Thoughts & Arts
Image

ഇതാണ് ഇസ്ലാമിലെ ജിഹാദ്

11-06-2024

Web Design

15 Comments

ഖുർആൻ പഠനം
ടി എച്ച് ദാരിമി



സൂറത്തുസ്സ്വഫ്ഫ് 6
ആയത്തുകൾ: 10 -11







10- സത്യവിശ്വാസികളേ വേദനയുറ്റ ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണമേകുന്ന ഒരു കച്ചവടം നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ?



പ്രത്യേകിച്ചും പരലോക ശിക്ഷയിൽ നിന്ന് മുക്തി നേടുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന ഒരു കച്ചവടത്തെ കുറിച്ചാണ് ഈ ആയത്ത് പറയുന്നത്. ഈ ആയത്തിൽ പ്രയോഗിച്ച കച്ചവടം എന്ന പ്രയോഗത്തിന് വലിയ അർത്ഥമുണ്ട്. ഒരാൾ തൻ്റെ അധ്വാനവും സമ്പത്തും സമയവും ആഗ്രഹവും എല്ലാം വ്യയം ചെയ്യുകയും അതിനു പകരമായി ലാഭം നേടുകയും ചെയ്യുന്ന പ്രക്രിയയെയാണ് കച്ചവടം എന്ന് വ്യവഹരിക്കപ്പെടുന്നത്. ഇവിടെ പാരത്രിക ലോകത്തെ സുഖവും സംരക്ഷണവും എന്നത് മനുഷ്യൻ നേടുന്ന ലാഭമാണ്. അത് ലഭിക്കുവാൻ അവൻ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം, മനസ്സിനെ പിടിച്ചുവലിക്കുന്ന ഇഛകൾ തുടങ്ങിയവയെ നന്മകളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ഒരു കച്ചവടത്തിൽ ഏർപ്പെടേണ്ടതുണ്ട്. ഐഹിക ജീവിതത്തെ കച്ചവടം എന്ന ഇവിടെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു. പ്രവാചകർ തിരുമേനി (സ) ഐഹിക ജീവിതത്തെ പാരത്രിക ജീവിതത്തിനു വേണ്ടിയുള്ള കൃഷി ആയിട്ടാണ് ഹദീസിൽ വിവരിച്ചിട്ടുള്ളത്. ഇവയെല്ലാം ഒരേ ആശയത്തെയാണ് പ്രധാനം ചെയ്യുന്നത്. ഈ ജീവിതം ആത്യന്തികമായി പാരത്രിക മോക്ഷത്തിനു വേണ്ടി അധ്വാനിക്കുവാനുള്ള അവസരമാണ് എന്നതാണ് ആ ആശയം. ഈ ആശയത്തെ വിജയിപ്പിച്ചെടുക്കുവാൻ വേണ്ട മാർഗ്ഗങ്ങളും ഉപദേശങ്ങളും നിർദ്ദേശങ്ങളും ആണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ജീവിത ക്രമത്തിന്റെ ആകത്തുക.



11- അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും സമ്പത്തുകളും ശരീരങ്ങളും കൊണ്ട് അവന്റെ വഴിയില്‍ പുണ്യസമരമനുഷ്ഠിക്കുകയും ചെയ്യണം നിങ്ങള്‍. വിവരമുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉദാത്തമായിട്ടുള്ളത്.



ആ കച്ചവടം എന്തായിരിക്കണം എന്ന് ഈ സൂക്തം പറഞ്ഞുതരികയാണ്. അല്ലാഹുവിലും അല്ലാഹുവിൻ്റെ ദൂതനിലുമുള്ള വിശ്വാസമാണ് അതിൽ ആദ്യത്തേത്. ഈ രണ്ടു വിശ്വാസങ്ങളെ കുറിച്ച് മാത്രമേ ഈ സൂക്തം പറയുന്നുള്ളൂ. മറ്റുള്ള വിശ്വാസപ്രമാണങ്ങളെല്ലാം പരമമായ ഈ രണ്ടെണ്ണത്തിന്റെ പരിധിയിൽ നിൽക്കുന്നവയാണ് എന്നതുകൊണ്ടാണ് അത്. അല്ലാഹുവിലും അന്ത്യപ്രവാചകനിലും ശരിയായ വിശ്വാസം പുലർത്തുമ്പോൾ അതിൽ പ്രവാചകന്മാർ, മലക്കുകൾ, കിതാബുകൾ, അന്ത്യനാൾ തുടങ്ങിയവയെല്ലാം അതിലുള്ളടങ്ങും. തുടർന്ന് പറയുന്നത് ഈ വിശ്വാസത്തോടുകൂടിയുള്ള ധർമ്മ സമരത്തെ കുറിച്ചാണ്. അറബി ഭാഷയിൽ ജിഹാദ് എന്ന് വ്യവഹരിക്കപ്പെടുന്ന ധർമ്മസമരം എന്നത് ഏറെ തെറ്റിദ്ധാരണകൾക്ക് വിധേയമായിട്ടുള്ള ഒന്നാണ്. അതിനാൽ ലഭിക്കുന്ന അവസരങ്ങൾ എല്ലാം നാം ഒരാളെ എങ്കിലും ഇതിൻ്റെ യഥാർഥ അർത്ഥം പറഞ്ഞു പഠിപ്പിച്ചിരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. കാരണം ഇതുണ്ടാക്കിയ തെറ്റിദ്ധാരണ മുസ്ലിം ലോകത്തെ കുറിച്ചുള്ള ധാരണയെ തന്നെ വല്ലാതെ വികലമാക്കിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. അത്രയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന മറ്റേതെങ്കിലും പദമുണ്ടോയെന്ന് സംശയമാണ്. സായുധ കലാപം, മതയുദ്ധം, വിശുദ്ധ കൊല എന്നൊക്കെയാണ് പലരും അതിന് നൽകുന്ന വിവക്ഷ. സത്യത്തിൽ ജിഹാദ് എന്നാൽ അതിനർഥം കഠിനമായ അധ്വാന പരിശ്രമമാണ്. ജിഹാദ് എന്ന പദം അള്ളാഹു വിശുദ്ധ ഖുർആനിൽ ഉപയോഗിച്ചിട്ടുള്ളതാണ്. അതിനാൽ ആ വിഷയം പഠിക്കുന്ന ആർക്കും ആധികാരികമായി തന്നെ അതിനെ സമീപിക്കാം. അല്ലാഹു ഒരു കാര്യം പറഞ്ഞാൽ അത് ഒരിക്കലും തെറ്റായ ഒരർത്ഥമായി മാറുകയില്ല. വിശുദ്ധ ഖുർആനിൽ ജിഹാദ് എന്ന പദം വ്യത്യസ്ത രൂപങ്ങളിൽ നാൽപത്തിയൊന്നു തവണ വന്നിട്ടുണ്ട്. 'ജിഹാദ്' ചെയ്യണം എന്ന രൂപത്തിൽ ഇരുപത്തിയേഴു തവണയും അതിന്റെ മഹത്വം പറഞ്ഞു പതിനാലു തവണയും. ജിഹാദ് ഇസ്ലാമിൽ ഒരു മോശം പ്രയോഗമല്ല. ശത്രുക്കൾ അത് മോശമായി ഉപയോഗിക്കുന്നു എന്നതിനാൽ അതിന്റെ പ്രാധാന്യം കുറയുന്നുമില്ല.



ജിഹാദ് മൂന്നു രൂപത്തിൽ ഖുർആൻ പരാമർശിക്കുന്നുണ്ട്. ഖുർആൻ മക്കിയ്യായ അദ്ധ്യായങ്ങളിലും മദനിയ്യായ അദ്ധ്യായങ്ങളിലും ജിഹാദിനെ കുറിച്ച് പറയുന്നുണ്ട്. 'അതിനാൽ പ്രവാചകരേ, സത്യനിഷേധികൾക്ക് ഒട്ടും വഴങ്ങിപ്പോകരുത്. ഈ ഖുർആൻകൊണ്ട് അവരോട് മഹാ സമരത്തിലേർപ്പെടുക.' എന്ന് അൽ ഫുർഖാൻ അദ്ധ്യായത്തിൽ കാണാം. ഈ അദ്ധ്യായം മക്കയിൽ അവതരിച്ചതാണ്. മക്ക കാലത്ത് ഒരിക്കൽ പോലും യുദ്ധം ചെയ്യാൻ ഇസ്ലാം അനുമതി നൽകിയിട്ടില്ല. എന്നിട്ടും അല്ലാഹു നബിയോട് ജിഹാദ് ചെയ്യാൻ ആജ്ഞാപിച്ചു. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇത് വാളും പരിചയം ആയുധങ്ങളും കൊണ്ടുള്ള ഒന്നല്ല എന്ന്. മാത്രമല്ല ഖുർആൻ പറയുന്നത് വ്യക്തമായും ഖുർആൻ കൊണ്ട് ജിഹാദ് ചെയ്യുക എന്നാണ്. ഇവിടെ ജിഹാദ് കൊണ്ട് വിവക്ഷ ഖുർആൻ വരച്ചു കാണിക്കുന്ന ജീവിത മാർഗം സ്വീകരിക്കുക, വിശ്വാസി എന്ന നിലയിൽ കടമകൾ വീട്ടുക, ദൈവീക കൽപ്പനകൾ പൂർണമായി അനുസരിക്കുക എന്നൊക്കെയാണെന്ന് മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്.



മറ്റൊരിടത്ത് ജിഹാദ് എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത് പരിശോധിക്കാം. 'അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവൻ അല്ലാഹു നിശ്ചയിച്ചിട്ടുള്ള സമയം വന്നെത്തുകതന്നെ ചെയ്യും എന്നറിഞ്ഞിരിക്കട്ടെ. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമല്ലോ. വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കിൽ അത് അവന്റെ തന്നെ നന്മക്കുവേണ്ടിയത്രെ. നിശ്ചയം, അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു' അൽ അങ്കബൂത്ത് അദ്ധ്യായത്തിൽ പറയുന്ന ഈ ആയത്തിൽ ഉപദേശിക്കുന്ന ജിഹാദ് ആയുധം കൊണ്ടുള്ള ജിഹാദ് അല്ല മറിച്ച് സ്വന്തം നന്മയ്ക്കു വേണ്ടി സത്യവിശ്വാസി ചെയ്യുന്ന സുകൃതങ്ങൾ ആണ്. സൽകർമ്മങ്ങൾ എന്നു പറഞ്ഞാൽ അത് ഒരു സമരം തന്നെയാണ്. കാരണം നന്മ പ്രവർത്തിച്ചാലുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് എപ്പോഴും ഭയപ്പെടുത്തുകയും തിന്മയനുവർത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുകയും ചെയ്യുന്ന പിശാചുമായി അത്തരക്കാർ സദാ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ജടികമായ ഇച്ഛകളെ പ്രതിരോധിച്ച് ശരീരത്തെ നന്മകൾക്ക് പാകപ്പെടുത്തി എടുക്കുമ്പോൾ അവിടെയും ഒരു സമരം തന്നെയാണ് നടക്കുന്നത്. ഇവയാകട്ടെ ഒന്നോ രണ്ടോ നാളത്തെ സമരമല്ല. ആജീവനാന്ത സമരമാണ്. ദിവസത്തിൽ, ഇരുപത്തിനാല് മണിക്കൂറും അവിരാമം തുടരുന്ന സമരമാണ്. ഇസ്ലാം ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം ഇടപെടുന്ന ആദർശം അല്ലാത്തതിനാലും അത് മനുഷ്യജീവിതത്തിന്റെ സകല വ്യവഹാരങ്ങളെയും സ്വാധീനിക്കുന്നതിനാലും ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കുകയാണ്, നടക്കേണ്ടതാണ്.



എന്നാൽ ഈ പറഞ്ഞ തരത്തിൽ ആരാധനകളും സമീപനങ്ങളും മാത്രമല്ല ജിഹാദ് എന്ന അർത്ഥത്തിന്റെ പരിധിയിൽ വരുന്നത്. ശത്രുക്കളുമായി ഉള്ള സായുധ സമരവും ജിഹാദിന്റെ കീഴിൽ വരുന്നുണ്ട്. ഏതെങ്കിലും ആളുകളെ തൃപ്തിപ്പെടുത്തുവാനോ ആരെങ്കിലും കുറ്റപ്പെടുത്തും എന്ന ഭയത്തിൽ നിന്ന് രക്ഷപ്പെടുത്തുവാനോ അങ്ങനെയൊന്നുമില്ല എന്ന് പറയാൻ സത്യവിശ്വാസിക്ക് കഴിയില്ല. അല്ലാഹു പറയുന്നു: 'വിശ്വാസികളുടെ കൂട്ടത്തിൽ ന്യായമായ കാരണമില്ലാതെ വീട്ടിലിരിക്കുന്നവരും, ജീവനും ധനവും കൊണ്ട് ദൈവികസരണിയിൽ സമരം ചെയ്യുന്നവരും ഒരുപോലെയല്ല. ജീവധനാദികൾകൊണ്ട് സമരം ചെയ്യുന്നവരെ വെറുതെയിരിക്കുന്നവരേക്കാൾ അല്ലാഹു പദവിയിൽ ശ്രേഷ്ഠരാക്കിയിട്ടുണ്ട്. എല്ലാവർക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അല്ലാഹുവിങ്കൽ ധർമ്മസമരം ചെയ്യുന്നവരുടെ പ്രതിഫലം വെറുതെയിരിക്കുന്നവരുടേതിനെക്കാൾ വളരെ വർധിച്ചതാകുന്നു. അവർക്കു മഹത്തായ പദവികളും പാപമുക്തിയും അനുഗ്രഹങ്ങളുമുണ്ട്'' അന്നിസാഅ് അദ്ധ്യായത്തിലെ ഈ വചനം കൊണ്ടുള്ള വിവക്ഷ വിശ്വാസികളായതിനാൽ തങ്ങളോട് യുദ്ധം ചെയ്യുന്നവർക്കെതിരെയുള്ള സായുധ നീക്കം തന്നെയാണ്. ഇങ്ങനെ ജിഹാദ് എന്ന് പറയുന്ന ആശയത്തിന് മൂന്നു നിലക്ക് വ്യാഖ്യാനിക്കാം. ഇവിടെ ജിഹാദ് ഒരു കച്ചവടമായി വിവരിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അതിൽ വിശ്വാസവും കർമ്മങ്ങളും എല്ലാം ഉൾച്ചേരുന്നു. മഹാന്മാരായ പണ്ഡിതന്മാരിൽ ചിലർ ജിഹാദിനെ നാലായി തരം തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ ഹിജാദ് സ്വന്തത്തോട്‌ തന്നെ ചെയ്യുന്നതാണ്. സ്വന്തത്തെ അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്ക് സ്വയം സജ്ജമാക്കുക എന്ന രൂപത്തിൽ പ്രവാചകൻ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. രണ്ടാം ഇനം പിശാചിനോടുള്ള ജിഹാദാണ്. പിശാചിൽ നിന്നും അല്ലാഹുവിനോട് ശരണം തേടുമ്പോൾ തന്നെ അത് ഈ അർഥത്തിൽ ജിഹാദായി മാറുന്നു. മൂന്നാമത്തെ ജിഹാദ് ജീവിതത്തിൽ കടന്നു വരുന്ന കാപട്യങ്ങളോടാണ്. ഈ മൂന്നു ഘട്ടങ്ങളും വിജയകരമായി തരണം ചെയ്തവന് മാത്രമേ ശത്രുവുമായി സമരത്തിൽ ഏർപ്പെടാൻ കഴിയൂ. അത് കൊണ്ടാണ് ജിഹാദ് ചെയ്യുവാൻ ആവശ്യപ്പെടുമ്പോൾ തന്നെ 'ജിഹാദ് ചെയ്യേണ്ട പ്രകാരം ജിഹാദ് ചെയ്യുക' എന്ന് ഖുർആൻ എടുത്തു പറഞ്ഞത്.



ഇസ്ലാമിനുമേൽ ജിഹാദ് വിനാശകരമായ ഒരു ആയുധക്കളിയായി ആരോപിക്കുന്നവർ രണ്ട് തെറ്റിദ്ധാരണകളിലാണ് വീഴുന്നത്. ഒന്നാമതായി ഇസ്ലാം എന്നത് ഏതു വിധേനയും - അതു ആയുധപ്രയോഗത്തിലൂടെയാണെങ്കിലും ശരി - ആളെ കൂട്ടാൻ ശ്രമിക്കുന്ന ഒരു ആദർശമാണ് എന്നതാണ് ഒന്നാമത്തെ തെറ്റിധാരണ. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ലോകം മുഴുവനും അതിൻ്റെ ആദർശത്തിൽ വരിക, എത്തിച്ചേരുക എന്നതൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം അങ്ങനെയൊന്ന് ഉണ്ടാവില്ല എന്ന് ഇസ്ലാമിൻ്റെ പ്രമാണങ്ങൾ പറയുന്നുണ്ട്. അതായത് അല്ലാഹു ഉദ്ദേശിച്ചാൽ ലോകത്തെ മുഴുവനും സന്മാർഗത്തിൽ എത്തിക്കാൻ കഴിയും. പക്ഷേ ആ ഒരു രീതിയിലല്ല ഇസ്ലാം സന്മാർഗ്ഗത്തെ വ്യയം ചെയ്യുന്നത്. എല്ലാവരുടെയും മുമ്പിൽ ഈ സത്യം തുറന്നു കാണിക്കുകയും ഇതാണ് നിത്യ മോക്ഷത്തിന്റെ വഴിയും മാർഗ്ഗവും എന്ന് തുറന്നു പറയുകയും ചെയ്യുക മാത്രമാണ് ഇസ്ലാമിൻ്റെ ബാധ്യത. അത് ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനും ഉള്ള തൗഫീഖ് എന്ന ദൈവീക കടാക്ഷം ലഭിക്കുന്നവർക്ക് മാത്രമേ കഴിയൂ. മാത്രമല്ല ഐഹികമായ ജീവിതം കൊണ്ട് ആത്യന്തികമായി അല്ലാഹു ഉദ്ദേശിച്ചിരിക്കുന്ന മനുഷ്യനു മേൽ നടത്തുന്ന പരീക്ഷണം എന്ന പ്രക്രിയ നടക്കണമെങ്കിൽ അതിന് വേണ്ടത് ഒരു ഏകമുഖ ലോകം അല്ല. മറിച്ച് ബഹുമുഖ ലോകമാണ്. അപ്പോൾ ഇവിടെ എല്ലാവരും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ സമുദായത്തിൽ എത്ര ആളുണ്ട് എന്നത് ഒരു മുസ്ലിമിന്റെയും തലവേദനയാകുന്നില്ല. അവൻ ശ്രദ്ധിക്കുന്നതും ചിന്തിക്കുന്നതും അവൻ അറിഞ്ഞ ഈ പരമമായ സത്യങ്ങൾ എല്ലാവരോടും എങ്ങനെയെല്ലാം പറയാം, എല്ലാവരെയും എങ്ങനെയെല്ലാം തര്യപ്പെടുത്താം എന്ന് മാത്രമാണ്. അതിന് അന്യായമായ എതിർപ്പുകൾ വന്നാൽ അത് വകവച്ചുകൊടുത്തു ഈ മഹാദൗത്യത്തിൽ നിന്ന് പിന്മാറാൻ പാടില്ല എന്ന് ഇസ്ലാമിനും മുസ്ലിങ്ങൾക്കും നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഇസ്‌ലാം പ്രതിരോധം എന്ന അർത്ഥത്തിൽ സമരങ്ങൾ വരെ അനുവദിച്ചത്. രണ്ടാമത്തെ തെറ്റിദ്ധാരണ ആയുധങ്ങൾ ആശ്രയിച്ച് ആശയത്തെ അടിച്ചേൽപ്പിക്കാൻ കഴിയുമെന്ന് ഇസ്ലാമും മുസ്ലീങ്ങളും കരുതുന്നു എന്നതാണ്. ഇസ്ലാമും മുസ്ലിങ്ങളും ഒരിക്കലും അങ്ങനെ കരുതുന്നില്ല. മാത്രമല്ല, നീതി, സൽസ്വഭാവം, നല്ല സമീപനം തുടങ്ങിയവ പുലർത്തിയപ്പോഴാണ്, അല്ലെങ്കിൽ ആ വഴിക്ക് ചിന്തിച്ചപ്പോഴാണ് ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ജനങ്ങൾ കടന്നുവന്നത്. നബി തിരുമേനി(സ)യുടെ കാലത്ത് നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വെട്ടിപ്പിടുത്തങ്ങൾ ആയിരുന്നില്ല. മറിച്ച് പ്രതിരോധം മാത്രമായിരുന്നു. പക്ഷേ, അതുവഴി ഇസ്ലാം ലോകത്തിൻ്റെ പുറത്തേക്ക് കാര്യമായി വളർന്നില്ല. പിന്നെ വളർന്നത് പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമായപ്പോൾ ആയിരുന്നു. ഇതെല്ലാം എന്നും ലോകം ഓർക്കുന്ന സത്യങ്ങളാണ്. ഇപ്പോൾ ഏതെങ്കിലും ആൾക്കാർ എന്തെങ്കിലും വ്യക്തിവിദ്വേഷം കൊണ്ട് നിരൂപിച്ചാൽ തകർന്നു പോകുന്ന സത്യങ്ങൾ അല്ല.



ഈ പറഞ്ഞത് കൃത്യമായി തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ ഉണ്ട്. അതിൽ ഒരു സംഭവം ഇസ്ലാമിക പ്രബോധന മുന്നേറ്റം സമർഖന്തിലെത്തിയ കാലത്തുണ്ടായിട്ടുണ്ട്. ഖുതൈബയുടെ നേതൃത്വത്തിൽ ഇസ്ലാമിക സേന സമർഖന്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. സത്യത്തിൽ അങ്ങനെ ഒരു പിടിച്ചടക്കൽ പാടില്ല എന്നാണ് ഇസ്ലാമിലെ യുദ്ധശാസ്ത്രങ്ങൾ പറയുന്നത്. ഇസ്ലാമിക സേന ഒരു പ്രദേശത്ത് എത്തിയാൽ അവിടുത്തെ ആൾക്കാരെ ആദ്യം ഇസ്ലാമിലേക്ക് ക്ഷണിക്കുകയാണ് വേണ്ടത്. പിന്നെ അതവരെ സ്വീകരിക്കുന്നില്ലെങ്കിൽ അവർക്ക് എന്ത് ചെയ്യാം എന്ന് വിശദീകരിച്ചു കൊടുക്കണം. അതായത് ഈ പ്രദേശം ഞങ്ങളുടെ കീഴിൽ വന്നാൽ നിങ്ങൾ നിർബന്ധമായും രണ്ടിലൊരു വഴി സ്വീകരിക്കേണ്ടി വരും എന്നവരെ അറിയിക്കണം. അവയിൽ ഒന്ന് അവർ മുസ്ലിമീങ്ങൾ ആവുക എന്നതാണ്. അല്ലെങ്കിൽ അവർ തങ്ങളെ മുസ്ലിങ്ങളായ ഭരണാധികാരികളായി അംഗീകരിച്ചു അവരുടെ സംരക്ഷണത്തിന് വേണ്ടി അവർക്ക് ജിസ്‌യ നൽകുക. മൂന്നാമത്തെ കാര്യം ഈ രണ്ടു കാര്യങ്ങളിൽ ഏതെങ്കിലും ഒരു തീരുമാനത്തിൽ എത്തിച്ചേരുവാൻ അവർക്ക് ചിന്തിക്കുവാൻ വേണ്ട സമയമായ മൂന്നു ദിവസം അനുവദിച്ചു കൊടുക്കുക എന്നതാണ്. സേനാ നായകൻ പക്ഷേ ഇതൊന്നും ചിന്തിച്ചില്ല എന്ന് മാത്രമല്ല ചെയ്തതുമില്ല. നേരെ ചൊവ്വേ സൈനികമായി ഇരച്ചുകയറുകയും ആ നാടു പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ചെറുത്തുനിൽക്കാനുള്ള കഴിവ് ഇല്ലാത്ത ആ നാട്ടുകാർ നിർബന്ധിതമായി അതിനു വഴങ്ങേണ്ടി വന്നു. പക്ഷേ അവരുടെ മനസ്സിൽ നല്ല വിഷമവും വേദനയും ഉണ്ടായിരുന്നു. അവരുടെ അറിവുള്ളവർ ഒരുമിച്ച് ചേർന്ന് ആ വിഷയം ചർച്ച ചെയ്തപ്പോൾ അവർക്ക് ഒരാശയം കിട്ടി. അത് മറ്റൊന്നുമല്ല, മുസ്ലിംകളുടെ കേന്ദ്രഭരണാധികാരിക്ക് പരാതി നൽകുക എന്നതായിരുന്നു. കേന്ദ്ര ഭരണാധികാരി ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് ആയിരുന്നു. വളരെ നീതിമാനായിരുന്നു അദ്ദേഹം. ഇസ്ലാമിലെ മേൽപ്പറഞ്ഞ മൂന്നു നിയമങ്ങളും സേനാ നായകൻ പാലിച്ചില്ല എന്നത് വ്യക്തമായും പറയാവുന്ന ഒരു മാന്യമായ പരാതി തന്നെയായിരുന്നു. മാന്യമായ പരാതിയും അത് കേൾക്കുവാൻ മാന്യനായ ഭരണാധികാരിയും ഉണ്ടാകുമ്പോൾ അത് പ്രതീക്ഷയാണല്ലോ എന്ന് കരുതി അവരിൽ ഒരാൾ നേരെ കേന്ദ്ര ഭരണാധികാരിയെ കാണാൻ അവിടെ എത്തി. വിഷയങ്ങൾ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി എല്ലാം കേട്ടപ്പോൾ ഖലീഫ ഇവരുടെ കേസ് കേൾക്കുവാൻ ഒരു ജഡ്ജിനെ നിശ്ചയിച്ചു. ജമീഅ് ബിൻ ഹാളിർ അൽബാജിയെയാണ് ജഡ്ജിയായി നിശ്ചയിച്ചത്. ജഡ്ജ് ഖുതൈബയെ വിളിച്ച് വരുത്തി. യുദ്ധത്തിന്റെ മൂന്നു മുൻഗണനാക്രമങ്ങൾ പാലിച്ചാണോ താങ്കൾ യുദ്ധം ചെയ്തതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘അല്ല, യുദ്ധം കുതന്ത്രമാണ്, ഞങ്ങൾ പെട്ടെന്ന് കടന്നാക്രമിക്കുകയാണ് ചെയ്തത്’ എന്ന് അദ്ദേഹം മറുപടി നൽകി. അധികം താമസിയാതെ മുസ്ലിംകളുടെ ന്യായാധിപൻ വിധി പുറപ്പെടുവിച്ചു ‘സമർഖന്ദിലെ മുസ്ലിം സൈന്യവും, അവരുടെ കൂടെയുള്ള സ്ത്രീകളും കുട്ടികളും ഉൾപെടെ എല്ലാവരും മടങ്ങിപ്പോവുക. അവിടത്തെ കടകളും, വീടുകളും ഉടമസ്ഥർക്ക് തിരിച്ചേൽപിക്കുക, അനർഹരായ ഒരാളും ആ പ്രദേശത്ത് തുടരാതിരിക്കുക’. പരാതിയുമായെത്തിയവർക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയായിരുന്നു അത്. അതനുസരിച്ച് ഇസ്ലാമിക സേന അവിടെ നിന്ന് പിന്മാറാൻ തയ്യാറായി. പക്ഷേ അവർ അവിടെ നിന്ന് യാത്രയാകുന്നതിനു മുമ്പെ നേരത്തെ പരാതി കൊടുത്തവർ തന്നെ ഓടിവന്ന് അവരോട് പോകരുത് എന്ന് അപേക്ഷിച്ചു. മാത്രമല്ല, ആ പ്രദേശം മുഴുവനും ഇസ്ലാമിലേക്ക് നേരിട്ട് ഒഴിവുകയും ചെയ്തു. യുദ്ധത്തിലൂടെ കിട്ടുന്നതിനേക്കാൾ അധികം ആൾക്കാരെ നീതിയിലൂടെ കിട്ടുമെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ഇത്തരത്തിലുള്ള ഒരായിരം ചരിത്രങ്ങളുടെ പിൻബലത്തിലാണ്. മതസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണ് ഇസ്ലാമിലെ ജിഹാദ് എന്ന് പ്രചരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വെളിച്ചം കാണേണ്ട ചരിത്ര ശകലങ്ങളിലൊന്നാണ് ഇത്.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso