിപ്പിച്ച എല്ലാവരെയും അതിനു പ്രേരിപ്പിച്ചത്. അറിവിന്റെയും അന്വേഷണത്തിന്റെയും കാര്യത്തിൽ വ്യക്തിപരമോ ആദർശപരമോ വംശപരമോ ആയ സ്വാർഥതകൾ ലോകത്ത് ഒരുപാട് കാലം നിലനിന്നിട്ടുണ്ട് എന്നതൊരു ചരിത്രമാണ്. അക്കാലത്തെ അറിവുകൾ മുഴുവനും സ്വാർത്ഥമായിരുന്നു. അതിനു കാരണം പ്രധാനമായും ആ കാലത്തെല്ലാം നടന്നിരുന്ന സാമ്രാജ്യ ശക്തികളുടെ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും ആയിരുന്നു. അവ ഉണ്ടാക്കുന്ന വാശിയുടെ മുമ്പിൽ സത്യങ്ങൾ പലപ്പോഴും മൂടിവെക്കപ്പെടുകയായിരുന്നു. എന്നാൽ അത്തരം യുദ്ധങ്ങൾ ഒരു ഭാഗത്ത് കൊടിയിറങ്ങുകയും മറുഭാഗത്ത് വിദ്യാഭ്യാസം ഇല്ലാത്ത നാഗരിതകൾ നിരർത്ഥകമാണ് എന്ന ചിന്ത ശക്തമാവുകയും ചെയ്തതോടെ അക്കാദമിക തലത്തിൽ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി. അക്കാലത്താണ് ചെറുതെങ്കിലുമായ സത്യസന്ധമായ പഠനങ്ങൾ ആരംഭിച്ചത്. അതോടെയാണ് ഭൗതിക ലോകം നബി(സ)യെ ശ്രദ്ധിച്ചുതുടങ്ങിയത് എന്നു പറയാം.
ചരിത്രം സൃഷ്ടിച്ച യുഗ പുരുഷന്മാരെ പറ്റി പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർലൈൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് ഉന്നത സ്ഥാനം നൽകിയതാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം ഉണ്ടാക്കിയത്. 1841 ൽ പ്രസിദ്ധീകരിച്ച 'ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീര നായകരെ കണ്ടെത്തുകയാണ് അദ്ദേഹം തന്റെ കൃതിയിൽ. പ്രവാചകന്മാരുടെ കൂട്ടത്തിൽ മുഹമ്മദ് നബി(സ)ക്കാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. അക്കാലത്ത് നബി(സ)യുടെ മേൽ ചാർത്തപ്പെട്ട മോശം പ്രതിഛായകളെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത മനുഷ്യൻ എന്ന അസ്തിത്വം അവിടുത്തേക്ക് നൽകുകയും ചെയ്യുകയായിരുന്നു. പ്രശസ്ത നാടക കൃത്തായ ജോർജ് ബർണാർഡ് ഷാക്ക് മുഹമ്മദ് നബി ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി കാണണം എന്നാണ് ഷായുടെ അഭിപ്രായം. ഷാ തന്റെ Genuine Islam എന്ന കൃതിയിൽ ഇത്ര കൂടിപ്പറഞ്ഞു: "അദ്ദേഹത്തെ പ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്ത അധികാരങ്ങളും ഏറെറടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നില നിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയകരമായി കൈകാര്യം ചെയ്യപ്പെട്ടേനെ". ഒരു റോമൻ കത്തോലിക്കാ കന്യാസ്ത്രീയും ചരിത്ര ഗവേഷകയും ആയിരുന്ന കരൻ ആംസ്ട്രോങ്ങിന്റെ Muhammed, a western attempt to understand Islam എന്ന കൃതിയിൽ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിൽ നന്നായി വിലയിരുത്തുണ്ട്. ഇസ്ലാമിനെതിരായ മുൻ വിധികൾക്ക് നബിയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ വഴി വെച്ചുവെന്ന് അവർ സമർത്ഥിക്കുന്നു. രാഷ്ട്രീയവും ആത്മീയതയും എല്ലായ്‌പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ പ്രത്യേകതയായിരുന്നു എന്ന് അവർ തുറന്നു പറഞ്ഞു. വളരെ സരളമായ ആശയങ്ങളിലൂടെ കരൺ തന്റെ കൃതിയിൽ നബി തിരുമേനി(സ)യെ വരച്ചുവെക്കുന്നത് വളരെ മനോഹരമാണ്. അവർ പറയുന്നു: 'അദ്ദേഹം ചില സമയങ്ങളില്‍ ഇരുണ്ട ക്രോധവും പ്രീണനത്തിന് വഴങ്ങാത്ത നിഷ്പക്ഷതയും പ്രകടിപ്പിച്ചു. അതേ സമയം സൗമ്യനും ഹൃദയാലുവും ആര്‍ദ്രചിത്തനും ആയിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചിരിക്കുന്ന ക്രിസ്തുവിനെ പറ്റി നാം വായിച്ചിട്ടില്ല. എന്നാല്‍, പുഞ്ചിരിക്കുകയും കുസൃതി പറയുകയും ചെയ്യുന്ന മുഹമ്മദിനെ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹം കുട്ടികള്‍ക്കൊപ്പം കളിചിരി തമാശകള്‍ക്ക് സന്നദ്ധനായി. മറ്റു ചിലപ്പോള്‍ ഭാര്യമാരോട് ദേഷ്യപ്പെട്ടു. പ്രിയപ്പെട്ടവരുടെ മരണത്തില്‍ തേങ്ങിക്കരഞ്ഞു. കുഞ്ഞുണ്ടായപ്പോള്‍ മറ്റേതൊരു ആഹ്ലാദവാനായ പിതാവിനെയും പോലെ കുഞ്ഞിനെ കയ്യിലെടുത്തു അദ്ദേഹം സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുത്തു. ചരിത്രത്തിലെ മറ്റു മഹാ പുരുഷന്മാരെ വീക്ഷിക്കുന്നതു പോലെ നാം മുഹമ്മദിനെയും കാണുകയാണെങ്കില്‍ ലോകം കണ്ടിട്ടുള്ള മഹാ പ്രതിഭാശാലികളില്‍ ഒരാളായി അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടിവരും. മഹത്തായ ഒരു കൃതി, മഹത്തായ ഒരു മതം, പുതിയൊരു ലോക ശക്തി എന്നീ നേട്ടങ്ങള്‍ അത്ര നിസ്സാരമല്ലല്ലോ'.
റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ്, എഴുത്തുകാരനും ചരിത്രകാരനു മായിരുന്ന വാഷിംഗ്ടൻ ഇർവിങ്, ഫ്രഞ്ച് ചരിത്രകാരനും കവിയും രാഷ്ട്ര തന്ത്രജ്ഞനും ആയിരുന്ന ലമാർട്ടിൻ, നമ്മുടെ സ്വന്തം ജവഹര്‍ലാല്‍ നെഹ്‌റു, സ്വാമി വിവേകാനന്ദൻ തുടങ്ങി നബി തിരുമേനി(സ)യെ ശ്ലാഖിക്കുന്ന ലോക വ്യക്തിത്വങ്ങളുടെ പട്ടിക നീണ്ടുകിടക്കുന്നതാണ്. ഇതെല്ലാം ഒരു ആമുഖമായി രേഖപ്പെടുത്തിക്കൊണ്ട് നാം പ്രവേശിക്കുന്ന ചിന്ത ശരിക്കും ഒരാൾ നേതാവാകുന്നത് എപ്പോഴാണ്, എന്തെല്ലാം ഗുണങ്ങൾ അദ്ദേഹത്തിൽ ഒരുമിച്ചുകൂടുമ്പോഴാണ് എന്നതിലേക്കാണ്. ഒരു സ്വാധീന ശക്തിയായി വളരുവാൻ ഒരാൾക്ക് അവശ്യം വേണ്ട ഗുണമാണ് നേതൃത്വഗുണം. സ്വാധീനം എന്നതാണല്ലോ അല്ലെങ്കിൽ ആയിരിക്കണമല്ലോ ഒരു നേതാവിൻ്റെ പ്രധാന കൈമുതൽ. മുന്നണിയിലും മുൻപിലും നിൽക്കുന്നവരെയെല്ലാം നേതാവായി കാണുവാനോ നേതാവ് എന്ന് വിളിക്കുവാനോ കഴിയില്ല. കാരണം ഒരുപക്ഷേ അയാളെ അവിടെ എത്തിച്ചത് ഒരു പക്ഷെ അയാളുടെ ഉന്തും തിരക്കും ആയിരിക്കാം. അല്ലെങ്കിൽ അത് അറിവും അവബോധവും ഇല്ലാത്ത ഒരു കൂട്ടം വൈകാരിക ജീവികളുടെ തെറ്റിന്റെ ഫലമായി ഉണ്ടായിപ്പോയതാവാം. നേതൃഗുണത്തിൽ ഏറ്റവും പ്രധാനം വ്യക്തിത്വത്തിന് തന്നെയാണ്. ആ വ്യക്തിത്വം രൂപപ്പെടേണ്ടതാവട്ടെ ആത്മവിശ്വാസം, ഊര്‍ജസ്വലത, തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, യുക്തിബോധം, നിഷ്പക്ഷത, സത്യസന്ധത, ദീര്‍ഘദൃഷ്ടി, സംഘാടന പാടവം, കൃത്യനിഷ്ഠ, ആശയ സംവേദനക്ഷമത തുടങ്ങിയ സല്‍ഗുണങ്ങള്‍ സമ്മേളിച്ചു കൊണ്ടായിരിക്കണമെന്നാണ് ശാസ്ത്രം. അതോടൊപ്പം അദ്ദേഹം സ്വന്തം കഴിവുകളിൽ അഭിരമിച്ച് ഇരിക്കുകയും മറ്റുള്ളവരെയെല്ലാം തന്നെ അനുസരിച്ച് ചെയ്യുന്ന ആൾ ആയി ചെറുതാവാനും പാടില്ല. ലോകപ്രശസ്ത മാനേജ്‌മെന്റ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ എഫ് ഡ്രക്കര്‍ നേതൃഗുണത്തെ നിര്‍വചിച്ചിട്ടുള്ളതിങ്ങനെയാണ്: 'ഒരു പൊതുലക്ഷ്യത്തിനായി മറ്റുള്ളവരെക്കൊണ്ട് സ്വയം സന്നദ്ധതയോടെ പരിശ്രമിക്കാന്‍ അവരില്‍ സ്വാധീനം ചെലുത്തുന്ന പ്രക്രിയയെയാണ് നേതൃത്വം എന്നു പറയുന്നത് '. അതായത് തൻ്റെ ചുറ്റുമുള്ളവരെ തന്നിലേക്കും തന്റെ ആദർശത്തിലേക്കും ആകർഷിക്കുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ഇത്തരം നേതൃഗുണങ്ങൾ എല്ലാം നബി തിരുമേനി(സ)യിൽ സംഗമിച്ചിരുന്നു. സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നും വന്ന ഉസാമ ഇബ്‌നു സൈദിനെ സേനാനായകൻ വരെയായി ഉയർത്തി അണികളെ അച്ചടക്കവും നേതൃവിധേയത്വവും പഠിപ്പിച്ച ഭരണനിപുണനായിരുന്നു നബി(സ). ഒപ്പം നിൽക്കുന്ന ഓരോരുത്തരെ അവർ ഇങ്ങനെ പരിഗണിക്കുമായിരുന്നു. ധൈര്യം ആ വ്യക്തിത്വത്തിൻ്റെ മറ്റൊരു ഘടകമാണ്. പെട്ടെന്നു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ശത്രു വാളോങ്ങി തന്നില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ ആരുണ്ടെന്നു ചോദിച്ചപ്പോള്‍ അല്ലാഹുവെന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞ ധൈര്യവാനായിരുന്നു മഹാനവർകൾ. നിരാശ കയറാത്ത മനസ്സ് ഒരു നേതാവിന് സ്വന്തം കൈ പോലെ പ്രധാനമാണ്. ശരിയായ നേതാക്കള്‍ ഒരിക്കലും നിരാശരാവുകയില്ല. സര്‍ഗശക്തിയുള്ള ഒരാള്‍ ഒരു വഴിയടഞ്ഞാല്‍ മറ്റൊരു വഴി കണ്ടുപിടിക്കും. സത്യനിഷേധികള്‍ മാത്രമേ നിരാശരാവുകയുള്ളൂ എന്ന് യഅ്ഖൂബ് നബി (അ) മക്കളെ ഉപദേശിക്കുന്നതായി ഖുര്‍ആനില്‍ പറയുന്നുണ്ട്. ”സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല” (യൂസുഫ് 87). ഉഹ്ദ്, ഹുനൈന്‍ യുദ്ധങ്ങളില്‍ തോല്‍വിയുടെ വക്കത്തെത്തിയിട്ടും നിരാശപ്പെടാതെ മുന്നേറി ജയം തിരിച്ചുപിടിച്ച സേനാനായകനായിരുന്നു നബി തങ്ങൾ. എന്തിനധികം, പ്രബോധന ജീവിതത്തിൻ്റെ പകുതിയിലധികം കാലവും നിരന്തരമായി വേട്ടയാടപ്പെട്ടിട്ടും നിരാശപ്പെടാതെ ദൗത്യം പുലർന്നുകാണും വരെ യത്നിച്ചതാണല്ലോ ആ ജീവിതത്തിൻ്റെ അനുഭവം. എന്നാലോ ഈ ആശയും ധൈര്യവും മാത്രം പോരാ ഒരു നേതാവിന്. മറിച്ച് ഇവയൊന്നും ഫലപ്പെടാത്ത സാഹചര്യങ്ങളും ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ നയതന്ത്ര യുക്തി പ്രകടിപ്പിക്കാനും നേതാവിന് കഴിയണം. ഹുദയ്ബിയാ സന്ധിയില്‍ സന്ധിക്ക് തയ്യാറാവുക വഴി ഒരടി പിന്നോട്ടുവെച്ച് ദീര്‍ഘദൃഷ്ടി കാണിച്ച് ഭാവിയിൽ വന്‍ നേട്ടം കരസ്ഥമാക്കിയ തന്ത്രജ്ഞനായതും ഈ നേതാവ് തന്നെ. എന്നാൽ വേണ്ടിടത്ത് എല്ലാ അനുനയങ്ങളും അനുതാപങ്ങളും മാറ്റിവെക്കുവാനും ആ മനസ്സിന് കഴിയുമായിരുന്നു. ഒരു ഭാഗത്ത് യുദ്ധത്തടവുകാരോടു കരുണാപൂര്‍വം ഇടപെട്ടപ്പോള്‍ തന്നെ അതേ യുദ്ധത്തിലെ ബന്ദികളായിരുന്ന നള്‌റിനെയും ഉഖ്ബയെയും വധിക്കാന്‍ ആജ്ഞാപിച്ച കണിശക്കാരനുമായിരുന്നു അവിടുന്ന്. വിടവാങ്ങല്‍ പ്രസംഗത്തിലൂടെ ലോകം വിസ്മരിക്കാത്ത ഉജ്ജ്വല പ്രഭാഷകനായി, സ്വന്തം പിതൃവ്യന്റെ മൃതദേഹം വികൃതമാക്കിയ ഹിന്ദ് എന്ന വനിതയെ വെറുതെ വിട്ട് ക്ഷമയുള്ളവനായി, എതിരാളികളുടെ പ്രലോഭനങ്ങളില്‍ വഴങ്ങാത്ത സ്ഥൈര്യവാനായി, അനന്യമായ ധാരാളം നേതൃഭാവങ്ങളുടെ ഒരു തുറന്ന പുസ്തകമായിരുന്നു മുഹമ്മദ് നബി (സ).
-
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso