അവൻ്റെയും അവളുടെയും ദാനം
13-06-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
ഒരു കുഞ്ഞ് ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യം സമൂഹത്തിൽ ചുറ്റിക്കറങ്ങുവാൻ തുടങ്ങിയിട്ട് കാലമേറെ ആയിട്ടുണ്ട്. ആദിമ മനുഷ്യൻ അങ്ങനെയൊന്നും ചിന്തിക്കുമായിരുന്നില്ല അവൻ്റെ സ്വന്തം പരിസരം, അന്നം എന്നിവക്കപ്പുറത്തേക്ക് അവൻ്റെ ചിന്ത കടക്കുമായിരുന്നില്ല. പരിസരത്തോടും ചലനങ്ങളോടും നന്നായി ഇണങ്ങിയപ്പോഴാണ് അവൻ തന്റെ പുറത്തുള്ള ലോകത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത് എന്നാണ് നരവംശശാസ്ത്രം അവകാശപ്പെടുന്നത്. ഈ ചോദ്യത്തിന് പൗരാണികകാലം മുതല്‍ മനുഷ്യന്‍ പല മറുപടിയും പറഞ്ഞിട്ടുണ്ട്. പുരുഷ ബീജത്തില്‍ മനുഷ്യൻ്റെ ചെറുപതിപ്പ് ഉണ്ട് എന്നും അത് സ്ത്രീയുടെ ഗർഭാശയത്തിൽ കിടന്ന് വളര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നാണ് ഒരുവിഭാഗം പറഞ്ഞത്. ഇതു വിഴുങ്ങുവാൻ പ്രയാസമുണ്ടായതുകൊണ്ട് ചിന്താശക്തി ഉള്ള മനുഷ്യർ വീണ്ടും ആലോചിച്ചപ്പോൾ സ്ത്രീയുടെ ആര്‍ത്തവ രക്തത്തില്‍നിന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന് പിന്നീട് കണ്ടെത്തി. ഇതൊക്കെ ബലം ഉള്ളതാണ് എന്ന് അവർക്ക് തോന്നിയ ചില അനുമാനങ്ങൾ മാത്രമായിരുന്നു ഈ വാദങ്ങളെ ഒന്നും പിന്തുണക്കുവാൻ പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ പോലും ഉണ്ടായിരുന്നില്ല. കാലം മുന്നോട്ടു ഗമിക്കുന്നതിനനുസരിച്ച് മനുഷ്യൻ്റെ ചിന്താ രീതിയും ശേഷിയും മാറി വന്നു. സ്ത്രീയുടെ ഗർഭാശയത്തിൽ മാസമുറയിൽ നിന്ന് കുട്ടി രൂപപ്പെടുന്നു എന്നത് വിശ്വസിക്കുവാൻ വ്യാപകമായി ആർക്കും കഴിയുമായിരുന്നില്ല. അതിനെ തുടർന്ന് 1668ലാണ് ശാസ്ത്രജ്ഞര്‍ ഈ വാദഗതികളെ ചോദ്യംചെയ്ത് പുതിയ പഠനങ്ങള്‍ നടത്തിയത്. ആ പഠനം കുറച്ചുകൂടി ശാസ്ത്രീയമായിരുന്നു. അതിൽ അവർ എത്തിച്ചേർന്നത് പുരുഷൻ മാത്രമോ സ്ത്രീ മാത്രമോ അല്ല കുഞ്ഞ് ജനിക്കുവാൻ വേണ്ട ദാനങ്ങൾ ചെയ്യുന്നത് എന്നതായിരുന്നു. ആ അർത്ഥത്തിൽ അന്വേഷണം തുടർന്നപ്പോൾ ആണിൻ്റെ ബീജവും പെണ്ണിൻ്റെ അണ്ഡവും സംയോജിച്ചാണ് കുഞ്ഞ് രൂപം പ്രാപിക്കുന്നതും വളർന്ന് വലുതാകുന്നതും എന്ന് അവർ കണ്ടെത്തി. ആണില്‍നിന്നും പെണ്ണില്‍നിന്നുമുള്ള ബീജത്തിൻ്റെയും അണ്ഡത്തിൻ്റെയും സങ്കലനത്തില്‍നിന്നാണ് കുഞ്ഞ് പിറക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞു: ‘മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു’ (വി.ഖു. 49:13).
ഈ വിഷയത്തിൽ ചിലർ കൃത്രിമ ഭ്രൂണം എന്ന വിഷയത്തെ ഉയർത്തിക്കാണിച്ചു വിശുദ്ധ ഖുർആനിൻ്റെ ആധികാരികതയെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ എത്രമാത്രം വിജയിപ്പിക്കാൻ കഴിയും എന്ന ആശങ്ക നിലനിൽക്കെ തന്നെ ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണം നിര്‍മിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ഇതു സംബന്ധമായ വിവരങ്ങൾ മാധ്യമങ്ങൾ വഴിയും ശാസ്ത്രപഠനങ്ങൾ വഴിയും പുറത്തുവന്നിട്ടുണ്ട്. ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഇസ്രയേലിലെ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് എലികളുടെ മൂല കോശങ്ങളില്‍ നിന്നും ഭ്രൂണം നിര്‍മ്മിക്കുന്നതില്‍ വിജയിച്ചത്. കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവും പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ കൃത്രിമ ഭ്രൂണത്തിനുണ്ടായിരുന്നു. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ പരീക്ഷണം വഴി ഭ്രൂണങ്ങളിലെ അവയവങ്ങളും കോശങ്ങളും വികസിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അവർക്ക് ലഭിക്കുകയും ചെയ്തു. ഈ പരീക്ഷണം എലികളിലാണ് നടന്നതെങ്കിലും ഭാവിയില്‍ പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് പകരം മൂലകോശങ്ങള്‍ (ബിജ - അണ്ഡ കോശങ്ങളല്ലാത്ത ശരീരത്തിലെ സാധാരണ കോശങ്ങൾ) ഉപയോഗിക്കാനാകുമെന്ന സാധ്യത കൂടി അവർ കാണുന്നുണ്ട്. മൂല കോശങ്ങളില്‍ നിന്നും കൃത്രിമ ഭ്രൂണം നിര്‍മിക്കാനാവുമെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും മറുപിള്ളയും ഭ്രൂണത്തിന് ചുറ്റുമുള്ള സംരക്ഷിത കവചവുമൊക്കെയുള്ള ഭ്രൂണം തന്നെയാണിത്, ഇതിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ അത്യന്തം ആവേശത്തിലാണ് എന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജേക്കബ് ഹന്ന പറഞ്ഞിട്ടുണ്ട്. സെല്‍ എന്ന ശാസ്ത്രജേണലിലാണ് ഈ ഗവേഷണഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളുടെ ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് കൃത്രിമ വയറിനുള്ളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇതേ ഗവേഷക സംഘം കഴിഞ്ഞ വര്‍ഷം വിജയിച്ചിരുന്നു. ഇതേ കൃത്രിമ വയറാണ് മൂലകോശത്തില്‍ നിന്നും ഭ്രൂണം വികസിപ്പിക്കാനും ഉപയോഗിച്ചത്. ഒരാഴ്ചയിലേറെ സമയമെടുത്താണ് എലികളുടെ മൂലകോശങ്ങളെ ഭ്രൂണമാക്കി വികസിപ്പിച്ചത്. എലികളുടെ ഗര്‍ഭകാലത്തിന്റെ പകുതിയോളം വരുമിത്. ഈ വിഷയത്തിലുള്ള പരീക്ഷണങ്ങളും പഠനങ്ങളും വികസിച്ച് വരുന്നേയുള്ളൂ. ഇപ്പോൾ തന്നെ ഇത് വിശുദ്ധ ഖുർആനിന് എതിരും വെല്ലുവിളിയുമാണ് എന്ന് പറയാൻ കഴിയില്ല. കാരണം വിശുദ്ധ ഖുർആനിൽ ഇത് മനുഷ്യ ജന്മത്തിന്റെ ഏറ്റവും വലിയ രഹസ്യമായിട്ടും വസ്തുതയായിട്ടും ആണ് അവതരിപ്പിക്കുന്നത്. അതേസമയം, ഈ കൃത്രിമ ഭ്രൂണങ്ങള്‍ക്ക് ജീവനുള്ള കുഞ്ഞുങ്ങളായി വികസിക്കാനാവില്ലെന്ന് ഇതിനു നേതൃത്വം നൽകിയ ഹന്ന തന്നെ പറയുന്നുണ്ട്. കുറഞ്ഞപക്ഷം ഭ്രൂണത്തെ എലികളില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അവ കുഞ്ഞുങ്ങളായി ജനിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ഇങ്ങനെ മനുഷ്യക്കുഞ്ഞുങ്ങളെ പടച്ചെടുക്കാൻ കഴിയുമെന്ന് ഒരു ആത്മവിശ്വാസവും ശാസ്ത്രലോകം പ്രകടിപ്പിച്ചിട്ടില്ല.
ഇതിന് നമുക്ക് പറയാവുന്ന പല പ്രാഥമിക മറുപടികളും ഉണ്ട്. വിശദമായ മറുപടികൾ കണ്ടെത്തുകയോ പറയുകയോ ചെയ്യേണ്ട ഒരു തലത്തിലേക്ക് ഇപ്പോൾ ഈ പരീക്ഷണങ്ങൾ വളർന്നിട്ടില്ല. വിശുദ്ധ ഖുർആനിൽ ആണിന്റെയും പെണ്ണിന്റെയും ബീജ-അണ്ഡങ്ങൾ സങ്കലിച്ചാണ് ഭ്രൂണം ഉണ്ടാകുന്നത് എന്ന സൂചനയാണ് ഉള്ളത്. അതുതന്നെ ഇപ്പോൾ ശാസ്ത്രം സ്ഥാപിച്ചിട്ടുള്ള ഘടനയും ഘടകങ്ങളും ഉള്ള രൂപത്തിൽ തന്നെ ആയിക്കൊള്ളണമെന്നില്ല. കണ്ടുപിടിച്ചതിന്റെയും അപ്പുറത്ത് സൃഷ്ടിയെ സ്വാധീനിക്കുന്ന മറ്റു പല ഘടകങ്ങളും ഉണ്ടായിരിക്കാം. ഒരു വിഷയത്തിലും 100% വിവരം അല്ലാഹു മനുഷ്യന് കൈമാറുന്നില്ല. വിശുദ്ധ ഖുർആൻ തന്നെ അത് ഇങ്ങനെ പറയുന്നുണ്ട്: ആത്മാവിനെക്കുറിച്ചു താങ്കളോടവര്‍ ചോദിക്കും. പ്രതികരിക്കുക: എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാണ് ആത്മാവ്; അല്‍പം വിജ്ഞാനം മാത്രമേ നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളൂ (അൽ ഇസ്റാഅ്: 85). ഇങ്ങനെ ഉണ്ടാകുന്ന ഭ്രൂണം എല്ലാം ഒത്ത ഒരു മനുഷ്യനായി വളരുന്നു വികസിക്കുന്നു എന്നല്ലാമാണ് ഖുർആനിൻ്റെ വർത്തമാനങ്ങൾ. ഈ പരീക്ഷണ ഘട്ടത്തിൽ തന്നെ ഇതിന് വിഖാതമാകുന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. കാരണം, ഇവർ കണ്ടെത്തിയ കൃത്രിമ ഭ്രൂണം ഒരു മനുഷ്യക്കുഞ്ഞായി വളരാനുള്ള സാധ്യതയെ അവർ വളരെ വിദൂരമായി കാണുന്നുണ്ട്. എലിയിൽ നിന്ന് വികസിപ്പിച്ച ഈ സാധനം ഒരുപക്ഷേ ഏലിയാവാം എന്നു പറയുന്നുണ്ട് എങ്കിലും അത് ഉപയോഗപ്പെടുത്തി ഒരു എലിയെ പടച്ചെടുക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ചെറിയ കുറെ പ്രശ്നങ്ങൾ കടമ്പകളായി അതിൻ്റെ മുമ്പിൽ ഉണ്ട് എന്നതാണ് കാരണം. ഇതേ പ്രകാരമാണ് നേരത്തെ വലിയ അവകാശവാദങ്ങളുമായി ക്ലോണിംഗ് വന്നത്. അന്ന് ചെയ്തതും ഏതാണ്ട് ഇത് പോലെ തന്നെയായിരുന്നു. ഡിഎൻഎ ഘടകം നീക്കം ചെയ്ത മൂലകോശത്തിൽ നിന്ന് അതേ ജീവിയുടെ സ്വഭാവത്തിലുള്ള കൃത്രിമ ശിശുവിനെ ഉണ്ടാക്കുകയായിരുന്നു. അത് അങ്ങനെ ഡോളി എന്ന പേരിൽ ഒരു ആട്ടിൻകുട്ടി പിറക്കുകയും ചെയ്തു. പക്ഷേ ആ ആട്ടിൻകുട്ടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ജീവിതം മുന്നോട്ടുപോകാൻ കഴിയാതെ അവസാനിക്കുകയും ചെയ്യുകയായിരുന്നു. അതിനർത്ഥം അല്ലാഹുവിൻറെ സൃഷ്ടിപ്പ് മനുഷ്യൻ പ്രതീക്ഷിക്കുന്നതിനേക്കാൾ എത്രയോ നിഗൂഢമാണ് എന്നാണ്. ഏതായിരുന്നാലും വിശുദ്ധ ഖുർആൻ പറയുന്നതുപോലെ ആണിന്റെയും പെണ്ണിന്റെയും ദാനം ഒരു കുഞ്ഞിൻറെ അഥവാ ഒരു മനുഷ്യ കുഞ്ഞിൻറെ ജനനത്തിനു പിന്നിൽ ഉള്ള പ്രധാന കാര്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇനി ഈ കണ്ടുപിടുത്തം വികസിച്ചു വന്നാൽ തന്നെ അത് വിശുദ്ധ ഖുർആനിൻ്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനേക്കാൾ ചോദ്യം ചെയ്യുക ശാസ്ത്രത്തെ തന്നെയാണ്. കാരണം നിലവിലുള്ള ബീജ-അണ്ഡ സങ്കൽപ്പങ്ങൾ ഖുർആൻ പറഞ്ഞതല്ല, അതു ശാസ്ത്രം പറഞ്ഞതു തന്നെയാണ്. കാരണം നിലവിലുള്ള ബീജ അണ്ഡ സങ്കലനത്തെക്കുറിച്ച് മനുഷ്യന് വിവരം ലഭിച്ചത് 19 -ാം നൂറ്റാണ്ടിൽ മാത്രമാണ്. 1833 ൽ വൺ ബൈൻഡർ എന്ന ശാസ്ത്രജ്ഞനാണ് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തിയത്. അദ്ദേഹം കുഞ്ഞുങ്ങളിൽ പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം ഉണ്ട് എന്നാണ് കണ്ടെത്തിയത്. അതായത് ജനിക്കുന്ന കുഞ്ഞിന് മാതാവിന്റെയും പിതാവിൻ്റെയും സ്വഭാവ ഗുണങ്ങൾ ഉണ്ട് എന്നതായിരുന്നു ആ നിരീക്ഷണം. നിലവിൽ ഉണ്ടായിരുന്ന സ്ത്രീയുടെ ആർത്തവത്തിൽ നിന്നും കുഞ്ഞ് വളർന്നുണ്ടായി വരുന്നു എന്ന ധാരണ ഇതോടെ തിരുത്തപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണങ്ങളിൽ 1875 ൽ ഹെർ ട്വിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഇപ്പോൾ ശാസ്ത്രം വിശ്വസിക്കുന്ന തരത്തിലുള്ള ബീജ-അണ്ഡങ്ങളുടെ സങ്കലനത്തെക്കുറിച്ച് പറഞ്ഞത്. പുതിയ കണ്ടെത്തൽ വിജയിച്ചാൽ തന്നെ അത് അതിനെ മാത്രമേ തിരുത്തുകയുള്ളൂ. അത് വിശുദ്ധ ഖുർആനിന് തിരുത്താവുകയില്ല.
ബീജസങ്കലനം മുതല്‍ ഒരു ശിശുവിൻ്റെ ജനനം വരെയുള്ള സൃഷ്ടിപ്പിലെ അതിസങ്കീര്‍ണ ഘട്ടങ്ങളെക്കുറിച്ചുള്ള ഖുര്‍ആനിൻ്റെ വിശകലനം വളരെ ഗൗരവത്തോടെ ഇനിയും പഠനവിധേയമാക്കേണ്ട വിഷയമാണ്. മേൽ പറഞ്ഞതുപോലെ മനുഷ്യൻ്റെ കയ്യിൽ ഇനിയും എത്തിയിട്ടില്ലാത്ത ഈ പ്രക്രിയയുടെ നിഗൂഢതകൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതെല്ലാം കണ്ടെത്താൻ കഴിയില്ല എങ്കിൽപോലും അതിനു പിന്നിൽ പ്രവർത്തിക്കുന്ന സർവ്വശക്തനായ അല്ലാഹുവിലേക്ക് നിർബന്ധമായും എത്തിച്ചേരാൻ കഴിയും. ഇക്കാര്യത്തിൽ വര്‍ഷങ്ങള്‍ക്കുമുമ്പ് 1980 ൽ സൗദി അറേബ്യയിലെ ചില പണ്ഡിതന്മാര്‍ ചേര്‍ന്ന് ലോകപ്രശസ്ത ഭ്രൂണശാസ്ത്ര വിദഗ്ധനും ടൊറൻ്റേ യൂനിവേഴ്സിറ്റിയിലെ ഭ്രൂണശാസ്ത്ര വിഭാഗം പ്രഫസറുമായ ഡോക്ടര്‍ കീത്ത് മൂറിനെ ക്ഷണിച്ചുകൊണ്ടുവന്നു. കാനഡയിലെ ഒൻ്റാറിയോയിലെ ടൊറൻ്റോ സർവകലാശാലയിലെ സർജറി ഫാക്കൽറ്റിയിലെ അനാട്ടമി വിഭാഗത്തിൽ പ്രൊഫസറായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഫാക്കൽറ്റിയിൽ ബേസിക് മെഡിക്കൽ സയൻസസിൻ്റെ അസോസിയേറ്റ് ഡീനുമായിരുന്നു മൂർ. കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലായിരുന്നു പരിപാടി. ഭ്രൂണശാസ്ത്ര സംബന്ധമായ എല്ലാ ഖുര്‍ആനിക ആയത്തുകളും അവര്‍ ആദ്യം അദ്ദേഹത്തിൻ്റെ മുന്നില്‍വെച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ അഭിപ്രായമാരാഞ്ഞു. ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര വിശകലനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം അദ്ഭുതപ്പെടുത്തി എന്നുമാത്രമല്ല, അതിൻ്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തിലുള്ള തൻ്റെ ടെക്സ്റ്റ് ബുക്കുകള്‍ വരെ അദ്ദേഹം മാറ്റിയെഴുതുകയുണ്ടായി. നൂറുകണക്കിന് ഗവേഷക പ്രബന്ധങ്ങളും ഇരുപത്തിയാറോളം പുസ്തകങ്ങളും ഈ വിഷയത്തിൽ രചിച്ചിട്ടുള്ള ആളാണ് കീത്ത് മൂർ. അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ഇങ്ങനെ മാറ്റി എഴുതുകയും ഖുർആനിനെ ഒരു ഒന്നാന്തരം ശാസ്ത്ര ചിന്തയായി പരിഗണിക്കുകയും ചെയ്തത് വികസിത ശാസ്ത്ര ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുകയും അവരിൽ പലരും ഇക്കാര്യത്തിൽ അദ്ദേഹത്തോട് അനിഷ്ടം പ്രകടിപ്പിക്കുക വരെ ചെയ്യുകയുണ്ടായി. പക്ഷേ വളരെ സത്യസന്ധനായ ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം. താൻ കണ്ടെത്തിയ യാഥാർത്ഥ്യത്തോട് അദ്ദേഹം നൂറു ശതമാനം കൂറുപുലർത്തി ആ കാഴ്ചപ്പാടുകൾ ഒന്നും ഒട്ടും തിരുത്താതെയാണ് അദ്ദേഹം മരണപ്പെട്ടു പോയത്.
അദ്ദേഹം തന്റെ ഗവേഷണഫലം പുറത്തു വിട്ടപ്പോൾ കാനഡയിലെ പത്രങ്ങൾ അത് ആഘോഷപൂർവം കൊണ്ടാടി. ‘Surprising thing found in ancient book'(പ്രാചീന ഗ്രന്ഥത്തിൽ അത്ഭുതകരമായ കാര്യം കണ്ടെത്തിയിരിക്കുന്നു) എന്ന ശീർഷകത്തിൽ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ടൊർണാഡോ യൂണിവേഴ്‌സിറ്റിയിലെ എംബ്രിയോളജി പ്രൊഫസർ കൂടിയായ കീത്ത് മൂറുമായി പ്രത്യേക അഭിമുഖം നടത്തുകയും ചെയ്തു.
അഭിമുഖത്തിനിടയിൽ ഒരു റിപ്പോർട്ടർ ചോദിച്ചു: അറബികൾക്ക് ഇക്കാര്യം നേരത്തെ അറിയാൻ ഇടയില്ലേ? അവിടെ ശാസ്ത്രജ്ഞമാർ ഉണ്ടായിരുന്നില്ലേ? അല്ലെങ്കിൽ അവർ തന്നെ ചർച്ച ചെയ്ത് ജനങ്ങളെ പരിശോധനക്ക് വിധേയമാക്കി തയ്യാറാക്കിയതായിക്കൂടേ?
മൂർ പ്രതികരിച്ചു: ഇന്ന് നാം കണ്ടെത്തിയ കാര്യങ്ങളെല്ലാം മൈക്രോസ്കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തിയത്. അറബികൾ ഗർഭസ്ഥ ശിശുവിനെ പരിശോധിച്ചിട്ടുണ്ടെങ്കിൽ പോലും ഇതൊന്നും അവർക്ക് കണ്ടെത്താൻ കഴിയില്ല. കാരണം കണ്ണുകൊണ്ട് കാണാൻ കഴിയുന്നതിലും അപ്പുറമുള്ള സംഗതികളാണ് ഇവ. വളരെ സങ്കീർണവും അതീവ സാഹസികവുമായ കാര്യങ്ങളെ കുറിച്ച് പോലും ഖുർആൻ പറയുന്നുണ്ട്. ഒരു മൈക്രോസ്‌കോപ്പ് ഉണ്ടെങ്കിലേ അതെല്ലാം കാണാനാകൂ. അവസാന ഇരുന്നൂറ് കൊല്ലത്തിനിടക്ക് മാത്രമാണ് ഇത്തരം ഉപകരണങ്ങൾ(ഡിവൈസുകൾ) തന്നെ കണ്ടെത്തിയിട്ടുള്ളത്. പിന്നെ ഒരു സാധ്യതയുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് ഒരാൾ അതീവ രഹസ്യമായി ഒരു മൈക്രോസ്‌കോപ്പ് കണ്ടെത്തുകയും അപാകതയൊന്നും കാണിക്കാതെ ഗർഭസ്ഥ ശിശുവിനെ കുറിച്ച് ഈ ഗവേഷണം നടത്തുകയും തുടർന്ന് എങ്ങനെയൊക്കെയോ അത് മുഹമ്മദിന് പഠിപ്പിച്ചു കൊടുക്കുകയും തന്റെ ഗ്രന്ഥത്തിൽ അതു കൂടി രേഖപ്പെടുത്താൻ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കാം! തുടർന്ന് ഈ ഉപകരണം അദ്ദേഹം എന്നെന്നേക്കുമായി നശിപ്പിക്കുകയോ അതീവ രഹസ്യമായി സൂക്ഷിച്ചുവെക്കുകയോ ചെയ്തിരിക്കാം!! നിങ്ങളിത് വിശ്വസിക്കുന്നുവോ? ഉണ്ടെങ്കിൽ ഇതൊരു വഷളൻ സിദ്ധാന്തം തന്നെ. അതുകൊണ്ടാണ് ഖുർആൻ പറയുന്ന മനുഷ്യ ജനനത്തിന്റെ ഘട്ടങ്ങളും ഘടകങ്ങളും കൃത്യമാണ് എന്ന് പറയുന്നത്. എങ്കിൽ പിന്നെ എങ്ങനെയാണ് ഈ ഗ്രന്ഥത്തിൻ്റെ പരാമർശങ്ങളെ ഒരാധികാരികതയോട് കൂടെ നമുക്ക് ശാസ്ത്രമായി കാണുവാൻ കഴിയുക എന്നായി പിന്നീട് ചോദ്യം. അതിന് വില്യം കീത്ത് മൂറിന് ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നല്ല, ആർക്കും അതല്ലാത്ത മറ്റൊരു മറുപടിയിൽ എത്തിച്ചേരുവാനും കഴിയില്ല. അദ്ദേഹം പറഞ്ഞു: ‘ഈ ഗ്രന്ഥം ദൈവികമായി അവതരിപ്പിക്കപ്പെട്ടതാവാനേ തരമുള്ളൂ.’
അധിക വായന:
1- സൗദി അറേബ്യയുടെ ഛായാചിത്രങ്ങൾ. ലോറിംഗ് എം. ഡാൻഫോർത്ത്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്.
2- കീത്ത് മൂറിൻ്റെ ഖുർആനിലെ ഭ്രൂണശാസ്ത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ ഒരു ശാസ്ത്രജ്ഞൻ്റെ വ്യാഖ്യാനം . ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ജേണൽ , വാല്യം. 18, ജനുവരി-ജൂൺ 1986.
3- ദ ഡെവലപ്പിംഗ് ഹ്യൂമൻ, കീത്ത് മൂറും അബ്ദുൽ മജീദ് സിന്ദാനിയും, ദാറുൽ ഖിബ് ല ജിദ്ദ.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso