ആത്മഹർഷത്തിൻ്റെ പത്തുനാളുകൾ
11-06-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഒരു അറബിക്കവി മനുഷ്യ ജീവിതത്തിൻ്റെ ആകത്തുകയെ കണക്കുകൂട്ടുന്നത് എങ്ങനെയാണ്. ഒരാൾ 60 വയസ്സ് വരെ ജീവിക്കുകയാണ് എങ്കിൽ അയാളുടെ ആയുസ്സിന്റെ പകുതി ഭാഗവും രാത്രികൾ അല്ലെങ്കിൽ ഉറക്കം, വിശ്രമം തുടങ്ങിയവ കവർന്നെടുക്കും. ബാക്കിയുള്ളതിന്റെ പകുതിയും അങ്ങോട്ടും ഇങ്ങോട്ടുമായി അശ്രദ്ധക്ക് മുറിച്ചു കൊടുക്കേണ്ടിവരും. ഇനിയും ബാക്കിയുള്ളതിന്റെ പകുതി പ്രത്യാശകളും ആർത്തികളും നിറഞ്ഞ ജോലിക്കും അധ്വാനത്തിനുമെല്ലാം ഉള്ളതാണ്. എല്ലാം കഴിച്ച് ബാക്കിയുള്ളത് രോഗത്തിനും വാർദ്ധക്യത്തിനും അവയുടെ അസ്കിതകൾക്കും വേണ്ടിയുള്ളതാണ്. അത് കൊടുത്തില്ലെങ്കിൽ തന്നെയും അവ ബാക്കിയുള്ള വയസ്സിനെ തട്ടിപ്പറിച്ച് വാങ്ങും. മതപരമായി ആയുസ്സിനെ വിവരിക്കുവാൻ വേണ്ടിയുള്ള ഒരു ആമുഖമായി വന്നതാണ് ഈ വരികൾ. ഇത് സൂചിപ്പിക്കുന്നത് ആരാധനകൾക്കും നന്മകൾക്കും നീക്കിവെക്കുവാൻ സത്യത്തിൽ മനുഷ്യൻ്റെ ആയുസ്സിൽ അവസരം കുറവാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തെയാണ്. അത് ശരിയാണ് താനും. അതീവ ഹ്രസ്വമായ ഒരു ജീവിത കാലമാണ് നമുക്ക് കിട്ടിയിരിക്കുന്നത് എന്നതിനാലാണ് ഈ കുറവ് അനുഭവപ്പെടുന്നത് എന്നു പറഞ്ഞു നമുക്ക് രക്ഷപ്പെടാൻ കഴിയില്ല. ആയുസ്സ് കുറക്കുന്നതും കൂട്ടുന്നതും അല്ലാഹുവാണ്. അവൻ്റെ ഏതു നീക്കങ്ങളും യുക്തിഭദ്രമായിരിക്കും. ഈ കാര്യത്തിലുള്ള യുക്തി ഭദ്രത, നമ്മുടെ തലമുറയ്ക്ക് ആയുസ്സിന്റെ എണ്ണം കുറവായതിനാൽ ആ കുറവ് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതിരിക്കുവാൻ വേണ്ട ഒരുപാട് മുൻ കരുതലുകൾ അല്ലാഹു എടുത്തിട്ടുണ്ട് എന്നതാണ്. അത്തരത്തിൽ ഉള്ള അല്ലാഹുവിൻ്റെ മുൻകരുതലാണ് അവൻ നമുക്ക് നൽകിയിട്ടുള്ള വിശേഷ അവസരങ്ങൾ, സ്ഥലങ്ങൾ, കർമ്മങ്ങൾ എന്നിവയെല്ലാം. അല്ലാഹു പ്രത്യേകത കൽപ്പിച്ച പ്രത്യേക അവസരങ്ങൾ, സ്ഥലങ്ങൾ, കർമ്മങ്ങൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തുമ്പോൾ നമുക്ക് അധികം പ്രതിഫലം സമ്പാദിക്കാൻ കഴിയും. അപ്പോൾ നേരത്തെ പറഞ്ഞ കുറവും ന്യൂനതയും എല്ലാം പരിഹരിക്കുവാൻ കഴിയും. ഇങ്ങനെ ചിന്തിക്കേണ്ട മറ്റൊരു അവസരം കൂടി മുസ്ലിം ലോകത്തിന് കൈവരികയാണ് വീണ്ടും നാം ദുൽഹജ്ജ് മാസത്തിൽ എത്തിച്ചേരുമ്പോൾ.
ഈ മാസത്തിന്റെ ഒന്നു മുതൽ പത്ത് വരെയുള്ള ദിനങ്ങൾ ഇസ്ലാമിക വിശ്വാസികളുടെ ലോകത്ത് അതിപ്രധാനങ്ങളാണ്. അവയെ ആത്മീയമായ പത്തു പെരുന്നാൾ എന്ന് വേണമെങ്കിൽ വിളിക്കാം. അവയുടെ ശ്രേഷ്ഠത നബി(സ) നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ) അരുളി: 'ഇഹലോകത്തിലെ ദിവസങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളാകുന്നു' (ഇബ്‌നുമാജ) . ഈ സവിശേഷതക്ക് ഏറ്റവും വലിയ തെളിവാണ് വിശുദ്ധ ഖുർആൻ ഈ ദിനങ്ങളുടെ രാവുകളെ ആണയിടാൻ ഉപയോഗിച്ചത്. അല്ലാഹു പറയുന്നു: 'പ്രഭാതം തന്നെയാണ സത്യം. പത്തു രാത്രികള്‍ തന്നെയാണ സത്യം' (അല്‍ഫജ്ര്‍: 1,2). ഈ പറയുന്ന രാത്രികൾ ദുൽ ഹജ്ജിലെ ആദ്യത്തെ പത്തു രാത്രികളാണ് എന്നാണ് മിക്ക പ്രമുഖ മുഫസ്സിറുകളും പറഞ്ഞിട്ടുള്ളത്. അല്ലാഹു ഒരു കാര്യം സത്യം ചെയ്തു പറയുവാൻ ഉപയോഗിക്കുന്നുവെങ്കില്‍ അത് അവന്റെയടുക്കലുള്ള അതിന്റെ പ്രാധാന്യവും മഹത്വവും കാരണം മാത്രമായിരിക്കും. സത്യം ചെയ്യുവാൻ ഒരു കാര്യത്തെ ഉപയോഗിക്കുമ്പോൾ ആ കാര്യം പ്രധാനവും അന്യൂനവുമായിരിക്കും എന്നത് ആരും അംഗീകരിക്കുന്ന കാര്യമാണ്. ഈ ദിനങ്ങൾക്ക് അല്ലാഹു നൽകുന്ന പ്രത്യേകത ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ക്ക് അവൻ നൽകുന്ന പ്രതിഫലം തന്നെയാണ്. അത് നബി (സ) നിരവധി ഹദീസുകളിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉദാഹരണമായി ഇബ്‌നുഅബ്ബാസ്(റ) നിവേദനം ചെയ്ത ഹദീസിൽ റസൂല്‍(സ) ഇങ്ങനെ അരുളി: 'ഈ (ദുല്‍ഹജ്ജ്) പത്തു ദിവസങ്ങളില്‍ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസത്തെ സല്‍കര്‍മവുമില്ല.' അതു കേട്ട അനുയായികളിൽ ചിലർ ചോദിച്ചു: 'പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെക്കാളുമോ?' അവിടുന്ന് പറഞ്ഞു: 'അതെ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെക്കാളും! എന്നാല്‍ ഒരാള്‍ സ്വശരീരവും സമ്പത്തുമായി പുറപ്പെടുകയും അവയില്‍നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാവുകയും ചെയ്താലല്ലാതെ' (ബുഖാരി). മറ്റൊരു തിരുവചനം ഇങ്ങനെയാണ്: അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) ഇപ്രകാരം പറയുത് ഞാന്‍ കേട്ടു: 'ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റാരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മ്മവുമില്ല. അത് കൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും (അൽ ഹംദുലില്ലാഹ്) തക്ബീറുകളും (അല്ലാഹു അക്ബർ) തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക.' (ത്വബ്‌റാനി-മുഅ്ജമുല്‍ കബീര്‍).
എന്തുകൊണ്ടാണ് ഈ ബഹുമതികൾ ഈ ദിനങ്ങൾക്ക് സിദ്ധിച്ചതെന്ന് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പ്, സ്വദഖ, ഹജ്ജ്, ദിക്‌റുല്ലാഹി എന്നീ പ്രധാന ഇബാദത്തുകളെല്ലാം ഈ ദിനങ്ങളിൽ വരുന്നുണ്ട്, എന്നതാണ് അതിന്റെ കാരണം (ഫത്ഹുൽബാരി). ഇബ്‌നു റജബ്(റ) രേഖപ്പെടുത്തുന്നു: ‘അല്ലാഹുവിന്റെ ഭവനമായ വിശുദ്ധ കഅ്ബ കാണാനുള്ള മോഹം വിശ്വാസി മാനസങ്ങളിൽ അല്ലാഹു നിക്ഷേപിച്ചതാണ്. പക്ഷേ, എല്ലാവർക്കും എല്ലാ വർഷങ്ങളിലും അതിനു സാധ്യമല്ലല്ലോ. അതിനാൽ ഇസ്തിത്വാഅത്തുള്ളവർക്ക് ആയുസ്സിൽ ഒരു പ്രാവശ്യം ഹജ്ജനുഷ്ഠാനം നിർബന്ധമാക്കി. അതോടൊപ്പം ദുൽഹജ്ജിലെ പത്ത് നാളുകളെ ഹജ്ജിനു പോയവർക്കും അല്ലാത്തവർക്കും പങ്കാളികളാവാൻ പറ്റും വിധത്തിൽ നന്മകളുടെ കാലഘട്ടമാക്കി. അങ്ങനെ, ഒരാൾക്ക് ഹജ്ജിനു പോകാൻ സാധിച്ചില്ലെങ്കിലും ഹജ്ജിനേക്കാൾ ശ്രേഷ്ഠമായ കർമങ്ങൾ സ്വന്തം വീട്ടിൽ വച്ച് ചെയ്യാൻ സാധിക്കുന്നു (ലത്വാഇഫുൽ മആരിഫ്). മുഗ്‌നിയിൽ ഇബ്‌നു ഖുദാമ പറയുന്നത് ഇങ്ങനെ: 'ദുല്‍ഹജ്ജിലെ പത്തു ദിവസങ്ങള്‍ എന്തുകൊണ്ടും ശ്രേഷ്ഠവും ഉല്‍കൃഷ്ടവുമാകുന്നു. അതില്‍ ചെയ്യുന്ന സല്‍കർമ്മങ്ങളുടെ പ്രതിഫലം ഇരട്ടിപ്പിക്കുന്നതിനാൽ അന്ന് ഇബാദത്തുകളില്‍ കൂടുതല്‍ പ്രയത്‌നിക്കല്‍ സുന്നത്തുമാകുന്നു'. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ ദിനങ്ങൾ ഹജ്ജിൻ്റെ ദിനങ്ങളാണ് എന്നതാണ്. ഹജ്ജിൻ്റെ കർമ്മങ്ങൾ ഈ പത്തു ദിനങ്ങളിലെ അവസാന ദിനങ്ങളിൽ ആണ് നടക്കുന്നത് എങ്കിലും ഏറ്റവും വലിയ ഈ സമർപ്പണത്തിന് വേണ്ടിയുള്ള മാനസികവും ശാരീരികവുമായ ഒരുക്കങ്ങളിൽ വ്യാപൃതരാകുന്ന ദിവസങ്ങളാണിവ. ഒരു ആരാധനയ്ക്ക് വേണ്ടി പൂർണ്ണ മനസോടെ കാത്തു നിൽക്കുന്നതിനെ ഇസ്ലാം ഒരു സൽകർമ്മമായിട്ടാണ് പരിഗണിക്കുന്നത്. നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്നവർ നിസ്കാരത്തിൽ തന്നെയാണ് എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്. ലോകത്തിൻ്റെ അഷ്ട ദിക്കുകളിൽ നിന്നുമായി 30 ലക്ഷത്തോളം തീർത്ഥാടകർ മക്കയിലേക്കും മഷാഇറുകളിലേക്കും പുറപ്പെടുകയും അവർ അവിടെയെത്തി ദുൽഹിജ്ജ ഒമ്പതിന് അറഫായിൽ സംഗമിക്കുകയും ചെയ്യുന്നതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഹജ്ജ്. ഇതിനു വേണ്ടിയെന്നോണം മുൻപിലും പിൻപിലുമായി ചെയ്യുന്ന അനുബന്ധ കർമ്മങ്ങളുമുണ്ട്. ഇത്രയും പേർക്ക് ഇതെല്ലാം ഈ ദിവസം തന്നെ ചെയ്തുതീർക്കണം എന്നുണ്ടെങ്കിൽ അതിനു വേണ്ട മാനസികവും ശാരീരികവുമായ ഒരുക്കങ്ങൾ ഗൗരവതരവും നീണ്ടതുമായിരിക്കും. ഈ ഒരുക്കങ്ങളിൽ തുടിച്ചു നിൽക്കുന്ന ആരാധനാത്മ അല്ലാഹു കൽപ്പിക്കുന്ന സ്വീകാര്യതയും പരിഗണനയും ആണ് സത്യത്തിൽ ഈ ദിനങ്ങളുടെ പുണ്യത്തിന്റെ പിന്നിലെ പ്രധാന കാരണം.
ഈ ദിനങ്ങളിൽ വിശ്വാസി എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ സാഹചര്യത്തിൽ ചെയ്യേണ്ടത്, ചെയ്യാവുന്നത് എന്നു കൂടി നോക്കാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ദിനങ്ങൾ പ്രത്യേക പരിഗണന ഉള്ളതാണ് എന്നും അല്ലാഹുവിൻ്റെ പ്രത്യേക ശ്രദ്ധ പതിയുന്ന യാമങ്ങളാണ് എന്നും മനസ്സിൽ ഉറപ്പിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഈ ദിനങ്ങളെ ഈ വിധത്തിൽ മനസ്സിൽ ഉറപ്പിക്കുവാൻ രണ്ടു ന്യായങ്ങൾ ഉണ്ട്. ഒന്ന് ഈ മാസം മുഴുവനും വിശുദ്ധങ്ങളായ നാലു മാസങ്ങളിൽ പെടുന്നു എന്നതാണ്. ഈ മാസങ്ങളെ പരിചയപ്പെടുത്തവെ അല്ലാഹു പറഞ്ഞത്, അവയിൽ ഒരാളും ഒരാളോടും തന്നോടുപോലും അക്രമങ്ങൾ കാണിക്കരുത് എന്നാണ്. അതിനാൽ ഈ ദിനങ്ങളോടും മാസത്തോടും അർഹമായ കടമ പുലർത്തണമെങ്കിൽ അതിന് ഈ മാസത്തെ കുറിച്ചുള്ള മഹാത്മ്യം മനസ്സിനെ ബോധിപ്പിക്കേണ്ടതുണ്ട്. രണ്ടാമത്തേത് ഇത് അല്ലാഹു തൻ്റെ മതത്തിൻ്റെ പൊതു ചിഹ്നവും അടയാളവും ആയി രേഖപ്പെടുത്തിയിട്ടുള്ള ദിനങ്ങൾ ആണ് എന്നതാണ്. അല്ലാഹുവിൻ്റെ മതത്തിൻ്റെ പ്രത്യക്ഷ അടയാളങ്ങളെയും സങ്കല്പങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ കടമയാണ്. അല്ലാഹു പറയുന്നു: 'വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ' (അല്‍ഹജ്ജ്: 32). രണ്ടാമതായി പതിവ് സമയബന്ധിതമായ കർമ്മങ്ങൾക്ക് പുറമേ ദൈവസ്മരണ ഉണർത്തുന്ന ധാരാളം നല്ല കാര്യങ്ങൾ ചെയ്യുകയും അല്ലാഹുവിനോട് നിരന്തരമായി പാപമോചനത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്. ഈ ദിനങ്ങളോളം അടിമകളെ നരകത്തിൽ നിന്ന് അല്ലാഹു മോചിപ്പിക്കുന്ന ദിനങ്ങൾ വേറെയില്ല എന്ന് സ്വഹീഹായ ഹദീസിൽ നബി(സ) പറഞ്ഞിരിക്കുന്നു. ഈ പറഞ്ഞതെല്ലാം മാനസികമായ ഉദ്ബോധനങ്ങൾ ആണ് അവയ്ക്കാണ് വിശ്വാസ ആദർശത്തിൽ പ്രാധാന്യം അത് അല്ലാഹു ഇതേ ദിനങ്ങളിലെ ബലിദാനത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വ്യക്ത ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: 'അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവന്ന് എത്തുന്നത് ' അല്‍ഹജ്ജ്:37).
ആരാധനകൾ കൊണ്ടും സത്കർമ്മങ്ങൾ കൊണ്ടും ഈ ദിനങ്ങളെ ധന്യമാക്കുവാൻ വിശ്വാസി സ്വന്തം മനസ്സിനെ തെര്യപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ആശയം ഈ ദിനങ്ങൾ വിശ്വാസികളെ ഏറ്റവും വലിയ ആരാധനകളിലേക്ക് നയിക്കുന്നു എന്നതാണ്. ഈ ദിനങ്ങളുടെ ഒമ്പതാം നാളിലാണ് അറഫാ ദിനം. അറഫാ ദിനം എന്നത് അറഫയിൽ നിൽക്കുന്ന ഹാജിമാർക്ക് ഹജ്ജ് തന്നെയാണ്. അന്നേ ദിനം അവർ അവിടെ വെച്ച് ചോദിക്കുന്നതിനെല്ലാം ഉത്തരം ലഭിക്കുന്നു. അതോടൊപ്പം ഹജ്ജിന് പോയിട്ടില്ലാത്ത ലോകമെമ്പാടുമുള്ള സത്യവിശ്വാസികൾ അവരോടൊപ്പം സുന്നത്ത് നോമ്പനുഷ്ഠിച്ച് ഐക്യദാർഢ്യം രേഖപ്പെടുത്തുക കൂടി ചെയ്യുമ്പോൾ ദുൽഹജ്ജ് 9 സത്യവിശ്വാസികളുടെ ആകാശ ചുവട് മുഴുവനുമുള്ള ഒരു ആത്മീയ ആചരണമായി മാറുന്നു. തൊട്ടടുത്ത ദിനമായ ദുൽഹജ്ജ് പത്തിനും ഇതേ അർത്ഥത്തിലുള്ള ഒരു സവിശേഷതയുണ്ട്. അത് ബലിയുടേതാണ്. കേവലം പണമുള്ളവർ മൃഗങ്ങളെ വാങ്ങി ബലിയറുത്ത് പാവങ്ങൾക്ക് മാംസം വിതരണം ചെയ്യുന്ന ഒരു ദാനച്ചടങ്ങല്ല ഈ ബലി. അത് ഒരു കർമ്മം എന്നതിനപ്പുറം ഒരു ആശയമാണ്. എന്തിനേക്കാളും അല്ലാഹുവിൻ്റെ കല്പനയ്ക്കും ഇംഗിതത്തിനുമാണ് തന്റെ ജീവിതത്തിൽ പ്രാധാന്യം എന്ന് തെളിയിക്കുവാൻ ഇബ്രാഹിം നബി(അ) സ്വന്തം മകനെ ബലി അറുക്കാൻ സന്നദ്ധനായ ആശയമാണ് ഈ ബലി ഓർമിപ്പിക്കുന്നത്. ഈ കർമ്മവും അറഫാ ദിനത്തിനെതുപോലെ ലോക മുസ്ലിങ്ങളുടെ മുഴുവനും ആചരണമായി തീരുന്നുണ്ട്. ഹജ്ജിന്റെ ഭാഗമായോ ഐച്ഛികമായോ തീർത്ഥാടകർ മീനാ താഴ്വരയിൽ വെച്ച് ബലിദാനം നടത്തുമ്പോൾ ലോകമെമ്പാടുമുള്ള മറ്റ് വിശ്വാസികൾ അതിൽ പങ്കെടുത്തു കൊണ്ട് അവരും അവരുടെ ഗ്രാമങ്ങളിൽ ബലിദാനം നടത്തുന്നു. ചുരുക്കത്തിൽ, ആത്മീയതയുടെ ഒരുക്കങ്ങളും സന്നാഹങ്ങളും നിറഞ്ഞ ആത്മീയ വിചാരങ്ങൾ വിശ്വാസികളുടെ ലോകത്തെ ഏറ്റവും അർത്ഥപൂർണ്ണമായ കർമ്മങ്ങളിലേക്കും അവയുടെ സമയങ്ങളിലേക്കും നയിക്കുമ്പോൾ വിശ്വാസികളുടെ മനസ്സിനുണ്ടാകുന്ന ആത്മീയ പുളകമാണ് മൊത്തത്തിൽ ഈ ദിവസങ്ങളുടെ പ്രാധാന്യം നിശ്ചയിക്കുന്നത്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso